ആയിരത്തില്‍ ഒരുവന്‍ (Aayirathil Oruvan)

Published on: 1/20/2010 06:25:00 PM
Aayirathil Oruvan: A film by Selvaraghavan starring Karthi, Reemma Sen, Andrea Jeremiah and Parthiban. Review by Haree for Chithravishesham.
പ്രാദേശിക സിനിമാ സംവിധായകര്‍ അധികം പരീക്ഷണങ്ങള്‍ക്കു മുതിര്‍ന്നു കാണാത്ത ഫാന്റസിയില്‍ അധിഷ്ഠിതമായ വിഷയം പ്രമേയമാക്കുന്ന തമിഴ് ചിത്രമാണ് ശെല്‍‌വരാഘവന്‍ രചന നിര്‍വ്വഹിച്ച് സംവിധാനം ചെയ്തിരിക്കുന്ന ‘ആയിരത്തില്‍ ഒരുവന്‍’. റീമ സെന്‍, ആന്‍ഡ്രിയ ജെറെമിയ, കാര്‍ത്തി ശിവകുമാര്‍, പാര്‍ത്ഥിപന്‍ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം 32 കോടി മുടക്കി നിര്‍മ്മിച്ചിരിക്കുന്നത് ആര്‍. രവീന്ദ്രന്‍. ദശകങ്ങള്‍ക്കു മുന്‍പ് പാലായനം ചെയ്ത ചോള രാജവംശത്തിലെ കണ്ണികളെ തേടിയുള്ള പര്യവേഷണങ്ങള്‍ക്കിടയില്‍ ഭൌമഗവേഷകനായ ചന്ദ്രമൌലിയെ കാണാതാവുന്നു. അദ്ദേഹത്തെ തേടിയുള്ള യാത്രയാവട്ടെ പുതുയുഗത്തിലെ ചോള-പാണ്ഡ്യ പോരാട്ടത്തിലാണ് അവസാനിക്കുന്നത്. (കഥ പൂര്‍ണരൂപത്തില്‍ മനസിലാക്കുവാന്‍ വിക്കിയില്‍ Plot എന്ന ഉപവിഭാഗം കാണുക.)

2.0
5.0
8.0
3.5
2.5
5.25
ഫാന്റസിയില്‍ അധിഷ്ഠിതമായ ചിത്രങ്ങളെടുത്താല്‍, ഇന്ത്യയിലെ ഒരു പ്രാദേശിക സിനിമയ്ക്കും ഇന്നു വരെ കൈവരിക്കുവാന്‍ സാധിക്കാത്തത്രയും സാങ്കേതിക മികവോടെ ചിത്രത്തെ അവതരിപ്പിക്കുവാന്‍ സംവിധായകനു കഴിഞ്ഞിട്ടുണ്ട്. ചന്ദ്രശേഖര റെഡ്ഢിയും കൂട്ടരും ചേര്‍ന്നൊരുക്കിയിരിക്കുന്ന വിഷ്വല്‍ ഇഫക്ടുകള്‍ തുടക്കത്തില്‍ ചിലയിടങ്ങളില്‍ പാളുന്നെങ്കിലും പിന്നീട് മെച്ചപ്പെടുന്നു. കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മുഖ്യഅഭിനേതാക്കളേയും, ചെറുവേഷങ്ങളിലെത്തുന്ന അസംഖ്യം സഹനടീനടന്മാരേയും ഒത്തിണക്കത്തോടെ അഭിനയിപ്പിച്ചെടുക്കുന്നതില്‍ ശെല്‍‌വരാഘവന്‍ വിജയം കണ്ടു. റീമ സെന്‍, ആന്‍ഡ്രിയ ജെറെമിയ, കാര്‍ത്തി ശിവകുമാര്‍, പാര്‍ത്ഥിപന്‍ തുടങ്ങിയവരൊക്കെയും അര്‍പ്പണമനസ്സോടെ ചിത്രത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രതാപ് പോത്തന്‍, അഴകന്‍ പെരുമാള്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനേതാക്കളാണ്. ഇരുളും വെളിച്ചവും ഇടകലരുന്ന ചിത്രത്തിലെ വിവിധ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതില്‍ ഛായാഗ്രാഹകനായ രാംജിയും മികവു പുലര്‍ത്തി. പുതുയുഗത്തില്‍ നിന്നും ചോള രാജാവിന്റെ വര്‍ത്തമാനത്തിലേക്ക് പ്രേക്ഷകനെ സംവിധായകന്‍ കൂട്ടിക്കൊണ്ടുപോവുമ്പോള്‍, ഈ മാറ്റം അനുഭവവേദ്യമാക്കുവാന്‍ കലാസംവിധായകനായ സന്താനത്തിനു കഴിഞ്ഞു. വേഷത്തിലും ചമയത്തിലും മറ്റൊരു കാലഘട്ടത്തെ പുനരാവിഷ്കരിക്കുന്നതിലും അണിയറപ്രവര്‍ത്തകര്‍ മികവു പുലര്‍ത്തി. എന്നാല്‍ ചിത്രത്തിന്റെ മികവുകള്‍ തികച്ചും സാങ്കേതികമായ മേഖലകളിലും അഭിനേതാക്കളുടെ പ്രകടനത്തിലുമൊതുങ്ങുന്നു എന്നതാണ് കണ്ടിറങ്ങുന്നവരുടെ ദുര്യോഗം.

ലക്ഷ്യബോധമില്ലാത്ത കഥയും, ഒരിടത്തും സുഗമമായി അനുഭവപ്പെടാത്ത കഥാഗതിയും, തമ്മില്‍ ബന്ധമില്ലാത്ത ദൃശ്യങ്ങള്‍ കൂട്ടിയിണക്കിയ തിരക്കഥയും, വൈകാരികമായൊരു ചലനവും സൃഷ്ടിക്കുവാനാവാത്ത കഥാപാത്രങ്ങളും ഒക്കെക്കൂടി ചേരുമ്പോള്‍, വികലമായൊരു ചലച്ചിത്രസൃഷ്ടിയാണ് പ്രേക്ഷകര്‍ക്ക് ‘ആയിരത്തില്‍ ഒരുവന്‍’ എന്ന പേരില്‍ കാണുവാന്‍ കിട്ടുന്നത്. ഇത്രയും ബാലിശമായ രീതിയിലൊരു തിരക്കഥയാണ്, ശെല്‍‌വരാഘവനെപ്പോലെ ഒരു സംവിധായകന്‍ ഇത്രയധികം പണവും മനുഷ്യപ്രയത്നവും സമയവും ചിലവഴിച്ച് സിനിമയാക്കിയത് എന്നത് വിശ്വസിക്കുവാന്‍ തന്നെ പ്രയാസം. 200 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം തിയേറ്ററുകാരുടെ വെട്ടിമാറ്റലുകള്‍ക്ക് ശേഷം 180 മിനിറ്റോളമെടുത്താണ് കണ്ടു തീരുന്നത്. ഇത്രയും ദൈര്‍ഘ്യമെടുത്തിട്ടും ഉദ്ദേശിച്ച കഥ വൃത്തിയായി പറയുവാന്‍ കഴിഞ്ഞില്ല എന്നത് തിരക്കഥാകൃത്തിന്റെ പിടിപ്പുകേടായേ കാണുവാന്‍ കഴിയൂ. ചിത്രത്തിന്റെ മെല്ലെപ്പോക്കിന് ചിത്രസന്നിവേശകന്‍ കോല ഭാസ്കറും ഉത്തരവാദിയാണ്. വ്യത്യസ്തത കൊണ്ടുവന്നേ അടങ്ങൂ എന്ന വാശിയിലായിരുന്നെന്ന് തോന്നുന്നു ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ ജി.വി. പ്രകാശ് കുമാര്‍. വിജയ് യേശുദാസ്, നിത്യശ്രീ മഹാദേവന്‍ തുടങ്ങിയവര്‍ ചേര്‍ന്നാലപിച്ച “നെല്ലാടിയ നിലമെങ്കേ! സൊല്ലാടിയ...” എന്നു തുടങ്ങുന്ന ഗാനമൊഴിക മറ്റുള്ളവയൊക്കെ കേട്ടിരിക്കുക പ്രയാസം. പ്രകാശ് കുമാര്‍ തന്നെ ഒരുക്കിയിരിക്കുന്ന പശ്ചാത്തലസംഗീതം ചിത്രത്തിന്റെ സ്വഭാവത്തിനിണങ്ങുന്നുണ്ട്, എന്നാല്‍ മുഴുവന്‍ സമയവും ഉയര്‍ന്ന ശബ്ദത്തില്‍ ഇതു ചിത്രത്തിലുപയോഗിച്ചത് അലോസരമായിമാറി.

ചിത്രത്തിന്റെ പരസ്യത്തില്‍ നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നതുപോലെ, തീര്‍ച്ചയായും ഹോളിവുഡിനെ ഞെട്ടിക്കുവാന്‍ പോന്നതാണ് ആയിരത്തിലൊന്നായ ഈ ചിത്രം; എന്നാലത് പരസ്യമെഴുതിയവര്‍ ഉദ്ദേശിച്ച രീതിയിലാവില്ലെന്നു മാത്രം! ഒരുപിടി ഹോളിവുഡ് ചിത്രങ്ങളില്‍ നിന്നും കടം കൊണ്ട ദൃശ്യങ്ങള്‍ ‘ആയിരത്തില്‍ ഒരുവനി‍’ല്‍ സുലഭമായി കാണാം. പുതുമയുള്ളൊരു ദൃശ്യം എന്നവകാശപ്പെടുവാന്‍ എന്തെങ്കിലുമൊന്ന് ചിത്രത്തിലുണ്ടോ എന്നു സംശയമാണ്. ഒരുപക്ഷെ ചിത്രത്തില്‍ കൈയ്യെത്തിപ്പിടിക്കുവാനായ സാങ്കേതികമികവ് വരും കാലങ്ങളില്‍ മറ്റു ചിത്രങ്ങള്‍ക്കൊരു പ്രചോദനമായേക്കാം എന്നതല്ലാതെ മറ്റൊരു പ്രതീക്ഷയും ഈ ചിത്രം നല്‍കുന്നില്ല. ചിത്രത്തിനൊരു രണ്ടാം ഭാഗം ഉണ്ടാക്കുവാനുള്ള സാധ്യത അവശേഷിപ്പിച്ചുകൊണ്ടാണ് ചിത്രം അവസാനിക്കുന്നത്. അങ്ങിനെയൊരു ഉദ്ദേശമുണ്ടെങ്കില്‍, അല്പമെങ്കിലും ശ്രദ്ധകൊടുത്ത് തിരക്കഥ തയ്യാറാക്കുവാന്‍ ശെല്‍‌വരാഘവന്‍ തയ്യാറാവുമെന്ന് കരുതാം.
--
Description: Aayirathil Oruvan - A Tamil (Kollywood) film directed by Selvaraghavan; Starring Karthi Sivakumar, Reemma Sen, Andrea Jeremiah, R. Parthiban, Pratap Pothan, Azhagam Perumal; Produced by R. Ravindran; Story, Screenplay and Dialogues by Selvaraghavan; Camera (Cinematography) by Ramji; Editing by Kola Bhaskar; Art Direction by Santhanam; Stunts (Action) by ; Background Score by ; Visual Effects by Chandrasekhar Reddy; DTS Mixing by ; Titles by ; Make-up by; Costumes by; Lyrics by ; Music by G.V. Prakash Kumar; Choreography by ; Audio Recording by ; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham). January 14 2010 Release.
--

8 comments :

 1. റീമ സെന്‍, കാര്‍ത്തി, ആന്‍ഡ്രേ ജെറമിയ, പാര്‍ത്ഥിപന്‍ തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ശെല്‍‌വരാഘവന്‍ ചിത്രം, ‘ആയിരത്തില്‍ ഒരുവന്റെ’ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  ചിത്രവിശേഷം പോള്‍ 2009: വോട്ടെടുപ്പ് തുടരുന്നു. രണ്ടായിരത്തിയൊന്‍പതില്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട ചിത്രത്തിന് വോട്ടു ചെയ്യുവാന്‍ ഇവിടം കാണുക.
  --

  ReplyDelete
 2. hey..appol etheee peril ulla malayalam cinemayo???
  athoru potta aayirunnu...kalabhavan mani bit over acting as usual.........the name is same though..
  AAYIRATHIL ORUVAN....

  ReplyDelete
 3. കഥ അത്രത്തോളം കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നതാണ് എന്ന് തോന്നിയില്ല.. എന്നാല്‍ എവിടെ പറഞ്ഞ് നിര്‍ത്തണം എന്ന കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു എന്ന് തോന്നി... പിന്നെ തുടരും എന്ന് തോന്നിപ്പിക്കുന്നരീതിയില്‍ ആണല്ലൊ അവസാനം അതുകൊണ്ട് തുടരും എന്ന് പ്രതീക്ഷിക്കാം...

  എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു സിനിമ എന്റെ അഭിപ്രായം ഇവിടെ വായിക്കാം

  ReplyDelete
 4. ശെല്‍‌വരാഘവനുമായുള്ള ഒരു ഇന്റര്‍വ്യൂ വായിച്ചിരുന്നു.. രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യത്തിന് “തീര്‍ച്ചയായും” എന്ന മറുപടി ആണ് കക്ഷി നല്‍കിയത്. അടുത്ത ഭാഗം കണ്ടാല്‍ ഇതില്‍ മനസിലാകാത്ത കാര്യങ്ങള്‍ മനസിലാകുമായിരിക്കും.. :)

  ReplyDelete
 5. " ക്ഷമ പരീക്ഷിക്കാന്‍ " ഇതിലും നല്ലൊരു സിനിമ വേറെയില്ല എന്നു തോന്നി.

  ReplyDelete
 6. Padam oru van paraajayam aayi poyi.. sreeram paranjathinodu njan poornamaayum yojikunnu. kurachu pratheekshakalode aanu njan padam kaanan poyathu. ithindu paatukal kettitu aanu njan padam kaanaam ennu vichaarichathu. cinemayil ulpeduthaatha 'Maalai Neram' enna paatu eniku othiri ishtamullathaanu. Padathinde 2nd part koodi kaanipichu manushyare kolla-kola cheyyaruthennu Selvaraghavanodu abhyarthikkunnu :-)

  ReplyDelete
 7. കോപ്പി അടിക്കുന്നതില്‍ പ്രിയദര്‍ശന്റെ അസ്സല്‍ പിന്‍ഗാമിയാണ്‌ താന്‍ എന്ന് സെല്‍വരാഘവാന്‍ തെളിയിച്ചു. കുറെ ഹോളിവുഡ് സിനിമകളുടെ ഭാഗങ്ങള്‍ കൂടി ഇണക്കിയ ഒരു കൊളാഷ് ആയി പോയി ഇത്. എന്നാലും കോപ്പി അടിക്കാനും ഒരു മിടുക്കൊക്കെ വേണം എന്നതിനാല്‍ അദ്ദേഹത്തെ തള്ളി പറയാനും പറ്റില്ല. കാര്‍ത്തിയുടെ ചില നൃത്ത ചുവടുകള്‍ പരുത്തി വീരനെ ഓര്‍മ്മിപ്പിക്കുന്നു. ചിലപ്പോള്‍ ഇത്തരം സിനിമകള്‍ ഒരു ട്രെന്‍ഡ് സെറ്റര്‍ ആയേക്കാം.

  ReplyDelete
 8. 'Stupidity in making cinema' at its best....

  ReplyDelete