വിലാപങ്ങള്‍ക്കപ്പുറം (Vilapangalkappuram)

Published on: 6/14/2009 02:42:00 AM
Vilapangalkkappuram (Beyond Cries) - A film by T.V. Chandran starring Priyanka, Suhasini, Thilakan.
ഭൂമിമലയാള’ത്തിനു ശേഷം (പുറത്തിറങ്ങിയതു പ്രകാരം) ടി.വി. ചന്ദ്രന്‍ സംവിധാനം ചെയ്ത മറ്റൊരു ചിത്രം കൂടി വെളിച്ചം കാണുന്നു, ‘വിലാപങ്ങള്‍ക്കപ്പുറം’. രണ്ടായിരത്തിയെട്ടിലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില്‍ മികച്ച അഭിനേത്രിയായി പ്രിയങ്ക നായര്‍ തിരഞ്ഞെടുക്കപ്പെട്ടത് ഈ ചിത്രത്തിലെ സാഹിറ എന്ന കഥാപത്രത്തിലൂടെയാണ്. 2002-ലെ ഗുജറാത്ത് വംശീയ കലാപം പശ്ചാത്തലമാവുന്ന ഈ ചിത്രത്തിന്റെ കഥയിലൂടെ ആര്യാടന്‍ ഷൌക്കത്തിന് മികച്ച കഥാകൃത്തിനുള്ള പുരസ്കാരവും ലഭിക്കുകയുണ്ടായി. ആര്യാടന്‍ ഷൌക്കത്ത് പണം മുടക്കിയ ഈ ചിത്രത്തിലെ തിരക്കഥ, സംഭാഷണം എന്നിവയുടെ രചനയും സംവിധാ‍യകന്‍ തന്നെ നിര്‍വ്വഹിച്ചിരിക്കുന്നു. സുഹാസിനി, ബിജു മേനോന്‍, തിലകന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

 കഥയും, കഥാപാത്രങ്ങളും [ 1/10 ]

ശുഷ്കമായൊരു കഥ, അതു തന്നെ പൂര്‍ണമായി പറഞ്ഞിട്ടുമില്ല. ഗുജറാത്തില്‍ നിന്നും കേരളത്തിലേക്കുള്ള സാഹിറയുടെ വരവു തന്നെ യുക്തിസഹമല്ല. അതു മറക്കാമെന്നു വെച്ചാലും, പൊടുന്നനെ എല്ലാം നഷ്ടപ്പെടുന്ന ഒരു പെണ്‍കുട്ടിക്ക്, അതിന്റെ ഞെട്ടല്‍ മാറി സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചെത്തുമ്പൊഴും, തന്റെ ശരീരം കാത്തുരക്ഷിക്കുക എന്നതു മാത്രമായിരിക്കുമോ എക ആവശ്യം? വ്യത്യസ്ത സാഹചര്യങ്ങളില്‍ തന്റെ രക്ഷയ്ക്കെത്തുന്ന ഡോ. മേരി വര്‍ഗീസിനെ ഉമ്മയായും ഗോപാലേട്ടനെ ബാപ്പയായും സാഹിറ കരുതുന്നു. എന്നാല്‍ സാഹിറയ്ക്ക് ഇവരോടുള്ള മാനസികമായ അടുപ്പം വ്യക്തമാക്കുവാന്‍ തക്ക സന്ദര്‍ഭങ്ങളൊന്നും ചിത്രത്തിലില്ല. മനസിനെ തൊടുന്ന ഏതാനും ചില വൈകാരിക നിമിഷങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ പുതിയതായൊന്നും ചിത്രം പറയുന്നുമില്ല.

 സംവിധാനം [ 2/10 ]

അഭിനേതാക്കളെ പ്രത്യേകമെടുത്തു നോക്കിയാല്‍ തെറ്റൊന്നും പറയുവാന്‍ കഴിയുകയില്ലെങ്കിലും, ചിത്രത്തിനുതകുന്ന രീതിയില്‍ ഇവരെ ഒത്തിണക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചിട്ടില്ല. ബിജു മേനോന്‍ അവതരിപ്പിച്ച ഡോ. ഗോപിനാഥ്, നന്ദു അവതരിപ്പിച്ച കഥാപാത്രം എന്നിവയൊക്കെ ചിത്രത്തിന് അധികപ്പറ്റാണ്. സാഹിറയുടെ ജീവിതത്തിലെ ചില സംഭവങ്ങള്‍, അവയെ കൂട്ടിയിണക്കുന്ന ദുര്‍ബലമായ കണ്ണികളോടെ, കാണിക്കുക മാത്രമാണ് സംവിധായകന്‍ ചെയ്തിരിക്കുന്നത്. അനീതിക്കെതിരെ പോരാടുന്ന ഒരു സ്ത്രീയായി സാഹിറ ഒടുവില്‍ തിരിച്ചെത്തുന്നുണ്ടെങ്കിലും അതിലേക്കുള്ള സാഹിറയുടെ യാത്ര ചിത്രത്തിനു വിഷയമാവുന്നില്ല. വേട്ടയാടപ്പെടുന്നത് കാണിക്കുവാന്‍ എളുപ്പമാണ്, പക്ഷെ ഇര രക്ഷപെട്ട് തിരികെയെത്തുന്നതിനെക്കുറിച്ചു പറയുക അത്ര എളുപ്പമല്ലല്ലോ! ക്യാമറയ്ക്ക് മുന്നില്‍ വന്ന് പേരു പറഞ്ഞു പോവുന്നതു പോലെയുള്ള ചില ഷോട്ടുകളൊക്കെ, അതും ഒന്നിലധികം പ്രാവശ്യം, ഇന്നത്തെ അമച്വര്‍ നാടകങ്ങളെപ്പോലും നാണിപ്പിക്കും.

 അഭിനയം [ 6/10 ]

അഭിനേതാക്കളുടെ പ്രകടനമാണ് ഈ സിനിമയില്‍ എടുത്തു പറയേണ്ടതായുള്ള ഒരു ഘടകം. സാഹിറ എന്ന പെണ്‍കുട്ടിയെ പ്രിയങ്ക കഴിയുന്നത്ര സ്വാഭാവികതയോടെ അഭിനയിച്ചു ഫലിപ്പിക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്. ശക്തമായ ഒരു തിരക്കഥയുടെ പിന്‍ബലമുണ്ടായിരുന്നെങ്കില്‍, മറക്കുവാനാവാത്ത ഒരു കഥാപാത്രമായി സാഹിറ മാറുമായിരുന്നു. പല ഘട്ടങ്ങളിലായി സാഹിറയുടെ രക്ഷകരും ശിക്ഷകരുമാവുന്ന കഥാപാത്രങ്ങളായി സുഹാസിനി, തിലകന്‍, സുധീഷ്, വി.കെ. ശ്രീരാമന്‍ തുടങ്ങിയവരും മോശമായില്ല. ബിജു മേനോന്‍, എം.ആര്‍. ഗോപകുമാര്‍, നന്ദു, നിലമ്പൂര്‍ അയിഷ, ശാന്താദേവി, ഇന്ദ്രന്‍സ്, സീനത്ത്, കൃപ തുടങ്ങിയ മറ്റുള്ളവര്‍ക്ക് പേരിനൊരു കഥാപാത്രമായി നില്‍ക്കുക എന്നതിനപ്പുറം ചിത്രത്തിലൊന്നും ചെയ്യുവാനില്ല.

 സാങ്കേതികം [ 3/5 ]

ഛാ‍യാഗ്രഹണത്തില്‍ എം.ജെ. രാധാകൃഷ്ണനും ചിത്രസംയോജനത്തില്‍ ബീന പോളും ചിത്രമാവശ്യപ്പെടുന്ന സാങ്കേതിക മികവ് കൈവരിച്ചിട്ടുണ്ട്. ഐസക് തോമസ് കൊടുക്കാപ്പള്ളി ഒരുക്കിയ പശ്ചാത്തല സംഗീതവും ശ്രദ്ധേയമായിരുന്നു.

 പാട്ട്, നൃത്തം, ആക്ഷന്‍ [ 3/5 ]

ഗിരീഷ് പുത്തഞ്ചേരി എഴുതി, എം. ജയചന്ദ്രന്റെ സംഗീതസംവിധാനത്തില്‍ മഞ്ജരി പാടിയ “മുള്ളുള്ള മുരിക്കിന്മേല്‍...” എന്നൊരു ഗാനമാണ് ചിത്രത്തിലുള്ളത്. അധികം ശബ്ദകോലാഹലങ്ങളില്ലാതെ ഒരുക്കിയിരിക്കുന്ന ഈ ഗാനം സന്ദര്‍ഭത്തോടിണങ്ങുന്നു. മഞ്ജരിയുടെ ആലാപനവും നന്ന്.

തികച്ചും ഭീകരമായ ഒരു അനുഭവമായി മാറേണ്ട, ഗുജറാത്ത് കലാപത്തിന്റെ കാഴ്ചകളൊന്നും അത്ര വിശ്വസിനീയമായല്ല ഒരുക്കിയിരിക്കുന്നത്. കലാപത്തിന്റെ യഥാര്‍ത്ഥ വ്യാപ്തി ചിത്രത്തില്‍ പ്രകടമായി വന്നില്ല.

 ആകെത്തുക [ 3.75/10 ]

സാഹിറയുടെ അവസ്ഥയ്ക്കൊരു കാരണം എന്നതിനപ്പുറം ഗുജറാത്തിലെ കലാപം ചിത്രത്തിനൊരു വിഷയമാവുന്നില്ല. ഈ വര്‍ഷാരംഭത്തില്‍ പുറത്തിറങ്ങിയ നന്ദിതാ ദാസ് ചിത്രമായ ‘ഫിറാഖ്’ ഇവിടെ ഓര്‍ത്തുപോവുന്നു. സംവിധായികയുടെ വ്യക്തിപരമായ വീക്ഷണങ്ങളായിരിക്കാമെങ്കില്‍ പോലും, എത്ര മികവോടെയാണ് അവര്‍ വിഷയം അവതരിപ്പിച്ചത്! കലാപം നേരില്‍ കാണുന്ന, അതിന്റെ ദുരിതങ്ങള്‍ നേരിട്ടനുഭവിക്കുന്ന ഒരു അവസ്ഥയിലേക്ക് പ്രേക്ഷകനെ എത്തിക്കുന്നു അതുപോലെയുള്ള ചിത്രങ്ങള്‍. മറിച്ചു ചിന്തിക്കുവാനൊരു പ്രേരണയാകുവാനും അവയ്ക്കു കഴിയുന്നു. എന്നാലിവിടെയോ? പണ്ടെങ്ങോ ഉപേക്ഷിക്കേണ്ടിയിരുന്ന ചലച്ചിത്ര ആഖ്യാനശൈലിയും താങ്ങി, കപടസമാന്തര സിനിമയെടുക്കുവാനൊരു വൈകാരിക വിഷയം മാത്രമാവുന്നു ഗുജറാത്ത് കലാപം, അതില്‍ നിന്നും രക്ഷപെടുന്ന ഇര! അനാഥത്വത്തിന്റെ, സ്ത്രീശരീരം വേട്ടയാടപ്പെടുന്നതിന്റെ എത്രയോ കഥകള്‍ ഇതിനോടകം വന്നു കഴിഞ്ഞു. സംവിധായകന്റെ കഴിഞ്ഞ ചിത്രമായ ‘ഭൂമിമലയാള’ത്തിലും കഥ വ്യത്യസ്തമല്ല, പശ്ചാത്തലം മാത്രം മാറുന്നു. മണിയറയില്‍ നിന്നും ഇരുളിലേക്ക് ഓടിമറയുന്ന നവവധുവിനെ പിന്നെ കാണിക്കുന്നത് അഞ്ചുവര്‍ഷങ്ങള്‍ക്കു ശേഷം, സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുന്നവരുടെ മുന്‍ നിരയിലാണ്. ആ കാലയളവിലെ അവളുടെ യാത്രയായിരുന്നു ചിത്രമെങ്കില്‍ അതിനൊരു പുതുമയുണ്ട്. ഇതതൊന്നുമല്ലാതെ പഴയ പലതിന്റെയും ആവര്‍ത്തനം മാത്രമായ ‘വിലാപങ്ങള്‍ക്കപ്പുറം’, പ്രേക്ഷകന് നിരാശകള്‍ക്കപ്പുറം ഒന്നും നല്‍കുവാന്‍ പ്രാപ്തിയുള്ളതല്ല.

Description: Vilapangalkappuram (Beyond Cries) - A Malayalam (Malluwood) film directed by T.V. Chandran; starring Priyanka, Suhasini, Biju Menon, Thilakan, M.R. Gopakumar, V.K. Sreeraman, Sudheesh, Nilambur Ayesha, Santha Devi, Kripa; Produced by Aryaadan Shaukath; Story by Aryaadan Shaukath; Screenplay and Dialogues by T.V. Chandran; Camera (Cinematography) by M.J. Radhakrishnan; Editing by Beena Paul; Art Direction by ; Stunts (Action) by ; Background Score by Issac Thomas Kodukkappally; Effects by ; Titles by ; Make-up by ; Lyrics by Girish Puthencheri; Music by M. Jayachandran; Choreography by ; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. June 12 2009 Release.
--

12 comments :

 1. 2008-ലെ ചലച്ചിത്ര പുരസ്കാരങ്ങളില്‍ മികച്ച അഭിനേത്രി, മികച്ച കഥാകൃത്ത് എന്നീ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ടി.വി. ചന്ദ്രന്‍ ചിത്രമായ ‘വിലാപങ്ങള്‍ക്കപ്പുറം’ എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
  --

  ReplyDelete
 2. :)
  അവാർഡ് പ്രഖ്യാപിക്കുമ്പോഴേ ടി.വി.ചന്ദ്രൻ സിനിമകളുടെ മൂല്യം ഹരിക്കു മനസിലാവൂ എന്നാരോ പറഞ്ഞില്ലാരുന്നോ... ശെഡാ അവാർഡ് വന്നിട്ടും പക്ഷേ മനസിലാ‍യില്ലല്ലോ... ;)

  ReplyDelete
 3. ഹരീ, മോനേ കാല്‍‌വിന്‍, പറഞ്ഞതു ഞാന്‍ തന്നെയായിരുന്നു. എന്റെ പോഴത്തരം മനസ്സിലാക്കുന്നു. ടി.വി.യുടെ ആഖ്യാനശൈലി മനസ്സിലാക്കാനാവണമെങ്കില്‍, അദ്ദേഹം സിനിമകളിലൂടെ പകര്‍ന്നുതരുന്ന സാമൂഹ്യപ്രതിബദ്ധത നിങ്ങളുടെ ഉള്ളിലെത്തണമെങ്കില്‍, ഗുജറാത്തിന്റെ നൊമ്പരം നിങ്ങളുടെ കണ്‍‌പോളകളിലൊരു വിങ്ങലാകണമെങ്കില്‍ നിങ്ങള്‍ ഇനിയും പല ജന്മങ്ങള്‍ ജനിക്കണമെന്ന് ഞാന്‍ തിരിച്ചറിയുന്നു.

  ReplyDelete
 4. സിനിമ ഞാൻ കണ്ടിട്ടില്ല.
  “കേരളത്തിൽ ഇന്നും കൈയ്യടി നേടാനുള്ള ഒരു വിഷയമല്ലേ ഇത്?” എന്നു ഒരു ഗുജറാത്തിൽ ജീവിക്കുന്ന മലയാളി എഴുതിയ
  കത്ത് പത്രത്തിൽ വായിച്ച് ത് ഒർമ്മ വരുന്നു.
  ഈ സിനിമയിലെ ആ പാട്ട് കേൾക്കണമെന്നുണ്ട്. (അതിനെതിരെ ഒരു അഭിപ്രായവും എവിടേയും കാണാഞ്ഞതുകൊണ്ട്)

  ReplyDelete
 5. Dev, Parzania, Firaq - തുടങ്ങിയ ഒരുപിടി ഹിന്ദി ചിത്രങ്ങള് ഗുജറാത് കലാപം പച്ച്ചാതലം ആയി ഇറങ്ങയിട്ടുണ്ട്. അവയൊക്കെ നല്ലരീതിയില് അവതരിക്ക പെട്ടിട്ടും ഉണ്ട്. അതിനിടയില് T.V. Chandran ഇങ്ങനെ ഒരു ചിത്രം കൊണ്ട് ഉദ്ദേശിക്കുന്നത് award മാത്രമാണ്.
  പാഠം ഒന്ന് ഒരു വിലാപം ത്തിനു ശേഷം അദ്ദേഹം എടുത്ത ചിത്രങ്ങള് എല്ലാം മേല്പറഞ്ഞ പട്ടികയില് പെടുത്താവുന്നവ മാത്രമാണ്. Award കിട്ടാനായുള്ള ഒരു തട്ടികൂട്ടും കൂടി.
  കിട്ടിയില്ലെങ്ങില് എല്ലാപേരെയും തെറിയും വിളിക്കും. ആള് ശുധ്ധനാണ് എന്ന് തോന്നുന്നു.കൊച്ചു കുട്ടികളെ പോലെ !!

  ReplyDelete
 6. ആര്യാടന്‍ ശൌകത്ത് , അച്ഛന്റെ മകന്‍, മതേതരത്തിന്‍റെ കാവലാള്‍.. മുസ്ലിം പേര് ഉപയോഗിക്കുക.. മുസ്ലികളെ ഇകഴ്ത്തി കാണിക്കാന്‍ ശ്രമിക്കുക ..അതിലൂടെ പൊതുസമൂഹത്തെ തെടിധരിപിക്കുക.. അപ്പോള്‍ പിന്നെ വേറെ ആര്‍ക് അവാര്‍ഡ് നല്‍കും.. നടക്ട്ടെ.. തങ്ങള്‍ക്ക് കഴിയുനത് തങ്ങളും ചെയ്യ്...

  ReplyDelete
 7. T.V. Chandran is one of the dumbest directors Malayalam has ever seen. Few years back, there was a survey in 'Kalakaumdui' weekly to select the best 10 movies in Malayalam. There were eminent directors like Shaji, Adoor etc. who participated in the surevy. And none of them had selected their own movies in their Top 10 list. TVC's top 10 list had five of his own movies.

  ReplyDelete
 8. ഹരീയേട്ടാ...അടുത്തത് ഇവര് വിവാഹിതരായാല് അല്ലേ....
  ശ്രീകുമാറിലെ തിരക്കിലൂടെ ബൈക്കില് വരുമ്പോള് ആ മുഖത്ത് നിന്ന് റേറ്റിംഗ് മനസ്സിലാക്കാന് ശ്രമിച്ചിരുന്നു. പക്ഷേ ഹെല്മറ്റ് വിലങ്ങ് തടിയായി....

  ReplyDelete
 9. ചിത്രം എന്തായാലും കാണും ഒന്നുമില്ലേലും ടി.വി ചന്ദ്രന്റെ സിനിമയല്ലെ

  ReplyDelete
 10. @ cALviN::കാല്‍‌വിന്‍,
  ശ്‌ശ്‌ശ്... അതെന്നോടല്ല വെള്ളെഴുത്തിനോടാ പറഞ്ഞേ! :-D

  @ പാത്തുമ്മയുടെ ആട്,
  പല ജന്മങ്ങള്‍ ബാക്കിലേക്കാണൊ ജനിക്കേണ്ടത്? :-)

  @ Eccentric,
  :-) കാണൂ...

  @ Jithendrakumar/ജിതേന്ദ്രകുമാര്‍,
  :-) നന്ദി.

  @ Shaju,
  അവാര്‍ഡ് നല്‍കി ഇതിനൊക്കെ വളം വെച്ചു കൊടുക്കുകയും ചെയ്യുന്നുണ്ടല്ലോ... അപ്പോള്‍ പിന്നെ അവരും അങ്ങിനെ തന്നെ തുടരും. അത്ര തന്നെ!

  @ ചായതോപ്പില്‍ ബീരാന്‍,
  ആ പറഞ്ഞതില്‍ അല്പം ശരിയുണ്ട്. ഇതിലെ മുസ്ലീം കഥാപാത്രങ്ങളെല്ലാം നെഗറ്റീവാണ്. എല്ലാവര്‍ക്കും പെണ്ണിനെ കെട്ടി സംരക്ഷിക്കുവാനാണ് ഉത്സാഹം!
  “തങ്ങള്‍ക്ക് കഴിയുനത് തങ്ങളും ചെയ്യ്...” - ഇത് മനസിലായില്ല!

  @ Kapil,
  :-) There are two sides. One can say he told the truth. Everybody will be loving his own creations most, no? But when somebody ask such a question it is not what they are expecting. It is like sharing own post in shared lists; it is possible and one can argue my post is worth sharing for me. But it is meaningless. If somebody is not able to understand it, what can we do!

  @ ചെലക്കാണ്ട് പോടാ,
  :-) അവിടെയുണ്ടായിരുന്നോ! എന്തായിരുന്നു തിരക്ക്, ഈ പടത്തിന് ഇത്രയും പ്രതീക്ഷിച്ചില്ല... ഹ ഹഹ... മുഖത്തു നിന്ന് മനസിലാക്കാനൊക്കെ ഇച്ചിരെ പാടുപെടും.

  @ അനൂപ് കോതനല്ലൂര്‍,
  :-) കാണൂ...
  --

  ReplyDelete
 11. what is your opinion about TV Chandran's alisinte anveshanagal, ponthanmada, ormakal undayirikkanam, dany, paadam onnu oru vilapam, kadhavasheshan ?

  ReplyDelete