മലയാളസിനിമയിലെ അഭിനേതാക്കളുടെ ഒരു റാമ്പ് ഷോയായി മാറിയ ‘
ട്വന്റി 20’യ്ക്കു ശേഷം ജോഷിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ചിത്രമാണ് ‘റോബിന്‍ഹുഡ്’. ‘ക്ലാസ്മേറ്റ്സ്’, ‘
ചോക്ലേറ്റ്’ എന്നീ ചിത്രങ്ങള്‍ മലയാളികള്‍ക്കു സമ്മാനിച്ച പി.കെ. മുരളീധരനും ശാന്ത മുരളിയുമാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ‘ചോക്ലേറ്റി’ലൂടെ തിരക്കഥാരചനയില്‍ അരങ്ങേറ്റം കുറിച്ച സച്ചി-സേതു ദ്വയമാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. പൃഥ്വിരാജിനൊപ്പം നരേന്, ജയസൂര്യ, ഭാവന, സംവൃത സുനില്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം ബുദ്ധിശാലിയായ ഒരു ഹൈടെക് കള്ളന്റെ കഥയാണ് പറയുന്നത്.
കഥയും, കഥാപാത്രങ്ങളും
| [ 4/10 ]
|
|
‘റോബിന് ഹുഡ്’ എന്നു കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരിക പശ്ചാത്യനാടോടി കഥകളിലെ, കൊള്ളമുതല്‍ പാവപ്പെട്ടവര്‍ക്കു വീതിച്ചു നല്കുന്ന വീരനായ തസ്കരനെയാണ്. അത്തരത്തില്‍ ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുന്നതില്‍ വിശ്വസിക്കുന്ന ഒരു കള്ളനെയാണ് സച്ചിയും സേതുവും ഈ ചിത്രത്തില്‍ സൃഷ്ടിച്ചിരിക്കുന്നത്. പ്രമേയവും തുടക്കത്തിലെ മോഷണങ്ങളുമൊക്കെ അല്പം തലപുകച്ചു തന്നെയാണ് ഇരുവരും ചേര്‍ന്ന് എഴുതിയത്. എന്നാല്‍ അവസാനഭാഗങ്ങള്‍ തികച്ചും അവിശ്വസിനീയമായ കുറേയേറെ കാര്യങ്ങളായിപ്പോയത് തുടക്കത്തിലെ ഈ മികവിനെ പുറകോട്ടടിക്കുന്നു.
സംവിധായകന് ജോഷിയുടെ ഇരുപത്തിയൊന്നാം നൂറ്റാണ്ട് തുടങ്ങിയതിനു ശേഷമുള്ള ചിത്രങ്ങളെടുത്താല്‍ 2005-ല്‍ ഇറങ്ങിയ ‘നരനു’മാത്രമാണ് അല്പമെങ്കിലും മികവ് അവകാശപ്പെടാവുന്നത്. ജോഷിയുടെ മുന്‍കാല ചിത്രങ്ങളിലെ പ്രതിനായകന്മാരോടു പോലും തോന്നിയിരുന്ന വൈകാരികമായ അടുപ്പം ഇപ്പോളിറങ്ങുന്ന ചിത്രങ്ങളിലെ കഥാപാത്രങ്ങളോട് പ്രേക്ഷകര്‍ക്കു തോന്നുന്നില്ല. ‘റോബിന് ഹുഡി’ന്റെ കാര്യവും വ്യത്യസ്തമല്ല. തിരക്കഥാകൃത്തുക്കള്‍ ഒരുക്കിയ അടിത്തറയില്‍, ഒരു മികച്ച ത്രില്ലര്‍ സൃഷ്ടിക്കുവാനുള്ള അവസരം സംവിധായകന് ഇവിടെ കളഞ്ഞു കുളിച്ചു. ഇത്തരമൊരു കഥയായിട്ടുകൂടി, ചിത്രം കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകന് ഒരവസരത്തിലും ഒരു ഉത്കണ്ഠയും തോന്നുന്നില്ല. അനവസരത്തിലെ ഗാനങ്ങളും, അനാവശ്യ കഥാപാത്രങ്ങളുമൊക്കെയായി ചിത്രം പ്രേക്ഷകരെ മുഷിപ്പിക്കുകയും ചെയ്യുന്നു.
ചിത്രത്തിലെ ‘റോബിന് ഹുഡ്’, അഥവാ നായകനായ സിദ്ധാര്ത്ഥായുള്ള പൃഥ്വിരാജിന്റെ പ്രകടനത്തില്‍ പുതുമ പറയുവാനില്ല. കൂര്‍മ്മ ബുദ്ധിയുള്ള തസ്കരനെ അവതരിപ്പിക്കുന്നതില്‍ കുറേ സ്റ്റൈല്‍ കാണിക്കുക എന്നതിലപ്പുറം എന്തെങ്കിലുമൊരു വ്യത്യസ്തത നല്കുവാന് ശ്രമിക്കാമായിരുന്നു. തന്റെ കഥാപാത്രത്തിനു സ്വാഭാവികത നല്കുവാന് നരേന് വളരെ ശ്രമപ്പെടുന്നതായി തോന്നിയപ്പോള്‍ ജയസൂര്യയുടെ പോലീസ് വേഷം പ്രത്യേകിച്ചൊരു ചലനവുമുണ്ടാക്കാതെ കടന്നു പോവുന്നു. ഭാവനയേയും സംവൃതയേയും സുന്ദരിമാരായി കാണുന്നവര്‍ക്ക്, അവരെ കാണ്ടുകണ്ടിരിക്കാം; അതിനപ്പുറം അവരുടെ കഥാപാത്രങ്ങള്‍ക്ക് ചിത്രത്തിലൊന്നും ചെയ്യുവാനില്ല. മറ്റു താരങ്ങളില്‍ ബിജു മേനോന്, ലെന, ഇടുക്കി ജാഫര്‍, സലിം കുമാര്‍ തുടങ്ങിയവര്‍ തങ്ങളുടെ വേഷങ്ങളോട് നീതി പുലര്‍ത്തി. മറ്റു താരങ്ങള്‍ക്ക് പേരിനു മാത്രമാണ് ചിത്രത്തിലവസരം.
ഫ്ലാറ്റും ബാങ്കുമൊക്കെയായി പ്രധാനമായും കെട്ടിടങ്ങള്‍ക്കുള്ളിലാണ് കഥയുടെ ഭൂരിഭാഗവും നടക്കുന്നത്. ഇവ കണ്ണിനു മടുപ്പു തോന്നാത്തവണ്ണം ചിത്രീകരിക്കുന്നതില്‍ ഷാജിയും, ചിത്രസന്നിവേശത്തില്‍ രഞ്ജന്‍ എബ്രഹാമും മികവു പുലര്‍ത്തിയപ്പോള്‍ കെട്ടിടങ്ങളുടെ ഉള്‍വശങ്ങള്‍ മോടികൂട്ടുന്നതുമാത്രമായി ജോസഫ് നെല്ലിക്കലിന്റെ കലാസംവിധാനം. താമസിച്ചു വരുന്ന ഫ്ലാറ്റ് കെട്ടിടങ്ങള്‍ക്ക് അങ്ങിനെയൊരു പ്രതീതി നല്‍കുന്നതിലൊന്നും കലാസംവിധായകന്‍ ശ്രദ്ധവെച്ചില്ല. സേതുവിന്റെ ഇഫക്ടുകളും രാജാമണിയുടെ പിന്നണിസംഗീതവും തരക്കേടില്ലാതെ പോവുന്നുണ്ട്.
പാട്ട്, നൃത്തം, ആക്ഷന്‍
| [ 1/5 ]
|
|
മിനിസ്ക്രീനില്‍ സിനിമ കാണുമ്പോള്‍ രസം കൊല്ലിയായെത്തുന്ന പരസ്യങ്ങളേക്കാള്‍ ക്ഷമ പരീക്ഷിക്കുന്നവയാണ് തികച്ചും അനാവശ്യമായി ഉള്‍പ്പെടുത്തിയിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍. കൈതപ്രം ദാമോദരന്‍ നമ്പൂതിരി രചിച്ച് എം. ജയചന്ദ്രന് ഈണം നല്കിയ ഈ ഗാനങ്ങള്‍ കേട്ടിരിക്കുവാനും ഉതകുന്നവയല്ല. പ്രസന്ന ഒരുക്കിയിരിക്കുന്ന നൃത്തച്ചുവടുകള്‍ക്കും ആകര്‍ഷകത്വം കുറവാണ്. അനല്‍ അരശുവും, പളനി രാജും ചേര്‍ന്നൊരുക്കിയിരിക്കുന്ന സംഘട്ടനരംഗങ്ങള്‍ തരക്കേടില്ലെന്നു മാത്രം.
അനീതിക്കിരയായി ജീവിതത്തില്‍ പലതും നഷ്ടമാവുന്ന നായകന്റെ പ്രതികാരം; പ്രമേയത്തില്‍ വ്യത്യസ്തതയൊന്നുമില്ലെങ്കിലും പുതുമയുള്ളൊരു പശ്ചാത്തലം സിനിമയ്ക്കായി കണ്ടെത്തുവാന്‍ സൃഷ്ടാക്കള്‍ക്കു കഴിഞ്ഞു. എന്നാല്‍ ആ പശ്ചാത്തലത്തെ ക്രിയാത്മകമായി അവതരിപ്പിക്കുന്നതിലും, കഥയ്ക്കാവശ്യമായ പിരിമുറുക്കം നല്‍കുന്നതിലും സംവിധായകനോ തിരക്കഥാകൃത്തുക്കളോ വിജയിച്ചില്ല. കൂടുതല്‍ തയ്യാറെടുപ്പുകള്‍ ഇങ്ങിനെയൊരു ചിത്രത്തിന് ആവശ്യമായിരുന്നു. മലയാളസിനിമയില്‍ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന പഠിച്ച കള്ളന്മാരില് ഒരാളാകുവാന് ‘റോബിന് ഹുഡി’ന് അവസരമുണ്ടായിരുന്നെങ്കിലും, അതിനുള്ള യോഗമില്ലാതെപോയി!
Description: Robinn Hood (Robin Hood / Robinhood) - A Malayalam (Malluwood) film directed by Joshiy; Starring PrithviRaj, Narain, Bhavana, Jayasurya, Samvritha Sunil, Biju Menon, Lena, Janardanan, Sobha Mohan, Salim Kumar, Idukki Jafar; Produced by P.K. Muraleedharan & Santha Murali; Story, Screenplay and Dialogues by Sachi Sethu; Camera (Cinematography) by Shaji; Editing by Ranjan Abraham; Art Direction by Joseph Nellikkal; Stunts (Action) by Anal Arasu, Palani Raj; Background Score by Rajamani; Effects by Sethu; DTS Mixing by ; Titles by ; Make-up by Pandyan; Costumes by S.B. Satheesh; Lyrics by Kaithapram Damodaran Namboothiri; Music by M.Jayachandran; Choreography by Prasanna; Audio Recording by ; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. Sep 24 2009 Release.
--
യുവതാരങ്ങളെ അണിനിരത്തി സംവിധായകന് ജോഷി അണിയിച്ചൊരുക്കുന്ന പുതിയ ചിത്രം ‘റോബിന് ഹുഡി’ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete--
സത്യം ഹരി, വ്യത്യസ്ഥവും മികച്ചതും സൂപ്പര്‍ഹിറ്റാക്കാവുമായിരുന്ന ഒരു ത്രില്ലിങ്ങ് ആക്ഷന്‍ സൂപ്പര്‍ ഹിറ്റ് സിനിമയെ അതിന്റെ അണിയറ പ്രവര്‍ത്തകരുടെ, ഫിലിം മേക്കിങ്ങിലുള്ള ഉദാസീനത/അണ് പ്രൊഫഷണലിസം കാരണം നശിപ്പിച്ചെടുത്തു എന്നു തന്നെയാണ് എനിക്കും തോന്നിയത്. തികച്ചും പുതുമയുള്ളൊരു കഥാ പശ്ചാത്തലം തന്നെയായിരുന്നു ഇതിന്റേത്.
ReplyDeleteഎന്റെ ആസ്വാദന കുറിപ്പ് ഇവിടെ വായിക്കാം :
http://santhoshangal.blogspot.com/2009/09/blog-post_25.html
ഡ്യൂപ്ലിക്കേറ്റിന്റെ നിരൂപണം കണ്ടില്ലല്ലോ ഹരീ
ReplyDeleteജോഷിയോ.. അതോ സച്ചി-സേതുവോ ..ആരാണ് ചതിച്ചത്? വലിയ പ്രതീക്ഷകളോടെ കാത്തിരുന്ന പടമായിരുന്നു. അവസരം കിട്ടിയാല്‍ എന്തായാലും കാണണം.
ReplyDeleteപവനാഴികള് വീണ്ടും വീണ്ടും ശവമായിക്കൊണ്ടിരിക്കുന്നു... അല്ലേ??!!!
ReplyDeleteHaree,
ReplyDeleteThe story is almost similar to 'Gentleman' & Jayaram's 'Superman'. When compare to his contemporaries (I.V. Sasi, Fazil, Sibi Malayil etc.) Joshy is far better. At least he is still a sought after director in Malayalam industry.
ഹരീ
ReplyDeleteഹരി ഇതിനു കൊടുത്ത 3.75 വളരെ മോശമായിപോയി ........
ഇതിനു ഇത്രയൊന്നും പോരായിരുന്നു
സംവിതാനം
വളരെ മോശം ....... ജീവിതത്തില്‍ ATM കാണാത്തത് മാതിരി ഉള്ള രംഗങ്ങള്‍
തിരക്കഥ
അതിലും മോശം ......ഉത : കാശുമായി സിദ്ധാര്‍ഥ് ( Prithiraj ) ഫ്ലാറ്റില്‍ നിന്നും ഇറങ്ങുന്നു കൊട്ടേഷന്‍ ടീം തൊട്ടു പിന്നാലെ ........... ഒടുവില്‍ ഒരു പാര്‍ക്കിംഗ് സ്ഥലത്ത് അവര്‍ കണ്ടു മുട്ടുന്നു തുടര്‍ന്ന് അതിഘോര സംഘട്ടനം (?) ഒടുവില്‍ നരേന് വന്നു അവരെ രക്ഷിക്കുന്നു ....................... പിന്നീട് ഫ്ലാഷ് ബാക്ക് പറയുമ്പോള്‍ സിദ്ധാര്‍ഥ് അന്ന് കാശും കൊണ്ട് പോകുന്ന വഴിക്ക് ബിജുമേനോന്റെ വീട്ടില്‍ കാശ് കൊണ്ട് വെക്കുന്നു...
എന്റെ അമ്മോ എനിക്ക് വയ്യ.........
action
പുതിയ മുഖം ഫോട്ടോസ്റ്റാറ്റ്
songs
ഒരെണ്ണം വായില്‍ വെക്കാന്‍ കൊള്ളില്ല......
ഇത്രയും നല്ല ഒരു മാസ്റ്റര്‍ പീസിനു ആണോ ഹരീ നീ ഈ മാര്‍ക്ക് നല്‍കിയത് മോശമായിപ്പോയെ ...
മാധ്യമങ്ങളുടെ അമിത പരിലാളന മൂലം സ്വയമൊരു സൂപ്പർ സ്റ്റാർ ആയി ചമഞ്ഞു തുടങ്ങിയിട്ടുണ്ടു നമ്മുടെ പ്രിത്വിരാജ്. മംഗളത്തിലിയരഭിമുഖത്തിൽ പുതിയ മുഖത്തിലെ വിജയത്തോടെ താങ്കൾ ഒരു സൂപ്പർസ്റ്റാർ ആയല്ലോ എന്ന ചോദ്യത്തിന്നുള്ള പ്രിഥ്വിരാജിന്റെ മറുപടി രസകരമാണു, വെറും മുപ്പത് സിനിമ കൊണ്ട് എനിക്ക് ഈ നേട്ടം കൈവരിക്കാൻ സാധിച്ചു. മമ്മൂട്ടിയും ലാലുമൊക്കെ ഒരു പാടു കാലത്തിനു ശേഷമാണു സൂപ്പൂകൾ ആയതെന്നു.
ReplyDeleteഅതാണു ഇവർ തമ്മിലുള്ള വ്യത്യാസം. മമ്മൂട്ടിയും ലാലും നിരന്തര സ്രമങ്ങളിലൂടെ ആ നേട്ടക് കൈവരിച്ചെങ്കിൽ. ഇടവഴിയിലൂടെ ഓടിക്കടന്നു ആ സ്ഥനത്തെത്താനാണു രാജിന്റെ ശ്രമം. പ്രിഥ്വിരാജിന്റെ ഈ കാഴ്ചപ്പാടാണു മാറേണ്ടത്. മാധ്യമങ്ങൾ കൽപിച്ചു നൽകിയ സൂപ്പർ സ്റ്റാർ പട്ടംക് കൊണ്ടു സുരേഷ്ഗോപിക്കു വന്ന പതനം അദ്ദേഹത്തിനു മാത്രികയാകേണ്ടതാണു.
@ |santhosh|സന്തോഷ്|,
ReplyDeleteഅങ്ങിനെ നമ്മള് രണ്ടാളും ഒരു ചിത്രത്തിലെങ്കിലും ഒരുവഴിക്കായി, അല്ലേ? ;-) നന്ദി.
@ ഗന്ധര്വന്,
ഡ്യൂപ്ലിക്കേറ്റ് ഒഴിവാക്കിയതാണ്. സമയവും സാഹചര്യവും ഒത്തുവന്നില്ല. :-)
@ Satheesh Haripad,
മൂവരും ഉത്തരവാദികളാണ്. :-)
@ രായപ്പന്, Munna,
നന്ദി. :-)
@ Shaju,
Yes, you may find a lot movies of same flavour but it is presented in a different atmosphere. Thank you. :-)
@ rajbabu,
സത്യം തന്നെ. പൃഥ്വിരാജ് സൂപ്പര്‍സ്റ്റാറിനു പഠിക്കാതിരിക്കുകയാണ് അദ്ദേഹത്തിനും നമ്മള് കാണികള്‍ക്കും എന്തുകൊണ്ടും നല്ലത്. :-)
--
ഒരിക്കല്‍ രാജുമോന് എന്നോട് ചോദിച്ചു അവന് എപ്പോഴാ സൂപ്പര്‍ സ്റ്റാര്‍ അകുനതെന്ന് , അപ്പോള്‍ ഞാന്‍ പറഞ്ഞു ഇരുനിട്ടു കാലു നീട്ടിയാല്‍ മതി മോനെ
ReplyDeleteഎ.ടി.എം ന്റെ വാത്ച്ച്മാന് തൊട്ടു തലപ്പത്തിരിക്കുന്ന മേനോന് വരെ ബുദ്ധി വികാസം പ്രാപിക്കാത്തവര്‍.
ReplyDeleteഅവന്മാരെയും സിനിമ കാണുന്ന നമ്മളെയും പൊട്ടനാക്കാന്‍ ബാഗും തൂക്കി ഡിസൈനര്‍ ഡ്രെസ്സില്‍ മാത്രം മോഷ്ടിക്കാന്‍ ഇറങ്ങുന്ന വെള്ളായണി പരമു.
അവനെ പിടിക്കാന്‍ എന്നും പറഞ്ഞു ഇറങ്ങി തിരിച്ച ഒരു പരട്ട കമ്മേസ്സനര് എന്ന ജയസൂര്യ.
(ഇവനെ ഒതുക്കാന്‍ രാജുമൊനാനൊ ഈ സിനിമ പിടിച്ചത് എന്ന് വരെ എനിക്ക് സംശയമുണ്ട്)
പ്രൈവറ്റ് അന്വേഷകന്റെ റോളില്‍ പ്രത്യക്ഷപ്പെടുന്ന നരേന് എന്ന ബുദ്ധിമാന് !
(ഒള്ള സംഭവമെല്ലാം കൂടെയോള്ള പെണ്ണിനെ പറഞ്ഞു കേപ്പിച്ചിട്ടും അവള് ചെമ്പരത്തി പൂവാണെന്നും പറഞ്ഞു പോടീ തട്ടി പോവുന്നത് കാണുമ്പോഴും ഒരു സംശയവും തോന്നാത്ത
ഈ അഭിനവ പുഷ്പരാജിന്റെ കഥാപാത്രത്തെ ഒക്കെ സമ്മതിച്ചേ തീരൂ.)
കൂടുതലൊന്നും പറയാനില്ല,ഇതൊക്കെ കാണുക എന്ന് വച്ചാ അതൊരു യോഗം തന്നെ.
Haree...ee review kalakki Njan ethu prathikshichu! padam appo pottum alle
ReplyDeleteഹരീ.. വീണ്ടും അഭിപ്രായത്തില്‍ വിഭിന്നത പുലര്‍ത്തുന്നതിനാല്‍ റിവ്യൂ എഴുതേണ്ടി വന്നു.. :-) http://cinemaniroopanam.blogspot.com
ReplyDeleteഈയിടെ മലയാള സിനിമയില്‍ കണ്ടു വരുന്ന അമല്‍ നീരദ്നിസം നുമ്മടെ സിനിമയെ ഒരു വഴിക്കാക്കും, ഫാഷന്‍ ഷോ പോലത്തെ കുറേ സീനുകളും ഒന്നും മനസ്സിലാകാത്ത അസ്ഥാനത്തുള്ള പാട്ടുകളും - ആ സമൂസാ സമൂസാ ന്നുള്ള ഒരു പാട്ടുണ്ടല്ലോ - പളനിമല മുരുഗാ- താങ്കമുടിയാതപ്പാ..!!
ReplyDeleteവളരെ അധികം പ്രതീക്ഷ നല്കി പുറത്തു വന്ന ഒരു ചിത്രം കൂടി നിരാശ ഉണര്‍ത്തുന്നു. ചെയ്യാത്ത തെറ്റിന് സത്യസന്ധനും ബുദ്ധിമാനും സര്‍വ്വോപരി പരോപകാരിയും ആയ നായകനെ പോലീസ് പിടിച്ചു കൊണ്ട് പോകുമ്പൊള്‍ ഹൃദയാഖാതം സംഭവിക്കുന്ന നായകന്റെ അച്ഛനെ ഇനിയും എത്ര സിനിമകളില്‍ കാണണം? ATM മെഷീനുകളില്‍ നിന്നും വരുന്ന വികിരണങ്ങള്‍ സ്വീകരിക്കുന്ന ഡിഷ് ഗംഭീരം. ഇതിലും ഭേദം പഴയ ഒരു തകര കുടം വെക്കുന്നതായിരുന്നു. അവസാനം കഥയില്‍ നരേനെ വില്ലന്‍ ആക്കുകയോ മറ്റോ ചെയ്തു ഒരു ട്വിസ്റ്റ് വരുത്തിയിരുന്നെങ്കില്‍ ഒരു കൊള്ളാവുന്ന ചിത്രം ആയേനെ.
ReplyDelete@ പുലിക്കുട്ടി, cloth merchant, Vibin,
ReplyDelete:-) നന്ദി.
@ സൂര്യോദയം,
ഈ വിഭിന്നത അല്പം കടുത്തു പോയി... :-) (ലിങ്ക് നല്കുമ്പോള് ഹൈപ്പര്‍ ലിങ്കായി നല്‍കുന്നത് നന്നായിരിക്കും.)
@ Paachu / പാച്ചു,
ഇപ്പോ ‘ശബരിമല മുരുഗാ...’ എന്നതാണു ഫാഷന്‍. :-)
@ Justin Aloor,
ആ അച്ഛനെ ഇനിയും നമുക്ക് പല ചിത്രങ്ങളിലും കാണേണ്ടി വരുമെന്നു കരുതാം. പിന്നെ, ഡിഷ് അത് വീട്ടില്‍ ഉണ്ടാക്കുന്നതല്ലേ... അതിലത്ര കുഴപ്പം തോന്നിയില്ല. ക്ലൈമാക്സ് കുഴപ്പമില്ല, വില്ലനെ തിരിഞ്ഞു കൊത്തുന്നത് രസമുണ്ട്; പക്ഷെ, തിരക്കഥയില്‍ വന്നപ്പോള്‍ ആ ഭാഗങ്ങളുടെ എക്സിക്യൂഷന് പാളി.
--
Hari,
ReplyDeleteഡ്യൂപ്ലിക്കേറ്റ് oru nalla padam anennu kelkunnu..oru review idamayrunille? ithokeyalle nammal prolsahipikendathu? :)
bipin,
ReplyDeleteകണ്ട് മടുത്ത ഇരട്ട വേഷവും ആവറേജില്‍ താഴെമാത്രം നില്ക്കുന്ന ഹാസ്യവും കൊണ്ട് വലിയ നിലവാരമില്ലാത്ത ഒരു ചിത്രം എന്നേ എനിയ്ക്ക് തോന്നിയുള്ളൂ... അവസാനരംഗങ്ങളില്‍ ഒരല്‍പ്പം ഇന്ററസ്റ്റിംഗ് ആക്കാന്‍ സാധിച്ചു എന്നതേ ആകെ ഒരു പോസിറ്റീവ് കാര്യമായി തോന്നിയുള്ളൂ... സുരാജ് വെഞ്ഞാര്‍മൂടിന്റെ സാധാരണ ഹാസ്യ കഥാപാത്രങ്ങളുടെ അടുത്തൊന്നും എത്താവുന്ന ഒന്നല്ല ഇതിലെ കഥാപാത്രം..
duplicate kandirikkam..athre ulu...chila numberukal in the beginnin of second half kollam..salim kumar,bijukuttan okke arochakamanu...suraj s ok......
ReplyDeletepine ivide palarum robinhood ne vimarshikkunathu kandappol enikku thoniyathu avarokke "rajah" sen no "masand" no padikkuka yanu ennu..padam pottum alle enna matilulla santhoshavum chilar panku vachu kandu....
the makers themselves hanv nt taken the mvie that seriously.....valya kuzhapam illathe kandirikavunna entertainer..athre udeschitullu..and t provides just that..kandirikkam.....
script ezhuthyathu micheal crichton um directio spielberg um onnum alla ennu manasilakki poyal,bore adikkatha oru padamanu joshy 's robinhood....abhinayichathu aranenkilum..
duplicate makes a good watch in dvd.....better than changathy poocha and all
ReplyDelete'റോബിന്‍ഹുഡ്’. ‘ക്ലാസ്മേറ്റ്സ്’, ‘ചോക്ലേറ്റ്’ എന്നീ ചിത്രങ്ങള്‍ മലയാളികള്‍ക്കു സമ്മാനിച്ച പി.കെ. മുരളീധരനും ശാന്ത മുരളിയുമാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ‘
ReplyDeleteHaree.. you need to remove "Robinhood" from this list because you are reviewing the same movie .
I am a frequent reader of your blog . I really like your thorough reviews