ഭാഗ്യദേവത (Bhagyadevatha)

Published on: 4/27/2009 09:15:00 PM
Bhagyadevatha - A film directed by Sathyan Anthikkad; Starring Jayaram, Kanika, Narein.
2008 ഏപ്രിലില്‍ പുറത്തിറങ്ങിയ ‘ഇന്നത്തെ ചിന്താവിഷയ’ത്തിനു ശേഷം സത്യന്‍ അന്തിക്കാട് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന പുതിയ ചിത്രമാണ് ‘ഭാഗ്യദേവത’. ബെന്നിയെന്ന കേബിള്‍ ഓപ്പറേറ്ററായ നായകനെ ജയറാം അവതരിപ്പിക്കുന്നു. അവസാനമിറങ്ങിയ സത്യന്‍ ചിത്രങ്ങളിലെല്ലാം നായികയായെത്തിയ മീര ജാസ്മിനു പകരം കനികയാണ് ‘ഭാഗ്യദേവത’യില്‍ നായികയായ ഡെയ്സിയുടെ വേഷമിടുന്നത്. രാജേഷ് ജയരാമന്‍ കഥയെഴുതിയിരിക്കുന്ന ഈ കുടുംബചിത്രം നിര്‍മ്മിച്ചിരിക്കുന്നത് എം.എം. ഹംസ.

 കഥയും, കഥാപാത്രങ്ങളും [ 5/10 ]

സ്ത്രീധനം നല്‍കാത്തതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പലപ്പോഴും മലയാളസിനിമയ്ക്ക് വിഷയമായിട്ടുള്ളതാണ്. പാതിയോളവും ചിത്രത്തില്‍ കാര്യമായൊന്നും തന്നെ നടക്കുന്നുമില്ല എന്നാല്‍ ഇടവേളയോടടുപ്പിച്ച് കഥയില്‍ വരുന്ന വ്യതിയാനം ചിത്രത്തെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നു. ഡെയ്സിയെന്ന നായിക നായകനേക്കാള്‍ പ്രാധാന്യം ചിത്രത്തില്‍ നേടുന്നതും മലയാളസിനിമയിലെ അപൂര്‍വ്വതയാണ്. കുട്ടനാട്ടിലെ ജനങ്ങളുടെ നേര്‍പ്പകര്‍പ്പായ, ഒട്ടും തന്നെ കൃത്രിമത്വം തോന്നാത്ത കഥാപാത്രങ്ങളിലൂടെയാണ് സിനിമ ജീവന്‍ വെയ്ക്കുന്നത്. രാജേഷ് ജയരാമന്റെ കഥയിലെ കുറവുകള്‍ പ്രേക്ഷകരറിയാത്തവണ്ണമാണ് സത്യന്റെ തിരനാടകരചന.

 സംവിധാനം [ 7/10 ]

സത്യന്‍ അന്തിക്കാടിന്റെ സംവിധാനമികവാണ് ചിത്രത്തെ ആസ്വാദ്യകരമാക്കുന്ന മറ്റൊരു പ്രധാനഘടകം. അഭിനേതാക്കളെ വേണ്ടും വണ്ണം അഭിനയിപ്പിച്ചിരിക്കുന്നതിലും, രംഗങ്ങള്‍ തുടര്‍ച്ച നഷ്ടപ്പെടാതെ അവതരിപ്പിച്ചിരിക്കുന്നതിലുമെല്ലാം സംവിധായകന്റെ മിടുക്ക് കാണാവുന്നതാണ്. നായകന്‍ ഉപദേശ രൂപത്തില്‍ കുറേ വായിട്ടലയ്ക്കുന്നില്ലെങ്കിലും ഒരു നല്ല സന്ദേശം ചിത്രത്തിനു നല്‍കുവാനുണ്ട്. അറിയാതെ ചിരിച്ചുപോവുന്ന രീതിയിലുള്ള കഥാപാത്രങ്ങളുടെ സ്വാഭാവിക സംഭാഷണങ്ങളും, അവയുടെ അവതരണവുമെല്ലാം ചേര്‍ന്ന് ചിത്രത്തോടൊരിഷ്ടം തോന്നിക്കുന്ന രീതിയിലാണ് സിനിമയുടെ അവതരണം. ജയറാമിന്റെ കഥാപാത്രത്തെ ഇടയ്ക്കൊക്കെ പ്രേക്ഷകര്‍ കൂവുന്നുണ്ട്; പക്ഷെ ആ കൂവലുകള്‍ അഭിനേതാവിനല്ല, സിനിമയ്ക്കുമല്ല; മറിച്ച് ആ കഥാപാത്രത്തിനുള്ളതാണ്. അത്രത്തോളം പ്രേക്ഷകരിലേക്കെത്തുവാന്‍ സിനിമയ്ക്കായി എന്നത് നിസ്സാര കാര്യമല്ല. അനാവശ്യഗാനരംഗങ്ങളും ചില വലിച്ചു നീട്ടലുകളുമൊക്കെയായി ചിത്രം ഇടയ്ക്കിടെ അല്പം മുഷിപ്പിക്കുന്നുണ്ട് എന്നതുമാത്രമൊരു കുറവായി പറയാം.

 അഭിനയം [ 7/10 ]

സംവിധായകന്റെ മനസിനൊത്ത് ഓരോ അഭിനേതാക്കളും ചിത്രത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നായിക ഡെയ്സിയായുള്ള കനികയുടെ പ്രകടനം എടുത്തു പറയേണ്ടതു തന്നെ. അമ്മയായി കെ.പി.എ.സി. ലളിത, സഹോദരിയായി ലക്ഷ്മിപ്രിയ, ടൂറിസ്റ്റ് ഗൈഡായി നെടുമുടി വേണു, അയല്‍‌വീട്ടിലെ തോണിക്കാരനായി മാമുക്കോയ, നാടകനടനായി ഇന്നസെന്റ് ഇവരൊക്കെയും മികച്ചു നിന്നു. ബെന്നിയെ അവതരിപ്പിച്ച ജയറാമിന്റെ അഭിനയം സിംഹഭാഗവും മികവുപുലര്‍ത്തിയെങ്കിലും, ചിലയിടങ്ങളില്‍ (ഉദാഃ ഹൃദയാഘാതം അഭിനയിക്കുന്നതായുള്ള രംഗം.) മിമിക്രി അഭിനയമായാണ് അനുഭവപ്പെട്ടത്. മറ്റു കഥാപാത്രങ്ങളായെത്തുന്ന വേണു നാഗവള്ളി, നരേന്‍, പി. ശ്രീകുമാര്‍, വെട്ടുകിളി പ്രകാശ്, ശാന്തകുമാരി, ലക്ഷ്മി ബോബന്‍ തുടങ്ങിയവരും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി. ഇവരുടെയൊക്കെ മികച്ച പ്രകടനത്തിനിടയിലും ഏറെ ശ്രദ്ധേയമായത് ചേമ്പില്‍ അശോകന്‍ അവതരിപ്പിച്ച തങ്കുവാശാന്‍ എന്ന കഥാപാത്രമായിരുന്നു. ചെറുവേഷമായിട്ടു കൂടി പ്രേക്ഷകര്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന ഒരു കഥാപാത്രമാക്കി തങ്കുവാശാനെ മാറ്റുവാന്‍ സാധിച്ചതില്‍ ചേമ്പില്‍ അശോകന് തീര്‍ച്ചയായും അഭിമാനിക്കാം.

 സാങ്കേതികം [ 3/5 ]

ചിത്രമാവശ്യപ്പെടുന്ന സാങ്കേതികമികവ് നല്‍കുവാന്‍ ക്യാമറ ചലിപ്പിച്ച വേണു, എഡിറ്റിംഗ് നിര്‍വ്വഹിച്ച കെ. രാജഗോപാല്‍ എന്നിവര്‍ക്ക് സാധിച്ചിട്ടുണ്ട്. കുട്ടനാടന്‍ ശീലങ്ങളോടു ചേരുന്ന പരിസരങ്ങളൊരുക്കിയ ജോസഫ് നെല്ലിക്കലിന്റെ കലാസംവിധാനവും മികവു പുലര്‍ത്തി. ദൃശ്യങ്ങള്‍ക്ക് പിന്നണിയായുപയോഗിച്ച ചില സംഗീതശകലങ്ങള്‍ വളരെ അസഹനീയമായിരുന്നു എന്നതും പറയാതെ വയ്യ. ദൃശ്യത്തില്‍ നിന്നും കാണിയുടെ ശ്രദ്ധ തിരിക്കുന്ന തരത്തില്‍, ‘ഇതെന്താണ് ഈ ശബ്ദം?’ എന്നു സംശയിച്ചു പോവുന്ന രീതിയിലായിരുന്നു പലയിടത്തും പിന്നണിസംഗീതം.

 പാട്ട്, നൃത്തം, ആക്ഷന്‍ [ 3/5 ]

വയലാര്‍ ശരത്ചന്ദ്ര വര്‍മ്മയെഴുതി ഇളയരാജ സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങള്‍ക്ക് മുന്‍പ് കേട്ട ഈണങ്ങളുടെ ഛായ തോന്നിക്കുമെങ്കിലും മനസില്‍ തങ്ങി നില്‍ക്കുന്നവയാണ്. രാഹുല്‍ നമ്പ്യാര്‍, കെ.എസ്. ചിത്ര എന്നിവര്‍ ചേര്‍ന്നാലപിച്ച “സ്വപ്നങ്ങള്‍ കണ്ണെഴുതിയ...” എന്ന ഗാനം ചിത്രത്തിനു ശേഷവും കാഴ്ചക്കാരനില്‍ അവശേഷിക്കും. വിജയ് യേശുദാസ്, ശ്വേത എന്നിവര്‍ ആലപിച്ച “അല്ലിപ്പൂവേ, മല്ലിപ്പൂവേ...”, കാര്‍ത്തിക് ശബ്ദം നല്‍കിയ “ആഴിത്തിരതന്നില്‍ വീണാലും...” എന്നീ ഗാനങ്ങളും കേള്‍വിക്ക് സുഖമുള്ളവ തന്നെ. അനാവശ്യ സംഘട്ടനങ്ങളോ, പാട്ടിനൊപ്പമെത്തുന്ന നര്‍ത്തകരെയോ ചിത്രത്തില്‍ ഉപയോഗിച്ചിട്ടില്ല എന്നതുമൊരു മികവായി പറയാം.

 ആകെത്തുക [ 6.25/10 ]

സത്യന്‍ അന്തിക്കാടിന്റെ അവസാന മൂന്നു ചിത്രങ്ങളെടുത്താല്‍ ഏറ്റവും മികച്ചതേതെന്ന് പറയുവാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ലാത്ത ചിത്രം, ‘ഭാഗ്യദേവത’. സമകാലീന മലയാളസിനിമകളില്‍‍, വിശേഷിച്ചും രണ്ടായിരത്തിയൊന്‍പതില്‍ പുറത്തിറങ്ങിയ ചിത്രങ്ങളെടുത്താല്‍ ഒഴിവാക്കരുതാത്ത ഒരു സിനിമ, ‘ഭാഗ്യദേവത’. സ്ത്രീധനവുമായെത്താത്ത നവവധുവിനെ ഉപേക്ഷിക്കുന്നതുപോലെ, പൊള്ളയായ ഉള്ളുമായെത്തിയതിനാല്‍ ഉപേക്ഷിക്കപ്പെട്ട മലയാളസിനിമയെ വീണ്ടും മനസില്‍ കുടിയിരുത്തുവാന്‍ പലര്‍ക്കുമൊരു കാരണമായേക്കുവാന്‍ സാധ്യതയുള്ള ഒരു ചിത്രം, അതും ‘ഭാഗ്യദേവത’ തന്നെ.

Description: Bhagyadevatha (Bhagya Devatha) - A Malluwood (Malayalam) film directed by Sathyan Anthikkad; starring Jayaram, Kanika, Narein, Nedumudi Venu, Innocent, Mamukkoya, Venu Nagavally, KPAC Lalitha, Reshmi Boban, Lakshmipriya, Shanthakumari, Chembil Ashokan, P. Sreekumar, Vettukili Prakash; Produced by M.M. Hamsa; Story by Rajesh Jayaraman; Screenplay and Dialogues by Sathyan Anthikkad; Camera (Cinematography) by Venu; Editing by K. Rajagopal; Art Direction by Joseph Nellickal; Stunts (Action) by ; Background Score by ; Make-up by ; Lyrics by Vayalar Sarath Chandra Varma; Music by Ilayaraja; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. April 23 2009 Release.
--

25 comments :

 1. ജയറാം, കനിക എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സത്യന്‍ അന്തിക്കാട് ചിത്രം ‘ഭാഗ്യദേവത’യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  റേറ്റിംഗ് നല്‍കുന്നതില്‍ ചില മാറ്റങ്ങള്‍ ശ്രദ്ധിക്കുക.
  • ‘മറ്റുള്ളവ’ എന്നത് പൂര്‍ണ്ണമായും ഒഴിവാക്കി. മാര്‍ക്കറ്റിംഗ്, പോസ്റ്റര്‍ ഡിസൈന്‍ തുടങ്ങിയവയൊക്കെയും ചിത്രത്തിന്റെ വിജയത്തെ സ്വാധീനിക്കുമെങ്കിലും, ചിത്രത്തിന്റെ നിലവാരവുമായി നേരിട്ട് ബന്ധമില്ലാത്തതിനാലാണ് ഒഴിവാക്കാം എന്നു കരുതിയത്. ചിത്രത്തിന്റെ മൊത്തത്തിലുള്ള റേറ്റിംഗിനെ ഇവ ബാധിക്കുന്നത് ശരിയല്ലെന്ന് പലരും ഇവിടെ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.
  • ‘സാങ്കേതികം’ എന്നതിന് ഇനിമുതല്‍ 5-ലാവും പോയിന്റ് നല്‍കുക. സാങ്കേതിക മേഖലകളിലുള്ള മികവ് ചിത്രത്തിന്റെ മൊത്തത്തിലുള്ള മികവിനെ അമിതമായി സ്വാധീനിക്കാതിരിക്കുവാനായാണ് ഈ വിഭാഗത്തിന്റെ പോയിന്റ് 5-ലാക്കുന്നത്.

  അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.
  --

  ReplyDelete
 2. റേറ്റിങ്ങിലെ മാറ്റങ്ങൾ നന്നായി. അപ്പോൾ ഭാഗ്യദേവത കൊള്ളാം അല്ലേ.. സത്യൻ തന്നെ തിരക്കഥ എഴുതിയത് കൊണ്ട് ഒരു ഭയം ഉണ്ടായിരുന്നു.

  പിന്നെ പോസ്റ്റിൽ ആദ്യം രാജേഷ് ജയരാമൻ എന്നത് രജേഷ് എന്നാണ് കേട്ടൊ.. ശ്രദ്ധിക്കുമല്ലോ..

  ReplyDelete
 3. "ദൃശ്യങ്ങള്‍ക്ക് പിന്നണിയായുപയോഗിച്ച ചില സംഗീതശകലങ്ങള്‍ വളരെ അസഹനീയമായിരുന്നു എന്നതും പറയാതെ വയ്യ"

  ഇത് കേട്ട് പുറകോട്ട് തിരിഞ്ഞ് നോക്കാതിരുന്നല്‍ നല്ലത്... ടിവി കാണുന്നതിനിടയില്‍ കോളിങ് ബെല്‍ അടിച്ചതാണൊ ന്നൊരു സംശയം.. :)

  ഹരീ.. ബനാറസ് എവിടെ.. ?

  ReplyDelete
 4. അപ്പോല്‍ തെറ്റില്ലാത്ത ഒരു സിനിമ അല്ലേ? ഹാവൂ സമാധാനം....

  റേറ്റിംഗില്‍ വരുത്തിയ പുതിയ രീതി വളരെ നന്നായി... റേറ്റിംഗ് അത് കൊണ്ട് ആപ്റ്റ് ആയി തോന്നുന്നു (സിനിമയെക്കുറിച്ച് കേട്ടിടത്തോളം). പ്രത്യേകിച്ചും സത്യന്‍ അന്തിക്കാടിന്റെ സിനിമകളില്‍ നമ്മള്‍ സാങ്കേതികമികവ് കൂടുതല്‍ പ്രതീക്ഷിക്കുന്നില്ലല്ലോ...

  മലയാള സിനിമയെ നിരൂപണം ചെയ്യുമ്പോള്‍ പോസ്റ്ററിനും സാങ്കേതികമേന്മയ്ക്കും ഒക്കെ വെയിറ്റേജ് കുറക്കുന്നത് തന്നെയാണ് നല്ലത്.

  നല്ല റിവ്യൂ . സിനിമയെക്കുറിച്ച് ഏതാണ്ട് ഒരു ഐഡിയ കിട്ടി. അതാണ് വേണ്ടതും :)

  ReplyDelete
 5. വല്ലപ്പോഴും പൂക്കുന്ന മരങ്ങള്‍ പോലെ,ഇപ്പോള്‍ ഒരു നല്ല ചിത്രം പുറത്തിറങ്ങുക എന്നൊക്കെ കേള്‍ക്കുന്നത് തന്നെ പുണ്യം പോലെയായി.
  എന്റെ "ബ്ലോഗയ തൃതീയ ആശംസകള്‍"

  ReplyDelete
 6. പുതിയ മാറ്റങ്ങളുമായെത്തിയ റിവ്യൂ കൊള്ളാം..കേട്ടിടത്തോളം ഭാഗ്യദേവതക്ക് നല്ലയഭിപ്രായം തന്നെയാണു..കാണണമെന്നൊക്കെയാണാഗ്രഹം..:)

  പിന്നെ ഇട്ടിമാളു ചോദിച്ച പോലെ ബനാറസിനെ പറ്റി എന്താ ആരുമൊന്നും മിണ്ടാത്തേ..അത്രക്കും മോശാണോ..:(

  ReplyDelete
 7. Haree,

  We should appreciate Sathyan Anthikadu and Joshi, who are the only directors among the veterans of Malayalam Cinema (like Sibi, Fazil, I.V. Sasi, Priyan etc.), delivering hit films even in the present days. The strange thing is that even our new so called directors cannot compete with them and the directors of other language of their age, are out from the industry. They are so updated and making fresh movies.

  ReplyDelete
 8. നല്ല രീതിയിലൂടെ (തരം തിരിച്ച്) ഉള്ള വിശകലനത്തിന് നന്ദി ഹരീ ജീ..ഈ ഭാവമാറ്റം ശ്രദ്ധേയം..!

  ReplyDelete
 9. അപ്പോള്‍ ഈ പടം കാണാം. റേറ്റിങ്‌ സംവിധാനം മുന്‍കാല പ്രാബല്യത്തോടെയാണോ? അങ്ങനെയാണെങ്കില്‍ ജാക്കിയച്ചാന്‍ കുഴയും, അതോണ്ട്‌ ചോദിച്ചതാണെ....

  ReplyDelete
 10. ബേര്‍ളിയുടെ ബ്ലോഗ് വായിച്ചിട്ടാണ് സിനിമകാണാന്‍ പോയത്. ചിത്രവിശേഷത്തില്‍ ഹരി പറയുന്നത് പോലെ ഈ വര്‍ഷം ഇറങ്ങിയ സിനിമകളില്‍ കണ്ടിരിക്കേണ്ടത് തന്നെയാണ് ഭാഗ്യദേവത. ആദ്യപകുതിയില്‍ ചിലയിടത്ത് ഇഴച്ചില്‍ അനുഭവപ്പെടുന്നുണ്ടങ്കിലും രണ്ടാം പകുതിയില്‍ ആ കുറവ് മാറി. നായികാ പ്രാധാന്യമുള്ള ഈ ചിത്രം കനികയ്‌ക്ക് ഒരു മുതല്‍ക്കൂട്ടാകും എന്നതില്‍ രണ്ടഭിപ്രായമുണ്ടാകാനിടയില്ല. സ്ത്രീധനം എന്ന പ്രശ്‌നത്തെ വലിയ വാഗ്വാദങ്ങളോ കോലാഹലങ്ങളോ ഇല്ലാതെയാണ് കഥയുടെ മുഖ്യപ്രമേയമാക്കിയെടുത്തത് എന്നതില്‍ സത്യന്‍ അന്തിക്കാട് വിജയിച്ചിരിക്കുന്നത്. കൊല്ലം ഗ്രാന്‍ഡ് തീയേറ്ററിലാണ് ഞാന്‍ ഈ സിനിമ കാണാന്‍ പോയത് സാമാന്യം നല്ല തിരക്കുമുണ്ടായിരുന്നു, കുടുംബപേക്ഷകരായിരുന്നു അധികവും.

  കനികയുടെ അച്ഛനായി അഭിനയിച്ച വേണു നാഗവള്ളി ആരോഗ്യകരമായി പ്രശ്‌നങ്ങള്‍ യഥാര്‍ഥജീവിതത്തില്‍ അനുഭവിക്കുന്നത് പോലെ തോന്നി.

  ReplyDelete
 11. noufal..
  ഹരി,
  ഞാന്‍ ഈ ബ്ലോഗിലെ സ്ഥിരം വായനക്കാരനാണ്. എനിക്കിഷ്ടപ്പെട്ട ബ്ലോഗാണിത്. അഭിനന്ദനങ്ങള്‍. പിന്നെ സത്യന്റെ പുതിയ സിനിമയെകുരിച്ച്, സത്യന്‍ സ്വയം തിരകഥ എഴുതി പടമെടുക്കാന്‍ തുടങ്ങിയതുമുതല്‍ സത്യന്‍ സിനിമകളുടെ ഗ്രാഫ് താഴെകായിരുന്നു. എന്നാല്‍ പോലും രസതന്ത്രം പോലുള സിനിമകള്‍ ഗുരുവായുരോക്കെ പ്രേക്ഷകരില്ലതെ എത്ര ദിവസമാണ്‌ തിയെടരുകാര്‍ ഓടിച്ചത്. ഭാര്യ വീടഇലെക്കുള്ള യാത്ര ഗുരുവായു‌ര്‍ ബാലക്രിഷണ തിയേടറിനു , മുന്നിലുടെയണെ ,
  സത്യന്‍ വിണ്ടും പഴയ നിലവരതിലെക്കുയരുന്നത് കാണുമ്പൊള്‍ സന്തോഷം, കാരണം ഇന്നും കുടുംബമൊന്നിച്ച് മാന്യമായി കാണാവുന്നത് സത്യന്റെ സിനിമകള്‍ മാത്രമാണ്. മാത്രമല്ല കുടുംബ പ്ക്ഷകര്ക് ഇന്നും മിനിമം ഗ്യാരണ്ടിയുള്ള സംവിധായകനും സത്യന്‍ മാത്രമാണ്. അന്തിക്കടിന്ടുതുള്ള ഗുരുവായൂരില്‍ നിന്നും നൌഫല്‍..

  ReplyDelete
 12. "പക്ഷെ ആ കൂവലുകള്‍ അഭിനേതാവിനല്ല, സിനിമയ്ക്കുമല്ല; മറിച്ച് ആ കഥാപാത്രത്തിനുള്ളതാണ്."
  ഇത് ഇത്തിരി ഓവര്‍ ആയില്ലേ ഹരീ ;-)

  ReplyDelete
 13. കുറേ കാലത്തിനു ശേഷം ഇവിടെ റിവ്യൂവിനിട്ട മാര്‍ക്ക് കാണും മുന്‍പേ പടം കണ്ടു. സത്യന്‍ ഇത്തവണ മോശമാക്കീട്ടില്ല, ആറിനും ഏഴിനുമിടയില്‍ കൊടുക്കാമെന്ന് മനസ്സിലോര്‍ക്കേ ചെയ്തു. ഇവിടെ ആറേകാല്‍ കണ്ടപ്പോള്‍ രസം ;)

  ത്രെഡ്ഡ് മനോരമാ ആഴചപതിപ്പിലൊക്കെ വന്നിരുന്ന, പണ്ട് ‘ഭാര്യ’,‘സ്ത്രീധനം’ എന്നൊക്കെയുള്ള പേരില്‍ സിനിമയായി വന്നതു തന്നെ. ഇന്റര്‍വെല്ലാകുമ്പോള്‍ ഒരു കിടിലം സര്‍പ്രൈസ് വച്ച് പൊട്ടിച്ചിരിപ്പിച്ചിട്ട് അതിന്റെ ഫുള്‍ സ്കോപ്പ് ഉപയോഗപ്പെടുത്താതെ കുറേ ഇട്ടിഴച്ചുകളഞ്ഞു. നരേന്റെ കഥാപാത്രവും അവസാന പാട്ടുമൊക്കെ ഒഴിവാക്കിയിരുന്നെങ്കില് 'മനസ്സിനക്കരെ'യുടെ ഒരു മുറുക്കം കിട്ടിയിരുന്നേനേന്ന് തോന്നി.

  പടത്തെക്കുറിച്ചുള്ള ഏറ്റവും വലിയ ആശ്വാസം - സര്‍വ്വഗുണസ്നേഹസമ്പന്നസകലകലാവല്ലഭമണകുണാഞ്ച നായകന്മാരില്‍ നിന്നുള്ള വ്യതിയാനം.

  ReplyDelete
 14. hoi hoi hoi...santhoshamaayi gopiyetta..

  ReplyDelete
 15. @ Balu..,..ബാലു,
  നന്ദി. തിരുത്ത് വരുത്തിയിട്ടുണ്ട്.

  @ ഇട്ടിമാളു,
  :-) ബനാറസ് എല്ലായിടത്തും റിലീസ് ചെയ്യാത്തതിനാല്‍ വൈകിയാണ് കാണുവാന്‍ സാധിച്ചത്. അപ്പോള്‍ പിന്നെ ഇവിടെയെഴുതുവാനുള്ള ഉത്സാഹം പോയി!

  @ cALviN::കാല്‍‌വിന്‍, വാഴക്കോടന്‍ ‍// vazhakodan, കുഞ്ഞന്‍, ശ്രീ
  നന്ദി. :-)

  @ Rare Rose,
  നന്ദി. അത്രയ്ക്കും മോശമാണെന്നു പറയുവാന്‍ കഴിയില്ല. ബോറടിയോടെ കണ്ടിരിക്കാം. :-)

  @ Dreamer,
  That's true about Sathyan Anthikadu, but not sure about Joshi. May be Kamal is another director of that kind.

  @ പിള്ളാച്ചന്‍,
  :-) എല്ലാം പോയി മാറ്റുക മിനക്കെട്ട പണിയല്ലേ. അതുകൊണ്ട് തത്കാലം ഇവിടുന്ന് തുടങ്ങാം.

  @ വി.കെ ആദര്‍ശ്,
  ഹും... ടിക്കറ്റൊക്കെ ഈസിയായി കിട്ടുമെന്നായിരുന്നു എന്റെയും ധാരണ. പക്ഷെ ആവശ്യത്തിനു തിരക്കുണ്ടായിരുന്നു. പതിയെ പതിയെ കൂടുതല്‍ പേര്‍ തിയേറ്ററിലെത്തുമെന്നു കരുതാം.
  “...വേണു നാഗവള്ളി ആരോഗ്യകരമായി പ്രശ്‌നങ്ങള്‍ യഥാര്‍ഥജീവിതത്തില്‍ അനുഭവിക്കുന്നത് പോലെ...” - ഇതെന്തുവാ! പുള്ളിയുടെ ആരോഗ്യത്തിനു കുഴപ്പമുണ്ടെന്നാണോ? അതോ അഭിനയം നന്നായെന്നോ?

  @ noufal76,
  നന്ദി. :-)
  പഴയ നിലവാരത്തിലേക്ക് ഉയര്‍ന്നോ എന്നറിയില്ല. സത്യന്റെ തന്നെ മുന്‍‌ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഗ്രാഫ് താഴേക്കാണെങ്കിലും, സമകാലീന മലയാളസിനിമകളുമായി തട്ടിച്ചു നോക്കിയാല്‍ ചിത്രങ്ങള്‍ അത്ര തറയായില്ല എന്നു തന്നെ പറയണം. എന്തായാലും ഗുരുവായൂരില്‍ ‘ഭാഗ്യദേവത’ നന്നായി ഓടുമായിരിക്കും.

  @ Babu Kalyanam | ബാബു കല്യാണം,
  :-) ഉണ്ടാക്കി എഴുതിയതല്ല മാഷേ, തിയേറ്ററില്‍ കണ്ട ഒരു കാര്യം പറഞ്ഞുവെന്നുമാത്രം. സത്യം!

  @ suraj::സൂരജ്,
  :-) ഏറ്റവും വലിയ ആശ്വാസം തന്നെയാണ് എന്റെയും ആശ്വാസം. ബട്ട്, ആ നായികയിവനെയങ്ങ് ഡൈവോഴ്സ് ചെയ്യുകയും ആ ബാങ്ക് മാനേജരെ കെട്ടുകയും കൂടി ചെയ്തിരുന്നെങ്കിലെന്നു ചിന്തിച്ചു പോയി. കൂട്ടത്തില്‍ സഹോദരിയുടെ വിവാഹത്തിനു സഹായിക്കുകയും വേണം, അവരോടുള്ള സ്നേഹത്തിന്റെ പുറത്ത്. ഹോ! അങ്ങിനെ കൂടിയായിരുന്നെങ്കില്‍ ഉഗ്രനായേനേ, അല്ലേ?

  @ Eccentric,
  ഹ ഹ ഹ... :-)
  --

  ReplyDelete
 16. ബനാറസ് കണ്ടല്ലേ?? അപ്പോൾ തീർച്ചയായും റിവ്യൂ എഴുതണം. അതോ - ഏതായാലും സിനിമ കണ്ട് സമയം പോയി, ഇനി റിവ്യൂ എഴുതി വീണ്ടും സമയം കളയണോ - എന്ന ചിന്തയാണോ??

  ReplyDelete
 17. Haree,

  According to the latest career graph, i think Jopshi is ahead of Kamal.

  ReplyDelete
 18. first half was better. Second half il sathyan anthikkadainte sthiram script paalichakalokke anubhavicharinju.

  ReplyDelete
 19. 1.സത്യത്തില്‍ ഇത് സ്ത്രീധനത്തെ പ്രോത്സാഹിപ്പിക്കുന്ന സിനിമയല്ലേ ഹരീ.സ്ത്രീധനം എന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കേണ്ടിവരികയല്ലേ ഇതിലെ ക്ലൈമാക്സില്‍?

  2.പൊളിഞ്ഞുപാളീസായി നില്‍ക്കുന്ന ഒരു നായകനേ ഇന്ന് മലയാളത്തില്‍ ഈ സിനിമ ചെയ്യാന്‍ പറ്റൂ.ദിലീപായാല്‍ പോലും നെഗറ്റീവായ,ഹീറോയിസം കാണിക്കാത്ത ഒരു നായകനെ ഉള്‍ക്കൊള്ളില്ല.

  3.മൂന്നുവരിയില്‍ പറയാവുന്ന പുതുമയില്ലാത്ത ഒരു കഥ കണ്ടിരിക്കാന്‍ കൊള്ളാവുന്ന ഒരു സിനിമയാക്കിയതിന് സത്യന്‍ അന്തിക്കാടിന് കൈ കൊടുക്കാം.

  ReplyDelete
 20. ഞാനും പടം കണ്ടു, അഭിപ്രായം സിനിമാക്കാഴ്ചയില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. പടം തരക്കേടില്ല എന്നേ എനിക്ക് തോന്നിയുള്ളൂ...ചേമ്പില്‍ അശോകനെ എനിക്കും പിടിച്ചു, ഒരു അച്ചന്‍‌കുഞ്ഞ് ലുക്ക് ഉണ്ട്. പക്ഷെ റിവ്യൂവില്‍ അത് വിട്ട് പോയി..

  ഹരിയുടെ റിവ്യൂ പതിവു പോലെ നന്നായിട്ടുണ്ട്.

  സസ്നേഹം
  ദൃശ്യന്‍

  ReplyDelete
 21. @ Balu..,..ബാലു,
  അങ്ങിനെയില്ല. വൈകിയതുകൊണ്ട് എഴുതുവാന്‍ തോന്നിയില്ലെന്നു മാത്രം. (റിലീസ് ചെയ്ത് രണ്ടാഴ്ച കഴിഞ്ഞാണ് കാണുവാനൊത്തത്.)

  @ Dreamer,
  Ok. I feel Kamal made better films recently, even though Joshi's films were more popular.

  @ Eccentric,
  :-) രണ്ടാം പാതി വിശേഷിച്ചൊന്നും ചിത്രത്തില്‍ സംഭവിക്കുന്നില്ല, ഒക്കെ പതിവിന്‍പടി തന്നെ.

  @ tk sujith,
  1. അതൊരു യാഥാര്‍ത്ഥ്യമല്ല എന്നുണ്ടോ? (ഇന്നലെ കേട്ടത്: തിരു.പുരത്ത് ഒരു നായര്‍ പെണ്ണിനെ വിവാഹം കഴിച്ചയയ്ക്കുവാന്‍ ഒരു വീട്, കാറ്‌, പൊന്ന്, പണം ഇത്രയും വേണമത്രേ!) പിന്നെ നായകന്റെ അവസ്ഥ കണ്ട് കുറച്ചുപേരെങ്കിലും തിരിച്ചു ചിന്തിച്ചാല്‍ അത്രയുമായി.
  2. നെഗറ്റീവായ ഹീറോയിസം കാണിക്കുന്ന നായകന്‍ ഓ.കെ. അല്ലേ? :-)
  3. ഡെയ്സിയൊന്ന് ബെന്നിയെ പിരിഞ്ഞിരുന്നെങ്കില്‍ രണ്ടു കൈകൊണ്ടും കൈ കൊടുക്കാരുന്നു. :-)

  @ നിഷ്കളങ്കന്‍,
  നന്ദി. :-)

  @ ദൃശ്യന്‍ | Drishyan,
  നന്ദി. :-) ഞാന്‍ കണ്ടിരുന്നു. 90-കളുടെ നിഴല്‍ക്കാഴ്ച എന്ന തലക്കെട്ടിന് മടുപ്പിക്കുന്ന ഒരു ഇഫക്ട്!
  --

  ReplyDelete
 22. വിലയിരുത്തലുകള്‍ നന്നായിട്ടുണ്ട്..
  ഇവിടെ റിലീസ് ആയിട്ടില്ല... :)

  ReplyDelete
 23. ഹരി...
  ഇന്നാണ് ആദ്യമായി ഈ ബ്ലോഗ്‌ കാണുന്നത്. നെറ്റില്‍ ഒരുപാടു അലയാത്തത് കൊണ്ടായിരിക്കും. എന്തായാലും ഇനി മുടങ്ങില്ല. സിനിമയാണ് ഇഷ്ട വിഷയം. അത് കൊണ്ട് തന്നെ ഇത് മുടക്കാന്‍ പറ്റില്ല.
  കുവൈറ്റില്‍ ഈ സിനിമ ഇറങ്ങാന്‍ വേണ്ടി കാത്തിരിക്കുന്നു.
  മറ്റുള്ളവര്‍ എഴുതി എന്നുള്ളത് കൊണ്ട് ബനാറസ്‌ എഴുതാതിരുന്നത് ശരിയായില്ല കേട്ടോ.
  പിന്നെ...ഒരു അപേക്ഷ ഉണ്ട്. നല്ല മ്യൂസിക്‌ ആല്‍ബം ഒക്കെ റിവ്യൂ ചെയ്തത് കൂടെ. ?
  മൌനം പ്രണയം..എന്നൊരു മ്യൂസിക്‌ ആല്‍ബം റിലീസ് ആയിട്ടുണ്ട്‌. സാധിക്കുമെങ്കില്‍ ഒരു കോപ്പി സംഘടിപ്പിച്ചു കേള്‍ക്കു. എന്നിട്ട് സത്യസന്ധമായ ഒരു റിവ്യൂ എഴുതു...
  ഷൈനി ജോകൊസ്‌
  കുവൈറ്റ്‌

  ReplyDelete