കരയിലേക്ക് ഒരു കടല്‍ ദൂരം (Karayilekku Oru Kadal Dooram)

Published on: 1/01/2011 10:07:00 AM
Karayilekku Oru Kadal Dooram: A film by Vinod Mankara starring Indrajith, Mamta Mohandas, Dhanya Mary Varghese etc. Film review by Haree for Chithravishesham.
ഡോക്യുമെന്ററി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതനായ വിനോദ് മങ്കരയുടെ ആദ്യ ചലച്ചിത്ര സം‍രംഭമാണ്‌ 'കരയിലേക്ക് ഒരു കടല്‍ ദൂരം' എന്ന ചിത്രം. സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ഈ ചിത്രം സിദ്ദിഖ് മങ്കര നിര്‍മ്മിച്ചിരിക്കുന്നു. ഇന്ദ്രജിത്ത്, മം‍മ്ത മോഹന്‍ദാസ്, ധന്യ മേരി വര്‍ഗീസ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ITL പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ്‌ ഈ ചിത്രം പൂര്‍ത്തിയായിരിക്കുന്നത്. രണ്ടായിരത്തിപത്തിലെ അവസാനദിനം പുറത്തിറങ്ങിയതിനാല്‍, പുതിയ വര്‍ഷമെങ്കിലും ഒരു നല്ല ചിത്രമുണ്ടാവും എന്ന മലയാളികളുടെ പ്രതീക്ഷയ്ക്ക് അല്‍പം കൂടി ആയുസുണ്ടായിരിക്കുന്നു. പേരിനുള്ള കാല്‍പനിക സൌന്ദര്യത്തിന്റെ അംശം പോലും ചിത്രത്തില്‍ കൊണ്ടുവരുവാന്‍ വിനോദ് മങ്കരയ്ക്ക് സാധിക്കാഞ്ഞതിനാല്‍ ചിത്രം കാണുക എന്നത് മിക്കവര്‍ക്കും ഒരു ബാധ്യതയായി അനുഭവപ്പെടുവാനാണ്‌ സാധ്യത.

ആകെത്തുക     : 3.25 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 1.50 / 10
: 2.50 / 10
: 4.00 / 10
: 3.00 / 05
: 2.00 / 05
ഒരു കഥാകൃത്തിന്റെ അന്വേഷണയാത്ര, സ്ത്രീകഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം കൈവരുന്നൊരു വിഷയം; തീര്‍ച്ചയായും നല്ലൊരു ചിത്രമായി വികസിപ്പിക്കുവാനുള്ള കഥാതന്തു ഇതിനുണ്ട്. എന്നാല്‍ വിഷയത്തോടുള്ള സമീപനവും അവതരണ രീതിയും വല്ലാതെ പാളി. കഥാനായകന്‍ അനൂപും സത്യഭാമയും തമ്മിലുള്ള കൌമാരപ്രണയം അവതരിപ്പിക്കുവാന്‍ തന്നെ എത്ര സമയമാണ്‌ സംവിധായകന്‍ പാഴാക്കുന്നത്! അതാവട്ടെ തീര്‍ത്തും നിറം മങ്ങിയ കുറേ സന്ദര്‍ഭങ്ങളിലൂടെയും. സാഹിത്യഭാഷയിലാണ്‌ ഭൂരിപക്ഷം കഥാപാത്രങ്ങളും മിക്കപ്പോഴും മൊഴിയുന്നതെന്നത് അടുത്ത കല്ലുകടി. കെട്ടിയിറക്കിയ മട്ടിലുള്ള ഗാഥ, മീര തുടങ്ങിയ കഥാപാത്രങ്ങളാവട്ടെ കഥാതന്തുവിനോട് ഏറെയൊന്നും ചേര്‍ന്നുപോവാതെ അകല്‍ച പാലിച്ചു നില്‍ക്കുന്നു. ഈ വിധത്തിലുള്ള‍, ഒരു ഡോക്യുമെന്ററി ചിത്രത്തിന്റെ പരിചരണം ഒരു മുഴുനീള സിനിമയ്ക്ക് ഇണങ്ങില്ല എന്ന മനസിലാക്കലിന്റെ കുറവ് ചിത്രത്തിലുടനീളം കാണുവാനുണ്ട്.

Cast & Crew
Karayilekku Oru Kadal Dooram

Directed by
Vinod Mankara

Produced by
Siddiq Mankara

Story, Screenplay, Dialogues byVinod Mankara

Starring
Indrajith, Mamta Mohandas, Dhanya Mary Varghese, Lakshmi Sharma, Sarayu, T.P. Madhavan, Sivaji Guruvayoor, Geetha Vijayan, Jagadish, Valsala Menon, Kochu Preman, Narayanankutty etc.

Cinematography (Camera) by
Bejoys

Editing by
Mahesh Narayanan

Production Design (Art) by
Aneesh Kollam

Sound Mixing by
N. Harikumar

Music by
M. Jayachandran

Lyrics by
O.N.V. Kurup, K. Satchidanandan, Vinod Mankara

Make-Up by
Anil

Costumes by
Arafath Soman

Choreography by
Kumar Santhi, Prasanna

Banner
ITL Productions

സംവിധായകന്‍ എന്താണ്‌ ഉദ്ദേശിക്കുന്നത് എന്നതിനെക്കുറിച്ച് കാര്യമായ ബോധമൊന്നും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇന്ദ്രജിത്ത്, മം‍മ്ത മോഹന്‍ദാസ്, ധന്യ മേരി വര്‍ഗീസ് എന്നിവര്‍ക്ക് ഉണ്ടായിരുന്നുവെന്ന് തോന്നിയില്ല. പ്രേക്ഷകരെ ഒരു വിധത്തിലും സ്പര്‍ശിക്കാതെ ഈ മൂന്നു കഥാപാത്രങ്ങളും കടന്നുപോവുന്നു. ജഗദീഷിന്റെ ഡോക്ടര്‍, ലക്ഷ്മി ശര്‍മ്മയുടെ ദേവി, സരയുവിന്റെ മീര; തുടങ്ങിയ കഥാപാത്രങ്ങളും അപക്വമായി തോന്നി. സഹവേഷങ്ങളിലെത്തിയ ശിവാജി ഗുരുവായൂര്‍, ടി.പി. മാധവന്‍ തുടങ്ങിയവര്‍ നന്നായിരുന്നു. കൊച്ചു പ്രേമന്‍, നാരായണന്‍കുട്ടി, ഗീത വിജയന്‍ എന്നിങ്ങനെ പോവുന്നു ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

ബിജോയിസാണ്‌ ചിത്രത്തിന്റെ ഛായാഗ്രാഹകനെന്ന് വിക്കിയിലും ITL പ്രൊഡക്ഷന്‍സിന്റെ ഔദ്യോഗിക വെബ് സൈറ്റിലും കാണുന്നു. എന്നാല്‍ ഛായാഗ്രാഹകന്റെ പേര്‌ സിനിമയുടെ തുടക്കത്തിലെ ശീര്‍ഷകങ്ങളിലോ പോസ്റ്ററുകളിലോ കാണുവാനില്ല! താഴെനിന്നും മുകളിലേക്കുള്ള നോട്ടങ്ങളുടെ ആധിക്യം മടിപ്പിക്കുമെങ്കിലും, ബിജോയിസ് പകര്‍ത്തിയ കുറേ നല്ല ഫ്രയിമുകള്‍ ചിത്രത്തില്‍ കാണാം. അതിനപ്പുറം ദൃശ്യപരമായി കാര്യമായ മികവ് ചിത്രത്തിനു പറയുവാനില്ല. മഹേഷ് നാരായണന്റെ ചിത്രസന്നിവേശത്തിനും ശരാശരി നിലവാരം മാത്രം. കലാസംവിധാനത്തില്‍ അനീഷ് കൊല്ലം, ചമയത്തില്‍ അനില്‍, വസ്ത്രാലങ്കാരത്തില്‍ അരാഫത്ത് സോമന്‍ തുടങ്ങിയവരുടെ ശ്രമങ്ങള്‍ തൃപ്തികരമെന്നു പറയാം.

ഓ.എന്‍.വി. കുറുപ്പ്, കെ. സച്ചിദാനന്ദന്‍, വിനോദ് മങ്കര തുടങ്ങിയവരെഴുതി എം. ജയചന്ദ്രന്‍ ഈണമിട്ട നാലഞ്ച് ഗാനങ്ങള്‍ ചിത്രത്തിലുണ്ട്. കേള്‍വിക്ക് ഉതകുന്നവയെങ്കിലും ചിത്രത്തില്‍ പലതും സന്ദര്‍ഭത്തിന്‌ ആവശ്യമുണ്ടെന്നു തോന്നിയില്ല. സുജാത മോഹന്‍ പാടിയിരിക്കുന്ന, "പച്ചിലച്ചാര്‍ത്താം..." എന്ന ഗാനത്തിനു മാത്രമാണ്‌ ചിത്രീകരണത്തില്‍ അല്‍പം ഭംഗി തോന്നിച്ചത്. നൃത്തത്തിനു സാധ്യതയുള്ള ഒരു ചിത്രമായിട്ടു കൂടി, കുമാര്‍ ശാന്തിയും പ്രസന്നയുമൊരുക്കിയ നൃത്തരംഗങ്ങള്‍ ഏറെ ശോഭിക്കുന്നില്ലെന്നു മാത്രമല്ല പലപ്പോഴും പശ്ചാത്തല സംഗീതത്തോട് ഒരു ബന്ധവുമില്ലാത്ത കുറേ കൈകാല്‍ ചലനങ്ങള്‍ മാത്രമായി മാറുകയും ചെയ്യുന്നു. മധു ബാലകൃഷ്ണനും കെ.എസ്. ചിത്രയും ചേര്‍ന്ന് ആലപിച്ചിരിക്കുന്ന "ചിത്രശലഭമേ..." എന്ന ഗാനം, അതിലുള്‍പ്പെട്ടിരിക്കുന്ന നൃത്തത്തിന്റ മേന്മയൊന്നു കൊണ്ടു മാത്രം കാണുന്നവരുടെ ക്ഷമ പരീക്ഷിക്കുന്നതാണ്‌.

ഡോക്യുമെന്ററിയില്‍ നിന്നും ഫീച്ചര്‍ ഫിലിമിലേക്ക് ഒരു കടല്‍ ദൂരം ഇനിയും ശേഷിക്കുന്നുവെന്ന് സംവിധാനവും രചനയും നിര്‍വ്വഹിച്ച വിനോദ് മങ്കരയ്ക്ക് ഈയൊരു ചിത്രത്തിലൂടെ മനസിലാക്കുവാന്‍ കഴിഞ്ഞെങ്കില്‍ അതൊരു നേട്ടമായി വേണം കരുതുവാന്‍. ആ ഒരു കടല്‍ ദൂരം പിന്നിട്ട് ഒരു കരയ്ക്കടിയുവാന്‍ കഴിഞ്ഞാല്‍, ഒരുപക്ഷെ നല്ലൊരു ചിത്രം മലയാളത്തിനു നല്‍കുവാന്‍ വിനോദ് മങ്കരയ്ക്ക് സാധിച്ചേക്കും. ഈ പുതുവര്‍ഷം അദ്ദേഹത്തിനതിനുള്ള അവസരമൊരുക്കുമെന്ന് പ്രത്യാശിക്കാം. എല്ലാ വായനക്കാര്‍ക്കും ചിത്രവിശേഷത്തിന്റെ നവവത്സര ആശംസകള്‍!
--

8 comments :

 1. ഇന്ദ്രജിത്ത്, മംമ്‍ത മോഹന്‍ദാസ്, ധന്യ മേരി തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനോദ് മങ്കര ഒരുക്കിയിരിക്കുന്ന 'കരയിലേക്ക് ഒരു കടല്‍ ദൂര'മെന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  ഏവര്‍ക്കും ഹൃദയം നിറഞ്ഞ നവവത്സരാശംസക‍ള്‍!
  --

  ReplyDelete
 2. ഹരീ, നന്ദി. ‘ബുക്ൿമൈഷോ’യിൽ കയറി ടിക്കറ്റെടുക്കാൻ തുടങ്ങുമ്പോഴാണ് ഈ റിവ്യൂ കണ്ണില്‍പ്പെട്ടത്. ഒരു ദുരന്തത്തിൽ‌നിന്നു് രക്ഷിച്ചതിനുള്ള കടപ്പാട് ഇവിടെ രേഖപ്പെടുത്തുന്നു.

  ReplyDelete
 3. പാട്ടു ടിവിയില്‍ കണ്ടപ്പോള്‍ പ്രതീക്ഷയുണ്ടായിരുന്നു..ഇതും കണക്കാണല്ലേ?

  ReplyDelete
 4. കാണണം എന്നു കരുതിയ പടമായിരുന്നു. അതിന്റെ ഗതി ഇങ്ങനെയായി...

  എന്തായാലും നന്മകൾ നേരുന്നു!

  2011 മലയാളം ബൂലോകത്തിന് ഉയിർത്തെണീപ്പിന്റെ വർഷമാവട്ടെ!

  പുതുവത്സരസംഗമം ജനുവരി 6 ന് കൊച്ചി മറൈൻ ഡ്രൈവിൽ വൈകിട്ട് 4 മുതൽ 8 വരെ. കഴിയുമെങ്കിൽ പങ്കെടുക്കുക!

  വിവരങ്ങൾക്ക്
  http://jayanevoor1.blogspot.com/

  ReplyDelete
 5. കാണണം എന്നു കരുതിയതാ...ഇനി നോക്കട്ടെ പറ്റിയാല്‍ കാണാം

  ReplyDelete
 6. എന്തിനാ ഇത്രയും വേസ്റ്റ് മലയാള പടങ്ങള്‍ ഇങ്ങനെ എടുക്കുന്നെ സത്യത്തില്‍ കഷ്ട്ടം തന്നെ...

  ReplyDelete