ഹാപ്പി ഹസ്ബന്റ്സ് (Happy Husbands)

Published on: 1/17/2010 08:29:00 AM
Happy Husbands - A film by Saji Surendran starring Jayaram, Bhavana, Indrajith, Jayasurya etc. Film Review for Chithravishesham by Haree.
'ഇവര്‍ വിവാഹിതരായാല്‍' എന്ന ചിത്രത്തിലൂടെ സംവിധായക രംഗത്തെത്തിയ സജി സുരേന്ദ്രന്റെ രണ്ടാമത് ചിത്രമാണ് ‘ഹാപ്പി ഹസ്‌ബന്റ്സ്’. തന്റെ ആദ്യ ചിത്രത്തിനു രചന നിര്‍വ്വഹിച്ച കൃഷ്ണ പൂജപ്പുരയെ തന്നെയാണ് സംവിധായകന്‍ ഈ ചിത്രത്തിലും രചനയ്ക്കായി ആശ്രയിക്കുന്നത്. ജയറാം, ഭാവന, ജയസൂര്യ, സംവൃത സുനില്‍, ഇന്ദ്രജിത്ത്, റീമ കല്ലിങ്കല്‍, വന്ദന തുടങ്ങിയ ഒരു നീണ്ട താരനിര തന്നെ ഈ ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്നു. ഗാലക്സി പ്ലസ് ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീലാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്.

3.0
3.5
3.5
3.5
2.5
4.00
രണ്ടായിരത്തിരണ്ടില്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘ചാര്‍ളി ചാപ്ലിന്‍’, 2005-ല്‍ തിയേറ്ററുകളിലെത്തിയ അതിന്റെ ഹിന്ദി പതിപ്പ് ‘നോ എന്‍‌ട്രി’ എന്നിവയുടെ ചുവടുപിടിച്ചാണ് കൃഷ്ണ പൂജപ്പുര ഈ ചിത്രത്തിനു തിരനാടകമെഴുതിയിരിക്കുന്നത്. ‘അയലത്തെ അദ്ദേഹ’മെന്ന 1992-ലെ രാജസേനന്‍ ചിത്രത്തിന്റെ കെട്ടും മട്ടും ഈ സിനിമയുടെ ആദ്യപകുതിയ്ക്കുണ്ട്. പ്രമേയത്തില്‍ നര്‍മ്മത്തിനുള്ള സാധ്യതകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റൊന്നും ഇവിടെ എടുത്തു പറയുവാനായില്ല. അപക്വമായ പാത്രസൃഷ്ടിയും സ്വാഭാവികത തോന്നാത്ത സംഭാഷണങ്ങളുമൊക്കെ ചിത്രത്തില്‍ കല്ലുകടിയാണ്. നര്‍മ്മരംഗങ്ങള്‍ ചിരിപ്പിക്കുമെങ്കിലും; തമിഴ്, ഹിന്ദി പതിപ്പുകളില്‍ ഏതെങ്കിലുമൊന്ന് കണ്ടിട്ടുള്ളവര്‍ക്ക് അവയില്‍ ചിരിവരുമോയെന്ന് കണ്ടറിയണം!

ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളുള്‍പ്പടെ മിക്കവയും തനി കോമാളി സ്വഭാവമുള്ളവയാണ്. സംവിധായകന്‍ അങ്ങിനെ തന്നെയാണോ ഉദ്ദേശിച്ചത്, അതോ അഭിനേതാക്കള്‍ അഭിനയിച്ചൊരു വഴിക്കാക്കിയതാണോ എന്ന സംശയം പ്രേക്ഷകര്‍ക്ക് തോന്നിയാല്‍ തെറ്റുപറയുവാനാവില്ല. ജയറാമിന്റെ മുഖത്തു വിരിയുന്ന ഗോഷ്ടികള്‍ തമാശയായാണ് ഉദ്ദേശിച്ചിട്ടുള്ളതെങ്കില്‍, അവ അരോചകമായാണ് കാണുന്നവര്‍ക്ക് തോന്നുക. ജയറാമിനോട് മത്സരിച്ച് ജയസൂര്യയും ഇന്ദ്രജിത്തും തങ്ങളുടെ മുഖത്തും ഈ രസങ്ങളൊക്കെ വിരിയിക്കുവാന്‍ പണിപ്പെടുന്നുണ്ട്. അമിതാഭിനയം എന്തെന്നു മനസിലാക്കുവാന്‍ ഈ ചിത്രത്തില്‍ ഭാവന അവതരിപ്പിച്ച കൃഷ്ണേന്ദുവിനെ കണ്ടാല്‍ മതിയാവും. മറ്റൊരു നായികയായ വന്ദനയുടെ അഭിനയവും തഥൈവ! സഹതാപമര്‍ഹിക്കുന്ന പ്രകടനങ്ങളാണെങ്കിലും, സുരാജും സലിം കുമാറും ചിരിപ്പിക്കുന്നതില്‍ ചിലപ്പോഴൊക്കെ വിജയിക്കുന്നുണ്ട്. മിച്ചമുള്ളവരില്‍, അല്പമെങ്കിലും മികവ് പറയാവുന്നത് റീമ കല്ലിംഗല്‍, സംവൃത സുനില്‍ എന്നിവരവതരിപ്പിച്ച കഥാപാത്രങ്ങള്‍ക്കാണ്. മണിയന്‍പിള്ള രാജു, മാമുക്കോയ, സാദിഖ് തുടങ്ങി മറ്റു ചിലരും ചിത്രത്തില്‍ മുഖം കാണിക്കുന്നുണ്ട്.

അനില്‍ നമ്പ്യാരുടെ ഛായാഗ്രഹണം മനോജിന്റെ എഡിറ്റിംഗ് എന്നിവ ചിത്രത്തോട് ചേര്‍ന്നു പോവുന്നു. നിറപ്പകിട്ടാര്‍ന്ന ദൃശ്യങ്ങളും അനുയോജ്യമായ ഇഫക്ടുകളുമൊക്കെയായി ഒരു ഉത്സവപ്രതീതി ചിത്രത്തിനു നല്‍കുന്നതില്‍ ഇവരിരുവരും വിജയം കണ്ടു. കലാസംവിധാനത്തില്‍ സുജിത് രാഘവും ഇതേ ദിശയില്‍ തന്നെയാണ് ചിത്രത്തെ സമീപിച്ചിരിക്കുന്നത്. എം. ജയചന്ദ്രന്റെ പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ ഈയൊരു ‘മൂഡ്’ നിലനിര്‍ത്തുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ട്. വീട്ടമ്മയായ കൃഷ്ണേന്ദു സദാസമയവും പട്ടുചേലയും ചുറ്റി മുഖവും മിനുക്കി നടക്കുന്നതില്‍ സ്വാഭാവികതയില്ല. കഥാപാത്രങ്ങളെ അറിഞ്ഞ് അഭിനേതാക്കള്‍ക്ക് ചമയമിടുവാന്‍ പ്രദീപ് രംഗനും വസ്ത്രങ്ങള്‍ നല്‍കുവാന്‍ കുമാര്‍ എടപ്പാളും ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. ഗിരീഷ് പുത്തഞ്ചേരി എഴുതി എം. ജയചന്ദ്രന്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങള്‍ ചിത്രത്തോടു ചേര്‍ന്നു പോവുന്നവയെങ്കിലും കേള്‍വിസുഖം കുറയും.

നീണ്ട ഒരു താരനിരയെ അണിനിരത്തി ഒരു ചിത്രമൊരുക്കുന്നത് അത്ര എളുപ്പമുള്ള സംഗതിയല്ല. ഒരു സംഘാടകന്‍ എന്ന നിലയില്‍ സജി സുരേന്ദ്രന്‍ ഇതില്‍ വിജയിച്ചിട്ടുണ്ട്. എന്നാല്‍ കലാപരമായി നോക്കിയാല്‍ തുടങ്ങിയിടത്തു നിന്നും അധികമൊന്നും മുന്നോട്ടു പോകുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ല. അഭിനേതാക്കളെ ഉപയോഗിച്ചിരിക്കുന്നതിലും അവരെ വേണ്ടും വണ്ണം അഭിനയിപ്പിക്കുന്നതിലുമൊക്കെ അപക്വത പ്രകടം. വല്ലാതെ ഇഴഞ്ഞു നീങ്ങുന്ന ആദ്യ പകുതി കാഴ്ചക്കാരെ മടുപ്പിക്കും. ചിത്രത്തിന്റെ ആകെയൊരു മികവായി പറയാവുന്ന നര്‍മ്മം പോലും സജി സുരേന്ദ്രന്‍ കൈയ്യടക്കത്തോടെ കൈകാര്യം ചെയ്തു എന്നു പറയുവാനാവില്ല. സിനിമയിലല്പം നര്‍മ്മമുണ്ടെങ്കില്‍ മറ്റെല്ലാ കുറവുകളും മറന്ന് ആസ്വദിക്കുവാന്‍ കഴിയുന്നവര്‍ക്കു മാത്രം കാണാവുന്ന ഒരു ചിത്രമായി ‘ഹാപ്പി ഹസ്ബന്റ്സ്’ മാറുവാനും ഇവയൊക്കെ തന്നെയാണ് കാരണം.
--
Description: Happy Husbands - A Malayalam (Malluwood) film directed by Saji Surendran; Starring Jayaram, Bhavana, Indrajith, Jayasurya, Samvritha Sunil, Reema Kallingal, Vandana, Maniyan Pilla Raju, Salim Kumar, Suraj Venjarammoodu, Mamukkoya, Sadique; Produced by Milan Jaleel; Story, Screenplay and Dialogues by Krishna Poojappura; Camera (Cinematography) by Anil Nambyar; Editing by Manoj; Art Direction by Sujith Raghav; Stunts (Action) by ; Background Score by M. Jayachandran; Sound Effects by ; DTS Mixing by ; Titles by ; Make-up by Pradeep Rangan; Costumes by Kumar Edappal; Lyrics by Gireesh Puthencherry; Music by M. Jayachandran; Choreography by ; Audio Recording by ; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. January 14 2010 Release.
--

8 comments :

 1. ‘ഇവര്‍ വിവാഹിതരായാല്‍’ എന്ന ചിത്രത്തിനു ശേഷം സജി സുരേന്ദ്രന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പുതിയ ചിത്രം, ‘ഹാപ്പി ഹസ്ബന്റ്സി’ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  ചിത്രവിശേഷം പോള്‍ 2009: 2009-ലെ മികച്ച മലയാളം ചലച്ചിത്രത്തിനും ഇഷ്ട താരങ്ങള്‍ക്കും വോട്ടു ചെയ്യൂ...
  --

  ReplyDelete
 2. വിശേഷായിരിക്കുന്നു..ഏറെ ഇഷ്ടായീ...

  ReplyDelete
 3. കൊള്ളാം..... ഇടക്ക് ഒന്ന് പറയട്ടെ ചാര്‍ലി ചാപ്ലിന്‍ എന്ന സിനിമയ്ക്കു ഹിന്ദിയില്‍ രണ്ട് റീമൈക്കുകള് ഉണ്ടായിട്ടുണ്ട് ഒന്ന് NO ENTRY (Anil Kapoor,Salman Khan,Fardeen Khan) രണ്ട് 2004 പുറത്തിറങ്ങിയ MASTY(Vivek Oberoi,Ajay Devgan,Aftab Shivdasani)

  ReplyDelete
 4. മസ്തിയാണ് സാധനം എന്ന് പടത്തിന്റെ പുജ കഴിഞ്ഞ സമയത് വന്ന വാർത്ത വായിച്ചപ്പോഴേ തോന്നി. ഈ സാധനം ഇന്ത്യയിലേ ചെലവാകൂ

  ReplyDelete
 5. "ഇവര്‍ വിവാഹിതരായാല്‍" കണ്ടതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല. അതേ ലൈനില്‍ തന്നെ മറ്റൊരു ചിത്രം. ഇതിനൊക്കെ കാശ് കളയുവാന്‍ മാത്രം മണ്ടന്മാരാണോ നിര്‍മ്മാതാക്കള്‍?

  ReplyDelete
 6. ഞാനിതിന്റെ തമിഴ് ഹിന്ദി വേര്‍ശനുകളൊന്നും കണ്ടിട്ടില്ല, കുടുംബവുമായ് ഇന്നീ സിനിമയ്ക്കു പോയി, അടുത്തകാലത്തൊന്നും ഇത്രയ്ക്കു ചിരിപ്പിച്ച ഒരു സിനിമ കണ്ടിട്ടില്ല, തീയേറ്റര്‍ മൊത്തം നല്ല ചിരിയായിരുന്നു, പറ്റിയാല്‍ ഒന്നു കൂടിക്കാണണം, ഗുരുവായൂര്‍ ജയശ്രീയിലെ അവസ്ഥ ശരാശരിയായിക്കണക്കാക്കിയാല്‍ (എന്നെക്കൊണ്ട് അത്രയേ പറ്റൂ) നിര്‍മ്മാതാക്കള്‍ അത്ര മണ്ടന്മ്മാരല്ലെന്നു തോന്നുന്നു.

  ReplyDelete
 7. കണ്ടില്ല. കാണാന്‍ ഉദ്ദേശിക്കുന്നുമില്ല. റിപ്പോര്‍ട്ടുകളും ക്ലിപ്പിങ്ങ്സും കണ്ടപ്പോഴെ സംഗതി മനസ്സിലായി. കോപ്രായവും കോമാളിത്തരവും കണ്ട് ചിരിക്കുന്ന കാലമൊക്കെ പോയി. സിനിമ കണ്ട് നന്നായൊന്നു ചിരിക്കണമെങ്കില്‍ 80-90കളില്‍ മലയാളത്തിലിറങ്ങിയ നര്‍മ്മ ചിത്രങ്ങളുടെ സി ഡി ഇരിക്കുന്നുണ്ട് വീട്ടില്‍. അതു മതി! ഇക്കാലത്തും ഇമ്മാതിരി സിനിമകള്‍ മലയാളത്തില്‍ ഇറങ്ങുന്നുണ്ടല്ലോ!

  ReplyDelete
 8. “...ഇത്രക്കു ചിരിപ്പിച്ച ഒരു സിനിമ കണ്ടിട്ടില്ല...പറ്റിയാല്‍ ഒന്നു കൂടി കാണണം...”

  ഈശ്വരാ‍ാ!!!! വെറുതെയല്ല മലയാള സിനിമയില്‍ ഇപ്പോഴും പഴത്തൊലിയില്‍ ചവിട്ടി വഴുക്കിവീഴുന്നതും,കോമഡി നടന്റെ അണ്ടര്‍ വെയര്‍ ഊരിപ്പോകുന്നതും, കല്ലെടുത്തെറിയുമ്പോള്‍ തലയിലെ തൈരുകുടം പൊട്ടിപോകുന്നതുമായ തമാശകള്‍ കാണിക്കുന്നത്!! കുടുംബവുമായി വന്ന് ഈ വിഡ്ഢിത്തങ്ങള്‍ കണ്ട് തലമറന്ന് ചിരിച്ച് ആസ്വദിക്കുവാന്‍ ഇഷ്ടം പോലെ പ്രേക്ഷകര്‍ ഇപ്പോഴുമുണ്ടല്ലോ..

  ReplyDelete