കോക്ക്‍ടെയ്‍ല്‍ (CockTail)

Published on: 10/23/2010 08:26:00 AM
CockTail: A film by Arunkumar starring Jayasurya, Anoop Menon, Samvritha Sunil etc. Film Review by Haree for Chithravishesham.
പ്രിയദര്‍ശന്റെ ഹിന്ദി / മലയാളം ചിത്രങ്ങളിലൂടെ പേരെടുത്ത ചിത്രസന്നിവേശകന്‍ അരുണ്‍ കുമാര്‍ ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്നു 'കോക്ക്‍ടെയ്‍ല്‍' എന്ന ചിത്രത്തിലൂടെ. 2007-ല്‍ പുറത്തിറങ്ങിയ കനേഡിയന്‍ ചലച്ചിത്രമായ 'ബട്ടര്‍ ഫ്ലൈ ഓണ്‍ എ വീല്‍' എന്ന ചിത്രം അപ്പാടെ പകര്‍ത്തിയെഴുതി, കഥ/തിരക്കഥ രചയിതാവായി പേരെടുക്കുന്നത് ശ്യാം മേനോന്‍. ചിത്രത്തിലെ രണ്ടു നായകരില്‍ ഒരാളായെത്തുന്ന അനൂപ് മേനോന്റെയാണ്‌ സംഭാഷണരചന. ജയസൂര്യ മറ്റൊരു നായകനായും, സംവൃത സുനില്‍ നായികയായും ഇതില്‍ അഭിനയിക്കുന്നു. ഗാലക്സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീലാണ്‌ ചിത്രത്തിന്റെ നിര്‍മ്മാണം. പ്രിയദര്‍ശനില്‍ നിന്നും അരുണ്‍ കുമാര്‍ എന്തൊക്കെ പഠിച്ചു എന്നറിയില്ല, പക്ഷെ കണ്ണുമടച്ചെങ്ങിനെ പാലു കുടിക്കാമെന്ന് നിശ്ചയമായും പഠിച്ചിട്ടുണ്ട്. എന്നാല്‍ അരുണ്‍ ഒരു കാര്യം മറന്നു, വിദേശസിനിമകളുടെ പേരു മാത്രം വല്ലപ്പോഴും കേള്‍ക്കുന്ന പ്രിയന്റെ കാലമല്ല രണ്ടായിരത്തിപ്പത്തെന്ന്!


ആകെത്തുക     : 6.50 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 6.00 / 10
: 6.00 / 10
: 8.00 / 10
: 3.50 / 05
: 2.50 / 05
യഥാര്‍ത്ഥ രചയിതാവായ വില്യം മോറിസെയ്ക്കാണ്‌ കഥയ്ക്കും കഥാപാത്രങ്ങള്‍ക്കുമുള്ള പോയിന്റ്. മലയാളത്തിലേക്ക് കൊണ്ടുവന്നപ്പോള്‍ ചില കഥാപാത്രങ്ങളെ കൂടുതല്‍ പ്രാധാന്യത്തോടെ അവതരിപ്പിക്കുകയും മറ്റു ചില കഥാപാത്രങ്ങളെ ഇടയ്ക്ക് തിരുകി കയറ്റുകയുമൊക്കെ ചെയ്തിട്ടുണ്ട്. ഇതൊഴിച്ച് രചയിതാവായി പേരു കാണുന്ന ശ്യാം മേനോന്‍ (അങ്ങിനെയൊരാള്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടല്ലോ, അല്ലേ?) ഇതിനുവേണ്ടി യാതൊന്നും ചെയ്തിട്ടില്ല എന്നുറപ്പ്. സ്ഥിരം ശൈലിയിലുള്ള സംഭാഷണങ്ങള്‍ ഒഴിവാക്കി, കഥാപാത്രങ്ങളുടെ മാനസികാവസ്ഥ അതേപടി പ്രതിഫലിക്കുന്ന സംഭാഷണങ്ങളാണ്‌ ഈ ചിത്രത്തിലേത്. അഭിനേതാക്കള്‍ മനഃപാഠമാക്കി ഉരുവിടുന്നവയല്ല, മറിച്ച് കഥാപാത്രങ്ങളുടെ ഉള്ളില്‍ നിന്നും പുറത്തേക്ക് വരേണ്ടവയാണ്‌ ഓരോ സംഭാഷണശകലവും എന്ന മനസിലാക്കല്‍ അനൂപ് മേനോന്റെ സംഭാഷണ രചനയില്‍ കാണാം. കേരളത്തിന്റെ പശ്ചാത്തലത്തിലേക്ക് കഥ മാറ്റി നടുമ്പോഴും, അതിനൊട്ടും അസ്വാഭാവികത തോന്നുന്നില്ല എന്നതിനു പ്രധാന കാരണവും സംഭാഷണങ്ങളുടെ ഈ മികവാണ്‌.

Cast & Crew
CockTail
Directed by
Arun Kumar Aravind
Produced by
Milan Jaleel
Story, Screenplay / Dialogues byShyam Menon (?) / Anoop Menon
Starring
Jayasurya, Anoop Menon, Samvritha Sunil, Innocent, Mamukkoya, Kani, Fahad Fazil, Dinesh, Baby Esther etc.
Cinematography (Camera) by
Pradeep Nair
Editing by
Arunkumar
Production Design (Art) by
Prasanth Madhav
Music by
Alphonse, Ratheesh Vegha
Background Score by
Ratheesh Vegha
Sound Effects by
Arun Seenu
Lyrics by
Santhosh Varma, Anil Panachooran
Make-Up by
Rahim Keezhillam
Costumes by
Velayudhan Kodungallur
Choreography by
Santhi
Banner
Galaxy Films
രചയിതാവിനെന്നപോലെ, സംവിധായകന്‍ എന്ന നിലയില്‍ അരുണ്‍ കുമാറിനും ഈ ചിത്രമെടുക്കുവാന്‍ ഏറെ തലപുകയ്ക്കേണ്ടി വന്നിരിക്കില്ല. യൂണിറ്റംഗങ്ങളോട്, ഇടയ്ക്കിടെ 'ബട്ടര്‍ഫ്ലൈ ഓണ്‍ എ വീല്‍' എടുത്ത് കാണുവാന്‍ പറഞ്ഞാല്‍ തന്നെ സംവിധായകന്റെ പകുതി ജോലി കഴിയും! ഒരു സംഘാടകന്റെ ജോലിയാണ്‌ പിന്നീടുള്ളത്. യഥാര്‍ത്ഥ ചിത്രത്തോട് കിടപിടിക്കുന്ന ഒന്നായി ഈ ചിത്രം മാറുന്നത്, ആ ജോലി അരുണ്‍ കുമാര്‍ അച്ചടക്കത്തോടെ ചെയ്തു എന്നതിനാലാണ്‌. അനാവശ്യമായ ഗാനങ്ങളും, ഒഴിവാക്കാമായിരുന്ന ചില കഥാപാത്രങ്ങളും രംഗങ്ങളും ചിത്രത്തിലിടം നേടിയതും മാത്രമേ കല്ലുകടിയാവുന്നുള്ളൂ.

യഥാര്‍ത്ഥ ചിത്രത്തില്‍, പീഴ്‍സ് ബ്രോസ്‍നാന്‍ അവതരിപ്പിച്ച ടോമിനെ, വെങ്കിയെന്ന പേരില്‍ ജയസൂര്യ അധികം പരിക്കുകളില്ലാതെ അവതരിപ്പിച്ചിട്ടുണ്ട്. മറ്റൊരു നായകനായ രവി എബ്രഹാമിനെ അവതരിപ്പിച്ച അനൂപ് മേനോനും തന്റെ വേഷത്തോട് നീതി പുലര്‍ത്തി. അപ്രധാനമായ ചെറുവേഷങ്ങളില്‍ മുഖം കാണിക്കുക എന്ന പതിവു രീതിയില്‍ നിന്നും മാറി, ഒരു മുഴുനീള വേഷം ചെയ്യുവാന്‍ ലഭിച്ച അവസരം നന്നായി പ്രയോജനപ്പെടുത്തുവാന്‍ സംവൃത സുനിലിനു കഴിഞ്ഞത് പാര്‍വതി എന്ന കഥാപാത്രത്തെ മികച്ചതാക്കുന്നു. ചെറുവേഷങ്ങളിലെത്തി ശ്രദ്ധ നേടുന്നവരില്‍ മാമുക്കോയ, ഇന്നസെന്റ്, കനി തുടങ്ങിയവരുള്‍പ്പെടും. ഫഹദ് ഫാസില്‍ അവതരിപ്പിച്ച കഥാപാത്രം മാത്രമാണ്‌, അഭിനയിക്കുകയാണ്‌ എന്ന തോന്നലുണ്ടാക്കി പിന്നോക്കം പോയത്.

ഛായാഗ്രഹണ സഹായിയായി പ്രവര്‍ത്തന പരിചയം വേണ്ടുവോളമുള്ള പ്രദീപ് നായര്‍ പ്രധാന ഛായാഗ്രാഹകനായി അരങ്ങേറ്റം കുറിക്കുന്നു ഈ ചിത്രത്തില്‍. തന്റെ പരിചയസമ്പത്ത് പ്രയോജനപ്പെടുത്തി, കണ്ടുവരുന്ന രീതികളില്‍ നിന്നും മാറിനടക്കുവാന്‍ ബോധപൂര്‍വ്വമായൊരു ശ്രമം പ്രദീപിന്റെ പ്രവര്‍ത്തിയില്‍ കാണാം. സംവിധായകന്‍ എന്നതിനേക്കാള്‍, ചിത്രസന്നിവേശകനായാണ്‌ അരുണ്‍ കുമാര്‍ ചിത്രത്തില്‍ ശ്രദ്ധ നേടുന്നത്. പ്രശാന്ത് മാധവിന്റെ കലാസംവിധാനം, റഹിം കീഴില്ലത്തിന്റെ ചമയങ്ങള്‍, വേലായുധന്‍ കൊടുങ്ങല്ലൂരിന്റെ വസ്ത്രാലങ്കാരം തുടങ്ങിയവയും ചിത്രത്തിന്റെ മികവുയര്‍ത്തുന്ന ഘടകങ്ങളാണ്‌. നവാഗതനായ രതീഷ് വേഗയുടെ പശ്ചാത്തലസംഗീതവും ചിത്രത്തിനു നന്നായിണങ്ങുന്നു. സന്തോഷ് വര്‍മ്മയും അനില്‍ പനച്ചൂരാനുമെഴുതി, അല്‍ഫോന്‍സും രതീഷ് വേഗയും ഈണമിട്ട ഗാനങ്ങള്‍ ഏറെ ശോഭിക്കുന്നില്ല, അവ തീര്‍ത്തും അപ്രസക്തങ്ങളുമാണ്‌.

ചിത്രത്തിന്റെ അവസാന ഭാഗങ്ങളിലാണ്‌ 'കോക്ക്‍ടെയ്‍ല്‍', 'ചക്രത്തിനു മുകളിലെ ചിത്രശലഭ'ത്തെ വിട്ടു പറക്കുന്നത്. യഥാര്‍ത്ഥ കഥയില്‍, തന്റെ കുറ്റങ്ങള്‍ മറയ്ക്കുവാന്‍ രവി പാര്‍വതിയോട് (നീല്‍ റാന്‍ഡല്‍ അബി റാന്‍ഡലിനോട്) പറയുന്ന കള്ളം, ഒടുവില്‍ സത്യമറിയുന്ന രവിയുടെ ഞെട്ടലിനിയും കൂട്ടുവാന്‍ കഴിയുന്നതായിരുന്നു എന്നിരിക്കെ അതിവിടെ ഒഴിവാക്കിയതിന്റെ യുക്തി മനസിലാവുന്നില്ല. മാത്രവുമല്ല, ഒരു വര്‍ഷത്തിനു ശേഷമുള്ള ഇവരുടെ ജീവിതമൊക്കെ ഒടുവില്‍ ചേര്‍ത്തത് മലയാള സിനിമകളുടെ സ്ഥിരം ശൈലിയിലേക്ക് ചിത്രത്തെ വലിച്ചിടുവാനും കാരണമായി. അതുവരെ മികവോടെ പറഞ്ഞു വന്ന്, ഒടുവില്‍ കൊണ്ട് കലമുടയ്ക്കേണ്ട കാര്യമില്ലായിരുന്നു.

സിനിമ തീര്‍ന്ന് തന്റെ പേരു കാണിക്കുമ്പോള്‍ തിയേറ്ററിലുയരുന്ന കൈയ്യടിയില്‍ അരുണ്‍ കുമാറിനു സന്തോഷിക്കാം. എന്നാല്‍ യഥാര്‍ത്ഥ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മറച്ചു വെയ്ക്കുകയും, കഥ-തിരക്കഥ എഴുതിയതെന്ന പേരില്‍ മറ്റൊരാളുടെ പേരെഴുതി കാണിക്കുകയും ചെയ്തത്; ചിത്രത്തില്‍ കൈവരിച്ച മികവിന്റെ ശോഭ കുറയ്ക്കുന്നു. കൂടുതല്‍ മികച്ച ചിത്രങ്ങള്‍, അവ ഏതെങ്കിലും ചിത്രത്തിന്റെ ചുവടുപിടിച്ചെങ്കില്‍ അങ്ങിനെ സമ്മതിച്ചു തന്നെ, മലയാളികള്‍ക്കു നല്‍കുവാന്‍ അരുണ്‍ കുമാറിനു കഴിയുമെന്ന പ്രത്യാശയോടെ നിര്‍ത്തുന്നു.

അടിക്കുറിപ്പ്: ചിത്രത്തിന്റെ ഔദ്യോഗിക വെബ്‍സൈറ്റ്, പോസ്റ്റര്‍ ഡിസൈനുകള്‍ എന്നിവയും ചിത്രമെന്നതുപോലെ തന്നെ ശ്രദ്ധ നേടുന്നു. ചിത്രത്തിന്റെ മൂഡിനോട് ചെരുന്ന തരത്തില്‍ ഇവയൊരുക്കിയ അണിയറ പ്രവര്‍ത്തകരും (സിമ്പ്‍ളി മാഡ് ഫ്രയിംസ്, റഹ്മാന്‍ ഡിസൈന്‍) അഭിനന്ദനമര്‍ഹിക്കുന്നു.
--

24 comments :

 1. ജയസൂര്യ, അനൂപ് മേനോന്‍, സംവൃത സുനില്‍ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി, അരുണ്‍കുമാര്‍ സംവിധാനം ചെയ്ത 'കോക്ക്‍ടെയ്‍ല്‍' വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  newnHaree #CockTail: #Malayalam flavour of #ButterFlyOnAWheel. An impressive remake!
  11 hours ago via web
  --

  ReplyDelete
 2. സായിപ്പിന്റെ വീഞ്ഞില്‍ , ചില മലയാളികളെങ്കിലും ആവശ്യപ്പെടുന്ന കുറച്ചു ചേരുവകളും ചേര്‍ത്ത്, കുറച്ചൊന്നു സ്വാദ് കളഞ്ഞു വിറ്റ് കാശടിക്കുന്ന പരിപാടിയാണിതെന്ന വ്യംഗ്യമായ കുറ്റസമ്മതമാണോ cocktail എന്ന നാമകരണം?

  ReplyDelete
 3. The Departed, Speed pinneyum kure kure Hollywood chithrangal ingine adapt cheythittundu. Avaraarum original kadhaakaranteyo thirakkadhakrithinteyo peru cherthathaayi orkkunnilla.

  ReplyDelete
 4. Rajesh,

  'The Departed' is not an unauthorised remake. It was made after purchasing the remake rights from the makers of 'Infernal Affairs'. The makers of 'The Departed' have always maintained that the movie is a remake, including at its official website. Guess the same goes for 'Speed'.

  ReplyDelete
 5. Either allow right click or make sure links are such that they open in new window. It's so irritating!

  ReplyDelete
 6. നാമകരണത്തെപ്പറ്റിയുള്ള അഭിപ്രായം ശരിയായിക്കൂടെന്നില്ല! :)
  Inspiration / Adaptation / Plagiarism ഇവയൊക്കെ തമ്മിലുള്ള വ്യത്യാസം മനസിലാക്കാത്തിടത്തോളം കൂടുതല്‍ പറഞ്ഞിട്ട് കാര്യമുണ്ടെന്നു തോന്നുന്നില്ല. ഇവിടെ Inspiration അല്ല, പൂര്‍ണമായും Adaptation-നുമല്ല. മലയാളത്തിലാക്കി എന്നതല്ലാതെ, യഥാര്‍ത്ഥ കഥയില്‍ നിന്നും വരുത്തിയ മാറ്റങ്ങള്‍ നന്നേ കുറവ് (വരുത്തിയവയൊക്കെ കുളമായി എന്നതു മറ്റൊരു കാര്യം!) ഇതിനും പുറമേ, കഥ/തിരക്കഥ രചയിതാവെന്ന സ്ഥാനത്ത് മറ്റൊരാളുടെ പേര്‌ എഴുതുകയും ചെയ്യുമ്പോള്‍ Plagiarism എന്ന ലേബലാവും കൂടുതല്‍ യോജിക്കുക. (മറ്റൊരു ഉദാ: 'അന്‍വര്‍', 'ട്രൈറ്ററി'ല്‍ നിന്നും Inspired - Adapted എന്നു പറയാം. 'ട്രൈറ്ററി'ല്‍ നിന്നും ധാരാളം വ്യത്യാസങ്ങള്‍ വരുത്തിയിട്ടുപോലും തിരക്കഥ-സംഭാഷണം: അമല്‍ നീരദ് എന്നേ പറയുന്നുള്ളൂ. കഥയുടെ ക്രെഡിറ്റ് യഥാര്‍ത്ഥ അവകാശിക്ക് നല്‍കിയിട്ടില്ല, പക്ഷെ അത് തട്ടിയെടുത്തിട്ടുമില്ല!)

  ചിത്രവിശേഷം ഡൊമൈന്‍ വിട്ടുപോവുന്ന ലിങ്കുകള്‍ (കമന്റ് ബോക്സിലേത് ഒഴികെ) പുതിയ വിന്‍ഡോയില്‍ തുറക്കുന്ന രീതിയിലാണ്‌ നല്‍കാറുള്ളത്. Ctrl അമര്‍ത്തി ക്ലിക്ക് ചെയ്താല്‍ (ഫയര്‍ഫോക്സ് / ക്രോം / ഐ.ഇ.) ഏത് ലിങ്കിലേയും പുതിയ വിന്‍ഡോയില്‍ / ടാബില്‍ തുറക്കുന്നതാണ്.
  --

  ReplyDelete
 7. ഹാവൂ... കുറേ കാലത്തിനു ശേഷം ഒരു കമന്റിടാന്‍ പറ്റി. കമന്റിടുന്ന പെട്ടി എന്റെ ബ്രൌസറുകളില്‍ (ഐ.ഇ/മോസില) കാണാറേ ഇല്ലായിരുന്നു...

  കോക്ക്‍ടെയില്‍ കണ്ടില്ല. ഏതു ഭാഷക്കും പറ്റിയ തീമാണ് ബട്ടര്‍ഫ്ലൈയ്ക്കുള്ളത് എന്ന് തോന്നിയിരുന്നു. എന്തായാലും കണ്ട് നോക്കട്ടെ...

  സസ്നേഹം
  ദൃശ്യന്‍ | സലില്‍

  ReplyDelete
 8. _തിരക്കഥ-സംഭാഷണം: അമല്‍ നീരദ് എന്നേ പറയുന്നുള്ളൂ. കഥയുടെ ക്രെഡിറ്റ് യഥാര്‍ത്ഥ അവകാശിക്ക് നല്‍കിയിട്ടില്ല, പക്ഷെ അത് തട്ടിയെടുത്തിട്ടുമില്ല_

  ഇത് തെറ്റല്ലേ ഹരീ...Written & Directed by Amal Neerad എന്നാണ് എഴുതിക്കാണിച്ചത്...പൊതുവെ മലയാളത്തില്‍ കഥ, തിരക്കഥ, സംഭാഷണം എല്ലാം ഒരാളാവുമ്പോഴാണ് ഇങ്ങനെ കണ്ടിട്ടുള്ളത്..അതുപോലെ സംഭാഷണം ഹരിയുടെ വിശേഷത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ ഉണ്ണിയും ശ്രീജിത്തും ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്

  ReplyDelete
 9. റീമേക്ക് ലോകസിനിമയില്‍ ഒരു സാധാരണ സംഭവമാണ്, ഒറിജിനലിനോട് നീതി പുലര്‍ത്തുന്ന കാലത്തോളം അതൊരു പാതകവുമല്ല. ഒരൊറ്റ കുഴപ്പം, ഇന്ത്യന്‍ സിനിമക്കാര്‍ യഥാര്‍ത്ഥ ശില്പ്പിക്ക് ക്രെഡിറ്റ് വിട്ടുകൊടുക്കുന്നില്ല എന്നതാണ്-ഗജനിയും അന്‍വറും ഇപ്പോള്‍ കോക്ക് ടൈയിലും അങ്ങനെ എത്രയോ ഉദാഹരണങ്ങള്‍!!

  എന്തായാലും കാണാന്‍ കൊള്ളാവുന്ന ഒരു പടം കൂടി വന്നിട്ടുണ്ടെന്നറിഞ്ഞപ്പോള്‍ വളരെ സന്തോഷം. കഥാപാത്രത്തിനനുസരിച്ച് സ്വന്തം ലുക്ക് തന്നെ മാറ്റി നമ്മുടെ യുവതാരങ്ങള്‍ കാണിക്കുന്ന ആത്മാര്‍ത്ഥത അംഗീകരിച്ചേ പറ്റൂ. ജയസൂര്യയും തീര്‍ച്ചയായിട്ടും മലയാള സിനിമയുടെ അടുത്ത താരം ആണ്.
  ഇവിടെ റിലീസ് ചെയ്യുമ്പോള്‍ കാണണം.

  ReplyDelete
 10. കണ്ടു ...ഇഷ്ട്ടപ്പെട്ടു...എങ്കിലും നന്നാക്കാമായിരുന്ന കഥ എന്നുതന്നെ പറയേണ്ടിയിരിക്കുന്നു

  ReplyDelete
 11. സിനിമ പാഠഭേദങ്ങളായി ആയി ആവറ്ത്തിയ്ക്കുന്ന പല പോപുലറ് ആശയങ്ങളും ഉണ്ടല്ലോ, അതിലൊന്ന് എന്ന് പറയാവുന്നതാൺ ഈ “സാധാരണവും സമാധാനപൂറ്ണ്ണവുമായ ഒരാളുടെ/ചിലരുടെ ജീവിതത്തിലേയ്ക്ക് കടന്നുവരുന്ന ഒരപരിചിതൻ/ചില അപരിചിതറ് ഉണ്ടാക്കുന്ന സംഘറ്ഷം“. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ബറ്ത്ഡേ ഗേൾ, കാലിഫോറ്ണിയ, ഫോൺബൂത് തുടങ്ങി സ്പീഡും വെഡ്നെസ്ഡേയും വരെ പല ചിത്രങ്ങളുടേയും കേന്ദ്ര ആശയം ഇതാൺ.

  കോപിറയിറ്റ് വാങ്ങിയില്ല എന്ന കാര്യം മാത്രമാൺ ഇവിടെ റീമെയ്കിനെ കോപി ആക്കി മാറ്റുന്നത്,അല്ലെങ്കിൽ റീമെയ്ക്കെന്നുതന്നെ വിളിക്കാമായിരുന്നു അല്ലേ?

  ReplyDelete
 12. മലയാളത്തിലും താഴ്വാരം, ഭ്രമരം, ഇന്നലെ, വഴിയോരക്കാഴ്ചകൾ തുടങ്ങി പലസിനിമകളിലും മേൽ‌പ്പറഞ്ഞ ഈ ആശയത്തിന്റെ ചെറിയ ഇപ്രെഷൻസ് കാണാം.

  ആകെ പത്ത് കഥകളേയുള്ളൂ എന്നോ മറ്റോ പറയാറില്ലേ:)

  ReplyDelete
 13. 'അന്‍‍വറി'ന്റെ കഥ/തിരക്കഥ മാത്രമാണ്‌ അമല്‍ നീരദ്‍. മുന്‍കമന്റില്‍ തെറ്റുപറ്റിയതാണ്. :)
  ശരിതന്നെ, അവിടെയും Writer & Director എന്നാണ്‌ കാണിച്ചത്. എങ്കിലും, 'അന്‍വറി'ല്‍ കുറേയേറെ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടെങ്കിലുമുണ്ട്. കഥ എഴുതിയെന്നു പറഞ്ഞില്ല എന്നു വേണമെങ്കില്‍ വാദിക്കുകയുമാവാം. ഇവിടെ അങ്ങിനെയൊന്നുമില്ലല്ലോ!

  കോപ്പിറൈറ്റ് വാങ്ങുന്നതും വാങ്ങാതിരിക്കുന്നതുമൊക്കെ സാങ്കേതിക/നിയമ വശം. ധാര്‍മ്മിക വശമാണ്‌ ഇവിടെ വിഷയം. അതല്ലായെങ്കില്‍, ആശയം മാത്രമെടുത്ത് പൂര്‍ണമായും അഴിച്ചുപണിതൊരു ചിത്രമാക്കണം. അങ്ങിനെയാവുമ്പോള്‍ loosely based on എന്നു പറയാം. അതൊന്നുമല്ലാതെ, അതതേപടി എടുത്തു മലയാളത്തിലാക്കുമ്പോള്‍, ഒറിജിനലിനെക്കുറിച്ച് സൂചനപോലുമില്ലാത്തത് പോട്ടെ, അതിനു മറ്റൊരാള്‍ക്ക് ക്രെഡിറ്റ് കൂടി നല്‍കുക എന്നു വെച്ചാല്‍?
  --

  ReplyDelete
 14. മധുസൂദനന്‍ , ഒരു ആശയത്തിന്റെ ആവര്‍ത്തനമല്ല 'cocktail'ഇല്‍ നടക്കുന്നത്. ആശയത്തിനു പുറമേ കഥയും, സീനുകളും സീന്‍ കണ്‍സ്ട്രക്ഷനും, അവയ്ക്ക് പുറമേ പല minute details ഉം കോപ്പിയടിച്ചിട്ടുണ്ട്. ഫോണ്ബൂത്ത്, താഴ്വാരം തുടങ്ങിയവയുമായി കോക്ക്ട്ടെയ്ലിനുള്ള സാമ്യം ബട്ടര്ഫ്ലൈയുമായുള്ള സാമ്യത്തെ അപേക്ഷിച്ച് എങ്ങുമെത്തുന്നില്ല.

  ReplyDelete
 15. അകിലേഷ്, ഹരി. നമ്മുടെ സിനിമയിലെ മോഷണത്തെക്കുറിച്ച് പല ആരോപണങ്ങളും കേട്ടിട്ടുണ്ടെങ്കിലും ഒരു സിനിമ അതേപോലെ വീണ്ടുമെടുക്കുകയും ഒറിജിനലിനെപ്പറ്റി പറയാതിരിയ്ക്കുകയും ചെയ്തതായി ആദ്യമായി കേൾക്കുകയാൺ. അതിൽ ആളുകളോട് ഒറിജിനലാണെന്ന് കള്ളം പറയുന്നതിന്റെ ധാറ്മ്മികപ്രശ്നം (മെങ്കിലും, ഏറ്റവും കുറഞ്ഞത്) തീറ്ച്ചയായുമുണ്ട്.

  പണ്ടെവിടെയോ പറഞ്ഞുകേട്ടതാൺ, ഡിവിഡിയിട്ട് ആദ്യമേ കാണിച്ചുകൊടുക്കാമെന്ന സൌകര്യത്താൽ, ഇംഗ്ലീഷ് സിനിമ മോഷ്ടിച്ച് സിനിമയെടുക്കാൻ പ്രൊഡ്യൂസറെ സമ്മതിപ്പിക്കാനാൺ ഒറിജിനൽ കഥവെച്ച് സിനിമയെടുക്കാൻ അദ്ധേഹത്തെ സമ്മതിപ്പിയ്ക്കുന്നതിലും എളുപ്പമെന്ന്.

  ReplyDelete
 16. ബൈ ദി വേ, താഴ്വാരവും ഫോൺബൂത്തും തമ്മിൽ സാമ്യമുണ്ടെന്ന് വെറുതേ പറഞ്ഞാൽ അടികിട്ടും. ആശയങ്ങൾ തമ്മിൽ എന്നുപറയാവുന്നതിലും ഫൈൻ ആൺ ആ സാമ്യം, അത് വിശദീകരിയ്ക്കാൻ കുറച്ചുകൂടി ഗഹനമായ ഭാഷതന്നെ വേണ്ടിവരും. “സംഘറ്ഷത്തിന്റെ നിറ്മ്മിതിയുടെ രസതന്ത്രത്തിൽ”ആൺ സാമ്യമുള്ളത് എന്നോ മറ്റോ പറയെണ്ടിവരും:)ഏതായാലും ആശയങ്ങൾ തമ്മിൽ സാമ്യമുണ്ടെന്ന് ഞാന്തന്നെ മുകളിൽ‌പ്പറഞ്ഞത് അത്ര കൃത്യമായ പ്രസ്താവനയല്ല.

  ReplyDelete
 17. Haree

  Angine oru All yadahrthathil undallo alle +1

  Pinne Anoop chandran alla..Anoop Memon anu...Please correct it

  Thanks
  Vibu

  ReplyDelete
 18. അന്‍വര്‍നു 5.50........ കുട്ടി സ്രാങ്ക്‌ (a beautiful and a haunting cinematic experience) ആണെങ്കിലോ 5.75.......

  താങ്കള്‍ ഒരു "മഹാനായ" നിരൂപക "ബുജിയാണെന്ന് " വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടേയിരിക്കുന്നു...

  താങ്കളുടെ "ആസനാധനം" (തെറ്റിയതല്ല കേട്ടോ..) അപാരം തന്നെ....ഇനിയും എഴുതണേ...കൊതിയാകുന്നു വായിക്കാന്‍....

  ReplyDelete
 19. cocktailinu ആണെങ്കില്‍ 6:50.......എടേ ഈ പണി നിര്‍ത്തി പോടേ.......അങ്ങനെ ഞാന്‍ പറയില്ല..നീ എഴുതണം ഇനിയും ഇനിയും കേട്ടോ...

  ReplyDelete
 20. Rebel24x7 paranjathu shariyan. Ivante rating apaaram aanu...

  ReplyDelete
 21. കുറേ ബോറന്‍പടങ്ങളുടെ ഇടക്ക് ഒരു നല്ല പടം. കോപ്പിയടിച്ചതാണ് ശരി എന്നാലും നല്ല രീതിയില്‍ കഥ പറഞ്ഞിരിക്കുന്നു. അവസാനം വരെ നല്ല ഒഴുക്കുണ്ട്. സൂപ്പര്‍ താരങ്ങളില്ല. സൂപ്പര്‍ ഇടി ഇല്ല. സൂപ്പര്‍ പാട്ടില്ല. ഒരു സൂപ്പറുമില്ലാതെ ഒരു നല്ല പടം. ഒരു നവാഗത സംവിധായകന് തീര്‍ച്ചയായും അഭിമാനിക്കാം 7 മാര്‍ക്ക് കൊടുക്കാം.

  ReplyDelete
 22. thank u അനിവേ കാണാന്‍ നോക്കാം... ആദ്യം യേത് കാണണം എന്നാ കണ്ഫുഷന്‍ ആയി ഇപ്പോള്‍..

  ReplyDelete
 23. Tamizhilum mattum irangunna remakukale vanolam pukazhthunnavanmarkkokke.. Cocktail polulla parisramangale.. angeekarikkan kazhiyilla..

  Oru Nalla padam irangiyal kuttam parayan irangunna ivanmarkkokke.. Vinayante koothara padangale.. pattoo...

  ReplyDelete
 24. ഇപ്പോഴാണു ഈ ചിത്രം കാണാന്‍ സാധിച്ചത്.നല്ല ഒരു ചിത്രമായിട്ടാണെനിക്കു തോന്നിയത്.ഏറ്റവും ഒടുവിലായുള്ള ആശുപത്രി സീന്‍ വേണ്ടായിരുന്നു എന്നു തോന്നി.അനൂപ് നല്ല രാതിയില്‍ അഭിനയിച്ചു.സംഭാഷണങ്ങള്‍ ഒന്നിലും കൃത്രിമത്വം അനുഭവപ്പെട്ടില്ല.അവസാന രംഗത്ത് സംവൃത സംസാരിക്കുന്നത് ഭാവരഹിതമായ നിര്‍വികാരതയോടെയായിരുന്നുവൊ എന്നു ഒരു സംശയമുണ്ട്.പിന്നെ ഈ ചിത്രം ഒരു മോഷണമാണെങ്കിലും എന്തുകൊണ്ടോ നന്നായി ഇഷ്ടപ്പെട്ടു എന്നതാണു സത്യം.

  ReplyDelete