രഹസ്യപോലീസ് (RahasyaPolice)

Published on: 7/25/2009 11:42:00 PM
RahasyaPolice (Rahasya Police) - Malayalam Film Review in Chithravishesham. A film by K. Madhu starring Jayaram, Samvritha Sunil, Riyas Khan etc.
‘ഇരുപതാം നൂറ്റാണ്ട്’, ‘ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ്’, ‘സേതുരാമയ്യര്‍ സി.ബി.ഐ.’ തുടങ്ങിയ ഹിറ്റ് സിനിമകള്‍ മലയാളത്തിനു സമ്മാനിച്ച സംവിധായകന്‍ കെ. മധുവും തിരകഥാകൃത്ത് എസ്.എന്‍. സ്വാമിയും വീണ്ടും ഒന്നിക്കുകയാണ് ‘രഹസ്യപോലീസ്’ എന്ന ഈ അപസര്‍പ്പക സിനിമയില്‍. ജയറാം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സിയാദ് കോക്കര്‍. അപസര്‍പ്പകസിനിമയെന്ന പേരില്‍ മലയാളത്തിലിന്നോളം പുറത്തിറങ്ങിയിട്ടുള്ള ചിത്രങ്ങളില്‍ കാണാത്തത്രയും വലിയ രഹസ്യങ്ങളൊന്നും ഈ ‘രഹസ്യപോലീസി’ലുമില്ല, അതുണ്ടാക്കുവാനൊരു ശ്രമം പോലുമില്ല എന്നത് നിരാശയുടെ ആഴം കൂട്ടുകയും ചെയ്യുന്നു.

 കഥയും, കഥാപാത്രങ്ങളും [ 2/10 ]

ശാന്തമായ കുടുംബബന്ധങ്ങള്‍ വിവരിച്ചു കൊണ്ടു തുടക്കം, അതിനിടയിലൊരു അത്യാഹിതം, പിന്നെ അന്വേഷണം. ഒടുവില്‍ സംശയിക്കുന്നവരെയെല്ലാം വിട്ട് കാഴ്ചകണ്ടുനില്‍ക്കുന്നവര്‍ (അക്ഷരാര്‍ത്ഥത്തില്‍!) പ്രതികളും. ‘എന്നെ സംശയിക്കൂ...’ എന്നു പറഞ്ഞു നില്‍ക്കുന്ന കുറേ കഥാപാത്രങ്ങള്‍, അവര്‍ തമ്മിലുള്ള അവിഹിത ബന്ധങ്ങള്‍, അതിനിടയിലൊരു ഫാമിലി ത്രഡ്; എസ്.എന്‍. സ്വാമിയുടെ സ്ഥിരം ശൈലിയുടെ ആവര്‍ത്തനം. ‘രഹസ്യപോലീസെ’ന്നു പേരിട്ടു പോയതുകൊണ്ടു മാത്രമാവണം, അപരവേഷത്തില്‍ ഇടയ്ക്ക് പോലീസ് കഥയിലെത്തുന്നത്. കുറ്റവാളിയാരെന്നതല്ല ഒരു അപസര്‍പ്പകസിനിമയുടെ കാ‍തല്‍, മറിച്ച് അവനിലേക്കെത്തുന്ന അന്വേഷണമാണ് പ്രധാനം. അതിതിലും വാചകമടിയും കുറിപ്പുകളും ഊമക്കത്തുകളും മറ്റുമൊക്കെയായി തന്നെ തുടരുന്നു. അവയില്‍ തന്നെ പലതും പലപ്പോഴായി മറ്റു പല സിനിമകളില്‍ വന്നിട്ടുള്ളതും.

 സംവിധാനം [ 3/10 ]

ചിത്രത്തിനാവശ്യമായ വേഗതയോ പിരിമുറുക്കമോ നല്‍കുവാന്‍ സംവിധായകനു കഴിഞ്ഞിട്ടില്ല. നാലു കൂട്ടുകാരികള്‍ തമ്മിലുള്ള സൌഹൃദമോ, അവരുടെ രക്ഷകര്‍ത്താക്കളില്‍ ചിലര്‍ തമ്മിലുള്ള ശത്രുതയോ ഒന്നും പ്രേക്ഷകനിലെത്തുന്നില്ല. ഒരു പെണ്‍കുട്ടി കൊല്ലപ്പെടുമ്പോഴും, ഒടുവില്‍ കൊലയാളിയെ പിടികൂടുമ്പോളും പ്രേക്ഷകര്‍ നിര്‍വികാരരായി ചിത്രം കണ്ടിരിക്കുന്നു. തികച്ചും അനാവശ്യമെന്നു തന്നെ പറയേണ്ട കുറേ സംഘട്ടന രംഗങ്ങളും ചിത്രത്തിന്റെ ഭംഗി കുറയ്ക്കുന്നു. ജയറാമിലെ നടനെ കഴിയുന്നത്ര നനായി പ്രയോജനപ്പെടുത്തിയിരിക്കുന്നതും പാട്ടുകള്‍ തിരുകാത്തതും; ഇവ രണ്ടും മാത്രം സംവിധായകന്റെ മികവായി വേണമെങ്കില്‍ പറയാം.

 അഭിനയം [ 5/10 ]

ജയറാം എന്ന നടനു പ്രാധാന്യം കുറയാതിരിക്കുവാന്‍ മാത്രം രണ്ട് പ്രധാന പുരുഷ വേഷങ്ങളും അദ്ദേഹത്തിനു നല്‍കിയിരിക്കുന്നു. ഒരുപക്ഷെ, രണ്ടു നടന്മാര്‍ ചെയ്തിരുന്നെങ്കില്‍ കുറച്ചു കൂടി ഈ കഥാപാത്രങ്ങള്‍ രസിക്കുമായിരുന്നു. ഇരട്ടവേഷങ്ങള്‍ അനാവശ്യമായിരുന്നെങ്കിലും, രൂപത്തിലും ഭാവത്തിലും ശബ്ദത്തിലും ശരീരഭാഷയിലും ഇരട്ടവ്യക്തിത്വം സ്വാഭാവികതയോടെ കാത്തുസൂക്ഷിക്കുവാന്‍ ജയറാമിനായി. ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച കഥാപാത്രം പലപ്പോഴും അരോചകമായി. സിന്ധുമേനോന്‍, സംവൃത സുനില്‍, മംഗള, ആയില്യ, ശിവാനി തുടങ്ങിയ പെണ്‍കഥാപാത്രങ്ങള്‍ക്കു കാര്യമായൊന്നും ചെയ്യുവാനില്ല. മാള അരവിന്ദന്‍, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമ്മൂട്, ഗണേഷ് കുമാര്‍, സുധീഷ്, മങ്ക മഹേഷ്, ദേവി ചന്ദന തുടങ്ങിയവരും ചിത്രത്തില്‍ കാഴ്ചക്കാരായി മാറുന്നു. റിയാസ് ഖാന്‍ അവതരിപ്പിച്ച കള്ളന്‍ കേശുവാവട്ടെ, തല്ലുകൊള്ളുവാന്‍ മാത്രമൊരു കഥാപാത്രവുമായി.

 സാങ്കേതികം [ 2/5 ]

വേണുഗോപാലിന്റെ ഛായാഗ്രഹണത്തിന് വ്യത്യസ്തതയൊന്നും പറയുവാനില്ലെങ്കിലും മോശമായില്ല. ചിത്രസംയോജനത്തില്‍ പി.സി. മോഹനന് ചെയ്യുവാന്‍ ഇനിയുമേറെ മിച്ചം നില്‍ക്കുന്നു. ചിത്രത്തിന്റെ വേഗതക്കുറവിന് എഡിറ്റിംഗിലെ പോരായ്മകളും ഒരു കാരണമാണ്. സജിത്ത് ഹൈനസ് നിര്‍വ്വഹിച്ച കലാസംവിധാനം ശരാശരി നിലവാരം പുലര്‍ത്തി. രാജാമണിയുടെ പശ്ചാത്തല സംഗീതം പതിവു പോലെ ബഹളമയം, കൂട്ടിന് അരുണ്‍ സീനുവിന്റെ സൌണ്ട് ഇഫക്ടുകളും.

 പാട്ട്, നൃത്തം, ആക്ഷന്‍ [ 1/5 ]

മാഫിയ ശശി ഒരുക്കിയിരിക്കുന്ന സംഘട്ടന രംഗങ്ങള്‍ ചിത്രത്തിനൊരു ബാധ്യതയാണ്. രണ്ടു കഥാപാത്രങ്ങള്‍ തന്നെ, പലപ്പോഴായി, ഒരേ രീതിയില്‍, അതും മിനിറ്റുകളോളം തല്ലുകൂടിയാല്‍ ആര്‍ക്കും മടുക്കുമെന്ന് ഇത്രയും നാള്‍ ഈ രംഗത്ത് പ്രവര്‍ത്തിച്ചിട്ടും ശശിക്ക് അറിയില്ലെന്നോ! കൈതട്ടി ഒരാള്‍ താഴോട്ടു വീഴുന്ന രംഗമുണ്ട് ചിത്രത്തില്‍; അതു കണ്ടാല്‍ സംഭവം നടക്കുന്നത് ഗുരുത്വാകര്‍ഷണം കുറവുള്ള മറ്റേതോ ഗ്രഹത്തിലാണെന്ന മട്ടാണ്!

 ആകെത്തുക [ 3.25/10 ]

അപസര്‍പ്പകസിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ ഇതു കാണണമെന്നു പറയുവാന്‍ കഴിയില്ല; കാരണം അവര്‍ക്കിത് താങ്ങാവുന്നതിലും അപ്പുറമായിരിക്കും. എന്നാല്‍ അതിഷ്ടമല്ലാത്തവര്‍ കണ്ടോട്ടെയെന്നു കരുതിയാല്‍, ‘ഇതാണോ കുറ്റാന്വേഷണസിനിമ!’ എന്നു ചിന്തിച്ച് അവര്‍ പിന്നീട് ഈ വിഭാഗത്തിലുള്ള സിനിമകളേ കാണുകയില്ല. എന്തുതന്നെയായാലും ‘രഹസ്യപോലീസൊ’രു ഊതി വീര്‍പ്പിച്ച ബലൂണ്‍ മാത്രമാണെന്ന രഹസ്യം പരസ്യമാകുവാന്‍ അധികനാള്‍ വേണ്ടിവരില്ല. അത്രയും നാള്‍ കൊണ്ട് മുടക്കിയത് തിരിച്ചു കിട്ടിയാല്‍ സിയാദിനു നല്ലത്, കാണികള്‍ക്ക് കര്‍ക്കിടകദോഷവും!

Description: RahasyaPolice (Rahasya Police) - A Malayalam (Malluwood) film directed by K. Madhu; Starring Jayaram, Mangala, Samvritha Sunil, Sindhu Menon, Ayilya, Shivani, Riyas Khan, Jagathy Sreekumar, Suraj Venjarammoodu, Mala Aravindan, Ganesh Kumar, Harisree Asokan, Indrans, Manka Mahesh, Devi Chandana; Produced by Siyad Koker; Story, Screenplay and Dialogues by S.N. Swami; Camera (Cinematography) by Venugopalan; Editing by P.C. Mohanan; Art Direction by Sajith Highness; Stunts (Action) by Mafia Sasi; Background Score by Rajamani; Effects (Graphics) by ; Effects (Sound) by Arun Seenu; DTS Mixing by Vinod; Titles by ; Make-up by ; Lyrics by ; Music by ; Choreography by ; Audio Recording by ; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. July 23 2009 Release.
--

8 comments :

 1. കെ. മധു - എസ്.എന്‍. സ്വാമി എന്നിവരൊന്നിക്കുന്ന ജയറാം ചിത്രം, ‘രഹസ്യപോലീസി’ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
  --

  ReplyDelete
 2. nannakunnundu reviews....തമിഴില്‍ ഇപ്പോള്‍ ഇറങ്ങിയ നാടോടികള്‍ കണ്ടില്ലേ...ആ സിനിയെ കുറിച്ച് താങ്കളുടെ അഭിപ്രായം അറിയുവാന്‍ താല്പര്യം ഉണ്ട്

  ReplyDelete
 3. ഈ അപസര്‍പ്പകത്തിന്റെ മീനിംഗ് എന്താ? :(

  ReplyDelete
 4. ഹരീ, താങ്കളുടെ നിരൂപണങ്ങള്‍ വായിക്കാറുണ്ട്‌.പലപ്പോഴും ചിത്രങ്ങള്‍ കാണാന്‍ സാധിക്കാറില്ലെന്നതുകൊണ്ടാണ്‌ അഭിപ്രായമൊന്നും പറയത്തത്‌.അവയില്‍ പല ചിത്രങ്ങളും പിന്നീട്‌ കാണുമ്പോള്‍ താങ്കളുടെ നിരീക്ഷണങ്ങള്‍ യാതാര്‍ഥ്യമുള്ളവയാണെന്നു തോന്നാറുമുണ്ട്‌.താങ്കളുടെ നിരൂപണം വായിച്ച്‌ ഒഴിവാക്കിയചിത്രമാണ്‌ വിന്റര്‍. ഇന്ന് അവിചാരിതമായി രഹസ്യപോലീസ്‌ കാണാനിടയായി. ഏതായാലും സി.ബി.ഐ സീരീസുകളോ, ഇരുപതാം നൂറ്റാണ്ടുമായോ ഒന്നും ഒരുതരത്തിലും താരതമ്യം അര്‍ഹിക്കുന്നില്ല ഈചിത്രം. ഒരു തരത്തിലുള്ള പിരിമുറുക്കവും ചിത്രം സമ്മാനിക്കുന്നുമില്ല. ജയറാം നന്നായി അഭിനയിച്ചിരിക്കുന്നുവെങ്കിലും എന്തിനുവേണ്ടിയാണ്‌ രണ്ടുവേഷങ്ങളും അദ്ദേഹത്തെക്കൊണ്ട്‌ ചെയ്യിച്ചതെന്നു മനസ്സിലാകുന്നില്ല. ചിലപ്പോള്‍ കാശ്‌ ലാഭിക്കാനായിരിക്കും! ഒരുപക്ഷേ ജയറാമിന്റെ എസ്‌.ഐ വേഷം സിദ്ധിക്കോ സായികുമാറോ ചെയ്തിരുന്നെങ്കില്‍ കുറച്ചുകൂടി വ്യത്യസ്ഥത തോന്നിയേനേ.കൊച്ചുകുട്ടികള്‍ക്കു പോലും സംശയംതോന്നത്തക്കവിധത്തിലുള്ള കുറേകഥാപാത്രങ്ങളെയും, സാഹചര്യങ്ങളുംവെച്ച്‌ പുകമറസൃഷ്ടി ക്കുക,യാതൊരുതരത്തിലും ആള്‍ക്കാര്‍ സംശയിക്കാത്ത ഒരു കഥാപാത്രത്തിനെക്കൊണ്ട്‌ കൊലചെയ്യിക്കുക, അതിന്‌ അവസാനം ഒരു ന്യായീകരണം ചമയ്ക്കുക, ഇതൊക്കെ നമ്മള്‍ കണ്ടു മടുത്തിരിക്കുന്നു. ജഗതിയുടെ കഥാപാത്രം ശരിക്കും'അഭിനയിക്കുക'യാണെന്നും, സുരാജിന്റെ വളിപ്പുകള്‍ പഴയതുപോലെ ഏശുന്നില്ലെന്നതും, റിയാസ്ഖാന്‍ ഒരേതരത്തില്‍തന്നെ മൂന്നുവട്ടം ഇടികൊള്ളാനും മാത്രമാണെന്നതും യാതാര്‍ഥ്യമാണ്‌.ഒരുപാട്‌ മികവുകളൊന്നും അവകാശപ്പെടാനില്ലാത്ത ഒരു സമയം കൊല്ലി പടം! ഇപ്പോഴാണ്‌ സി.ബി.ഐ സീരിസിലൊക്കെ മമ്മൂട്ടിയുടെ സ്ക്രീന്‍ പ്രസന്‍സ്‌ കെ.മധുവിന്റെ പല പോരായ്മകളേയും മറയ്ക്കാറുണ്ടെന്നുള്ള യാതാര്‍ഥ്യം ശ്രദ്ധിച്ചത്‌.സ്വാമിയുടെ സ്റ്റോക്ക്‌ ഒക്കെ കഴിഞ്ഞുവെന്നാണ്‌ തോന്നുന്നത്‌.പക്ഷേ ജയറാമിനുവേണ്ടി മാത്രം ചിത്രം വിജയിക്കണമെന്ന് ആഗ്രഹിക്കുന്നു. ഇന്നലെ ഈ റിവ്യൂ വന്നിച്ചിരുന്നെങ്കില്‍ മറ്റു വല്ലതിനും (ഓ ഏതാ അതിന്‌ ഇപ്പോള്‍ കൊള്ളാവുന്ന ഒരു സിനിമയെന്നു പറയാന്‍!).... ആശംസകള്‍ ഹരീ.

  ReplyDelete
 5. സിയാസ് കോക്കർ മുടിയാം എന്നുറപ്പിച്ചിരിക്കുകയാണോ എന്തോ... ഊപ്സ്...

  ReplyDelete
 6. ഹരിയേട്ടന് സിനിമകള്‍ എല്ലാം കൂടി കാണാന്‍ ടൈം കിട്ടേണ്ടേ ഷാനവാസേ....

  പുള്ളി ഒറ്റ ഒരാളല്ലേ ഉള്ളു.....

  ReplyDelete
 7. @ sugi,
  നന്ദി. ‘നാടോടികള്‍’ കണ്ടു. പ്രമേയത്തിലെ വ്യത്യസ്തത ഇഷ്ടമായി. കഥാപാത്രങ്ങള്‍ക്ക് ‘സുബ്രഹ്മണ്യപുര’ത്തിലെ കഥാപാത്രങ്ങളുടെ തന്നെ ഛായ തോന്നിച്ചു. മൊത്തത്തില്‍ ചിത്രം ഇഷ്ടമായി. :-)

  @ പൊടിക്കുപ്പി,
  കുറ്റാന്വേഷണം എന്ന്!

  @ ഷാനവാസ്‌ ഇലിപ്പക്കുളം,
  വിശദമായ കമന്റിനു വളരെ നന്ദി. :-) കാശ് ലാഭിക്കുവാനൊന്നുമല്ല. അവയിലേതെങ്കിലുമൊന്ന് മറ്റാരെങ്കിലും ചെയ്താല്‍ ജയറാമിന്റെ പ്രാധാന്യം കുറയുമല്ലോ. അതേയുള്ളൂ കാരണം. റിയാസ് ഖാനോട് സഹതാപമുണ്ട്. അഭിനയിക്കുവാനറിയില്ലെങ്കിലും ഒത്തൊരു ശരീരവും വെച്ച് ചുമ്മാ ഇടികൊള്ളേണ്ടി വന്നതിലേ! :-P തീര്‍ച്ചയായും സി.ബി.ഐ ചിത്രങ്ങളില്‍ മമ്മൂട്ടി ഒരു അവിഭാജ്യഘടകം തന്നെ. (‘ഭാര്യ ഒന്ന്, മക്കള്‍ മൂന്ന്’ കണ്ടിരുന്നോ?)

  @ cALviN::കാല്‍‌വിന്‍,
  സംഭവാമി യുഗേ യുഗേ! :-)

  @ ചെലക്കാണ്ട് പോടാ,
  സമയം ഒരു വലിയ പ്രശ്നമാണ്! :-)
  --

  ReplyDelete
 8. ഹരീ... ചാലക്കുടിയില്‍ വേറെ ഓപ്ഷന്‍ ഇല്ലാത്തതിനാല്‍ പോയി കണ്ടതിന്റെ വേദന തീര്‍ത്തിരിക്കുന്നത്‌ ഇവിടെ http://www.cinemaniroopanam.blogspot.com/ - ഒരു അശാസ്ത്രീയ റിവ്യൂ :-)

  ReplyDelete