വിന്റര്‍ (Winter)

Published on: 7/20/2009 07:16:00 PM
Winter: A film by Dipu starring Jayaram, Bhavana, Manoj K. Jayan etc./>
ക്രേസി ഗോപാലന്‍’ എന്ന ചിത്രത്തിനു ശേഷം ദീപു കരുണാകരന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രമാണ് ‘വിന്റര്‍’. നാലു വര്‍ഷത്തിനു മുന്‍പു തന്നെ ചിത്രീകരണം തുടങ്ങിയ ഈ ചിത്രമായിരുന്നു ദീപുവിന്റെ ആദ്യ ചിത്രമായി തിയേറ്ററുകളില്‍ എത്തേണ്ടിയിരുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണങ്ങള്‍ എന്നിവയുടെ രചനയും സംവിധായകന്‍ തന്നെ നിര്‍‌വ്വഹിച്ചിരിക്കുന്നു. ജയറാം, ഭാവന എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കെ. രാധാകൃഷ്ണന്‍.

 കഥയും, കഥാപാത്രങ്ങളും [ 1/10 ]

പേടിപ്പടങ്ങളായി യക്ഷിക്കഥകള്‍ മാത്രമുള്ള മലയാളസിനിമയില്‍ അങ്ങിനെയല്ലാതൊരു ചിത്രമെടുക്കുവാനൊരു ശ്രമം, അതൊന്നു മാത്രമാണ് ഈ ചിത്രത്തെക്കുറിച്ച് എടുത്തു പറയാവുന്ന ഒരേയൊരു കാര്യം. കുറേ ശബ്ദങ്ങള്‍ കേള്‍പ്പിച്ചും, ക്യാമറ ഒളിച്ചു നിന്നു നോക്കിയും കാഴ്ചക്കാരെ പേടിപ്പിക്കുവാന്‍ നോക്കുന്നുണ്ടെന്നതിനപ്പുറം ചിത്രത്തിനൊരു കഥ പറയുവാനില്ല. കഥാപാത്രങ്ങള്‍ക്കോ അവരുടെ സംഭാഷണങ്ങള്‍ക്കോ സ്വാഭാവികത നല്‍കുവാനും കഥാകൃത്തിനു കഴിഞ്ഞില്ല. ചിത്രത്തിലെ കഥാപാത്രങ്ങളെല്ലാം സദാസമയവും പേടിച്ചു കഴിയുന്നവരാണ്. പാത്രം വീണാല്‍ പേടി, കോളിംഗ് ബെല്‍ കേട്ടാല്‍ പേടി, തൊട്ടാല്‍ പേടി, ഒറ്റയ്ക്ക് നടക്കാന്‍ പേടി... എന്നു വേണ്ട തൊട്ടതിനും പിടിച്ചതിനുമൊക്കെ പേടി തന്നെ! ചില ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞെട്ടുമെന്നല്ലാതെ ഇവയൊന്നും പ്രേക്ഷകരെ പേടിപ്പിക്കുന്നുമില്ലെന്നതാണ് അതിലും വലിയ തമാശ.

 സംവിധാനം [ 1/10 ]

ഒരു യുക്തിയുമില്ലാത്ത കുറേയധികം ഷോട്ടുകളിലൂടെ, കഥയില്ലാതെയൊരു തിരക്കഥ ദൃശ്യവല്‍കിരിച്ചിരിക്കുകയാണ് സംവിധായകനിതില്‍. വാസ്തുപ്രശ്നം, കുട്ടിയുടെ അസുഖം; ഇങ്ങിനെ ചിത്രത്തിന്റെ ഇടയ്ക്ക് പ്രാധാന്യത്തോടെ കാണിക്കുന്ന സംഗതികളൊക്കെയും ചിത്രം അവസാനിക്കുമ്പോള്‍ അപ്രസക്തമാവുന്നു. കഥ തിരഞ്ഞെടുക്കുന്നതില്‍, കഥാ‍പാത്രങ്ങളെ വിശ്വസിനീയമായി അവതരിപ്പിക്കുന്നതില്‍, അനുയോജ്യരായ അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതില്‍, ചിത്രത്തിന്റെ സ്വഭാവത്തിനു യോജിക്കുന്ന ഒരു കഥാകഥനശൈലി സ്വീകരിക്കുന്നതില്‍; ഒരു സംവിധായകനെന്ന നിലയില്‍ ദീപു മെച്ചപ്പെടേണ്ട മേഖലകള്‍ ഏറെയാണ്.

 അഭിനയം [ 2/10 ]

വ്യക്തമായ ധാരണയില്ലാതെ സൃഷ്ടിച്ചിരിക്കുന്ന കഥാപാത്രങ്ങള്‍ അഭിനേതാക്കള്‍ക്ക് ബാധ്യതയാണ്. അന്തര്‍ദേശീയ തലത്തില്‍ അറിയപ്പെടുന്ന സര്‍ജന്‍ എന്നാണ് ചിത്രത്തില്‍ പലപ്പോഴും ജയറാം അവതരിപ്പിച്ച ഡോ. റാം എന്ന കഥാപാത്രത്തിനു നല്‍കുന്ന വിശേഷണം; എന്നാല്‍ ഒരു സാധാരണ ഡോക്ടറിനപ്പുറത്തേക്ക് ജയറാമിന് കഥാപാത്രത്തെ അഭിനയിപ്പിച്ച് ഫലിപ്പിക്കുവാന്‍ കഴിഞ്ഞിട്ടില്ല. ഡോ. റാമിന്റെ ഭാര്യയും രണ്ടു കുട്ടികളുടെ അമ്മയുമായ ഭാവനയുടെ പ്രകടനവും വിശ്വസിനീയമല്ല. മനോജ് കെ. ജയന്‍, ടി.ജി. രവി, വിജയകുമാര്‍, ബേബി രഹ്ന, ബേബി മറീന തുടങ്ങിയവര്‍ക്ക് ചിത്രത്തില്‍ കാര്യമായൊന്നും ചെയ്യുവാനില്ല. നൂലുണ്ട വിജേഷിന്റെ ചില നമ്പറുകള്‍ ചിരിപ്പിക്കും.

 സാങ്കേതികം [ 1/5 ]

തെലുങ്കില്‍ നിന്നുള്ള ഛായാഗ്രാഹകന്‍ ജയകൃഷ്ണ ഗുമ്മാഡി പകര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ക്ക് പുതുമയുണ്ട്. എന്നാല്‍ പ്രകാശക്രമീകരണങ്ങള്‍ പലപ്പോഴും യുക്തിസഹമായിരുന്നില്ല. സുനില്‍ ബാബുവിന്റെ കലാസംവിധാനം ഒരു ഹൊറര്‍ ചിത്രമെന്ന നിലയില്‍ ചിത്രത്തിനുതകുന്നതല്ല. ബെന്നിയുടെ പിന്നണി സംഗീതം, ഇക്‍ബാലിന്റെ സൌണ്ട് ഇഫക്ടുകള്‍, ഇവയ്ക്കു പുറമേ രാജാകൃഷ്ണന്റെ ഡി.ടി.എസ്. മിക്സിംഗും; ഇതെല്ലാം കൂടിയായപ്പോള്‍ ചിത്രമാകെ ബഹളമയം. അരുണ്‍ കുമാറിന്റെ ചിത്രസംയോജനം മാത്രം തരക്കേടില്ലെന്നു പറയാം.

 പാട്ട്, നൃത്തം, ആക്ഷന്‍ [ 1/5 ]

“തിരതള്ളും താളത്തില്‍...” എന്നു തുടങ്ങുന്ന, എം.ജി. ശ്രീകുമാറിന്റെ ശബ്ദത്തിലുള്ള ഒരു ഗാനമാണ് ചിത്രത്തിലുള്ളത്. അനില്‍ പനച്ചൂരാന്‍ എഴുതി, എം.ജി. രാധാകൃഷ്ണന്റെ മകന്‍ രാജാകൃഷ്ണന്‍ സംഗീതം നല്‍കിയിരിക്കുന്ന ഈ ഗാനത്തിന്റെ ഈണം തരക്കേടില്ല. പക്ഷെ, പിന്നണിയില്‍ ഉപയോഗിച്ചിരിക്കുന്ന വാദ്യങ്ങളുടെ ശബ്ദം പലപ്പോഴും അസഹനീയമാണ്. ചിത്രത്തിലെ സംഘട്ടന രംഗങ്ങളൊരുക്കുവാന്‍ നിയോഗിക്കപ്പെട്ട ത്യാഗരാജന് കാര്യമായൊന്നും ചെയ്യുവാനില്ല. (ഓടുന്നതും മറിഞ്ഞു വീഴുന്നതും വലിഞ്ഞു കയറുന്നതുമൊന്നും ആക്ഷനായി കൂട്ടിയിട്ടില്ല!)

 ആകെത്തുക [ 1.5/10 ]

പിന്നിലൂടെ അറിയാതെ വന്ന് ‘ഠോ’ എന്നു ശബ്ദമുണ്ടാക്കി പേടിപ്പിക്കുവാന്‍ ശ്രമിക്കുന്ന സംവിധായകന്റെ ‘ഹൊറര്‍’ ചിത്രത്തെക്കുറിച്ച് കൂടുതലെന്തു പറയുവാന്‍! കൊച്ചു കുട്ടികള്‍ ഇങ്ങിനെ ശബ്ദമുണ്ടാക്കി പേടിപ്പിക്കുമ്പോള്‍ നമുക്കത് കൌതുകമാണ്, അല്പം കൂടി മുതിര്‍ന്നിട്ടും ഇതു തുടര്‍ന്നാല്‍ നമ്മള്‍ വടിയെടുക്കും, യൌവനമായിട്ടും ഇതൊരു പതിവാക്കിയാല്‍ സഹതാപമാണ് തോന്നുക, മധ്യവയസ്കനായ ഒരുവനാണിതു ചെയ്യുന്നതെങ്കില്‍ തലയ്ക്കസുഖമാണെന്ന് ഉറപ്പിക്കും. ദീപു ഇതിലേതു പ്രായത്തിലാണെന്ന് മനസിലാക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് ചിത്രം കാണാം. അതാണ് ചിത്രത്തിന്റെ സസ്പെന്‍സ്! :-)

Description: Winter - A Malayalam (Malluwood) film directed by Dipu (Deepu Karunakaran); Starring Jayaram, Bhavana, Manoj K. Jayan, T.G. Ravi, Baby Rehna and Baby Mareena; Produced by K. Radhakishnan; Story, Screenplay and Dialogues by Dipu Karunakaran; Camera (Cinematography) by Jaya Krisha Gummadi; Editing by Arun Kumar; Art Direction by Sunil Babu; Stunts (Action) by Thyagarajan; Background Score by Benny; Effects (Graphics) by ; Effects (Sound) by Ikbal; Titles by ; Make-up by ; Lyrics by Anil Panachooran; Music by RajaKrishnan; Choreography by ; Audio Recording by ; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. July 17 2009 Release.

16 comments :

 1. ദീപുവിന്റെ സംവിധാനത്തില്‍ ജയറാം, ഭാവന എന്നിവരൊരുമിക്കുന്ന ‘വിന്റര്‍’ എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  ഓഫ്: ഇതിനെന്തിനാണോ ‘വിന്റര്‍’ എന്നു പേരിട്ടത്? ‘സമ്മര്‍’ എന്നിട്ടാലും പ്രത്യേകിച്ച് മാറ്റമൊന്നും വരാനില്ല!
  --

  ReplyDelete
 2. ഒരെണ്ണം കൊണ്ടൊന്നും ഇവര്‍ പഠിയ്ക്കില്ലേ?

  ജയറാമിന്റെ കാര്യമാണ് കഷ്ടം!

  ReplyDelete
 3. അയ്യൊ.. കണ്ടോ.... കഷ്ടം

  ഞാന്‍ ഇത് കണ്ടോണ്ടിരുന്നപ്പോള്‍ ആദ്യം ഓര്ത്തത് ഹരി ഇത് കണ്ടുകാണുമോ എന്നാ..വേറേ ഒന്നും ഇല്ലാത്തോണ്ട് കേറിയതാ.. പക്ഷെ ഇത്രയും വലിയ ചതി പ്രതീക്ഷിച്ചില്ല..

  നമ്പര്‍ അറിയുമായിരുന്നേല്‍ വിളിച്ചു പറഞ്ഞേനെ ..തിയ്യേറ്ററിന്റെ അടുത്തൂടെ പോലും പോവല്ലെന്ന്

  ReplyDelete
 4. ദീപു കരുണാകരന്‍ ഭാഗ്യം ചെയ്ത ആള്‍ ആണ് !!! ഈ ചിത്രം ആണ് ആദ്യം ഇറങ്ങി ഇരുന്നതെങ്കില്‍ ക്രേസി ഗോപാലന്‍ എടുക്കാന്‍ നിര്‍മ്മാതാവിനെ കിട്ടില്ലായിരുന്നു !!!!!

  ReplyDelete
 5. കഷ്ടായിപ്പോയി. :(

  ReplyDelete
 6. “ആകെത്തുക” എനിക്കിഷ്ടപ്പെട്ടു.. :) പോയി കണ്ടാലോ എന്നൊക്കെ വിചാരിച്ചിരുന്നതാ.. ഇനി ഏതായാലും പോണില്ല!

  ReplyDelete
 7. അപ്പോ ഇനി അതും കാണണ്ട/

  ReplyDelete
 8. പണ്ട് അതായത് പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പലപ്പോഴും സായഹ്ന സിനിമാകഥ ചര്‍ച്ചാ ഗ്യാങ്ങിലുണ്ടായിരുന്ന ദീപുവിന്റെ ക്രേസി ഗോപാലന്‍ പടം കണ്ടപ്പോള്‍ ഒരു മതിപ്പൊക്കെ തോന്നിയിരുന്നു.

  ഹരീടെ നിരൂപണം വായിച്ചപ്പോള്‍ വിന്റര്‍ പോലെയായി. സാരമില്ല ഇനിയും ഇതില്‍ നിന്നും പാഠം പഠിച്ച് നല്ലൊരു വര്‍ക്കുമായി ദീപു വരുമെന്ന് പ്രത്യാശിക്കാം.

  ReplyDelete
 9. "ഡോ. പേഷ്യന്‍റ്"-മായിട്ട് compare ചെയ്യുമ്പോ വിന്‍റര്‍ എങ്ങിനെ? ഏതാ കൂടുതല്‍ അണ്‍സഹിക്കബിള്‍?

  എന്നാലും ഹരീ "ഡോ. പേഷ്യന്‍റ്"നെ പറ്റി ഒരു വാക്ക് പറഞ്ഞിരുന്നെങ്ങില്‍.. :(

  ReplyDelete
 10. തണുത്ത് മരവിച്ചത് എന്നാവും പേര് കൊണ്ട് ഉദ്ദേശിച്ചത്.
  :-)

  ReplyDelete
 11. ഹരി വിന്റെര്‍ കാണുകയോ നിരൂപണം എഴുതുകയോ‍ ചെയ്യില്ലെന്നാണ് കരുതിയത്. കാരണം വെള്ളത്തൂവലിനും കലണ്ടരിനും ആയിരത്തില്‍ ഒരുവനും താങ്കള്‍ നിരൂപണം എഴുതിയിരുന്നില്ലല്ലോ.ഇതിലും ഭേദം കലണ്ടരിനോ മറ്റോ നിരൂപണം എഴുതുന്നതായിരുന്നു.കാരണം വിന്റെരിന് വിമര്‍ശിക്കപ്പെടാനുള്ള യോഗ്യത പോലും ഇല്ല എന്നുള്ളതാണ്.

  ReplyDelete
 12. @ ശ്രീ,
  :-) പഠിച്ചുകൊണ്ടിരിക്കുവാണ്.

  @ ഇട്ടിമാളു,
  ഹ ഹ ഹ... :-) ഇട്ടിമാളു കണ്ടല്ലോ, സന്തോഷമായി. ;-)

  @ Justin Aloor,
  :-) സത്യം!

  @ അരവിന്ദ് :: aravind, ദിവാസ്വപ്നം, kaithamullu : കൈതമുള്ള്,
  :-) നന്ദി.

  @ Visala Manaskan,
  ആര്‍ക്ക് കഷ്ടമായീന്ന്? :-)

  @ നന്ദന്‍,
  നല്ല ഉഗ്രന്‍ പേരല്ലേ, എന്താ ഗമ... ‘വിന്റര്‍’... കാണാന്‍ തോന്നിയാല്‍ കുറ്റം പറയുവാനൊക്കില്ല. അതാ പറയുന്നേ, മിന്നുന്നതെല്ലാം പൊന്നല്ല! :-)

  @ cALviN::കാല്‍‌വിന്‍,
  കാല്വിനു കാണാന്‍ പറ്റിയ പടമൊക്കെ ഇനി എന്നിറങ്ങാനാന്നേ... അടുത്ത ഹാരി പോട്ടര്‍ വരട്ടെ, നമുക്ക് നോക്കാം. :-)

  @ ഏറനാടന്‍,
  :-) അതിതിലും നല്ലതായിരുന്നു. സാരമില്ല, കൂട്ടുകാരന്‍ മെച്ചപ്പെടുമെന്നു തന്നെ ആഗ്രഹിക്കാം. പിന്നെ, ഇതാണല്ലോ ദീപുവിന്റെ ആദ്യചിത്രം. എടുത്തു പഠിച്ചതാവും.

  @ arun,
  രണ്ടിനേയും ഒരു നുകത്തില്‍ കെട്ടാം. രണ്ടും ഒന്നിനൊന്നു മെച്ചം. :-) (എഴുതാന്‍ സമയം കിട്ടാഞ്ഞതാണ്... പക്ഷെ പല കമന്റുകളിലും സൂചിപ്പിച്ചിരുന്നുവല്ലോ!)

  @ Bindhu Unny,
  :-) ആ... ആര്‍ക്കറിയാം!

  @ ഇബ്രാഹിം,വടക്കന്‍ പറവൂര്‍,
  എന്തു ചെയ്യാന്‍! ഹൊറര്‍, കുറ്റാന്വേഷണം, സൈക്കോ ഇതൊക്കെ ഒരു വീക്ക്നെസ് ആയിപ്പോയി! :-P സത്യം തന്നെ, എഴുതി സമയം കളയുവാനുള്ള യോഗ്യതയൊന്നും ഈ ചിത്രത്തിനില്ല. ‘അതുകൊണ്ടരിശം തീരാതവനാ പുരയുടെചുറ്റും മണ്ടി നടന്നു...’ എന്നാണല്ലോ, അങ്ങിനെ മണ്ടി ശരീരം ക്ഷീണിപ്പിക്കുന്നതിലും നല്ലതല്ലേ ഇതെന്നോര്‍ത്തു. :-)
  --

  ReplyDelete
 13. "ആകെ തുക" കലക്കി ............

  ReplyDelete