പരോള്‍ - ടെലിഫിലിം (Parole - Telefilm)

Published on: 1/08/2009 10:31:00 PM
Parole - A Telefilm by Sanal Sasidharan.
മലയാളം ബ്ലോഗിടത്തില്‍ നിന്നുമൊരു ചലച്ചിത്രം, ‘പരോള്‍’ എന്ന ടെലിഫിലിമിനെ വേറിട്ടു നിര്‍ത്തുന്നത് ഈ വിശേഷണമാണ്. മലയാളം ബ്ലോഗിംഗില്‍ സജീവമായുള്ള സനല്‍ ശശിധരനാണ് (സനാതനന്‍‍) ഈ ടെലിഫിലിം സംവിധാനം ചെയ്തിരിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത് മറ്റൊരു ബ്ലോഗറായ കെ.വി. മണികണ്ഠന്‍ (സങ്കുചിതന്‍‍). ദിലീപ് എസ്. നായരാണ്, കാഴ്ച ചലച്ചിത്രവേദിക്കുവേണ്ടി ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ കണ്ണനെ അവതരിപ്പിച്ചിരിക്കുന്നത് പുതുമുഖമായ മാസ്റ്റര്‍ ആദിത്യ. കരമന സുധീര്‍, സന്ധ്യ രമേഷ്, വിജയന്‍ ചാത്തന്നൂര്‍ തുടങ്ങിയവര്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. പ്രവാസലോകത്തില്‍ ബാല്യകാലം നഷ്ടമായിപ്പോവുന്ന കുട്ടികളുടെ കഥയാണ് ‘പരോള്‍’.

 കഥയും, കഥാപാത്രങ്ങളും [ 4/10 ]

ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന കഥ ചലച്ചിത്രരൂപത്തിലേക്ക് വന്നപ്പോള്‍ ഘടനയില്‍ ചില്ലറ മാറ്റങ്ങള്‍ കാണാം. പ്രവാസജീവിതത്തില്‍ കണ്ണന്‍(ആദിത്യ) അനുഭവിക്കുന്ന വീര്‍പ്പുമുട്ടലുകള്‍ ഒരുപരിധിവരെ വെളിവാക്കുവാന്‍ തിരക്കഥയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഒപ്പം, സാഹചര്യങ്ങളുടെ സമ്മര്‍ദത്താല്‍ പ്രവാസജീവിതം തുടരേണ്ടിവരുന്ന കണ്ണന്റെ അച്ഛന്റെയും(കരമന സുധീര്‍), അമ്മയുടേയും(സന്ധ്യ രമേഷ്) നിവൃത്തികേടും ചിത്രം തുറന്നു കാട്ടുന്നു. ബ്ലോഗിലെ കഥ പൂര്‍ണ്ണമായും കണ്ണന്റെ വശത്തുകൂടി മാത്രമാണ് സഞ്ചരിക്കുന്നതെങ്കില്‍, ചിത്രമിടയ്ക്ക് കണ്ണന്റെ അച്ഛനിലൂടെയും, അമ്മയിലൂടെയുമാണ് മുന്നോട്ടു പോവുന്നത്. കഥ വായിച്ചൊരാള്‍ എത്തിപ്പെടുന്ന ഇടങ്ങളിലേക്കാവില്ല, ചിത്രം കാണുന്നയൊരാള്‍ എത്തിച്ചേരുക. കണ്ണന്റെ അബുദാബി ജീവിതം വാക്കുകളിലൂടെയല്ലാതെ, ചില ഷോട്ടുകളില്‍ ചിത്രീകരിക്കാമായിരുന്നു. ചലച്ചിത്രത്തിന്റെ ദൃശ്യസാധ്യതകള്‍ തിരക്കഥയില്‍ വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്തുവാന്‍ കഴിഞ്ഞിട്ടില്ല എന്നത് ഒരു പോരായ്മയായി.

 സംവിധാനം [ 5/10 ]

കണ്ണനായെത്തിയ ആദിത്യയെ നല്ല രീതിയില്‍ ഉപയോഗിച്ചു എന്നതിനാണ് സംവിധായകന്‍ പ്രശംസയര്‍ഹിക്കുന്നത്. കഥയിലില്ലാത്ത ചില ഷോട്ടുകളിലൂടെ കണ്ണന്റെ നാടിനോടുള്ള പ്രിയം വ്യക്തമാക്കുവാനും സംവിധായകനായി. താന്‍ നട്ടുവളര്‍ത്തുന്ന വാഴയോടുള്ള സ്വകാര്യമാവട്ടെ, മുത്തച്ഛനോടുള്ള സംസാരമാവട്ടെ, ക്ലാസില്‍ ഒന്നാമതെത്തിയത് മുത്തശ്ശിയോട് ദൂരെനിന്നു തന്നെ വിളിച്ചു പറയുന്നതാവട്ടെ; കണ്ണന്റെ സംഭാഷണങ്ങളെല്ലാം ഒരേ രീതിയിലാണ്. ചെവിപൊട്ടന്മാരോടെന്ന രീതിയില്‍, ചിത്രത്തിലുടനീളമുള്ള കണ്ണന്റെ ഉച്ചത്തിലുള്ള സംഭാഷണങ്ങള്‍ അരോചകമായി തോന്നി. സംവിധായകന്‍ ഇത് ശ്രദ്ധിക്കാതെപോയത് എന്തുകൊണ്ടെന്ന് മനസിലാവുന്നില്ല. വിഷ്ണുവിനും(അഭിജിത്ത്), അമ്മുവിനും(കല്യാണി) അര്‍ഹിക്കുന്ന പ്രാധാന്യം ചിത്രത്തില്‍ കൊണ്ടുവരുവാനും സനലിന് കഴിഞ്ഞിട്ടില്ല.

 അഭിനയം [ 6/10 ]

കണ്ണനായുള്ള ആദിത്യയുടെ അഭിനയം തന്നെയാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത. അമിതാഭിനയമില്ലാതെ, സ്വാഭാവികമായി കണ്ണനെ അവതരിപ്പിക്കുവാന്‍ ആദിത്യയ്ക്കു സാധിച്ചു. കൌതുകമുണര്‍ത്തുന്ന ആദിത്യയുടെ മുഖഭാവങ്ങളും പ്രേക്ഷകരെ കണ്ണനോട് അടുപ്പിക്കും. കരമന സുധീര്‍, സന്ധ്യ രമേഷ് എന്നിവരുടെ അഭിനയം ശരാശരി നിലവാരം പുലര്‍ത്തി. മാണിക്യനായുള്ള വിപ്ലവം ബാലന്റെ അഭിനയത്തിനു സ്വാഭാവികത അനുഭവപ്പെട്ടില്ല. വിജയന്‍ ചാത്തന്നൂര്‍, വത്സല ബാലഗോപാല്‍, സിജി, അഭിജിത്ത്, കല്യാണി തുടങ്ങിയവര്‍ക്ക് കാര്യമായൊന്നും ചിത്രത്തില്‍ ചെയ്യുവാനില്ല.

 സാങ്കേതികം [ 3/10 ]

മറ്റൊരു ബ്ലോഗറായ റെജി പ്രസാദാണ് ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ആവശ്യത്തിന് വെളിച്ചം ദൃശ്യങ്ങള്‍ക്കു നല്‍കുന്നതില്‍ ഛായാഗ്രാഹകന്‍ ശ്രദ്ധിച്ചു കണ്ടില്ല. (പ്രൊജക്ടറിലൂടെയാണ് ചിത്രം സ്ക്രീന്‍ ചെയ്തിരുന്നത്. ഒരുപക്ഷെ, ശക്തികുറഞ്ഞ പ്രൊജക്ടര്‍ ലൈറ്റുമാവാം ദൃശ്യങ്ങള്‍ മങ്ങുവാന്‍ കാരണം.) അജിത് കുമാറിന്റെ ചിത്രസംയോജനം, പ്രവീണ്‍ കൃഷ്ണന്റെ പാശ്ചാത്തലസംഗീതം, ഡിസ്നി വേണുവിന്റെ കലാസംവിധാനം എന്നിവയൊക്കെയും ശരാശരി നിലവാരം പുലര്‍ത്തി.

 ആകെത്തുക [ 4.5/10 ]

ഇത്തരമൊരു ചിത്രം നിര്‍മ്മിച്ച് പുറത്തിറക്കുന്നതിലെ പ്രായോഗികബുദ്ധിമുട്ടുകള്‍ കണക്കിലെടുക്കുമ്പോള്‍, ഇവിടെ ചൂണ്ടിക്കാണിച്ച പോരായ്മകള്‍ പലതിനും കാര്യമായ പ്രസക്തിയില്ല. ഒടുവില്‍ ചിത്രം കഴിയുമ്പോള്‍, കണ്ണന്റെ നൊമ്പരം പ്രേക്ഷകനിലെത്തിക്കുവാന്‍ സംവിധായകനും, തിരക്കഥാകൃത്തിനും കഴിഞ്ഞിട്ടുണ്ട് എന്നതാണ് പ്രധാനം. പ്രവാസലോകത്തില്‍ തന്നെയാവണമെന്നില്ല, നാട്ടില്‍ തന്നെ പ്രമുഖ നഗരങ്ങളിലെ കുട്ടികള്‍ക്ക് നഷ്ടമാവുന്നതെന്തെന്ന് ഈ ചിത്രം കാട്ടിത്തരുന്നു. കഴിഞ്ഞ തലമുറയിലുള്ളവര്‍ക്ക്, തങ്ങളുടെ കുട്ടിക്കാലം അയവിറക്കുവാനുള്ള ഒരവസരവുമാണ് ഈ ചിത്രം. കൂടുതല്‍ മികച്ച സംരംഭങ്ങളും, കൂടുതല്‍ മികച്ച ചലച്ചിത്രങ്ങളും ബ്ലോഗ് കൂട്ടായ്മകളിലൂടെ പിറവിയെടുക്കുവാന്‍ ‘പരോളൊ’രു പ്രചോദനമാവുമെന്നു തന്നെ കരുതാം. സനാതനനും, സങ്കുചിതനും; ഈ ചിത്രം സാക്ഷാത്കരിക്കുവാനായി പ്രയത്നിച്ച മറ്റുള്ളവര്‍ക്കും അഭിനന്ദനങ്ങള്‍.

Description: Parole - A Telefilm Directed by Sanal Sasidharan aka Sanathanan. Story, Screenplay and Dialogues by K.V. Manikantan aka Sankuchithan. Camera by Reji Prasaad, Editing by Ajith Kumar, Music by Praveen Krishnan. Film Produced by Dilip S. Nair for Kazhcha Film Forum. Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. January 07 2009 Release.
--

5 comments :

 1. മലയാളം ബ്ലോഗിടത്തില്‍ നിന്നുമുള്ള പ്രഥമ ചലച്ചിത്ര സംരംഭമായ ‘പരോളി’ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  2008-ലെ മികച്ച മലയാള ചലച്ചിത്രം? - വോട്ടു ചെയ്യാന്‍ മറക്കല്ലേ... :-)
  --

  ReplyDelete
 2. ഹരി വളരെ നന്ദി. ബൂലോഗ കുടുംബത്തിലെ ആദ്യസിനിമ 'പരോള്‍' പുറത്തിറങ്ങിയ ഉടനെ വിശദമായ അവലോകനം ചെയതല്ലോ. എന്തൊക്കെ കുറവുകളും പോരായ്മകളും (അത്രയധികം ഇല്ലെന്ന് ഹരിയുടെ പോസ്റ്റില്‍ നിന്നറിയാം) ഈ ഉദ്യമത്തെ പ്രശംസിക്കാതെ വയ്യ.

  പരോള്‍ പ്രവാസികളുടെ ഇടയിലും പ്രദര്‍ശിപ്പിക്കുമെന്ന് ആശിക്കുന്നു.

  ReplyDelete
 3. ഹരീ, അവലോകനത്തിന് നന്ദി.
  പല സിനിമകളും കാണണം എന്ന് ആഗ്രഹിക്കുന്നത്‌, അല്ലെങ്കില്‍ കാണണം എന്ന ആഗ്രഹം മാറ്റി വയ്ക്കുന്നത് ഹരിയുടെ അവലോകനത്തിലൂടെയാണ്..

  ReplyDelete
 4. അഭിനന്ദനങ്ങള്‍ പരോളിന്റെ പിന്നണി പ്രവര്‍ത്തകര്‍ക്കും ചിത്രവിശേഷം ഹരീയ്ക്കും

  ReplyDelete