സമസ്‌തകേരളം പി.ഓ. (Samasthakeralam P.O.)

Published on: 4/15/2009 03:20:00 AM
SamasthaKeralam P.O. - A film directed by Bipin Prabhakar; Starring Jayaram, Sara, Priyanka.
രണ്ടായിരത്തിയെട്ടിലെ മികച്ചചിത്രമെന്ന ഖ്യാതി നേടിയ ‘വെറുതേ ഒരു ഭാര്യ’യ്ക്ക് തിരക്കഥയെഴുതിയ കെ. ഗിരീഷ്‌കുമാറിന്റെ രചനയില്‍ മറ്റൊരു ചിത്രം, ‘സ‌മസ്തകേരളം പി.ഓ.’. ‘കാക്കി’, ‘വണ്‍ വേ ടിക്കറ്റ്’ തുടങ്ങിയ ഏറെയൊന്നും മികവുപറയുവാനില്ലാത്ത ചിത്രങ്ങള്‍ മാത്രം സ്വന്തം പേരിലുള്ള ബിപിന്‍ പ്രഭാകറാണ് ചിത്രത്തിന്റെ സംവിധായകന്‍. ഇലക്ഷന്‍ സമയത്തൊരു പഞ്ചായത്ത് ഇലക്ഷന്റെ കഥപറയുന്ന ഈ ജയറാം ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഹൌളി പോട്ടൂര്‍.

 കഥയും, കഥാപാത്രങ്ങളും [ 1/10 ]

മലയാളസിനിമയില്‍ വര്‍ഷങ്ങളായി കണ്ടുവരുന്ന കഥാപാത്രങ്ങളിലൂടെയും കഥാസന്ദര്‍ഭങ്ങളിലൂടെയുമാണ് ഈ കഥ പുരോഗമിക്കുന്നത്. സല്‍‌സ്വഭാവിയും, ത്യാഗിയും, ചതിയറിയാത്ത നിഷ്കളങ്കനുമായ നായകന്‍; പതിവുപോലെ അമ്മയുള്‍പ്പടെ ഏവരാലും തെറ്റിദ്ധരിക്കപ്പെടുകയും, ഒടുവില്‍ നിരപരാധിത്വമറിയുന്നതോടെ വീണ്ടും നാട്ടാരുടേയും വീട്ടാരുടേയും കണ്ണിലുണ്ണിയാവുകയും ചെയ്യുന്നു. മകനെ തെറ്റിദ്ധരിച്ച് പിന്നീട് ധാരണമാറുമ്പോള്‍ ‘എനിക്കു നിന്നെ അറിയുവാന്‍ കഴിഞ്ഞില്ലല്ലോ!’ എന്നു പരിതപിക്കുന്ന അമ്മ! - മലയാളസിനിമയുടെ ദൌര്‍ബല്യമാണെന്നു തോന്നുന്നു ഈ രംഗം. നാല്‍‌പതുവയസുള്ള (സിനിമയില്‍ പറയുന്നതു തന്നെ!) നായകനെ പ്രണയിക്കുവാനായി ഒന്നല്ല, രണ്ടുപേരാണ് ചിത്രത്തില്‍. തെറ്റിദ്ധരിക്കുന്നതും ചതിക്കപ്പെടുന്നതും മറ്റും വിശ്വസിനീയമായി അവതരിപ്പിച്ചിരുന്നെങ്കില്‍ അത്രയെങ്കിലും ആശ്വസിക്കാമായിരുന്നു, ഇതതുമില്ല! ഇതിനെല്ലാം പുറമേ പഴയകാല വില്ലന്മാരെ അനുസ്മരിപ്പിക്കുന്ന രീതിയില്‍, ഉച്ചത്തില്‍ മാത്രം സംസാരിക്കുകയും, എന്തിനുമേതിനും തട്ടിക്കയറുകയും, കണ്ണുരുട്ടിപ്പേടിപ്പിക്കുകയും ചെയ്യുന്ന തനി കോമാളിവില്ലന്‍ കൂടിയെത്തുന്നതോടെ കഥയുടെ പതനം പൂര്‍ണ്ണമാവുന്നു.

 സംവിധാനം [ 3/10 ]

ബിപിന്‍ പ്രഭാകറിന്റെ മുന്‍‌ചിത്രങ്ങളെ അപേക്ഷിച്ച് കൂടുതല്‍ സംവിധായകമികവ് ഈ ചിത്രത്തില്‍ പ്രകടമാണ്. കുറച്ചുകൂടി കൈയ്യടക്കത്തോടെ ബിപിന് കഥപറയുവാന്‍ കഴിഞ്ഞിരിക്കുന്നു ഇതില്‍. പൂര്‍വ്വകാല മലയാളസിനിമകളുടെയൊരു ലാളിത്യം ചിത്രത്തിനുണ്ട്. ഒരു പത്തോ ഇരുപതോ കൊല്ലം മുന്‍പ് ബിപിന്‍ പ്രഭാകര്‍ ഈ ചിത്രം ചെയ്തിരുന്നെങ്കില്‍ തീര്‍ച്ചയായും കൈയ്യടിക്കാമായിരുന്നു, ഇന്നിത് ചെയ്യുമ്പോള്‍ പ്രേക്ഷകര്‍ കൂവുന്നില്ല എന്നതുതന്നെ ബിപിന് ആശ്വാസം നല്‍കേണ്ടതാണ്. കാലഹരണപ്പെട്ട വിഷയങ്ങളില്‍ കടിച്ചു തൂങ്ങാതിരിക്കുവാന്‍ അടുത്ത ചിത്രമെങ്കിലും ബിപിന്‍ പ്രഭാകര്‍ ശ്രദ്ധിക്കുമെന്നു കരുതാം.

 അഭിനയം [ 6/10 ]

‘വെറുതേ ഒരു ഭാര്യ’യിലെ ഓവര്‍ സിയര്‍ സുഗുണനെന്നപോലെ, പ്രഭാകരനേയും ജയറാം സ്വാഭാവികതയോടെ അവതരിപ്പിച്ചിരിക്കുന്നു. രഞ്ജിനി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സെറയ്ക്ക് കാര്യമായൊന്നും ചിത്രത്തില്‍ ചെയ്യുവാനില്ല. മറ്റൊരു നായികയായ പ്രിയങ്കയ്ക്ക് പിന്നെയും ചിത്രത്തില്‍ പ്രാധാന്യമുണ്ട്. ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച അവറാച്ചന്‍, ജഗദീഷിന്റെ ചാണ്ടിക്കുഞ്ഞ്, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ മാഷ്, പ്രേം കുമാറിന്റെ മാവോ മോഹനന്‍ തുടങ്ങിയ വേഷങ്ങളും ശ്രദ്ധേയമായി. കൂട്ടുവേഷങ്ങളായെത്തുന്ന പി. ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമ്മൂട്, സലിം കുമാര്‍, കുഞ്ചന്‍, കൊച്ചു പ്രേമന്‍, ജനാര്‍ദ്ദനന്‍, ശിവാജി ഗുരുവായൂര്‍ എന്നവരും മോശമായില്ല. ചിത്രത്തില്‍ വില്ലനായെത്തുന്ന നടന്റെ പ്രകടനം മാത്രമാണ് അരോചകമായി തോന്നിയത്.

 സാങ്കേതികം [ 5/10 ]

ചിത്രമാവശ്യപ്പെടുന്ന സാങ്കേതികമികവു നല്‍കുവാന്‍ ക്യാമറ ചലിപ്പിച്ച രാജരത്നം, എഡിറ്റിംഗ് നിര്‍വ്വഹിച്ച രഞ്ജന്‍ എബ്രഹാം, കലാസംവിധായകന്‍ സുരേഷ് കൊല്ലം തുടങ്ങിയവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. രാജാമണിയുടെ പശ്ചാത്തലസംഗീതവും ചിത്രത്തോട് ചേര്‍ന്നു പോവുന്നു. എന്നാല്‍ സാങ്കേതികതികവൈദഗ്ദ്ധ്യം സിനിമയ്ക്ക് മുതല്‍ക്കൂട്ടാവുന്നതരത്തില്‍ ഉപയോഗപ്പെടുത്തുവാന്‍ ഇവരാരും ശ്രമിച്ചിട്ടുള്ളതായി തോന്നിയില്ല.

 പാട്ട്, നൃത്തം, ആക്ഷന്‍ [ 1/5 ]

വയലാര്‍ ശരത്ചന്ദ്ര വര്‍മ്മയെഴുതി എം. ജയചന്ദ്രന്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങള്‍ക്ക് ആകര്‍ഷണീയത കുറവാണ്. ഇലക്ഷന്‍ രംഗങ്ങള്‍ കൂട്ടിയിണക്കിയുള്ള “മാരിക്കാവടിചൂടിയ...” എന്ന ഗാനം ചിത്രത്തോട് ചേര്‍ന്നു പോവുന്നുണ്ട്. പ്രഭാകരന്റെയും രഞ്ജിനിയുടേയും പ്രണയരംഗങ്ങള്‍ക്ക് പശ്ചാത്തലമാവുന്ന “സുന്ദരീ! എന്‍ സുന്ദരീ!” എന്ന ഗാനം പ്രേക്ഷകരെ ശരിക്കും മുഷിപ്പിക്കും. പേരിനു തിരുകിയിരിക്കുന്ന വില്ലന്‍ കഥാപാത്രവുമായുള്ള സംഘട്ടനങ്ങള്‍ വില്ലനെപ്പോലെ തന്നെ അരോചകമാണ്.

 മറ്റുള്ളവ [ 3/5 ]

നാല്പതുവയസാണ് നായകനെന്ന് ചിത്രത്തില്‍ പറയുന്നെങ്കിലും അത്രയൊന്നും പ്രായം ജയറാമിന്റെ കഥാപാത്രത്തിന് തോന്നിച്ചില്ല. ചിത്രത്തോട് താത്പര്യം തോന്നിക്കുവാന്‍ കൊളിന്‍സ് ലിയോഫില്ലിന്റെ ഡിസൈനുകള്‍ പര്യാപ്തമാണ്. നിര്‍മ്മാണത്തില്‍ ഹൌളി പോട്ടൂര്‍ പിശുക്കുകാട്ടിയിട്ടുമില്ല. എന്നാല്‍ ചിത്രത്തിന്റെ കഥയില്ലായ്മ നിര്‍മ്മാണത്തിലെ മികവിനെ നിഷ്‌പ്രഭമാക്കുന്നു.

 ആകെത്തുക [ 3.8/10 ]

ഒരു സാധാരണ ജയറാം ചിത്രമെന്നതില്‍ നിന്നും ഏറെയൊന്നും മുന്നോട്ടു കൊണ്ടുപോകുവാന്‍ തിരക്കഥാകൃത്തിനോ സംവിധായകനോ ഇതില്‍ സാധിച്ചിട്ടില്ല. ഒരു പഞ്ചായത്തിലെ രാഷ്ട്രീയ പ്രശ്നങ്ങളിലൂടെ സമസ്തകേരളത്തെയും രാഷ്ട്രീയാന്തരീക്ഷം വിലയിരുത്തുന്നു എന്ന മട്ടിലാണ് ചിത്രം തുടങ്ങുന്നത്. എന്നാല്‍ കഥ പറഞ്ഞു പോവുമ്പോള്‍ ചിത്രത്തില്‍ രാഷ്ട്രീയം പ്രധാനവിഷയമാവുന്നില്ല. ജനങ്ങള്‍ക്കുവേണ്ടി സമയം ചിലവഴിക്കുന്ന ഒരു പൊതുപ്രവര്‍ത്തകന്റെ വീട്ടിലെ പ്രശ്നങ്ങളാണ് ചിത്രത്തില്‍ കാണുവാന്‍ കഴിയുന്നത്, അതാവട്ടെ കാലാകാലങ്ങളായി പല മലയാളസിനിമകളിലും വന്നുപോയതും. ചുരുക്കത്തില്‍, ഈ വിഷുക്കാലത്ത് ‘സമസ്തകേരളം പി.ഓ.’ കാണുന്നത് ഒരു സിനിമാസ്വാദകനെ സംബന്ധിച്ചടത്തോളം നല്ലൊരു കണിയാവണമെന്നില്ല.

Description: SamasthaKeralam P.O. - A Malluwood (Malayalam) film directed by Bipin Prabhakar; starring Jayaram, Sera, Priyanka, Jagathy, Jagadeesh, P. Sreekumar, Kochu Preman, Suraj Venjarammood, Salim Kumar, Prem Kumar, Kunchan, Balachandran Chullikkad, Janardanan, Sivaji Guruvayur; Produced by Hauli Pottoor; Story, Screenplay and Dialogues by K. Gireesh Kumar; Camera (Cinematography) by Rajarathinam (Rajarathnam); Editing by Ranjan Abraham; Art Direction by Suresh Kollam; Stunts (Action) by ; Background Score by Rajamani ; Make-up by ; Lyrics by Vayalar Sarathchandra Varma; Music by M. Jayachandran; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. April 11 2009 Release.
--

13 comments :

 1. ‘വെറുതേ ഒരു ഭാര്യ’ തിരക്കഥ ഫെയിം കെ. ഗിരീഷ് കുമാര്‍ രചിച്ച്, ബിപിന്‍ പ്രഭാകര്‍ സംവിധാനം ചെയ്തിരിക്കുന്ന ജയറാം ചിത്രം; ‘സമസ്തകേരളം പി.ഓ.’-യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
  --

  ReplyDelete
 2. വണ്‍‌വേ റ്റിക്കറ്റ് ഈയിടെ കണ്ടിരുന്നു.
  ഫ്ലാഷ്, ഹരീന്ദ്രന്‍ നിഷ്കളങ്കന്‍, എസ് എം എസ് എന്ന കൊലച്ചതി പടങ്ങള്‍ കണ്ടത് കൊണ്ടാണോ എന്നറിയില്ല, കൂട്ടത്തില്‍ ഭേദം എന്നു തോന്നിയിരുന്നു.

  ‘എനിക്കു നിന്നെ അറിയുവാന്‍ കഴിഞ്ഞില്ലല്ലോ!’

  വീണ്ടും ഈ ഡയലോഗോ! ആരെങ്കിലും ഇലക്ഷനില്‍ ജയിച്ചാല്‍ ഈ ഡയലോഗ് നിരോധിക്കുമെന്നു വാഗ്ദാനിച്ചാല്‍ പത്തഞ്ഞൂറ് വോട്ട് കൂടുതല്‍ കിട്ടും.

  ജയറാമിന്റെ അഭിനയം പരമബോറായാണ് എനിക്ക് തോന്നാറുള്ളത്-അപൂര്‍‌വ്വം ചില പടങ്ങള്‍ ഒഴികെ. വെറും അവിഞ്ഞ, ചെവിയില്‍ തെറി വിളി തമാശ, അശ്ലീലസൂചകമായ പ്രയോഗങ്ങള്‍, ഓവറാക്റ്റിംഗ്...സഹിക്കാന്‍ പാടാ.
  :-)

  ReplyDelete
 3. Flash, SMS...Kolachathi Padangal.sathyam.Nirmathaavinod cheytha kolachathi.hareendran..kandilla.vinayante padangal kaanunnath athini cd aanenkilum...tvyil varunnath aanenkilum.nammalod thanne cheyyunna kolachathi aanu.
  pinne jayaraaminte afinayam.pulli ella padangalilum prarabdhakaaranaanu...but..ittekkunna shirtum pant/mund oori vittal kittum oru maasathe chilavinulla cash...powderum puttyum vere...kannu nirach...pinne ath samardhamaayi marachu...(mattullavare vishamippikkathirikkan vendi) ulla afinayam, oochali vittukal okke onnu kaanendathu thanne....ariyathe kayy adikkum...kayyude idakk addehathinte thalayum venamennu mathram...pandu manju warrier ennum paranju oru bhooloka afinaya prathifa/thilakam undaayirunnallo....avarum jayaramum koode afinayicha chila fadangal....entamme....petta thalla sahikkilla...

  ReplyDelete
 4. വെറുതെ ഒരു ഭാര്യയില്‍ ജയറാമിന്റെ അഭിനയം എനിക്കിഷ്ടം ആയില്ല.. ഭയങ്കര ഓവര്‍ ആക്ട് ചെയ്തു ആ ക്യാരക്ടറിനെ നശിപ്പിച്ച പോലെയാ തോന്നിയത്....

  അതും ഒരു "കഥ പറയുമ്പോള്‍" സ്റ്റൈലില്‍ എങ്ങനെയോ വിജയിച്ച ഒരു പടം... എനിക്കു നന്നായി ബോറടിച്ചു... ഈ പടം ഇങ്ങനെയെ ആവൂ എന്നറിയാമായിരുന്നു.. പദ്മരാജനെപ്പോലെ ഉള്ള സം‌വിധായകരുടെ കീഴില്‍ ആണെങ്കില്‍ മാത്രമേ ജയറാം കുറച്ചു നന്നായി അഭിനയിക്കൂ...

  ജയറാം പടങ്ങള്‍ കാണുന്ന ഏര്‍പ്പാടേ നിര്‍ത്തി.. എല്ലാം ഒരു മയിലാട്ടം സ്റ്റൈല്‍...

  ReplyDelete
 5. മലപോലെ വന്നതു എലി പോലെ പോയി...

  ReplyDelete
 6. ഈ ഹരീയ്ക്ക് പ്രായവും പ്രണയവും വല്യ ഇഷ്യൂ ആണല്ലോ!! ഏറ്റവും ഒടുവില്‍ ബക്കറ്റ്ലിസ്റ്റ് കണ്ടപ്പോ ജാക് നിക്കോള്‍സണെ പ്രേമിക്കാന്‍ തോന്നിയാരുന്നു! [അതിന് ചേച്ചിയ്ക്ക് വയസ്സ് 50 ആയില്ലേന്ന് ചോദിച്ചു കളയരുത്. അടി!!]

  ReplyDelete
 7. ഹൊ!! പടം കണ്ടുതീര്‍ക്കാന്‍ ഞാന്‍ പെട്ടപാട്... ജയറാം ഇത്രയായിട്ടും പഠിച്ചില്ലേ??? അല്ലാ ഞാന്‍ ഇത്രയും കിട്ടിയിട്ടും പഠിച്ചില്ലേ??? “വെറുതെ ഒരു ഭാര്യ” ഗിരീഷ് കുമാറിന്റെ തൂലികയില്‍ അബധത്തില്‍ ഉണ്ടായി എന്ന് ഇത് കണ്ടാല്‍ ആരും സശയിച്ച്പോകും... അതോ ബിപിന്‍ പ്രഭാകരന്‍ പറ്റിച്ച പണിയാണോ എന്തായാലും ഈ സിനിമ സമസ്തകേരളത്തിലും മഷിയിട്ട് നോക്കേണ്ടിവരും ഒരാഴ്ച്ചക്കുള്ളില്‍.....

  ReplyDelete
 8. @ അരവിന്ദ് :: aravind,
  ചെവിയില്‍ തെറി വിളി തമാശ, അശ്ലീലസൂചകമായ പ്രയോഗങ്ങള്‍ ഇവരണ്ടും നടനെ വിലയിരുത്തുന്ന ഘടകങ്ങളല്ലല്ലോ! പിന്നെ ഓവര്‍ ആക്ടിംഗ്, അതാണ് ജയറാമില്‍ നിന്നും സാധാരണക്കാര്‍ പ്രതീക്ഷിക്കുന്നത് എന്ന് നടനും സംവിധായകരുമൊക്കെ ധരിച്ചിട്ടുണ്ടെന്നു തോന്നുന്നു. അതിലല്പം സത്യവുമില്ലാതില്ല. :-)

  @ JAYAKRISHNAN,
  ശെടാ! ഈ പറഞ്ഞതൊക്കെ പുള്ളിക്ക് കൊടുക്കുന്ന കഥാപാത്രത്തിന്റേയും, അങ്ങിനെ ചെയ്യുവാന്‍ പറയുന്ന സംവിധായകരുടേയും പ്രശ്നമല്ലേ? മഞ്ജു വാര്യര്‍ അഭിനയിക്കുവാന്‍ അറിയാവുന്ന ഒരു നടിയായാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇരുവരും ചേര്‍ന്ന ചില ചിത്രങ്ങള്‍ ആസ്വാദ്യകരമായി തോന്നിയിട്ടുമുണ്ട്.

  @ ശ്രീഹരി::Sreehari,
  ചില ഭര്‍ത്താക്കന്മാരും ഭയങ്കര ഓവര്‍ ആക്ടിംഗ് ആണല്ലോ! ഹി ഹി ഹി... :-)

  @ പിള്ളാച്ചന്‍, Jithu,
  നന്ദി. :-)

  @ രുദ്ര,
  ഒരു ഇഷ്യൂവുമില്ല. പക്ഷെ, സംഭവം കണ്‍‌വിന്‍സിംഗ് ആയിരിക്കണം, ആവണ്ടേ? അതിപ്പോള്‍ ജാക് നിക്കോള്‍സണ്‍ അറിയപ്പെടുന്ന നടന്‍, സമ്പന്നന്‍, സുമുഖന്‍; പുള്ളിയെ 50 അല്ല 60 ആയാലും രുദ്ര പ്രണയിച്ചെന്നിരിക്കും. (രുദ്രയാരാ മോള്‍!) പക്ഷെ, അപ്പുറത്തെ വീട്ടിലെ പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ പൊതുപ്രവര്‍ത്തനമെന്നും പറഞ്ഞു നടക്കുന്ന 40 വയസുള്ള ചേട്ടനെ, രുദ്ര പ്രേമിക്കുവോ? പറഞ്ഞ ഉദാഹരണമെനിക്കങ്ങിഷ്ടമായി! :-D

  @ രായപ്പന്‍,
  :-) ഹ ഹ ഹ. ‘സമസ്തകേരളത്തിലും മഷിയിട്ട് നോക്കേണ്ടിവരും ഒരാഴ്ച്ചക്കുള്ളില്‍’ - ഇതെനിക്കിഷ്ടായി...
  --

  ReplyDelete
 9. ഒബ്ജക്ഷന്‍ യുവറോണര്‍! സ.കേ പി.ഓ-ടെ ഒരു പോസ്റ്ററോ മറ്റോ ആണ് ആകെ കണ്ടത്. അതില്‍ പ്രിയങ്ക ഞാറു നടുകയോ അത് പിടിച്ച് പോസ് ചെയ്യുകയോ മറ്റോ ആണ്! മറന്നോയി. ആ ഒരു സെറ്റപ്പില്‍ അയല്പക്കത്തെ ജയറാമിനെ പ്രേമിച്ചിരിക്കും. പൊതുപ്രവര്‍ത്തനം എന്താ മോശം കാര്യമാണോ! കിരണ്‍ പൊതുപ്രവര്‍ത്തകന്‍ കമലഹാസന്റെ പിന്നാലെ നടന്നിരുന്നില്ലെ, അവിടെ എത്രയായിരുന്നു വയസ്സ് വ്യത്യാസം എന്തോ! 17-18 വയസ്സുള്ള കാവേരി കാലിനു വയ്യാത്ത മമ്മൂട്ടിയെ പ്രേമിച്ചപ്പോ വളരെ കണ്‍വിന്‍സിംഗ് ആയി തോന്നിയിരുന്നു. പിന്നെ ജാക്കേട്ടന്റെ കാര്യം, പുള്ളീടെ ‘നടന്‍’ എന്ന ഒറ്റ ഫാക്റ്റര്‍ മതി, ബാക്കിയൊക്കെ മാറ്റിപിടി.

  ReplyDelete
 10. രാഷ്ട്രീയം വിഷയമാകുന്ന ‘കോമഡി’ പടങ്ങളിലൊക്കെ ആദര്‍ശവാനായ നായകന്‍ മന്ദബുദ്ധിയോളം കോമാളിയാവുന്ന ശൈലി അന്തിക്കാട്-ശ്രീനി കൂട്ടുകെട്ടിന്റെ ഹാംഗോവറാണോ ആവോ! എന്തായാലും കാശ് ലാഭിച്ചു. താങ്ക്സ് ;))

  ReplyDelete
 11. @ രുദ്ര,
  > ഒരു ഒബ്ജക്ഷനുമില്ല. കണ്‍‌വിന്‍സിംഗ് ആയി തോന്നിയില്ല എന്നതാണ് ഇവിടെ പ്രശ്നം.
  > പൊതുപ്രവര്‍ത്തനം മോശം കാര്യമല്ല, പക്ഷെ പ്രഭാകരന്റെ പൊതുപ്രവര്‍ത്തനം മോശമായാണ് തോന്നിയത്!
  > നായിക ഞാറു നടുന്നു, നായകന്‍ പൊതുപ്രവര്‍ത്തകന്‍; ഇങ്ങിനെയൊരു പോസ്റ്റര്‍ കാണുമ്പോഴേ അവരുടെ പ്രണയം കണ്‍‌വിന്‍സ്ഡ് ആവുകയാണെങ്കില്‍ പറഞ്ഞിട്ടു കാര്യമില്ല!
  > പിന്നെ നായികാനായകന്മാരുടെ യഥാര്‍ത്ഥ പ്രായമല്ല, ഞാന്‍ പ്രായത്തെക്കുറിച്ചെഴുതുമ്പോള്‍ ഉദ്ദേശിക്കുന്നത്. അവരുടെ കഥാപാത്രങ്ങള്‍ക്കു സിനിമയില്‍ പറയുന്ന/തോന്നുന്ന പ്രായമാണ്.
  > പിന്നെ എനിക്ക് പ്രായവും പ്രണയവും പ്രശ്നമാണ് എന്നാണല്ലോ ആരോപണം. എങ്കില്‍ നിശബ്ദിന്റെ വിശേഷം കൂടിയൊന്നു നോക്കൂ. :-) അതില്‍ പറയുന്നുണ്ട് ഈ കണ്‍‌വിന്‍സിംഗിന്റെ കാര്യം.

  @ suraj::സൂരജ്,
  :-) നന്ദി.
  --

  ReplyDelete
 12. നല്ലൊരു കണി അല്ലെന്നു മാത്രമല്ല, 'മീശമാധവന്‍' എന്ന ചിത്രത്തില്‍ ജഗതി കണ്ട കണിയേക്കാള്‍ മോശമാവുകയും ചെയ്‌തു..... ഹൊ...
  **
  'വെറുതെയൊരു ഭാര്യ'യോട് താരതമ്യപ്പെടുത്തല്ലേ പ്ലീസ്.....
  എനി അതുകൂടി സഹിക്കാനുള്ള ചങ്കുറപ്പില്ല.. അതാ...

  ReplyDelete