മേക്കപ്പ് മാന്‍ (Makeup Man)

Published on: 2/12/2011 10:29:00 AM
Makeup Man: A film directed by Shafi starring Jayaram, Sheela Kaur etc. Film review by Haree for Chithravishesham.
രണ്ടായിരത്തിപ്പത്തിന്റെ ഒടുവിലിറങ്ങി ഇപ്പോഴും തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന 'മേരിക്കുണ്ടൊരു കുഞ്ഞാടി'നു ശേഷം ഷാഫിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ചിത്രമാണ്‌ 'മേക്കപ്പ് മാന്‍'. ജയറാം, ഷീല കൗര്‍ തുടങ്ങിയവരാണ്‌ ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകന്റെ തന്നെ കഥയ്ക്ക്, ഇതിനു മുന്‍പ് ഷാഫിക്കു വേണ്ടി 'ചോക്ലേറ്റി'നു പേന ചലിപ്പിച്ച സച്ചിയും സേതുവുമാണ്‌ ചിത്രത്തിന്റെ തിരക്കഥ-സംഭാഷണ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. രജപുത്ര മീഡിയ വിഷന്റെ ബാനറില്‍ എം. രഞ്ജിത്ത് ചിത്രം നിര്‍മ്മിച്ചിരിക്കുന്നു. ഒട്ടനവധി ചിത്രങ്ങളിലെ ചേരുവകള്‍ ഒരുമിച്ചിളക്കി വീണ്ടും വിളമ്പുമ്പോള്‍ ചിലപ്പോഴൊക്കെ രുചിച്ചേക്കാം എന്നതിനപ്പുറം കാണികളെപ്പിടിച്ചിരുത്തുവാന്‍ തക്കവണ്ണമൊന്നും 'മേക്കപ്പ് മാന്റെ' കീശയിലില്ല എന്നൊറ്റവരിയില്‍ പറയാവുന്നതേയുള്ളൂ ഈയൊരു ചലച്ചിത്രത്തിന്റെ വിശേഷം.

ആകെത്തുക     : 4.25 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 3.00 / 10
: 4.00 / 10
: 4.50 / 10
: 3.00 / 05
: 2.50 / 05
കെട്ടിയതാണെന്ന് പുറത്തു പറയാതെ കഴിയേണ്ടിവരുന്ന ഭാര്യ, മറ്റൊരു വേഷത്തില്‍ ഭാര്യയ്ക്കൊപ്പം കൂടുന്ന ഭര്‍ത്താവ്, ഇവര്‍ക്കിടയിലുണ്ടാവുന്ന പ്രശ്നങ്ങള്‍, ഒടുവില്‍ സത്യം പുറത്തറിയിച്ചുള്ള ഒരുമിക്കല്‍; ഇതൊക്കെ നാം മലയാളത്തില്‍ പലവട്ടം കണ്ടുകഴിഞ്ഞതാണ്‌. ഇതേ വിഷയം തന്നെ ഒരു സിനിമ യൂണിറ്റിന്റെ പശ്ചാത്തലത്തില്‍ പറയുന്നു എന്നല്ലാതെ മറ്റൊരു പുതുമയും പ്രമേയപരമായി ചിത്രത്തിനില്ല‍. ഈയൊരു കുറവ് നികത്തുവാന്‍ തക്കവണ്ണം തിരക്കഥയിലോ സംഭാഷണങ്ങളിലോ പ്രത്യേകിച്ചൊരു വൈഭവവും സച്ചിയും സേതുവും പുറത്തെടുക്കുന്നുമില്ല. രണ്ടോ മൂന്നോ സന്ദര്‍ഭങ്ങളില്‍ അറിയാതെ ചിരിപൊട്ടുമെന്നതു മാത്രമാണ് പേരിനൊരു മേന്മ പറയുവാനുള്ളത്. കഥ ഏതുവഴിക്കു തിരിയും എങ്ങിനെയൊടുങ്ങും എന്ന് മനസിലാക്കുവാന്‍ അരണബുദ്ധി മതിയാവും. പിന്നത് പറയുന്നതിലെ പുതുമകൊണ്ടു വേണം ആളുകളെ കൈയ്യിലെടുക്കുവാന്‍. ഇടവേളയെത്തുമ്പോള്‍ അല്‍പം പ്രതീക്ഷ നല്‍കിയേക്കാമെന്നല്ലാതെ ചിത്രത്തിലൊരിടത്തും അങ്ങിനെയൊരു പുതുമ രചയിതാക്കള്‍ കരുതിയിട്ടില്ല.

Cast & Crew
Makeup Man

Directed by
Shafi

Produced by
M. Renjith

Story / Screenplay, Dialogues byShafi / Sachi-Sethu

Starring
Jayaram, Sheela Kaur, Siddique, Prithviraj, Kunchakko Boban, Suraj Venjarammood, Janardanan, Jagathy Sreekumar, Salim Kumar, Kalpana, Babu Namboothiri, Baiju, Jagadeesh, T.P. Madhavan, Shammy Thilakan, Appa Haja etc.

Cinematography (Camera) by
Azhagappan

Editing by
V. Saajan

Production Design (Art) by
Gireesh Menon

Background Score by
Alex Paul

Effects by
Murukesh

Music by
Vidyasagar

Lyrics by
Kaithapram Damodaran Namboothiri

Make-Up by
Pattanam Shah

Costumes by
S.B. Satheesan

Choreography by
Brinda, Gayathri

Banner
Rejaputhra Visual Media

തിരക്കഥ സിനിമയായെത്തുമ്പോള്‍ എങ്ങിനെയിരിക്കുമെന്ന് കണ്ടറിയുന്നതില്‍ തുടങ്ങുന്നു ഒരു സംവിധായകന്റെ മികവ്. ഷാഫിക്കിതില്‍ തുടക്കം തന്നെ പിഴച്ചു. കഥയുടെ യുക്തി ചിന്തിച്ചാല്‍ നെറ്റി ചുളിയുകയേയുള്ളൂ. ഒരുദാഹരണം, തുടക്കത്തില്‍ 40 ലക്ഷം പലരില്‍ നിന്നും കടമുള്ള നായകന്‍ ഒടുവില്‍ 6 ലക്ഷം ഒരാള്‍ക്ക് കൊടുത്ത് കടമെല്ലാം വീട്ടുന്നു! പൊതുവേയുള്ള മെല്ലെപ്പോക്ക് നയവും ചിത്രത്തിന്റെ മതിപ്പു കുറയ്ക്കുന്നു. സാങ്കേതികവിഭാഗത്തിന്റെ പച്ചയിലാണ്‌ പിന്നെയും ചിത്രം കണ്ടിരിക്കുവാന്‍ കഴിയുന്ന പരുവത്തിലാവുന്നത്. അഴകപ്പന്റെ ക്യാമറയും വി. സാജന്റെ ചിത്രസന്നിവേശവും ഗിരീഷ് മേനോന്റെ കലാസംവിധാനവുമൊക്കെ ചിത്രത്തിനുതകുന്നവതന്നെ. കൈതപ്രം ദാമോദരന്‍ നമ്പൂതിരി എഴുതി വിദ്യാസാഗര്‍ ഈണമിട്ടിരിക്കുന്ന ഗാനങ്ങള്‍ക്ക് ശരാശരി നിലവാരമെങ്കിലും ചിത്രത്തില്‍ അവയുടെ ഉപയോഗം നന്ന്. ഇവയ്ക്കൊപ്പം, അനാവശ്യ ഗുസ്തികളൊന്നും ഇടയ്ക്ക് തിരുകാത്തതും സംവിധായകന്റെ മികവായി കാണാം.

തന്നെ തന്നെ അനുകരിച്ച് പഠിക്കുന്ന നടന്മാരില്‍ പദ്മശ്രീയുള്ള ജയറാമിന്റെ അടുത്ത കാലത്തിറങ്ങിയ ചിത്രങ്ങളില്‍ സഹിച്ചു കണ്ടിരിക്കാവുന്ന അഭിനയമാണ്‌ 'മേക്കപ്പ് മാനി'ല്‍ കാണുവാനുള്ളത്. നവരസത്തിനുമപ്പുറമുള്ള ജയറാമിന്റെ തനത് രസങ്ങളെ ഈ വിധത്തിലെങ്കിലും ഒതുക്കുവാന്‍ സംവിധായകന്‍ നന്നായി വിയര്‍ത്തിരിക്കണം. നായികാവേഷത്തിന്‌ അല്‍പം പ്രാധാന്യം നല്‍കിയിട്ടുള്ള ചിത്രത്തില്‍ സൂര്യ അഥവാ അനാമികയായി ഷീല കൗര്‍ മോശമായില്ല. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ തന്താങ്ങളായി ചിത്രത്തിലുണ്ട്. മറ്റു പല ചിത്രങ്ങളിലും അവര്‍ അഭിനയിക്കുകയല്ല, അവരായി തന്നെ ജീവിക്കുകയാണ്‌ എന്നിതു കണ്ടാല്‍ മനസിലാക്കാം! ബോബനും മോളിയും ചിത്രകഥയിലെ പട്ടിയെപ്പോലെ സുരാജിന്റെ തല മിക്കവാറും എല്ലാ ഷോട്ടുകളിലും കാണിക്കുന്നുണ്ടെങ്കിലും സഹിക്കാവുന്നൊരു വേഷമാണ്‌ അദ്ദേഹത്തിന്റേത്. സലിം കുമാറിനേയും കയറൂരി വിട്ടിട്ടില്ല. ജഗതി ശ്രീകുമാറിന്റെയും ജനാര്‍ദ്ധനന്റേയും കഥാപാത്രങ്ങള്‍ പലപ്പൊഴും പരിഹാസ്യമാവുന്നു. സിദ്ദിഖിന്റെ സംവിധായകന്‍ വേഷവും പച്ചപിടിച്ചില്ല. ബാബു നമ്പൂതിരി, കല്‍പന, ബൈജു, ഷമ്മി തിലകന്‍, അപ്പ ഹാജ, ടി.പി. മാധവന്‍ തുടങ്ങിയവരൊക്കെയാണ്‌ മറ്റ് ചെറു വേഷങ്ങളില്‍. ഏറ്റവും കുറഞ്ഞ സമയത്തില്‍ ഏറ്റവും വെറുപ്പിക്കുന്ന വിക്കുള്ള വക്കീലായി ജഗദീഷും ചേരുന്നതോടെ അഭിനേതാക്കളുടെ നിര പൂര്‍ണമാവുന്നു.

കേവലം കുറേ ആകസ്മികതകളില്‍ ചിലരെ മറ്റുള്ളവര്‍ ആന ആടെന്ന മട്ടില്‍ തെറ്റിദ്ധരിക്കുക, അവര്‍ സ്വത്വം വെളിപ്പെടുത്താതെ പിന്നങ്ങോട്ട് ഒളിച്ചു കളിക്കുക, അതിനെ തുടര്‍ന്ന് ഈയൊരു തെറ്റിദ്ധാരണയെ ഉപജീവിച്ചുള്ള കുറേ വളിപ്പുകള്‍, ഒടുവില്‍ രണ്ടുരണ്ടരമണിക്കൂറാവുമ്പോള്‍ ഈ കള്ളക്കളിയൊക്കെ അവസാനിപ്പിച്ച് പൊടിയും തട്ടി പോവുക; ഇത്തരം പരിപാടികളൊക്കെ ആവര്‍ത്തിച്ചാവര്‍ത്തിച്ചിട്ടും മലയാളസിനിമാക്കാര്‍ക്ക് മതിയാവുന്നില്ലെന്നതാണ്‌ സങ്കടകരം! മാതൃകാ പോലീസ് സ്റ്റേഷനെ കളിയാക്കലൊക്കെ സിനിമാലയില്‍ കാണിക്കാന്‍ കൊള്ളാം. അല്ലാതെ അതൊക്കെ സിനിമയില്‍ കണ്ട് കയ്യടിക്കുന്ന കാലത്തില്‍ നിന്നുമൊക്കെ പ്രേക്ഷകര്‍ ഏറെ മുന്നിലെത്തിയിരിക്കുന്നു. അതു മനസിലാക്കാതെ ഇത്തരം പടങ്ങളുമായെത്തിയാല്‍ അനുഭവം കയ്‍ക്കുമെന്നൊരു മനസിലാക്കലെങ്കിലും 'മേക്കപ്പ് മാന്‍' തിയേറ്ററിലധികമോടി വിയര്‍ക്കാതെ തിരികെ പെട്ടിക്കുള്ളില്‍ വിശ്രമമാവുമ്പോള്‍ ഷാഫിക്കും കൂട്ടര്‍ക്കും മനസിലാവുമെന്നു കരുതാം!
--

11 comments :

 1. ജയറാമിനെ നായകനാക്കി ഷാഫിയുടെ സംവിധാനത്തിലുള്ള 'മേക്കപ്പ് മാന്റെ' വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  newnHaree #MakeupMan: A mix of familiar themes by the director #Shafi but something tolerable from the actor #Jayaram. http://bit.ly/cv-reviews
  10 Feb via web
  --

  ReplyDelete
 2. പഴയ പ്രിയദർ‍ശൻ ചിത്രങ്ങളിൽ കാണുന്നപോലെയുള്ള ലോജിക്കില്ലാത്ത കൺ‍ഫ്യൂഷനും മറ്റും ആളുകൾക്ക് മടുത്ത കാര്യം ഈ സിനിമാക്കാർക്കെന്താ അറിഞ്ഞുകൂടേ? എന്തെങ്കിലും കാണീച്ച് ആളുകളെ തീയേറ്ററിൽ കാണിക്കാമെന്ന വിചാരമൊന്നും ഇനി നടപ്പില്ല.

  ReplyDelete
 3. അപ്പോൾ മേക്കപ്പിന്റെ ചന്തവും പോയി അല്ലേ

  ReplyDelete
 4. "തന്നെ തന്നെ അനുകരിച്ച് പഠിക്കുന്ന നടന്മാരില്‍ പദ്മശ്രീയുള്ള ജയറാമിന്റെ അടുത്ത കാലത്തിറങ്ങിയ ചിത്രങ്ങളില്‍ സഹിച്ചു കണ്ടിരിക്കാവുന്ന അഭിനയമാണ്‌ 'മേക്കപ്പ് മാനി'ല്‍ കാണുവാനുള്ളത്. ".അപ്പൊ ഇതിന്റെ കാര്യവും തീരുമാനമായി...

  ReplyDelete
 5. ഷാഫി ഇത്ര പെട്ടെന്ന് അടുത്ത സിനിമയും എടുത്തോ?

  ReplyDelete
 6. only mistake in u r post is the 40 lakh comment. in between they did show that hero's house and place has been cleared by court to sell and hero did make a statement that he would be back selling it and with some money in the pocket

  ReplyDelete
 7. ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)

  പറഞ്ഞതു ശരി തന്നെ. ഇടയ്ക്ക് വീടു വില്‍പനയൊക്കെ നടക്കുന്നതായി കാണിക്കുന്നുണ്ട്.(അതോ വില്‍പനക്ക് റെഡിയായെന്നോ?) അപ്പോഴും ചൊദ്യം അവശേഷിക്കുന്നു, എന്തുകൊണ്ട് എപ്പോഴും പിന്നാലെ നടന്ന് ശല്യം ചെയ്ത ജഗതിയുടെ കഥാപാത്രത്തിന്‌ പണം നല്‍കി കടം വീട്ടിയില്ല?
  --

  ReplyDelete
 8. എന്തിനാ ഇങ്ങനെ ഓരോന്ന് പടച്ച് വിടുന്നെ എന്റെ പടച്ചോനെ :-)

  ReplyDelete
 9. കണ്ടു..അല്ല കാണേണ്ടി വന്നു...

  സഹിക്കാന്‍ കഴിഞ്ഞില്ല. ഒരു മാര്‍ക്കുപോലും അര്‍ഹിക്കാത്ത കെട്ടുകാഴ്ച.

  ReplyDelete
 10. സുരാജിന്റെ തല മിക്കവാറും എല്ലാ ഷോട്ടുകളിലും കാണിക്കുന്നുണ്ടെങ്കിലും സഹിക്കാവുന്നൊരു വേഷമാണ്‌ അദ്ദേഹത്തിന്റേത്. correct..

  ReplyDelete