മലയാളിയുടെ വിഷു ചിത്രങ്ങള്‍'09

Published on: 5/07/2009 01:34:00 AM
Chithravishesham Poll Result - Best Malayalam film released during Vishu 2009 : 2 HariharNagar.
2008-ല്‍ പുറത്തിറങ്ങിയ വിഷു ചിത്രങ്ങളെ അപേക്ഷിച്ച് ആശ്വാസത്തിനു വക നല്‍കുന്നവയായിരുന്നു ഈ കൊല്ലത്തെ വിഷു ചിത്രങ്ങള്‍. ‘2 ഹരിഹര്‍നഗര്‍’, ‘ഇന്‍സ്പെക്ടര്‍ ജെനറല്‍’, ‘സമസ്തകേരളം പി.ഓ.’, ‘ബനാറസ്’, ‘മോസ് & ക്യാറ്റ്’ എന്നീ ചിത്രങ്ങളാണ് വിഷുവിന് തിയേറ്ററുകളിലെത്തിയത്. മോഹന്‍‌ലാല്‍ നായകനായ ‘സാഗര്‍ ഏലിയാസ് ജാക്കി റിലോഡഡ്’ ഏപ്രിലിനും മുന്‍പു തന്നെ റിലീസ് ചെയ്തതിനാലാണ് പോളില്‍ ഉള്‍പ്പെടുത്താതിരുന്നത്. ഈ വിഷുക്കാലത്ത് തിയേറ്ററുകളില്‍ നിറഞ്ഞോടിയ ‘2 ഹരിഹര്‍നഗര്‍’ തന്നെയാണ് ‘ചിത്രവിശേഷം’ വായനക്കാരും മികച്ച ചിത്രമായി തിരഞ്ഞെടുത്തിരിക്കുന്നത്.

 മികച്ച വിഷു ചിത്രം - ‘2 ഹരിഹര്‍നഗര്‍’


‘ഇന്‍ ഹര്‍ഹര്‍നഗര്‍’ എന്ന ചിത്രത്തിന്റെ തുടര്‍ച്ചയായതിനാല്‍ തന്നെ ‘2 ഹരിഹര്‍നഗറി’നെക്കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷകളും വാനോളമായിരുന്നു. ആ പ്രതീക്ഷകള്‍ക്കൊത്തുയരുവാന്‍ ലാലിനും കൂട്ടര്‍ക്കുമായി എന്നതാണ് ചിത്രത്തിന്റെ വിജയം തെളിയിക്കുന്നത്. തമാശകളും കുസൃതികളുമൊക്കെയായി നാല്‍‌വര്‍സംഘം വീണ്ടുമെത്തിയപ്പോള്‍, ആദ്യ ചിത്രത്തില്‍ നിന്നും തിളക്കം ഒട്ടും കുറഞ്ഞില്ല. ആകെ പോള്‍ ചെയ്യപ്പെട്ട 264-ല്‍ 156 വോട്ടുകള്‍ (59%) നേടിയാണ് ‘2 ഹരിഹര്‍നഗര്‍’ ഒന്നാമതെത്തിയത്. രണ്ടാം ഭാഗമായി എത്തുന്ന ചിത്രങ്ങള്‍ പലപ്പോഴും വമ്പന്‍ പരാജയമാണ് ഏറ്റുവാങ്ങാറുള്ളത് എന്നതു കൂടി കണക്കിലെടുക്കുമ്പോള്‍, ഈ ചിത്രം നേടിയ വിജയം നിസ്സാരമല്ല. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു.

 മറ്റു വിഷു ചിത്രങ്ങള്‍

Chithravishesham Poll Result - Best Malayalam film released during Vishu 2009 : 2 HariharNagar.
‘മാടമ്പി’ക്കു ശേഷം ബി. ഉണ്ണികൃഷ്ണന്‍ കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന സുരേഷ് ഗോപി ചിത്രമാണ് ‘ഇന്‍സ്പെക്ടര്‍ ജെനറല്‍’. വിഷു ചിത്രങ്ങളില്‍ രണ്ടാമത്തെ മികച്ച ചിത്രമായി വായനക്കാര്‍ തിരഞ്ഞെടുത്തിരിക്കുന്നത് ഈ ചിത്രമാണ്. മലയാളത്തിലിന്നുവരെ ഇറങ്ങിയിട്ടുള്ള പോലീസ് ചിത്രങ്ങളില്‍ നിന്നും കാര്യമായ വ്യതിയാനമൊന്നും അവകാശപ്പെടുവാനില്ലെങ്കിലും തികച്ചും അപ്രതീക്ഷിതമായ ഒരു ക്ലൈമാക്സ് ചിത്രത്തിലൊരുക്കുവാന്‍ കഴിഞ്ഞു എന്നതാണ് ഈ ചിത്രത്തിന്റെ വിജയരഹസ്യം. സംവിധായകന്‍ എന്ന നിലയില്‍ ബി. ഉണ്ണികൃഷ്ണന്‍ താഴേക്കു പോയത് ചിത്രത്തെയും ബാധിച്ചിട്ടുണ്ട്. ‘2 ഹരിഹര്‍‌നഗര്‍’ ഒഴികെയുള്ള മറ്റു ചിത്രങ്ങള്‍ ശരാശരി നിലവാരത്തില്‍ പോലുമെത്താത്തതാണ് സത്യത്തില്‍ ഈ ചിത്രത്തിനു തുണയായത്. ആകെ പോള്‍ ചെയ്‌ത വോട്ടുകളില്‍ 79 എണ്ണം (29%) നേടുവാന്‍ ചിത്രത്തിനായി. ‘2 ഹരിഹര്‍നഗര്‍’ പോലെയൊരു ചിത്രം തകര്‍ത്തോടുമ്പോള്‍ ഇത്രയെങ്കിലും വിജയം നേടുവാന്‍ ചിത്രത്തിനായതില്‍, നിര്‍മ്മാതാവ് സന്തോഷിക്കുന്നുണ്ടാവണം.

കലാസംവിധായകനായ നേമം പുഷ്പരാജ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ‘ബനാറസ്’. വിനീത്, കാവ്യ മാധവന്‍, നവ്യ നായര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം നൃത്തത്തിനു പ്രാധാന്യമുള്ള ഒന്നെന്നായിരുന്നു പറഞ്ഞു കേട്ടിരുന്നത്. എന്നാല്‍ ബനാറസിന്റെയോ, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയുടേയോ, നൃത്തത്തിന്റെയോ ഒന്നും സാധ്യതകള്‍ കണ്ടെത്തുവാനോ ഉപയോഗപ്പെടുത്തുവാനോ സംവിധായകനായില്ല. മറ്റൊരു തൃകോണപ്രേമം എന്നതിനപ്പുറം ചിത്രത്തിന്റെ പ്രമേയത്തിനും പുതുമ അവകാശപ്പെടുവാനില്ല. ചില നല്ല പാട്ടുകളും, ഗാനരംഗങ്ങളും ഒഴിച്ചു നിര്‍ത്തിയാല്‍ ശുഷ്കമായ ഒരു സിനിമ എന്നേ ഇതിനെ പറയുവാനാകൂ. വിനീത്, കാവ്യ, നവ്യ ഇവരെ ഇഷ്ടപ്പെടുന്നവര്‍ക്ക് കണ്ടിരിക്കാവുന്ന ഒരു ചിത്രം മാത്രമാണ് ‘ബനാറസ്’. ഒരുപക്ഷെ, ഈ ഇഷ്ടത്തിന്റെ ബലത്തിലാവണം 12 വോട്ടുകള്‍ (4%) നേടി ബനാറസ് ഇവിടെ മൂന്നാമതെത്തിയത്.

ഒരിടവേളയ്ക്കു ശേഷം ഫാസിലിന്റെ സംവിധാനത്തില്‍ ദിലീപ് നായകനായ ‘മോസ് & ക്യാറ്റ്’, ബിപിന്‍ പ്രഭാകര്‍ - കെ. ഗിരീഷ് കുമാര്‍ - ജയറാം കൂട്ടുകെട്ടിലുള്ള ‘സമസ്‌തകേരളം പി.ഓ.’ - രണ്ടു ചിത്രങ്ങളും പ്രേക്ഷകര്‍ക്ക് നിരാശയായിരുന്നു സമ്മാനിച്ചത്. ചില ഗാനങ്ങളും, ചില കഥാപാത്രങ്ങളും, ചില അഭിനേതാക്കളുടെ പ്രകടനവും നന്നായെന്നതൊഴിച്ചാല്‍ ഈ ചിത്രങ്ങള്‍ക്ക് മറ്റൊരു മികവും അവകാശപ്പെടുവാനില്ല. വിരലിലെണ്ണാവുന്ന വോട്ടുകള്‍ മാത്രം നേടി ഇവിടെ പോളില്‍ പിന്നിലായ ഈ ചിത്രങ്ങള്‍ തിയേറ്ററുകളില്‍ കളക്ഷന്റെ കാര്യത്തിലും പിന്നില്‍ തന്നെ.

2009-ലെ വരും മാസങ്ങളില്‍ കൂടുതല്‍ മികച്ച ചിത്രങ്ങളുമായെത്തുവാന്‍ മലയാളസിനിമാരംഗത്തുള്ളവര്‍ക്ക് കഴിയുമെന്നു പ്രതീക്ഷിക്കാം. വിഷുവിനു ശേഷമിറങ്ങിയ, സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തിലുള്ള; ജയറാം, കനിക എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ‘ഭാഗ്യദേവത’ ഈ ദിശയില്‍ നോക്കുമ്പോള്‍ ഒരു ശുഭസൂചനയാണെന്നു കാണാം.

Description: Poll Analysis - Chithravishesham Blog Poll: Best Malayalam Vishu Film. 2 HariharNagar, IG: Inspector General, Banaras, SamasthaKeralam P.O. and Moz & Cat participated in the Poll. Chithravishesham blog readers elected '2 HariharNagar', written and directed by Lal, as the best Malayalam film released during Vishu 2009. 'Inspecter General' written and directed by B. Unnikrishnan reached second and 'Banaras' by Nemam Pushparaj reached the third position. Samasthakeralam P.O. by Bipin Prabhakar and Moz & Cat by Fazil earned less than ten votes.
--

3 comments :

 1. വിഷു ചിത്രങ്ങളുടെ പോള്‍ ഫല വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
  --

  ReplyDelete
 2. ബനാറാസ് കണ്ടില്ല... ഭൂമിമലയാളം കണ്ടില്ല.. :((

  ഇനി പാസഞ്ചര്‍ ട്രെയിനിനു ഒരു സീറ്റ് കിട്ടുമോന്ന് നോക്കട്ടെ..:)

  ReplyDelete
 3. ബനാറസ്‌ നല്ല ചിത്രമെന്നു കേട്ടു....

  ReplyDelete