പ്രമാണി (Pramani)

Published on: 3/30/2010 08:56:00 AM
Pramani: A film by B. Unnikrishnan starring Mammootty, Siddique, Sneha, Prabhu etc. A Review by Haree for Chithravishesham.
മോഹന്‍ലാല്‍ നായകനായ ‘മാടമ്പി’ക്കും സുരേഷ് ഗോപി നായകവേഷത്തിലെത്തിയ ‘ഐ.ജി’ക്കും ശേഷം ബി. ഉണ്ണികൃഷ്ണന്‍ രചന നിര്‍വ്വഹിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘പ്രമാണി’. നായകനായി മമ്മൂട്ടിയും മറ്റു വേഷങ്ങളില്‍ സിദ്ദിഖ്, പ്രഭു, സ്നേഹ തുടങ്ങിയവരുമാണ് ഈ ചിത്രത്തിലുള്ളത്. സൂര്യ ഫിലിംസിന്റെ ബാനറില്‍ ഈ ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത് ബി.സി. ജോഷി. പലപ്രാവശ്യം വേവിച്ച പരിപ്പെടുത്ത് വീണ്ടും വേവിച്ച് ‘മാടമ്പി’യാക്കി ഉണ്ണികൃഷ്ണന്‍ വിളമ്പിയപ്പോള്‍ അതിനത്രയ്ക്ക് ദഹനക്കേട് തോന്നിയില്ല. എന്നാലതു തന്നെ വീണ്ടും വെച്ചുവിളമ്പുവാന്‍ ചെറിയ തൊലിക്കട്ടി മതിയാവില്ല. അത്തരമൊരു സാഹസമാണ് ബി. ഉണ്ണികൃഷ്ണന്‍ ‘പ്രമാണി’യിലൂടെ ചെയ്തിരിക്കുന്നത്.

ആകെത്തുക     : 2.75 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 0.00 / 10
: 2.00 / 10
: 4.00 / 10
: 3.00 / 05
: 2.00 / 05
‘മാടമ്പി’യുമായൊരു താരതമ്യമെടുത്താല്‍ പലിശക്കാരനു പകരം അഴിമതിക്കാരനായ പഞ്ചായത്ത് പ്രസിഡന്റാണിവിടെ നായകന്‍. നായകന്റെ സ്ഥിരം വൈരികളുമായുള്ള ഉടക്കുകള്‍‍, കൂടെപ്പിറപ്പുകളുമായുള്ള അസ്വാരസ്യങ്ങള്‍, അനിയന്റെ മറുകണ്ടം ചാട്ടം, എല്ലാവരാലും തെറ്റിദ്ധരിക്കപ്പെടല്‍, ഒടുവില്‍ എല്ലാം കലങ്ങിതെളിഞ്ഞ് ശുദ്ധി തെളിയിച്ച് നായകന്റെ വിജയം; ‘മാടമ്പി’യില്‍ നാം കണ്ട ഈ രംഗങ്ങളൊക്കെ തന്നെ ഇതിലും. ചിത്രത്തിന്റെ കഥയിലോ തിരക്കഥയിലോ അതുമല്ലെങ്കില്‍ സംഭാഷണങ്ങളിലോ നല്ലതെന്നു പറയുവാന്‍ പേരിനെങ്കിലും ചിലതൊക്കെ വേണമല്ലോ, പാഴൂര്‍ പടിയില്‍ പോയി കവടി നിരത്തേണ്ടി വരും ഇതിലത്തരമെന്തെങ്കിലും കണ്ടെത്തുവാന്‍! (അതല്ലെങ്കില്‍ സിനിമയുമായി ബന്ധപ്പെടുത്തി ചാനലുകളില്‍ വരുന്ന ചര്‍ച്ചകള്‍ കാണുക.) സംവിധായകന്റെ മുന്‍‌ചിത്രങ്ങളുടെ കഥകളും പറഞ്ഞു പഴകിയവയായിരുന്നെങ്കിലും കാണുവാനൊരു രസമുണ്ടായിരുന്നു. ഇവിടെ ആ മിടുക്കും സംവിധായകനു കൈമോശം വന്നിരിക്കുന്നു.

Cast & Crew
Pramani

Directed by
B. Unnikrishnan

Produced by
B.C. Joshy

Story / Screenplay, Dialogues
B. Unnikrishnan

Starring
Mammootty, Sneha, Siddique, Suresh Krishna, Suraj Venjaramood, Lakshmi, Shanu, Lakshmipriya, Baiju, Prabhu, P. Sreekumar, Baburaj, Janardanan, Biju Pappan, Salim Kumar, KPAC Lalitha, Kalabhavan Mani etc.

Cinematography (Camera) by
Shamdat

Editing by
Manoj

Art Direction by
Joseph Nellikkal

Music by
M. Jayachandran

Lyrics by
Gireesh Puthenchery

Make-Up by
P.N. Mani

Costumes by
S.B. Satheesan

Choreography by
Dinesh

Action (Stunts / Thrills) by
Mafia Sasi

Banner
Surya Cinema

Released on
March 26, 2010

തീര്‍ത്തും ശുഷ്കമായ കഥാപാത്രങ്ങളെ അഭിനയിപ്പിച്ചു ഫലിപ്പിക്കുവാന്‍ അഭിനേതാക്കള്‍ വല്ലാതെ വിഷമിക്കുന്നു. ‘അമേരിക്ക’ എന്നു വിളിപ്പേരുള്ള പഞ്ചായത്ത് പ്രസിഡന്റ് വിശ്വനാഥ പണിക്കരെ പ്രൊമോയില്‍ പറയുന്നതുപോലെ അറിയുവാനും മാത്രമൊന്നുമില്ല. മമ്മൂട്ടി അവതരിപ്പിക്കുന്ന പണിക്കരുടെ രൂപവും ഭാവവുമൊക്കെ ‘വല്യേട്ടനി’ലും ‘വേഷ’ത്തിലുമൊക്കെ നാം കണ്ട കഥാപാത്രങ്ങളുടെ പതിവു രീതിയില്‍ തന്നെ. സിദ്ദിഖിന്റെയും സുരേഷ് കൃഷ്ണയുടേയും ലക്ഷ്മിയുടേയും സ്നേഹയുടേയുമൊക്കെ കഥാപാത്രങ്ങളുടെ കാര്യവും വ്യത്യസ്തമല്ല. അതിഥി താരമായെത്തുന്ന പ്രഭുവിന്റെ കഥാപാത്രവും നിറം മങ്ങി നില്‍ക്കുന്നു. ചേമ്പില്‍ അശോകന്റെ പ്രതിപക്ഷ നേതാവ് ഇതിനിടയിലും അല്പം ശ്രദ്ധ നേടുന്നുണ്ട്. ഷാനു, ബൈജു, സുരാജ് വെഞ്ഞാറമ്മൂട്, സലിം കുമാര്‍, ജനാര്‍ദ്ദനന്‍, ലക്ഷ്മിപ്രിയ, പി. ശ്രീകുമാര്‍ തുടങ്ങിയവര്‍ക്കൊപ്പം ഒന്നോ രണ്ടോ രംഗങ്ങളിലായി കെ.പി.എ.സി. ലളിത, കലാഭവന്‍ മണി തുടങ്ങി്യൊരു നീണ്ട താരനിരതന്നെ ചിത്രത്തിലുണ്ട്.

സാങ്കേതികമേഖലകളില്‍ പ്രവര്‍ത്തിച്ചവരാണ് ചിത്രത്തില്‍ അല്പമെങ്കിലും മികവ് പുലര്‍ത്തുന്നത്. എന്നാല്‍ ഇവരുടെയൊക്കെ പ്രയത്നം വെള്ളത്തില്‍ വരച്ച വരപോലെയായല്ലോ എന്നതാണ് ദുഃഖകരം. പാടവരമ്പും കായല്‍ക്കരയുമൊക്കെ ചേരുന്ന ഗ്രാമഭംഗി ശ്യാംദത്ത് സുന്ദരമായി ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. മനോജിന്റെ ചിത്രസന്നിവേശം, ജോസഫ് നെല്ലിക്കലിന്റെ കലാസംവിധാനം, എസ്.ബി. സതീശന്റെ വസ്ത്രാലങ്കാരം എന്നിവയുടെ മികവും ചിത്രത്തെ സംബന്ധിച്ചിടത്തോളം അധികപ്പറ്റാണ്. സുരേഷ് കൃഷ്ണയുടെ വേഷം ഒഴിച്ചു നിര്‍ത്തിയാല്‍ പി.എന്‍. മണിയുടെ ചമയവും തരക്കേടില്ല. ഗിരീഷ് പുത്തഞ്ചേരി എഴുതി എം. ജയചന്ദ്രന്‍ ഈണമിട്ട ഗാനങ്ങളില്‍, കെ.ജെ. യേശുദാസിന്റെ ശബ്ദത്തിലുള്ള “ഒരുവെണ്ണിലാ പൂപ്പാടം...” എന്ന ഗാനം ഏറെ ശ്രദ്ധേയം. മാഫിയ ശശി ഒരുക്കിയിരിക്കുന്ന സംഘട്ടനങ്ങള്‍ക്കും, “കറകറങ്ങണ കിങ്ങിണിത്താറാവേ...” എന്ന ഗാനത്തിനു ചുവടുകളിട്ട ദിനേശിന്റെ നൃത്തസംവിധാനത്തിനും ഏറെ മികവു പറയുവാനില്ല. ചിത്രത്തിലുപയോഗിച്ച പശ്ചാത്തല ശബ്ദങ്ങളും പലപ്പോഴും അരോചകങ്ങളാണ്.

മലയാളസിനിമയുടെ പ്രമാണിയാകുവാനുള്ള കളികള്‍ക്കിടയില്‍ ‘എന്നാലൊരു പടം ചെയ്തേക്കാം’ എന്നു കരുതി പടച്ചുവിടുന്ന ഒന്നിന് ഇതിലപ്പുറം മികവ് പ്രതീക്ഷിക്കുന്നത് പ്രേക്ഷകരുടെ പിഴ. മലയാള സിനിമയില്‍ ഇന്നുള്ള അല്പപ്രതിഭകളില്‍ ഒരാള്‍ തന്നെയാണ് ബി. ഉണ്ണികൃഷ്ണനുമെന്ന് ഏവര്‍ക്കും മനസിലാക്കുവാനായി എന്നതാണ് ഈ ചിത്രം കൊണ്ടുള്ള ഏക നേട്ടം. ചിത്രം മലയാളമായതിനാല്‍ യുക്തിയില്ലായ്മ എന്നാരെങ്കിലും നിരൂപിച്ചാല്‍, അങ്ങിനെ നിരൂപിക്കുന്നയാള്‍ മണ്ടനാവും. എന്നാലും വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നയാള്‍ പുറത്ത് പറയുന്നതു കേള്‍ക്കുന്നതൊക്കെ കാണിച്ചത് അക്രമമായിപ്പോയി. ‘പ്രമാണി’യൊക്കെ കണ്ടാല്‍, ഇവരുടെയൊക്കെ പെറ്റമ്മമാര്‍ക്ക് പോലും സഹിക്കുവാനാവുമോ എന്നാണ് സംശയം. പാവം പ്രേക്ഷകരുടെ കാര്യം പിന്നെ പറയേണ്ടല്ലോ!
വിശേഷകവാക്യം: “ഈ പടമൊക്കെ കണ്ട്, ഫാന്‍സായിപ്പോയി എന്ന ഒറ്റക്കാരണത്താല്‍ കൈയ്യടിക്കേണ്ടി വരുന്നവരെക്കുറിച്ചോര്‍ത്ത് നമുക്ക് നമ്മുടെ ദുഃഖം മറക്കാം. എന്നാലവര്‍ക്കോ?”
--

10 comments :

 1. ബി. ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകവേഷത്തിലെത്തുന്ന ‘പ്രമാണി’യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  newnHaree #Pramani; same old wine, not even changing the bottle!
  5:59 PM Mar 27th via web
  --

  ReplyDelete
 2. പടം പത്തു നിലയില്‍ പൊട്ടിയിട്ടും ഉണ്ണികൃഷണന്റെ വാചകമടിക്ക് ഒരു കുറവും ഇല്ല. ഫെഫ്കയുടെ ആരാണ്ടാണന്ന് പറഞ്ഞ് എന്നാ നിഗളിപ്പാ. ഉണ്ണികൃഷണന് പറ്റിയ പണി പഴയ ടെലിഫിലിം തന്നയാ... നമുക്ക് ടിവി യങ്ങ് ഓഫ് ചെയ്യാമല്ലോ

  ReplyDelete
 3. അഹമ്മതി എന്നല്ലാതെ എന്ത് പറയാന്‍ !!! വിനയമുള്ള ചേട്ടന് പകരം വന്ന ഉണ്ണിമോനും രൂപത്തില്‍ മാത്രേ വ്യത്യാസമുള്ളൂ !!! എടുക്കുന്ന പടങ്ങളും പറയുന്ന വര്‍ത്തമാനവും ഏകദേശം ഒന്ന് തന്നെ !!

  ReplyDelete
 4. അപ്പൊ പറഞ്ഞു കേട്ടത്ര മികവില്ല അല്ലേ?

  ഉണ്ണികൃഷ്ണന്‍ പുതുമയുള്ള ഒരു പടം പിടിയ്ക്കുന്നത് ഏതു കാലത്താണോ ആവോ?

  ReplyDelete
 5. മൂന്ന് രൂ അമ്പത് പൈസയുടെ രണ്ട് പാഴൂർ പടി ടിക്കറ്റ് വേണമാരുന്നു :)

  ReplyDelete
 6. ഉണ്ണികൃഷ്ണന്റെ സംസാരം കേട്ടാല്‍ തോന്നും ഇതെന്തോ ബ്രഹ്മണ്ട സംഭവം ആണ് എന്ന്! ഓസ്കാര്‍ വരെ കിട്ടും എന്ന് തോനിപ്പോവും! എന്തായാലും പൊട്ടി പെട്ടിയിലായപ്പോള്‍ എങ്കിലും ഈ അബദ്ധങ്ങള്‍ മനസ്സിലായിട്ടുണ്ടാവും എന്ന് കരുതുന്നു!

  ReplyDelete
 7. മാടമ്പി കണ്ടതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല. ഉണ്ണികൃഷ്ണന്റെ പുതിയ പടപ്പ്-പ്രമാണിയുടെ നിലവാരവും ഒട്ടും കൂടുതല്‍ പ്രതീക്ഷിച്ചിരുന്നില്ല. മാടമ്പി എങ്ങനെയോ ഫാന്‍സ് കാര് കഷ്ടപ്പെട്ട് കണ്ട് വിജയിപ്പിച്കു. അതായിരിക്കും വീണ്ടും അങ്ങനെയൊരെണ്ണം കൂടി ഇറക്കാന്‍ ഉണ്ണികൃഷ്ണനെ പ്രേരിപ്പിച്ചത്. ഇത്തവണ പണികിട്ടുമ്പോഴെങ്കിലും പഠിച്ചാല്‍ മതിയായിരുന്നു.

  ReplyDelete
 8. karakarangan kingini tharavile surajinte picturisation kanditt madambiyile madambi thanne orma vannu...

  ee comedy tharangale thalli undakkana comedy malayalam cinemayk nirtharayille..?

  ReplyDelete
 9. ഭാഗ്യം നാട്ടിലായിരുന്നതു കൊണ്ട് 40 രൂപയേ ടിക്കറ്റിന് കൊടുത്തുള്ളൂ, മുംബൈയില്‍ വരുമ്പോള്‍ കണ്ടിരുന്നെങ്കില്‍ രൂപാ മുന്നൂറ് സ്വാഹ! ആയേനേ!

  അപ്പൊ 240 ലാഭിച്ചു തന്ന സിനിമയ്‌ക്ക് ആദരാ‍ഞ്ജലികള്‍!

  ReplyDelete
 10. ബുണ്ണികൃഷ്‌ണനെ മാത്രം പറഞ്ഞിട്ടെന്ത്‌?. മലയാള സിനിമയുടെ "തനത്‌' കഥ തന്നെയല്ലേ ഇത്‌?. ഹാഫ്‌ ടൈമിനു തൊട്ടുമുമ്പ്‌ സിദ്ദീഖും കുടുംബവും മമ്മൂക്കയെ തള്ളിപ്പറയുമെന്ന്‌ പടം തുടങ്ങുമ്പോ തന്നെ അറിഞ്ഞിരുന്നു. സിദ്ദീഖിന്റെ സഹകഥാപാത്രത്തെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന്‌ നമ്മളെത്ര കണ്ടിരിക്കുന്നു. അലിഭായ്‌, അണ്ണന്‍ തമ്പി എന്നിവ ഓര്‍മ വരുന്നു. ഈ തല്ലിപ്പൊളിത്തരം കണ്ട്‌ പൈസ പോയതില്‍ നിരാശപ്പെടുന്നതിനിടയില്‍ എപ്പോഴാണ്‌ ഇതിന്റെ സാങ്കേതികവശങ്ങളൊക്കെ നോക്കാന്‍ ഹരിക്ക്‌ നേരം കിട്ടുന്നതെന്താണത്ഭുതം. പടം ഇറങ്ങിയ അന്ന്‌ ടി.വിയില്‍ ബുണ്ണികൃഷ്‌ണന്‍ സാറ്‌ കാച്ചിയ പ്രസംഗം കേട്ടാ ഇതുപോലൊരു ഉദാത്ത സിനിമ മലയാളത്തില്‍ ഇനി ഇറങ്ങാന്‍ പോകുന്നേ ഇല്ല എന്നു തോന്നും. ഇത്തരം ചളിപ്പടങ്ങള്‍ നിര്‍മിക്കുന്ന അല്‍പന്മാരാണ്‌ വിവാദങ്ങളുണ്ടാക്കി നമ്മുടെ 'സാംസ്‌കാരിക' നായകന്മാരായി ചമയുന്നതും തിലകനെപ്പോലുള്ള മഹാനടന്മാരെ കുത്തിനോവിച്ചു രസിക്കുന്നതും.
  ഞാന്‍ മലയാള സിനിമ കാണുന്നത്‌ നിര്‍ത്തി. (തല്‍ക്കാലത്തേക്ക്‌).

  ReplyDelete