ടി.ഡി. ദാസന്‍, Std: VI. B (T.D. Dasan, Std: VI. B)

Published on: 4/17/2010 10:07:00 AM
T.D. Dasan, Std: VI. B - A film by Mohan Raghavan starring Alexander, Tina Rose, Biju Menon, Swetha Menon etc. Film Review by Haree for Chithravishesham.
നവാഗതനായ മോഹന്‍ രാഘവന്‍ കഥയും തിരക്കഥയും സംഭാഷണങ്ങളുമെഴുതി സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രമാണ് 'ടി.ഡി. ദാസന്‍, Std: VI. B'. കേന്ദ്രകഥാപാത്രമായ ദാസനെ അവതരിപ്പിക്കുന്ന അലക്സാണ്ടറിനൊപ്പം ബിജു മേനോന്‍, ശ്വേത മേനോന്‍, ടീന റോസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പോള്‍ വടുക്കുംചേരി, പോള്‍ വളിക്കോടത്ത് എന്നിവരൊരുമിച്ച് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നു. അധിക മുതല്‍മുടക്കില്ലാതെ, സാമ്പത്തിക പരിമിതികള്‍ക്കുള്ളില്‍ നിന്നു തന്നെ നല്ലൊരു ചിത്രമെങ്ങിനെ ഒരുക്കാം എന്ന് ‘ടി.ഡി. ദാസന്‍, Std: VI. B’ കാട്ടിത്തരുന്നു.

ആകെത്തുക     : 7.50 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 7.50 / 10
: 7.00 / 10
: 7.50 / 10
: 4.00 / 05
: 4.00 / 05
സമകാലീന മലയാളസിനിമയെ സംബന്ധിച്ചിടത്തോളം ഒട്ടേറെ വ്യത്യസ്തതകള്‍ അവകാശപ്പെടുവാന്‍ ചിത്രത്തിനു കഴിയും. രണ്ടു കുട്ടികളെ അധികരിച്ച് വികസിക്കുന്ന കഥയില്‍ സ്ത്രീകഥാപാത്രങ്ങള്‍ കേവലം കാഴ്ചവസ്തുക്കളല്ല. യുക്തിഭദ്രമായ ഒരു തിരക്കഥ മലയാളസിനിമയില്‍ കണ്ടിട്ടും നാളുകുറച്ചായി. മേല്‍‌വിലാസം തെറ്റിയെത്തുന്ന ഒരു കത്ത്, അതെഴുതുന്നതാവട്ടെ അച്ഛനെ വല്ലാതെ സ്നേഹിക്കുന്ന ഒരു മകനും. ഈയൊരു ചെറിയ തന്തുവില്‍ നിന്നു വികസിച്ച് അപ്രതീക്ഷിതമായ അന്ത്യത്തിലെത്തി നില്‍ക്കുന്ന തിരക്കഥ തന്നെയാണ് ഈ സിനിമയുടെ മികവിനാധാരം. യഥാര്‍ത്ഥ്യത്തോട് അടുത്തു നില്‍ക്കുന്ന ജീവസ്സുറ്റ കഥാപാത്രങ്ങളും അവയോരോന്നിനും നല്‍കിയിരിക്കുന്ന സ്വാഭാവികമായ സംഭാഷണങ്ങളും രചയിതാവിന്റെ പ്രതിഭയ്ക്ക് തെളിവുകളാണ്. കൊഞ്ചാതെ, എന്നാല്‍ കുട്ടികള്‍ക്കു ചേരുന്ന രീതിയില്‍ ബാലതാരങ്ങള്‍ മലയാളസിനിമയില്‍ സംസാരിക്കുന്നത് ഏറെക്കാലത്തിനു ശേഷം ഇതില്‍ കാണുവാനുമായി.

Cast & Crew
T.D. Dasan Std: VI. B

Directed by
Mohan Raghavan

Produced by
Paul Vadukumcherry, Paul Valikodath

Story, Screenplay, Dialogues
Mohan Raghavan

Starring
Alexander, Tina Rose, Biju Menon, Jagadish, Swetha Menon, Suresh Krishna, Mala Aravindan, Valsala Menon, Sruthi Menon, Jagathy Sreekumar etc.

Cinematography (Camera) by
Arun Varma

Editing by
Vinod Sukumaran

Art Direction by
Sunil Kochanur

Music by
Sreevalsan J. Menon

Lyrics by
Rafeeq Ahmed

Make-Up by
Joe Koratty

Costumes by
Razak Thirur

Banner
Presta De Lexa Moviedom

കഥാപാത്രങ്ങള്‍ക്കു ചേരുന്ന അഭിനേതാക്കളെ കണ്ടെത്തി, അവരുടെ പ്രതിഭയെ സിനിമക്ക് ഗുണകരമാക്കി മാറ്റിയിരിക്കുന്നതില്‍ സംവിധായകന്‍ പ്രശംസയര്‍ഹിക്കുന്നു. വലിച്ചു നീട്ടലുകളില്ലാതെ രണ്ടു മണിക്കൂറിലൊതുക്കി കഥ പറയുവാന്‍ സംവിധായകനു കഴിഞ്ഞു. കഥ വികസിക്കുന്നതിനൊപ്പം ആകാംക്ഷയുടെ ഒരംശം കൂടി കഥയോടു ചേരുന്നതിനാല്‍, സിനിമയിലുള്ള താത്പര്യം അവസാനിക്കുന്നതുവരെ കുറയുന്നില്ല. സാമൂഹിക പ്രസക്തിയുള്ള ചില വിഷയങ്ങള്‍ ഏച്ചുകെട്ടലുകളാവാതെ സിനിമയോട് ചേര്‍ത്തുവെയ്ക്കുന്നതിലും സംവിധായകന്‍ വിജയം കണ്ടു. ചില കഥാപാത്രങ്ങള്‍ക്ക് ആവശ്യത്തിന് ആഴം നല്‍കുന്നതില്‍ സംവിധായകന്‍ പിന്നിലാണ്. സിനിമയുടെ ചര്‍ച്ചയെന്ന പേരില്‍ പ്രധാനകഥയോട് ബന്ധമില്ലാതെ കുറേ ദൃശ്യങ്ങള്‍ ഇടയ്ക്കു വരുന്നുണ്ട്. അവയുടെ സാന്നിധ്യം സിനിമയുടെ മികവിലേക്ക് എന്തെങ്കിലും കൂട്ടിച്ചേര്‍ക്കുന്നുണ്ടോ എന്ന സംശയവും ഒടുവില്‍ അവശേഷിക്കുന്നു.

സംവിധായകന്റെ മനസറിഞ്ഞ് അഭിനയിക്കുന്നതില്‍ അഭിനേതാക്കളോരോരുത്തരും മുന്നിട്ടു നില്‍ക്കുന്നു. ചിത്രത്തില്‍ കേന്ദ്രസ്ഥാനത്തുള്ള ദാസനേയും അമ്മുവിനേയും അവതരിപ്പിച്ച അലക്സാണ്ടര്‍, ടീന റോസ് എന്നീ ബാലതാരങ്ങളുടെ അഭിനയമികവ് എടുത്തുപറയേണ്ടതാണ്. മറ്റു വേഷങ്ങളിലെത്തുന്ന ബിജു മേനോന്‍, ജഗദീഷ്, സുരേഷ് കൃഷ്ണ, ശ്വേത മോനോന്‍, വത്സല മേനോന്‍, മാള അരവിന്ദന്‍ തുടങ്ങിയ അഭിനേതാക്കളും തങ്ങളുടെ കഥാപാത്രങ്ങളോട് നീതിപുലര്‍ത്തി. ജഗതി ശ്രീകുമാര്‍, ശ്രുതി മേനോന്‍ എന്നിവരവതരിപ്പിച്ച കഥാപാത്രങ്ങളാണ് കൂട്ടത്തില്‍ ശ്രദ്ധ നേടാതെ പോയവ. ഇവരെക്കൂടാതെ ഡെന്നീസ്, ശ്രീഹരി, അലോഷ്യസ് തുടങ്ങി മറ്റു ചിലരും ചെറുവേഷങ്ങളില്‍ ചിത്രത്തിലുണ്ട്.

കലാമേന്മയിലെന്നപോലെ സാങ്കേതികമേഖലകളിലും ഈ ചിത്രം മുന്നിലാണ്. വെളിച്ചത്തോടൊപ്പം ഇരുളിന്റെ സാധ്യതകള്‍ കൂടി തേടുന്ന അരുണ്‍ വര്‍മ്മയുടെ ഛായാഗ്രഹണം ചിത്രത്തിനാവശ്യമായ ദൃശ്യമികവു നല്‍കുന്നു. പ്രധാന കഥയില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന ദൃശ്യങ്ങള്‍ 35mm വലുപ്പത്തില്‍ കാണിക്കുക എന്ന പരീക്ഷണവും കൗതുകകരമാണ്. സുനില്‍ കൊച്ചന്നൂരിന്റെ കലാസംവിധാനം, ജോയ് കൊരട്ടിയുടെ ചമയങ്ങള്‍, റസാക്ക് തിരൂരിന്റെ വസ്ത്രാലങ്കാരം എന്നിവ കഥാസന്ദര്‍ഭങ്ങള്‍ക്കും കഥാപാത്രങ്ങള്‍ക്കും നന്നായിണങ്ങുന്നുണ്ട്. മൊത്തമൊരു ബഹളമായി മാറാതെ, നിശബ്ദതകള്‍ക്കിടയില്‍ ആവശ്യത്തിനു മാത്രം ചേര്‍ത്തിരിക്കുന്ന ശ്രീവത്സന്‍ ജെ. മോനോന്റെ പശ്ചാത്തലസംഗീതമാണ് ചിത്രത്തെ ഭാവതലത്തില്‍ പൂര്‍ണതയിലെത്തിക്കുന്നത്. വിനോദ് സുകുമാരന്റെ ചിത്രസന്നിവേശവും എന്‍. ഹരികുമാറിന്റെ ശബ്ദസങ്കലനവും ചിത്രത്തിനുതകുന്നവ തന്നെ. ഏറെ കാത്തിരിപ്പിനു ശേഷം അച്ഛന്റെ കത്തു കിട്ടുന്ന മകന്റെ സന്തോഷം റഫീഖ് അഹമ്മദ് വരികളിലാക്കി, ശ്രീവത്സന്‍ ജെ. മേനോന്‍ സംഗീതം നല്‍കിയ “വെഞ്ചാമരക്കാറ്റേ...” എന്ന ഏകഗാനവും മികവു പുലര്‍ത്തുന്നു. കല്യാണി മേനോന്‍, ജിന്‍ഷ എന്നിവരുടേതാണ് ആലാപനം.

മലയാള സിനിമയെ രക്ഷിക്കുവാനായി താരവിലക്കും ചാനല്‍ ഉപരോധവും മറ്റും ആലോചിച്ചു സമയം കളയുന്നവര്‍, സൂപ്പര്‍താര സിന്‍ഡ്രോം പിടിപെട്ടവര്‍ / പിടിപെട്ടുകൊണ്ടിരിക്കുന്നവര്‍, മുന്‍പെങ്ങോ ചെയ്ത നല്ല ചിത്രങ്ങളുടെ തഴമ്പുതടവി ‘ജനപ്രിയ’ ചിത്രങ്ങളിന്ന് പടച്ചുവിടുന്നവര്‍; ഇവരൊക്കെ ദിവസം രണ്ടു പ്രാവശ്യം വീതം കാണേണ്ട ഒരു ചിത്രമാണിത്. മുല്ലപ്പൂമ്പൊടിയേറ്റ് സൗരഭ്യമൊന്നും വന്നില്ലെങ്കിലും നാറ്റം കുറയുകയെങ്കിലും ചെയ്യും. മലയാളസിനിമയുടെ ഇന്നത്തെ ദുരവസ്ഥയില്‍ പരിതപിക്കുന്ന ഓരോ ചലച്ചിത്രപ്രേമിയും ടി.ഡി. ദാസനെ കാണുവാന്‍ ശ്രമിക്കുക. ഇതു പോലെയുള്ള നല്ല ചിത്രങ്ങള്‍ക്ക് വേണ്ടത് പ്രേക്ഷകരുടെ അംഗീകാരമാണ്, അത് നല്‍കാതെ മലയാളസിനിമയെക്കുറിച്ചോര്‍ത്ത് വിലപിക്കുന്നതില്‍ എന്തുകാര്യം! സ്റ്റാന്‍ഡേഡ് ആറ്‌ ബിയിലെ ടി.ഡി. ദാസനെ ഒരുക്കിയ എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും, കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ അഭിനേതാക്കള്‍ക്കും ചിത്രവിശേഷത്തിന്റെ ആശംസകള്‍.
വിശേഷകവാക്യം: Genre ഏതായാലും സിനിമ നന്നായാല്‍ മതി എന്നോര്‍മ്മപ്പെടുത്തുന്ന ഒരു ചിത്രം!
--

38 comments :

 1. നവാഗതനായ മോഹന്‍ രാഘവന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ടി.ഡി. ദാസന്‍, Std: VI. B’ എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  newnHaree #TDDasan Std: VI. B: A worth watch. After a long time I'm feeling happy watching a #Malayalam film.
  about 2 hours ago via web
  --

  ReplyDelete
 2. ആരും ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്ന ഈ സിനിമ കണ്ടു, അതിനെ കുറിച്ച് നിരൂപണം എഴുതിയതിനു നന്ദി... വന്‍ ചിത്രങ്ങള്‍ക്കിടയില്‍ ഈ നല്ല ചിത്രത്തിന് പിടിച്ചു നില്‍ക്കുവാന്‍ കഴിയുമോ എന്നാണ് ഇനി അറിയേണ്ടത്...

  ReplyDelete
 3. നല്ല മലയാള സിനിമയെ സ്നേഹിക്കുന്ന എല്ലാവരും ടി ഡി ദാസന്‍ std VI B എന്ന പടം കണ്ടു വിജയിപ്പിക്കുക. മൂല്യച്യുതിയെ പറ്റി വിലപിച്ചു ഇരിക്കാതെ, നമ്മുടെ സിനിമയെ നശിപ്പിച്ചു കൊണ്ടിരിക്കുന്ന ഇപ്പോഴത്തെ പ്രതിഭകള്‍ക്ക് ഒരു പാഠം ആകാന്‍ എങ്കിലും, ഈ പടം വിജയിപ്പിച്ചേ തീരു.

  ReplyDelete
 4. ആലായാല്‍ തറ വേണം, അടുത്തൊരമ്പലം വേണം,ആലിനു ചേര്‍ന്നൊരു കുളവും വേണം....

  ഏതാണ്ട് ഈ ഒരു വാശിയാണ് മലയാളി പ്രേക്ഷകര്‍ മലയാള സിനിമയില്‍ നിന്നും പ്രതീക്ഷിക്കുന്നത്.സൂപ്പര്‍ സ്റ്റാറുകള്‍ വേണം, പാട്ടുകള്‍ വേണം സംഘട്ടനങ്ങള്‍ വേണം,നായകനു അമാനുഷിക ശക്തി വേണം തുടങ്ങി ചില്ലറ വാശികള്‍. അതൊക്കെ ഉണ്ടെങ്കില്‍ ആ ചിത്രം എത്ര മോശമാണെങ്കിലും ആദ്യ ദിനങ്ങളില്‍ തീയറ്ററുകളില്‍ വന്‍ ആള്‍ക്കൂട്ടമാണ്. എന്നാല്‍ ഇത്തരം ചിത്രങ്ങള്‍ കാണാന്‍ റിലീസിന്റെ അന്ന് പോലും വളരെ തുച്ഛമായ പ്രേക്ഷകരേ എത്തുന്നുള്ളൂ എന്നത് നിരാശാ ജനകമാണ്.പ്രത്യേകിച്ചും പുതുമുഖ സംവിധായകനായാലും ഒരു അവാര്‍ഡ് സെറ്റപ്പ് എന്ന പരിവേഷം വന്നാലും പ്രേക്ഷകര്‍ ആ ചിത്രത്തെ നിരാകരിക്കുന്നത് തന്നെയാണ് ഇത്തരം സിനിമകളുടെ പരാജയവും. എന്നാല്‍ ഇതിന് നേര്‍ വിപരീതമാണ് നാം പുച്ഛത്തോടെ കളിയാക്കാറുള്ള തമിഴ് പ്രേക്ഷകര്‍.അത് കൊണ്ട് തന്നെ തമിഴില്‍ കൂടുതല്‍ പുതുമകളോടെ നല്ല ചിത്രങ്ങള്‍ ഉണ്ടാകുന്നു.
  ഈ ചിത്രം തീര്‍ച്ചയായും തീയറ്ററില്‍ നിന്നും കാണാന്‍ ശ്രമിക്കും. നന്ദി ഹരീ, നല്ല റിവ്യു!

  ReplyDelete
 5. thanks haree for this review. ഈ സിനിമ വിജയിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്‌.

  ReplyDelete
 6. സൂപ്പര്‍ സ്ടാരുകള്‍ക്കും ഫാന്സുകാര്‍ക്കും സൂപ്പര്‍ സംവിധായകര്‍ക്കും ഒരു പാഠമാകാന്‍ ഈ സിനിമ വിജയിക്കേണ്ടത് ആവശ്യമാണ്‌. ഇത് വിജയിച്ചാല്‍ പുതിയ പുതിയ ആളുകള്‍ ധൈര്യത്തോടെ കടന്നുവരും.എന്തായാലും ഇത് തിയറ്ററില്‍ തന്നെ കാണുന്നുണ്ട്.

  നന്ദി ഹരീ.

  ഷാജി ഖത്തര്‍.

  ReplyDelete
 7. Thanks Hari for the post. I'lll see this today itself

  ReplyDelete
 8. പുതിയ സംവിധായകരുടെ ചിത്രങ്ങള്‍ എന്നും പ്രതീക്ഷയോടെയാണ് നോക്കിയിരിക്കുക.. എന്തെങ്കിലും പുതിയതായി കാണും എന്ന വിശ്വാസം.. ദാസന്റെ കഥ കേട്ടപ്പോള്‍ ഇത് കൊള്ളാമായിരിക്കുമല്ലോ എന്ന് തോന്നിയിരുന്നു. കാണണമെന്നും വിചാരിക്കുന്നു. പക്ഷെ പടം എവിടെയാണെന്ന് ഒരു ഐഡിയയും ഇല്ല. ഇതിന്റെ പോസ്റ്റര്‍ പോലും കാണാനില്ല..! ആലപ്പുഴയില് റിലീസ് ഇല്ലേ??

  ReplyDelete
 9. ടിഡി ദാസന്‍ കാണണം
  നന്ദി ഹരി

  ReplyDelete
 10. Hari,
  Nice review.Will see it the following week itself. എല്ലാവരും പറഞ്ഞത് തന്നെ എനിക്കും...ഇത്തരം സിനിമകള്‍ വിജയിക്കേണ്ടിയിരിക്കുന്നു.പുതിയ റിലീസ് ഒന്നും ഇല്ലെന്നാണല്ലോ സിനിമ ഭരണകൂടം! പ്രഖ്യാപിച്ചത്. അങ്ങനെയെങ്കില്‍ കുറച്ചു കൂടുതല്‍ പേരെങ്കിലും ഈ സിനിമ കാണാന്‍ ഇറങ്ങും എന്ന് വിചാരിക്കട്ടെ. കണ്ടതിനു ശേഷം ഒരു അഭിപ്രായം കൂടി പറയാം...

  ReplyDelete
 11. വളരെ പെട്ടന്ന് തന്നെ ഈ ചിത്രത്തെ പരിചയപ്പെടുത്തിയതിനു നന്ദി..ഉടന്‍ തന്നെ പോയി കാണണം എന്ന് തോന്നുന്നു.

  ReplyDelete
 12. നല്ല സിനിമകള്‍ അധികദിവസം തീയറ്ററില്‍ ഓടിക്കില്ലല്ലോ !! അതുകൊണ്ട് ഈ സിനിമയും സിഡി വാങ്ങിക്കാണേണ്ടിവരും എന്നതാണ് സങ്കടം.

  ReplyDelete
 13. അങ്ങിനെ ഒരു നല്ല പടം മലയാ‍ളത്തിലിറങ്ങി സന്തോഷം. ഇവിടെ (യുഎഇ) യിൽ ഇതിറങ്ങാൻ ഒരു സാദ്യതയുമില്ല. സിഡി ചിലപ്പോ ഇറങ്ങും അതും ഉറപ്പില്ല. അടുത്ത തവണ നാട്ടിൽ വരുമ്പോഴേക്കും ഈ പടം പെട്ടിക്കുള്ളിലായിട്ടുണ്ടാകും. എന്തായാലും കാത്തിരിക്കുന്നു

  ReplyDelete
 14. 2010 ല്‍ ഇതുവരെയിറങ്ങിയ്‌വയില്‍ ഒരേയൊരു നല്ല സിനിമ.നല്ല ചിത്രം. സിനിമ എന്ന കലാ മാധ്യമത്തോട് 100% നീതിപുലര്‍ത്തിയ അതിമനോഹരവും പ്രേക്ഷകനെ തൃപ്തിപ്പെടൂത്തുന്നതുമായ കലാസൃഷ്ടി.

  നല്ല സിനിമ സൃഷ്ടിക്കാന്‍ സൂപ്പര്‍-ജനപ്രിയ-ഭാവി സൂപ്പര്‍താരങ്ങളും അവന്റെ അണ്ടര്‍വെയറും അവന്മാരെ വലം വെക്കുന്ന കോമാളി ഗ്രഹങ്ങളും വേണ്ട വേണ്ട വേണ്ടായെന്നു അടിവരയിടുന്ന ചിത്രം.

  സൂപ്പര്‍ സ്റ്റാറൂകള്‍ തമ്പുരാക്കന്മാരായ ഈ മലയാള സിനിമയില്‍ സൂപ്പര്‍ താരങ്ങളുടേ കൈയ്യും കാലും മറ്റെന്തൊക്കെയും തിരുമ്മിക്കൊടുക്കുന്ന നിര്‍മ്മാതാക്കളും സാങ്കേതിക പ്രവര്‍ത്തകരും സഹനട-നടിമാരുമുള്ള മലയാള സിനിമയില്‍ പക്ഷേ,മോഹന്‍ രാഘവനെന്ന ഈ പുതു പ്രതിഭക്ക് പിടിച്ചു നില്‍ക്കാന്‍ ഏറെ കഷ്ടപ്പെടേണ്ടിവരും...(പ്രാക്റ്റിക്കലി)
  പക്ഷെ മലയാള സിനിമയുടെ നവ വസന്തത്തിലേക്കാണ് മോഹന്‍ രാഘവന്‍ കാമറയുമായി നടന്നു കയറുന്നത് എന്നു പറയുവാന്‍ ഒരു നിമിഷം പോലും ആലോചിക്കേണ്ടതില്ല.

  ReplyDelete
 15. ഒരു നല്ല സിനിമ വന്ന സന്തോഷം പങ്കുവച്ചതിനു നന്ദി.ഇതു യു.എ.ഇ തീയ്യറ്ററുകളില്‍ എത്തില്ല.എങ്കിലും എങ്ങനെയെങ്കിലും കാണാന്‍ ശ്രമിക്കും (വ്യാജ സീഡി അല്ലേ...)ഹരീ നല്ല നിരൂപണമാണ്,താങ്കളുടേത്. നല്ല ഭാഷ.

  ReplyDelete
 16. ഒരിക്കലും വിചാരിച്ചതല്‍ല ഇതൊരു നല്ല പടം ആകുമെന്ന്. അപ്പോള്‍ എന്തായാലും ഇത് കാണണം. പ്രതിസന്ധി പ്രതിസന്ധി എന്നു പറഞ്ഞ് കരഞ്ഞുകൊണ്ടിരിക്കാതെ എല്ലവരും ഒന്ന് ഉത്സാഹിച്ച്, ഇതുപോലെയുള്ള നല്ല ചിത്രങ്ങളെ വിജയിപ്പിക്കുക.

  ഈ റിവ്യൂവിന് ഹരിയ്ക്കൊരു സ്പെഷ്യല്‍ കൈ.

  ReplyDelete
 17. Haree,

  The sad thing is that marketing of this movie is very poor, which is very much important for the success of such movies. Most of the people don’t even know about this movie. Those movies deserves good marketing is badly neglecting and crap movies like Thanthonni, Pramani etc. are getting all sorts of backups. What a Contrast?

  ReplyDelete
 18. ഞാന്‍ ഇന്നലെ ഈ സിനിമ കണ്ടു , കുഴപ്പമില്ല .എപ്പോ ഇറങ്ങുന്ന കൂതറ പടങ്ങളെ compare ചെയുമ്പോള്‍ വളരെ നല്ല പടമാണ്.ഒരു നവാഗത സംവിധായകന്റെ പരീക്ഷണം ആയെ consider ചെയ്യാന്‍ പറ്റൂ ,അതിലപ്പുറം പറയാനുള്ളതൊന്നും ഞാന്‍ കണ്ടില്ല .
  ഇതിനെകുറിച്ച് ഞാനും എഴുതിട്ടുണ്ട് വായിച്ചു നോക്കി അഭിപ്രായംപറ

  ReplyDelete
 19. ഇപ്പൊ ഇറങ്ങുന്ന പടങ്ങള്‍ പോലെയല്ലാ എന്നതൊഴിച്ച് അത്രക്ക് ഗംഭീരം എന്നു പറയത്തക്കതൊന്നും എനിക്ക് തോന്നിയില്ല. ഞാന്‍ കോഴിക്കോട് “ ശ്രീ” യില്‍ നിന്ന കണ്ടത്.. ടിക്കറ്റ് എടുക്കാന്‍ ഞാനും എന്റെ കൂട്ടുകാരനും മാത്രം, ടിക്കറ്റ് തരുന്ന ആളോട് വെറുതെ ഒന്ന് ചോദിച്ചു, ഏട്ടോ ആരും ഇല്ലല്ലോ പടം പോക്കണോ??.. അയാള്‍ ഒരു ചിരി എന്നിട്ട് അപ്പുറത്തെ വരികണ്ടോ ആ പടത്തില്‍ മോഹന്‍ലാലും,സുരേഷ് ഗോപിയുമുണ്ട് എന്നിട്ട് അത്ര ആളെല്ലേ ഉള്ളൂ.. അപ്പോ ഇതിന് ഇത്രയൊക്കെ ആളുകള്‍ ഉണ്ടാവൂ.... ഈ പടം കാണാന്‍
  16 ആളുകള്‍ ഉണ്ടായിരുന്നു മൊത്തം.
  എന്നിക്ക് മനസിലാകാത്ത കുറച്ച് കാര്യങ്ങള്‍.
  1. കോള കമ്പനിക്ക് കഥയില്‍ കാര്യമായ പങ്കൊന്നും ഇല്ലല്ലോ , പിന്നെ വെറുതെ ചിറ്റൂരിനെ ഇതില്‍ കൊണ്ടു വന്നത് എന്തിനാ..
  2. ദിവാകരന്‍ എന്തിനാ നാട് വിട്ടത്? , ഒരു ക്ലൂ മുത്തശ്ശി തരുന്നുണ്ട് എന്നാലും..
  3. അവരുടെ സിനിമാചിത്രീകരണം കാട്ടി സമയം തികക്കാനാണോ അവര്‍ ഉദേശിച്ചത്?
  യ്യോ.. എല്ലാം മറന്നു, പിടിക്കിട്ടാത്തതായി ഇനിയും എന്തൊക്കെയൊ ഉണ്ടായിരുന്നു....
  ന്തോ ഒരു സിനിമ എന്ന നിലയില്‍ എനിക്ക് അത്രക്ക് ഇഷ്ട്ടമായില്ല... :( (കുട്ടികള്‍ എല്ലവരും നന്നായി അഭിനയിച്ചു, ശ്വേതാമേനോന്റെ ഡബിഗ് വളരെ മോശമായിരുന്നു)

  ReplyDelete
 20. :-)
  ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി.

  വിശ്വോത്തര ചിത്രമാണ് എന്നല്ല ഈ വിശേഷം കൊണ്ടുദ്ദേശിച്ചത്. സമകാലീന മലയാളസിനിമയില്‍ പ്രോത്സാഹിക്കപ്പെടേണ്ട ഏറെ കാര്യങ്ങള്‍ ഉള്ള ഒരു സിനിമ
  എന്ന നിലയില്‍ കൂടിയാണ് ഇതൊരു നല്ല ചിത്രമാവുന്നത്.

  കഥാതന്തുവിനോട് ചേര്‍ത്തുവെച്ചിരിക്കുന്ന ചില കാര്യങ്ങളെക്കുറിച്ച് സംവിധായകന്‍ വാചാലനാവുന്നില്ല: ദിവാകരന്റെ നാടുവിടല്‍, ദാസന്റെ അമ്മയുടെ മരണം, അമ്മുവിന്റെ അച്ഛനുമമ്മയും തമ്മിലുള്ള പ്രശ്നങ്ങള്‍. കോളപ്രശ്നത്തെയാവട്ടെ; ഒരു പശ്ചാത്തലം മാത്രമാക്കി അതിന്റെ രാഷ്ട്രീയത്തിലേക്കിറങ്ങാതെ ഔചിത്യം കാട്ടിയിരിക്കുന്നു. ഇവയൊക്കെ സംവിധായകന്റെ / രചയിതാവിന്റെ മികവായാണ് തോന്നിയത്. വ്യത്യസ്ത ചുറ്റുപാടുകളില്‍ കഴിയുന്ന ദാസനും അമ്മുവുമാണ് കേന്ദ്രം എന്ന ബോധം സംവിധായകന് ഇടയ്ക്ക് കൈവിട്ടുപോവുന്നില്ല. പക്ഷെ, അങ്ങിനെ പോയുള്ള പടങ്ങളാണ് നാം കണ്ട് ആസ്വദിച്ചു ശീലിച്ചിരിക്കുന്നത്. അതിന്റെയൊരു പ്രശ്നം ചില പ്രേക്ഷകര്‍ക്കെങ്കിലും ഉണ്ടായിക്കൂടെന്നില്ല!

  എന്റെ തിയേറ്റര്‍ അനുഭവവും മറിച്ചല്ല. പത്തില്‍ താഴെ ആളുകള്‍, ബഹളങ്ങളില്ലാതെ സമാധാനപൂര്‍ണമായ അന്തരീക്ഷം. :-)
  --

  ReplyDelete
 21. Kaiyyoppu, Karutha Pakshikal, Thakarachenda, Palunku, Perumazhakkaalam, angine angine kure malyaalikku vidhichittillaatha nalla chithrangalude kootathilekkorennam koodi.

  ReplyDelete
 22. കലാമൂല്യവും സാങ്കേതികത്തികവും ഒത്തിണങ്ങിയ ഈ ചിത്രം മലയാളസിനിമയുടെ സമകാലികാവസ്ഥയേക്കുറിച്ച് വേവലാതിപ്പെടുന്ന എല്ലാവരും ഒരുവട്ടമെങ്കിലും കാണേണ്ടതാണ്.
  എന്റെ അഭിപ്രായം ഇവിടെ

  ReplyDelete
 23. Haree positive review ittirikkunnu.Appol koothara padam aanennu urappaayi.....

  ReplyDelete
 24. watchd the movie from Sri, CLT. There waz a GOOD crowd to watch it, Honestly it was larger than who attended PRAMANI when I watched at Apsara. A good movie, bt don't think great. A great effort defenitely...

  ReplyDelete
 25. Dear Haree...

  I was tempted to see the movie after reading your review. My Thanks to you for giving an opportunity to see a Differently Approached Movie. The Movie had turned out to be a MUST TO BE WATCHED Movie.

  Mohan Raghavan defenitely deserve praise.
  I do have some reservations on the casting especially Shweta. But the approach is something new and need to be promoted.

  I had done a small contribution to promote this movie by taking this to the Attention of Director Siby Malayil through Thomas Sebastian.

  After seeing the Movie Siby Malayil traced Mohan raghavan and introduced him to the India Vision.Sibi Malayil along with Mohan participated in a discussion in India Vision yesterday 8.30 PM.

  I was told that lot of people are now speaking about this Movie.

  Hareesh, Do continue this type of Good work.

  Your review was of "CLASS".

  Regards
  Christy

  ReplyDelete
 26. ഏറെ നിറഞ്ഞ മനസ്സുമായിട്ടാണ്‌ സിനിമ കണ്ടിറങ്ങിയത്‌. കുഴപ്പങ്ങളില്ലെന്നല്ല. പക്ഷെ, തന്തയും തള്ളയുമില്ലാത്ത മലയാള സിനിമയിലേക്ക്‌ തന്തയ്‌ക്കു പിറന്ന ഒരു സന്തതി കടന്നുവന്നിരിക്കുന്നുവെന്ന്‌ പറയാതെ വയ്യ. എന്റെ അടുത്ത സുഹൃത്തുക്കളിലൊരാള്‍ ഈ സിനിമയുമായി സഹകരിച്ചതായി മനസ്സിലായത്‌ അദ്ദേഹത്തിന്റെ മുഖം സ്‌ക്രീനില്‍ മിന്നിമറഞ്ഞപ്പോഴാണ്‌. അദ്ദേഹത്തില്‍ നിന്ന്‌ മോഹന്‍ രാഘവന്റെ നമ്പര്‍ വാങ്ങി ഞാന്‍ വിളിച്ച്‌ നല്ലൊരു സിനിമ നല്‍കിയതിനുള്ള നന്ദി നേരിട്ട്‌ അറിയിച്ചു.
  ഈ സിനിമയിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച അലക്‌സാണ്ടറും ടിനിയും സഹോദരങ്ങളാണ്‌. അവരുടെ അച്ഛനാണ്‌ ഈ സിനിമ നിര്‍മിച്ചത്‌. മോഹന്‍ രാഘവന്‍ ഈ കുട്ടികളെ വച്ച്‌ നേരത്തേ ഒരു ടെലിഫിലിം ചെയ്‌തിരുന്നു. അത്‌ നന്നായതിനാലാണ്‌ പണം മുടക്കാന്‍ നിര്‍മാതാക്കള്‍ തയ്യാറായത്‌.
  ഒരു കോടിയോളം രൂപ ചെലവായെന്നാണ്‌ കേട്ടത്‌. പക്ഷെ, 36 ലക്ഷം രൂപ ഇതിനു സാറ്റലൈറ്റ്‌ റൈറ്റ്‌ ലഭിച്ചുവത്രെ. പുതുതായി വരാന്‍ പോകുന്ന ഒരു വിനോദ ചാനലാണ്‌ റൈറ്റ്‌ എടുത്തിരിക്കുന്നതെന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌.
  കേരളത്തില്‍ സിനിമ റിലാസ്‌ ചെയ്‌ത മിക്ക കേന്ദ്രങ്ങളിലും രണ്ടാം വാരമുണ്ടാകുമെന്നാണ്‌ കേട്ടത്‌. പക്ഷെ, സര്‍ക്കാര്‍ തിയേറ്ററായ തിരുവനന്തപുരം കൈരളിയില്‍ മാത്രം അവര്‍ പടം മാറ്റാനാണു ശ്രമിക്കുന്നതെന്നും കേട്ടു....

  ReplyDelete
 27. Haree

  There was a press conference yesterday at Ernakulam by Sibi Malayil about this movie. The news is available at Deepika.com

  ReplyDelete
 28. അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ ഏവര്‍ക്കും നന്ദി. :-)

  ദീപിക വാര്‍ത്തയില്‍ നിന്നും:
  "അഭിനേതാക്കള്‍ കുറവാണെന്നതാണ് മലയാള സിനിമയുടെ പ്രശ്നം. സൂപ്പര്‍ സ്റ്റാറുകളുടെയും പേരെടുത്ത നിര്‍മാതാക്കളുടെയും സിനിമയ്ക്ക് പിറകെയാണ് മലയാളത്തിലെ തിയേറ്റര്‍ ഉടമകള്‍. സിനിമയുടെ ഗുണം നോക്കാന്‍ ഇക്കൂട്ടര്‍ തയാറാകുന്നില്ല. ടി.ഡി. ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് ആറ്‌ ബി എന്ന സിനിമയ്ക്ക് സംഭവിച്ചതും ഇതു തന്നെ. നല്ല കലാമൂല്യമുണ്ടായിട്ടും ഈ സിനിമ കാണാന്‍ പ്രേക്ഷകരില്ലാതെ പോയതും അതു കൊണ്ടാണെന്ന് സിബി മലയില്‍ പറഞ്ഞു."

  ഇന്ത്യാവിഷന്‍ പരിപാടി യൂട്യൂബില്‍ തിരഞ്ഞുവെങ്കിലും കണ്ടുകിട്ടിയില്ല. ഇങ്ങിനെയൊരു പ്രചാരം ഈ സിനിമയ്ക്ക് നല്‍കുവാന്‍ ചിത്രവിശേഷം ഒരു ചെറിയ നിമിത്തമായി എന്നത് വളരെ സന്തോഷം നല്‍കുന്ന കാര്യമാണ്. :-)

  @ Cp..., ടി.സി.രാജേഷ്
  സിനിമ കാണുവാനും സിനിമയെ പ്രോത്സാഹിപ്പിക്കുവാനും തയാറായതിനും, കൂടാതെ ആ വിവരങ്ങള്‍ ഇവിടെ പങ്കുവെയ്ക്കുവാന്‍ മനസുകാട്ടിയതിനും പ്രത്യേകം നന്ദി.
  --

  ReplyDelete
 29. രാജേഷ് പറഞ്ഞതു പോലെ രണ്ടു കുട്ടികളും നിര്‍മ്മാതാക്കളുടെ മക്കള്‍ തന്നെയാണെന്നാണ് അറിയാന്‍ കഴിഞ്ഞത് (മറൂനാടന്‍ മലയാളികള്‍ എന്നും കേട്ടു), മോഹന്‍ രാഘവന്‍ ഫിലിം ഇന്‍സ്റ്റിട്യൂട്ട് പ്രൊഡക്റ്റും. ഒരു കോടിയില്‍ താഴെയാണ് ഈ ഫിലിമും പക്ഷെ മുടക്കുമുതല്‍ കിട്ടുമോ എന്ന് കണ്ടറിയണം. 86 ലക്ഷം മാത്രം മുടക്കു മുതല്‍ ഉണ്ടായിരുന്ന ‘കേരള കഫേ’യും (സാമ്പത്തികമായി) നഷ്ടമായിരുന്നു. ഈ സിനിമ ഞാന്‍ കാണുമ്പോള്‍ വെറും മുപ്പതോളം പ്രേക്ഷകര്‍, പക്ഷെ തൊട്ടടുത്ത തിയ്യേറ്ററില്‍ ‘ഇന്‍ വേസ്റ്റ് ഹൌസ് ഇന്‍’ എന്ന സിനിമക്ക് ഇപ്പോഴും ഹൌസ് ഫുള്‍.

  നല്ല സിനിമ,സൂപ്പര്‍ സ്റ്റാര്‍ഡം,സിനിമാ പ്രതിസന്ധി, നല്ല കഥ/തിരക്കഥയില്ലായ്മ എന്നുള്ളതൊക്കെ മലയാളിക്ക് അവസരം പോലെ ഗീര്‍വാണമടിക്കാനുള്ളതല്ലേ..അല്ലാതെ നല്ല സിനിമ വരുമ്പോള്‍ കാണാനും പ്രോത്സാഹിപ്പിക്കാനുമുള്ളതല്ലല്ലോ ;)

  ReplyDelete
 30. @ shafi: apsarayil appo pramaani kaanaan aarum illayirunno? ippo paapi appacha alle avide?.. entho "good crowd" ennath athra viswasineeyamaayi thoniyilla .. last friday 4 manikkulla showkk njaan avide undaayirunnu janakan kaanaan enn vichaarich avasaana nimisham plan maati, anneram janakanum, daasanum theere aalilaayirunnu, shaniyaazhcha 7 maniyude showkk aanu njaan kayariyath.. appozhum sthithy vathysthamalla.. inji ippo aalukal koodiyo enn arayilla.. njaan kore padangal angane avide ninn kandittund, theere aalilaathe pinne pinne ath ang kathi kayari hit aavum :) (sallapam,kaazhcha etc etc athrathollam varilla ith ennaalum)

  ReplyDelete
 31. ഹരീ... താങ്കളുടെ റിവ്യൂ വായിച്ചിട്ടാണ്‌ ഈ ചിത്രം കണ്ടില്ലെങ്കില്‍ അത്‌ അധാര്‍മ്മികതയായിപ്പോകും എന്ന തോന്നലുണ്ടായത്‌... അതുകൊണ്ട്‌ തന്നെ, ഇന്നലെ സെക്കന്‍ഡ്‌ ഷോയ്ക്ക്‌ രഞ്ജിത്‌ ശങ്കറുമായി പോയി ഈ ചിത്രം കണ്ടു. എന്റെ അഭിപ്രായങ്ങള്‍ സിനിമാനിരൂപണം ബ്ലോഗ്‌ സ്പോട്ടില്‍ ഇട്ടിട്ടുണ്ട്‌.. :-)

  ReplyDelete
 32. kaanan pattiyilla...aake 10-15 theatre ile release aayullu....enkilum trailer kandappole different aaya padam ennoru feel kitti...

  ReplyDelete
 33. ഈ സിനിമയ്ക്ക് പൊതുവേ ആളുകള്‍ കുറവാണ്.
  പുതുമയുള്ള സിനിമയ്ക്കായി മുറവിളികൂട്ടുന്ന പ്രേക്ഷകര്‍ എവിടെപ്പോയി ഒളിച്ചിരിക്കുന്നു?

  ReplyDelete
 34. Very nice movie. Head and shoulders above the rest in very recent Malayalam cinema.

  A solid simple story told without gimmicks, 'jaadas' and frills. Skilful sequencing of narrative and transition of scenes. Very compact. Screenplay (with the exception of some of the dialogue) is its strongest point. Good sounds, acting, camera. Background score good in some parts. Hats off to Mohan Raghavan.

  But the ending was escapist and a big letdown. The movie had skillfully stayed clear of sentiment overkill till then.

  Would have been a real good movie if the ending was better, the caricatures were avoided, the kids’ lines made a little more natural, some illogical areas in the plot were modified, the anti-cola protests were not given as much foreground space, and if the background score was a little more contained. The idea of Nandan looking for a marketable story based on the letters, only to be hit by the irony of the reality (inadvertently orchestrated by his own daughter) being more poignant than anything he could come up with is really commendable. Would have been great if the execution of this idea was good as well.

  But the pluses far outweigh these. No Malayali would describe this as a bad film. Yet they won’t go to theatres to watch it.

  Good review.

  ReplyDelete
 35. this filim is very nice Because this is my story 100 percent
  wher did u got this story?

  ReplyDelete