ഏഞ്ചെല്‍‌സ് & ഡിമണ്‍സ് (Angels & Demons)

Published on: 5/30/2009 10:33:00 PM
Angels & Demons - A film directed by Ron Howard starring Tom Hanks, Ayelet Zurer, Ewan McGregor.
2006-ല്‍ പുറത്തിറങ്ങിയ ‘ദി ഡാവിഞ്ചി കോഡ്’ എന്ന ചിത്രത്തിനു ശേഷം അമേരിക്കന്‍ എഴുത്തുകാരനായ ഡാന്‍ ബ്രൌണിന്റെ മറ്റൊരു നോവല്‍ കൂടി ചലച്ചിത്രരൂപത്തില്‍, ‘ഏഞ്ചത്സ് & ഡിമണ്‍സ്’. റോബേട്ട് ലാംഗ്ടണ്‍ എന്ന ഹവേര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള സിംബോളജി പ്രൊഫെസറുടെ മറ്റൊരു അന്വേഷണയാത്രയാണ് ഈ ചിത്രം. ആദ്യ ചിത്രമായ ‘ദി ഡാവിഞ്ചി കോഡി’ന്റെ സംവിധായകന്‍ റോന്‍ ഹൊവാഡ് തന്നെയാണ് ഈ ചിത്രത്തിന്റെയും സംവിധാനം. ബ്രിയാന്‍ ഗ്രേസെര്‍, ജോണ്‍ കാലി എന്നിവര്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ ടോം ഹാന്‍‌ക്സ്, അയലെറ്റ് സുറെര്‍, ഇവാന്‍ മക്‍ഗ്രെഗോര്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

 കഥയും, കഥാപാത്രങ്ങളും [ 3/10 ]

ഡാന്‍ ബ്രൌണിന്റെ കഥയെ അധികരിച്ച് ഡേവിഡ് കോപ്പ്, അകിവ ഗോള്‍ഡ്സ്മാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരനാടകം രചിച്ചിരിക്കുന്നത്. യഥാര്‍ത്ഥ കഥയില്‍ ചില്ലറ മാറ്റങ്ങളോടെയാണ് തിരക്കഥ തയ്യാറാക്കപ്പെട്ടിരിക്കുന്നത്. നോവല്‍ വായനയില്‍ അനുഭവപ്പെടുന്ന നിഗൂഢതയോ ആഴമോ ചിത്രത്തില്‍ അനുഭവവേദ്യമാവുന്നില്ല എന്ന ‘ദി ഡാവിഞ്ചി കോഡി’ന്റെ പോരായ്മ ഈ ചിത്രത്തിലും കാര്യമായി പരിഹരിക്കപ്പെട്ടിട്ടില്ല. സൂചനകളെ തുടര്‍ന്നുള്ള അന്വേഷണങ്ങളും അവ മുന്നോട്ടുവെയ്ക്കുന്ന പ്രഹേളികകളുമാണ് ഡാന്‍ ബ്രൌണിന്റെ കഥയുടെ കാതലെങ്കില്‍, റോബേട്ട് ലാംഗ്ടണും കൂട്ടാളികളും ചേര്‍ന്നുള്ള ഒരു കൂട്ടയോട്ടം മാത്രമായി ചിത്രം ചുരുങ്ങിപ്പോവുന്നു.

 സംവിധാനം [ 5/10 ]

പരമ്പരയിലെ ആദ്യ ചിത്രത്തെ അപേക്ഷിച്ച് കുറച്ചുകൂടി കഥയോട് നീതിപുലര്‍ത്തുവാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ചിലയിടങ്ങളിലൊഴികെ ഭൂരിഭാഗം സമയവും ചിത്രത്തിനാവശ്യമായ വേഗത നല്‍കുന്നതില്‍ റോന്‍ ഹൊവാഡ് ഒരു പരിധിവരെ വിജയിച്ചിട്ടുമുണ്ട്. റോബേട്ട് ലാംഗ്ടണ്‍ ഒഴികെയുള്ള മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാക്കളെ സമര്‍ത്ഥമായി ഉപയോഗിക്കുവാനും റോനിനു സാധിച്ചു. എന്നാല്‍ വായനയിലെ പിരിമുറുക്കം നിലനിര്‍ത്തുവാന്‍ തക്ക മികവുപുലര്‍ത്തുന്ന ഒരു തിരക്കഥ ചിത്രത്തിനില്ലാത്തത് സിനിമയുടെ മാറ്റു കുറയ്ക്കുന്നു.

 അഭിനയം [ 6/10 ]

തന്റെ ഗവേഷണബുദ്ധിയും ചരിത്രപരിചയവും കൈമുതലാക്കി ലഭ്യമായ സൂചനകളിലൂടെ ലക്ഷ്യങ്ങളിലെത്തുന്ന റോബേട്ട് ലാംഗ്ടന്റെ പാത്രസൃഷ്ടിയില്‍ അല്പം കൂടി ശ്രദ്ധ നല്‍കേണ്ടതായിരുന്നു. കാര്യങ്ങളൊക്കെ ഇങ്ങിനെ വരിതെറ്റാതെ ഉരുവിടുന്നു എന്നതിനപ്പുറത്തേക്ക് ലാംഗ്ടണെ വളര്‍ത്തുവാന്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടില്ല. ‘ദി ഡാവിഞ്ചി കോഡി’ലെന്ന പോലെ പുസ്‌തകത്തിലെ ലാംഗ്‌ടന്റെ നിഴലായി മാത്രമേ ഈ ചിത്രത്തിലും ആ കഥാപാത്രത്തെ കാണുവാന്‍ കഴിയൂ. ക്യമലിംഗോ പാട്രിക് മക്‍കെന്നായെത്തുന്ന ഇവാന്‍ മക്‍ഗ്രെഗോറിന്റെ അഭിനയമാണ് എടുത്തു പറയത്തക്കതായി തോന്നിയത്. വിറ്റോറിയ വെട്ര എന്ന CERN ശാസ്ത്രജ്ഞയായെത്തുന്ന അയലെറ്റ് സുറെറിന് കാര്യമായൊന്നും ചിത്രത്തില്‍ ചെയ്യുവാനില്ല. മറ്റു കഥാപാത്രങ്ങളായെത്തുന്ന നികോള ലി കാസ്, അര്‍മിന്‍ മുള്ളര്‍, സ്റ്റെല്ലന്‍ സ്കാര്‍സ്ഗാഡ് തുടങ്ങിയവരൊക്കെയും കഥാപാത്രങ്ങളോട് നീതിപുലര്‍ത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.

 സാങ്കേതികം [ 4/5 ]

സല്‍‌വര്‍ടോര്‍ ടൊട്ടിനോയുടെ ഛായാഗ്രഹണം ചിത്രത്തിനുതകുന്നു. റോമിന്റെ ചില ഉപരിതലദൃശ്യങ്ങളും, വലിപ്പവും നിഗൂഢതയും അനുഭവവേദ്യമാവുന്ന തരത്തില്‍ ദേവാലയങ്ങളുടെ ഉള്‍ദൃശ്യങ്ങളും അദ്ദേഹം മനോഹരമായി പകര്‍ത്തിയിരിക്കുന്നു. ഒടുവില്‍ പുതിയ പോപ്പിന്റെ പിന്നിലൂടെ വന്ന് സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ കൂടിയിരിക്കുന്ന ജനങ്ങളിലേക്ക് ക്യാമറയെത്തുന്നതും മറ്റും വലിയ സ്ക്രീനില്‍ തന്നെ കണ്ട് ആസ്വദിക്കേണ്ട രംഗമാണ്. ചിത്രീകരണം സാധ്യമല്ലാത്ത ഭാഗങ്ങള്‍ പുനഃസൃഷ്ടിച്ച്, സാങ്കേതിക വിദ്യയുടെ സഹായത്തോടെ അവയെ യഥാര്‍ത്ഥ പശ്ചാത്തലവുമായി കൂട്ടിയിണക്കി വിശ്വാസ്യത ചോര്‍ന്നുപോവാതെ രംഗസംവിധാനം നിര്‍വ്വഹിക്കുവാന്‍ ചിത്രത്തിന്റെ സാങ്കേതികവിഭാഗത്തില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് സാധിച്ചിട്ടുണ്ട്. അനിമാറ്റര്‍ എന്ന സാങ്കല്പിക വസ്തുവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍, ഇതരസിനിമകളുമായി തട്ടിച്ചു നോക്കിയാല്‍ ഏറെയൊന്നും മികച്ചതെന്ന് പറയുവാനില്ലെങ്കിലും, ചിത്രത്തിലതിനുള്ള പ്രാധാന്യം കുറഞ്ഞുപോവാത്ത വണ്ണം മികവു പുലര്‍ത്തി. ഇടയ്ക്കൊക്കെ ചിത്രത്തിന് വലിച്ചില്‍ അനുഭവപ്പെടുന്നതില്‍ ഡാനിയല്‍ പി. ഹാന്‍ലി, മൈക് ഹില്‍ എന്നിവരുടെ ചിത്രസംയോജനത്തിനും പങ്കുണ്ട്.

 പാട്ട്, നൃത്തം, ആക്ഷന്‍ [ 3/5 ]

ഹാന്‍സ് സിമ്മര്‍ ഒരുക്കിയിരിക്കുന്ന പിന്നണി സംഗീതം ചിത്രത്തോട് ചെര്‍ന്നു പോവുന്നു. കാറോട്ടങ്ങളും ചെറിയ ചില സംഘട്ടനങ്ങളും സിനിമയില്‍ ഇടയ്ക്കിടെ ഉണ്ടാവുന്നുണ്ടെങ്കിലും അവയ്ക്കൊന്നും പ്രത്യേകിച്ചൊരു പുതുമയോ ആകര്‍ഷകത്വമോ തോന്നിച്ചില്ല. ലാംഗ്ടന്റെ യാത്രകള്‍ക്ക് ആക്ഷന്‍ സിനിമകളുടെ സ്വഭാവം നല്‍കിയത് എറെയൊന്നും സിനിമയ്ക്ക് ഗുണകരമായെന്നും കരുതുക വയ്യ.

 ആകെത്തുക [ 5.25/10 ]

പുസ്‌തകം വായിച്ചതിനു ശേഷം ഈ സിനിമ കാണുന്നത് ഏറെയൊന്നും തൃപ്തി നല്‍കണമെന്നില്ല. പുസ്‌തകം വായിക്കാതെയാണ് സിനിമ കാണുന്നതെങ്കില്‍, അതിനു മുന്‍പായി റോമിലെ മതപരമായ ചടങ്ങുകള്‍, ഔദ്യോഗിക പദവികള്‍‍, ഇലുമിനറ്റി, ആള്‍ടര്‍സ് ഓഫ് സയന്‍സ് തുടങ്ങിയവയെക്കുറിച്ചൊക്കെ ഒരു ധാരണ ഉണ്ടാക്കുന്നത് കൂടുതല്‍ നന്നായി സിനിമ ആസ്വദിക്കുവാന്‍ സഹായകമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സിനിമയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക. പണ്ടെങ്ങോ അസ്തമിച്ചെന്നു കരുതിയിരുന്ന ഇലുമിനിറ്റി എന്ന സംഘം, റോമിലെ പ്രധാന ദേവാലയത്തെ തകര്‍ക്കുമെന്ന ഭീഷണിയോടെ തിരിച്ചെത്തുന്നു. ഇലുമിനിറ്റി സംഘാംഗങ്ങള്‍ ഒത്തുകൂടുന്നയിടത്തേക്ക് സൂചനകളുടെ അടിസ്ഥാനത്തില്‍ റോബേട്ട് ലാംഗ്‌ടണ്‍ എത്തിച്ചേരേണ്ടതുണ്ട്. സിനിമയിലെന്നതുപോലെ ഓണ്‍‌ലൈനിലും ഒരു പരീക്ഷണം സിനിമയുടെ നിര്‍മ്മാതാക്കള്‍ ഒരുക്കിയിട്ടുണ്ട്. പങ്കെടുക്കുവാന്‍ താത്പര്യമുണ്ടെങ്കില്‍ ഇവിടെ ഒരു കൈ നോക്കാവുന്നതാണ്.

Description: Angels & Demons (Angels and Demons)- An English (Bollywood) film directed by Ron Howard; starring Tom Hanks, Ayelet Zurer, Ewan McGregor, Stellan Skarsgård, Pierfrancesco Favino, Nikolaj Lie Kaas, Armin Mueller-Stahl and Thure Lindhardt; Produced by Brian Grazer and John Calley; Story by Dan Brown; Screenplay and Dialogues by David Koepp and Akiva Goldsman; Camera (Cinematography) by Salvatore Totino; Editing by Daniel P. Hanley and Mike Hill; Art Direction by ; Stunts (Action) by ; Background Score by Hans Zimmer; Effects by Angus Bickerton; Titles by ; Make-up by ; Lyrics by ; Music by ; Choreography by ; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. May 29 2009 Release.
--

8 comments :

 1. ‘ദി ഡാവിഞ്ചി കോഡി’നു ശേഷം മറ്റൊരു ഡാന്‍ ബ്രൌണ്‍ നോവലിന്റെ ചലച്ചിത്രാവിഷ്കാരവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ റോന്‍ ഹൊവാഡ്. റോബേട്ട് ലാംഗ്ടണായി ടോം ഹാന്‍‌ക്സ് വീണ്ടുമെത്തുന്ന ‘ഏഞ്ചെത്സ് & ഡിമണ്‍സ്’ എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  Altars of Science-ല്‍ മത്സരിക്കുന്നവരോട്: ആദ്യ നാല് കോഡുകള്‍ ലഭിക്കുവാന്‍ വളരെയെളുപ്പമാണ്. പിന്നീടെന്തെന്ന് കുറേ ശ്രമിച്ചിട്ടും കിട്ടിയില്ല. :-( ഉത്തരം കിട്ടുന്നെങ്കില്‍ ഒന്നു പറയണേ...
  --

  ReplyDelete
 2. കാഞ്ചീപുരത്തെ കല്യാണം, വെള്ളത്തൂവല്‍, കലണ്ടര്‍, ഭഗവാന്‍.... അങ്ങനെ അനവധി മലയാള സിനിമകള്‍ കിടന്നിട്ടും ഹരി ഇംഗ്‌ളീഷ്‌ പടം തേടി പോയിരിക്കുന്നു.... ഹഹഹഹഹഹഹഹ......

  ReplyDelete
 3. പടം കണ്ടിരുന്നു ഹരീ,
  ഒരു റിവ്യൂ ഇടേണം എന്നു കരുതിയതാരുന്നു. സത്യത്തിൽ അങ്ങു മറന്നു പോയി :)

  എന്റെ അഭിപ്രായത്തിൽ പടത്തിന്റെ ഏറ്റവും വലിയ പോരായ്മകൾ
  1. നോവലിന്റെ പിരിമുറുക്കം ഇല്ല
  2. ചരിത്രവുമായ ബന്ധപ്പെട്ട സ്ഥലങ്ങളും ആർട് വർകുകളുമെല്ലാം ദൃശ്യഭംഗിയോടെ കാണിക്കുന്നുവെന്നത് ശരി, പക്ഷേ അവയിൽ ഒരു സെക്കൻഡിൽ കൂടുതൽ ഷോട്ട് നിർത്തുന്നില്ല. അതു കാരണം അതു നേരാ‍ം വണ്ണം ഒന്നു ആസ്വദിക്കാൻ പറ്റുന്നില്ല. എന്നെ സംബന്ധിച്ചേടത്തോളം നോവലിന്റെ പിരിമുറുക്കം സിനിമയിൽ വരുത്താൻ കഴിയില്ല എന്നറിയാമെങ്കിലും സിനിമ കാണാൻ പോയത്, നോവലിൽ പ്രതിപാദിച്ചിട്ടുള്ള ചരിത്രപ്രധാനമായ സ്ഥലങ്ങൾ എല്ലാം ഒന്നു നന്നായി വിഷ്വലൈസ് ചെയ്തത് കാണാൻ ആയിരുന്നു :(

  പോസിറ്റീവ്...
  1. ലാംഗ്ഡോൺ ഹെലികോപറ്റ്രിൽ നിന്നു താഴോട്ട് ചാടുന്നത് പോലെയുള്ള അവിശ്വസനീയ രംഗങ്ങൾ സിനിമയിൽ നിന്ന് ഒഴിവാക്കിയത്...

  സിനിമ മൊത്തത്തിൽ പോരാ... ഹരിയുടെ റേറ്റിംഗ് ആപ്റ്റ് ആണെന്ന് ഞാൻ പറയും...

  ReplyDelete
 4. @ ടി.സി.രാജേഷ്‌,
  :-) ഹി ഹി ഹി... അല്പം തിരക്കുകള്‍, അതിനാലാണ് അവയൊക്കെ കാണെണ്ടെന്നു വെച്ചത്. പിന്നെ, വിശ്വസിനീയമായ ചില റിപ്പോര്‍ട്ടുകളും ഇവയെക്കുറിച്ച് കിട്ടി. :-D ഡാന്‍ ബ്രൌണിന്റെ കഥയുടെ ആവിഷ്കാരമാവുമ്പോള്‍ കാണാണ്ടിരിക്കുന്നതെങ്ങിനെ!

  @ cALviN::കാല്‍‌വിന്‍,
  :-) ശെടാ! ഈ പ്രായത്തിലേ മറവിയോ!
  1. പിരിമുറുക്കം വരുത്തുവാന്‍ കഴിയില്ല എന്നെനിക്കു തോന്നുന്നില്ല. അതിശയോക്തിയുള്ള ഭാഗങ്ങള്‍ ഒഴിവാക്കിയത് നന്നായി. പക്ഷെ തുടക്കമൊക്കെ പുസ്തകത്തിലേതു പോലെ തന്നെ ആവാമായിരുന്നെന്നു തോന്നുന്നു. ട്രീറ്റ്മെന്റ് മറ്റൊരു രീതിയിലായിരുന്നെങ്കില്‍ കുറച്ചു കൂടി രസകരമാവില്ലായിരുന്നോ? (Se7en-നെയോ മറ്റോ പോലെ?)
  2. :-) അതല്ലേ അതിന്റെ ഗുട്ടന്‍സ്. അധികം നേരം കാണിച്ചോണ്ടിരുന്നാല്‍ അവയൊക്കെ അഡ്ജസ്റ്റ്മെന്റാണെന്ന് (എല്ലാമല്ല, കുറേയൊക്കെ) മനസിലായാലോ?
  Altars of Science നോക്കിയില്ലേ? അഞ്ചാമത്തെ കോഡ് വല്ല പിടിയുമുണ്ടോ? പിന്നെ സമയമുണ്ടെങ്കില്‍ Path to Illumination പസിലുകളും നോക്കാവുന്നതാണ്.

  കമന്റിനും അഭിപ്രായത്തിനും നന്ദി. :-)
  --

  ReplyDelete
 5. Nice review. Yes..reading the book is better.

  ReplyDelete
 6. ‘ദി ഡാവിഞ്ചി കോഡി’ന്റെ പോലെ വിവാദമായ അന്വേഷണം ആണോ?

  ReplyDelete
 7. കളിയുടെ അവസാനത്തെ ക്ലൂ കിട്ടുന്നില്ലല്ലോ.. 4 pillars കഴിഞ്ഞ് പിന്നെ അവസാനത്തെ ആ താക്കോലിന്റെ പേരെന്താണ്? പിന്നെ Path to Illumination.. Vatican will be taken by Lights.. അങ്ങനെയെന്തോ..? ഇതൊക്കെ പല രീതിയില് പയറ്റിയിട്ടും അവസാനത്തെ ക്ലൂ കിട്ടിയില്ല.

  ReplyDelete
 8. @ Ashly A K,
  Thank you. :-)

  @ അരുണ്‍ കായംകുളം,
  അത്രത്തോളം വിവാദമായില്ല. അല്ലെങ്കില്‍ തന്നെ ഇതിലൊക്കെ എന്തിനാണ് വിവാദം?

  @ Balu..,..ബാലു,
  എനിക്കും കിട്ടിയിട്ടില്ല... :-(
  --

  ReplyDelete