കറന്‍സി (Currency)

Published on: 5/13/2009 04:55:00 AM
Currency: A film by Swathy Bhaskar starring Mukesh, Jayasurya, Meera Nandan.
മലയാളസിനിമയ്ക്കിത് നവാഗത സംവിധായകരുടെ സീസണാണെന്നു തോന്നുന്നു. ‘പാസഞ്ചറി’നും ‘ബ്ലാക്ക് ഡാലിയ’യ്ക്കും പിന്നാലെ, മറ്റൊരു പുതുമുഖ സംവിധായകനായ സ്വാതി ഭാസ്കര്‍ രചന നിര്‍വ്വഹിച്ച് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ‘കറന്‍സി’യും കഴിഞ്ഞവാരം പ്രദര്‍ശനത്തിനെത്തി. മുകേഷ്, ജയസൂര്യ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ മീര നന്ദനാണ് നായികയുടെ സ്ഥാനത്തുള്ളത്. കള്ളനോട്ടടിച്ച് എളുപ്പത്തില്‍ പണക്കാരാകുവാന്‍ ശ്രമിക്കുന്ന ഡാനിയുടേയും കേശുവിന്റേയും കഥയാണിത്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ബ്രിജ് ഗില്‍.

 കഥയും, കഥാപാത്രങ്ങളും [ 1/10 ]

കളര്‍ ഫോട്ടോസ്റ്റാറ്റെടുത്ത് തരികിട പരിപാടികള്‍ ചെയ്താല്‍ തിരിച്ചറിയുവാനാവാത്ത കള്ളനോട്ടുണ്ടാക്കാം എന്നത് കണ്ണടച്ചു വിശ്വസിച്ചു കൊണ്ടുമാത്രമേ ഈ സിനിമ കാണുവാന്‍ കഴിയുകയുള്ളൂ. ഒട്ടും തന്നെ വിശ്വസിനീയമല്ലാത്ത ഒരു കഥ ഒട്ടേറെ യുക്തിഭംഗങ്ങളോടെ അവതരിപ്പിച്ചിരിക്കുകയാണ് ഈ ചിത്രത്തില്‍. പത്തു കോടിയുടെ കള്ളനോട്ടുണ്ടാക്കുക, അതുവെച്ചുമാറ്റി പത്തു കൊടി തട്ടുക, അതു മറ്റൊരു കള്ളന്‍ കയ്യൂക്കിന്റെ ബലത്തില്‍ കൈക്കലാക്കുക, ആ കള്ളനെ പോലീസ് പിടിക്കുക, കള്ളനോട്ടുണ്ടാക്കി ആദ്യം തട്ടിച്ചവര്‍ കൈയ്യും വീശി പോവുക, പോകും വഴിക്ക് അവര്‍ക്ക് ഇരുപത് കോടിയുടെ സൂപ്പര്‍ ലോട്ടോയുമടിക്കുക, എല്ലാം ശുഭം! തിരക്കഥാകൃത്തിന്റെ ഭാവനയ്ക്കു മുന്നില്‍ പ്രണാമം. പിന്നെ കേശു, ഡാനി, ഇരുട്ട് തുടങ്ങിയ ചില കഥാപാത്രങ്ങള്‍ നന്നെന്നു തോന്നി.

 സംവിധാനം [ 2/10 ]

ലൈറ്ററുപയോഗിക്കുന്നതു കാണിച്ചിട്ട് പോക്കറ്റില്‍ നിന്നും തീപ്പട്ടി കിട്ടിയെന്നു പറയുക, ഒരു വശത്തു നിന്നും മറ്റൊരു വശത്തേക്കു പോവുന്ന ബസിലിരിക്കുന്ന നായികയെ കാണുന്ന നായകന്റെ നോട്ടം ഒരേ ദിശയിലേക്കു തന്നെയാവുക എന്നിങ്ങനെയുള്ള അബദ്ധങ്ങളോടെയാണ് ചിത്രം ആരംഭിക്കുന്നതെങ്കിലും ഇത്തരം തകരാറുകള്‍ പിന്നീടൊന്നും കണ്ണില്‍ പെട്ടില്ല. ഒച്ചിന്റെ വേഗത്തിലാണ് സിനിമയുടെ കഥ മുന്നോട്ടു പോവുന്നത്. മടുപ്പു കൂട്ടുവാനെന്ന പോലെ ഇടയ്ക്കിടെ ചില അനാവശ്യഗാനങ്ങളും! അഭിനേതാക്കളെ സിനിമയ്ക്കുതകുന്ന രീതിയില്‍ അഭിനയിപ്പിച്ചെടുത്തെങ്കിലും അവരെയെല്ലാമിണക്കി സന്ദര്‍ഭങ്ങള്‍ക്ക് വേണ്ടത്ര ഉള്ളു നല്‍കുവാന്‍ സംവിധായകനു കഴിഞ്ഞിട്ടില്ല. സാങ്കേതിക വിദഗ്ദ്ധരെ കയറൂരി വിടാതെയിരിക്കുവാന്‍ സ്വാതി ശ്രദ്ധിച്ചിട്ടുണ്ട് എന്നതാണ് എടുത്തു പറയേണ്ട മികവായി തോന്നിയത്.

 അഭിനയം [ 6/10 ]

കാര്യഗൌരവമില്ലാത്ത കേശുവിനെ ജയസൂര്യ നന്നായി തന്നെ അവതരിപ്പിച്ചു. കാഴ്ചയില്‍ മാത്രമല്ല, തന്റെ അഭിനയത്തിലും വ്യത്യസ്തത കൊണ്ടുവരുവാന്‍ ജയസൂര്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ വൈകാരിക രംഗങ്ങള്‍ അഭിനയിപ്പിച്ചു ഫലിപ്പിക്കുന്നതില്‍ അദ്ദേഹത്തിനിനിയും ഏറെ മുന്നോട്ടു പോകുവാനുണ്ട്. ഡാനി സായിപ്പായി മുകേഷിന്റെ പ്രകടനം തരക്കേടില്ലാത്തതായിരുന്നു. പക്ഷെ ഡാനിയുടെ യഥാര്‍ത്ഥ വ്യക്തിത്വം എന്തെന്നുള്ളത് സിനിമ കഴിഞ്ഞാലും പ്രേക്ഷകനു മനസിലായിക്കൊള്ളണമെന്നില്ല. ആ പിഴവില്‍ സംവിധായകനും പങ്കുണ്ട്. യാഥാസ്ഥിതിക രൂപഭാവങ്ങളുള്ള വില്ലന്‍ വേഷമാണെങ്കിലും, ഇരുട്ട് എന്ന കഥാപാത്രം മണിയ്ക്കിണങ്ങുന്നുണ്ട്. റോസ് എന്ന നായികയായി മീര നന്ദന് കാര്യമായൊന്നും ചെയ്യുവാനില്ല. കേശുവിന്റെ അമ്മയായെത്തുന്ന സീതയ്ക്ക് അല്പം കൂടി പ്രായം തോന്നിക്കുന്ന മേക്കപ്പ് നല്‍കാമായിരുന്നു. മറ്റു ചെറു വേഷങ്ങളിലെത്തുന്ന അനൂപ് ചന്ദ്രന്‍, അനൂപ് മേനോന്‍, മാമുക്കോയ, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരും മോശമായില്ല.

 സാങ്കേതികം [ 3/5 ]

വിശ്വമംഗള്‍ കിട്സുവിന്റെ ഛായാഗ്രഹണം, മനോജിന്റെ ചിത്രസംയോജനം, ഗിരീഷ് മേനോന്റെ കലാസംവിധാനം എന്നിവ സിനിമയ്ക്കൊരു മുതല്‍ക്കൂട്ടാണ്. മോഹന്‍ സിത്താരയുടെ പിന്നണി സംഗീതം കാഴ്ചയെ അലോസരപ്പെടുത്താതെ ചിത്രത്തോട് ചേര്‍ന്ന് പോവുന്നു. ആവശ്യത്തിനു മാത്രം ചെര്‍ത്തിട്ടുള്ള മുരുകേഷിന്റെ ഇഫക്ടുകളും ചിത്രത്തിനിണങ്ങുന്നു. സിനിമയുടെ തീമിനോട് ചേര്‍ന്നു പോവുന്ന രീതിയില്‍ പ്രദീപ് തേഡ് ഐ ഒരുക്കിയിരിക്കുന്ന തുടക്കത്തിലെ ടൈറ്റിലുകള്‍ക്കും ആകര്‍ഷകത്വമുണ്ട്.

 പാട്ട്, നൃത്തം, ആക്ഷന്‍ [ 1/5 ]

വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ, ജോഫി തരകന്‍, സന്തോഷ് വര്‍മ്മ എന്നിവരെഴുതി സിദ്ദാര്‍ത്ഥ് വിപിന്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങള്‍ ചിത്രത്തിന്റെ ഇഴച്ചില്‍ കൂട്ടുന്നുണ്ടെന്നല്ലാതെ പ്രത്യേകിച്ചൊരു ഗുണവും ചിത്രത്തിനു നല്‍കുന്നില്ല. കേള്‍വിക്കോ കാഴ്ചക്കോ ഇവ സുഖം പകരുന്നുമില്ല. റണ്‍ രവി ഒരുക്കിയ സംഘട്ടന രംഗങ്ങള്‍, രേഖയുടെ നൃത്തച്ചുവടുകള്‍ എന്നിവയ്ക്കൊന്നും പ്രത്യേകിച്ചൊരു മികവ് പറയുവാനില്ല.

 ആകെത്തുക [ 3.25/10 ]

തന്റെ ആദ്യ സംവിധാന സംരംഭത്തിനായി നല്ലൊരു കഥയും, പിന്നെ അതു നന്നായി തിരക്കഥയാക്കുവാനറിയാവുന്ന ഒരു രചയിതാവിനേയും സ്വാതി ഭാസ്കര്‍ക്ക് കണ്ടെത്താമായിരുന്നു. എന്തു ചെയ്യാം; അഭിനേതാക്കളുടെ മികച്ച പ്രകടനവും സാങ്കേതികത്തികവും മുതലാക്കുവാന്‍ കഴിയാതെ പോയ ഒരു വിഡ്ഢിച്ചിത്രം, അതുമാത്രമായി തീരുവാനായിരുന്നു ‘കറന്‍സി’യുടെ വിധി!

Description: Currency - A Malayalam (Malluwood) film directed by Swathy Bhaskar; starring Mukesh, Jayasurya, Meera Nandan, Kalabhavan Mani, Anoop Menon, Suraaj Venjaaramoodu, Mamukkoya, Anoop Chandran, Seetha; Produced by Brij Gill; Story, Screenplay and Dialogues by Swathy Bhaskar; Camera (Cinematography) by Vishwamangal Kitsu; Editing by Manoj; Art Direction by Gireesh Menon; Stunts (Action) by Run Ravi; Background Score by Mohan Sithara; Effects by Murukesh; Titles by Pradeep 3rd Eye; Make-up by Sreejith Guruvayoor; Lyrics by Vayalar Sarathchandra Varma, Jophy Tharakan, Santhosh Varma; Music by Sidharth Vipin; Choreography by Rekha; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. May 08 2009 Release.
--

6 comments :

 1. നവാഗത സംവിധയകനായ സ്വാതി ഭാസ്കര്‍; മുകേഷ്, ജയസൂര്യ, മീര നന്ദന്‍ തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്തിരിക്കുന്ന ‘കറന്‍സി’ എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
  --

  ReplyDelete
 2. ജയസൂര്യ ഒരു പുതിയ ഗെറ്റ് അപ്പ്‌ എല്‍ അല്ലാലോ എല്ലാ ?പോസ്റ്റര്‍ ഉം കൊള്ളാം...പക്ഷെ ഹരിയുടെ റിവ്യൂ കണ്ട്പോള്‍ മനസിലായി പടം നിരാശ പെടുത്തി എന്ന്......

  ReplyDelete
 3. man who copied enna brasilian film copy cheythananu haree ithu.

  ReplyDelete
 4. വന്നു വന്നു എല്ലാം കോപ്പി അടി മാത്രം ആയോ കര്‍ത്താവെ മലയാളത്തില്‍

  ReplyDelete
 5. @ Vibin, Eccentric, കണ്ണനുണ്ണി,
  നന്ദി. :-)

  @ tk sujith,
  ഇനി അതൊന്നു കിട്ടുമോന്നു നോക്കട്ടെ. കഴിഞ്ഞ ദിവസമാണ് ‘വെട്ട’ത്തിന്റെ ഒറിജിനല്‍ ‘French Kiss’ കാണാനൊത്തത്. ഇതു നോക്കിയാണ് ‘വെട്ടം’ പിടിച്ചതെന്നൊക്കെ പറയുന്നത് ഫ്രഞ്ച് കിസ്സെടുത്തവരോടുള്ള അവഹേളനമാവും. :-)
  --

  ReplyDelete