പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ് (Pranchiyettan and the Saint)

Published on: 9/14/2010 09:43:00 AM
Pranchiyettan and the Saint: A film by Ranjith starring Mammootty, Priyamani, Siddique, Khushbu etc. Film Review by Haree for Chithravishesham.
രണ്ടായിരത്തിയൊന്‍പതിലെ മികച്ച മലയാളം സിനിമകളുടെയൊരു പട്ടികയെടുത്താല്‍ രഞ്ജിത്തിന്റെ 'കേരള കഫെ'യും 'പാലേരി മാണിക്യ'വും ഉണ്ടാവാതെ തരമില്ല.മാറ്റങ്ങള്‍ ചിന്തിക്കുവാനും അവ വിജയകരമായി നടപ്പില്‍ വരുത്തുവാനും രഞ്ജിത്തിന്‌ ഈ ചിത്രങ്ങളിലെല്ലാം സാധിച്ചു. അതിനൊരു തുടര്‍ച്ചയായി കാണാം, 'പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ്' എന്ന പുതിയ ചിത്രവും. 'കയ്യൊപ്പു'തൊട്ടുള്ള രഞ്ജിത്തിന്റെ വേറിട്ട സം‍രംഭങ്ങളിലെല്ലാം ഒപ്പമുണ്ടായിരുന്ന മമ്മൂട്ടി ഇതില്‍ കേന്ദ്രകഥാപാത്രമായ പ്രാഞ്ചിയേട്ടനെ അവതരിപ്പിക്കുന്നു. പ്രിയാമണി, സിദ്ദിഖ്, ഖുശ്ബു, ബിജു മേനോന്‍ തുടങ്ങി അഭിനേതാക്കളുടെ ഒരു നീണ്ട നിരതന്നെയുണ്ട് പ്രാഞ്ചിയേട്ടനൊപ്പം. ക്യാപിറ്റല്‍ തിയേറ്ററിന്റെ ബാനറില്‍ രഞ്ജിത്ത് തന്നെയാണ്‌ ചിത്രത്തിന്റെ നിര്‍മ്മാണവും.


ആകെത്തുക     : 7.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 7.50 / 10
: 8.00 / 10
: 7.00 / 10
: 3.00 / 05
: 2.50 / 05
രഞ്ജിത്ത് തന്നെ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രധാന മികവ് സംഭാഷണങ്ങളാണ്‌. ദ്വയാര്‍ത്ഥ പ്രയോഗങ്ങളൂടെയല്ലാതെ, സ്വാഭാവിക സംഭാഷണങ്ങളിലൂടെ എങ്ങിനെ നര്‍മ്മം വിരിയിക്കാമെന്ന് ഇതില്‍ കാണാം. കൂട്ടത്തില്‍ മലയാളിയുടെ ചില ശീലങ്ങളെ പരിഹാസരൂപത്തില്‍ നോക്കിക്കാണുന്നുമുണ്ട്. തിരോന്തോരം ഭാഷ 'രാജമാണിക്യ'ത്തില്‍ ഉപയോഗിച്ച് വിജയിച്ചതില്‍ പിന്നെ പല മലയാളവും മമ്മൂട്ടി പറഞ്ഞുനോക്കിയെങ്കിലും അതൊന്നും അത്ര ശ്രദ്ധിക്കപ്പെട്ടില്ല, ചിലതൊക്കെ അരോചകമാവുകയും ചെയ്തു. അരിപ്രാഞ്ചിയുടെ ഭാഷ തൃശൂര്‍ക്കാരുടെ മലയാളമാണ്‌. എഴുത്തില്‍ രഞ്ജിത്തും പറച്ചിലില്‍ മമ്മൂട്ടിയും കസറിയപ്പോള്‍ തൃശുരിന്റെ സ്വന്തം 'ഗഡി'യായി പ്രാഞ്ചിയേട്ടന്‍. തൃശൂര്‍ഭാഷ പ്രാഞ്ചി മാത്രമല്ല, ഖുശ്ബു അവതരിപ്പിക്കുന്ന സ്ത്രീ കഥാപാത്രമുള്‍പ്പടെ മറ്റ് കഥാപാത്രങ്ങളും ഉപയോഗിക്കുന്നു എന്നതും ഇവിടെ എടുത്തു പറയേണ്ടതായുണ്ട്.

കഥ എന്നു പറയുവാനൊന്നും ഈ ചിത്രത്തിനില്ല, അങ്ങിനെയൊന്ന് ചിത്രം ആവശ്യപ്പെടുന്നുമില്ല. പ്രാഞ്ചി എന്ന ഫ്രാന്‍‍സിസിന്റെ ജീവിതത്തിലെ കുറേ സംഭവങ്ങള്‍, പ്രാഞ്ചി പുണ്യാളനോട് പങ്കുവെയ്ക്കുന്നു. ഇങ്ങിനെയായതുകൊണ്ട്, അടുത്തടുത്ത രംഗങ്ങളിലെ സംഭവങ്ങള്‍ തമ്മില്‍ എന്തെങ്കിലും ബന്ധം വേണമെന്ന് നിര്‍ബന്ധം വരുന്നില്ല. വിജയിച്ചൊരു ബിസിനസുകാരനാണ്‌ പ്രാഞ്ചിയെങ്കിലും, ചിത്രത്തിലുടനീളം അമളിക്കുമേല്‍ അമളികളുമായി ജീവിക്കുന്ന ഒരാളായാണ്‌ നമ്മള്‍ പ്രാഞ്ചിയെ കാണുന്നത്. ഇതിനിടയ്ക്ക് ഇദ്ദേഹമെപ്പോഴാണ്‌ ഈ കണ്ട ബിസിനസൊക്കെ നോക്കി നടത്തിയതെന്നും സംശയിക്കാം. ഇവിടെയൊക്കെ, പുണ്യാളനോട് തന്റെ വിജയങ്ങളുടെ കഥ പ്രാഞ്ചി പങ്കുവെയ്ക്കാത്തതാവാം എന്നു സമാധാനിക്കുകയേ നിവൃത്തിയുള്ളൂ.

Cast & Crew
Pranchiyettan and the Saint
Directed by
Ranjith
Produced by
Ranjith
Story, Screenplay, Dialogues byRanjith
Starring
Mammootty, Jesse Fox Allen, Priyamani, Siddique, Khushbu, Master Ganapathy, Innocent, Sasi Kalinga, Tini Tom, Sivaji Guruvayoor, Jagathy Sreekumar, Idavela Babu, Biju Menon, Balachandran Chullikkadu, Jayaraj Warrier, T.G. Ravi, Sreejith Ravi etc.
Cinematography (Camera) by
Venu Isc
Editing by
Vijay Sankar
Production Design (Art) by
Manu Jagath
Music by
Ouseppachan
Lyrics by
Shibu Chakravarthy
Effects by
Murukesh
Make-Up by
Ranjith Ambady
Costumes by
Sameera Saneesh
Banner
Capitol Films
മേല്‍ പറഞ്ഞതിനൊക്കെ പുണ്യാളനെ കൂട്ടുപിടിച്ച് രഞ്ജിത്തിന്‌ രക്ഷപെടാമെങ്കിലും പോളിയുടെ ജീവിതവും പത്മശ്രീയെന്ന കഥാപാത്രവും ഏറ്റവുമൊടുവില്‍ പ്രാഞ്ചിക്ക് പുണ്യാളന്‍ കാട്ടിക്കൊടുക്കുന്ന ദൃശ്യങ്ങളുമൊക്കെ വളരെ അലക്ഷ്യമായാണ്‌ കൈകാര്യം ചെയ്തിരിക്കുന്നത്. എന്താണ്‌ പ്രാഞ്ചിയേട്ടനുമായി ബന്ധമെന്ന് മനസിലാവാത്ത കുറേപ്പേര്‍ എപ്പോഴും ചുറ്റിനുമുണ്ട്. ഈ കുറവുകളൊക്കെ ഗൌരവമായി കണ്ടാല്‍ ഇതൊരു വളരെ മോശം ചിത്രമായി മാത്രമേ കണക്കാക്കുവാന്‍ കഴിയുകയുള്ളൂ. എന്നാല്‍ ചിത്രം കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഇവയൊന്നും ആസ്വാദനത്തിന്‌ ഒരുതരത്തിലും വിഘാതമാവുന്നില്ല. അക്ഷരാര്‍ത്ഥത്തില്‍ ചിരിയുടെ മാലപ്പടക്കം തന്നെയാണ്‌ ചിത്രമങ്ങോളമിങ്ങോളം. അതിനാല്‍ തന്നെ, രചയിതാവെന്ന നിലയിലും സംവിധായകനെന്ന നിലയിലും രഞ്ജിത്ത് അഭിനന്ദനമര്‍ഹിക്കുന്നു. പാതിവെന്ത തിരക്കഥയുമായി സിനിമ പിടിക്കുവാനിറങ്ങാതെ, പൂര്‍ണതയ്ക്കു വേണ്ടിയുള്ള ശ്രമങ്ങള്‍ കൂടി രഞ്ജിത്തില്‍ നിന്നുണ്ടായാല്‍ അത് മലയാള സിനിമാപ്രേക്ഷകര്‍ക്ക് ഒരനുഗ്രഹമായിരിക്കും.

വികാരങ്ങള്‍ അധികമൊന്നും മുഖത്തുവരാത്ത ഒരാളായി പ്രാഞ്ചിയെ കണക്കാക്കിയാല്‍ മമ്മൂട്ടി സാമാന്യം നന്നായിത്തന്നെ പ്രാഞ്ചിയെ അവതരിപ്പിച്ചിട്ടുണ്ട്. സംഭാഷണങ്ങളുടെ മികവും മമ്മൂട്ടിയുടെ അവതരണത്തിലെ കൃത്യതയുമാണ്‌ പ്രാഞ്ചിയ്ക്ക് കൈയ്യടി നേടിക്കൊടുക്കുന്നത്. ജെസി ഫോക്സ് അലനാണ്‌ ചിത്രത്തിലെ ഫ്രാന്‍സിസ് പുണ്യാളനെ അവതരിപ്പിച്ചിരിക്കുന്നത്. ഹാസ്യാത്മകമായ രംഗങ്ങളില്‍ പങ്കുചേരുക എന്നതിലപ്പുറമൊന്നും മറ്റ് അഭിനേതാക്കള്‍ക്ക് ചെയ്യുവാനില്ല. സിദ്ദിഖ്, ഖുശ്ബു, പ്രിയാമണി, ടിനി ടോം, ശശി കലിംഗ, മാസ്റ്റര്‍ ഗണപതി, ശ്രീജിത്ത് രവി, ബിജുമേനോന്‍ എന്നിവരൊക്കെ തങ്ങളുടെ ചെറുവേഷങ്ങളോട് നീതി പുലര്‍ത്തിയിട്ടുണ്ട്. 'അമ്മ' വഴിക്കുള്ള ബന്ധമായിരിക്കാം ഇന്നസെന്റിനേയും ഇടവേള ബാബുവിനേയും ചിത്രത്തിലെത്തിച്ചത്. ജഗതി ശ്രീകുമാര്‍, ടി.ജി. രവി എന്നിവരുടെ വേഷങ്ങളും അപ്രസക്തം. ഇവരെല്ലാം കൂടി ചെയ്തത്, ആരെയെങ്കിലും ഒരാളെ ഏല്‍പ്പിക്കുകയായിരുന്നു ഭംഗി. പുതുരൂപത്തിലും ഭാവത്തിലും ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ അവതരിപ്പിച്ചിരിക്കുന്നത് കൊള്ളാം. വി.കെ. ശ്രീരാമന്‍, ജയരാജ് വാര്യര്‍, ശിവാജി ഗുരുവായൂര്‍ എന്നിങ്ങനെ ഇനിയുമുണ്ട് അഭിനേതാക്കള്‍ ചിത്രത്തില്‍.

സാങ്കേതികമായി ചിത്രം കാര്യമായ പുതുമയോ അനുഭവമോ പ്രേക്ഷകര്‍ക്കു നല്‍കുന്നില്ല. വേണുവിന്റെ ഛായാഗ്രഹണം സാധാരണം മാത്രം. തൊട്ടുതെറിച്ച ബന്ധം മാത്രമുള്ള ചിത്രത്തിലെ രംഗങ്ങള്‍ ക്രമത്തിലടുക്കുവാന്‍ ചിത്രസന്നിവേശകന്‍ വിജയ് ശങ്കറിന്‌ അല്‍പം പണിപ്പെടേണ്ടി വന്നിരിക്കാം. എന്തായാലും കണ്ണില്‍ കുത്തുന്ന തട്ടിത്തടയലൊന്നും ചിത്രത്തിലുണ്ടായില്ല. പശ്ചാത്തലസംഗീതം, ഇഫക്ടുകള്‍ എന്നിവയൊക്കെ നല്ല രീതിയില്‍ ഉപയോഗിക്കുവാന്‍ ചിത്രത്തില്‍ സാധ്യതയുണ്ടായിരുന്നു. അവയെക്കുറിച്ചൊന്നും ചിന്തിച്ചിട്ടു കൂടിയുണ്ടെന്ന് തോന്നുന്നില്ല. ചട്ടി കമഴ്ത്തിയതാണോ എന്നാരും സംശയിച്ചു പോവുന്ന തരത്തിലുള്ള പുണ്യാളന്റെ തലയിലെ കഷണ്ടി മറക്കാമെങ്കില്‍, രഞ്ജിത്ത് അമ്പാടിയുടെ ചമയം ചിത്രത്തിനു മതിയാവും. സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും മനു ജഗത്തിന്റെ കലാസംവിധാനവും മോശമായില്ല. ഷിബു ചക്രവര്‍ത്തിയെഴുതി ഔസേപ്പച്ചന്‍ നല്‍കിയിരിക്കുന്ന ഗാനം തീര്‍ത്തും അനാവശ്യം.

ഭൂരിപക്ഷം മലയാളികളും സിനിമകള്‍ക്ക് പോവുന്നത് അല്ലലുകള്‍ മറന്നൊന്ന് ചിരിക്കുവാനും സന്തോഷിക്കുവാനുമാണ്‌. ആ തരത്തില്‍ നോക്കിയാല്‍, അവര്‍ക്ക് വേണ്ടിയതെല്ലാം രഞ്ജിത്ത് ഈ ചിത്രത്തില്‍ ഒരുക്കിയിട്ടുണ്ട്. സിനിമയെ ഒരു കലയായി കാണുന്ന ആസ്വാദകന് ചിരിയല്ലാതെ മറ്റൊന്നും ചിത്രത്തില്‍ നിന്നും ലഭിക്കുന്നില്ല എന്നതാണ്‌ അപ്പോള്‍ വന്നൊരു കുറവ്. അതു കണ്ടില്ലെന്നു വെയ്ക്കാമെങ്കില്‍, പ്രാഞ്ചിയേയും പുണ്യാളനേയും കണ്ടിറങ്ങുന്ന ആരും രഞ്ജിത്തിനോട് പറഞ്ഞുപോവും, "ഇതെന്തൂട്ട് ചിത്രമാണിഷ്ടാ, കലക്കീട്ട്ണ്ട് ട്ടാ...".

പിന്‍കുറിപ്പ്: എന്തിനാണീ ആംഗലേയവത്കരിച്ച പേരുകള്‍ മലയാളസിനിമകള്‍ക്ക്? 'പ്രാഞ്ചിയേട്ടനും പുണ്യാളനും' അല്ലെങ്കില്‍ 'പ്രാഞ്ചിയേട്ടനും വിശുദ്ധനും' എന്നീ പേരുകള്‍ക്കൊക്കെ എന്തേ ഒരു കുഴപ്പം?
--

27 comments :

 1. അരിപ്രാഞ്ചിയെന്ന ഫ്രാന്‍സിസായി മമ്മൂട്ടി രഞ്ജിത്തിന്റെ ചിത്രത്തില്‍ വീണ്ടുമെത്തുന്നു. 'പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ്' എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  'റമദാന്‍ ചിത്രങ്ങളില്‍ മികച്ചതേത്?' പോള്‍ തുടരുന്നു...
  --

  ReplyDelete
 2. അമ്മ' വഴിക്കുള്ള ബന്ധമായിരിക്കാം ഇന്നസെന്റിനേയും ഇടവേള ബാബുവിനേയും ചിത്രത്തിലെത്തിച്ചത് എന്നു തോന്നുന്നില്ല ഹരീ (വേണമെങ്കില്‍ അങ്ങിനേയും ചിന്തിക്കാം എന്നു മാത്രം) തൃശ്ശൂര്‍ പശ്ചാത്തലത്തിലുള്ള കഥ പറയുമ്പോള്‍ തൃശ്ശൂര്‍ ജില്ലയിലുള്ളവര്‍ അഭിനയിച്ചാല്‍ സംഭാഷണത്തിനും മറ്റും സ്വാഭാവികത വരുത്താനാകും എന്നു ചിന്തിച്ചിട്ടുണ്ടാവാം. ടി.ജി രവി, ശ്രീജിത്ത് രവി, വി.കെ.ശീരാമന്‍, ജയരാജ് വാര്യര്‍,ശിവജി ഗുരുവായൂര്‍ എന്നീ തൃശ്ശൂര്‍ക്കാരെയൊക്കെ പങ്കെടുപ്പിച്ചത് ഈയൊരു കാര്യത്തിനു വേണ്ടിത്തന്നെയാകണം

  സിനിമ കാണാന്‍ സാധിച്ചില്ല. ഈ റിവ്യൂ സിനിമ കാണാന്‍ കൂടുതല്‍ പ്രേരിപ്പിക്കുന്നുണ്ട്.

  ReplyDelete
 3. ഇന്നസെന്‍റിന്‍റേത് നല്ല റോളാണെന്നല്ലോ പൊതുവെ അഭിപ്രായം........

  ReplyDelete
 4. കൊള്ളാം നല്ല റിവ്യൂ...rating കുറച്ച് കൂടിപോയോ എന്നുള്ള ഒരു സംശയമേ ഉള്ളു ..പക്ഷെ ആംഗലേയവല്കരനതിനെ കുറിച്ചുള്ള കമന്റ്‌ ഒരു സാധാരണ മലയാളിയുടെ ഇരട്ടത്താപ്പ് ആയെ എനിക്ക് തോന്നിയുള്ളൂ ...പകുതി മലയാളത്തിലും പകുതി ഇംഗ്ലീഷിലും ആയി സംസാരിക്കുന്ന മലയാളിക്ക് വല്ലപ്പോഴുമൊക്കെ തോന്നുന്ന ഒരുതരം പ്രത്യേക "ദേശീയബോധമായി" മാത്രം.

  ReplyDelete
 5. പ്രാഞ്ചിയേട്ടനായി മമ്മൂട്ടി തൃശൂർ ഭാഷ സംസാരിക്കുന്നു എന്ന് കേട്ടപ്പോൾ അൽപം ആശങ്കയുണ്ടായിരുന്നു. രാജമാണിക്യം മോഡൽ വളിപ്പുകൾ മാത്രമായി വന്നിരുന്നുവെങ്കിൽ ഒട്ടും കുറവല്ലാത്ത നിരാശ തോന്നിയേനെ.
  പക്ഷെ മമ്മൂട്ടി തന്റെ റോൾ ഭംഗിയാക്കി. സിനിമയിലെ തൃശൂർ ഭാഷക്കാർ ഉപയോഗിക്കുന്ന പല ഫ്രേസുകളും (ന്തൂട്ര കന്നാലീ മോഡൽ) പരമാവധി ഒഴിവാക്കി സ്ലാങ്ങിൽ തന്നെ പിടിച്ചുനിന്നതിന്‌ മമ്മൂട്ടിയേയും മറ്റുതാരങ്ങളേയും രഞ്ജിത്തിനേയും അഭിനന്ദിച്ചേ മതിയാവൂ.
  ഞാനിതു കണ്ടത്‌ തൃശൂരിലെ രാംദാസ്‌ തിയേറ്ററിൽ നിന്നാണ്‌. തൃശൂരുകാർക്കുപോലും ഇതിൽ അധികം തെറ്റ്‌ കണ്ടെത്താനായില്ല. (എനിക്ക്‌ എന്നതിന്റെ വള്ളുവനാടൻ വകഭേദമായ "യ്ക്ക്‌" ഒന്നുരണ്ടുതവണ വന്നു എന്നതാണ്‌ ഒരാൾ കണ്ടെത്തിയത്‌, പിന്നെ ഖുശ്ബുവിനുവേണ്ടി ഡബ്‌ ചെയ്ത ആർട്ടിസ്റ്റും സിദ്ദിഖും അത്ര കൺസിസ്റ്റന്റ്‌ അല്ലായിരുന്നു എന്നു തോന്നി. അവർ എഡീക്കേഷൻ ഉള്ളവരായതിനാൽ അംഗീകരിക്കാം, അല്ലേ)
  പയ്യന്റെ കഥയിൽ അൽപം അസ്വാഭാവികത ഇല്ലേ എന്നൊരു സംശയം. അച്ഛൻ കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ടയാളാണെന്നത്‌ സ്കൂളിലെ ഹെഡ്‌മാസ്റ്റർക്ക്‌ പോലും അറില്ലെന്നുവന്നാൽ.....

  കച്ചവടത്തിൽ ഇത്ര ബുദ്ധിമാനായ ഒരാൾക്ക്‌ ഇത്രയും അമളി പറ്റുമോ എന്ന് എവിടെയോ ചോദിച്ചുകണ്ടു. പേര്‌ നേടാനായി ഒരാൾ തുനിഞ്ഞിറങ്ങിയാൽ അയാളെ പറ്റിക്കാൻ വലിയ ബുദ്ധിമുട്ടില്ല എന്നാണ്‌ എന്റെ വിലയിരുത്തൽ. പിന്നെ, ജോലിയുണ്ടെന്നു കാണിക്കാൻ വേണ്ടി ഹെഡ്‌ഓഫീസെന്നും 85-ലെ സ്റ്റോക്ക്‌ റെജിസ്റ്ററെന്നും കഥാപാത്രങ്ങളെക്കൊണ്ട്‌ പറയിക്കുന്നതിലും ഭേദം അവയൊന്നും കാണിക്കാതിരിക്കുന്നതാണ്‌.

  അഭിനയത്തിന്‌ 7 മാർക്ക്‌ എന്താ? എവിടെയാണ്‌ മാർക്ക്‌ പോയത്‌ ഹരീ? I feel, acting deserves more. It wasn't great, but near perfect as far as the characters demand.

  ReplyDelete
 6. പിന്നെ ഒന്ന് കൂടി .. ഹരീ പടത്തിനെകുറിച്ചുള്ള താങ്കളുടെ അഭിപ്രായങ്ങള്‍ താങ്കള്‍ തന്നെ കൊടുത്തിരിക്കുന്ന മാര്‍കിനെ ഒട്ടും ന്യായീകരിക്കുന്നില്ല എന്ന വിചിത്രമായ സത്യം...മാര്‍ക്ക്‌ വേറെ ആരെങ്കിലുമാണോ കൊടുക്കുന്നത്? ...ഇതെങ്ങനെ സംഭവിച്ചു... ??

  No offense please ... just curious

  ReplyDelete
 7. ഒരു തരത്തില്‍ പറഞ്ഞാല്‍ ശിക്കാറും പ്രാഞ്ചിയേട്ടനും തട്ടിക്കൂട്ട് പടങ്ങള്‍ തന്നെ അല്ലെ? മിണ്ടാത്തതിനേക്കാള്‍ നല്ലത് അല്ലേ കൊഞ്ഞപ്പ്‌ എന്ന് പറഞ്ഞു ആളുകള്‍ ഈ രണ്ടു പടങ്ങളെയും വിജയിപ്പിചേക്കാം. എന്റെ സംശയം അതല്ല, മലയാളത്തില്‍ അടുത്ത കാലത്തൊന്നും ഭേദപ്പെട്ട പടങ്ങള്‍ ഇറങ്ങാത്തത് ഹരിയുടെ റേറ്റിംഗ്-ഇനെ സ്വാധീനിക്കുന്നുണ്ടോ? കുറേ വേസ്റ്റ് പടങ്ങള്‍ കണ്ടിട്ട് മനസ്സ് മടുത്തു ഇരിക്കുമ്പോള്‍ ഒരു ഭേദപ്പെട്ട പടം കാണുന്നത് കൊണ്ടാണ് ഇങ്ങനെ ഏഴും എട്ടും ഒക്കെ കൊടുക്കാന്‍ തോന്നുന്നത്. ശരിയല്ലേ?

  ReplyDelete
 8. റേറ്റിംഗ് കൂടിപ്പോയോ എന്നൊരു സംശയം ??

  ReplyDelete
 9. നല്ല പടമാണെന്ന് കേട്ടിരുന്നു. എന്നാലും റേറ്റിങ്ങ് കുറച്ചധികമായോ എന്ന സംശയം എനിയ്ക്കും തോന്നായ്കയില്ല

  ReplyDelete
 10. കണ്ടിട്ടു പറയാം :-)

  ReplyDelete
 11. tharkeedillaa.. pratyekich, commercial padathil fantacy rasakaramaayi kayattivittitnd.. pnne mattoru pratyektha, elleyapozhum paraajayapedunna nayakanae avatharipichirrkinu ranjith.. paulinte bhaggam kore mushipichu..elsammaku 6.5 mark harikku kodukkamnkil pranchiyettenu mark kuranju poyinnu parayendi varum

  ReplyDelete
 12. "പടം കണ്ടിട്ടില്ല! പക്ഷെ റേറ്റിംഗ് കൂടിപോയി” എന്ത് നല്ല കമന്റ്സ്!!!!!!
  പടം കണ്ടിരിക്കും, നാട്ടില്‍ പോണു ;)

  ReplyDelete
 13. എന്തായാലും കാണണം...ആക്ഷേപഹാസ്യം നന്നായി കൈകമ്ര്യം ചെയ്തിട്ടുണ്ട് എന്നാണ് കേട്ടത്.

  ReplyDelete
 14. ജസ്റ്റിന്‍ മാഷ്: "മലയാളത്തില്‍ അടുത്ത കാലത്തൊന്നും ഭേദപ്പെട്ട പടങ്ങള്‍ ഇറങ്ങാത്തത്... "
  ഭയങ്കരം തന്നെ..താങ്കള്‍ ഈ നാട്ടിലൊന്നും അല്ലായിരുന്നൊ? ചില നല്ല ചിത്രങ്ങളെങ്കിലും തീയേറ്ററുകളില്‍ എത്തുകയും പരാജയപ്പെടുകയും ചെയ്തിരുന്നു. അതോ ഇനി അതൊക്കെ തമിഴിലോ മറ്റോ കണ്ടാലേ നല്ലതാണെന്ന് അംഗീകരിക്കുകയുള്ളോ?
  കാണാനാളില്ലെങ്കില്‍ വെറുതെ കാശ് കളയാന്‍ ആരെങ്കിലും തയാറാകുമോ?
  തമിഴന്മാര്‍ക്ക് നമ്മളെക്കാള്‍ വിവരമുണ്ട് ഇപ്പോള്‍, പഴയതുപോലെ അവരെ താരപ്പൊലിമ കാട്ടി മയക്കാന്‍ പറ്റില്ല, അതുകൊണ്ട് അവിടുത്തെ സിനിമക്കാര്‍ക്ക് കൂടുതല്‍ നല്ല ചിത്രങ്ങള്‍ ഇറക്കിയാലേ രക്ഷയുള്ളൂ എന്നതാണ് അവസ്ഥ.
  എല്ലാത്തിനും കാരണം നമ്മള്‍ പ്രേക്ഷകര്‍ തന്നെയാണ്.

  ReplyDelete
 15. 7 മാര്‍ക്ക് മിനിമം (ഉറപ്പായിട്ടും) കിട്ടേണ്ടിയിരുന്ന കുട്ടിസ്രാങ്കിനും പാലേരിക്കും 7ഇല്‍ താഴെ ഹരി കൊടുത്തപ്പോള്‍ ഞാന്‍ മനസ്സില്‍ കുറിച്ചു.. ഇതാ ഒരു നിരൂപകന്‍, പൂര്‍ണതക്കായി കൊതിക്കുന്ന ഒരാള്‍...പക്ഷെ പ്രാഞ്ചിയെ പോലെയുള്ള ഒരു തരം താണ കോമെടിയെ കുറ്റം പറയുകയും, മാര്‍ക്ക്‌ 7 കൊടുക്കുകയും ചെയ്തപ്പോള്‍...എവിടെയോ എന്തോ ചീഞ്ഞത് പോലെ....

  അതാ ഞാന്‍ ചോദിച്ചത് മാര്‍ക്ക് ഹരി തന്നെയാണോ കൊടുത്തതെന്ന്....

  ReplyDelete
 16. ഹരിയുടെ ratings പൊതുവേ അങ്ങിനെ ആണ്. ഞാനും പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്.

  "കഥ എന്നു പറയുവാനൊന്നും ഈ ചിത്രത്തിനില്ല".

  പക്ഷെ കഥയ്ക്കും കഥാ പാത്രങ്ങള്‍ക്കും കൂടി 7.5/10.
  ഇക്കണക്കിനു നല്ലൊരു കഥ ഉണ്ടായിരുന്നെകില്‍ 15/10 കൊടുത്തേനെ ;-)

  ReplyDelete
 17. അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ ഏവര്‍ക്കും നന്ദി. :)

  കഥയും കഥാപാത്രങ്ങളും എന്നയിടത്തില്‍ അവ മാത്രമല്ല; തിരക്കഥ, സംഭാഷണങ്ങള്‍ എന്നിവകൂടിയുണ്ട് എന്നോര്‍ക്കുക. പൂര്‍ണമായ ഒരു കഥയില്ലാതെ, കുറേ സംഭവങ്ങള്‍ കൂട്ടിയിണക്കിയും സിനിമയാവാം. പ്രാഞ്ചിയേട്ടന്‍, അങ്ങിനെയൊരു ചിത്രമായതിനാല്‍ തന്നെ കഥ ആവശ്യമില്ല. ("...അങ്ങിനെയൊന്ന് ചിത്രം ആവശ്യപ്പെടുന്നുമില്ല.", ഇതെന്തേ കണ്ടില്ലേ!) തിരക്കഥയും സംവിധാനവും കുറ്റമറ്റതൊന്നുമല്ല, പക്ഷെ ചിരിപ്പിക്കുക എന്നതില്‍ തിരക്കഥയും സംഭാഷണങ്ങളും സംവിധാനവും വിജയിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ 7.50 കൂടിപ്പോയി എന്നു തോന്നുന്നില്ല. അഭിനയത്തിന്റെ കാര്യത്തില്‍, 7 നു മേല്‍ നല്‍കാവുന്ന പ്രകടനമൊന്നും മൊത്തത്തില്‍ നോക്കുമ്പോള്‍ ആരില്‍ നിന്നും ഉണ്ടായിട്ടില്ല, അവരവരുടെ കഥാപാത്രങ്ങളുടെ പരിമിതിയും അതിന്‌ കാരണമായിരിക്കാം.

  'അമ്മ' വഴിക്കുള്ള ബന്ധമായിരിക്കാം എന്നെഴുതിയത്, അവരുടെ കഥാപാത്രങ്ങള്‍ ഉണ്ടാക്കിയത് അവരെ ഉള്‍ക്കൊള്ളിക്കുവാന്‍ വേണ്ടി മാത്രമുണ്ടായതാണോ എന്നു സംശയിച്ചതുകൊണ്ടാണ്‌. :D
  --

  ReplyDelete
 18. ഹരിയുടെ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കാന്‍ ആകുന്നില്ല. എന്ത് കൊണ്ടോ പ്രാഞ്ചിയേട്ടന്‍ കണ്ടുകൊണ്ടിരുന്നപ്പോള്‍ മമ്മൂട്ടി യുടെ തന്നെ "അഴകിയ രാവണന്‍" എന്ന ചിത്രമാണ് ഓര്‍മയില്‍ വന്നത്. ആവശ്യത്തിനു പണമുണ്ടെങ്കിലും അതിനൊത്ത ഒരു പദവി സമൂഹത്തില്‍ ലഭിക്കുന്നില്ല എന്ന ഒരു complex , അത് തന്നെ ആണ് ഈ രണ്ടു ചിത്രത്തിലെയും കഥാപാത്രങ്ങളെയും മുന്നോട്ടു കൊണ്ടുപോകുന്നത്. രണ്ടു ചിത്രങ്ങളുടെയും ആദ്യ പകുതിയെങ്കിലും അങ്ങിനെ ആണ് എന്ന് തോന്നുന്നു. പിന്നെ പ്രാഞ്ചിയെട്ടനില്‍ ഏറ്റവും രസകരമായി തോന്നിയതു പ്രാഞ്ചിയേട്ടനും പുണ്യാളനും തമ്മിലുള്ള സംഭാഷണങ്ങള്‍ തന്നെയാണ്. പക്ഷെ അതും ഓര്‍മിപ്പിച്ചത് മറ്റൊരു ചിത്രമാണ് "Lage Raho Munna Bhai". ആ ചിത്രത്തില്‍ മുന്നാ ഭായിയും ഗാന്ധിജിയും തമ്മിലുള്ള sequence ആണ് ഓര്‍മിപ്പിച്ചത്. ചിലപ്പോള്‍ ഇത് എനിക്ക് മാത്രം തോന്നിയതായിരിക്കാം. പിന്നെ rating കുറച്ചു കൂടി പോയില്ലേ എന്ന് ഒരു സംശയം. രഞ്ജിത്തിന്റെ തന്നെ തിരക്കഥ ക്കും പാലേരി മാണിക്യം എന്ന ചിത്രത്തിനും നല്‍കിയതിലും കൂടുതല്‍ rating ഈ ചിത്രത്തിന് നല്‍കിയിരിക്കുന്നു. പക്ഷെ പ്രാഞ്ചിയേട്ടന്‍ ഈ ചിത്രങ്ങളെക്കാള്‍ നല്ലതാണെന്ന് തോന്നുന്നില്ല.ചിത്രത്തിന്റെ ആദ്യ പകുതി രസകരമായി പോകുന്നുണ്ടെകിലും പിന്നെ പ്രാഞ്ചിയെട്ടനെ പുണ്യാളന്‍ ആക്കാന്‍ രഞ്ജിത്ത് കൊണ്ട് വരുന്ന പൊളി എന്ന കഥാപാത്രം ഒട്ടും ദഹിക്കുന്നില്ല. പോളിയുടെ കഥാപാത്രവും തുടര്‍ന്നുള്ള കഥയും ഏച്ചുകെട്ടിയ പോലെ മുഴച്ചു നിന്നിരുന്നു....

  ReplyDelete
 19. ഗഡീ..പ്രാഞ്ച്യേട്ടന്‍ കണ്ടൂട്ടാ.. ഒരു ജ്ജാതി പടംസ്റ്റോ!! രഞ്ജിത്ത് ചീങ്കണ്ണ്യാട്ടാ!! :) :)

  എടുത്തു പറയേണ്ട ഒരു വിഭാഗം വസ്ത്രാലങ്കാരമാണ്. സമീറ സനീഷിന്റെ ക്രാഫ്റ്റ് എനിക്കിഷ്ടപ്പെട്ടു. കണ്ണില്‍കുത്തുന്ന കളറുള്ള ഒരു ഡ്രസ്സും ആരും ഈ സിനിമയില്‍ ഉപയോഗിക്കുന്നില്ല.

  പടം കണ്ടു കഴിഞ്ഞപ്പോള്‍ ഹരിയുടെ റേറ്റിങ്ങ് കൂടൂതലായി എന്നെനിക്കു തോന്നുന്നില്ല. :)

  ReplyDelete
 20. എന്ത് പടമാടോ ഇത്..? പകുതി വരെ കണ്ടിരിക്കാനെ പറ്റിയൊള്ളൂ..ഇതിലെന്ത് കഥയാണുള്ളത്?...5 പയസക്ക് പോലും വിവരമില്ലാത്ത പ്രാന്ജിയേട്ടന്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളോ? പകുതി കണ്ടിട്ടും ചിരിക്കാന്‍ തോന്നിയത് ആകെ 2 തവണ മാത്രം..ഇതാണോ രഞ്ജിത്തിന്റെ മികവുറ്റ തിരക്കഥ..രഞ്ജിത്തിന്റെ പ്രാദേശിക വാര്‍ത്തകളും ,പെരുവന്നാപുരത്തെ വിശേഷങ്ങളുമൊക്കെ കണ്ടു ചിരിച്ചിട്ടുണ്ട് ..ഇപ്പോഴും അതൊക്കെ വീണ്ടും കാണാന്‍ തോന്നാറുണ്ട്...ചിന്തിച്ചു ചിരിക്കാന്‍ അതിലൊക്കെ വേണ്ടുവോളം ഉണ്ടായിരുന്നു...ഇതിങ്ങനെ ഒരു ബന്ധവുമില്ലാത്ത 4 - 5 എപ്പിസോടുള്ള ഒരു പടം..ഇത് കണ്ടിട്ടാണോ എല്ലാരും ഭയകര സംഭവമാണെന്ന്പറയണത്..? ഭയങ്കരം തന്നെ..കഷ്ട്ടം ...

  ReplyDelete
 21. ഉന്തുട്ടായാലും..വേണ്ടില്ല്യാ‍ാ
  ഒരു കലക്കൻ റിവ്വ്യായിത്..
  കേട്ടൊ ഗെഡീ

  ReplyDelete
 22. ക്ലബ്ബിലെ തെരഞ്ഞെടുപ്പും (പ്രാഞ്ചിയേട്ടന്‍ വാ തുറക്കുന്നതു വരെയുള്ളത് മാത്രം) പത്മശ്രീക്കുള്ള ശ്രമങ്ങളും വാര്‍ത്തയ്ക്കുള്ള കാത്തിരിപ്പും കൊള്ളാമായിരുന്നു. ശേഷം നര്‍മമെല്ലാം തല്ലിപ്പഴുപ്പിച്ചെടുത്ത പോലുണ്ട്. ഇന്നസെന്റും ജഗതിയുമെല്ലാം കയറൂരിവിട്ട മട്ടിലാണ് - കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനു പകരം തങ്ങളെത്തന്നെയാണ് അവതരിപ്പിച്ചത്. പ്രാഞ്ചിയേട്ടന്‍ എന്ന കഥാപാത്രത്തെ പല രംഗങ്ങളിലും അപ്പോഴത്തെ നര്‍മത്തിന്റെ സാധ്യതയനുസരിച്ചു രൂപപ്പെടുത്തിയെടുത്ത പോലുണ്ട്. അത് കൊണ്ട് ഈ കഥാപാത്രം consistent ആയി തോന്നിയില്ല. ചില സമയം കാരികേച്ചറും ചിലപ്പോള്‍ സ്വാഭാവികവുമാണ് കക്ഷി. പക്ഷെ, മമ്മൂട്ടി ഒന്നാന്തരമായി അഭിനയിച്ചു, ആ അഭിനയം രഞ്ജിത്ത് നന്നായി പകര്‍ത്തി.

  ആദ്യ പകുതിയിലെ കഥയില്ലായ്മ പ്രശ്നമുള്ളതായി തോന്നിയില്ല. പക്ഷെ, അനവസരത്തിലുള്ള നര്‍മമുള്പ്പെടെ ഒരുപാട് ചപ്പുചവറുകള്‍ കുത്തിത്തിരുകാന്‍ നോക്കിയത് (പ്രത്യേകിച്ചും രണ്ടാം പകുതിയില്‍) പ്ലോട്ടിന്റെ ഷേപ്പ് നഷ്ടപ്പെടുത്തി. എന്നാലിതും കൂടിയിരുന്നോട്ടെ എന്ന മട്ടിലാണ് പലതും ചേര്‍ത്തിരിക്കുന്നത്. പുണ്യാളനുള്പ്പെടെ എല്ലാരും കയ്യും കാലും കറക്കിക്കൊണ്ടിരിക്കുന്ന പോലുള്ള overkill സീനുകളൊരുപാട്. സ്പൂഫിന്റെ അതിശയോക്തിയും പലപ്പോഴും കൂടിപ്പോയി. ചിത്രത്തിന്റെ അവസാനം മോറല്‍ സയന്‍സ് ക്ലാസാകാതെ നോക്കാമായിരുന്നു.

  ഹരിയുടെ റേറ്റിങ്ങില്‍ അതിശയം ഇല്ല. നര്‍മത്തിനും രഞ്ജിത്തിനും ഒരു പ്രത്യേക പരിഗണനയുണ്ടെന്നാണ് തോന്നിയിട്ടുള്ളത്.

  ReplyDelete
 23. പ്രാഞ്ചിയേട്ടനെ ഇന്നലെ ബാംഗ്ലൂര് വച്ച് കണ്ടു. കോരിച്ചൊരിയുന്ന മഴയത്തും തീയേറ്റര്‍ നിറഞ്ഞ് കവിഞ്ഞിരുന്നു. എന്താ പറയ്‌ക.. രഞ്ജിത്ത് കലക്കീട്ടാ..ഇഷ്ടാ!

  ഒറ്റ ലൈനില്‍ പറഞ്ഞാല്‍. ഫാന്റസിയുടെ വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ ഒരു ആക്ഷേപഹാസ്യം.
  സാമ്പ്രദായികമായ എല്ലാ കഥാപറച്ചില്‍ രീതികളേയും അട്ടിമറിച്ചുകൊണ്ടുള്ള വളരെ വ്യത്യസ്ഥമായ ആഖ്യാനശൈലി.
  പ്രാഞ്ചിയേട്ടന്‍ എന്ന കഥാപാത്രത്തിന്റെ സൃഷ്ടി അപാരമായിട്ടുണ്ടെന്ന് പറയാതെ വയ്യ. ഓരോ ചലനത്തിലും സംഭാഷണത്തിലും ആ ഒരു പൂര്‍ണ്ണതകൊണ്ടുവരാന്‍ മമ്മൂട്ടിക്കും, എഴുതിയ രഞ്ജിത്തിനും കഴിഞ്ഞിട്ടുണ്ട്.
  പിന്നെ തുടക്കം മുതല്‍ ഒടുക്കം മുതല്‍ വളരെ സ്വാഭാവികവും നിഷ്കളങ്കവുമായ നര്‍മ്മം. 'Situational comedy' യ്ക്ക് ഏറ്റവും മനോഹരമായ ഒരു ഉദാഹരണമാവുകയാണ് പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ്.
  മനസ്സ് നിറഞ്ഞ് ചിരിച്ച് നിറഞ്ഞ സദസ്സില്‍ (നല്ലൊരു ശതമാനവും കുടുംബപ്രേക്ഷകരായിരുന്നു.) കയ്യടിച്ച് കുറേ നാളുകള്‍ക്ക് ശേഷമാണ് ഒരു മലയാളം പടം കാണുന്നത്.

  പിന്നെ ചില കഥാപാത്രങ്ങള്‍ ചില രംഗങ്ങളില്‍ മാത്രം വന്നുപോകുന്നത് ഒരു കുറവായി തോന്നിയില്ല- കഥാഖ്യാനം അത് ആവശ്യപ്പെടുന്നുണ്ട്- പ്രാഞ്ചിയേട്ടന്റെ ജീവിതത്തിലെ മൂന്ന് പ്രധാന ഘട്ടങ്ങളാണ് ചിത്രം അനാവരണം ചെയ്യുന്നത്. ചില കഥാപാത്രങ്ങള്‍ ചില ഘട്ടങ്ങളില്‍ മാത്രം വരേണ്ടവരാണ്.
  എനിക്കു തോന്നുന്നു കേരളത്തിനു പുറത്തുള്ള മലയാളികള്‍ക്ക് ഈ ചിത്രം കൂടുതല്‍ ഇഷ്ടപ്പെടും- ചില ഭാഗങ്ങളില്‍ നൊസ്റ്റാള്‍ജിയയുടെ എലിമെന്റ് ഒളിഞ്ഞു കിടപ്പുണ്ട്.

  ഹരിയുടെ റേറ്റിങ്ങ് ഒട്ടും കൂടുതലായി തോന്നിയില്ല.

  ReplyDelete
 24. പ്രാഞ്ച്യേട്ടന്‍ & the saint കണ്ടു. നല്ല ത്ഋശൂര്‍ മൂഡ്, കുറേ ചിരിപ്പിയ്ക്കുന്ന നീനുകളും സംഭാഷണങ്ങളും നന്നായിതോന്നി.ഒരു നല്ല സറ്റയര്‍ ആക്കിയെടുക്കാമായിരുന്നെങ്കിലും നായകനെ മഹാനാക്കാന്‍ അവസാനം ചില സ്ഥിരം ചേരുവകളിലേയ്ക്ക് മടങ്ങിപ്പോവുന്നു.

  ഒരു സ്ഥിരം തട്ടു പൊളിപ്പന്‍ ചേരുവയ്കപ്പുറത്തേയ്ക്ക് ഇതു വളരുന്നുണ്ടൊ? അങ്ങനെ ആകമായിരുന്ന ഒരു ത്രഡ് ആയിട്ടു പോലും - എന്നിട്ടും ഈ റേറ്റിംഗ്? എന്റെ കുറിപ്പ് ഇവിടെ .

  ReplyDelete
 25. very nice film.. but after interval കുറച്ചു എഴാച്ചു...

  ReplyDelete