ചിത്രവിശേഷത്തിന് മൂന്നു വയസ്

Published on: 11/21/2009 04:04:00 PM
Chithravishesham Third Anniversary - Post by Haree for Chithravishesham.
നവംബര്‍ 21, 2009: ‘ചിത്രവിശേഷം’ ഇന്ന് മൂന്നാമത് വര്‍ഷം പിന്നിടുന്നു. മുന്‍‌വര്‍ഷങ്ങളെ അപേക്ഷിച്ച് ക്രിയാത്മകമായ ചര്‍ച്ചകളാല്‍ അവസാനവര്‍ഷം ഇവിടം സജീവമായിരുന്നു. 2009-ന്റെ രണ്ടാം പാതിയില്‍ പുറത്തിറങ്ങിയ ‘ഭ്രമരം’, ‘ഈ പട്ടണത്തില്‍ ഭൂതം’, ‘പുതിയ മുഖം’, ‘ഒരു പെണ്ണും രണ്ടാണും’, ‘ഡാഡി കൂള്‍’, ‘ഋതു’, ‘ലൌഡ് സ്പീക്കര്‍’, ‘കേരള കഫെ’ എന്നിവയ്ക്കെല്ലാം അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം വായനക്കാര്‍ കമന്റെഴുതുകയുണ്ടായി. ഏറ്റവുമൊടുവില്‍ ‘കേരളവര്‍മ്മ പഴശ്ശിരാജാ’ എന്ന ചിത്രത്തെക്കുറിച്ചുള്ള വിശേഷം നൂറ്റിയന്‍പതിലധികം കമന്റുകളോടെ ചിത്രവിശേഷത്തിലെ ഏറ്റവുമധികം കമന്റുകള്‍ നേടിയ പോസ്റ്റുമായി. അനുമോദനങ്ങളേയും വിമര്‍ശനങ്ങളേയും സഹിഷ്ണുതയോടെ കണ്ട്, തള്ളേണ്ടത് തള്ളിയും കൊള്ളേണ്ടതു കൊണ്ടുമാണ് ‘ചിത്രവിശേഷം’ തുടരുന്നത്.

ചിത്രങ്ങളുടെ റേറ്റിംഗ്
ഒന്നാം വാര്‍ഷിക പോസ്റ്റു മുതല്‍ക്കു തന്നെ ഇതിനെക്കുറിച്ച് പറഞ്ഞു തുടങ്ങിയതാണ്. രണ്ടാം വാര്‍ഷിക പോസ്റ്റില്‍ അവതരിപ്പിച്ച രീതിയില്‍ ചില മാറ്റങ്ങളോടെയാണ് ഇപ്പോള്‍ ചിത്രങ്ങള്‍ക്ക് റേറ്റിംഗ് നല്‍കുന്നത്. ഓരോ വിഭാഗത്തിനും പ്രത്യേകം പോയിന്റിടുകയും, അതെന്തുകൊണ്ടെന്ന് വ്യക്തമാവുന്ന രീതിയില്‍ ആ വിഭാഗത്തിന്റെ മികവുകളും കുറവുകളും പ്രതിപാദിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഈ രീതി താരതമ്യേന കുറ്റമറ്റതെന്ന് തോന്നുന്നതിനാല്‍ ഇതുതന്നെ തുടരാം എന്നാണ് തത്കാലം കരുതുന്നത്. വിഭാഗം തിരിച്ച് എഴുതുന്നത് ആവര്‍ത്തന വിരസത തോന്നിപ്പിക്കുന്നതിനാല്‍ എഴുതുന്നതില്‍ കൃത്യമായ വേര്‍തിരിവുകള്‍ ഒഴിവാക്കുകയാണ്.

എങ്ങിനെയാണ് റേറ്റിംഗ് നല്‍കുന്നത്?
പലരും പലപ്പോഴും ചോദിച്ചു കണ്ടിട്ടുള്ളതാണിത്. തികച്ചും വ്യക്തിനിഷ്ഠമായ വിലയിരുത്തലുകളിലൂടെ ഉരുത്തിരിയുന്ന ഒന്നാകയാല്‍ ഇത് വിശദമാക്കുക പ്രയാസമാണ്. എങ്കിലും ഒരു വിശേഷം എങ്ങിനെ തയ്യാറാവുന്നു എന്നൊന്ന് ചിന്തിക്കുന്നത് ഈ അവസരത്തില്‍ കൌതുകകരമായിരിക്കുമെന്ന് കരുതുന്നു. ഇതേതു വിഭാഗത്തില്‍ (Genre) വരുന്ന ചിത്രമാണ് എന്ന് ആദ്യം ചിന്തിക്കുന്നു. പ്രേക്ഷകരെ വിനോദിപ്പിക്കുക എന്ന ഉദ്ദേശത്തിലുള്ള സമയം കൊല്ലി പടങ്ങളും, സിനിമ എന്ന മാധ്യമത്തെ ഗൌരവത്തോടെ സമീപിക്കുന്ന സംവിധായകരുടെ ചിത്രങ്ങളും; ഈ രണ്ടു ശൈലിയിലുള്ള ചിത്രങ്ങളും ഓരോ വിഭാഗത്തിലും പുറത്തിറങ്ങാറുണ്ട്. ‘ഒരു പെണ്ണും രണ്ടാണും’, ‘ഋതു’ എന്നിവ ഡ്രാമ എന്ന വിഭാഗത്തില്‍ വരുന്നവയാണ്. ‘ഡാഡി കൂള്‍’ എന്നതാവട്ടെ ആക്ഷന്‍-കോമഡിയും ‘ഈ പട്ടണത്തില്‍ ഭൂതം’ ഫാന്റസി-കോമഡിയുമാണ്. ഇങ്ങിനെ വ്യത്യസ്ത വിഭാഗങ്ങളില്‍ പെടുന്ന ചിത്രങ്ങളെ പരസ്പരം താരതമ്യം ചെയ്യുക യുക്തിസഹമായി തോന്നാത്തതിനാല്‍; ജോണി ആന്റണിയുടെ കോമാളി ചിത്രത്തിന് 4.25 കൊടുത്തപ്പോള്‍ ശ്യാമ പ്രസാദിന്റെ തികച്ചും വ്യത്യസ്തമായ ചിത്രത്തിന് 3.75 മാത്രം എന്ന രീതിയിലുള്ള പരാതിപ്പെടലുകളോട് തത്കാലം സഹതപിക്കകയേ നിവൃത്തിയുള്ളൂ.

ചിത്രത്തിന്റെ വിഭാഗവും സ്വഭാവവും മനസിലാക്കി കഴിഞ്ഞാല്‍, ആ ചിത്രം എങ്ങിനെയൊക്കെ ഇതിലും ഭംഗിയാക്കാമായിരുന്നു എന്നു ചിന്തിക്കുന്നു. ഇതിലും മികച്ചതാവണമായിരുന്നു ഈ ചിത്രമെങ്കില്‍ എന്തൊക്കെയാണ് മെച്ചപ്പെടേണ്ടത് എന്നാണ് ഇവിടെ നോക്കുന്നത്. എടുത്തു പറയത്തക്കതായ മികവുകളും പിഴവുകളും ഓരോ വിഭാഗത്തിലും കണ്ടെത്തുക എന്നതു കൂടി ഇതോടൊപ്പം നടക്കും. ഒരു നിശ്ചിത മൂല്യം ആദ്യം തന്നെ ഓരോ ഘടകങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്. (ഉദാ: സംവിധാനം 3/10 ആണ് തുടക്കത്തിലെ മൂല്യം. വിശദമായി ‘ചിത്രവിശേഷത്തിന് രണ്ടു വയസ്’ എന്ന പോസ്റ്റില്‍ പ്രതിപാദിച്ചിട്ടുണ്ട്.) തുടക്കത്തിലെ മൂല്യത്തില്‍ നിന്നും മേന്മകളും പോരായ്മകളും കൂട്ടിക്കിഴിക്കുമ്പോള്‍ കിട്ടുന്ന തുക കൂടി ചേര്‍ത്താല്‍ ഓരോ ഘടകത്തിന്റേയും യഥാര്‍ത്ഥ മൂല്യമായി.
ഇവിടെ സംഭവിച്ചേക്കാവുന്നത്:
> മികവുകള്‍ / പിഴവുകള്‍ ശ്രദ്ധിക്കപ്പെടാതെ പോവുക.
> ഒരാള്‍ക്കു തോന്നുന്ന മേന്മകള്‍ മറ്റൊരാള്‍ക്ക് പോരായ്മയാകാം; അതുപോലെ തിരിച്ചും.

ഘടകങ്ങളുടെ എല്ലാം മൂല്യങ്ങള്‍ കൂട്ടി ആകെത്തുക നിര്‍ണയിച്ചു കഴിയുമ്പോള്‍ ചിലപ്പോഴൊക്കെ നീതിയുക്തമല്ല എന്നു തോന്നാറുണ്ട്. അതായത് രസിച്ചിരുന്നു കണ്ട സിനിമയ്ക്ക് മൂല്യമൊക്കെ നല്‍കി വരുമ്പോള്‍ റേറ്റിംഗ് കുറഞ്ഞുപോവുക, വളരെ മുഷിപ്പിച്ച സിനിമകള്‍ക്ക് റേറ്റിംഗ് കൂടി നില്‍ക്കുക; ഇങ്ങിനെ തോന്നിയാല്‍ മുകളില്‍ എഴുതിയ കടമ്പകള്‍ ആവര്‍ത്തിക്കുന്നു. ഈ തോന്നലുകള്‍ക്ക് പ്രധാനകാരണം ‘കഥയും കഥാപാത്രങ്ങളും’, ‘സംവിധാനം’ എന്നീ ഘടകങ്ങളാകയാല്‍ അവയിലാണ് പലപ്പോഴും കൂട്ടലും കുറയ്ക്കലും സംഭവിക്കാറുള്ളത്. ഇങ്ങിനെ രണ്ടാം ഘട്ടവും പിന്നിട്ടാണ് ഒരു ചിത്രത്തിന്റെ റേറ്റിംഗ് പൂര്‍ത്തിയാക്കുന്നത്.
ഇവിടെ സംഭവിച്ചേക്കാവുന്നത്:
> ആസ്വാദനത്തിലെ താത്പര്യങ്ങള്‍, സിനിമയ്ക്കു മുന്‍പുള്ള പ്രതീക്ഷകളുടെ സ്വാധീനം, ആ സമയത്തെ മാനസികാ‍വസ്ഥ ഇവയൊക്കെ ഒരു സിനിമ ആസ്വദിക്കുവാനും ആസ്വദിക്കാതിരിക്കുവാനും കാരണമാവാം. (മനുഷ്യസാധ്യമാ‍യ രീതിയില്‍ ഇവയുടെ സ്വാധീനം ഉണ്ടാവാതിരിക്കുവാന്‍ ശ്രമിക്കാമെന്നു മാത്രം.)

ഇത്തരത്തിലൊരു മൂല്യം നിശ്ചയിച്ചു കഴിഞ്ഞാല്‍ മുന്‍പു സൂചിപ്പിച്ച കുറവുകളും മികവുകളും സമഗ്രമായി വരുന്ന രീതിയില്‍ പോസ്റ്റ് തയ്യാറാക്കുന്നു. വിശേഷങ്ങളുടെ വലുപ്പം കൂടുന്നത് അതിന്റെ രസം കുറയ്ക്കുമെന്നതിനാല്‍ പലപ്പോഴും എല്ലാ മികവുകളും പിഴവുകളും ഒരുപോലെ വിശദമായി പ്രതിപാദിച്ചുകൊള്ളണമെന്നില്ല. എടുത്തു പറയേണ്ടവയ്ക്ക് പ്രാധാന്യം നല്‍കി വിശേഷം തയ്യാറാക്കുക എന്ന രീതിയാണ് പിന്തുടര്‍ന്നു വരുന്നത്. സിനിമയെക്കുറിച്ചുള്ള ലേഖകന്റെ കാഴ്ചപ്പാടിനും ആസ്വാദനരീതിയ്ക്കും കാലക്രമത്തില്‍ വ്യത്യാസമുണ്ടാകുമല്ലോ, അവയുടെ സ്വാധീനവും വിശേഷങ്ങളില്‍ ഉണ്ടാവാതെ തരമില്ല. ധാരാളം പേരുടെ കൂട്ടായ ശ്രമഫലമായി മുന്‍പോട്ടു പോവുന്ന ഫിലും പോര്‍ട്ടലുകളുമായി ചിലരെങ്കിലും ഇടയ്ക്കൊക്കെ നടത്തുന്ന താരതമ്യവും, അവയെ അടിസ്ഥാനപ്പെടുത്തിയുള്ള വിമര്‍ശനങ്ങളും ന്യായമാണെങ്കില്‍ തന്നെയും, ചിത്രവിശേഷത്തിനുള്ള പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ടുള്ള പരിഹാരങ്ങള്‍ക്കു മാത്രമേ തത്കാലം നിര്‍വ്വാഹമുള്ളൂ എന്നു കൂടി കരുതേണ്ടതുണ്ട്. ഇവയൊക്കെ കണക്കിലെടുത്തു കൊണ്ട്, ചിത്രവിശേഷത്തെ കൂടുതല്‍ മെച്ചപ്പെടുത്തുവാനുള്ള ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ ഏവരില്‍ നിന്നും പ്രതീക്ഷിക്കുന്നു.

സിനിമാവിശേഷങ്ങള്‍ ആവശ്യമോ?
എന്താണ് വിശേഷങ്ങളുടെ അല്ലെങ്കില്‍ റിവ്യൂകളുടെ ആവശ്യകത? ഒരു സിനിമയെ വ്യക്തമായി അപഗ്രഥിച്ച്, സാമൂഹിക/രാഷ്ട്രീയ/സദാചാര/... സ്വാധീനങ്ങള്‍ പഠിച്ച് എഴുതുന്ന ഒരു നിരൂപണത്തിനുള്ള പ്രാധാന്യം, ചിത്രമിറങ്ങി ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പ്രസിദ്ധീകൃതമാവുന്ന ഇവയ്ക്കൊന്നുമില്ല തന്നെ. ഒരു ദിവസം സിനിമ കാണുവാന്‍ തീരുമാനിക്കുന്ന ഒരു പ്രേക്ഷകന്, തിയേറ്ററുകളില്‍ ആ സമയം ലഭ്യമായ ചിത്രങ്ങളെക്കുറിച്ച് ചെറിയ ഒരു ധാരണ നല്‍കുക, ഒരു തിരഞ്ഞെടുപ്പിന് സഹായിക്കുക എന്നതിനപ്പുറമൊരു പ്രാധാന്യവും ഇവയ്ക്ക് നല്‍കേണ്ടതില്ല. എല്ലാ സിനിമകളും കാണുവാനുള്ള സമയവും സാഹചര്യവുമുള്ള പ്രേക്ഷകര്‍ അവയൊക്കെയും കണ്ട് സ്വന്തമായൊരു വിലയിരുത്തല്‍ നടത്തുന്നതാവും അഭികാമ്യം.

പുതുമകള്‍
ചിത്രവിശേഷത്തിന്റെ കെട്ടിലും മട്ടിലുമുള്ള മാറ്റങ്ങള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ. എടുത്തു പറയേണ്ടതായ പുതുമകളില്‍ പ്രഥമസ്ഥാനം വായനക്കാര്‍ക്കും ഇനിമുതല്‍ ചിത്രങ്ങള്‍ക്ക് റേറ്റിംഗ് നല്‍കുന്നതില്‍ പങ്കാളികളാവാം എന്നതാണ്. ചിത്രങ്ങളെക്കുറിച്ചുള്ള വിശേഷങ്ങളില്‍ ഒടുവിലായി കാണുന്ന സ്റ്റാര്‍ റേറ്റിംഗ് സിസ്റ്റം ഉപയോഗിച്ചാണ് ഇത് സാധ്യമാവുന്നത്. സിനിമയെക്കുറിച്ചല്ലാത്ത പോസ്റ്റുകളില്‍, അതാത് പോസ്റ്റുകളെ വിലയിരുത്തുവാനും ഇത് ഉപയോഗിക്കാം. മുന്‍പ് ശരിയായി പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ ഒഴിവാക്കിയ ഫോളോവേഴ്സ് വിഡ്ജറ്റ് ഇപ്പോള്‍ തിരികെ ചേര്‍ത്തിട്ടുണ്ട്. പോസ്റ്റുകളും കമന്റുകളും എളുപ്പത്തില്‍ റീഡറിലേക്ക് ചേര്‍ക്കുവാനുള്ള ലിങ്കുകള്‍, ചിത്രവിശേഷത്തില്‍ നേരിട്ട് പരസ്യം നല്‍കുവാനുള്ള സൌകര്യം, വീഡിയോ, കൂടുതല്‍ ജനപ്രിയത നേടിയ പോസ്റ്റുകള്‍ ലിസ്റ്റ് ചെയ്യുന്ന വിഡ്ജറ്റ് തുടങ്ങിയ സാധ്യതകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മോസില്ല ഫയര്‍ഫോക്സ്, ഗൂഗിള്‍ ക്രോം എന്നിവയില്‍ ശരിയായി പ്രവര്‍ത്തിക്കുന്ന രീതിയിലാണ് ഈ സൈറ്റ് വിഭാവനം ചെയ്തിട്ടുള്ളത്. അതിനാല്‍ തന്നെ ഈ ബ്രൌസറുകളില്‍ ഏതെങ്കിലുമൊന്ന് ഉപയോഗിക്കുവാന്‍ താത്പര്യപ്പെടുന്നു. (സൈറ്റ് ഇപ്പോള്‍ ബീറ്റ സ്റ്റേജിലാണുള്ളത്. അധികം താമസിയാതെ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാവുന്നതാണ്.)

ചിത്രവിശേഷം തുടരുന്നതിനുള്ള പ്രേരണയും പ്രചോദനവുമായി വര്‍ത്തിച്ച എല്ലാ വായനക്കാരോടും നന്ദി രേഖപ്പെടുത്തുവാന്‍ ഈ അവസരം ഉപയോഗിക്കുന്നു. ഇതുവരെ ചിത്രവിശേഷത്തിനു നല്‍കിവന്ന പിന്തുണയും പ്രോത്സാഹനവും തുടര്‍ന്നും പ്രതീക്ഷിച്ചു കൊണ്ട് ചിത്രവിശേഷത്തിന്റെ നാലാം വര്‍ഷത്തിലെ യാത്ര ഇവിടെ ആരംഭിക്കുന്നു.
Description: Chithravishesham Anniversary Post - Third Anniversary. Written by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham. November 21, 2009.
--

23 comments :

 1. ചിത്രവിശേഷം തുടങ്ങിയിട്ട് ഇന്നേക്കിത് മൂന്നാം വര്‍ഷം. ചിത്രവിശേഷത്തോടൊപ്പം നിന്ന എല്ലാ വായനക്കാരോടുമുള്ള നന്ദി രേഖപ്പെടുത്തിക്കൊണ്ട്, മൂന്നാം പിറന്നാള്‍ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  ശ്രദ്ധിക്കുക:
  > സൈറ്റ് ലേ-ഔട്ട് ബീറ്റ സ്റ്റേജിലാണുള്ളത്. പ്രശ്നങ്ങള്‍ എന്തെങ്കിലും അനുഭവപ്പെടുന്നെങ്കില്‍ കമന്റായി രേഖപ്പെടുത്തുമല്ലോ...
  > ബ്ലോഗറിലെ പുതിയ സാധ്യതകള്‍ ഉപയോഗപ്പെടുത്തുവാന്‍ തക്കവണ്ണമാണ് പുതിയ ലേ-ഔട്ടിന്റെ രൂപകല്പന. എന്നാല്‍ അതിനനുസരിച്ച് മുന്‍‌കാല പോസ്റ്റുകള്‍ ശരിയായി ദൃശ്യമാക്കിക്കൊള്ളണമെന്നില്ല.
  --

  ReplyDelete
 2. ഒരായിരം ആശംസകള്‍...ബ്ലോത്രത്തിന്റെയും എന്റെയും എല്ലാ വിധ ആശംസകളും

  ReplyDelete
 3. What a beautiful site! This has become one of the few sites I visit regularly. Great work and wishing you continued success. ആശംസകള്‍!

  ReplyDelete
 4. കൊള്ളാം.. നല്ല സൂപ്പര്‍ ഡിസൈന്‍.. പെട്ടെന്ന് ഓര്‍മ്മ വന്ന ഒരു കാര്യം പറയട്ടെ.. സ്പൈഡര്‍മാന്‍..! സ്പൈഡിയുടെ മൂന്നാം പതിപ്പിലാണ് “കറുത്ത കുപ്പായം” വന്നത്. ഇവിടെ മൂന്നാം വര്‍ഷത്തിലും..! ;)
  റേറ്റിങ്ങിനെ പറ്റി എഴുതിയത് നന്നായി. ഇനിയെങ്കിലും വായിക്കുന്നവര്‍ ശ്രദ്ധിക്കും എന്ന് പ്രതീക്ഷിക്കാം. വായനക്കാര്‍ക്കും മാര്‍ക്കിടാന്‍ അവസരം കൊടുക്കുന്നത് നന്നായല്ലോ.. സൂപ്പറുകളുടെ സിനിമ എത്ര നല്ലതായാലും മോശമായാലും വായനക്കാരുടെ റേറ്റിങ്ങ് 10ല്‍ 10 ആയിരിക്കും!

  ReplyDelete
 5. അഭിനന്ദനങ്ങള്‍.. :) പുതിയ ഡിസൈന്‍ കലക്കി!
  വായനക്കാര്‍ക്ക് റേറ്റിംഗ് നല്‍കാന്‍ പറ്റുക എന്നത് നല്ലതാണ്.. പക്ഷേ, ഒരാള്‍ക്ക്‌ ഒരു തവണ മാത്രം എന്ന മട്ടിലാണെങ്കില്‍ കൂടുതല്‍ നല്ലത്! :)

  ReplyDelete
 6. http://blothram.blogspot.com/2009/11/22-2009.html
  about your annivesary report..............

  ReplyDelete
 7. അഭിനന്ദനങ്ങൾ.മലയാളത്തിൽ ഇറങ്ങുന്ന സിനിമകളെക്കുറിച്ചുള്ള ഒരു ശരാശരി സത്യസന്ധമായ റിപ്പോർട്ട് ഇവിടെ നിന്നും ലഭിക്കും എന്നതുകൊണ്ട് ചിത്രവിശേഷത്തിലെ പോസ്റ്റുകൾ വിട്ടുപോകാറില്ല.മറ്റു സിനിമാ പ്രസിദ്ധീകരണങ്ങളും പത്രമാധ്യമങ്ങളിൽ വരുന്ന സിനിമാ വാർത്തകളും ഏറെയും സ്വാധീനങ്ങളാൽ (ധനപരമായ കാരണങ്ങളാൽ) വളച്ചൊടിക്കപ്പെട്ടതാണെന്നതിനാൽ ഇന്റെർ നെറ്റിൽ (പ്രത്യേകിച്ചും ബ്ലോഗിൽ)നിന്നുള്ള പോസ്റ്റുകൾ വലിയൊരനുഗ്രഹമാണ്.ഹരിയുടെ നിരീക്ഷണങ്ങൾ നൂറുശതമാനം നിഷ്പക്ഷമാണെന്നോ ഹരിയുടെ റേറ്റിംഗുകൾ കുറ്റമറ്റതാണെന്നോ അഭിപ്രായമില്ലെങ്കിലും....

  ReplyDelete
 8. ഒരു പടം വരുന്നെന്നറിഞ്ഞാല്‍ ആദ്യം നോക്കുന്നത് ഹരിയുടെ ബ്ലോഗ്‌ ആണ്. പലപ്പോഴും കമന്റ്സ് ഇടാറില്ലെങ്കിലും, ഹരിയുടെ അഭിപ്രായം വായിയ്ക്കുക എന്നതൊരു ഹാബിറ്റ്‌ ഉണ്ടായിട്ടുണ്ട്. പണ്ട് സിഫി നോക്കിയിരുന്ന പോലെ. അഭിനന്ദനങ്ങള്‍! കറുപ്പും വെളുപ്പും ഇഷ്ടായി.

  ReplyDelete
 9. ഒരായിരം ഭാവുകങ്ങള്‍ നേരുന്നു...അടുത്തിടെ ഇട്ട കുറച്ച് പോസ്റ്റുകളെ വിമര്‍ശിച്ച് പലരും എഴുതിയെങ്കിലും, ഹരിയുടെ റേറ്റിംഗ് വായിച്ച് പടം കാണണമെന്ന് തീരുമാനിക്കുന്ന ഒരു വിഭാഗത്തെ സൃഷ്ടിച്ചു എന്നത് തന്നെയാണ് ചിത്രവിശേഷത്തിന്‍റെ ഏറ്റവും വലിയ നേട്ടം

  ReplyDelete
 10. പടം കാണണമോ വേണ്ടയോ എന്ന് വായിക്കണമെന്ന് അപേക്ഷിക്കുന്നു...

  ReplyDelete
 11. ആശംസകളറിയിച്ച എല്ലാ വായനക്കാര്‍ക്കും വളരെ നന്ദി. ഇതൊരു വാര്‍ത്തയായി നല്‍കിയ ബ്ലോത്രത്തിനും/ജിക്കൂസിനും പ്രത്യേകം നന്ദി. :-)

  മൂന്നും കറുപ്പുമായി എന്താണോ ബന്ധം! ബാലു പറഞ്ഞപ്പോഴാണ് അങ്ങിനെയൊരു കാര്യം ശ്രദ്ധിക്കുന്നത്. :-) റേറ്റിംഗ് ഒരാള്‍ക്ക് ഒരു ബ്രൌസറില്‍ നിന്നും ഒരു സെഷനില്‍ ഒരു പ്രാവശ്യമേ നല്‍കുവാന്‍ കഴിയുകയുള്ളൂ. യൂസര്‍ ഐഡി ഉപയോഗിച്ചുള്ള വേരിഫിക്കേഷന് ബ്ലോഗര്‍ തന്നെ വിചാരിക്കണം! (തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകള്‍ ഉപയൊഗിക്കാമെങ്കിലും, സൈറ്റ് ഹെവിയാകുമെന്നതിനാലാണ് ആ ഓപ്ഷന്‍ സ്വീകരിക്കാത്തത്.)

  ലേഖകന്റെ പക്ഷം വിശേഷങ്ങളില്‍ പ്രകടിപ്പിക്കാതെ തരമില്ല. അത് മറ്റുള്ളവരുടെ പക്ഷവുമായി ഒത്തുപോവണമെന്നില്ല താനും. ബ്ലോഗിന്റെ സാധ്യത തന്നെ മറുപക്ഷം പ്രകടിപ്പിക്കുവാനുള്ള അവസരവും ഉണ്ട് എന്നതാണല്ലോ. ചിത്രവിശേഷം അങ്ങിനെയുള്ള കമന്റുകളെ നിരുത്സാഹപ്പെടുത്തിയിട്ടുമില്ല. ലേഖകന്റെ അഭിപ്രായം മാറുകയോ മാറാതിരിക്കുകയോ ചെയ്യാം; എന്നാല്‍ മറ്റൊരു വായനക്കാരന് ഇരുപക്ഷവും വായിച്ച് സ്വന്തമായൊരു പക്ഷം കണ്ടെത്തുവാനുള്ള അവസരം ചിത്രവിശേഷത്തിലുണ്ട് എന്നു തന്നെ വിശ്വസിക്കുന്നു. എപ്പോഴും പറയാറുള്ളതുപോലെ ഒരു ബ്ലോഗ് പോസ്റ്റ് പൂര്‍ണമാവുന്നത് കമന്റുകളിലൂടെയാണ്. മുഴുവന്‍ വായിച്ചു കഴിയുമ്പോള്‍ ഒരു വായനക്കാരനില്‍ അവശേഷിക്കുന്ന ആശയം, അതല്ലേ പ്രധാനം?

  ഏവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി. :-)
  --

  ReplyDelete
 12. Mr. Haree please change the color scheme, its horrible to read

  ReplyDelete
 13. ചിത്രവിശേഷം കൂടുതല്‍ വിശേഷങ്ങളുമായി മുന്നേറട്ടെ.
  ആശംസകള്‍.

  ReplyDelete
 14. Hari,

  For me it looks difficult to read this design. I am not sure about others, but this is just my openion

  ReplyDelete
 15. My best wishes to chithravisesham. vil meet at IFFK i am trying to brake free from office.

  N.B. malayalam typing is not working.

  ReplyDelete
 16. സന്തോഷാ ജന്മദിനം കുട്ടിയ്ക്ക്....
  സന്തോഷാ ജന്മദിനം കുട്ടിയ്ക്ക്....
  സന്തോഷാ ജന്മദിനം കുട്ടിയ്ക്ക്....
  സന്തോഷാ ജന്മദിനം കുട്ടിയ്ക്ക്....
  ഹിഹിഹി..
  അഭിനന്ദനം....

  ReplyDelete
 17. ചിത്രവിശേഷത്തോട് എന്റെ ഹാപ്പി ബര്‍ത്ത്ഡെ പറഞ്ഞേക്കൂ ട്ടൊ.... :)

  ReplyDelete
 18. 3 വയസ്സായതോണ്ടാണൊ പുതിയ ഉടുപ്പൊക്കെ ഇടീച്ചത്... നന്നായി...

  ReplyDelete
 19. എല്ലാവിധ ആശംസകളും നേരുന്നു.

  അപ്പോ..എന്നാണ് പാര്‍ട്ടി? എവിടെ വരണമെന്ന് ഹരി പറഞ്ഞാല്‍ മതി ;)

  ReplyDelete
 20. ജന്മദിനാശംസകള്‍...

  ReplyDelete