മേളയുടെ അഞ്ചു നാളുകള്‍

Published on: 12/18/2008 12:45:00 PM
Internatioanl Film Festival of Kerala 2008 - A report on it's first five days.
കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ആദ്യ അഞ്ചു ദിനങ്ങള്‍ പിന്നിടുമ്പോള്‍, കല്ലുകടികള്‍ ഒട്ടനവധിയുണ്ടായിരുന്നെങ്കിലും, കുറയൊക്കെ നല്ല ചിത്രങ്ങളും കാണുവാന്‍ സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് ചലച്ചിത്രപ്രേമികള്‍. എന്നാല്‍ എല്ലാ മേളയിലും ഉണ്ടാവാറുള്ളതുപോലെ; ഉദാഹരണത്തിന് കഴിഞ്ഞ മേളയില്‍ പ്രദര്‍ശിപ്പിച്ച ‘4 മന്ത്സ്, 3 വീക്ക്സ് ആന്‍ഡ് 2 ഡേയ്സ്’, ‘ബ്ലിസ്’ തുടങ്ങിയ ചിത്രങ്ങളെന്നപ്പോലെ; പ്രേക്ഷകര്‍ ആഘോഷമാക്കിയ ചിത്രമൊന്നുപോലും മേളയില്‍ ഇതുവരെ കാണുവാന്‍ കഴിഞ്ഞില്ല.

 മത്സരച്ചിത്രങ്ങള്‍

Competition Film - IFFK 2008: ‘Firaaq’ directed by Nandita Das.
ഇതുവരെ പ്രദര്‍ശിക്കപ്പെട്ട മത്സരവിഭാഗം ചിത്രങ്ങളില്‍, വിരലിലെണ്ണാവുന്നവ മാത്രമാണ് ശരാശരി നിലവാരമെങ്കിലും പുലര്‍ത്തിയത്. മോശമായ ചിത്രങ്ങളില്‍ പലതിലും ചില മികവുകള്‍ ചൂണ്ടിക്കാട്ടാമെങ്കിലും, അവ കൊണ്ടു മാത്രം ചിത്രങ്ങള്‍ ആകര്‍ഷകമാവുന്നില്ല. മേളയിലേക്ക് മത്സരച്ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ പുനഃപരിശോധിക്കേണ്ടതുണ്ടെന്നതിലേക്കാണ് ഈ ചിത്രങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. അഭിനേത്രിയെന്ന നിലയില്‍ ഫെസ്റ്റിവലിനു സുപരിചിതയായ നന്ദിതാ ദാസിന്റെ ആദ്യ സംവിധാനസംരഭമായ ‘ഫിറാഖാ’ണ് മത്സരച്ചിത്രങ്ങളില്‍ ഏറെ പ്രശംസ നേടിയത്. ഗുജറാത്തിലുണ്ടായ ഹിന്ദു-മുസ്ലീം വര്‍ഗീയലഹള ഈ സിനിമയ്ക്ക് പശ്ചാത്തലമാവുന്നു. നിരവധി പേര്‍ കൊല്ലപ്പെട്ട ലഹളയ്ക്കു ശേഷം മാസമൊന്നു കഴിഞ്ഞിരിക്കുന്നു. എന്നാല്‍ ലഹളയുടെ നടുക്കത്തില്‍ നിന്നും ആരും തന്നെ മോചിതരായിട്ടില്ല. ലഹളയുടെ കെടുതികളനുഭവിക്കുന്ന, അല്ലെങ്കില്‍ അതില്‍ സ്വാര്‍ത്ഥ ലാഭം കണ്ട, പ്രതീകാത്മക കഥാപാത്രങ്ങളിലൂന്നിയാണ് സിനിമയുടെ കഥ മെനഞ്ഞിരിക്കുന്നത്. പോലീസിനെ ഉപയോഗിച്ച് ഒരു വിഭാഗത്തെ തുണയ്ക്കുകയും, മറു വിഭാഗത്തെ വേട്ടയാടുകയും ചെയ്യുന്ന ‘ജനാധിപത്യ’ ഗവണ്മെന്റിനെയും ചിത്രത്തില്‍ കാണാം. ഒരു ഡോക്യുമെന്ററിയാവാതെ, ചലച്ചിത്രമായി തന്നെ കഥപറയുവാന്‍ നന്ദിതയ്ക്ക് കഴിഞ്ഞിട്ടുണ്ട് എന്നതാണ് ഈ ചിത്രത്തെ മികച്ചതാക്കുന്നത്.

Competition Film - IFFK 2008: ‘The Photograph’ directed by Nan Achnas.
ഹുസൈന്‍ കറാബെ സംവിധാനം ചെയ്തിരിക്കുന്ന തുര്‍ക്കി ചിത്രം, ‘മൈ മെര്‍ലോണ്‍ ആന്‍ഡ് ബ്രാന്‍ഡോ’; കുര്‍ദ്ദിഷ് വംശജനായ തന്റെ കാമുകന്‍, സുലൈമാനെ കാണുവാനായുള്ള ഐക്ക എന്ന നാടകനടിയുടെ യാത്രയുടെ കഥയാണ്. സ്വദേശമായ ഇസ്റ്റാംബുളില്‍ നിന്നും, ഇറാഖിന്റെ വടക്കന്‍ പ്രവിശ്യയിലേക്കാണ് ഐക്കയുടെ യാത്ര. അതാവട്ടെ, അമേരിക്ക സദ്ദാമിനു മേല്‍ യുദ്ധം പ്രഖ്യാപിച്ചിരുന്ന സമയത്തിലും. യു.എസ്. അധിനിവേശ സമയത്തെ ഇറാഖ്; അയല്‍‌രാജ്യങ്ങളായ ഇറാന്‍, തുര്‍ക്കി എന്നിവിടങ്ങളിലെ ജനങ്ങളുടെ ആത്മസംഘര്‍ഷങ്ങളാണ് ഈ ചിത്രത്തിലൂടെ അനാവൃതമാവുന്നത്. നാന്‍ ടി. അച്നാസ് സംവിധാനം ചെയ്തിരിക്കുന്ന ഇന്‍ഡോനേഷ്യന്‍ ചിത്രമായ ‘ദി ഫോട്ടോഗ്രാഫാ’ണ് മേളയില്‍ ശ്രദ്ധിക്കപ്പെട്ട മറ്റൊരു മത്സരച്ചിത്രം. ഗ്രാമത്തിലുള്ള തന്റെ മകളേയും, പ്രായമായ അമ്മയേയും സംരക്ഷിക്കുവാനായി; നഗരത്തിലെ ബാറില്‍ കരോക്കെ പാടുകയും, വേശ്യാവൃത്തി നോക്കുകയും ചെയ്യുകയാണ് സീത. അമ്മയുടെ ഓപ്പറേഷന് ആവശ്യമുള്ള പണം സ്വരൂപിക്കുവാന്‍ അവള്‍ക്ക് കഴിയുന്നില്ല. വൃദ്ധനായ ഫോട്ടോഗ്രാഫര്‍, ജൊഹാന്റെ വീട്ടില്‍ വാടകക്കാരിയാവുന്നത് സീതയുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നു. ചിത്രത്തിന്റെ ക്യാമറയും, പിന്നണി സംഗീതവും എടുത്തുപറയുവാന്‍ തക്കവണ്ണം മികവ് പുലര്‍ത്തിയിരിക്കുന്നു. പ്രമേയത്തില്‍ കാര്യമായ പുതുമയൊന്നും അവകാശപ്പെടുവാനില്ലെങ്കിലും, കഥാസന്ദര്‍ഭവും, മനോഹരമായ തിരക്കഥയും പ്രേക്ഷകരെ ചിത്രത്തോടടുപ്പിക്കുന്നു.

Competition Film - IFFK 2008: ‘Refugee’ directed by Reis Celik.
അള്‍ഗേറിയന്‍ ചിത്രമായ ‘ദി യെല്ലോ ഹൌസി’ലൂടെ ഗ്രാമത്തില്‍ കഴിയുന്ന കര്‍ഷക കുടുംബത്തിന്റെ ലളിതമായ ജീവിതമാണ് സംവിധായകന്‍ അമോര്‍ ഹക്കാര്‍ കാട്ടിത്തരുന്നത്. എന്നാല്‍ ഇതിനപ്പുറം ചിത്രത്തില്‍ കാര്യമായൊന്നും സംഭവിക്കുന്നില്ല എന്നത് ചിത്രത്തോടുള്ള താത്പര്യം കുറയ്ക്കുന്നു. വ്യക്തമായൊരു ആശയം ചിത്രത്തിലൂടെ നല്‍കുവാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുമില്ല. ഇറാനിയന്‍ ചിത്രമായ ‘ഹാഫേസി’ന്റെ ഗതിയും വ്യത്യസ്തമല്ല. അബോള്‍ഫാസില്‍ ജലീലി സംവിധാനം ചെയ്ത ‘ഹാഫേസ്’, ചെറുപ്പത്തില്‍ തന്നെ ഹാഫേസെന്ന പദവിയിലെത്തിയ ഖുറാന്‍ പണ്ഢിതനായ ചെറുപ്പക്കാരന്റെ കഥയാണ്. വല്ലാതെ വലിച്ചു നീട്ടി കുറേ പ്രാദേശിക മത രീതികള്‍ കാട്ടുന്നുണ്ടെന്നല്ലാതെ, ഒരു കഥയായി പോലും ചിത്രം വികസിക്കുന്നില്ല. റീസ് സെലിക് സംവിധാനം ചെയ്ത ടര്‍ക്കിഷ് ചിത്രമായ ‘റെഫ്യൂജി’, സ്വദേശത്തു നിന്നും പാലായനം ചെയ്യേണ്ടിവന്ന സിവാന്റെ കഥ പറയുന്നു. ജര്‍മ്മനിയില്‍ അഭയം പ്രാപിക്കുന്ന അയാള്‍ക്ക് പക്ഷെ അവിടെയും സമാധാനം ലഭിക്കുന്നില്ല. നിരവധി ബോളിവുഡ് ഹിറ്റുകള്‍ക്ക് ക്യാമറ ചലിപ്പിച്ച രവി കെ. ചന്ദ്രനാണ് ഈ ചിത്രത്തിന്റെ ഛായഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഫെസ്റ്റിവലിന് പുതുമയല്ലാത്ത പ്രമേയമായതിനാല്‍ തന്നെ, ചിത്രം പ്രേക്ഷകര്‍ക്ക് പുതിയതായി എന്തെങ്കിലും നല്‍കുന്നുണ്ടെന്ന് കരുതുവാനില്ല. ദൃശ്യഭംഗി കണ്ട് ആസ്വദിക്കാമെന്നു മാത്രം.

മത്സരച്ചിത്രങ്ങളില്‍ ശ്രദ്ധേയമായ മറ്റു ചിലത്; ‘പോസ്റ്റ്കാര്‍ഡ്സ് ഫ്രം ലെനിന്‍‌ഗ്രാഡ്’, ‘മച്ചാന്‍’, ‘ഫെയര്‍വല്‍, ഗുള്‍സറേ’ തുടങ്ങിയവയാണ്. കുട്ടികളുടെ കാഴ്ചകളിലൂടെ വെനിസ്വേലയിലെ അഭ്യന്തരയുദ്ധങ്ങളെ നോക്കിക്കാണുകയാണ് സംവിധായിക മരിയാന റോണ്‍‌ഡണ്‍ ‘പോസ്റ്റ്കാര്‍ഡ്സ് ഫ്രം ലെനിന്‍‌ഗ്രാഡ്’ എന്ന ചിത്രത്തിലൂടെ. കഥ പറയുവാന്‍ തിരഞ്ഞെടുത്തിരിക്കുന്ന രീതിയാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. ആനിമേഷനുകളും, വിവരണങ്ങളും മറ്റും ഉപയോഗിച്ചിട്ടുള്ള ഈ ചിത്രത്തിന് ഒരു ഡോക്യുമെന്ററി സ്വഭാവമാണുള്ളത്. ഉല്‍ബര്‍ട്ടോ പസോളിനി സംവിധാനം ചെയ്തിരിക്കുന്ന ശ്രീലങ്കന്‍ ചിത്രമായ ‘മാച്ചാന്‍’ നര്‍മ്മത്തിന്റെ മേമ്പൊടിയുള്ള ഒരു ചിത്രമാണ്. ശ്രീലങ്കന്‍ യുവത്വം അഭിമുഖീകരിക്കുന്ന തൊഴിലില്ലായ്മയാണ് ചിത്രത്തിന്റെ കാതല്‍.

അര്‍ഡാക് അമിര്‍കുലോവ് സംവിധാനം ചെയ്തിരിക്കുന്ന കസാഖിസ്ഥാന്‍ ചിത്രമാണ്, ‘ഫെയര്‍‌വെല്‍, ഗുള്‍സറേ’. ഗുള്‍സറേ എന്ന കുതിരയുടേയും, തനബയേ എന്ന കുതിരസൂക്ഷിപ്പുകാരന്റേയും കഥയാണ് സംവിധായകന്‍ ഇതിലൂടെ പറയുന്നത്. വൈകാരിക മൂല്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്ന പഴയ വിപ്ലവകാരി കൂടിയാണ് തനബയേ. എന്നാല്‍ ചില പിടിവാശികള്‍ പ്രസ്ഥാനത്തെ അയാളില്‍ നിന്നുമകറ്റുന്നു. പ്രസ്ഥാനത്തില്‍ അടിയുറച്ചു നില്‍ക്കുന്ന, എന്നാല്‍ പുതിയ ഭരണാധികാരികള്‍ നിര്‍വ്വചിക്കുന്ന പാര്‍ട്ടി പ്രമാണങ്ങളോട് യോജിപ്പില്ലാത്ത തനബയേ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഈ കാലഘട്ടത്തിലും പ്രസക്തമാണ്. മലയാളം സിനിമകളായ ‘അടയാളങ്ങള്‍’‍, ‘ആകാശഗോപുരം’ എന്നിവയും മത്സരവിഭാഗത്തില്‍ പ്രദര്‍ശിക്കപ്പെട്ടു. വിഭാഗത്തിലെ മറ്റു ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവയെ തരക്കേടില്ലാത്ത ചിത്രങ്ങളായി കാണാവുന്നതാണ്.

 ലോകസിനിമ

World Cinema - IFFK 2008: ‘Half Moon’ directed by Barhman Ghorbadi.
‘വണ്ടര്‍ഫുള്‍ ടൌണ്‍’, ‘ജുജു ഫാക്ടറി’, ‘ഗേള്‍ കട്ട് ഇന്‍ ടൂ’, ‘ബേണ്‍ ആഫ്റ്റര്‍ റീഡിംഗ്’ തുടങ്ങിയവയുള്‍പ്പെടുന്ന ചില ചിത്രങ്ങളൊഴിവാക്കിയാല്‍; മത്സരവിഭാഗം ചിത്രങ്ങളെ അപേക്ഷിച്ച് ലോകസിനിമകള്‍ കൂടുതല്‍ മികവ് പുലര്‍ത്തി. ഫ്രഞ്ച് ചിത്രമായ ‘കാരാമല്‍’, ജപ്പാനില്‍ നിന്നുള്ള ‘അച്ചിലീസ് ആന്‍ഡ് ദി ടൊര്‍ട്ടോയിസ്’ തുടങ്ങിയ ചിത്രങ്ങള്‍ ശരാശരിയിലും ഉയര്‍ന്നു നില്‍ക്കുന്നു. ബര്‍ഹ്മാന്‍ ഗോര്‍ബാഡി സംവിധാനം ചെയ്ത ‘ഹാഫ് മൂണ്‍’ എന്ന ചിത്രമാണ് ഈ വിഭാഗത്തില്‍ ഏറെ ശ്രദ്ധനേടിയത്. സദ്ദാം ഹുസൈന്റെ വീഴ്ച ആഘോഷിക്കുന്നതിനായി കുര്‍ദ്ദിഷ് സംഗീതജ്ഞനായ മാമോയും, മക്കളും ഇറാഖിലെ കുര്‍ദ്ദിഷ് മേഖലയിലേക്ക് യാത്ര തിരിക്കുന്നു. പാട്ടുപാടിയെന്ന കുറ്റത്തിന് തടവിലാക്കപ്പെട്ട തന്റെ മകളേയും മാമോ കൂടെക്കൂട്ടുന്നു. സംഗീതമെന്ന അഭിനിവേശവും, യാത്രയുടെ സ്വപ്നവും, ആസന്നമായ മരണവുമൊക്കെ മാമോയിലുണ്ട്. സാധാരണയുക്തിയില്‍ നിന്നു വിട്ട് അഭൌമിക തലത്തിലേക്ക് പ്രേക്ഷകരെ ചിത്രം കൂട്ടിക്കൊണ്ടു പോവുന്നു.

നോബല്‍ സമ്മാനജേതാവ് ഷൂസെ സരമാഗാവോ എഴുതിയ ‘ബ്ലൈന്‍ഡ്‌നെസ്’ എന്ന നോവലിന്റെ അതേ പേരിലുള്ള സിനിമയും പ്രേക്ഷകരെ ആകര്‍ഷിച്ചു. ഫെര്‍നാന്‍ഡോ മെരിലെസാണ് ചിത്രത്തിന്റെ സംവിധായകന്‍. വൈദ്യശാസ്ത്രത്തിന് അജ്ഞാതമായ ഏതോ കാരണത്താല്‍ ഒരു നഗരത്തിലെ എല്ലാവരുടേയും കണ്ണുകളില്‍ വെളിച്ചം നിറഞ്ഞ് ഒന്നും കാണുവാന്‍ കഴിയാത്ത അവസ്ഥയിലാവുന്നു. രോഗം ബാധിച്ചവരെ ഒരു പ്രത്യേക കെട്ടിടത്തില്‍ തടവുകാരാക്കുന്നു. വിവേചനങ്ങളില്ലാത്ത മറ്റൊരു ലോകമാണവിടെ. എന്നാല്‍ അധികാരത്തിനു വേണ്ടിയുള്ള മനുഷ്യന്റെ ചോദനകള്‍ക്ക് അന്ധതയും ഒരു തടസമാവുന്നില്ല.

World Cinema - IFFK 2008: ‘Breath’ directed by Kim Ki Duk.
ഓരോ ഫ്രയിമിലും കിം കി ഡുക്കിന്റെ കൈയ്യൊപ്പു പതിഞ്ഞ ‘ബ്രെത്ത്‌’, കിയോഷി കുറസോവ സംവിധാനം ചെയ്ത ‘ടോകിയോ സൊനാറ്റ’ തുടങ്ങിയ ചിത്രങ്ങളാണ് ലോകസിനിമ വിഭാഗത്തില്‍ ശ്രദ്ധനേടിയ മറ്റ് രണ്ട് ചിത്രങ്ങള്‍. വധശിക്ഷ കാത്ത് ജയിലില്‍ കഴിയുകയാണ് യാങ്ങ് യിന്‍. ജയിലിനുള്ളില്‍ തന്നെ സ്വയം മരിക്കുവാന്‍ യാങ്ങ് ശ്രമിക്കുന്നെങ്കിലും പരാജയപ്പെടുന്നു. ഭര്‍ത്താവിന്റെ പരസ്ത്രീബന്ധത്തില്‍ അസ്വസ്ഥയാണ് യോണ്‍ എന്ന ചെറുപ്പക്കാരിയായ വീട്ടമ്മ. യാങ്ങിന്റെ വാര്‍ത്തകള്‍ ടെലിവിഷനില്‍ ശ്രദ്ധിക്കുന്ന യോണ്‍, ഒടുവില്‍ അയാളുമായി പ്രണയത്തിലാവുന്നു. യാങ്ങിനെ കാണുവാനായി യോണ്‍ ജയിലിലേക്ക് നടത്തുന്ന തുടര്‍ച്ചയായ യാത്രകള്‍ ഭര്‍ത്താവിനെ ചൊടിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം മേളയില്‍ പ്രദര്‍ശിക്കപ്പെട്ട കിം കി ഡുക് ചിത്രമായ ‘ടൈ’മിനേക്കാള്‍ എന്തുകൊണ്ടും മികച്ച ഒരു ചിത്രമാണ് ‘ബ്രെത്ത്’ എന്നു നിസംശയം പറയാം.

സാമ്പത്തികമാന്ദ്യത്താല്‍ തൊഴിലാളികള്‍ പിരിച്ചുവിടപ്പെടുന്നു. അത്തരത്തില്‍ ജോലി നഷ്ടപ്പെട്ട റൂയി സസാക്കിയുടേയും, കുടുംബത്തിന്റേയും കഥയാണ് ‘ടോകിയോ സൊനാറ്റ’. ജോലി നഷ്ടപ്പെടുന്നതോടെ അയാളെ ഭാര്യയും, മക്കളും വകവെയ്ക്കാതെയാവുന്നു. കുടുംബം തകര്‍ച്ചയുടെ വക്കിലെത്തുന്നെങ്കിലും, പുതിയൊരു തുടക്കമെന്ന പ്ര്തീക്ഷയോടെയാണ് ചിത്രം അവസാനിക്കുന്നത്. ശ്രീലങ്കന്‍ ചിത്രമായ ‘ആകാശകുസു’മാണ് എടുത്തു പറയേണ്ട മറ്റൊരു ചിത്രം. കഴിഞ്ഞകാലത്തെ പ്രശസ്തയായ സിനിമാനായക നടി സന്ധ്യാറാണി ഇന്ന് തിരക്കുകളില്‍ നിന്നകന്ന് കഴിയുകയാണ്. ദിവസങ്ങള്‍ നീളുന്ന സഹശയനത്തിന് ഇന്നത്തെ തലമുറയിലെ നടീനടന്മാര്‍ ആശ്രയിക്കുന്നത് ഇവരുടെ വീടാണ്. കുടുംബവും, ജീവിതവും മറന്ന് അഭിനയരംഗത്ത് പ്രവര്‍ത്തിക്കുന്ന നടിമാര്‍ക്ക് പൊതുവേദികളിലും, സിനിമയിലും സദാചാരത്തിന്റെ മൂടുപടം അണിയേണ്ടി വരുന്നു. നടിമാരുടെ ഈ ആത്മസംഘര്‍ഷങ്ങളാണ് സിനിമയ്ക്ക് വിഷയമാവുന്നത്. കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച മാലിനി ഫൊന്‍സേകയുടെ അഭിനയവും ശ്രദ്ധേയമായിരുന്നു.

 മറ്റു വിശേഷങ്ങള്‍

ഫെസ്റ്റിവലിന്റെ സിഗ്നേച്ചര്‍ ഫിലിമിന്റെ നിലവാരമില്ലായ്മ ഇത്തവണയും മേളയ്ക്ക് അപമാനമായി. സംവിധാനരംഗത്ത് ഏറെക്കാലത്തെ പരിചയമുള്ള വി.ആര്‍. ഗോപിനാഥാണ് ഈ വര്‍ഷത്തെ സിഗ്നേച്ചര്‍ ഫിലിം തയ്യാറാക്കിയിരിക്കുന്നത്. ആനിമേഷന്റെ സാധ്യതകളെ മാത്രം ആശ്രയിച്ചാണ് സിഗ്നേച്ചര്‍ ഫിലിം ചെയ്തിരിക്കുന്നതെന്ന് ഫെസ്റ്റിവല്‍ ബുള്ളറ്റിന്‍ പറയുന്നു. അവാര്‍ഡ് ശില്പത്തെ ഭംഗിയായി ഉപയോഗിച്ചിട്ടുണ്ടെന്നതാണ് മറ്റൊരു സവിശേഷതയായി പറഞ്ഞിരിക്കുന്നത്. ഇത്രയും പ്രശസ്തിയും, പ്രചാരവും വന്നിട്ടുള്ള ഈ മേളയ്ക്ക്, ബാലിശമായ ആനിമേഷന്‍ പരീക്ഷണങ്ങളാണോ സിഗ്നേച്ചര്‍ ഫിലിമായി ഉപയോഗിക്കേണ്ടത്? അതിനു ശേഷം ബുള്ളറ്റിനിലൂടെയുള്ള മേനി പറച്ചിലാണ് ഫിലിമിനേക്കാള്‍ അസഹനീയം. വളരെ ലളിതമായി, നല്ല രീതിയില്‍ ചിത്രീകരിച്ച ഒരു സിഗ്നേച്ചര്‍ ഫിലിം തന്നെ എല്ലാ മേളയ്ക്കും ഉപയൊഗിക്കുന്നതാണ് ഭേദം.

ആദ്യമായി ഓണ്‍ലൈന്‍ റിസര്‍വേഷന്‍ പരീക്ഷിക്കപ്പെട്ട മേളയാണ് ഈ വര്‍ഷത്തേത്. ഡെലിഗേറ്റുകള്‍ക്ക് തിരക്കുകൂട്ടാതെ തിയേറ്ററിനുള്ളില്‍ പ്രവേശിക്കുവാനും, ഒരു തിയേറ്ററില്‍ നിന്നും അടുത്തതിലേക്കെത്തുവാന്‍ സാവകാശം ലഭിക്കുന്നതിനും റിസര്‍വേഷന്‍ സഹായിക്കുന്നുണ്ട്. ഇപ്പോഴത്തെ സംവിധാനത്തിനുള്ള ന്യൂനതകള്‍ പരിഹരിക്കുവാന്‍ കഴിഞ്ഞാല്‍, റിസര്‍വ്വേഷന്‍ സംവിധാനം ചലച്ചിത്രാസ്വാദകര്‍ക്ക് ഏറെ സഹായകരമാവുമെന്ന കാര്യത്തില്‍ സംശയമില്ല. ഇരുനോറോളം ചിത്രങ്ങള്‍ പ്രദര്‍ശിക്കപ്പെടുന്ന മേളയില്‍ ഒരു ഡെലിഗേറ്റിന് കാണുവാന്‍ സാധിക്കുന്നത് ഏറിയാല്‍ മുപ്പത്തിയഞ്ച് ചിത്രങ്ങള്‍ മാത്രമാണ്. ചിത്രങ്ങളുടെ എണ്ണം കുറച്ച്, ആവര്‍ത്തനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക എന്നതും തിരക്കു കുറയ്ക്കുവാന്‍ സ്വീകരിക്കാവുന്ന ഒരു മാര്‍ഗമാണ്.

Description: International Film Festival of Kerala 2008, 13th IFFK; First five days of the festival, a report. A brief review on films screened in competition section and world cinema section. Competition Films: Refugee (Dir: Reis Celik), My Marlon and Brando (Dir: Huseyin Karabey), The Yellow House (Dir: Amor Hakkar), Farewell Gulsary (Dir: Ardak Amirkulov), Parque Vía (Dir: Enrique Rivero), Dreams of Dust (Dir: Laurent Salgues), Hafez (Dir: Abolfazl Jalili), The Photograph (Dir: Nan Achnas), Machan (Dir: Uberto Pasolini), Postcards from Leningrad (Dir: Mariana Rondon), Firaaq (Dir: Nandita Das), Gulabi Talkies (Dir: Girish Kasarvalli), Castles in the Air (Dir: K.P. Kumaran), The Imprints (Dir: M.G. Sasi). A report by Hareesh N. Nampootihri aka Haree | ഹരീ for Chithravishesham (Chitravishesham) blog.

8 comments :

 1. IFFK-യുടെ ആദ്യ അഞ്ചു ദിവസങ്ങളിലായി പ്രദര്‍ശിപ്പിക്കപ്പെട്ട മത്സര/ലോകസിനിമ വിഭാഗങ്ങളിലെ ചലച്ചിത്രങ്ങളുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  ശ്രദ്ധിക്കുക: ഇതുവരെ മേളയില്‍ കാണുവാന്‍ കഴിഞ്ഞ ചിത്രങ്ങളെ അധികരിച്ചാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്.
  --

  ReplyDelete
 2. ഹരിയുടെ ടൈം ബെസ്റ്റ് ടൈം :) എത്ര സിനിമകളാ കാണാന്‍ പറ്റുന്നത് മാഷേ! ഇതിന്റെ അവസാനം ഹരിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു സിനിമയെക്കുറിച്ച് വിശദമായ ഒരു റൈറ്റ് അപ് പ്രതീക്ഷിക്കാമോ?

  ReplyDelete
 3. ഹരി,
  കാഞ്ചീവരം കണ്ടിരിന്നോ?
  ഞാന്‍ കണ്ടതില്‍ വെച്ച് മികച്ചത് എന്നു പറയാവുന്നവ: പ്രിയന്റെ കാഞ്ചീവരം, മജീദിയുടെ ദി സോങ് ഓഫ് സ്പാരോസ്, പസോലിനിയുടെ മച്ചാന്‍ എന്നിവയാണ്.

  ഫെയര്‍വെല്‍ ഗുത്സാരിയും നന്നായിട്ടുണ്ട്...

  ReplyDelete
 4. @ ശ്രീവല്ലഭന്‍.,
  :-)

  @ നിഷാന്ത്,
  :-) അങ്ങിനെയൊരു റിവ്യൂവിന് എത്രമാത്രം സാധ്യതയുണ്ടെന്നറിയില്ല. അവശേഷിക്കുന്ന ചിത്രങ്ങളെക്കുറിച്ച് ഒരു പോസ്റ്റ് കൂടി എഴുതണമെന്നുണ്ട്.

  @ കണ്ണന്‍...,
  ‘കാഞ്ചീവരം’ കണ്ടിരുന്നു. മജീദിയുടെ ‘സോംഗ് ഓഫ് സ്പാരോസ്’ കാണുവാന്‍ കഴിഞ്ഞില്ല. നന്ദി. :-)
  --

  ReplyDelete
 5. ഹരീ,

  ജുജു ഫാക്ടറി അത്രയ്ക്ക് നിലവാരമില്ലാത്ത ചിത്രമായിരുന്നുവോ? ഗേള്‍ കട്ട് ഇന്‍ ടൂ’, ‘ബേണ്‍ ആഫ്റ്റര്‍ റീഡിംഗ്’ തുടങ്ങിയവ പോലെ? ഒരെഴുത്തുകാരന്റെ ആത്മസംഘര്‍ഷങ്ങളും വേരുകളറ്റ പ്രവാസജീവിതത്തിന്റെ വ്യഥകളുമെല്ലാം ഒരളവു വരെ ഭംഗിയായി ചിത്രീകരിക്കുന്നതായാണ് എനിക്കു തോന്നിയത്. ആഖ്യാനശൈലിയിലും അത്യാവശ്യം വ്യത്യസ്തതയെല്ലാമുണ്ടായിരുന്നു. കോംഗോയുടെ കൊളോണിയല്‍ ചരിത്രവും ലുമംബയെപ്പറ്റി പ്രതിപാദിച്ച ഭാഗവും കുറച്ച് അവ്യക്തമായിത്തോന്നി.

  പിന്നെ സിഗ്നേച്ചര്‍ ഫിലിം. അത് എറണാകുളത്തെ ട്രാഫിക് പോലെ ഒരിക്കലും ശരിയാകാത്ത പ്രശ്നമായാണ് തോന്നുന്നത്. സിംബോളിക് ആയി ഭയങ്കര നിലവാരം പുലര്‍ത്തിയാല്‍ സാധാരണ പ്രേക്ഷകര്‍ കൂവും. വെറും സാധാരണയായാല്‍ ബുദ്ധിജീവികള്‍ കൂകും. പക്ഷെ, ഇത്തവണത്തെ തട്ടിക്കൂട്ട് സാധനം കുവല്‍ പോലും അര്‍ഹിക്കുന്നില്ല.

  ReplyDelete
 6. ഹരീ,

  മുഴുവന്‍ ചിത്രങ്ങളെയും വിലയിരുത്തിയശേഷം ഞാന്‍ വീണ്ടും വരാം. കുറേപ്പറയാനുണ്ട്‌ ഈ മേളയെപ്പറ്റി...... പിന്നെ റഫ്യൂജിയുടെ ക്യാമറ രവി കെ. ചന്ദ്രനല്ല. അത്‌ സംവിധായകന്‍ തന്നെയാണ്‌. ഫെസ്റ്റിവല്‍ ബുക്കില്‍ വന്ന അപാകം കോംപയര്‍മാര്‍ ആവര്‍ത്തിച്ചതാണ്‌.

  ReplyDelete