
2.0
3.0
4.5
3.5
4.0
ശ്രീനാരായണ ഗുരുദേവന്റെ ജീവിതത്തിലെ ചില ഏടുകളുടെ ദൃശ്യാവിഷ്കാരമാണ് പ്രധാനമായും ഈ ചിത്രം. ജഗതി ശ്രീകുമാര്‍ - കല്പന, കലാഭവന്‍ മണി - നവ്യ നായര്‍ തുടങ്ങിയവരവതരിപ്പിക്കുന്ന ചില ദമ്പതിമാരിലൂടെ ചില കഥാസന്ദര്‍ഭങ്ങള്‍ കൂടി കൂട്ടിയിണക്കിയിട്ടുണ്ടെന്നു മാത്രം. ഡോ. പല്പുവായി സിദ്ദിഖ്, അയ്യങ്കാളിയായി ബാബു ആന്റണി, സി.കെ. കുട്ടനായി മമ്മൂട്ടി; എന്നിങ്ങനെ പ്രമുഖ വ്യക്തികള്‍ക്ക് പരിചിതരായവരും അല്ലാത്തവരുമായ ഒരുപിടി നടന്മാര് ജീവന് നല്കിയിരിക്കുന്നു. ശ്രീനാരായണ ഗുരുദേവനെ അവതരിപ്പിച്ച തലൈവാസല്‍ വിജയ്യുടെ അഭിനയവികവ് എടുത്തു പറയേണ്ടതുണ്ട്. വിവിധ കാലഘട്ടങ്ങളിലെ ഗുരുദേവനെ, ഒരു വ്യക്തിയുടെ തന്നെ വിവിധ പ്രായത്തിലെ ശരീരഭാഷകളില്‍, അഭിനയിപ്പിച്ചു ഫലിപ്പിക്കുവാന്‍ വിജയ്ക്ക് കഴിഞ്ഞു. അദ്ദേഹത്തിനു ശബ്ദം നല്കിയ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനും കഥാപാത്രത്തിന്റെ വിജയത്തില്‍ പങ്കുണ്ട്. മറ്റുള്ളവരില്‍ മമ്മൂട്ടി, സിദ്ദിഖ്, കലാഭവന്‍ മണി, കുമാരനാശാനായെത്തിയ സജി വക്കനാട്, സായി കുമാര്‍; ഒരു പരിധിവരെ ദേവന്, ബാബു ആന്റണി; ഇത്രയും അഭിനേതാക്കളെ ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റുള്ളവരുടെ അഭിനയം ദയനീയം. നവ്യ നായര്‍, സലിം കുമാര്‍, ജഗതി ശ്രീകുമാര്‍, കല്പന, ജിഷ്ണു തുടങ്ങിയവരുടെയൊക്കെ അമിതാഭിനയം പല രംഗങ്ങളിലും മുഴച്ചു നിന്നു. ചിത്രത്തിലെ ഗാന്ധിജി, ചട്ടമ്പിസ്വാമികള്‍ തുടങ്ങിയവരുടെ അവതരണവും ശുഷ്കമായിരുന്നു. ഇതിനെല്ലാം പുറമേ, ചെറുവേഷങ്ങളിലെത്തിയ മറ്റു നടീനടന്മാരെ സ്വാഭാവികതയോടെ അഭിനയിപ്പിച്ചെടുക്കുന്നതിലും സംവിധായകന് പരാജയമായി.3.0
4.5
3.5
4.0
4.25
ശ്രീനാരായണ ഗുരുദേവനൊഴികെ മറ്റൊരു കഥാപാത്രത്തിനും അവയര്‍ഹിക്കുന്ന ആഴമോ പരപ്പോ നല്കുവാന് തിരക്കഥാകൃത്തിനായിട്ടില്ല. ഒരു രംഗത്തില്‍ പെട്ടെന്ന് വന്ന് മറ്റൊന്നില്‍ അതുപോലെ മറയുന്ന രീതിയിലാണ് പല കഥാപാത്രങ്ങളും. ഒരുപക്ഷെ അവരൊക്കെയും ചരിത്രപുരുഷന്മാരാകയാല് അവരാരാണ്, എന്താണ്, അവരെങ്ങിനെ ഗുരുവുമായി ബന്ധപ്പെട്ടു തുടങ്ങിയ വസ്തുതകളെല്ലാം കാണികള്‍ക്ക് അറിവുള്ളതാണ് എന്നൊരു ധാരണയാവാം ഇതിനു പിന്നില്‍. ഗൂരുവിന്റെ പ്രായം കൂടുന്നു എന്നതു കണക്കിലെടുക്കാതെ രംഗങ്ങളെ അങ്ങോട്ടുമിങ്ങോട്ടും മാറ്റിയിട്ടാലും (അതേസമയം തന്നെ, മറ്റുള്ളവര്‍ക്ക് കാര്യമായ മാറ്റമൊന്നും കാണുവാനുമില്ല!) സിനിമയ്ക്ക് ഒന്നും സംഭവിക്കില്ല. ഗുരുദേവന്റെ ജീവിതത്തിലെ ചില സന്ദര്‍ഭങ്ങളേയും, ചില അശയങ്ങളേയും ദൃശ്യവത്കരിക്കുവാനായി എന്നതിനപ്പുറം സിനിമയെന്ന കലാരൂപത്തോട് നീതി പുലര്‍ത്തുവാന്‍ തക്കവണ്ണം സംവിധായകന് ഇതിലൊന്നും ചെയ്തിട്ടില്ല. ആത്മസംഭാഷണങ്ങളും പരസ്പരസംഭാഷണങ്ങളും മാത്രം ചിത്രീകരിച്ച് കൂട്ടിച്ചേര്‍ത്താല്‍ അതൊരു സിനിമയാവില്ലല്ലോ! അതിനാല്‍ ഇതിനെയൊരു ദൈര്‍ഘ്യമേറിയ ഡോക്യുമെന്ററി ചിത്രമായി കാണുകയാവും നല്ലത്. ആ രീതിയില്‍ കണ്ടാല്‍, പല മേഖലകളിലും മികവുപുലര്‍ത്തുന്ന ഒന്നാണിതെന്നും പറയേണ്ടതുണ്ട്.
ഒരു ചരിത്രപുരുഷനെക്കുറിച്ചുള്ള ചിത്രത്തോട് നീതി പുലര്‍ത്തുവാന്‍ ചിത്രത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച സാങ്കേതിക വിദഗ്ദ്ധര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഗുരുദേവന്റെ ജീവിതത്തിലെ ചരിത്ര നിമിഷങ്ങള്‍ വിശ്വസിനീയമായി പുനഃസൃഷ്ടിക്കുന്നതില്‍ അണിയറപ്രവര്‍ത്തകര്‍ വിജയിച്ചിരിക്കുന്നു. രാമചന്ദ്രബാബു പകര്‍ത്തിയ ദൃശ്യങ്ങളെ സന്നിവേശിപ്പിച്ചിരിക്കുന്നത് സായി സുരേഷ്. കെ. കൃഷ്ണന് കുട്ടിയുടെ കലാസംവിധാനവും; വസ്ത്രാലങ്കാരത്തില്‍ എസ്.ബി. സതീശന്, ചമയത്തില്‍ പട്ടണം റഷീദ് എന്നിവരുടെ മികവും കാലഘട്ടത്തെ തനിമയോടെ അവതരിപ്പിക്കുന്നതില്‍ പങ്കുവഹിച്ചു. ഗുരുദേവനു ചുറ്റും ഇടയ്ക്കൊക്കെ കാണുന്ന പ്രഭാവലയം, ഗുരു സ്ഥാപിക്കുന്ന വിഗ്രഹത്തില്‍ നിന്നും പുറത്തുവരുന്ന വെളിച്ചം; തുടങ്ങിയ മുരുകേഷിന്റെ ചില ഇഫക്ടുകള്‍ ഒഴിവാക്കാമായിരുന്നു. മോഹന്‍ സിത്താര ഒരുക്കിയിരിക്കുന്ന പശ്ചാത്തലസംഗീതത്തിന് പ്രത്യേകിച്ചൊരു പുതുമയും അവകാശപ്പെടുവാനില്ല, എന്നാല്‍ അദ്ദേഹത്തിന്റെ തന്നെ സംഗീതത്തിലുള്ള ചിത്രത്തിലെ ഗാനങ്ങള്‍ ആകര്‍ഷകങ്ങളാണ്. കൈതപ്രം ദാമോദരന്‍ നമ്പൂതിരി എഴുതിയ ഗാനങ്ങളുടെ വരികള്‍ സിനിമയ്ക്കു ചേരുന്നു. ഉണ്ണി മേനോന് പാടിയിരിക്കുന്ന “കോടി കോടി അടിമകള്‍...”, കെ.ജെ. യേശുദാസിന്റെ ശബ്ദത്തിലുള്ള “ഒരു മതവുമന്യമല്ലെന്നും മനുഷ്യരില്‍...” എന്നീ ഗാനങ്ങളാണ് കൂട്ടത്തില്‍ മികവു പുലര്‍ത്തുന്നത്. സംഘട്ടന രംഗങ്ങളില്‍ അതിമാനുഷികത നിറയ്ക്കാതിരിക്കുവാന് സ്റ്റണ്ട് മാസ്റ്റര്‍ മാഫിയ ശശി ശ്രദ്ധ കൊടുത്തു. അധികം മടൂപ്പിക്കാതെ അവസാനിക്കുന്ന സംഘട്ടനങ്ങള്‍ ചിത്രത്തോടു ചേര്‍ന്നു പോവുന്നു.
ശ്രീനാരായണഗുരുവിനെ മഹത്വവത്കരിക്കുവാനായി ചിലയിടങ്ങളിലെങ്കിലും യഥാര്ത്ഥചരിത്രത്തില് നിന്നും സംവിധായകന് വ്യതിചലിച്ചിരിക്കുന്നു എന്നൊരു അഭിപ്രായവും അറിയുവാന്‍ കഴിഞ്ഞു. ശ്രീനാരായണഗുരുവിനെക്കുറിച്ചും ആ കാലഘട്ടത്തെക്കുറിച്ചും കൂടുതല്‍ ചരിത്രപരിചയമുള്ളവര്ക്ക് മാത്രമേ വസ്തുതാപരമായ ശരിതെറ്റുകള്‍ ചൂണ്ടിക്കാണിക്കുവാനാവുകയുള്ളൂ. യഥാര്ത്ഥവസ്തുതകളെ മാനിക്കാതെയുള്ള ഒന്നാണിതെങ്കില്‍ നല്ല ഡോക്യുമെന്ററി എന്ന വിശേഷണവും ചിത്രത്തിനു നല്കുവാന് കഴിയുകയില്ല. ‘പാദമുദ്ര’, ‘രാജശില്പി’ എന്നീ ചിത്രങ്ങളുടെ സംവിധായകനായ ആര്. സുകുമാരന്റെ തന്നെയാണ് ‘യുഗപുരുഷന്’ എന്നത് എഴുതിക്കാണിക്കുന്നതു കൊണ്ടു മാത്രം മനസിലാക്കാവുന്നതാണ്. സംവിധായകന്റെ മുന്‍ചിത്രങ്ങളുമായി, സിനിമ എന്ന രീതിയില്‍ ഒരു താരതമ്യത്തിനു പോലും വകയില്ലാത്ത ഒന്നായിപ്പോയി ഈ ചിത്രം. സലിം കുമാറിനെ അവതരിപ്പിക്കുന്ന രംഗവും, അയ്യങ്കാളിയെന്നുള്ള ബാബു ആന്റണിയുടെ സ്വയം വിളംബരവും മറ്റും സംവിധായകന്റെ പാപ്പരത്തത്തിന് ദൃഷ്ടാന്തങ്ങളായി ചിത്രത്തിലുണ്ട്. ഈ രീതിയില്‍ നോക്കിയാല്‍ കുറവുകളെത്രവേണമെങ്കിലും ഇനിയും പറയുവാനാകും. ചുരുങ്ങിയപക്ഷം, ഗുരുവിന്റെ സന്ദേശങ്ങളെ ഒന്നു കൂടി മനസു തുറന്നും കേള്‍ക്കുവാനും ചിലര്‍ക്കെങ്കിലും ഉള്‍ക്കൊള്ളുവാനും സാധ്യത തുറക്കുന്നൊരു സംരംഭം എന്നൊരു നന്മ മാത്രം ഇതില്‍ കാണാം. അങ്ങിനെയൊരു ഗുരുദേവന് ഇത്രയെങ്കിലുമൊക്കെ ചെയ്തതു കൊണ്ട് നാം ഇങ്ങിനെയെങ്കിലുമായി; അങ്ങിനെയൊരു മുന്നേറ്റം ഉണ്ടായിരുന്നില്ലെങ്കില്‍ എന്താവുമായിരുന്നു നമ്മുടെ അവസ്ഥ എന്ന് സ്വയമൊന്ന് ചിന്തിക്കുവാനും പ്രേക്ഷകര്‍ക്ക് അവസരമുണ്ട്.
വാല്‍ക്കഷ്ണം: മനുഷ്യരുടെ ശുചിത്വമില്ലായ്മയും കീഴ്ജാതിയാക്കി കുറച്ചു പേരെ അകറ്റുവാന്‍ കാരണമായിട്ടുണ്ടെന്ന് സിനിമയില്‍ ഗുരുദേവന്. അതു കണ്ടും കേട്ടും അടുത്തിരുന്ന മഹാനുഭാവന് കുപ്പി തുറന്ന് വായകഴുകി മുന്‍ സീറ്റിന്റെ ചുവട്ടിലേക്ക് നീട്ടിയൊരു തുപ്പ്. പിന്നെയുമായപ്പോള് നാലാളു കേള്‍ക്കെ ‘ഛെ’ എന്നൊന്ന് ഉച്ചത്തില്‍ പറഞ്ഞപ്പോള്‍ പരിപാടി നിര്‍ത്തിയെങ്കിലും; ആ ‘ഛെ’ വിളി ഉള്ളില്‍ നിന്നു വരാത്തിടത്തോളം നികൃഷ്ട ജാതിയായി തന്നെയേ അവനെ കാണുവാന്‍ കഴിയൂ. വിദ്യകൊണ്ട് സ്വാതന്ത്ര്യം നേടുവാനേ ഗുരു പറഞ്ഞുള്ളൂവെങ്കിലും, സ്വാതന്ത്ര്യത്തിന്റെ അതിര്‍വരമ്പുകള്‍ നിശ്ചയിക്കുന്ന വിവേകം കൂടി അതോടൊപ്പം നേടുമെന്ന് ഗുരു ആശിച്ചിരിക്കണം.
Description: Yugapurushan - A Malayalam (Malluwood) film directed by R. Sukumaran; Starring Thalaivasal Vijay, Mammootty, Kalabhavan Mani, Saikumar, Devan, Siddique, Babu Antony, Jagathy Sreekumar, Kalpana, Navya Nair, Salim Kumar, Saji Vakkanad; Produced by A.V. Anoop (Medimix); Story, Screenplay and Dialogues by R. Sukumaran; Camera (Cinematography) by Ramachandra Babu; Editing by Sai Suresh; Art Direction by K. Krishnan Kutty; Stunts (Action) by Mafia Sasi; Background Score by Mohan Sithara; Effects by Murukesh; DTS Mixing by ; Titles by ; Make-up by Pattanam Rasheead; Costumes by S.B. Satheesan; Lyrics by Kaithapram Damodaran Namboothiri; Music by Mohan Sithara; Choreography by ; Audio Recording by ; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. Feb 05, 2010 Release.
--
ശ്രീനാരായണ ഗുരുദേവന്റെ ജീവിതം പ്രമേയമാക്കി, ആര്. സുകുമാരന്‍ സംവിധാനം ചെയ്തിരിക്കുന്ന ‘യുഗപുരുഷന്’ എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete--
നല്ല റിവ്യൂ ഹരീ,അപ്പൊ ട്രയിലെര്‍ കണ്ടപ്പോള്‍ തോന്നിയത് പിഴച്ചില്ല.ഇത്തരത്തില്‍ എടുത്ത എതെങ്കിലും ചിത്രം നമ്മുടെ ഭാഷയില്‍ നന്നായി വന്നിട്ടുണ്ടോ.(ആ വാല്‍ക്കഷണം ശരിയ്ക്കും പിടിച്ചു.:D)
ReplyDeleteThere are not many commercial directors in Indian cinema who can create a good movie about any historical persons. R. Sukumaran is an average director. I beleive I.V. Sasi might have done a better job. Richard Attenborough created good movie aboutb'Ghandhi', but if Ramesh Sippy directed this movie, he might have asked Dharmendra or Amitabh Bachchan to do Gandhi's role.
ReplyDeleteട്രയിലര്‍ കണ്ടപ്പോള്‍ ഈ സിനിമ ഇങ്ങനെയൊക്കെ ആയിരിക്കും എന്ന് തോന്നിയിരുന്നു.
ReplyDeleteസുകുമാരന്റെ പാദമുദ്ര നല്ല സിനിമയാണെനിലും രാജശില്പി ഒരു തരം നാടകം എന്നേ പറയാന്‍ പറ്റൂ.
പിന്നെ വാല്‍ക്കഷണത്തില്‍ പറഞ്ഞത് അത് മിക്കവാറും എല്ലാ മലയാളികളുടെയും സ്വഭാവമാണ്, ഇത്രയും പരിസരബോധം ഇല്ലാത്ത വര്‍ഗ്ഗം പിന്നെ ബംഗാളികായിരിക്കും ലിഫ്റ്റിന്റെ അകത്ത് തുപ്പി വെക്കാനും, കാറിലും, ലിഫ്റ്റിലും ആളുകള്‍ കൂടുന്ന പൊതുസ്ഥലങ്ങളില്‍നിന്ന് സിഗരറ്റ് വലിച്ച് മറ്റുള്ളവന്റെ അണ്ണാക്കില്‍ പുക ഊതി രാഷ്ട്രീയവും അന്താരാഷ്ടീയ പ്രശ്നവും ചര്‍ച്ച ചെയ്യാന്‍ മലയാളിക്കേ കഴിയൂ...... മികച്ച വിദ്യാഭ്യാസം ഉള്ളവര്‍ പോലും വ്യത്യസ്ഥരല്ല.....
പ്രിയ ഹരീ,
ReplyDeleteയുഗപുരുഷന്റെ റിപ്പോര്‍ട്ട് വല്ലതും കിട്ടിയോ എന്ന സുഹൃത്തിന്റെ ആവേശമുള്‍ക്കൊണ്ടാണ് അഗ്രിഗേറ്ററിലൊന്ന് കണ്ണോടിച്ചത്. വളരെ മനോഹരമായി, വസ്തുനിഷ്ഠമായി നിരൂപണം എന്ന കല കൈകാര്യം ചെയ്തിരിക്കുന്നു. ഹരിയുടെ വരികളില്‍ നിന്നും പ്രതീക്ഷിച്ചത്ര പോരാ എന്നൊരു അഭിപ്രായം വായിച്ചെടുക്കാന്‍ പറ്റി. എങ്കിലും,
"ചുരുങ്ങിയപക്ഷം, ഗുരുവിന്റെ സന്ദേശങ്ങളെ ഒന്നു കൂടി മനസു തുറന്നും കേള്‍ക്കുവാനും ചിലര്‍ക്കെങ്കിലും ഉള്‍ക്കൊള്ളുവാനും സാധ്യത തുറക്കുന്നൊരു സംരംഭം എന്നൊരു നന്മ മാത്രം ഇതില്‍ കാണാം. അങ്ങിനെയൊരു ഗുരുദേവന് ഇത്രയെങ്കിലുമൊക്കെ ചെയ്തതു കൊണ്ട് നാം ഇങ്ങിനെയെങ്കിലുമായി; അങ്ങിനെയൊരു മുന്നേറ്റം ഉണ്ടായിരുന്നില്ലെങ്കില്‍ എന്താവുമായിരുന്നു നമ്മുടെ അവസ്ഥ എന്ന് സ്വയമൊന്ന് ചിന്തിക്കുവാനും പ്രേക്ഷകര്‍ക്ക് അവസരമുണ്ട്."
എന്ന വരികളില്‍ നിന്നും ആശയസംവേദനം എന്ന ലക്ഷ്യം കൈവരിക്കാന്‍ കുറച്ചെങ്കിലും സംവിധായകനായിട്ടുണ്ടെന്ന് മനസ്സിലാക്കുന്നു.
ഹരി
അവസാനം എഴുതിയ വാല്ക്കഷണത്തിലൂടെ എന്താണ് ഹരി ഉദ്ദേശിച്ചത് എന്ന് ‘ലളിതമായി‘ ഒന്നു പറയാമോ......
ReplyDeleteഒരു ഡോക്യുമെന്ററിയായി നോക്കിയാല്‍ ചിത്രമത്ര മോശമായി പറയുവാന്‍ കഴിയില്ല. ഇത്രത്തോളം ടെക്നിക്കല്‍ കാര്യങ്ങളില്‍ മികവു പുലര്‍ത്തി ഒരു ഡോക്യുമെന്ററി മലയാളത്തില്‍ അത്ര സുലഭമല്ലല്ലോ! ആശയസംവേദനം എന്നു പറയുവാന്‍ പറ്റില്ല, ആശയങ്ങള്‍ കേള്‍ക്കുവാനും വേണമെങ്കില്‍ അവയെക്കുറിച്ച് ചിന്തിക്കുവാനും അവസരമുണ്ട് എന്നുമാത്രം.
ReplyDeleteമാറാത്ത മലയാളിയെക്കുറിച്ചെഴുതിയത് അത്ര കഠിനമായാണോ!
--
കൊള്ളാം. ഹരി, എനിക്ക് പറയാനുള്ളത്, ഒരു ചരിത്ര പശ്ചാത്തലം അല്ലെങ്ങില്‍ ഒരു Period swabahaavam ഉള്ള ഒരു സിനിമ എടുക്കാന്‍ മലയാള സിനെമാക്കാവില്ല എന്നാണു. അതിനു വേണ്ടുന്ന മാനങ്ങള്‍ ഉള്ള ഒരു തിരക്കഥയോ, സാങ്ങേതിക മേന്മയോ ഒരുക്കാന്‍ മലയാലതിനായിട്ടില്ല. ഒരു വടക്കന്‍ വീരഗാഥയും, തിരക്കഥയിലെ പാളിച്ചകള്‍ മാറ്റിയാല്‍ കാലപാനിയും മാത്രമാണ് മാറ്റി നിറുത്താന്‍ കഴിയുന്ന ചിത്രങ്ങള്‍. ആത്മാര്തമായി നോക്കിയാല്‍ പഴശ്ശി രാജാ പോലും ഒരു ക്ലാസ്സിക് പീരീഡ് സിനിമ ആയിട്ടില്ല. പലരും ഇപ്പരഞ്ഞതിനെ എതിര്‍ക്കുമായിരിക്കും. പാദമുദ്ര കണ്ടു മനസ്സ് കൊണ്ട് നമിച്ച ഒരു സംവിതായകനായിരുന്നു സുകുമാരന്‍. രാജശില്പി കണ്ടതോടെ ആ ബഹുമാനം തീര്‍ന്നു. ഇനിയിപ്പോ പറയാനുമില്ല.
ReplyDeleteപിന്നെ ഹാളിനുള്ളിലെ മലയാളിയുടെ പെരുമാറ്റം വളരെ വളരെ മോശമായിക്കൊണ്ടിരിക്കുവാന്. അടുത്തിരുന്നു തുപ്പുന്നവരെ സഹിക്കുവാനാകാതെ ഇറങ്ങി പോകേണ്ടി വന്നിട്ടുണ്ട്. തുപ്പല് മാത്രമല്ല, മുന്‍പിലത്തെ സീറിനെ താഴെയാണ് എന്റെ dustbin എന്നാണു എല്ലാവരും ധരിച്ചു വെച്ചിരിക്കുന്നത്. പുറത്തേക്കു ചായ കപ്പു കൊണ്ട് പോകുന്നത് കാണുമ്പോള്‍ വിദ്യഭാസമുള്ള പല മലയാളിയും ഒരു പുച്ച ചിരിയോടെ എന്നെ നോക്കിയിട്ടുണ്ട്.
ഹരിക്ക് സോപ്പ് കിട്ടിയില്ലെ.. ?
ReplyDeleteഞാൻ ഈ സിനിമ കണ്ടില്ല.. കാണാൻ പോയവർ ഒരു തുണ്ട് സോപ്പും കൊണ്ട് വന്നിരുന്നു.. വ്യക്തിശുചിത്വം..:)
(കാലം കുറെ കൂടി ഇന്നാണ് ഇതിനകത്ത് കേറാനൊത്തെ..)
കഴിഞ്ഞ 25 വര്‍ഷമായി മെഡിമിക്സ് സോപ്പ് മാത്രം തേച്ചു കുളിക്കുന്ന എനിക്ക് ഇപ്പോള്‍ സൗജന്യമായി ഒരു കഷണം മെഡിമിക്സ് സോപ്പു കിട്ടിയതെന്നതാണ് ഈ സിനിമ സംഭാവന ചെയ്ത ഗുണം....
ReplyDeleteപിന്നെ, ഹരീ, താങ്കളുടെ അടുത്തിരുന്നു വായ കഴുകി മുന്സീറ്റിനടിയിലേക്കു തുപ്പിയത് ഒരു താഴ്ന്ന ജാതിക്കാരനാണെന്നാണോ ആ വാല്‍ക്കഷണത്തിന്റെ വിവക്ഷ?
സിനിമ കണ്ടശേഷം വായിച്ചപ്പോഴാണ് കാര്യം പിടികിട്ടിയത്. അതിനു മുമ്പ് അത് സിനിമയിലെ തന്നെ സീനാണെന്നാണു കരുതിയത്.....
അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി.
ReplyDelete‘രാജശില്പി’ അത്ര മോശം ചിത്രമായിരുന്നോ? പണ്ടെങ്ങോ കണ്ടതാണ്. അത്ര ഓര്‍മ്മയില്ല. സോപ്പ് കിട്ടിയില്ല, പ്രേക്ഷകരെ ‘സോപ്പി’ടുന്നത് പിന്നീടാവും തുടങ്ങിയത്! :-)
“അടുത്തിരുന്നു വായ കഴുകി മുന്സീറ്റിനടിയിലേക്കു തുപ്പിയത് ഒരു താഴ്ന്ന ജാതിക്കാരനാണെന്നാണോ...” - ജന്മം കൊണ്ട് ഏതു ജാതിയായാലും കര്‍മ്മം കൊണ്ടു നികൃഷ്ടന്‍ എന്നുദ്ദേശം!
--
സിനിമ കണ്ടില്ല. കാണണമെന്നുണ്ട്. പിന്നെ ഈയിടെ കണ്ടു, അയങ്കാളിയെ മോശമായി ചിത്രീകരിച്ചെന്നും.......മറ്റും മറ്റും. ജാതി തിരിച്ച് ജനം ഒരോരുത്തരെയായി അങ്ങു വീതിച്ചെടുക്കുകയാണ്.ശ്രീ നാരായണഗുരുവും അയ്യങ്കാളിയുമെല്ലാം വാസ്തവത്തില്‍ നമ്മുടെ എല്ലാവരുടേയും പൊതു സ്വത്തല്ലേ. അവരെങ്ങനെ ചിലരുടെ മാത്രം സ്വത്താവും.അവര്‍ എന്തിനു വേണ്ടി പ്രയത്നിച്ചോ ആ ഉദ്ദേശം തന്നെ ഇല്ലാതാക്കും ഇക്കണക്കിനു പോയാല്‍.
ReplyDelete