വേക്ക് അപ് സിഡ് (Wake Up Sid)

Published on: 10/09/2009 05:17:00 PM
Wake Up Sid: A film directed by Ayan Mukerji starring Ranbir Kapoor and Konkona Sen Sharma. Film review by Haree for Chithravishesham.സാവരിയ’യിലൂടെ അഭിനയരംഗത്തെത്തിയ രണ്‍ബീര്‍ കപൂറിന്റെ മൂന്നാമത് ചിത്രമാണ് ‘വേക്ക് അപ് സിഡ്’. കൊങ്കണ സെന്‍ ശര്‍മ്മയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. അനുപം ഖേര്‍, സുപ്രിയ പാതക്, രാഹുല്‍ ഖന്ന തുടങ്ങിയവര്‍ മറ്റ് ഉപകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം കരണ്‍ ജോഹര്‍ നിര്‍മ്മിച്ചിരിക്കുന്നു. അയന്‍ മുഖര്‍ജിയുടേതാണ് സംവിധാ‍നം. നിരഞ്ജന്‍ അയ്യങ്കാറുമായി ചേര്‍ന്ന് സംവിധായകന്‍ തന്നെ രചന നിര്‍വ്വഹിച്ചിരിക്കുന്ന ഈ ചിത്രം മുംബൈയിലേക്ക് ജോലി തേടിയെത്തുന്ന ഒരു യുവതിയുടേയും, അവള്‍ മുംബൈയില്‍ പരിചയപ്പെടുന്ന ‘സിഡെ’ന്ന ഉറ്റസുഹൃത്തിന്റെയും കഥപറയുന്നു.

 കഥയും, കഥാപാത്രങ്ങളും
[ 7/10 ]

ധനികനായ പിതാവിന്റെ അലസജീവിതം നയിക്കുന്ന മകന്‍, അവന്‍ കണ്ടുമുട്ടുന്ന അധ്വാനശീലയായ ഒരു പെണ്‍കുട്ടി, അവളുടെ സ്വാധീനത്തില്‍ മറ്റൊരാളായി മാറുകയാണ് ഒടുവിലവന്‍. മുന്‍പ് പല ചിത്രങ്ങള്‍ക്കും വിഷയമായിട്ടുള്ള പ്രമേയം തന്നെ. എന്നാല്‍ പുതുമ അനുഭവപ്പെടുന്ന രീതിയില്‍ വ്യത്യസ്തമായി കഥ പറയുവാന്‍ ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയ അയന്‍ മുഖര്‍ജിക്ക് സാധിച്ചു. എന്നാല്‍ പലപ്പോഴും എന്താണിനി നടക്കുകയെന്ന് പ്രേക്ഷകര്‍ക്ക് മുന്‍‌കൂട്ടി കാണുവാനാകും, അതില്‍ നിന്നും വേറിട്ടൊന്നും നടക്കാത്തത് ചിത്രത്തിന്റെ രസമല്പം കുറയ്ക്കുന്നുണ്ട്. അസ്വാഭാവികത കടന്നുവരാതെ സംഭാഷണങ്ങളൊരുക്കിയ നിരഞ്ജന്‍ അയ്യങ്കാറും മികവു പുലര്‍ത്തി.

 സംവിധാനം
[ 7/10 ]

തുടക്കക്കാരന്റെ പരിഭ്രമങ്ങളൊന്നും പ്രകടമാവാതെ, തികഞ്ഞ കൈയ്യടക്കത്തോടെ തന്റെ ആദ്യ സിനിമ സംവിധാനം ചെയ്യുവാന്‍ അയന്‍ മുഖര്‍ജിക്ക് കഴിഞ്ഞിട്ടുണ്ട്. സിനിമയില്‍ കാര്യമായൊന്നും സംഭവിക്കുന്നില്ലെങ്കിലും, പ്രേക്ഷകര്‍ക്ക് മടുപ്പു തോന്നാത്തവിധത്തില്‍ സംവിധായകന്‍ കഥ മുന്നോട്ടു കൊണ്ടുപോവുന്നു. ഇടയ്ക്കിടെ നിര്‍ത്തി, പിന്നീടു തുടരുന്ന ഗാനശകലങ്ങള്‍ ചിത്രത്തിനു ഗുണകരമാവുന്ന രീതിയില്‍ ഉപയോഗിക്കുന്നതിലും സംവിധായകന്‍ മികവു പുലര്‍ത്തി. വിശേഷാലൊന്നും സംഭവിക്കാതെ മുന്നേറുന്ന ചെറിയൊരു വിഷയം അവതരിപ്പിക്കുവാന്‍ രണ്ടേകാല്‍ മണിക്കൂറിലധികം സമയമെടുത്തു എന്നതും, കഥാപാത്രം അര്‍ഹിക്കുന്ന മികവ് നായകനില്‍ കണ്ടെത്തുവാനാവാഞ്ഞതും സംവിധാനത്തിലെ പരിമിതിയായി കാണാം.

 അഭിനയം
[ 6/10 ]

മുന്‍‌ചിത്രങ്ങളെ അപേക്ഷിച്ച് കുറച്ചു കൂടി ഗൌരവത്തോടെ കഥാപാത്രത്തെ സമീപിക്കുവാന്‍ രണ്‍ബീര്‍ കപൂര്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ‘സിഡെ’ന്ന സിദ്ധാര്‍ത്ഥിനെ ഇതിലും മികച്ചതാക്കുവാന്‍ അവസരങ്ങളുണ്ടായിരുന്നു. ‘സിഡാ’യുള്ള രണ്‍ബീറിന്റെ അഭിനയം പലപ്പോഴും അസ്ഥിരമായി തോന്നി. കൊങ്കണ സെന്‍ ശര്‍മ്മയ്ക്ക് തികച്ചും യോജിച്ചൊരു വേഷമാണ് ചിത്രത്തിലെ അയിഷ. കൊങ്കണ തന്റെ ഭാഗം ഭംഗിയാക്കിയിട്ടുമുണ്ട്. ഉപകഥാപാ‍ത്രങ്ങളായെത്തുന്ന അനുപം ഖേര്‍, സുപ്രിയ പാതക്, രാഹുല്‍ ഖന്ന; കൂടാതെ കൂട്ടുവേഷങ്ങളിലെത്തുന്ന നമിത് ദാസ്, ശിഖ ടല്‍‌സാനിയ തുടങ്ങിയവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി.

 സാങ്കേതികം
[ 3/5 ]

അനില്‍ മേത്തയുടെ ഛായാഗ്രഹണം ചിത്രത്തിലുടനീളം മികച്ചു നില്‍ക്കുന്നു. ചിത്രത്തിന്റെ ഭാവവ്യതിയാനങ്ങള്‍ക്കൊപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുവാന്‍ അനിലിനു കഴിഞ്ഞു. ഷാന്‍ മുഹമ്മദ് നിര്‍വ്വഹിച്ച ചിത്രസന്നിവേശം തരക്കേടില്ലെന്നു മാത്രം. ചില രംഗങ്ങളുടെയെങ്കിലും വേഗതക്കുറവില്‍ ഷാന്റെ പങ്ക് ചെറുതല്ല. സാഹചര്യങ്ങള്‍ക്കിണങ്ങുന്ന ചുറ്റുപാടുകളൊരുക്കിയ പ്രൊഡക്ഷന്‍ ഡിസൈനര്‍ അമൃത മഹാലിന്റെ കലാസംവിധാനം ചിത്രത്തിന്റെ മികവുയര്‍ത്തുന്നുണ്ട്. ശബ്ദസന്നിവേശം, പിന്നണിസംഗീതം തുടങ്ങിയവയും ചിത്രത്തിനോടു ചേര്‍ന്നു പോവുന്നു.

 പാട്ട്, നൃത്തം, ആക്ഷന്‍
[ 4/5 ]

ജാവേദ് അക്തറെഴുതി ശങ്കര്‍-ഇഷാന്‍-ലോയ് എന്നിവര്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങള്‍ ചിത്രത്തിന്റെ സ്വഭാവത്തോടു ചേര്‍ന്നു പോവുന്നവയാണ്. വാദ്യോപകരണങ്ങളുടെ അമിതമായ ഉപയോഗമില്ലാതെ തന്നെ യുവത്വം തുടിക്കുന്ന ഗാനങ്ങളൊരുക്കുവാനായതില്‍ സംവിധായകത്രയത്തിന് തീര്‍ച്ചയായും ആഹ്ലാദിക്കാം. അനാവശ്യ നൃത്ത/സംഘട്ടന രംഗങ്ങള്‍ ചിത്രത്തില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കിയതും ഉചിതമായി.

 ആകെത്തുക
[ 6.75/10 ]

‘സിഡി’നെ ഉറക്കമുണര്‍ത്തുന്നതിനൊപ്പം, ഉറങ്ങുന്ന ഒരു വിഭാഗം യുവാക്കളെയും ചിത്രം തട്ടിയുണര്‍ത്തുന്നു. മറ്റൊരു വിഭാഗം യുവജനതയ്ക്ക് തങ്ങള്‍ ഉണര്‍ന്നിരിക്കുകയാണ് എന്ന തിരിച്ചറിവു നല്‍കുവാനും ചിത്രത്തിനു കഴിയുന്നുണ്ട്. താരപ്പൊലിമയോ, വമ്പന്‍ അവകാശവാദങ്ങളോ ചിത്രത്തിനില്ല, എന്നാല്‍ എവിടെയൊക്കെയോ എപ്പോഴൊക്കെയോ ‘വേക്ക് അപ് സിഡ്’ കാണികളുടെ മനസില്‍ തൊടുന്നുണ്ട്. അത്രത്തോളം ലളിതമായി അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാകുവാനും കാരണം മറ്റൊന്നാവില്ല.

Description: - A Malayalam (Malluwood) film directed by Ayan Mukerji; Starring Ranbir Kapoor, Konkona Sen Sharma, Anupam Kher, Supriya Pathak, Rahul Khanna
, Kashmira shah, Namit Das, Shikha Talsania; Produced by Karan Johar; Story and Screenplayby Ayan Mukerji; Dialogues by Niranjan Iyengar; Camera (Cinematography) by Anil Mehta; Editing by Shan Mohammed; Art Direction by Amrita Mahal; Stunts (Action) by ; Background Score by ; Sound Effects by ; DTS Mixing by ; Titles by ; Make-up by ; Costumes by ; Lyrics by Javed Akhtar; Music by Shankar-Ehsaan-Loy; Choreography by ; Audio Recording by ; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. Oct 02 2009 Release.

--

7 comments :

 1. രണ്‍ബീര്‍ കപൂര്‍, കൊങ്കണ സെന്‍ ശര്‍മ്മ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘വേക്ക് അപ് സിഡ്’ എന്ന ഹിന്ദി ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
  --

  ReplyDelete
 2. ഞാനും കണ്ടു... എനിക്കും വളരെ ഇഷ്ട്ടപ്പെട്ടു.. രണ്‍ബീര്‍ ഓരോ ചിത്രത്തിലും മികച്ച് മികച്ച് വരുന്നു..... കങ്കണയെ പറ്റി പറയേണ്ട ആവശ്യമില്ലല്ലോ... തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിലെല്ലാം എന്തെങ്കിലും കാണും കങ്കണ സൂപ്പര്‍ബ്.... എല്ലാവരിലും ഒരു സിഡ് ഒളിച്ചിരിപ്പുണ്ട്... അവരെ തട്ടിയുണര്‍ത്താന്‍ ഈ ചിത്രത്തിന് കഴിയും...

  ReplyDelete
 3. വളരെ നല്ല ഒരു പടം... ചിത്രം ഉയര്‍ത്തിക്കാട്ടുന്ന സന്ദേശം വളരെ പ്രസക്തം... മലയാളി സംവിധായാകര്‍ കണ്ടു പഠിക്കട്ടെ... അല്ലാതെന്താ...

  I'm waiting for Pazhashiraja to release..

  ReplyDelete
 4. "പുതുമ അനുഭവപ്പെടുന്ന രീതിയില്‍" എവിടെയാണിഷ്ടാ പുതുമ! ലക്ക് ബൈ ചാന്‍സില്‍ന്ന് വേറിട്ടൊരു അഭിനയം കൊങ്കണയ്ക്ക് പോലും ഇതില്‍ ഉണ്ടായില്ല. സിറ്റിയോട് വരുന്ന അറ്റാച്മെന്റ് അതിലും നന്നായി ഇതില്‍ പറഞ്ഞിട്ടുമില്ല. ഇന്‍ഡിപെന്റന്റ് എന്ന് പലവട്ടം പറഞ്ഞോണ്ടിരിക്കുന്നെങ്കിലും അത് നേടാനുള്ള struggling phase ഇതില്‍ കണ്ടതേയില്ല. എല്ലാം വളരെ ഈസി. മുംബൈയില്‍ ഇന്‍ഡിപെന്റന്റ് ആവാന്‍ വന്ന് എല്ലാം നഷ്ടപ്പെടുന്നതും നേടുന്നതും ഒക്കെയായി ഒരുപാട് മൂവി ഇറങ്ങിയതല്ലെ. ഒരുമിച്ച് ജീവിച്ച് പ്രണയമാവുന്നതാണേലും എത്രയെണ്ണത്തില്‍ കണ്ടു! ഇതിലും ഡെപ്തോടേ! പിന്നെ എല്ലാവരുടേം ഉള്ളിലെ സിദിനെ ഈ പടം ഉണര്‍ത്തുമെങ്കില്‍ കൊള്ളാമായിരുന്നു. വീട് വൃത്തിയാക്കുക, ഫുഡ് ഉണ്ടാക്കുക ;) അവിടെയൊക്കെയായിരുന്നല്ലൊ മെയിന്‍ ഉണരല്‍ :P [ഫോട്ടോഗ്രാഫി എന്ന് പറഞ്ഞ് തല്ലാന്‍ വരണ്ട] തനിയെ ജീവിക്കാന്‍ ഇറങ്ങിപുറപ്പെട്ട നായിക പോലും അതു നേടിയതിലല്ല, ഹംസഫറിനെ കിട്ടിയതിലാണ് ഹാപ്പി! dependence അത്രപെട്ടെന്ന് ഒഴിവാക്കാന്‍ പറ്റുന്നതല്ലെന്ന മിക്സ് മസാല തന്നെ ഇതിലും.

  ReplyDelete
 5. ഒന്നൂടെ. വേറെ ഒന്നും ചെയ്യാത്തതുകൊണ്ട് ഹീറോ ആവാന്‍ ചാന്‍സ് ഉണ്ടെന്ന നായകന്റെ അമ്മയുടെ ഡയലോഗ് ആപ്റ്റ് ആയി തോന്നി. ഒരു മന്ദു ലുക്കില്‍ അഭിനയം. ഉറങ്ങിയപ്പോഴും ഉണര്‍ന്നപ്പോളും ഒക്കെ ഒരേപോലിരിക്കുന്നുണ്ട് ;) പുതിയവരില്‍ ഭേദം കമീനെയില്‍ ഷാഹിദ് തന്നെ. രണ്ടും വേറെ രീതിയിലുള്ള മൂവിയാണെന്ന് പറഞ്ഞാല്‍ തന്നെ ഇതുപോലൊരു മൂവിയില്‍ ഹീറോയോട് തോന്നേണ്ട affection തോന്നിയതേയില്ല.

  ReplyDelete