അന്താരാഷ്ട്ര ചലച്ചിത്രോത്സവം, കേരളം'08 - സമാപനം

Published on: 12/21/2008 03:02:00 AM
13th International Film Festival of Kerala (IFFK 2008) - Closing Ceremony
ഡിസംബര്‍ 19, 2008: എട്ടുനാള്‍ നീണ്ടുനിന്ന കേരളത്തിന്റെ പതിമൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് നിശാഗന്ധിയില്‍ സമാപനമായി. എന്‍‌റിക് റീവേറോ സംവിധാനം ചെയ്ത മെക്സിക്കന്‍ ചിത്രം, ‘പാര്‍ക്ക് വിയ’ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം പുരസ്കാരത്തിന് അര്‍ഹമായി. ശ്രീലങ്കന്‍ ചിത്രമായ ‘മച്ചാനാ‍’ണ് മികച്ച ചിത്രമായി പ്രേക്ഷകര്‍ തിരഞ്ഞെടുത്തത്. ഉബേര്‍ട്ടോ പസോളിനിയാണ് ചിത്രത്തിന്റെ സംവിധായകന്‍.‘പോസ്റ്റ്കാര്‍ഡ്സ് ഫ്രം ലെനിന്‍‌ഗ്രാഡ്’, ‘മൈ മെര്‍ലോണ്‍ ആന്‍ഡ് ബ്രാന്‍ഡോ’ എന്നീ ചിത്രങ്ങള്‍; യഥാക്രമം മികച്ച ചിത്രത്തിനുള്ള ഫിപ്രസി അവാര്‍ഡ്, ഏഷ്യയില്‍ നിന്നുള്ള മികച്ച ചിത്രത്തിനുള്ള നെറ്റ്പാക്ക് അവാര്‍ഡ് എന്നിവ കരസ്തമാക്കി.

 അവാര്‍ഡുകള്‍

കേരളത്തിന്റെ പതിമൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ വിതരണം ചെയ്ത അവാര്‍ഡുകളുടെ പൂര്‍ണ്ണ വിവരങ്ങള്‍:
 • സുവര്‍ണ ചകോരം (മികച്ച ചിത്രം) - ‘പാര്‍ക്ക് വിയ’ (എന്‍‌റിക് റിവേറോ, മെക്സിക്കോ)
 • രജത ചകോരം (മികച്ച സംവിധാനം) - മരിയാന റോണ്‍‌ഡന്‍ (‘പോസ്റ്റ്കാര്‍ഡ്സ് ഫ്രം ലെനിന്‍‌ഗ്രാഡ്’, വെനിസ്വേല)
 • രജത ചകോരം (മികച്ച നവാഗത സംവിധാനം) - ഹുസൈന്‍ കറാബെ (‘മൈ മെര്‍ലോണ്‍ ആന്‍ഡ് ബ്രാന്‍ഡോ’, തുര്‍ക്കി)
 • രജത ചകോരം (പ്രേക്ഷകര്‍ തിരഞ്ഞെടുത്ത മികച്ച ചിത്രം) - ‘മച്ചാന്‍’ (ഉബേര്‍ട്ടോ പസോളിനി, ശ്രീലങ്ക)
 • ഫിപ്രെസി അവാര്‍ഡ് (FIPRESCI ജൂറി തിരഞ്ഞെടുത്ത മികച്ച ചിത്രം) - ‘പോസ്റ്റ്കാര്‍ഡ്സ് ഫ്രം ലെനിന്‍‌ഗ്രാഡ്’ (മരിയാന റോണ്‍‌ഡന്‍, വെനിസ്വേല‍)
 • ഫിപ്രെസി അവാര്‍ഡ് (FIPRESCI ജൂറി തിരഞ്ഞെടുത്ത മികച്ച മലയാള ചിത്രം) - ‘മഞ്ചാടിക്കുരു‍’ (അഞ്ജലി മേനോന്‍, ഇന്ത്യ)
 • നെറ്റ്പാക്ക് അവാര്‍ഡ് (നെറ്റ്പാക്ക് ജൂറി തിരഞ്ഞെടുത്ത ഏഷ്യയില്‍ നിന്നുള്ള മികച്ച ചിത്രം) - ‘മൈ മെര്‍ലോണ്‍ ആന്‍ഡ് ബ്രാന്‍ഡോ’ (ഹുസൈന്‍ കറാബെ, തുര്‍ക്കി)
 • നെറ്റ്പാക്ക് അവാര്‍ഡ് (നെറ്റ്പാക്ക് ജൂറി തിരഞ്ഞെടുത്ത മികച്ച മലയാള ചിത്രം) - ‘അടയാളങ്ങള്‍’ (എം.ജി. ശശി, ഇന്ത്യ)
 • പ്രത്യേക ജൂറി പുരസ്കാരം (ചിത്രം) - ‘ദി എല്ലോ ഹൌസ്’ (‌അമോര്‍ ഹക്കാര്‍, അല്‍ജേറിയ)
 • പ്രത്യേക ജൂറി പുരസ്കാരം (നവാഗത സംവിധാനം) - നന്ദിത ദാസ് (‘ഫിറാഖ്’, ഇന്ത്യ)
 • ഹസന്‍കുട്ടി അവാര്‍ഡ് (മികച്ച നവാഗത ഇന്ത്യന്‍ സംവിധാനം) - അഞ്ജലി മേനോന്‍ (‘മഞ്ചാടിക്കുരു’, ഇന്ത്യ)
The Golden Craw Pheasant Award - \'Parque Vía\' directed by Enrique Rivero.
The Silver Craw Pheasant Award - \'Machan\' directed by Uberto Pasolini.
ബ്രസീലിയന്‍ സംവിധായിക ലൂസിയ മുറാറ്റ് അധ്യക്ഷയായുള്ള ജൂറിയാണ് IFFK അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. സമീറ മക്മല്‍ബഫ്, ജബ്ബാര്‍ പട്ടേല്‍, സിറ്റോറ അലീവ തുടങ്ങിയവരായിരുന്നു ജൂറിയിലെ മറ്റ് അംഗങ്ങള്‍. ക്രിസ് ഫുജിവാര, ബാര്‍ബറ ലോറേ, മനോജ് ബാജ്പൂജാരി എന്നിവര്‍ ഫിപ്രസി ജൂറിയിലും; സുധീര്‍ മിശ്ര, ഫ്രെഡി വോംഗ്, മാക്സ് ടെസ്സീര്‍ നെറ്റ്പാക്ക് ജൂറിയിലും അംഗങ്ങളായിരുന്നു. മാധ്യമ അവാര്‍ഡുകളില്‍ ദൃശ്യമാധ്യമങ്ങളിലൂടെയുള്ള മികച്ച റിപ്പോര്‍ട്ടിംഗിന് സീജി കടയ്ക്കലും (ഇന്ത്യാവിഷന്‍)‍; അച്ചടിമാധ്യമങ്ങളില്‍ സംഗീത ഉണ്ണിത്താന്‍ (ദി ഹിന്ദു), സജീവ് പാഴൂര്‍ (ദേശാഭിമാനി) എന്നിവരും പുരസ്കാരാര്‍ഹരായി. എഫ്.എം. റേഡിയോ ചാനലുകള്‍ പ്രചാരം നേടുന്ന സാഹചര്യത്തില്‍, ശ്രവ്യമാധ്യമങ്ങള്‍ക്ക് പ്രത്യേകം അവാര്‍ഡ് ഏര്‍പ്പെടുത്തണമെന്ന് ജൂറി നിര്‍ദ്ദേശിച്ചു. ഇത്തവണ അനില്‍ നമ്പ്യാര്‍ (ആകാശവാണി) പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹനായി.

The Hasankutty Award - Anjali Menon who directed the film \'Manchadikkuru\'.
Jury Special Mention - Nandita Das who directed the film 'Firaaq'.
അടുത്ത വര്‍ഷം മുതല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ സമ്മാനത്തുക ഇരട്ടിയാക്കുമെന്ന് എം.എ. ബേബി അവാര്‍ഡ് ദാനം നിര്‍വ്വഹിച്ച് സംസാരിക്കവേ അറിയിച്ചു. അന്‍പതു വര്‍ഷം മുന്‍പ് ലോകസിനിമയില്‍ എന്തു സംഭവിച്ചു എന്നതിന്റെ ഓര്‍മ്മപുതുക്കുവാനായി എല്ലാ ചലച്ചിത്രമേളകളിലും അന്‍പതു വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ ക്ലാസിക്കുകള്‍ പ്രദര്‍ശിപ്പിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി. ചലച്ചിത്ര അക്കാദമിക്കായൊരു സ്ഥിരം തിയേറ്റര്‍ സമുച്ചയം എന്ന മൂന്നുവര്‍ഷമായി കേള്‍ക്കുന്ന പല്ലവി മന്ത്രി എം. വിജയകുമാര്‍ അധ്യക്ഷപ്രസംഗത്തില്‍ ആവര്‍ത്തിച്ചു.

 കലാപരിപാടികള്‍

\'Shishyanum Makanum\' - A dance drama by students of Kerala Kalamandalam.
പ്രസിദ്ധ സുഫി സംഗീതജ്ഞ സില അലി ഖാന്റെ ഗാനാലാപനത്തോടെയാണ് സമാപന ചടങ്ങുകള്‍ ആരംഭിച്ചത്. പുരസ്കാരവിതരണത്തിനു ശേഷം കേരള കലാമണ്ഡലം ചിട്ടപ്പെടുത്തിയ ‘ശിഷ്യനും മകനും’ എന്ന നൃത്തശില്പവും അവതരിപ്പിക്കുകയുണ്ടായി. മഹാകവി വള്ളത്തോളിന്റെ ‘ശിഷ്യനും മകനും’ എന്ന കവിതയുടെ നൃത്താവിഷ്കാരമായിരുന്നു ഇത്. പരശുരാമനും, ഗണപതിയും തമ്മിലുള്ള ബലപരീക്ഷണത്തില്‍ പരശുരാമന്റെ മഴുകൊണ്ടുള്ള വെട്ടേറ്റ് ഗണപതിക്ക് ഒരു കൊമ്പു നഷ്ടപ്പെടുന്നതും; ശിഷ്യനേയും, മകനേയും ഒരുപോലെ കരുതുന്ന പരമശിവന്റെ ധര്‍മ്മസങ്കടവും മറ്റുമായിരുന്നു മോഹിനിയാട്ട രൂപത്തില്‍ അവതരിക്കപ്പെട്ടത്. ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന വേളയില്‍ അവതരിപ്പിച്ച അവിയല്‍ പരിപാടിയേക്കാള്‍ എന്തുകൊണ്ടും നിലവാരം പുലര്‍ത്തിയവയായിരുന്നു സമാപന ചടങ്ങിനോട് അനുബന്ധിച്ച് അരങ്ങേറിയ സംഗീത, നൃത്ത പരിപാടികള്‍. തുടര്‍ന്ന് മേളയില്‍ മികച്ച ജൂറി പുരസ്കാരം നേടിയ ‘പാര്‍ക്ക് വിയ’യുടെ പ്രദര്‍ശനവും നടന്നു.

Description: International Film Festival of Kerala 2008, 13th IFFK; Closing Ceremony (award ceremony) at Nisagandhi (Nishagandhi) open auditorium, Thiruvananthapuram - A report. Minister for Cultural Affairs M.A. Baby distributed the awards. Minister for Law and Parliamentary Affairs M. Vijayakumar presided the meeting. 'Parque Vía' directed by Enrique Rivero won the The Golden Craw Pheasant award (Suvarna Chakoram) for the Best Film nominated by the IFFK Jury. 'Machan' directed by Uberto Pasolini won the The Silver Craw Pheasant award (Rajatha Chakoram) nominated by the audience. Famous Sufi singer Zila Ali Khan rendered a song prior to the fuction. Students from Kerala Kalamandalam presented Vallathol's 'Shishyanam Mukanum' as a dance-drama after the award ceremony. A report by Hareesh N. Nampootihri aka Haree | ഹരീ for Chithravishesham (Chitravishesham) blog. IFFK Closing Ceremony Phootos.

4 comments :

 1. പതിമൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് നിശാഗന്ധിയില്‍ സമാപനമായി. സമാപന ചടങ്ങിലെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
  --

  ReplyDelete
 2. ഹരീ,
  ഇതു പോരല്ലോ.... ബാക്കി സിനിമാ വിശകലനങ്ങള്‍ കൂടി പോരട്ടെ........ പാര്‍ക്ക്‌ വിയ, മച്ചാന്‍, ഫോട്ടോഗ്രാഫ്‌, ഫെയര്‍വെല്‍ ഗുല്‍സരി, ടു ലെഗ്‌ഡ്‌ ഹോഴ്‌സ്‌..... കഴിഞ്ഞ തവണത്തേതു പോലെ വിശദമായി വേണം......

  ReplyDelete
 3. ക്ലാസിക് സിനിമകളുടെ ഉത്സവത്തില്‍ നിന്നും ഇനി തിരിച്ച് നമ്മുടെ മലയാളസിനിമാ ലോകത്തേക്ക് വരാന്‍ സമയമായല്ലോ.. ക്രിസ്മസ് റിലീസുകള്‍ വരുന്നു.. ലോലിപ്പോപ്പ് ഇറങ്ങുകയും ചെയ്തു.. വേഗം പോയി കാണൂ.. എന്നിട്ട് അഭിപ്രായം പറയൂ.. കാണണോ വേണ്ടയോ എന്ന് തീരുമാനിക്കാനാ.. :)

  മേളയില്‍ Slumdog Millionaire കാണിച്ചിരുന്നൊ?? പിന്നെ ബാക്കിയുള്ളവര്‍ പറഞ്ഞത് പോലെ, മേളയിലെ മികച്ച ചിത്രങ്ങളുടെ വിശേഷങ്ങള്‍ കൂടി പറയൂ.. നന്ദിതാ ദാസിന്റെ “ഫിറാഖി”നെ കുറിച്ച് അറിയാന്‍ താത്പര്യമുണ്ട്.. :)

  ReplyDelete
 4. ഞാനും അവിടെ ഒക്കെ ഉണ്ടായിരുന്നു . ഹരി പറഞ്ഞതു സത്യം ആണ് . ഇത്തവണ ആഘോഷിക്കാന്‍ പറ്റിയ ചിത്രങ്ങള്‍ ഒന്നും കണ്ടില്ല . എങ്ങിലും കുറെ ഏറെ നല്ല സിനിമകള്‍ കണ്ടു . പിന്നെ പ്രധാനപെട്ട ഒരു കുറവായി തോന്നിയത് ഇത്തവണ ആനിമേഷന്‍ ചിത്രങ്ങളുടെ അഭാവം ആണ് ( ഒരെണം ഉണ്ടായിരുന്നു ) .

  ഓടോ : പിന്നെ ദേ ഈ ലിങ്ക് ഒന്നു നോക്കു .
  http://ambooz.blogspot.com/2008/12/blog-post_20.html

  ReplyDelete