യക്ഷിയും ഞാനും (Yakshiyum Njanum)

Published on: 8/21/2010 11:46:00 PM
Yakshiyum Njanum: A film directed by Vinayan. Film review for Chithravishesham by Haree.
രണ്ടായിരത്തിയേഴില്‍ പുറത്തിറങ്ങിയ 'ബ്ലാക്ക് ക്യാറ്റി'നു ശേഷം വിനയന്‍ വീണ്ടും സംവിധായകന്റെ കുപ്പായമണിയുകയാണ്‌ 'യക്ഷിയും ഞാനും' എന്ന ഈ ചിത്രത്തില്‍. പതിവിന്‍പടി കഥ, തിരക്കഥ, സംഭാഷണം എന്നിവയുടെ രചനയും വിനയന്റേതു തന്നെ. പുതുമുഖങ്ങളായ ഗൌതം, ജുബില്‍ പി. ദേവ്, റിക്കി, മേഘ്ന, സരിഗ എന്നിവര്‍ക്കൊപ്പം തിലകന്‍, ക്യാപ്റ്റന്‍ രാജു, മാള അരവിന്ദന്‍, സ്ഫടികം ജോര്‍ജ്ജ് തുടങ്ങിയവരും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആര്‍.ജി. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റൂബന്‍ ഗോമെസാണ്‌ ചിത്രത്തിന്റെ നിര്‍മ്മാണം. അടുത്തുണ്ടായ വിവാദങ്ങളിലും മറ്റും മനസുകൊണ്ടെങ്കിലും വിനയനൊപ്പം നിലകൊണ്ട പ്രേക്ഷകരെക്കൂടി മറുപക്ഷത്തേക്ക് പറഞ്ഞുവിടുവാനല്ലാതെ മറ്റൊന്നിനും ഇങ്ങിനെയൊരു ചിത്രം ഉപകരിക്കുന്നില്ല എന്നതാണ്‌ ദുഃഖകരമായ വസ്തുത!

ആകെത്തുക     : 1.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 1.00 / 10
: 2.50 / 10
: 2.00 / 10
: 2.00 / 05
: 2.50 / 05
നര്‍മ്മത്തിന്റെ മേമ്പൊടിയിട്ടൊരു പേടിപ്പടമാണ്‌ സംവിധായകന്‍ ഇതിലൂടെ ഉദ്ദേശിച്ചതെന്നു തോന്നുന്നു. നിലത്തുവീണും കിടന്നുരുണ്ടുമൊക്കെ കുറേ ചിരിപ്പിക്കുവാന്‍ നോക്കുന്നുണ്ടെങ്കിലും, അതൊന്നുമത്ര ഏശുന്നില്ല. ഇനിയിപ്പോ പ്രേക്ഷകരെ പേടിപ്പിക്കുവാനുള്ള കാട്ടിക്കൂട്ടലുകളെടുത്താലോ, ആ സമയത്ത് ചിരി പൊട്ടിയെന്നും വരും. വര്‍ഷങ്ങളായി സിനിമയെന്നും പറഞ്ഞു നടന്നിട്ടും, നല്ലൊരു കഥയെഴുതി അതൊന്ന് മര്യാദയ്ക്ക് തിരക്കഥയാക്കി സംവിധാനം ചെയ്തു കാട്ടുവാന്‍ കഴിയുന്നില്ലെങ്കില്‍, വിനയനൊക്കെ എന്തിനീ സാഹസത്തിനു മുതിരുന്നു എന്നതാണ്‌ മനസിലാവാത്ത കാര്യം.

അഭിനയിക്കുവാന്‍ അറിയാവുന്നവര്‍ അതിനു തയ്യാറല്ലാത്തതു കൊണ്ടാണ്‌ പുതുമുഖങ്ങളെ ചിത്രത്തില്‍ ഉപയോഗിച്ചതെന്നാണ്‌ സംവിധായകന്റെ ഭാഷ്യം. സംവിധായകന്റെ മിടുക്കില്ലായ്മയോ, അഭിനേതാക്കളുടെ പരിമിതിയോ; പുതുമുഖങ്ങളവതരിപ്പിച്ച കഥാപാത്രങ്ങളൊന്നും സാമാന്യ നിലവാരത്തിലെത്തുന്നില്ല. അവരെക്കൊണ്ടാവുന്ന പോലെയൊക്കെ അവര്‍ അഭിനയിക്കുവാന്‍ ശ്രമിച്ചിട്ടുണ്ടെന്നു മാത്രം പറയാം. തിലകന്‍, മാള അരവിന്ദന്‍, സ്ഫടികം ജോര്‍ജ്ജ്, ക്യാപ്റ്റന്‍ രാജു എന്നിവരൊക്കെ തരക്കേടില്ലാതെ പോവുന്നു. അല്‍പസ്വല്‍പം തുറന്നു കാട്ടുവാനാവണം മേഘ്‍നയേയും സരിഗയേയുമൊക്കെ കൊണ്ടുവന്നത്. അതല്ലാതെ മറ്റൊന്നുമവര്‍ ചിത്രത്തില്‍ ചെയ്യുന്നതുമില്ല.

Cast & Crew
Yakshiyum Njanum

Directed by
Vinayan

Produced by
Rubon Gomez

Story, Screenplay, Dialogues by
Vinayan

Starring
Gautham, Meghana, Jubil P. Dev, Ricky, Sphadikam George, Thilakan, Mala Aravindan, Captain Raju, Sudeer, Shanil, Sariga

Cinematography (Camera) by
Navas

Editing by
Pradeep Emily

Art Direction by
Shajahan, Sudheer Cherai

Music by
Saajan Madhav

Lyrics by
Kaithapram Damodaran Namboothiri, Vinayan

Make-Up by
Roy Edavanad

Costumes by
Ashokan

Effects by
Murukesh

Banner
RG Productions

കാതടിച്ചു പോവുന്ന ശബ്ദങ്ങളും, കരിയിലക്കാറ്റും, അടുത്തുപോലും ഇത്തിരി വെട്ടം കാണുവാനില്ലാതെ ഇടയ്ക്കിടെ തെളിയുന്ന മിന്നല്‍പിണരുകളുമൊക്കെ ചേര്‍ന്ന് കാഴ്ചയ്ക്കും കേള്‍വിക്കും അസുഖകരമായ ഒരു അനുഭവമാണ്‌ 'യക്ഷിയും ഞാനും' നല്‍കുന്നത്. ഈവഹകള്‍ക്ക് മുരുകേഷിനു നന്ദി. അത്യാധുനിക ക്യാമറയായ 'റെഡ് വണ്‍' ഉപയോഗിച്ചാണത്രേ(മലയാളത്തില്‍ ആദ്യമായി) ഛായാഗ്രാഹകന്‍ നവാസ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. എന്നാല്‍ ഇതുപയോഗിച്ചിരിക്കുന്ന മറ്റു ചിത്രങ്ങളുടെ ലിസ്റ്റ് കാണുമ്പോള്‍ 'കുരങ്ങന്റെ കൈയ്യില്‍ പൂമാല കിട്ടിയ അവസ്ഥ' എന്നു പറയുവാനാണ്‌ തോന്നുന്നത്. പ്രദീപ് എമിലിയുടെ ചിത്രസന്നിവേശവും ഷാജഹാന്‍, സുധീര്‍ ചേറായി എന്നിവരുടെ കലാസംവിധാനവും തരക്കേടില്ലെന്നു മാത്രം. റോയ് എടവനാടിന്റെ ചമയം, അശോകന്റെ വസ്ത്രാലങ്കാരം
എന്നിവയും ചിത്രത്തിനു മതിയാവും.

രവീന്ദ്രന്‍ മാഷുടെ മകന്‍ സാജന്‍ മാധവ് ഒരുക്കിയിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ കേള്‍ക്കുവാനിമ്പമുണ്ട്. കൈതപ്രം ദാമോദരന്‍ നമ്പൂതിരി എഴുതിയ മൂന്നു ഗാനങ്ങളും വിനയന്റേതായി ഒരു ഗാനവുമാണ്‌ ചിത്രത്തിലുള്ളത്. വിജയ് യേശുദാസും മഞ്ജരിയും ചേര്‍ന്ന് പാടിയിരിക്കുന്ന "തേനുണ്ടോ പൂവേ!", ചിത്രയുടെ ശബ്ദത്തിലുള്ള "അനുരാഗയമുനേ..." എന്നീ ഗാനങ്ങളാണ്‌ കൂട്ടത്തില്‍ നന്ന്. മേഘ്‍നയുടെ മേനി കാട്ടുക എന്നതിനപ്പുറം, ഈ ഗാനരംഗങ്ങള്‍കൊണ്ട് ചിത്രത്തിനു പ്രയോജനമൊന്നുമില്ലെന്നു മാത്രം.

വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കുറച്ചുപേര്‍ ചിത്രം കാണുവാന്‍ കയറിയേക്കാമെന്നല്ലാതെ, കണ്ടവര്‍ കൊള്ളാമെന്നു പറഞ്ഞ് ഈ ചിത്രത്തിന്‌ ആളു കൂടുതല്‍ കയറുമെന്ന് കരുതുവാന്‍ വയ്യ. ഈ ചിത്രം കണ്ടവരില്‍ ഇനിയും ചോര ബാക്കിയുണ്ടെങ്കില്‍, അതു കൂടി കുടിക്കുവാന്‍ മറ്റൊരു വിനകൂടി വിനയനില്‍ നിന്നും ഉണ്ടാവരുത് എന്നൊരു പ്രാര്‍ത്ഥനയേ 'യക്ഷിയും ഞാനും' കണ്ടവര്‍ക്ക് ഉണ്ടാകുവാന്‍ തരമുള്ളൂ. ഇനിയങ്ങിനെയൊന്ന് ഉണ്ടായാല്‍ തന്നെ, അതേല്‍ക്കുവാന്‍ കാണികളുണ്ടാവുമോ എന്നതും ചിന്തനീയം!
--

11 comments :

 1. 'യക്ഷിയും ഞാനു'മെന്ന പുതിയ വിനയന്‍ ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
  --

  ReplyDelete
 2. വിനയൻ നന്നാവുന്ന ലക്ഷണം ഇല്ല. ചാനൽ ക്യാമറകൾക്കു മുന്നിൽ വീശുന്ന ഡയലോഗുകൾക്കൊപ്പം സിനിമകളേ എത്തിക്കാൻ പണ്ടേ വിനയനു കഴിയാറില്ല. വെറുതെ വീട്ടിലിരിക്കുന്നതാവും വിനയനു നല്ലത്...

  ReplyDelete
 3. 'വട'യക്ഷിയെ ഒന്ന് കാണണം..യക്ഷിയെങ്കില്‍ യക്ഷി ... :)

  ReplyDelete
 4. മൂലകഥ ഇതാണ് - കൊട്ടേഷന്‍ ടീമിലെ ഒരു ഗുണ്ട ഒളിവില്‍ താമസിക്കുമ്പോള്‍ ഒരു യക്ഷിക്ക് അവനോടു തോന്നുന്ന അനുരാഗം ആണ് വിനയന്‍ കരള്‍ അലിയിക്കുന്ന ഒരു കഥന കഥയിലൂടെ പറയാന്‍ ശ്രമിക്കുനത്.. എപ്പടി??

  റിവ്യൂ ഒന്നും എഴുതുന്നില്ല.. ഈ വ്യതസ്ത വിനയന്‍ ചിത്രത്തിലെ ചില " വ്യത്യസ്തതകള്‍" അക്കമിട്ടു നിരത്താം..

  1 . തീ തുപ്പുന്ന ഒരു പെരുമ്പാമ്പ്‌ ...
  2 . മധ്യ ആഫ്രിക്കന്‍ മഴകാടുകളില്‍ കാണപെടുന്ന കൊക്കില്‍ പലുള്ള ഒരു മൂങ്ങയും കഴുകനും..
  3 . ഗജനി പോസ്റ്ററില്‍ അമീര്‍ഖാനെ പോലെ കണ്ണുരുട്ടുന്ന ഒരു കാടന്‍ പൂച്ച...അത് ഇടയ്ക്കിടെ ചാടി വീഴും..
  4 . ടൈല്സ് ഇട്ട നിലത്തും കാട്ടിലെ ചപ്പുചവറുകള്‍ക്ക് ഇടയിലും അല്ലെങ്കില്‍ വേണ്ട എവിടെ നടന്നാലും പാതാളതീനു രണ്ടു കയ്യ് വന്നു നടക്കുന്നവന്റെ കാലില്‍ പിടിക്കും..
  5 . രാത്രി അടിച്ചു പൂക്കുറ്റി ആയ നായകന്‍ രാവിലെ എഴുനെറ്റിട്ടും അതെ പോലെ പൂകുറ്റി ..കേട്ട് ഇറങ്ങാത്ത ആ സാധനം എനിക്കും ഒന്ന് കിട്ടിയാല്‍ കൊള്ളാം..
  6 . പതിവ് പോലെ വികലാന്ഗര്‍ ..ഒരു അന്ധന്‍ .. പിന്നെ രണ്ടു ഭാര്യമാര്‍ ഉള്ള കുള്ളന്‍.. ഒരു ചെറിയ ബലാല്‍സംഗം .. പാട്ടില്‍ ഒരു കുളി സീന്‍.. വിനയന്‍ ടച്ച്‌ .. പക്ഷെ ഒരു അന്ധന്‍ ഒരു പെണ്ണിനെ റേപ്പ് ചെയ്യുനത് ലോക സിനിമയില്‍ തന്നെ ആദ്യമായിരിക്കും..
  7 . പരിചയം ഉള്ള നടന്മാര്‍ ഒക്കെ മന്ത്രവാദികള്‍ ആണ്.. തിലകന്‍, മാള , ക്യാപ്ടന്‍ രാജു (അങ്ങേര്‍ വിഷ വൈദ്യനും ആണ്)
  8 . ഒരു സീനില്‍ സ്പടികം ജോര്‍ജിന്റെ ഒരു കോമഡി .. ഹമ്മോ..
  9 . കാട്ടിന്റെ അടുത്ത് താമസിക്കുന്ന ഒരു പാവപെട്ട ഹിന്ദു പെണ്‍കുട്ടി കല്യാണത്തിന് നഗരത്തിലെ ക്രിസ്ത്യന്‍ പെണ്ണിനെ പോലെ വെള്ള സ്ലീവ്ലെസ്സ് ഗൌണ്‍ ഇട്ടു വരുന്നു.. കാരണം മരിച്ചാല്‍ പിന്നെ വെള്ള ഇട്ടാലലേ യക്ഷി ലൂക്ക് കിട്ടൂ.. വാട്ട് ആന്‍ ഐഡിയ സിര്‍ജീ വിനയന്ജീ??
  10 . യഥാര്‍ത്ഥ കഥയിലും ഫ്ലാഷ്ബാക്കിലും ഒക്കെ ഒരേ ഡ്രസ്സ്‌ .. അത് കൊള്ളാം.. വ്യതസ്തം..

  ഇനീം എണ്ണിയാല്‍ ഒടുങ്ങാത്ത വ്യതസ്തതകള്‍ ഉണ്ട്... ആകപാടെ ഒരു ആശ്വാസം നല്ല ഒരു നായിക.. പാവങ്ങളുടെ നയന്‍താര എന്ന് വേണെമെങ്കില്‍ വിളിക്കാം.. ആ കൊച്ച് കൊള്ളാം.. കുഴപ്പമില്ലാതെ അഭിനയിച്ചു.. ബാക്കിയുള്ള പുതുമുഖങ്ങള്‍ മിക്കവാറും ഇനി മുഖമേ കാണിക്കില്ല.. ആ ജാതി അഭിനയം ആയിരുന്നു.. കഥകളിയിലെ കത്തി വേഷം കണ്ടാല്‍ പോലും പേടിക്കുന്ന ഞാന്‍ ഇതിലെ ഓരോ ഹൊറര്‍ സീനും കണ്ടു തല തല്ലി ചിരിക്കുക ആയിരുന്നു.. ഗ്രാഫിക്സ് തക്കര്‍ത്തു.. അതെ വിനയനെ ഗ്രാഫിക്സ് മിക്കവാറും തകര്‍ക്കും..

  എന്റെ അഭിപ്രായം - വിനയന്‍ സാര്‍..എന്നാ കൊടുമയ് ... താങ്ക മുടിയലെ .. എല്ലാവരും ഈ സിനിമ കാണണം .. ഞാന്‍ അനുഭവിച്ച വേദന നിങ്ങളും അനുഭവിക്കണം.. അല്ല പിന്നെ..

  ReplyDelete
 5. ഇത് മറ്റൊരു റിവ്യൂവില്‍ നിന്ന് കിട്ടിയതാണ് കേട്ടോ...

  ReplyDelete
 6. പാവം വിനയന് വിഅനയായി തീർന്നു അല്ലേ ഈ യക്ഷി.

  ReplyDelete
 7. ഇനിയെങ്കിലും വിനയന്‍ സിനിമകള്‍ കാണാതിരിക്കാന്‍ ശ്രമിക്കുക.

  ReplyDelete
 8. എന്റമ്മോ...ഈ പടം കണ്ടാല്‍ നമ്മുടെ എല്ലാ വികാരങ്ങളും നഷ്ടപ്പെട്ട് പോകും.കരയണോ.ചിരികണോ,കൂവാണോ,പേടികണോ,ദേഷ്യപ്പെടണോ എന്താ ചെയെണ്ടേ എന്നറിയാത്ത അവസ്ഥ ..നമ്മള്‍ കോമ്മ സ്റ്റേജില്‍ ആയിപോവും ഈ പടം കണ്ടാല്‍. .മുകളില്‍ പറഞ്ഞ എല്ലാ വ്യത്യസ്തതയും ഉണ്ട് ഈ ചിത്രത്തില്‍..

  NB : C D കിട്ടിയാല്‍ പോലും ആരും ഈ പടം കാണരുത് ..ടി.വി യില്‍ വന്നാല്‍ അന്ന് ആ ചാനല്‍ വെകതിരികാന്‍ ശ്രമ്മിച്ചാല്‍ നന്ന്...

  'യക്ഷിയും വിനയനും' ഒരു സില്സില പടം (സില്‍ സില ഹെ സില്‍ സില)...

  ReplyDelete
 9. യക്ഷിക്കഥകള് മലയാളത്തിന് പുത്തരിയല്ല. സങ്കല്പ്പത്തിലുള്ള ഒരൊറ്റ യക്ഷിയെപ്പോലും അവതരിപ്പിക്കാതെ മലയാറ്റൂര് രാമകൃഷ്ണന് തന്റെ 'യക്ഷി' എന്ന നോവല് പൂര്ത്തിയാക്കി. അതേ ഭാവത്തില് തന്നെ കെ.എസ് സേതുമാധവന് അതിന് ചലച്ചിത്ര ഭാഷ്യവും നല്കി. 'യക്ഷഗാനം', 'ലിസ' തുടങ്ങി ആ ശ്രേണിയില് ചിത്രങ്ങള് എത്രയോ പിന്നീടെത്തി.

  അതില് നിന്നൊക്കെ വ്യത്യസ്തമായി ഒരു യക്ഷിക്കഥ പറയുന്നതിലൂടെ ചര്വ്വിത ചര്വ്വണം ചെയ്യപ്പെട്ട രാഷ്ട്രീയ അഴിമതിക്കഥയും മറ്റും പറഞ്ഞു തടിതപ്പാനാണ് വിനയന് ശ്രമിച്ചിട്ടുള്ളത്. ഒറ്റക്കൊറ്റയ്ക്കു പറഞ്ഞാല് ആവര്ത്തന വിരസത അനുഭവപ്പെടാവുന്ന വിഷയങ്ങളുടെ കുട്ടിച്ചേര്ക്കലിലൂടെ വിയന് സമര്ത്ഥമായി ഓണക്കാലത്ത് ഒരു ഒന്നാന്തരം 'അവിയല്' രൂപപ്പെടുത്തിയിരിക്കുന്നു. കാണുന്നവര്ക്ക് മടുപ്പുണ്ടാവുകയില്ല എന്നത് ഒരു സത്യം മാത്രം. എങ്കിലും ഇത്തരം ചിത്രങ്ങള് മലയാളത്തിന് തീര്ച്ചയായും ഒരു മുതല്ക്കുട്ടാവുകയില്ല.
  ഏറെ തടസ്സങ്ങളെ അതിജീവിച്ചാണ് വിനയന് തന്റെ സൃഷ്ടി രംഗത്തെത്തിച്ചിട്ടുള്ളത്. സൂപ്പര്താരങ്ങളും തിലകനുമായുള്ള ശീതസമരത്തിന്റെ രക്തസാക്ഷിയാകുവാന് വിധിക്കപ്പെട്ടിട്ടുള്ള ചിത്രമാണ് 'യക്ഷിയും ഞാനും' . പക്ഷേ തിലകന് അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുവാന് തിലകന് മാത്രമേ സാധിക്കുകയുള്ളുവെന്നും അതിന് ചലച്ചിത്രമേഖലയുടെ നിയന്ത്രണം സ്വയം ഏറ്റെടുത്തിരിക്കുന്ന ആരുതന്നെ വിചാരിച്ചാലും സാധിക്കുകയില്ലെന്നുമുള്ളതിന്റെ പ്രത്യക്ഷതെളിവുകൂടിയാണ് ചിത്രം. പ്രേക്ഷകന്റെ മനസ്സിന്റെ നിയന്ത്രണം ഒരു ഫാന്സ് അസോസിയേഷന് മേധാവിക്കും വിട്ടുകൊടുത്തിട്ടില്ലെന്ന് ചിത്രത്തിന് ലഭിക്കുന്ന ആദരവ് വ്യക്തമാക്കുന്നു…hariyude poll in thane 2nd place ithnu undallo…vinayan ki jay,,,,
  മമ്മൂട്ടിയും മോഹന്ലാ…ലും അവരുടെ ഫാന്സും കൂടി മലയാള സിനിമയെ നശിപ്പിക്കും. ഇവരുടെ പടങ്ങള്‍ പ്രബുദ്ധ മലയാളികള്‍ തിരസ്കരിക്കണം. വിനയന് ഒറ്റയാള് പോരാട്ടത്തില് വിജയിച്ചു കഴിഞ്ഞു... അദ്ദേഹത്തിന്റെ ചങ്കൂറ്റം മാതൃക ആക്കുക. ഏതായാലും മലയാളത്തിലെ അമ്മാവന്മ്മര്ക്ക് നല്ല പണി തന്നെ വി നയന് കൊടുത്തു........ ഹട്സ് ഓഫ് വിനയന് .... കീപ് ഇറ്റ് അപ്പ്.......

  ReplyDelete
 10. അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ ഏവര്‍ക്കും നന്ദി. :)

  വിനയന്റെ നിലപാടുകളോടുള്ള യോജിപ്പ് അല്ലെങ്കില്‍ വിവിധ സംഘടനാ നേതാക്കളുടെ നിലപാടുകളോടുള്ള വിയോജിപ്പ്; ഈ കാരണങ്ങള്‍കൊണ്ട് ഈ ചിത്രം കണ്ടവരും, ചിത്രത്തെ പ്രൊമോട്ട് ചെയ്തവരും കുറവല്ല. ഒരുപക്ഷെ, താരതമ്യേന ഏറെ മെച്ചപ്പെട്ട 'ആത്മകഥ' കണ്ടതില്‍ കൂടുതല്‍ പേര്‍ വിനയന്റെ യക്ഷിയെ കാണുവാന്‍ കയറിയിട്ടുമുണ്ടാവും. എന്നാല്‍ ഒരു സിനിമയുടെ മികവിന്‌ ഈ പറഞ്ഞവയൊന്നും മാനദണ്ഡമല്ല. തീര്‍ച്ചയായും വിനയന്‌ ഇതിലും നല്ലൊരു ഓണച്ചിത്രം മലയാളികള്‍ക്ക് നല്‍കാമായിരുന്നു. കുറഞ്ഞപക്ഷം ഒരു നല്ല പരീക്ഷണച്ചിത്രമെങ്കിലും (Ani Prakash ഇവിടെ പറഞ്ഞതുപോലെയുള്ള പരീക്ഷണങ്ങളല്ല! :-P) ഒരുക്കാമായിരുന്നു. അതല്ലെങ്കില്‍ ഒരു യുവ രചയിതാവിന്‌ അവസരം നല്‍കാമായിരുന്നു. ഇതൊന്നും ചെയ്യാത്തപ്പോള്‍ സിനിമയോടുള്ള വിനയന്റെ പ്രബുദ്ധതയും സംശയത്തിന്റെ നിഴലിലാവുന്നു. സംഘടനയുടെ വിലക്കുകളെ അതിജീവിച്ച് കൂടുതല്‍ ചിത്രങ്ങള്‍ ഉണ്ടാകുവാന്‍ യക്ഷി പ്രചോദനമാവുന്നെങ്കില്‍ അതും നല്ലതിനു തന്നെ.

  'സില്‍സില പടം' അതു കൊള്ളാം! :-D സൂപ്പര്‍ ഡ്യൂപ്പര്‍ സില്‍സിലകളാണ്‌ ഇപ്പോഴത്തെ മലയാളസിനിമകളൊക്കെയും!
  --

  ReplyDelete
 11. 'വര്‍ഷങ്ങളായി സിനിമയെന്നും പറഞ്ഞു നടന്നിട്ടും, നല്ലൊരു കഥയെഴുതി അതൊന്ന് മര്യാദയ്ക്ക് തിരക്കഥയാക്കി സംവിധാനം ചെയ്തു കാട്ടുവാന്‍ കഴിയുന്നില്ലെങ്കില്‍, വിനയനൊക്കെ എന്തിനീ സാഹസത്തിനു മുതിരുന്നു എന്നതാണ്‌ മനസിലാവാത്ത കാര്യം.'

  ഇതാണ് കാര്യം :‌)

  ReplyDelete