മോസ് & ക്യാറ്റ് (Moz & Cat)

Published on: 4/16/2009 09:33:00 AM
Moz & Cat: Directed by Fazil; Starring Dileep, Baby Niveditha, Aswathy Ashok.
‘വിസ്മയത്തുമ്പത്ത്’ എന്ന ചിത്രത്തിനു ശേഷം ഫാസില്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് ‘മോസ് & ക്യാറ്റ്’. ദിലീപ്, ബേബി നിവേദിത, പുതുമുഖം അശ്വതി അശോക്; ഇവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകന്‍ ഫാ‍സില്‍ തന്നെയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണങ്ങള്‍ എന്നിവയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നതും. വിഷു ദിനത്തില്‍ തിയേറ്ററുകളിലെത്തിയ ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ജോണി സാഗരിഗ.

 കഥയും, കഥാപാത്രങ്ങളും [ 3/10 ]

മോസ് ഡി. സാമുവല്‍, ടെസി എന്നീ കഥാപാത്രങ്ങള്‍ക്ക് തീര്‍ച്ചയായും പുതുമ അവകാശപ്പെടാം. ഇത്രയും നിഷ്കളങ്കമായി കള്ളത്തരങ്ങള്‍ ചെയ്യുന്ന രണ്ടുപേര്‍ മലയാളം സിനിമയില്‍ അധികം ഉണ്ടായിട്ടില്ല. ഇവരുടെ കളിയും ചിരിയും കള്ളത്തരങ്ങളും ഇടയ്ക്കിടെയുള്ള നര്‍മ്മങ്ങളുമൊക്കെയായി ഇടവേളവരെ സിനിമ ആസ്വാദ്യകരമാക്കുവാന്‍ തിരക്കഥാകൃത്തിനു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ തുടര്‍ന്നങ്ങോട്ട് ലക്കും ലഗാനുമില്ലാതെയാണ് ചിത്രത്തിന്റെ പോക്ക്. മോസിന്റെ ‘ബുദ്ധിപൂര്‍വ്വമായ’ നീക്കങ്ങള്‍ പലതും കേവലം ആകസ്മികതകളോ പൊട്ടത്തരങ്ങളോ ആയേ പ്രേക്ഷകന് അനുഭവപ്പെടുന്നുള്ളൂ. ഇത്തരം നീക്കങ്ങളിലൂടെ ചെന്നെത്തുന്ന ചിത്രത്തിന്റെ പരിണാമഗുപ്തിയാവട്ടെ ആവര്‍ത്തനവിരസവുമാണ്, അതു തന്നെ വലിച്ചു നീട്ടി കഴിയുന്നത്ര മടുപ്പാക്കിയിട്ടുമുണ്ട്.

 സംവിധാനം [ 2/10 ]

സംവിധായകനെന്ന നിലയില്‍ ഏറെയൊന്നും അഭിമാനിക്കുവാന്‍ ചിത്രം ഫാസിലിനു വക നല്‍കുന്നില്ല. ബേബി നിവേദിതയെ ടെസിയെന്ന കഥാപാത്രമായി ഒരുക്കിയെടുത്തതിലും അഭിനയിപ്പിച്ചെടുത്തതിലും ഫാസില്‍ വിജയിച്ചിട്ടുണ്ട്. എന്നാല്‍ മറ്റു പല കാര്യങ്ങളിലും ഫാസില്‍ പിന്നോക്കം പോവുന്നു. ക്ലൈമാക്സില്‍ പോലും ചിത്രം ആവശ്യപ്പെടുന്ന പിരിമുറുക്കം കൊണ്ടുവരുവാന്‍ അദ്ദേഹത്തിനു കഴിയുന്നില്ല. ഏകദേശം ഒരേ അച്ചില്‍ വാര്‍ത്തിരിക്കുന്ന വിവിധ ഗാനരംഗങ്ങളും ചിത്രത്തിന് അധികപ്പറ്റാണ്. അടുത്തടുത്ത രണ്ട് ചിത്രങ്ങള്‍ക്കിടയില്‍ വര്‍ഷങ്ങളുടെ ഇടവേളയിടുന്നതുകൊണ്ട് മാത്രം ചിത്രങ്ങള്‍ മികച്ചതാവില്ല എന്ന് സംവിധായകന്‍ ഓര്‍ക്കുന്നത് നന്ന്!

 അഭിനയം [ 5/10 ]

ബേബി നിവേദിതയുടെ ടെസി എന്ന കഥാപാത്രമാണ് ചിത്രത്തിന്റെ ജീവന്‍. മോസിന്റെ കള്ളത്തരങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്ന ടെസിയെന്ന മിടുക്കിയെ നിവേദിത വളരെ വിശ്വസിനീയമായി അവതരിപ്പിച്ചിട്ടുണ്ട്. സിനിമാഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച അശ്വതി അശോകിന്റെ നന്ദനയെന്ന കഥാപാത്രവും മോശമായില്ല. സ്ഥിരം ഗോഷ്ടികളും തരികിടകളും കുറേയൊക്കെ ഒഴിവാക്കിയിട്ടുണ്ട് എന്നതുമാത്രമാണ് ദിലീപിന്റെ അഭിനയത്തില്‍ കണ്ട ഏക മികവ്. നന്ദനയുടെ സഹോദരന്‍ സുമേഷായെത്തുന്ന റഹ്മാനും ശരാശരി നിലവാരത്തില്‍ നിന്നും മുകളിലേക്ക് പോയിട്ടില്ല. മനോജ് കെ. ജയന്‍, ജഗതി ശ്രീകുമാര്‍, ഹരിശ്രീ അശോകന്‍, അനൂപ് ചന്ദ്രന്‍, സുധീഷ്, ജാഫര്‍ ഇടുക്കി, ജനാര്‍ദ്ദനന്‍ തുടങ്ങിയവരുടെ കൂട്ടുവേഷങ്ങളാണ് സിനിമയ്ക്ക് അല്പമെങ്കിലും മികവു നല്‍കുന്നത്.

 സാങ്കേതികം [ 4/10 ]

ആനന്ദക്കുട്ടന്റെ ക്യാമറ ചിത്രത്തിനെന്തെങ്കിലും പുതുമ നല്‍കുന്നതായി തോന്നിയില്ല. ഗൌരിശങ്കറിന്റെ ചിത്രസംയോജനവും ചിത്രത്തിനു വേഗത നല്‍കുന്നതില്‍ പരാജയമാണ്. സംവിധായകനു കൂടി പങ്കുണ്ടെങ്കിലും, ചിത്രത്തിനാവശ്യമുള്ള മൂഡ് ഉണ്ടാക്കുന്നതില്‍ സാങ്കേതികവിഭാഗം വിജയിച്ചിട്ടില്ല. പ്രമേയത്തിലെ ചെറിയ പുതുമകള്‍ സിനിമയ്ക്ക് ഗുണകരമാവുന്ന രീതിയില്‍ പ്രകടമാക്കി അവതരിപ്പിക്കുവാന്‍ ശ്രദ്ധിക്കേണ്ടതായിരുന്നു.

 പാട്ട്, നൃത്തം, ആക്ഷന്‍ [ 3/5 ]

കൈതപ്രം ദാമോദരന്‍ നമ്പൂതിരി രചിച്ച്, ഔസേപ്പച്ചന്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങള്‍ ചിലതൊക്കെ തികച്ചും അനുചിതമായാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നതെങ്കിലും അവ ആസ്വാദ്യകരമാണ്. എം.ജി. ശ്രീകുമാര്‍, സുജാത എന്നിവര്‍ പാടിയിരിക്കുന്ന “ഒരു കൂടണയാനൊരു തണലില്ല...”; സുജാത, ശ്വേത തുടങ്ങിയവര്‍ പാടിയിരിക്കുന്ന “തൊട്ടാല്‍ പൂക്കും...”; ബിജു നാരായണന്‍, ശ്വേത എന്നിവരുടെ ശബ്ദത്തില്‍ “കുളിര്‍മഞ്ഞുകായലില്‍...”; ഈ ഗാനങ്ങളൊക്കെയും ശ്രദ്ധേയമായി. ആല്‍ബത്തിലുള്ള ചില ഗാനങ്ങളെങ്കിലും ചിത്രത്തിലുണ്ടായില്ല, തിയേറ്ററുകാര്‍ തന്നെ അവ ബുദ്ധിപൂര്‍വ്വം ഒഴിവാക്കിയെന്നു തോന്നുന്നു. ബേബി നിവേദിതയുടെ കുട്ടിത്തം നിറഞ്ഞ നൃത്തച്ചുവടുകളാണ് പ്രധാനമായും എല്ലാ ഗാനരംഗങ്ങളുടേയും ആകര്‍ഷണം. ആക്ഷന്‍ രംഗങ്ങള്‍ക്ക് കാര്യമായ പ്രാധാന്യമില്ലാത്തതിനാല്‍ തന്നെ, മാഫിയ ശശിക്ക് പ്രത്യേകിച്ചൊന്നും ചിത്രത്തില്‍ ചെയ്യുവാനില്ല.

 മറ്റുള്ളവ [ 3/5 ]

‘മോസ് & ക്യാറ്റ്’ എന്ന കൌതുകമുള്ള പേര്, കുട്ടികളുടെ ചിത്രമെന്ന തോന്നലുണ്ടാക്കുന്ന രീതിയിലുള്ള പോസ്റ്ററുകള്‍ ഇവയൊക്കെ ചിത്രം കാണുവാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. കഥാപാത്രങ്ങള്‍ക്ക് ചേരുന്ന വേഷങ്ങളും, ചുറ്റുപാടുകളുമൊരുക്കുവാന്‍ ഇവ കൈകാര്യം ചെയ്തവര്‍ ശ്രദ്ധിച്ചിട്ടുണ്ട്. റഹ്മാന്റെ ഡബ്ബിംഗ് മാത്രം സുഖകരമായി തോന്നിയില്ല. വിഷയമാവശ്യപ്പെടുന്ന നിര്‍മ്മാണമികവും ചിത്രത്തിനുണ്ട്.

 ആകെത്തുക [ 4.0/10 ]

കളിചിരിയും തമാശയും ആക്ഷനുമൊക്കെയായി ഒരുത്സവച്ചിത്രം പ്രതീക്ഷിച്ചെത്തുന്നവര്‍ക്ക് ഏറെയൊന്നും ചിത്രത്തിലില്ല. ബേബി നിവേദിതയുടെ സാന്നിധ്യം ആശ്വാസമാണെങ്കിലും അതുമാത്രം കൊണ്ട് ചിത്രം രക്ഷപെടില്ല. കുട്ടികള്‍ക്ക് രസിക്കുന്ന രീതിയില്‍ തയ്യാറാക്കുവാന്‍ പ്രമേയത്തില്‍ സാധ്യതകളുണ്ടായിട്ടും അവ പ്രയോജനപ്പെടുത്തുവാനും തിരക്കഥാകൃത്തുകൂടിയായ സംവിധായകനു കഴിഞ്ഞില്ല. മുതിര്‍ന്നവര്‍ക്ക് തന്നെ ദഹിക്കാത്ത രീതിയില്‍ ചുറ്റിക്കെട്ടിയുള്ള കഥ, കുട്ടികളുടെ ചിത്രമെന്ന രീതിയിലെടുക്കുവാന്‍ ശ്രമിച്ച് എങ്ങുമെങ്ങുമെത്താത്ത അവസ്ഥയിലായതാണെന്നു തോന്നുന്നു ഈ ചിത്രം. ഫാസിലിന്റെ പല ചിത്രങ്ങളിലുമെന്നതുപോലെ ഈ ചിത്രത്തിലെ പ്രതിനായകനുമുണ്ട് മാനസികപ്രശ്നവും, അതില്‍ നിന്നും അയാളെ രക്ഷപെടുത്തുവാനായി നായകനും സംഘവും ചേര്‍ന്ന് സൃഷ്ടിച്ചെടുക്കുന്ന ഒരു സാഹചര്യവും; ഈയൊരു പരിപാടി ഇനിയും മടുത്തില്ലെന്നതാണത്ഭുതം! ചുരുക്കത്തില്‍, ‘സമസ്തകേരളം പി.ഓ.’യെന്നതുപോലെ പാഴായൊരു വിഷുക്കണിയാകുവാനാണ് ഈ ചിത്രത്തിനും യോഗം.

Description: Moz & Cat - A Malluwood (Malayalam) film directed by Fazil; starring Dileep, Ashwathy Ashok, Baby Niveditha, Rahman, Manoj K. Jayan, Jagathy Sreekumar, Harisree Ashokan, Sudheesh, Anoop Chandran, Jaffer Idukki, Janardhanan, Krishnakumar; Produced by Johny Sagarika; Story, Screenplay and Dialogues by Fazil; Camera (Cinematography) by Anandakkuttan (Rajarathnam); Editing by Gaurisankar K.R.; Art Direction by ; Stunts (Action) by Mafia Sasi; Background Score by ; Make-up by ; Lyrics by Kaithapram Damodaran Namboothiri; Music by Ouseppachan; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. April 14 2009 Release.
--

14 comments :

 1. ഫാസിലിന്റെ സംവിധാനത്തില്‍ ദിലീപ്, ബേബി നിവേദിത, അശ്വതി അശോക് തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിഷു ചിത്രം, ‘മോസ് & ക്യാറ്റി’ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  ‘മലയാളത്തിലിറങ്ങിയ വിഷു ചിത്രങ്ങളില്‍ ഏറ്റവും മികച്ചത്?’ - പോളില്‍ പങ്കെടുക്കുക. :-)
  --

  ReplyDelete
 2. As expected... :)
  വിസ്മയത്തുമ്പത്ത് എന്നൊരു വധം തിയേറ്ററില്‍ വച്ച് കാണേണ്ടതായി വന്നിട്ടൂണ്ട്. അതോടെ മനസിലായി ഇവരുടെ ഒക്കെ സ്റ്റോക്ക് തീര്‍ന്നു...

  ഹരി ഇതിനെല്ലാം കാശും സമയവും മുടക്കുന്നല്ലോ സമ്മതിച്ചു ( നാട്ടിലായിരുന്നെങ്കില്‍ ഞാനും ചെയ്തേനെ അത് വേറേ കാര്യം :))

  ReplyDelete
 3. Hari,

  Iyalu orikkalum nannavilla ennu urappanu allae??
  Paranjittu karyamilla.
  മോസിന്റെ ‘ബുദ്ധിപൂര്‍വ്വമായ’ നീക്കങ്ങള്‍ പലതും കേവലം ആകസ്മികതകളോ പൊട്ടത്തരങ്ങളോ ആയേ പ്രേക്ഷകന് അനുഭവപ്പെടുന്നുള്ളൂ. Ithu engene manasilayi??Theatril undayirunna ella പ്രേക്ഷക rodum iyalu chodhicho??

  Veruthae ingane oru blunders ezhuthi vidathae mashae....Ellavarum viswasikathilla

  ReplyDelete
 4. ഹഹ..ശ്രീ ഹരീ
  വിസ്മയത്തുമ്പത്ത് വധം അല്ല....വധം X വധം ആണ്. വിസ്മയത്തുമ്പത്ത്, സീറ്റിന്റെ തുമ്പത്ത് പോയി ഇരുന്നാണ് കണ്ടത്..കൂവാനും ഇറങ്ങി ഓടാനും.

  ഏതായാലും ഇത് ഡി വിഡി ഇറങ്ങുമ്പോള്‍ ഒന്നു കണ്ടു നോക്കാം.

  ReplyDelete
 5. സാഗര്‍ അലിയാസ് ജാക്കി പോളില്‍ കണ്ടില്ലലോ ? why? athayirunnile ആദ്യ ചിത്രം വിഷുവിനു ? വോട്ട് ചെയാന്‍ നോക്കിയപ്പോള്‍ കണ്ടില്ല .

  ReplyDelete
 6. ഫാസിലിന്റെ വെടി തീര്‍ന്നു. ഒരു മടക്കം വളരെ വിഷമമാണെന്ന തിരിച്ചറിവ്‌ ഇനിയെങ്കിലും അദ്ദേഹത്തിനുണ്ടാവട്ടേ....?

  വോട്ട്‌ ചെയ്യാന്‍ നോക്കിയിട്ട്‌ സാഗര്‍ ഏലിയാസ്‌ ജാക്കി കണ്ടില്ലെന്നോ...? ആ കമന്റു കണ്ടതിനു ശേഷം പോളിന്റെ വിഷയം മൂന്നു തവണ വായിച്ചു. മികച്ച ചിത്രം എന്നു തന്നെയല്ലേ ഹരീ...?

  ReplyDelete
 7. pllecho, last ill ഒരു സ്മൈലി കൂടെ ഇടാത്തത് എന്റെ തെറ്റു . എത്രപേര്‍ ആ ചവറിനു വോട്ട് ചെയും എന്നറിയാന്‍ ഉള്ള ആഗ്രഹം കൊണ്ട് ചോദിച്ചതനെ.തടിയന്‍ കിളവനെ അങ്ങനെ അങ്ങ് അവഗണിക്കാന്‍ പാടുണ്ടോ ? മറ്റേ കിളവനു പിന്നെ വിഷു വിനു padam ഇല്ലാലോ (Bhagyam)

  ReplyDelete
 8. ee randu kilavanmarum aanu malayalacinemaye thanginirthunnathu ennorkkuka

  ReplyDelete
 9. @ ശ്രീഹരി::Sreehari,
  അതെയതെ As expected. :-) ഇതെഴുതുന്നതിനോടുള്ള ഇഷ്ടമാണ് ഇപ്പോളിതൊക്കെ കാണുവാനൊരു പ്രചോദനം. ഇതില്ലായിരുന്നെങ്കില്‍ ഇത്രയുമൊന്നും കാണില്ലായിരുന്നു.

  @ Vivek,
  > നന്നാവലും ചീത്തയാവലുമൊക്കെ തികച്ചും ആപക്ഷികമല്ലേ മാഷേ?
  > “Ellavarum viswasikathilla...” - ഇതെങ്ങിനെ വിവേകിനു മനസിലായി? വിവേക് ഇവിടെ വരുന്ന എല്ലാ വായനക്കാരോടും ചോദിച്ചോ? ഇതേ യുക്തിയാണ് ഞാന്‍ ‘പ്രേക്ഷകന്, പ്രേക്ഷകര്‍ക്ക്’ എന്നൊക്കെ എഴുതുമ്പോഴും.

  @ അരവിന്ദ് :: aravind,
  ഡി.വി.ഡി. വേണോ? സി.ഡി. പോരേ? രൂപ 20-25 ലാഭം! :-)

  @ Aadityan,
  ഏപ്രിലില്‍ ഇറങ്ങിയ ചിത്രങ്ങള്‍ മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. അതിനും മുന്‍പിറങ്ങിയത്, അവര്‍ പറഞ്ഞതുകൊണ്ടു മാത്രം വിഷു ചിത്രമായി കൂട്ടേണ്ടതുണ്ടോ? :-)

  @ പിള്ളാച്ചന്‍,
  :-) നല്ലൊരു തിരക്കഥാകൃത്തിനെക്കിട്ടിയാല്‍ ഒരുപക്ഷെ ഫാസില്‍ തിരിച്ചുവരുമായിരിക്കും.

  @ EDAKKADANS,
  ഹൊ! ഇത് പല്ലിയാണ് ഉത്തരം താങ്ങുന്നത് എന്നു ചിന്തിക്കുന്നതുപോലെയല്ലേ?
  --

  ReplyDelete
 10. മോസ് & ക്യാറ്റ് ഇന്റര്‍വെല്‍ വരെ കണ്ടു... റിവ്യൂവില്‍ “കളിയും ചിരിയും കള്ളത്തരങ്ങളും ഇടയ്ക്കിടെയുള്ള നര്‍മ്മങ്ങളുമൊക്കെയായി ഇടവേളവരെ സിനിമ ആസ്വാദ്യകരമാക്കുവാന്‍ തിരക്കഥാകൃത്തിനു കഴിഞ്ഞിട്ടുണ്ട്.“ എന്ന ഒറ്റ പറച്ചലില്‍ കയറിയതാ... ഇന്റര്‍വെല്‍ വരെ കണ്ട് കാശ് മുതലായതുകൊണ്ട് ഇന്റര്‍വെലിന് ശേഷം പടം കണ്ടില്ല... ഇനി ബ്ലോക്ബസ്റ്റര്‍ ചലചിത്രമായി ടിവില്‍ വരുമ്പോ കാണാന്‍ ശ്രമിക്കാം.....

  ReplyDelete
 11. അപ്പോ ഫാസിലിന്റേം, ദിലീപിന്റേം കാര്യം ഏകദേശം തീരുമാനമായി അല്ലെ? ഇനി അന്തിക്കാടിന്റെ ഭാഗ്യദേവതക്ക് വേണ്ടി കാത്തിരിക്കാം. അതിന്റെ തിരക്കഥയും സത്യന്‍ തന്നെയാണെത്രെ അതോണ്ട് വല്യ പ്രതീക്ഷയൊന്നും വേണ്ട. :)

  ReplyDelete
 12. This comment has been removed by the author.

  ReplyDelete
 13. സാഗറിന് 3.6 ഉം ഇതിനു 4 ഉമോ ?? സാഗറില് കഥ ഇല്ലായിരുന്നെങ്കിലും Moz പോലെ മനുഷ്യനെ വെറുപ്പിച്ചില്ല !!

  ReplyDelete
 14. @ BiriyaniMonster,

  Ayyo athariyillae.....

  "The new rating system followed here is very transperent and only because of the new system the film scored 3.6. If it was like the old way, I will be giving something around 1.5 or 2."

  ReplyDelete