ഡിസംബര്‍ 12, 2008: കേരളത്തിന്റെ പതിമൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കമായി. നിശാഗന്ധിയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ സാംസ്കാരിക വകുപ്പു മന്ത്രി എം.എ. ബേബി അധ്യക്ഷനായിരുന്നു. കെ.ആര്. വിജയ, റഷ്യന്‍ ചലച്ചിത്രകാരന്
കരെന്‍ ഷഖ്നസറോവ് തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായെത്തി. കുരുത്തോലകെട്ടി അലങ്കരിച്ചിരുന്ന വിളക്കു തെളിയിച്ച് മുഖ്യമന്ത്രി ശ്രീ. വി.എസ്. അച്ചുതാനന്ദന് മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. വനം വകുപ്പുമന്ത്രി ബിനോയ് വിശ്വം, മേയര്‍ സി. ജയന് ബാബു, വി. ശിവന്‍കുട്ടി എം.എല്‍.എ, സാംസ്കാരിക സെക്രട്ടറി ഡോ. വി.വേണു, ചലച്ചിത്ര അക്കാദമി ചെയര്മാന് കെ.ആര്.മോഹനന്, വൈസ് ചെയര്മാന് വി.കെ.ജോസഫ്, സെക്രട്ടറി ഡോ. കെ.എസ്.ശ്രീകുമാര്‍, ചലച്ചിത്രമേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാപോള്‍, സംവിധായകന് ഹരികുമാര്‍, ഡോ. ഫസല്‍ ഗഫൂര്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
മുംബൈയില്‍ ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടവര്‍ക്കും, ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യുമരിച്ച സേനാംഗങ്ങള്‍ക്കും ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ടാണ് ഉദ്ഘാടന ചടങ്ങ് ആരംഭിച്ചത്. ഉദ്ഘാടനത്തില്‍ സന്നിഹിതരായവരെല്ലാവരും മെഴുകുതിരി തെളിയിച്ച് പ്രണാമം അര്‍പ്പിച്ചപ്പോള്‍; കവി ഒ.എന്‍.വി. കുറുപ്പ് താന്‍ രചിച്ച ‘വീണപൂക്കളേ! ഭീകര വേട്ടയില്‍...’ എന്ന കാവ്യാഞ്ജലിയോടെ മേള മുംബൈയില്‍ തീവ്രവാദി ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്കായി സമര്‍പ്പിച്ചു.

 |
ഉദ്ഘാടന ചടങ്ങിനു ശേഷം ‘അനുഷ്ഠാനകലകളിലെ സ്ത്രീ’ എന്ന പേരില്‍ കേരള ഫോക്ലോര് അക്കാദമി അവതരിപ്പിച്ച സാംസ്കാരിക പരിപാടി അരങ്ങേറി. തോല്‍പ്പാവക്കൂത്തോടെയാണ് പരിപാടികള്‍ തുടങ്ങിയത്. ചലച്ചിത്രോത്സവത്തിന്റെ ലോഗോവായി സ്വീകരിച്ചിരിക്കുന്ന തോല്‍പ്പാവയുടെ രൂപം ലങ്കാലക്ഷ്മിയുടേതാണെന്ന് ആദ്യമായി ഇവിടെ കേട്ടു. ലങ്കാലക്ഷ്മിയും കേരളത്തിന്റെ ദൃശ്യശീലങ്ങളും തമ്മില്‍ എന്താണ് ബന്ധം എന്നു മനസിലായില്ല! തെയ്യവും, തിറയും, പടയണിക്കോലവും മറ്റും ഇടകലര്‍ത്തി വികൃതമാക്കിയ എന്തോ ഒന്നാണ് എല്ലാ വര്‍ഷവും ഉണ്ടാവാറുള്ളത്. ഇക്കൊല്ലവും സ്ഥിതി വ്യത്യസ്തമല്ല; എന്നുമാത്രമല്ല, ഉള്ളതു തന്നെ വൃത്തിയായി അവതരിക്കപ്പെട്ടുമില്ല. ഒപ്പന, മാര്‍ഗം കളി തുടങ്ങിയവയൊക്കെ സ്കൂള്‍ യുവജനോത്സവങ്ങളില്‍ സി-ഗ്രേഡ് നേടുന്നവയെപ്പോലും നാണിപ്പിക്കുന്ന രീതിയിലുള്ളവയായിരുന്നു. ഇത്തരം തല്ലിക്കൂട്ട് പരിപാടികള്‍ ചേര്‍ക്കുക വഴി സംഘാടകര്‍ ഈ കലകളേയും, കലാകാരന്മാരേയും, കാണുവാനെത്തിയ ഫെസ്റ്റിവല്‍ അംഗങ്ങളേയും ഒരുപോലെ അവഹേളിക്കുകയാണ്.
‘ലൈലയുടെ പിറന്നാള്‍’ (
Laila's Birthday [Eid milad Laila]) എന്ന പാലസ്തീനിയന്‍ ചിത്രമാണ് മേളയുടെ ഉദ്ഘാടനച്ചിത്രമായി പ്രദര്‍ശിക്കപ്പെട്ടത്. റഷീദ് മാഷറാവി എഴുതി, സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം അബു ലൈല എന്ന ടാക്സി ഡ്രൈവറുടെ കഥയാണ്. മറ്റൊരു സ്ഥലത്ത് പത്തുവര്‍ഷത്തോളം ജഡ്ജായി ജോലി നോക്കിയിരുന്നയാളാണ് അബു ലൈല. പിന്നീട് ഗവണ്മെന്റിന്റെ നിര്‍ദ്ദേശപ്രകാരം സ്വദേശത്ത് സേവനമനുഷ്ഠിക്കുവാനായി മടങ്ങിയെത്തി. എന്നാല്‍ അസ്ഥിരമായ ഭരണവ്യവസ്ഥയില്‍ അയാള്‍ക്ക് ജഡ്ജായി പുനഃപ്രവേശിക്കുവാന്‍ സാധിച്ചില്ല. വരുമാനത്തിനായി അയാള്‍ക്ക് ടാക്സി ഡ്രൈവറാവേണ്ടി വരുന്നു. ഏകമകള്‍ ലൈലയുടെ പിറന്നാള്‍ ദിനമാണ് സിനിമയുടെ പ്രതിപാദ്യം. ഒരു കേക്കും, സമ്മാനവുമായി നേരത്തേയെത്തണമെന്ന ഉദ്ദേശത്തിലാണ് അബു ജോലിക്കു പുറപ്പെടുന്നത്. എന്നാല്‍ സാധാരണപോലെ അന്നും അയാളുടെ ദിവസം അത്ര ശുഭകരമായിരുന്നില്ല.
അബു ലൈല എന്ന ടാക്സി ഡ്രൈവര്‍ അഭിമുഖീകരിക്കുന്ന വിവിധ സന്ദര്‍ഭങ്ങളിലൂടെ പാലസ്തീനിലെ സാധാരണക്കാരുടെ ജീവിതം പ്രേക്ഷകര്‍ക്കു മുന്നില്‍ തുറന്നു കാട്ടുകയാണ് സംവിധായകന്. നിയമത്തെ കര്‍ശനമായി പിന്തുടരണം എന്ന നിര്‍ബന്ധബുദ്ധിയുള്ള ഒരാളായാണ് അബുവിനെ സൃഷ്ടിച്ചിരിക്കുന്നത്. ഇതുമൂലമുണ്ടാകുന്ന ചില തമാശകളും ചിത്രത്തിനു ജീവന് നല്കുന്നു. കാറില്‍ യാത്ര ചെയ്യുവാനെത്തുന്ന ഒരാള്‍ക്ക് മിനിസ്ട്രി ഓഫ് ജസ്റ്റിസ് എന്നൊരു സംവിധാനം രാജ്യത്ത് ഉണ്ടെന്നറിയുന്നത് തന്നെ ഒരു അത്ഭുതമായിരുന്നു. തോക്കുമായി തന്റെ കാറില്‍ യാത്രക്കാരെ പ്രവേശിപ്പിക്കില്ലെന്ന് പറയുന്ന അബുവിനോട് യാത്രക്കാരന്റെ ചോദ്യം; “ജനങ്ങളില്‍ പകുതിപ്പേര്‍ തോക്കുമായി സഞ്ചരിക്കുന്നു, മറ്റു പകുതിക്കാവട്ടെ ടാക്സി പിടിക്കുവാനുള്ള പണവുമില്ല, താങ്കളെങ്ങിനെ ടാക്സിയോടിച്ച് ജീവിക്കുന്നു?” എന്നാണ്. രാഷ്ട്രീയ അന്തരീക്ഷം ഒഴിച്ചു നിര്‍ത്തിയാല്‍, ചിത്രത്തിലെ പലതും ഇവിടെയും സ്ഥിരം നടക്കുന്നതു തന്നെയല്ലേ എന്നു തോന്നും. ഒരുപക്ഷെ, പ്രേക്ഷകരോട് വളരെ നന്നായി ചിത്രത്തിന് സംവേദിക്കുവാന്‍ കഴിഞ്ഞതിന്റെ കാര്യവും ഇതു തന്നെയാവും.
Description: International Film Festival of Kerala 2008, 13th IFFK; Opening (Inaugural) Ceremony at Nisagandhi Auditorium, Thiruvananthapuram (Trivandrum), Keralam (Kerala). Chief Minister V.S. Achuthanandan inaugurated the festival by lighting the ceremonial lamp. Opening Film: Palastinian Film Laila's Birthday (Eid milad Laila), Dir: Rashid Masharawi. A report by Hareesh N. Nampootihri aka Haree | ഹരീ for Chithravishesham (Chitravishesham) blog.
കേരളത്തിന്റെ പതിമൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം, ഉദ്ഘാടന വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeleteഎല്ലാത്തിനും subtitle ഒക്കെ ഉണ്ടാകും അല്ലെ മാഷേ. അല്ല, അല്ലാതെ ഈ പാലസ്ഥിന്യന് പടം ഒക്കെ എങ്ങനെ മനസ്സില്‍ ആവും എന്ന് വിചാരിച്ചു പോയി ;). ഞാന്‍ ഇതു വരെ ഈ ചലച്ചിത്രോല്‍സവം എന്ന കലാ പരിപാടി കണ്ടിട്ടില്ല.. പിന്നെ പണ്ടു കോളേജില്‍ ഒക്കെ കണ്ടിടുള്ള ചലച്ചിത്രോല്‍സവത്തില്‍ സ്പടികവും കമ്മിഷനറും കിങ്ങും പോലെ ഉള്ള അടിപൊളി പടങ്ങള്‍ ഒക്കെ ആയിരുന്നു കാണിചിരുന്നെ :D
ReplyDelete@ തോമാച്ചന്™||thomachan™,
ReplyDelete:-) പിന്നല്ലാതെ! ഒരിക്കല്‍ കാണുവാന്‍ ശ്രമിക്കൂ, സിനിമകള്‍ ഇഷ്ടമാണെങ്കില്‍ ഉത്സവങ്ങളും ഇഷ്ടമാവാനാണ് സാധ്യത. അത്തരം തട്ടുപൊളിപ്പന്‍ ചിത്രങ്ങള്‍ പ്രതീക്ഷിക്കുകയും വേണ്ട, കേട്ടോ...
--
:)
ReplyDelete