ശിക്കാര്‍ (Shikkar)

Published on: 9/12/2010 01:43:00 PM
Shikkar: A film by M. Padmakumar starring Mohanlal, Lalu Alex, Kalabhavan Mani, Sneha etc. Film Review by Haree for Chithravishesham.
എം. പത്മകുമാറിന്റെ സിനിമകളില്‍ പലതിലും വില്ലന്‍ പരിവേഷമുള്ള നായകനെ പൊതുഘടകമായി കാണാം. പ്രിഥ്വിരാജ് നായകനായ 'വര്‍ഗം', 'വാസ്തവം' എന്നീ ചിത്രങ്ങളും മമ്മൂട്ടി നായകനായ 'പരുന്തു'മാണ്‌ സംവിധായകന്റെ ഈ ജനുസ്സില്‍ പെട്ട ചിത്രങ്ങള്‍. അതിലേക്ക് ഒന്നുകൂടിയെത്തുന്നു 'ശിക്കാറി‍'ലൂടെ. രചയിതാക്കള്‍ മാറി മാറി വരുന്ന പത്മകുമാര്‍ ചിത്രങ്ങളില്‍; 'ദാദാ സാഹിബി'നും, 'താണ്ഡവ'ത്തിനും പിന്നെ ഒടുവിലായി 'സ്വര്‍ണ'ത്തിനും മറ്റും രചന നിര്‍വ്വഹിച്ച എസ്. സുരേഷ് ബാബുവാണ്‌ ഇവിടെ രചയിതാവിന്റെ കസേരയില്‍. മോഹന്‍ലാല്‍, ലാലു അലക്സ്, കലാഭവന്‍ മണി തുടങ്ങിയവര്‍ക്കൊപ്പം തമിഴ് താരങ്ങളായ സമുദ്രക്കനി, സ്നേഹ, തലൈവാസല്‍ വിജയ് തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനേതാക്കളായെത്തുന്നു. ശ്രീരാജ് ഫിലിംസിന്റെ ബാനറില്‍ കെ.കെ. രാജഗോപാലാണ്‌ ചിത്രത്തിനു വേണ്ടി പണം മുടക്കിയിരിക്കുന്നത്.

ആകെത്തുക     : 5.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 4.00 / 10
: 4.50 / 10
: 5.00 / 10
: 3.00 / 05
: 3.50 / 05
ഒരന്തവും കുന്തവുമില്ലാത്ത കഥയും തിരക്കഥയുമാണ്‌ ചിത്രത്തിന്റെ പ്രധാന കുറവ്. ഒരുപക്ഷെ, മികച്ചൊരു തിരനാടകമൊരുക്കുവാന്‍ ഉതകുന്നൊരു കഥാതന്തു ചിത്രത്തിനുണ്ട്. എന്നാലത് യുക്തിസഹമായി അവതരിപ്പിക്കുവാന്‍ രചയിതാവിന്‌ കഴിഞ്ഞില്ല. അവ്യക്തമായി വരച്ചിട്ടിരിക്കുന്ന കഥാപാത്രങ്ങളും ചിത്രത്തിനു ബാധ്യതയാണ്‌. കഥാപരിസരങ്ങളിലെ പുതുമ മാത്രമാണ്‌ പിന്നെയുമൊരു മികവായി പറയുവാനുള്ളത്. രചയിതാവ് പിന്നോക്കം പോവുമ്പോള്‍ പിന്നെ സംവിധായകന്റെ കരവിരുതിനു മാത്രമാണ്‌ പിന്നെ ചിത്രത്തെ രക്ഷിച്ചെടുക്കുവാന്‍ സാധിക്കുക. എന്നാല്‍ ആദ്യ ചിത്രങ്ങളിലെ കൈയ്യടക്കമൊന്നും എം. പത്മകുമാറിന്‌ തൊട്ടു മുന്‍ ചിത്രമായ 'പരുന്തി'ലോ, ഇപ്പോള്‍ 'ശിക്കാറി'ലോ പുറത്തെടുക്കുവാനായിട്ടില്ല. പരിചരണമൊന്നു കൊണ്ടുമാത്രം ശ്രദ്ധ നേടിയ 'നരനോ' അതല്ലെങ്കില്‍ 'ഭ്രമര'ത്തിനോ ഒപ്പമൊന്നും 'ശിക്കാറി'നെ കൂട്ടുവാന്‍ കഴിയാത്തതിനു കാരണവും സംവിധായകന്റെ പരിമിതികള്‍ തന്നെ.

Cast & Crew
Shikkar the Hunt

Directed by
M. Padmakumar

Produced by
K.K. Rajagopal

Story, Screenplay, Dialogues byS. Suresh Babu

Starring
Mohanlal, Kalabhavan Mani, Kailash, Lalu Alex, Samudrakkani, Jagathy Sreekumar, Thalaivasal Vijay, Sneha, Suraj Venjaramood, Ananya, Mythili, Lakshmi Gopalaswami, Babu Namboothiri, Lal etc.

Cinematography (Camera) by
Manoj Pillai

Editing by
Ranjan Abraham

Production Design (Art) by
Manu Jagath

Music by
M. Jayachandran

Lyrics by
Gireesh Puthenchery

Background Score by
Ouseppachan

Make-Up by
Ranjith Ambady

Costumes by
Sunil Rahman

Sound Effects by
Rajesh, Charles

Choreography by
Kalyan

Action (Stunts / Thrills) by
Thyagarajan, Anil Arasu

Banner
Sreeraj Cinemas

കഥ കാര്യമായൊന്നും പറയുവാനില്ലാത്ത കഥാപാത്രങ്ങളാണ്‌ കടലാസ്സിലെങ്കില്‍ അവയ്ക്ക് തിരശ്ശീലയില്‍ ജീവന്‍ കൊടുക്കുക കലാകാരന്മാര്‍ക്ക് അത്ര എളുപ്പമുള്ള പണിയല്ല. ഈയൊരു ഇളവ് നല്‍കിയാല്‍ പോലും അഭിനേതാക്കളുടെ പ്രകടനം മെച്ചമെന്ന് പറയുവാനില്ല. ബല്‍റാം എന്ന ബലരാമനെ അവതരിപ്പിക്കുന്ന മോഹന്‍ലാല്‍ പോലും കാര്യമായൊന്നും ചിത്രത്തില്‍ ചെയ്തിട്ടില്ല. പതിനഞ്ചു കൊല്ലത്തിലും മാറ്റമൊന്നും വരാതെ നില്‍ക്കുന്ന ബല്‍റാമിന്റെ കഥാപാത്രത്തിന്‌ വിശ്വസനീയതയും കഷ്ടി. ലാലു അലക്സിന്റെ ചങ്ങാതിയും കലാഭവന്‍ മണിയുടെ സഹചാരിയുമൊക്കെ കണ്ടുമറന്ന പല കഥാപാത്രങ്ങളുടേയും നിഴലില്‍ തന്നെ. പിന്നെയെന്തെങ്കിലും ചെയ്യുവാനുള്ള കൈലേഷും അനന്യയും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തിയിട്ടുണ്ട്. നര്‍മ്മമെന്ന പേരില്‍ ജഗതി ശ്രീകുമാറും സുരാജ് വെഞ്ഞാറമ്മൂടും കാട്ടിക്കൂട്ടുന്നതൊക്കെ അസഹ്യം. സ്നേഹ, ലക്ഷ്മി ഗോപാലസ്വാമി, തലൈവാസല്‍ വിജയ്, സമുദ്രക്കനി തുടങ്ങിയവര്‍ക്കൊക്കെ അതിഥിതാര വേഷങ്ങളാണ്‌ ചിത്രത്തില്‍. നാട്ടുകാരും വീട്ടുകാരുമായി മൈഥലി, ബാബു നമ്പൂതിരി, സാദിഖ്, ലാല്‍ തുടങ്ങി മറ്റു പലരുമുണ്ട് ഇനിയും അഭിനേതാക്കളുടെ നിരയില്‍.

'നരന്റെ'യും 'ഭ്രമര'ത്തിന്റെയും കാര്യമെടുത്താല്‍ യഥാക്രമം ഷാജിയും അജയന്‍ വിന്‍സന്റും പകര്‍ത്തിയ ദൃശ്യങ്ങള്‍ ചിത്രത്തിന്റെ മികവുയര്‍ത്തിയ ഘടകമാണ്‌. അത്തരത്തില്‍ ഓര്‍ത്തുവെയ്ക്കുവാന്‍ തക്കവണ്ണമുള്ള ഛായാഗ്രഹണ മികവൊന്നും മനോജ് പിള്ള പകര്‍ത്തിയ 'ശിക്കാറി'ലെ രംഗങ്ങള്‍ക്കില്ല. രഞ്ജന്‍ എബ്രഹാമിന്റെ ചിത്രസന്നിവേശത്തിനും പലപ്പോഴും ഒഴുക്കു നഷ്ടമാവുന്നു. മനു ജഗത്തിന്റെ കലാസംവിധാനം, രഞ്ജിത്ത് അമ്പാടിയുടെ ചമയം, സുനില്‍ റഹ്മാന്റെ വസ്ത്രാലങ്കാരം തുടങ്ങിയവയാണ്‌ സാങ്കേതികമേഖലയില്‍ പിന്നെയും മികവു പുലര്‍ത്തുന്നത്. ചിത്രത്തിന്റെ ശബ്ദവിഭാഗം കൈകാര്യം ചെയ്തവരോട് ഒരു ചോദ്യം; കാട്ടിനുള്ളില്‍ ഒരാളൊരു കവിത ചൊല്ലിയാല്‍ മൈക്കു വെച്ച് പാടുന്ന ഒച്ചയിലാവുമോ പുറത്ത് കേള്‍ക്കുക?

ഗാനങ്ങള്‍ ചിത്രത്തിനൊരു അനിവാര്യതയല്ല, എന്നാല്‍ ചിത്രത്തില്‍ ഏറ്റവും മികച്ചതെന്ത് എന്നു ചോദിച്ചാല്‍ അതിതിലെ ഗാനങ്ങളാണു താനും. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് എം. ജയചന്ദ്രന്‍ ഈണമിട്ടിരിക്കുന്നു. സുധീര്‍ കുമാറും കെ.എസ്. ചിത്രയും ചേര്‍ന്ന് പാടിയിരിക്കുന്ന "എന്തെടീ... എന്തെടീ..." ഇതിനോടകം ജനപ്രീതി നേടിക്കഴിഞ്ഞു. കെ.ജെ. യേശുദാസിന്റെ ശബ്ദത്തില്‍, "പിന്നെ എന്നോടൊന്നും പറയാതെ..." എന്നു തുടങ്ങുന്നു മറ്റൊരു മനോഹരഗാനം. ഗാനങ്ങള്‍ മികവു പുലര്‍ത്തുമ്പോഴും ഗാനരംഗങ്ങളോ, പലതിലുമുള്ള കല്യാണിന്റെ നൃത്തച്ചുവടുകളോ അത്രത്തോളം ആകര്‍ഷകമല്ല. നൃത്തത്തിനു വേണ്ടി മാത്രം ശങ്കര്‍ മഹദേവന്‍ പാടി ചിത്രത്തിലുള്ള "ശെമ്പകമേ ശെവപ്പഴകേ..." എന്ന ഗാനത്തിലെ ചുവടുകള്‍ക്കു പോലും പറയത്തക്ക മികവില്ല!

മലയാളത്തില്‍ അടുത്തിറങ്ങിയ പല ചിത്രങ്ങളും 'ഇതും സിനിമ തന്നെയോ!' എന്നു സംശയിച്ചു പോവുന്നവയാണ്‌. അവയോട് തട്ടിച്ചു നോക്കിയാല്‍ 'ശിക്കാര്‍' പല കാതങ്ങള്‍ മുന്‍പിലാണ്‌. മൂക്കില്ലാരാജ്യത്തെ പ്രജകള്‍ക്കായി വല്ലപ്പോഴും ഇങ്ങിനത്തെ മുറിമൂക്കുകളെങ്കിലും തിയേറ്ററുകളിലെത്തുന്നത് ഭാഗ്യമെന്നേ പറയുവാനുള്ളൂ. കോന്നിയൂര്‍ ഭാസ് എഴുതിയ 'അഹ'ത്തിലെ വരികള്‍, "നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടു?" എന്നുറക്കെ പാടിപ്പോവുന്ന അവസരങ്ങളിലൊന്നാണിതും. പുലി വലയിലാവുന്നത് ശംഭുവിന്റെ മിടുക്കുകൊണ്ടല്ലെന്ന് ഏവര്‍ക്കുമറിയാം. ഈ 'ശിക്കാരി'യുടെ വിജയവും, നിലവിലെ സാഹചര്യത്തില്‍ ഏതാണ്ട് അങ്ങിനെയൊക്കെ തന്നെയാകുവാനാണ്‌ സാധ്യത!

പിന്‍കുറിപ്പ്: മണ്മറഞ്ഞ രണ്ട് കലാകാരന്മാര്‍; ഇതില്‍ അഭിനയിക്കുവാന്‍ വിളിച്ചിട്ട് റോളില്ലെന്നു പറഞ്ഞു മടക്കിയ ശ്രീനാഥും, ഗാനങ്ങള്‍ക്ക് വരികളെഴുതിയ ഗിരീഷ് പുത്തഞ്ചേരിയും; ഇവരെ ഒന്നോര്‍ക്കുവാന്‍ അണിയറപ്രവര്‍ത്തകര്‍ മനസുവെച്ചില്ലെന്നത് സങ്കടം തന്നെ. :(
--

21 comments :

 1. എം. പത്മകുമാറിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന 'ശിക്കാറി'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
  --

  ReplyDelete
 2. 1) ഒരന്തവും കുന്തവുമില്ലാത്ത കഥയും തിരക്കഥയും
  2) പിന്നെ സംവിധായകന്റെ കരവിരുതിനു മാത്രമാണ്‌ പിന്നെ ചിത്രത്തെ രക്ഷിച്ചെടുക്കുവാന്‍ സാധിക്കുക. എന്നാല്‍ ആദ്യ ചിത്രങ്ങളിലെ കൈയ്യടക്കമൊന്നും എം. പത്മകുമാറിന്‌ 'ശിക്കാറി'ല്‍ പുറത്തെടുക്കുവാനായിട്ടില്ല
  3)അഭിനേതാക്കളുടെ പ്രകടനം മെച്ചമെന്ന് പറയുവാനില്ല
  4)മോഹന്‍ലാല്‍ പോലും കാര്യമായൊന്നും ചിത്രത്തില്‍ ചെയ്തിട്ടില്ല
  5)ബല്‍റാമിന്റെ കഥാപാത്രത്തിന്‌ വിശ്വസനീയതയും കഷ്ടി
  6) നര്‍മ്മമെന്ന പേരില്‍ കാട്ടിക്കൂട്ടുന്നതൊക്കെ അസഹ്യം.
  7) ഓര്‍ത്തുവെയ്ക്കുവാന്‍ തക്കവണ്ണമുള്ള ഛായാഗ്രഹണ മികവൊന്നും മനോജ് പിള്ള പകര്‍ത്തിയ 'ശിക്കാറി'ലെ രംഗങ്ങള്‍ക്കില്ല.
  8) രഞ്ജന്‍ എബ്രഹാമിന്റെ ചിത്രസന്നിവേശത്തിനും പലപ്പോഴും ഒഴുക്കു നഷ്ടമാവുന്നു
  9)ഗാനരംഗങ്ങളോ, കല്യാണിന്റെ നൃത്തച്ചുവടുകളോ അത്രത്തോളം ആകര്‍ഷകമല്ല.

  ഇത്രയും കുറവുകളുണ്ടെങ്കില്‍ എങ്ങിനെയാണ് പത്തില്‍ അഞ്ച് മാര്‍ക്ക് കിട്ടുന്നത് എന്ന് മനസ്സിലാകുന്നില്ല. ശിക്കാറിനെക്കുറിച്ച് മറ്റു റിവ്യൂകളില്‍ ഭേദപ്പെട്ട-വലിയ കുഴപ്പമില്ലാത്ത ചിത്രം എന്ന് അഭിപ്രായങ്ങളുണ്ട്. സിനിമയെക്കുറിച്ച് പല തരത്തിലുള്ള അഭിപ്രായങ്ങളുണ്ടെങ്കിലും മനോജ് പിള്ളയുടെ കാമറ, മോഹന്‍ലാല്‍-സമുദ്രക്കനി എന്നിവരുടെ അഭിനയം എന്നിവയെക്കുറിച്ച് മറ്റെല്ലാ റിവ്യൂകളിലും ‘വളരെ നന്നായിട്ടുണ്ട്’ എന്ന ഒരേ അഭിപ്രായം തന്നെയായിരുന്നു. ഹരിയുടെ റിവ്യൂവില്‍ ആണ് നന്നായിട്ടില്ല എന്നൊരഭിപ്രായം കാണുന്നത്. മറ്റു റിവ്യൂകളെപ്പോലെത്തന്നെ ഹരിയും എഴുതും/എഴുതണം എന്നു ശഠിക്കുകയല്ല, പക്ഷെ ശിക്കാറിനെക്കുറിച്ചുള്ള മറ്റെല്ലാ റിവ്യൂകളും ഏറെക്കുറെ അടുത്തടുത്തു നില്‍ക്കുമ്പോള്‍ ഹരിയുടെ അഭിപ്രായം വളരെ വലിയ അന്തരം കാണുന്നു.

  ReplyDelete
 3. ഹരി മാഷെ,
  എനിക്കു തോന്നണു താങ്കള്‍ എല്ലാ സിനിമയേയും ഒരേ ത്രാസ്സിലാണ് തൂക്കിനോക്കുന്നതെന്ന്. കൊമേഴ്സ്യല്‍ സിനിമയെ ആ കണ്ണൂ കൊണ്ടൂ കാണാതെ മറ്റൊരു കോണില്‍ നോക്കിയാല്‍ ഇഷ്ടാവില്ലാന്നു മാത്രല്ല, വിമര്‍ശിക്കാന്‍ മാത്രേ നേരമുണ്ടാവൂ.
  സിനിമ എന്നു പറയുന്നതു സംവിധായകന്റെ സീറ്റിലിരുന്നു കാണാവുന്ന ഒന്നാണോ? ടെക്നോളജി സിനിമയെ സപ്പോര്‍ട്ട് ചെയ്യാനുള്ളതല്ലേ? അതിലെ കുറ്റങ്ങള്‍ മാത്രം കണ്ടു പിടിക്കാന്‍ വേണ്ടി സിനിമ കണ്ടാല്‍ ഞാനും ഇങ്ങിനെ തന്നെ റിവ്യൂ എഴുതുമായിരിക്കും (സാധിക്കില്ല എന്നറിയാം!)

  ReplyDelete
 4. അല്ലെങ്കിൽതന്നെ ഹരിയുടെ റിവ്യൂ വലിയൊരു തമാശയല്ലേ!!!
  എല്ലാ ശിക്കാർ റിവ്യൂകളും മനസ്സിരുത്തി വായിച്ചിട്ട് വ്യത്യസ്ഥമായ ഒരെണ്ണം. നന്നായിരിക്കുന്നു. ഇനിയും തുടരുക, മനസ്സു തുറന്നു ചിരിക്കാനുള്ള വകയുണ്ട്.

  ReplyDelete
 5. സിനിമ കണ്ടില്ല...വ്യത്യസ്ഥ അഭിപ്രായങ്ങളുണ്ട് സിനിമക്ക്. കൂടുതലും പോസിറ്റീവ് ആയാണ് കണ്ടത്. >>ചിത്രത്തിന്റെ ശബ്ദവിഭാഗം കൈകാര്യം ചെയ്തവരോട് ഒരു ചോദ്യം;<< ആ ചോദ്യം ഇഷ്ട്ടപ്പെട്ടു...പക്ഷെ അത്തരം ഒരു ചോദ്യം ഒട്ടുമിക്ക മലയാള സിനിമകളോടും ചോദിക്കേണ്ടി വരില്ലേ?

  ReplyDelete
 6. മറ്റെല്ലാ റിവ്യൂകളും മോഹന്‍ലാലിനെയും മനോജ്‌പിള്ളയും വാനോളം പുകഴ്തുന്നുണ്ട്. കണ്ടിട്ടില്ലാത്തതിനാല്‍ അഭിപ്രായം പറയാന്‍ വയ്യ. trailer ഒക്കെ കണ്ടിട്ട് കുഴപ്പമില്ല എന്നാണല്ലോ തോന്നിയത്? പാട്ടുള്‍ എങ്കിലും കൊള്ളാമല്ലോ നല്ല കാര്യം.

  ReplyDelete
 7. :) ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി.

  ഇത്രയും കുറവുകള്‍ക്കൊപ്പം കഥാതന്തു, കഥാപരിസരങ്ങളിലെ പുതുമ, ഇത്രയെങ്കിലും ചെയ്ത സംവിധായകന്‍, ഗാനങ്ങള്‍, കല/വസ്ത്രാലങ്കാരം/ചമയം, ഇങ്ങനെ ചിത്രത്തിന്‌ പല നല്ല വശങ്ങളുമുണ്ട്. അതിനാലഞ്ച്.

  മോഹന്‍ലാലിന്റെ ഇതിലെ അഭിനയം വളരെ മികച്ചതാണ്‌ എന്ന് എനിക്ക് അഭിപ്രായമില്ല. പ്രത്യേകിച്ചും അവസാന രംഗങ്ങളിലെയും മറ്റും അഭിനയം.

  മനോജ് പിള്ള മോശമായി എന്നല്ല; എന്നാല്‍ ഇവിടെ പറഞ്ഞ മറ്റ് ചിത്രങ്ങളെ അപേക്ഷിച്ച് ക്യാമറ വര്‍ക്കില്‍ വളരെ എടുത്തുപറയത്തക്ക മികവൊന്നുമില്ല എന്നേ '...അത്തരത്തില്‍ ഓര്‍ത്തുവെയ്ക്കുവാന്‍ തക്കവണ്ണമുള്ള ഛായാഗ്രഹണ മികവൊന്നും...' എന്നെഴുതിയതില്‍ ഉദ്ദേശിച്ചുള്ളൂ.
  --

  ReplyDelete
 8. ഇപ്പൊ എല്ലാ‍വര്‍ക്കും ഒരു കുഴപ്പമുണ്ട്...കണ്ടിരിക്കാന്‍ പറ്റിയാല്‍ ഗംഭീരം എന്നങ്ങു മുദ്രകുത്തും...അതാണ് ഹരീയുടെ ഈ വിശേഷവും ശിക്കാറിന്റെ മറ്റു റിവ്യൂസും തമ്മിലുള്ള ഒരു വ്യത്യാസം...

  മോഹന്‍ലാലിന്റെ അഭിനയത്തിലും മനോജ് പിള്ളയുടെ ക്യാമറയിലും ഒക്കെ ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് കാരണം ഇതു തന്നെ...ഈ പറഞ്ഞവയൊന്നും മോശമല്ല. പക്ഷെ എടുത്തു പറയാനുള്ള മെച്ചമൊന്നുമില്ല....ഇതിലെ പെര്‍ഫോമന്‍സ് ഒക്കെ വളരെ നല്ലത് എന്നു പറയുന്നത് സത്യത്തില്‍ മോഹന്‍ലാലിനെ അപമാനിക്കുന്നതിനു തുല്യം...

  പിന്നെ സമുദ്രക്കനിയുടെ രംഗങ്ങള്‍ തലപ്പാവിനെ ഓര്‍മ്മപ്പെടുത്തി...ആ തെലുങ്ക് വിപ്ലവഗാനം വരികള്‍ മനസിലായില്ലെങ്കിലും കേള്‍ക്കാന്‍ രസമുണ്ട്...

  മൊത്തത്തില്‍ ഒരു ആവറേജ് ചിത്രം...

  പിന്‍കുറിപ്പിനോടും യോജിക്കുന്നു...

  പിന്നെ ഹരീ...നമ്മടെ നാടിന്റെ പേരുമാറ്റല്ലേ....:-)
  കൊന്നിയൂര്‍ ഭാസ് അല്ല കോന്നിയൂര്‍ ഭാസ് ആണ്...

  ReplyDelete
 9. ചിത്രം കാണണം എന്നുണ്ട്... അമ്മക്കിളിക്കൂട് എന്ന ഒറ്റ ചിത്രം കൊണ്ട് പത്മകുമാറിനെ ഇഷ്ടപ്പെടുന്ന ആളാണ്‍ ഞാന്‍..
  മറ്റു റിവ്യൂകളില്‍ നിന്നും വ്യത്യസ്തമായി നില്‍ക്കുക എന്നതാണ് എന്നും ഹരിയുടെ നയം.. ഇത്തവണയും അതങ്ങനെ തന്നെ.. അങ്ങനെയെങ്കില്‍ ഒരു യുദ്ധം ഉടനെ പ്രതീക്ഷിക്കാം. ബാല്‍ക്കണിയില്‍ അതു തുടങ്ങിക്കഴിഞ്ഞു.. ഉടനടി ഇങ്ങെത്തുമെന്നു കരുതാം..:)

  “പുലി വലയിലാവുന്നത് ശംഭുവിന്റെ മിടുക്കുകൊണ്ടല്ലെന്ന് ഏവര്‍ക്കുമറിയാം. ഈ 'ശിക്കാരി'യുടെ വിജയവും, നിലവിലെ സാഹചര്യത്തില്‍ ഏതാണ്ട് അങ്ങിനെയൊക്കെ തന്നെയാകുവാനാണ്‌ സാധ്യത!“ - അതു കലക്കി..

  പിന്‍കുറിപ്പില്‍ നിന്നു വായിച്ചത് അത്യന്തം വിഷമമുണ്ടാക്കുന്ന ഒരു കാര്യമാണ്.. അതെന്തായാലും മോശമായിപ്പോയി..

  ReplyDelete
 10. Kastham. Ini jnan Mohanlal cinema kaananda ennu theerumaanichu. (Chilar vellamadi nirthunna poleyaa ithu. Adutha cinema varumbol ithengilum nannaayaalo enna vichaarathi veendum pokum). Ithumaayi nokkumbam Naran enna cinema is above average. Much much better.
  Bohr adi ozhivaakkaan polum pattunnillaayirunnu. Kashtam

  ReplyDelete
 11. ചിത്രം കണ്ടില്ലെങ്കിലും നന്ദേട്ടന്റെ അഭിപ്രായത്തോട് യോജിയ്ക്കുന്നു. പൊതുവെ നല്ല അഭിപ്രായമാണ് കേട്ടത്

  ReplyDelete
 12. ഹരി പറഞ്ഞതിനോട് 100% യോജിക്കുന്നു. പത്തില്‍ അഞ്ചു മാര്‍ക്കു ഇച്ചിരി കൂടിപോയെന്നു തോന്നുന്നു. പോസ്റ്റില്‍ പറഞ്ഞതുപോലെ, ചെറിയ ഒരു ത്രെഡ് തിരക്കഥയെഴുതി നശിപ്പിച്ചു. കൂടെ കഥയില്‍ യാതൊരു ആവിശ്യവുമില്ലാത്ത കുറെ സംഭവങ്ങളും കഥാ പാത്രങ്ങളും. പാടുകളുടെയും തുടക്കത്തിലെ സംഘട്ടനങ്ങള്‍ക്കും ചിത്രത്തില്‍ എന്ത് കാര്യം? കുറെയേറെ സീനുകളില്‍ തൂണുപോലെ നില്‍ക്കുന്ന മൈഥിലിയുടെയും ജഗതിയുടെയും ആവശ്യമെന്തായിരുന്നു?
  വാസ്തവം, വര്‍ഗം തുടങ്ങിയ നല്ല ചിത്രങ്ങളുടെ സംവിധായകനെന്ന നിലയ്ക്ക് പത്മകുമാറില്‍ കുറച്ചു പ്രതീക്ഷയുണ്ടായിരുന്നു. അത് മുഴുവന്‍ വെള്ളത്തിലായി.

  ReplyDelete
 13. ഹരിയുടെ രിവ്യുവിനെതിരെ രണ്ടു തവണ സിനിമ കാണാതെ പൊതു അഭിപ്രായം മാത്രം കേട്ട് അഭിപ്രായം എഴുതിയിരുന്നു.
  പിന്നിട് യാദ്രിശ്ചികമായി മേല്പറഞ്ഞ സിനിമകള്‍ കാണാന്‍ ശ്രമിച്ചു.(ഭുതം,ഡാഡി കുള്‍) അരമണിക്കൂര്‍ പോലും തുടരാനായില്ല എന്നതാണ് വാസ്തവം.
  ഫാന്‍സ്‌ ശ്രിഷ്ടിക്കുന്ന വിമ്പു പറച്ചില്‍ വകവെക്കാതെ സധൈര്യം മുന്നോട്ടു പോകുന്ന ഹരിക്ക് അഭിനന്ദനങ്ങള്‍..

  ReplyDelete
 14. pokiriyum angel johnum vachu nokkumbol...ee cimema swargathulyam thanne...

  ReplyDelete
 15. ഹരിയോട് വിയോജിക്കുന്നു..
  എനിക്ക് ഇഷ്ടമായി ഈ ചിത്രം,അടുത്ത കാലത്ത് കണ്ട ഏറ്റവും നല്ല സിനിമ.
  കലാപരമായി മികച്ചു നില്‍ക്കുന്ന ഒരു നല്ല എന്റര്‍ ടൈനെര്‍..ഒരു സിനിമയോട് യോജിച്ചു പോകുക എന്നതാണ് ഒരു നല്ല ക്യാമറ വര്‍ക്ക്‌.മനോജ്‌ പിള്ള അത് നന്നായി നിര്‍വഹിച്ചിരിക്കുന്നു.കാടും ആന്ധ്രയും തമ്മിലുള്ള അന്ദരം തന്നെ ഉദാഹരണം.
  ചെറിയ സംഭവങ്ങളില്‍ കൂടി നന്നായി വികസിച്ചു പോകുന്ന ,പ്രേക്ഷകനെ അവസാനം വരെ പിടിച്ചിരുത്തുന്ന ആകാംക്ഷ തരുന്ന തിരക്കഥ.
  സുരാജും ജഗതിയുമൊക്കെ പിരിമുറുക്കത്തിന് ചെറിയ ലാഖവം കൊണ്ടുവരാന്‍ തിരകധാകൃത്ത്‌ മനപൂര്‍വം സ്രഷ്ടിച്ച ഖടകങ്ങള്‍ മാത്രം.
  ലൊക്കേഷനുകള്‍ ഗംഭീരം.climaax കിടിലന്‍.മോഹന്‍ലാല്‍ നന്നായി അഭിനയിച്ചിരിക്കുന്നു.നല്ല ആക്ഷന്‍.
  ശിക്കാരി ശഭുമാര്‍ വിജയിച്ചു കൊണ്ടിരിക്കുന്ന മലയാള സിനിമയില്‍ ഈ ഒറിജിനല്‍ ശിക്കാരി തകര്‍ത്തു.

  ReplyDelete
 16. “കലാപരമായി മികച്ചു നില്‍ക്കുന്ന ഒരു നല്ല എന്റര്‍ ടൈനെര്”
  സമ്മതിച്ചിരിക്കുന്നു :-)

  ReplyDelete
 17. ഈ സിനിമയിലെ തമ്പി കോണ്‍‌ട്രാക്റ്റര്‍ എന്ന കഥാപാത്രം എന്തിനായിരുന്നു എന്ന് ആര്‍ക്കെങ്കിലും അറിയാമോ? First Half കഴിഞ്ഞ് പടത്തിന് കേറുന്നതായിരുന്നു നല്ലതെന്ന് തോന്നി...

  ReplyDelete
 18. valare nalla padamanu.mohanlalinte abhinayam nannayittund.

  ReplyDelete
 19. i did notsaw the movie.i heard that this film is inspired from the oscar winning movie "NO COUNTRY FOR OLD MAN".IS IS TRUE?

  ReplyDelete
 20. അത്ര മോശം ചിത്രമാണ് ശിക്കാര്‍ എന്നെനിക്കഭിപ്രായമില്ല.
  സംവിധാനവും ഛായാഗ്രഹണവും തീര്‍ച്ചയായും കൂടുതല്‍ മാര്‍ക്ക് അര്‍ഹിക്കുന്നുണ്ട്.
  തിരക്കഥയിലുള്ള കുറവുകള്‍ പലയിടത്തും പ്രകടമായിരുന്നു. നല്ല തിരക്കഥ കിട്ടിയാല്‍ അത് മനോഹരമായി ചലച്ചിത്രവത്ക്കരിക്കാന്‍ കഴിവുള്ള സംവിധായകന്‍ തന്നെയാണ് പദ്മകുമാര്‍. 'വാസ്തവം' അതിന്റെ ഏറ്റവും മികച്ച ഉദാഹരണമയിരുന്നു.

  എഡിറ്ററിന് കുറച്ചുകൂടി പണികൊടുക്കാമായിരുന്നു- സുരാജ് , ജഗതി, മൈഥിലി തുടങ്ങിയ കഥാപാത്രങ്ങളെ കട്ട് ചെയ്ത് കളഞ്ഞിരുന്നുവെങ്കില്‍ ചില ഭാഗങ്ങളില്‍ തോന്നിയ ആ അനാവശ്യമായ ലാഗ്ഗിങ് ഒഴിവാക്കാമായിരുന്നു.

  ഫ്ലാഷ്ബാക്ക് വളരെ നന്നായി. തെലുങ്ക് വിപ്ലവഗാനവും മോഹന്‍ലാല്‍, സമുദ്രക്കനി എല്ലാവരും നന്നായിരുന്നു.

  ReplyDelete
 21. Wynn casino opens in Las Vegas - FilmfileEurope
  Wynn's first hotel casino in Las herzamanindir.com/ Vegas nba매니아 since opening its https://jancasino.com/review/merit-casino/ doors in 1996, Wynn Las Vegas is the first hotel on the Strip to offer such https://vannienailor4166blog.blogspot.com/ a large selection of septcasino

  ReplyDelete