ട്രാഫിക് (Traffic)

Published on: 1/12/2011 06:27:00 AM

ട്രാഫിക്ക്: ഈ ട്രാഫിക്ക് ശരിക്കും 'ടെറിഫിക്ക്!'

ഹരീ, ചിത്രവിശേഷം

Traffic: A film by Rajesh Pillai starring Sreenivasan, Anoop Menon, Kunchakko Boban, Sandhya etc. Film Review by Haree for Chithravishesham.
'എന്റെ വീട് അപ്പൂന്റേം', 'നോട്ട്ബുക്ക്' തുടങ്ങിയ ചിത്രങ്ങളിലൂടെ വേറിട്ട പ്രമേയങ്ങള്‍ മലയാളസിനിമയില്‍ പരീക്ഷിച്ച ബോബിയുടേയും സഞ്ജയുടേയും രചനയില്‍ തികച്ചും പുതുമയാര്‍ന്ന മറ്റൊരു ചിത്രം കൂടി മലയാളിക്കു ലഭിച്ചിരിക്കുന്നു 'ട്രാഫിക്കി'ലൂടെ. കാര്യമായ ശ്രദ്ധയൊന്നും നേടുവാനാവാതെ പോയ 'ഹൃദയത്തില്‍ സൂക്ഷിക്കാന്‍' ആദ്യചിത്രമായുള്ള രാജേഷ് ആര്‍. പിള്ളയുടേതാണ്‌ സംവിധാനം. മേജിക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ്‌ ചിത്രത്തിനു വേണ്ടി മുതല്‍ മുടക്കിയിരിക്കുന്നത്. ശ്രീനിവാസന്‍, കുഞ്ചാക്കോ ബോബന്‍, അനൂപ് മേനോന്‍, വിനീത് ശ്രീനിവാസന്‍, ആസിഫ് അലി, സന്ധ്യ, റോമ, രമ്യ നമ്പീശന്‍ എന്നിങ്ങനെ താരങ്ങളുടെ നീണ്ട നിരതന്നെ ഈ ചിത്രത്തിലുണ്ട്. അക്ഷമരായി ഹോണ്‍ മുഴക്കിക്കിടക്കുന്ന വാഹനങ്ങളുടെ നീണ്ട നിരയാണ്‌ ട്രാഫിക് എന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസിലെത്തുക. ചിരപരിചിതങ്ങളായ അത്തരം ദൃശ്യങ്ങളെത്തന്നെ മാറ്റിയെഴുതുവാന്‍ പോന്നവയാണ്‌ ഈ ചിത്രത്തിലെ കഥാസന്ദര്‍ഭങ്ങള്‍ പലതുമെന്നതിനപ്പുറം ഒരു വിശേഷണം ഈ ചിത്രത്തിനു നല്‍കുവാനില്ല.

ആകെത്തുക     : 7.50 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 8.00 / 10
: 7.50 / 10
: 7.50 / 10
: 3.50 / 05
: 3.50 / 05
ഒരു ട്രാഫിക് സിഗ്നലിനു ചുറ്റും പച്ചയ്ക്കായി കാത്തുകിടക്കുന്ന കുറേ ജീവിതങ്ങള്‍. പ്രത്യക്ഷത്തില്‍ ബന്ധമില്ലാത്ത ഒന്നുകൊണ്ട് അവരില്‍ ചിലരുടെ ജീവിതങ്ങളെ വിദഗ്ദ്ധമായി കൊരുത്തിടുകയാണ്‌ രചയിതാക്കളായ ബോബിയും സഞ്ജയുമിതില്‍. പോസ്റ്ററില്‍ തലയൊട്ടിക്കാം എന്നല്ലാതെ മറ്റൊരു ഗുണവുമില്ലാത്ത തരത്തില്‍ കുറേ താരങ്ങളെ നിറച്ച്, ഒടുവിലത് ചിത്രത്തിനു ബാധ്യതയാവുന്ന പതിവ് ദോഷം ഇതിന്റെ ഏഴയലത്ത് പോയിട്ടില്ല എന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്‌. സിനിമയുടെ ദൃശ്യവിനിമയ സാധ്യതകളെ പ്രയോജനപ്പെടുത്തി ചടുലമായി നീങ്ങുന്ന കഥാഗതി, ഏകദിശയില്‍ മുന്നോട്ടുപോവുന്ന കഥാകഥന രീതിക്കൊരു മാറ്റം; ഇവയൊക്കെ രചയിതാക്കളുടെ മികവുറപ്പിക്കുന്നവയാണ്‌. കുറേ താരങ്ങളെയല്ല, ജീവസ്സുറ്റ കുറേ കഥാപാത്രങ്ങളെ തന്നെയാണ്‌ സിനിമയുടെ ഒടുക്കം വരേയും നാം കണ്ടുകൊണ്ടിരിക്കുന്നതെന്നതും കഥയില്‍ വരുന്ന മിക്ക ചോദ്യങ്ങള്‍ക്കും യുക്തിസഹമായൊരു ഉത്തരം ചിത്രത്തില്‍ തന്നെ കണ്ടെത്തുവാന്‍ ഒരല്‍പം ചിന്തിച്ചാല്‍ പ്രേക്ഷകര്‍ക്കു കഴിയുമെന്നതും എടുത്തു പറയേണ്ടവ തന്നെ. തിരനാടകമെഴുതിയതിലെ മികവ് സംഭാഷണങ്ങളില്‍ കൂടി കൊണ്ടുവരുവാനായെങ്കില്‍, ഒരുപക്ഷെ ഇനിയുമേറെ മതിപ്പു തോന്നിക്കുമായിരുന്നു എന്നത് മറ്റൊരു വശം.

Cast & Crew
Traffic

Directed by
Rajesh Pillai

Produced by
Listin Stephen

Story, Screenplay, Dialogues byBobby-Sanjay

Starring
Sreenivasan, Kunchako Boban, Vineeth Sreenivasan, Asif Ali, Rahman, Anoop Menon, SaiKumar, Sandhya, Roma, Remya Nambeesan, Krishna, Vijayakumar, Reena Basheer, Lena, Dhanusree Ghosh, Jose Prakash, Nivin Paul etc.

Cinematography (Camera) by
Shyju Khalid

Editing by
Mahesh Narayanan

Production Design (Art) by
Saburam

Music / Background Score by
Mejo Joseph, Samson Kottoor

Lyrics by
Vayalar Sarath Chandra Varma

Make-Up by
Sreejith Guruvayoor

Costumes by
S.B. Satheesan

Effects (Stunts / Thrills) by
Arun Seenu

Banner
Magic Frames

സിനിമയുടെ മികവിന്‌ രചയിതാക്കള്‍ക്കൊപ്പം തന്നെ പ്രശംസ സംവിധായകന്‍ രാജേഷ് ആര്‍. പിള്ളയുമര്‍ഹിക്കുന്നു. ചെയ്യുന്നതിനെപ്പറ്റി വാചാലമാവുന്ന കഥാപാത്രങ്ങളെ വിട്ട് സിനിമയൊരു ദൃശ്യമാധ്യമമാണ്‌ എന്ന ബോധത്തോടെയാണ്‌ രാജേഷ് ഈ ചിത്രം വിഭാവനം ചെയ്തിരിക്കുന്നത്. കഥയോട് എന്തെങ്കിലുമൊക്കെ കൂട്ടിച്ചേര്‍ക്കുന്ന തരത്തിലാണ്‌ ഗാനരംഗങ്ങളെപ്പോലും ഉപയോഗിച്ചിരിക്കുന്നത്. അനാവശ്യമായ കഥാപാത്രങ്ങള്‍, ഏച്ചുകെട്ടലാവുന്ന നര്‍മ്മരംഗങ്ങള്‍ തുടങ്ങിയവയൊക്കെ തീര്‍ത്തും ഒഴിവാക്കിയിട്ടുമുണ്ട്. കഥ ഇവിടെ തീരുന്നില്ല, കഥാപാത്രങ്ങള്‍ തുടര്‍ന്നും ജീവിക്കുന്നു എന്ന തോന്നല്‍ ഉളവാക്കും വിധം അപൂര്‍ണമായ രീതിയില്‍ ചില കഥാപാത്രങ്ങളുടെയെങ്കിലും കഥ പറഞ്ഞു നിര്‍ത്തിയതും ചിത്രത്തോട് ഇഷ്ടം കൂട്ടുന്നു. ചെറിയ ചില കുറവുകളായി പറയാവുന്നത്; ഡോ. അബേലുമായി ബന്ധപ്പെട്ട ചില കാര്യങ്ങളുടെ അവതരണത്തില്‍ അല്‍പം വിശ്വാസ്യത കുറവ് അനുഭവപ്പെട്ടു, സുദേവന്റെ കൈക്കൂലി വാങ്ങല്‍ പശ്ചാത്തലം കാണിച്ച് ചെയ്തതിനെ വെള്ളപൂശേണ്ടതുണ്ടായിരുന്നില്ല, അതുപോലെ ചിലയിടങ്ങളിലെങ്കിലും അല്‍പം കൂടി സൂക്ഷ്മത കൈവരിക്കുകയുമാവാമായിരുന്നു. (ഉദാ: അടുത്ത സുഹൃത്തുക്കളുടെ / ബന്ധുക്കളുടെയൊക്കെ നമ്പര്‍ ഡയല്‍ ചെയ്യുമ്പോള്‍, കുറേയേറെ കീപാഡ് ഞെക്കലുകള്‍ കേള്‍പ്പിക്കേണ്ടതില്ലല്ലോ!)

അഭിനേതാക്കളില്‍ ഭൂരിഭാഗം പേരും വളരെ മികവോടെ തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു എന്നതാണ്‌ ചിത്രം ഇത്രത്തോളം നന്നാകുവാനുള്ള മറ്റൊരു കാരണം. റെഹാന്റെ അച്ഛനായെത്തിയ സായികുമാര്‍ ഇവരില്‍ ഏറെ മുന്നില്‍ നില്‍ക്കുന്നു. അനൂപ് മേനോന്‍, റഹ്മാന്‍, വിജയകുമാര്‍, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, കൃഷ്ണ തുടങ്ങിയവരൊക്കെ കഥാപാത്രങ്ങളുടെ ഉള്ളറിഞ്ഞ് അവതരിപ്പിക്കുന്നതില്‍ മികവുപുലര്‍ത്തിയപ്പോള്‍ ശ്രീനിവാസന്‍, വിനീത് ശ്രീനിവാസന്‍ തുടങ്ങിയവരുടെ വേഷങ്ങള്‍ ശരാശരിക്കു മുകളില്‍ പോയില്ല. ശ്രീനിവാസന്‍ അവതരിപ്പിച്ച സുദേവന്‍ എന്ന ട്രാഫിക് പോലീസ് കോണ്‍സ്റ്റബിളൊക്കെ ഇതിലുമേറെ മികച്ചതാകേണ്ടിയിരുന്നു. ബിജു മേനോനെയോ സിദ്ദിഖിനേയോ മറ്റോ ഈ സ്ഥാനത്തേക്ക് പരിഗണിക്കുകയായിരുന്നു നന്നെന്നു തോന്നി. നടിമാരില്‍ സിദ്ധാര്‍ത്ഥിന്റെ ഭാര്യയായെത്തിയ ലെന, റെഹാന്റെ കാമുകി അദിതിയായി സന്ധ്യ, ശ്വേതയെന്ന പേരില്‍ രമ്യ നമ്പീശന്‍, മറിയമായി റോമ തുടങ്ങിയവരൊക്കെ തങ്ങളുടെ ഭാഗം ഭംഗിയാക്കി. ചില സംഭാഷണങ്ങളില്‍ നാടകീയത അല്‍പം അധികപ്പറ്റായെങ്കിലും, ലെനയുടെ കഥാപാത്രം തന്നെയാണ്‌ ഇവരില്‍ മികച്ചു നില്‍ക്കുന്നത്.

ഷൈജു ഖാലിദിന്റെ ഛായാഗ്രഹണം നവമായൊരു ദൃശ്യാനുഭവമൊന്നും സമ്മാനിക്കുന്നില്ലെങ്കിലും, അരുണ്‍ സീനുവിന്റെ പക്വമായ ഇഫക്ടുകള്‍ ചേരുമ്പോള്‍ അവയ്ക്കൊരു പ്രത്യേക ഭാവം കൈവരുന്നുണ്ട്. മഹേഷ് നാരായണന്റെ ചിത്രസന്നിവേശവും മെജോ ജോസഫ്, സാംസണ്‍ കൊട്ടൂര്‍ എന്നിവരുടെ പശ്ചാത്തലസംഗീതവുമാണ്‌ ചിത്രത്തിന്റെ മികവുയര്‍ത്തുന്ന മറ്റ് രണ്ട് ഘടകങ്ങള്‍. സാബുറാമിന്റെ കലാസംവിധാനം, ശ്രീജിത്ത് ഗുരുവായൂരിന്റെ ചമയങ്ങള്‍, എസ്.ബി. സതീശന്റെ വസ്ത്രാലങ്കാരം തുടങ്ങിയവയും ചിത്രത്തിനുതകുന്നവ തന്നെ. വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ എഴുതി മെജോ ഈണമിട്ടിരിക്കുന ഗാനങ്ങള്‍ക്കും പശ്ചാത്തല സ്വഭാവമാണുള്ളത്.

ഒരു No പ്രത്യേകിച്ചൊരു മാറ്റവും കൊണ്ടുവരില്ല, എന്നാലൊരു Yes പുതിയൊരു തുടക്കത്തിന്‌ ആരംഭം കുറിച്ചേക്കാം, ഈയൊരു സംഭാഷണശകലമാണ്‌ ചിത്രത്തിന്റെ ജീവനെന്നു പറയാം. അധികം പരീക്ഷണങ്ങള്‍ മലയാളത്തില്‍ ഉണ്ടായിട്ടില്ലാത്ത ത്രില്ലര്‍ ജനുസ്സില്‍, ഇത്തരമൊരു വ്യത്യസ്തമായ ചിത്രത്തിന്‌ Yes മൂളിയ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനുകൂടി അവകാശപ്പെട്ടതാണ്‌ ചിത്രത്തിനൊടുവില്‍ തിയേറ്ററിലുയരുന്ന കൈയ്യടി. ഒരുപക്ഷെ, ഈയൊരു Yes തന്നെയാവാം നവവത്സരത്തില്‍ മലയാളസിനിമയുടെ ഗതിമാറ്റത്തിനു തുടക്കമാവുന്നതും. സംവിധായകന്‍ രാജേഷ് ആര്‍. പിള്ള, രചയിതാക്കളായ ബോബി-സഞ്ജയ് തുടങ്ങി ഈയൊരു ചിത്രം ഒരുക്കുന്നതില്‍ പങ്കാളികളായ ഏവര്‍ക്കും അനുമോദനങ്ങള്‍, ആശംസകള്‍.

പ്രത്യേക ശ്രദ്ധയ്ക്ക്: വായിച്ചോ കേട്ടോ പറഞ്ഞോ ഒന്നുമല്ല ഈ 'ട്രാഫിക്കി'നെക്കുറിച്ച് അറിയേണ്ടത്, കണ്ടു തന്നെയാണ്‌! മലയാളസിനിമയില്‍ മാറ്റം വരണമെന്നാഗ്രഹിക്കുന്ന ഏതൊരു മലയാളിയും ഒരിക്കലെങ്കിലും കാണുവാന്‍ Yes മൂളേണ്ടുന്ന ഒരു ചിത്രം തന്നെയിത്.

ചിത്രത്തിന്റെ വിക്കി പേജും പരാമര്‍ശമര്‍ഹിക്കുന്നു. ഇത്രത്തോളമെങ്കിലും പൂര്‍ണത അവകാശപ്പെടാവുന്ന മലയാളം സിനിമാ വിക്കി പേജുകള്‍ അധികം കണ്ടിട്ടില്ല.
--

35 comments :

 1. രാജേഷ് ആര്‍. പിള്ളയുടെ സംവിധാനത്തില്‍ ശ്രീനിവാസന്‍, അനൂപ് മേനോന്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ അണിനിരക്കുന്ന 'ട്രാഫിക്' എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  newnHaree #Traffic, is a terrific attempt, rarely seen in #Malayalam films. Coming soon in #Chithravishesham: http://bit.ly/cv-reviews
  32 minutes ago via web

  'ചിത്രവിശേഷം പോള്‍ 2010'-ല്‍ ഇനിയും പങ്കെടുത്തില്ലെന്നോ? തീര്‍ച്ചയായും പങ്കെടുക്കൂ... 2010-ലെ ഇഷ്ട ചിത്രത്തേയും താരങ്ങളേയും തിരഞ്ഞെടുക്കൂ...
  --

  ReplyDelete
 2. haree did you ever saw the movie John q ...

  ReplyDelete
 3. നല്ലൊരു സിനിമ! എന്നാലും ശ്രീനിവാസനെ എന്തിനു കാസ്റ്റുചെയ്തുവെന്നു തോന്നി!

  ReplyDelete
 4. ente abhiprayam ivide...

  haree ,lena yude character ne pattyum/dr abel nte cheythikale pattiyum nammal randu perum chinthichatu oru pole yanennu thonnunnu

  http://nikhimenon.blogspot.com/2011/01/traffic-review.html

  ReplyDelete
 5. Nice review...Kidilan movie..2011 thudakkam kollam

  eee single/one man show kandu boradichu. Ingane ulla movie aanu namakkuvendathu.

  All the very best wishes to TRAFFIC team.

  -vishnu-

  ReplyDelete
 6. മലയാള കച്ചവട സിനിമയില്‍ ഈയടുത്ത് ഇങ്ങിനെയൊരെണ്ണം ഇതാദ്യം. മികച്ച ടീം വര്‍ക്ക്.

  7.5 കൊടുത്തത് കുറവായെന്ന് അഭിപ്രായം (മേരിക്കുഞ്ഞാടിന് 7 കൊടുക്കാമെങ്കില്‍ ഇത് 8എങ്കിലും ആവാം)

  പിന്നേ, ഈ സിനിമയില്‍ ഒരു മതവിഭാഗത്തിന്റെ ചേരി കാണിച്ച് ആ വിഭാഗക്കാര്‍ മഹാ കുഴപ്പക്കാരും പ്രശ്നക്കാരും കള്ളക്കടത്തുകാരുമാണെന്നൊക്കെ വരുത്തിതീര്‍ത്തതിനെപ്പറ്റി എന്താ അഭിപ്രായം?! :) :) :) :)

  ReplyDelete
 7. we are waithing this movie release in UAE

  ReplyDelete
 8. .

  നിരൂപണം കൊള്ളാം, ചില സംശയങ്ങള്‍.

  സുദേവന്‍റെ കൈക്കൂലി വാങ്ങല്‍ ചെയ്തതിനെ വെള്ള പൂശാന്‍ വേണ്ടി മാത്രം ഉള്ളതാണോ..?

  കൈക്കൂലിക്കാരനെ രക്ഷപെടുത്തുകയും ഇനി ചെയ്യരുത് എന്നു പറയുകയും ഒപ്പം കൈക്കൂലി വാങ്ങുകയും ചെയ്യുന്ന രാഷ്ട്രീയം

  അച്ഛനാണെങ്കില്‍ പോലും ചീത്തപ്പേരു കേള്‍പിച്ചാല്‍ ആര്‍ക്കു വേണ്ടിയാണെങ്കിലും മകളും അവോയ്ഡ് ചെയ്യും എന്ന തിരിച്ചറിവ്.

  ഈ വിഷയങ്ങളും ഇതിലൂടെ പരാമര്‍ശിക്കുന്നില്ലേ..?

  ശ്രീനിവാസന്‍റെ കാസ്റ്റിംഗ്..

  മറ്റാരെങ്കിലുമാണെങ്കില്‍ അവര്‍ അത് കൊണ്ടെത്തിക്കും എന്ന് പ്രേക്ഷകര്‍ ആദ്യമേ ഉറപ്പിക്കും.. പക്ഷെ ശ്രീനിവാസനാണെങ്കില്‍ എന്തെങ്കിലും മണ്ടത്തരം കാണിക്കുമോ എന്ന സംശയം അവസാനം വരെ പ്രേക്ഷകര്‍ക്കുണ്ടായിരിക്കും..ഒപ്പം നമ്മളിലൊരാള്‍ എന്ന തോന്നലും ഉണ്ടായിരിക്കും.

  കീപാഡ് ഞെക്കല്‍ പരാമര്‍ശം കുറ്റം പറയാന്‍ വേണ്ടി പറയുന്നതു പോലെ തോന്നി. എല്ലാ ഫോണും ഒരേ തരമാകണമെന്നില്ലോ.
  മാത്രമല്ല എല്ലാ കോളുകളിലും ഇത്തരമൊരു പ്രശ്മവും ഇല്ല.
  പിന്നെ കീപാ‍‍‍ഡ് ഞെക്കുന്നതിന്‍റെ ഒപ്പം പ്രേക്ഷകര്‍ ചിന്തിക്കുക കൂടിയാണല്ലോ...

  പടത്തിന്‍റെ അവസാനം മുന്‍നിരയിലെ പ്രേക്ഷകര്‍ വരെ എണീറ്റു നിന്നു കൈയ്യടിയ്ക്കുന്നതു കണ്ടു..
  ഈ പടം വിജയിക്കേണ്ടത് മലയാള സിനിമ രക്ഷപെടേണ്ടതിന് ആവശ്യമാണ്.

  വ്യജസിഡിയില്‍ ഈ പടം കാണരുത്, തീയേറ്ററില്‍ കണ്ട് ഇതിനെ വിജയിപ്പിക്കൂ..എന്ന് വായനക്കാരോട് ഒരു അഭ്യര്‍ത്ഥന കൂടി ഇതോടൊപ്പം ചേര്‍ക്കുന്നു.

  ReplyDelete
 9. good script & direction ..മലയാള സിനിമാലോകത്ത് ചുണക്കുട്ടികള്‍ ഉണ്ടെന്നു തെളിയിക്കുന്ന ചിത്രം ..ചത്ത കുതിരകളെ ഏറ്റി നടക്കേണ്ട ഗതികേടില്‍ നിന്നു മലയാള പ്രേക്ഷകര്‍ക്ക്‌ മോചനമുണ്ടാവുമെന്നു പ്രതീക്ഷിക്കാം !!!!!

  Just " TERRIFIC " !!!!

  ReplyDelete
 10. ഓര്‍മ്മയുണ്ടോ? മുന്‍പ് സിനിമാബ്ലോഗുകള്‍ എല്ലാം ഒരു സിനിമ നല്ലതാണ് എന്ന് പറഞ്ഞു എഴുതിയത് ടി ഡി ദാസന്‍ എന്ന സിനിമ ഇറങ്ങിയപ്പോള്‍ ആയിരുന്നു . ഇന്നിതാ ട്രാഫിക്‌ .
  ഹരീ ...ഹരിയുടെ വീതം വെച്ചുള്ള റേറ്റിംഗ് കാലഹരണപ്പെട്ടു എന്ന് തോന്നുന്നു. അല്ലെങ്കില്‍ ഏഴു കൊടുക്കപ്പെട്ട കുഞ്ഞാടും
  ഏഴര കൊടുക്കപ്പെട്ട ട്രാഫിക്കും തമ്മിലുള്ള അജഗജാന്തരം എങ്ങനെ വിലയിരുത്തും.അല്ലെങ്കില്‍ റേറ്റിംഗില്‍ എന്തെങ്കിലും പുതുമ കൊണ്ട് വരേണ്ട സമയം അതിക്രമിച്ചു. ഈ സിനിമക്ക് ഏഴര എന്ന റേറ്റിംഗ് പെര്‍ഫെക്റ്റ്‌ പക്ഷെ അത് ഏഴു കൊടുത്ത മറ്റു സിനിമകളുമായി തട്ടിച്ചു നോക്കുമ്പോള്‍ ആണ് പ്രശനം :)) ചില ആളുകള്‍ ഉണ്ട് , അവര്‍ ഈ റേറ്റിംഗ് മാത്രം നോക്കി സിനിമ കാണണോ വേണ്ടയോ എന്ന് നിശ്ചയിക്കും! ...


  പ്രേക്ഷകരെ നിങ്ങളുടെ ഒരു യെസ് ആണ് ഈ സിനിമക്ക് വേണ്ടത് , നിങ്ങള്‍ നോ എന്ന് പറഞ്ഞാല്‍ ഒരു ചുക്കും സംഭവിക്കില്ല , പക്ഷെ ഒരു യെസ് അത് ഇത്തരം സംരഭങ്ങള്‍ ഒരുക്കാന്‍ പുതുമുഖങ്ങള്‍ക്ക് ഒരു പ്രചോദനമാകും.

  ReplyDelete
 11. Hats off to the crews. A must watch Film

  ReplyDelete
 12. നല്ല അഭിപ്രായമാണ് പൊതുവേ കേള്‍ക്കുന്നത്

  ReplyDelete
 13. ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)

  രണ്ട് വ്യത്യസ്ത ജനുസ്സില്‍ പെട്ട ചിത്രങ്ങളെ താരതമ്യം ചേയ്ത് ഏത് ഏതിനേക്കാള്‍ മികച്ചത് എന്നു ചിന്തിക്കുന്നതില്‍ കാര്യമുണ്ടെന്നു കരുതുന്നില്ല. 7.0 വരെയുള്ളവയെ നല്ലത് എന്നു പറയാമെങ്കില്‍ 7.1 മുതലുള്ളവ വളരെ നല്ലത് എന്ന ശ്രേണിയിലാണ്‌. കേവലം .5-ന്റെ വ്യത്യാസമല്ല കാണേണ്ടത് എന്നു മനസിലാക്കാമല്ലോ? പിന്നെ റേറ്റിംഗിന്റെ കാലഹരണപ്പെടല്‍; IMDB-യിലേയോ, RottenTomatoes-സിലെയോ റേറ്റിംഗ് കുറ്റമറ്റതാണെന്ന് പറയുവാന്‍ കഴിയുമോ? ഒട്ടനവധി ഘടകങ്ങള്‍ കണക്കിലെടുക്കുന്നതുകൊണ്ട് താരതമ്യേന ഭേദമെന്നു പറയാം.

  സൂദേവന്റെ കൈക്കൂലി വാങ്ങലിനെ വെള്ളപൂശിയിരിക്കുന്നത്, സഹോദരിയുടെ(?) മകന്‌ അഡ്മിഷന്‍ ശരിയാക്കുവാനാണ്‌ എന്നു പറഞ്ഞാണ്‌. അത്തരമൊരു ന്യായീകരണം ആ കഥാപാത്രത്തിന്റെ പ്രവര്‍ത്തിക്ക് കൊടുത്തില്ലെങ്കിലും ഒന്നും സംഭവിക്കുവാനില്ല.

  ഓഫ്: ഇടയ്ക്കൊരു ഡയലോഗില്‍ 'മൈനോരിറ്റി' എന്നൊരു വാക്കു വന്നു എന്നു കരുതി, അതുടനെ അവരെ കൊട്ടുവാനുള്ള തിരക്കഥാകൃത്തിന്റെ മനഃപൂര്‍വ്വമായ ശ്രമമെന്നൊന്നും പറയുവാന്‍ തത്കാലം ഉദ്ദേശമില്ല. :)
  --

  ReplyDelete
 14. കൈയ്യടിച്ചും കൈകൊടുത്തും പ്രോത്സാഹിപ്പിക്കേണ്ട ചിത്രം. സ്ക്രിപ്റ്റുകള്‍ കോപ്പിയടിക്കുന്നതിലും നല്ലത് ശൈലികള്‍ നോക്കിപ്പഠിക്കുകയാണ് എന്ന് അറിയാവുന്ന കുറച്ചു പേര്‍ മലയാള സിനിമയിലുണ്ടെന്നു വ്യക്തം. ഈ ചിത്രത്തിന്റെ വിജയം സിനിമാരംഗത്തെ പലര്‍ക്കും പ്രചോദനമാകുമെന്ന് വിശ്വസിക്കുന്നു.

  ഓഫ്: മതവികാരം തീവ്രമായി വ്രണപ്പെടുത്താത്തിടത്തോളം ചിത്രങ്ങള്‍ politically correct ആകാന്‍ ബോധപൂര്‍വം ശ്രമിക്കരുത് എന്നാണു എന്റെ അഭിപ്രായം. ശ്രമിക്കുന്നത് സ്വാഭാവികത നഷ്ടപ്പെടുത്തും. പക്ഷ സിനിമാറ്റിക് കാരണങ്ങളാല്‍ ആ കോളനി സീന്‍ ഒരു അഭംഗി ആയിട്ടാണ് തോന്നിയത്.

  ReplyDelete
 15. എല്ലാവരും നല്ല ഒരു ചിത്രമാണെന്നു പറയുന്നു. നാട്ടിൽ ചെല്ലുമ്പോഴേക്കും തിയേറ്ററിൽ നിന്നും പോയിക്കാണും. പിന്നെ ശരണം (വ്യാജ) സിഡിയൊ, ടിവി ചാനലിലോ മാത്രം.

  ReplyDelete
 16. പൊതുവേ മെച്ചപെട്ട ഒരു അവലോകനം ആണ് കേള്‍ക്കാന്‍ സാധിക്കുന്നത്‌... Amores perros പോലെ ആണോ എന്നും ഒരു വാര്‍ത്ത‍ ഉണ്ട്...

  ReplyDelete
 17. നല്ല ചിത്രം, amores perros ഒരു പ്രാവശ്യം കൂടി കണ്ടതിനു ശേഷം തിരക്കഥ എഴുതിയിരുനെങ്കില്‍ കൂടുതല്‍ നന്നാകുമായിരുന്നു....ആക്സിടെന്റ്റ് സീന്‍ തീച്ചയായും amores perros നെ ഓര്‍മ്മിപ്പിക്കും.

  ReplyDelete
 18. എന്തായാലും കാണണം.
  ഇത്രയും നല്ല സിനിമ ആണെന്ന് കേട്ടിട്ട് ചര്‍ച്ചകള്‍/കമന്റുകള്‍ വായിച്ചാല്‍ സിനിമയുടെ രസം നഷ്ടപെടും, അതുകൊണ്ട് വായിച്ചില്ല. :)

  ReplyDelete
 19. വിക്കിപീഡിയ പേജ് നല്ലത് തന്നെ, പക്ഷെ ഇത്രയേറ തെറ്റുകള്‍ ഉള്ള (grammatical) ഒരു സിനിമ പേജ് ഒത്തിരി നാളുകള്‍ ആയി കണ്ടിട്ട്.

  എങ്കിലും, അതൊക്കെ മറക്കാം, ഹരി പറഞ്ഞത് കൊണ്ട് ആ പേജ് ഒന്ന് നോക്കി.‌

  ReplyDelete
 20. ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)

  കണ്ടന്റ് റിച്ച്നെസിന്റെ കാര്യത്തിലാണ്‌ വിക്കി പേജ് കൊള്ളാമെന്ന് പറഞ്ഞത്. അരുണിനു തന്നെ തെറ്റുകള്‍ തിരുത്തി പേജ് മെച്ചമാക്കാമല്ലോ! :)

  ഓഫ്: അഖിലേഷ് പറഞ്ഞതിനോട് യോജിക്കുന്നു.
  --

  ReplyDelete
 21. One of the Best Movie I have ever seen. Hats off to the entire team of Traffic.Still remember the news related to original event came in malayala manorama sunday supplement, couple of years back( happened in chennai).

  Eventhough very small role, I think Jose Prakash also did a good part as old chairman of hospital.
  I too felt that the rating 7.5 was not apt. Expected atleast 8.

  Thanks Hari for the review.

  ReplyDelete
 22. ഹരി, ഞാന്‍ അതൊരു വിക്കി പേജ് ആണെന്ന് മറന്നു പോയി. വൈകുന്നേരം നോക്കട്ടെ, കുറച്ചു തെറ്റുകള്‍ തിരുത്താം. ആ പ്ലോട്ട് മുഴുവന്‍ വായിച്ചു പോയി, വേണ്ടാരുന്നു. പടം കാണാനുള്ള താല്പര്യം അല്പം കുറഞ്ഞു.

  ReplyDelete
 23. നല്ല ഒരു അനുഭവമായിരുന്നു ഈ ട്രാഫിക്ക്.. എനിക്ക് തോനിയ ചില പോരായ്മ.. 120കിമീ വേഗതയിൽ വണ്ടി ഓടിക്കുന്നതിന്റെ ഒരു ഫീൽ വരുത്താൻ പറ്റിയിട്ടില്ല.. വണ്ടിയുടെ ഉളിൽ നിന്ന് ഒക്കെയുള്ള സീനിൽ അത് നല്ലവണ്ണം മുഴച്ച് നിൽക്കുന്നുണ്ട്(ബാക്ക്ഗ്രൌണ്ട് മൂവ്മെന്റ് കാണുന്ന സീനിലൊക്കെ), ഇത്ര വേഗതിൽ ഓടിക്കുമ്പോ ആ സീറ്റ് ബെൽറ്റ് ഒക്കെ ഇടാമായിരുന്നു... :) സായ്കുമാർ,ആസിഫ് കിടിലൻ,അനൂപ് മേനോൻ,കുഞ്ചാക്കോ,ജോസ്പ്രകാശ്,റഹ്മാൻ കൊള്ളാം....

  ReplyDelete
 24. ഹാവൂ നാളൂകള്‍ക്ക് ശേഷം ഹരിയുടെ ബ്ലോഗില്‍ കമന്റാണ് പറ്റി... ഈ ജാലകം എനിക്കു കാണാന്‍ കഴിയാറേ ഇല്ലായിരുന്നു.... പ്രാഞ്ചിക്ക് ശേഷം എല്ലാ അര്‍ഥത്തിലും പുതുമ നിറഞ്ഞ ഒരു സിനിമ. നല്ല അനുഭവം. സായികുമാറിന്റെ പ്രകടനം എടുത്തു പറയേണ്ടത് തന്നെ.

  സസ്നേഹം
  സലില്‍ ദൃശ്യന്‍

  ReplyDelete
 25. എന്റെ അഭിപ്രായം ഇവിടെ http://sintochittattukara.blogspot.com/2011/01/blog-post.html

  ReplyDelete
 26. നല്ല അഭിപ്രായം കേട്ടപ്പളേ എനിക്ക് ഡബുട്ടുണ്ടാരുന്നു, അടിച്ചു മാറ്റിയതാരിക്കും എന്ന്...
  വിനോദയാത്ര സത്യേട്ടന്‍ കൊറിയന്‍ പടത്തീന്ന് ആണെല്‍ ഇത് ദേ സ്പാനിഷ് പടം ..!
  "Amores perros (2000)" http://www.imdb.com/title/tt0245712/

  ReplyDelete
 27. thanks haree.. saw the movie today.. best one since i had seen in a couple of years

  ReplyDelete
 28. ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)

  രമേഷ് പറഞ്ഞ ചില കുറവുകളൊക്കെ ചിത്രത്തിനുണ്ട്. എന്നാല്‍ മൊത്തത്തില്‍ സാങ്കേതികവിഭാഗം മികവു പുലര്‍ത്തുന്നു എന്നു തന്നെ തോന്നി. മറ്റൊന്ന് എനിക്കു തോന്നിയത്, ഈ വാഹനത്തിനൊരു ബാക്ക്-അപ് വാഹനം എവിടെയും കരുതിയില്ല എന്നതാണ്‌. ഈ വാഹനത്തിന്റെ ടയര്‍ പഞ്ചറായാല്‍ മതിയല്ലോ മിഷന്‍ കുളമാകുവാന്‍, അപ്പോള്‍ ഒരു കരുതല്‍ വാഹനം കൂടി ഉണ്ടാവേണ്ടിയിരുന്നു.

  'അമോരെസ് പെരോസി'ന്റെ ശൈലി കടം കൊണ്ടിട്ടുണ്ടെന്നു മാത്രം. അല്ലാതെ, ഇതിന്‌ അതുമായി ഒരു ബന്ധവുമില്ല എന്നു മനസിലാക്കുമല്ലോ. അടിച്ചു മാറ്റല്‍ വരുന്നതേയില്ല.
  --

  ReplyDelete
 29. ഈ സിനിമ അമോരെസ്‌ പെരോസ്‌ ന്ന്‍ അടിച്ചുമാറ്റിയതാണെന്ന്‍ ഒരു കിംവദന്തി പ്രചരിക്കുന്നുണ്ട്. ദയവുചെയ്ത് രണ്ട് സിനിമയും കാണൂ. എന്നിട്ട് അഭിപ്രായം പറയു. ഒരു ആക്സിടെന്റ്റ്‌ ഉണ്ടെന്നുള്ള സാമ്യം മാത്രമേ ഉള്ളൂ. traffic is an all new movie, of-course inspired from many good movies including amores peros.

  ReplyDelete
 30. Kalpak: കാള പെറ്റെന്നു കേട്ടയുടനെ കയറെടുക്കാതെ മാഷെ.

  treatment Amoress മായി സാമ്യ ഉണ്ടെന്നേ ഉള്ളൂ. (അതിപ്പൊൾ ഇതിൽ കൂടുതൽ സാമ്യം മണിരത്നത്തിന്റെ ‘യുവ’ യിൽ കാണാം.)

  ReplyDelete
 31. rating movies based on songs,dance etc looks outdated. we don't watch a std english stuf expecting these. u ned to remodel it. if Trafic does not desrve 9 then what does in last five yrs

  ReplyDelete
 32. I had lot of expectations after reading reviews and all.. Ya, its a different theme...But the last gimmicks (slum area passing) ruined the whole standard of this movie, IMHO. Cud have done better.

  ReplyDelete
 33. പടം ഇന്നാണ് കണ്ടത്. യു എ ഇ യില്‍ ഇന്ന് റിലീസ് ചെയ്തതേ ഉള്ളൂ..നല്ല ചിത്രം.
  കീപാഡ് ഞെക്കല്‍ ഞാനും നോട്ട് ചെയ്തിരുന്നു.
  ചിരിപ്പിച്ച സീന്‍ ബിലാല്‍ കോളനിയിലെ സ്കൂള്‍ പിള്ളാരെ പെറുക്കിമാറ്റുന്നത്. അത്രയും ടെന്‍ഷന്റെ ഇടയിലും മുഴച്ച് നിക്കാതെ കോമഡി കൊണ്ട് വരാന്‍ പറ്റി.

  ReplyDelete