കോളേജ് ഡേയ്സ് (College Days)

Published on: 11/20/2010 08:19:00 PM
College Days: A film by G.N. Krishnakumar starring Indrajith, Sandhya, Riyan etc. Film Review by Haree for Chithravishesham.
ജി.എന്‍. കൃഷ്ണകുമാര്‍ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ്‌ 'കോളേജ് ഡേയ്സ്'. ഇന്ദ്രജിത്ത് നായകനാവുന്ന ചിത്രത്തില്‍ റിയാന്‍, ഗോവിന്ദ് പത്മസൂര്യ, സന്ധ്യ, ധന്യ മേരി വര്‍ഗീസ് തുടങ്ങിയ യുവതാരങ്ങളും ജഗതി ശ്രീകുമാര്‍, ബിജു മേനോന്‍, സായി കുമാര്‍ തുടങ്ങിയ മുതിര്‍ന്ന താരങ്ങളും അതിഥി താരമായി ഭാമയും വിവിധ വേഷങ്ങളിലെത്തുന്നു. ചന്ദ്രകാന്തം ഫിലിംസിന്റെ ബാനറില്‍ സീന സാദത്താണ്‌ ചിത്രത്തിന്റെ നിര്‍മ്മാണം. മെഡിക്കല്‍ കോളേജില്‍ നടക്കുന്ന ഒരു മരണവും, അതേ തുടര്‍ന്നുണ്ടാവുന്ന ചില സംഭവങ്ങളുമാണ്‌ ചിത്രത്തിന്റെ പ്രമേയം. ഇതേ വിഷയത്തില്‍, ഏകദേശം ഇതേ കഥാപരിസരങ്ങളിലുള്ള ഒട്ടേറെ ചിത്രങ്ങള്‍ നാം ഇതിനു മുന്‍പും പലപ്പോഴായി കണ്ടിട്ടുള്ളതാണ്‌. അതിനാല്‍ തന്നെ, ത്രില്ലര്‍ ജനുസ്സില്‍ പെടുന്ന ചിത്രങ്ങള്‍ ഒന്നൊഴിവാക്കാതെ കാണണമെന്നുള്ളവര്‍ക്ക് മാത്രം, മലയാളത്തിലെ പുതുനിര അഭിനേതാക്കള്‍ അണിനിരക്കുന്ന 'കോളേജ് ഡേയ്സി'നൊന്ന് പോയിനോക്കാം.

ആകെത്തുക     : 4.25 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 3.00 / 10
: 4.00 / 10
: 4.00 / 10
: 2.50 / 05
: 3.50 / 05
താന്‍ സ്നേഹിച്ച പെണ്ണിനെ തനിക്ക് നഷ്ടമാക്കിയവരോടുള്ള നായകന്റെ പ്രതികാരം 'ഈ തണുത്ത വെളുപ്പാന്‍ കാലത്തി'ലും മറ്റും നാം ഭംഗിയായി കണ്ടാസ്വദിച്ചതാണ്‌. അതേപടിയുള്ള ഒരു കഥയെടുത്ത് സിനിമയാക്കുമ്പോള്‍ അത് ശ്രദ്ധനേടണമെങ്കില്‍; കഥപറച്ചിലില്‍, ചിത്രീകരണത്തില്‍, കഥാപാത്രസൃഷ്ടിയില്‍, ഇവയിലൊക്കെ കാര്യമായ പുതുമകള്‍ കൊണ്ടുവരേണ്ടതുണ്ട്. എന്നാല്‍ അത്ര കേമത്തം പറയുവാനില്ലാത്ത ചില മാറ്റങ്ങള്‍ ഇടയ്ക്ക് കൊണ്ടുവരുവാനായി എന്നതൊഴിച്ചാല്‍ മറ്റൊന്നും തന്നെ ചിത്രത്തിനു വേണ്ടി കരുതുവാന്‍ തിരനാടകമൊരുക്കിയ ജി.എന്‍. കൃഷ്ണകുമാറിനായില്ല. അജി എം.എസ്സിന്റെ സംഭാഷണങ്ങള്‍ക്കും ഏറെ മികവു പറയുവാനില്ല. നായകന്റെ ഒരു വരിയിങ്ങിനെ; "ശത്രു ശക്തനാണെങ്കില്‍ തോല്‍പിക്കാന്‍ യുക്തി മാത്രം പോര, ബുദ്ധിയും വേണം!", എന്താണോ ഉദ്ദേശിച്ചത്! കൂട്ടത്തിലൊരു പെണ്‍കുട്ടി നിലിവിളിച്ചു കൊണ്ട് ഓടിയിട്ടും അറിയാത്ത ഹോസ്റ്റലിലെ മറ്റുള്ളവര്‍, ഗെയിറ്റിനു മുന്‍പില്‍ വണ്ടി പാര്‍ക്കു ചെയ്തിട്ടു കൊല്ലാന്‍ കയറുന്ന വില്ലന്മാര്‍, കാവലില്ലാതെ തുറന്നിട്ടിരിക്കുന്ന മെഡിക്കല്‍ കോളേജ് മോര്‍ച്ചറി എന്നു തുടങ്ങി തീര്‍ത്തും യുക്തിരഹിതമായ കഥാസന്ദര്‍ഭങ്ങള്‍ ഒട്ടനവധിയുണ്ട് ചിത്രത്തില്‍. കൂട്ടത്തിലൊരുവനെ ഐവര്‍ സംഘം സംശയിക്കുന്ന തരത്തില്‍ കഥ വികസിപ്പിച്ച് ഒടുവിലത് യഥാര്‍ത്ഥ പ്രതിയിലെത്തിച്ചിരുന്നെങ്കില്‍ പിന്നെയും രസിക്കുമായിരുന്നു. ഇതിപ്പോള്‍ കൊലയാളിയെ അറിയാം; കെട്ടിത്തൂക്കുമോ വെട്ടിക്കൊല്ലുമോ വണ്ടികയറ്റുമോ എന്നൊക്കെയേ പിന്നെ കണ്ടറിയാനുള്ളൂ.

Cast & Crew
College Days

Directed by
G.N. KrishnaKumar

Produced by
Seena Sadath

Story, Screenplay / Dialogues byG.N. KrishnaKumar / Aji M.S.

Starring
Indrajith, Biju Menon, Sandhya, Dhanya Mary Varghese, Sarayu, Bhama, Govind Padmasurya, Sajith, Sai Kumar, Jagathy Sreekumar, Suraj Venjaramood, Githa Vijayan, Venu Nagavelli, etc.

Cinematography (Camera) by
Sujith Vasudev

Editing by
Babu Rathnam

Production Design (Art) by
Ranjith Kotheri

Music by
Ronnie Raphel

Lyrics by
Kaithapram Damodaran Namboothiri

Make-Up by
Baiju Balaramapuram

Costumes by
Indrans Jayan

Choreography by
Prasannan

Action (Stunts / Thrills) by
Run Ravi

Banner
Chandrakantham Films

വ്യക്തിത്വമില്ലാത്ത കഥാപാത്രങ്ങളാണ്‌ ചിത്രത്തിന്റെ മറ്റൊരു ദോഷവശം. മകന്‍ തെറ്റുകാരനാണെങ്കില്‍ അറസ്റ്റ് ചെയ്യണമെന്ന് പറയുന്ന മന്ത്രി തന്നെ ഒന്നു രണ്ട് സീന്‍ കഴിയുമ്പോള്‍ പറയും, എന്റെ മുന്നില്‍ വെച്ച് ഇവനെ കൈവിലങ്ങ് വെയ്ക്കുന്നതൊന്ന് കാണണമെന്ന്! തികച്ചും അനാവശ്യമായ കുറേ കഥാപാത്രങ്ങള്‍, ഒരു ഘട്ടം കഴിഞ്ഞാല്‍ പിന്നെ അവരൊക്കെ എന്തായെന്നോ എതായെന്നോ അറിയാനുമില്ല. ജഗതി ശ്രീകുമാറിന്റെ കോളേജ് പ്രിന്‍സിപ്പാളും, നായകന്റെ സുഹൃത്തായ അമലയുമൊക്കെ (ഒടുവില്‍ വീണ്ടും തലകാണിക്കുന്നുണ്ട്) ഈ തരത്തില്‍ മാഞ്ഞു പോയവരാണ്‌. സിനിമയ്ക്ക് ദൃഷ്ടിദോഷം വരാതിരിക്കാനാണോ എന്നറിയില്ല, സുരാജിന്റെ ഏച്ചുകെട്ട് കോമാളി വേഷങ്ങള്‍ മലയാളം സിനിമയില്‍ സ്ഥിരമായുണ്ടിന്ന്. അത്തരത്തിലൊന്ന് ഷൈന്‍ രാജെന്നോ മറ്റോ പേരില്‍ ഇതിലുമുണ്ട്. ചുരുക്കം ചില ചിത്രങ്ങളിലൂടെ തന്നെ തങ്ങളുടെ പ്രതിഭ തെളിയിച്ച ചേമ്പില്‍ അശോകന്‍, ശശി കലിംഗ എന്നിവരെയൊക്കെ ഒരു കാര്യവുമില്ലാതെ ഇതിലേക്ക് കൊണ്ടുവന്നതെന്തിനെന്ന് മനസിലായില്ല.

'നായകനി'ലെ വേഷത്തില്‍ നിന്നും ഏറെയൊന്നും മാറി നില്‍ക്കുന്നതല്ല എന്നൊരു കുറവ് പറയാമെങ്കിലും, രോഹിത് മേനോനെ ഇന്ദ്രജിത്ത് കൊള്ളാവുന്ന ഒരു കഥാപാത്രമാക്കി. പോലീസ് കമ്മീഷണറായെത്തിയ ബിജു മേനോനും തന്റെ ഭാഗം ഭംഗിയാക്കി. റിയാന്‍, സന്ധ്യ, ഗോവിന്ദ് പത്മസൂര്യ, ധന്യ മേരി വര്‍ഗീസ് തുടങ്ങിയവരൊക്കെ ചെയ്തൊപ്പിച്ചു എന്നു മാത്രം പറയാം. ഇവരുടെ ഡബ്ബിംഗ്, പ്രത്യേകിച്ച് സന്ധ്യയുടേത് പലയിടത്തും അരോചകമായി തോന്നി. യുവാക്കളുടെ കഥ പറയുന്നു, യുവതാരങ്ങള്‍ പ്രധാനവേഷങ്ങളില്‍; ഇത്രയുമാവുമ്പോള്‍ ഫാസ്റ്റ് / സ്ലോ മോഷനുകളും, ക്യാമറയുടെ വെട്ടിക്കലുകളും, ഇടയ്ക്കിടെയുള്ള ഇഫക്ടുകളും, കാതടിച്ചു പോവുന്ന പശ്ചാത്തലശബ്ദങ്ങളും, പിന്നൊരു നൃത്തഗാനവുമൊക്കെ അനിവാര്യതയാണല്ലോ! ഇവയൊക്കെ കൂടെ വരുമ്പോള്‍ കഥ ഉന്നം വെയ്ക്കുന്ന പിരിമുറുക്കമോ ഉദ്വേഗമോ ഒന്നും ലഭിച്ചില്ലെങ്കില്‍ അതില്‍ അതിശയിക്കുവാനില്ല. ഈ തരത്തില്‍ നോക്കിയാല്‍ സുജിത്ത് വാസുദേവന്റെ ഛായാഗ്രഹണവും ബാബു രത്നത്തിന്റെ ചിത്രസന്നിവേശവും ചിത്രത്തിന് ഏറെയൊന്നും ഗുണം ചെയ്തില്ല. പശ്ചാത്തലമൊരുക്കിയ റോണി റാഫെലാവട്ടെ, പിന്നണിയില്‍ കുറേ ഒച്ചയുണ്ടാക്കി കാണികളെ ഞെട്ടിപ്പിക്കുവാന്‍ നോക്കുന്നതല്ലാതെ, പുതുതായെന്തെങ്കിലും ചെയ്യുവാന്‍ ശ്രമിച്ചതുമില്ല. രഞ്ജിത്ത് കൊത്തേരിയുടെ കലാസംവിധാനം, ബൈജു ബലരാമപുരം, ഇന്ദ്രന്‍സ് ജയന്‍ എന്നിവരുടെ ചമയവും വസ്ത്രാലങ്കാരവും തരക്കേടില്ലെന്നു മാത്രം. നായകന്‍ ഓടിത്തളര്‍ന്നാലും മുഖത്ത് പേരിനു പോലും വിയര്‍പ്പു പൊടിയാത്തതും, മുടിയൊക്കെ ഒതുങ്ങിയിരിക്കുന്നതും, ഷര്‍ട്ടൊന്ന് ഉടയുക പോലും ചെയ്യാത്തതുമെല്ലാം ഇവരുടെ മാത്രം പിടിപ്പുകേടല്ല, സംവിധായകന്റെ നോട്ടക്കുറവു കൂടിയാണ്‌.

സാധ്യതകള്‍ ഉണ്ടായിട്ടും, സംഘട്ടന രംഗങ്ങളില്‍ മിതത്വം പാലിച്ചതില്‍ റണ്‍ രവിയോട് പ്രേക്ഷകര്‍ കടപ്പെട്ടിരിക്കുന്നു. ഉള്ളവയില്‍ തന്നെ അധികം ഗരുഢന്‍ തൂക്കങ്ങളൊന്നും കാണേണ്ടി വന്നില്ല എന്നതും ആശ്വാസകരം. വാചകമടിക്കാനൊന്നും നില്‍ക്കാതെ നായകന്‍ കാര്യം നടത്തുന്നു, കൈയ്യിലുള്ള ആയുധം വലിച്ചെറിഞ്ഞു കളയുന്നില്ലെന്നു മാത്രമല്ല കിട്ടുന്ന ആയുധമെടുത്ത് പ്രയോഗിക്കാനും അയാള്‍ ശ്രമിക്കുന്നു; മലയാളം സിനിമയ്ക്ക് ഇവയൊക്കെ പുതുമകള്‍ തന്നെ. കൈതപ്രം ദാമോദരന്‍ നമ്പൂതിരി എഴുതി റോണി റാഫേല്‍ സംഗീതം നല്‍കിയിരിക്കുന്ന മൂന്ന് ഗാനങ്ങളാണ്‌ ചിത്രത്തില്‍. അധികം വാദ്യകോലാഹലങ്ങളില്ലാതെ ശ്രീനിവാസന്‍ ആലപിച്ചിരിക്കുന്ന "വെണ്ണിലാവിന്‍ ചിറകിലേറി..." എന്ന ഗാനമാണ്‌ കൂട്ടത്തില്‍ മെച്ചം. ശങ്കര്‍ മഹാദേവന്റെ ശബ്ദത്തിലുള്ള "ജഗനു ജഗനു..." എന്ന ഗാനം ചിത്രത്തെ മുന്നോട്ടു കൊണ്ടുപോവുന്ന ഒന്നാണ്‌, പക്ഷെ, 'റാംജിറാവു സ്പീക്കിംഗി'ലെ "അവനവന്‍ കുരുക്കുന്നകുരുക്കു..."പോലെയൊന്നും മികച്ചതായില്ല എന്നു മാത്രം. ചിത്രത്തിലവിടെ ആവശ്യമുണ്ടോ എന്നു ചോദിക്കാമെങ്കിലും; ജാസി ഗിഫ്റ്റ്, അഫ്‍സല്‍, റിമി ടോമി, കൃപ എന്നിവര്‍ ആലപിച്ച്, പ്രസന്നന്റെ മേല്‍നോട്ടത്തില്‍ സന്ധ്യയും കൂട്ടരും ചുവടു വെയ്ക്കുന്ന "തുമ്പിപ്പെണ്ണേ, തുമ്പിപ്പെണ്ണേ!" കണ്ടിരിക്കുവാന്‍ രസമുള്ളതാണ്‌, വരികള്‍ ശ്രദ്ധിച്ചാല്‍ 'അയ്യേ!'ന്നു തോന്നുകയും ചെയ്യും.

ആദ്യചിത്രമെന്ന ആനുകൂല്യം നല്‍കിയാല്‍ ജി.എന്‍. കൃഷ്ണകുമാര്‍ സംവിധായകനെന്ന നിലയില്‍ മെച്ചപ്പെടാന്‍ സാധ്യതയുണ്ട്, രചയിതാവിന്റെ കുപ്പായം എടുത്തണിയുകയെന്ന സാഹസം വീണ്ടും കാണിക്കാതെയിരിക്കണം എന്നു മാത്രം. അത്രയും ചെയ്താല്‍ 'കോളേജ് ഡേയ്സ്' പോലെ യുക്തി തൊട്ടുതീണ്ടിയിട്ടില്ലാത്ത ചിത്രങ്ങളുടെ നിരയിലേക്ക് കൂടുതല്‍ എണ്ണം കൃഷ്ണകുമാറിന്റെ പേരില്‍ ചേര്‍ക്കാതിരിക്കാം. മാത്രമല്ല തന്റെ 'സിനിമാ ഡേയ്സ്' ചുരുങ്ങിയ കാലയളവില്‍ അവസാനിപ്പിക്കേണ്ടിയും വരില്ല!

പിന്‍കുറിപ്പ്: വന്നുവന്ന് ഒരു മലയാളം സിനിമ കണ്ടിറങ്ങിയാല്‍ ആദ്യം ഇതേത് കോപ്പിയടിച്ചതാണ്‌ എന്നന്വേഷിക്കേണ്ട ഗതികേടിലാണ്‌. ഒരൊറ്റ ചിത്രത്തില്‍ നിന്നല്ലാതെ അനേകം ചിത്രങ്ങളില്‍ നിന്നും 'പ്രചോദനം' നേടിയ ഒന്നാണിതെന്നതിനാല്‍ അങ്ങിനെയൊരു പണി ഇതില്‍ കുറഞ്ഞുകിട്ടി.
--

7 comments :

 1. ജി.എന്‍. കൃഷ്ണകുമാറിന്റെ സംവിധാനത്തില്‍ ഇന്ദ്രജിത്ത് നായകനാവുന്ന 'കോളേജ് ഡേയ്സ്' എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  newnHaree #CollegeDays: The theme is age-old, just watchable for those who enjoy thrillers. #Malayalam #Movie. Coming soon: http://bit.ly/cv-reviews
  22 hours ago via web
  --

  ReplyDelete
 2. മലയാളസിനിമക്ക് ഇനി ഒരു പുരോഗമനവും വരില്ലേ ഭായ്

  ReplyDelete
 3. മലയാളം ആകെ മുടിഞ്ഞു കെടക്കുവ അല്ലെ ഹരി ഭായ്

  ReplyDelete
 4. എനിക്ക് പോപ്പുലര്‍ പോസ്റ്റുകള്‍ എങ്ങനെ ആണ് ഫീഡ് ബര്‍ണര്‍ കൊണ്ട് ഉണ്ടാക്കുന്നേ എന്ന് പറഞ്ഞു തരാമോ? fredyrony@gmail.com

  ReplyDelete
 5. അതൊരു യാഹൂ പൈപ്പാണ്‌. റീ-പബ്ലിഷ് ചെയ്യുവാനുള്ള എളുപ്പത്തിന്‌ ഫീഡ് ബര്‍ണറിലൂടെ കടത്തിവിടുന്നു എന്നു മാത്രം. പൈപ്പ് ഇവിടെ കാണാം. ക്ലോണ്‍ ചെയ്ത് ആവശ്യമുള്ള മാറ്റങ്ങള്‍ വരുത്തി ഉപയോഗിച്ചാല്‍ മതിയാവും. (ഇപ്പോള്‍ ബ്ലോഗറില്‍ തന്നെ അത്തരത്തിലൊരു Popular Posts വിഡ്ജറ്റ് ലഭ്യമാണ്‌. ബ്ലോഗര്‍ ഡ്രാഫ്റ്റ് വഴി കയറിനോക്കു.)

  ReplyDelete
 6. ഈ സിനിമ ഇന്നാണ് കണ്ടത്. അഗത ക്രിസ്റ്റിയുടെ ഒടുവില്‍ ആരും അവശേഷിച്ചില്ല എന്ന നോവലാണ് ഈ സിനിമ കണ്ടപ്പോള്‍ എനിക്ക് ഓര്‍മവന്നത്.നിയമത്തിനു കീഴടക്കാനാവാത്ത കുറ്റവാളികള്‍ക്ക് സ്വയം ശിക്ഷവിധിക്കുന്ന കൊലപാതകി അതു നടപ്പാക്കാന്‍ തന്റെ ഇരകളിലൊരാളുടെ സഹായത്തോടെ ആദ്യം തന്നെ മരിച്ചതായി മറ്റുള്ളവരെ ധരിപ്പിക്കുന്നു. എന്നിട്ട് അയാളെയടക്കം എല്ലാവരെയും കൊല്ലുന്നു. ഇത് ആ നോവലിലെ രംഗമാണ്. ഇതു തന്നെ ചെറിയ വ്യത്യാസത്തോടെ സിനിമയിലും കൊടുത്തിരിക്കുന്നു.

  ReplyDelete