മലയാളിയുടെ ഓണച്ചിത്രങ്ങള്‍ 2008

Published on: 11/06/2008 08:42:00 AM
Malayalam Onam Releases 2008 - Chithravishesham Poll Results.
2007-ലെ ഓണം / പൂജ-റമദാന്‍ ചിത്രങ്ങളെ അപേക്ഷിച്ച് താരപ്പൊലിമയുള്ള ചിത്രങ്ങള്‍ ഈ കൊല്ലം കുറവായിരുന്നു. സൂപ്പര്‍സ്റ്റാര്‍ മത്സരവും കാര്യമായി ഉണ്ടായില്ല. മോഹന്‍ലാല്‍ - കെ.പി. കുമാരന്‍ എന്നിവരൊന്നിച്ച ‘ആകാശഗോപുരം’; പൃഥ്വിരാജ് - രഞ്ജിത്ത് ടീമിന്റെ ‘തിരക്കഥ’; മധുപാല്‍ ആദ്യമായി സംവിധാനം നിര്‍വ്വഹിച്ച ‘തലപ്പവ്’; സുരേഷ് ഗോപിയുടെ ‘താവളം’ എന്നിവയാണ് ഈ ഓണക്കാലത്ത് തിയ്യേറ്ററുകളിലെത്തിയത്.

ഈ കൊല്ലത്തെ മികച്ച ഓണച്ചിത്രമായി ‘ചിത്രവിശേഷം’ വായനക്കാര്‍ പോളിലൂടെ തിരഞ്ഞെടുത്തത്, ‘തിരക്കഥ’യെയാണ്. 46% വായനക്കാരുടെ വോട്ടുകള്‍ നേടിയാണ് ഈ ചിത്രം ഒന്നാമതെത്തിയിരിക്കുന്നത്. പൂര്‍ണ്ണമായ ഫലം ചുവടെ:

ആകാശഗോപുരം ................ : 19 (11%)
തിരക്കഥ ......................... : 75 (46%)
തലപ്പാവ് ......................... : 58 (36%)
താവളം ........................... : 8 (5%)
ആകെ ........................... : 160

Malayalam Onam Releases 2008 - Chithravishesham Poll Results.

കഥയുടെ വൈകാരിക മൂല്യവും, മാളവികയായുള്ള പ്രിയമണിയുടെ മികച്ച അഭിനയവുമാവണം ഈ സിനിമയെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാക്കിയത്. നായകനായെത്തുന്ന പൃഥ്വിരാജിനോ, വളരെ പ്രാധാന്യമുള്ള ഒരു കഥാപാത്രമായെത്തിയ അനൂപ് മേനോനോ ചിത്രത്തില്‍ തിളങ്ങുവാന്‍ കഴിഞ്ഞില്ല. സ്ത്രീകഥാപാത്രത്തിന് പ്രാധാന്യമുള്ള, പുതുമയുള്ള ഒരു പ്രമേയം അവതരിപ്പിക്കുവാന്‍ രഞ്ജിത്തിന് കഴിഞ്ഞുവെങ്കിലും; മികച്ചൊരു ചിത്രമായി അവതരിപ്പിക്കുവാനായില്ല. ഈ കുറവിനെ മറികടന്നും ചിത്രത്തിനു ബോക്സ്-ഓഫീസില്‍ വിജയിക്കുവാനായി എന്നത് രഞ്ജിത്തിനെ സന്തോഷിപ്പിക്കുന്നുണ്ടാവണം.

മധുപാല്‍ സംവിധാനം നിര്‍വ്വഹിച്ച ‘തലപ്പാവാ’ണ് പോളില്‍ രണ്ടാമതെത്തിയത്. ബാബു ജനാര്‍ദ്ദനന്റെ മികച്ച തിരക്കഥയും, മധുപാലിന്റെ സംവിധാനമികവും ചിത്രത്തെ ശ്രദ്ധേയമാക്കി. ലാലിന്റെ പോലീസുകാരനായുള്ള അഭിനയവും മികച്ചു നിന്നു. പ്രിഥ്വിരാജിന് ഇതിലും കാര്യമായി എന്തെങ്കിലും ചെയ്യുവാനുണ്ടായിരുന്നില്ല. വിനോദമൂല്യം അത്രയൊന്നും അവകാശപ്പെടുവാനില്ലാത്തതിനാലാവണം ഈ ചിത്രത്തിന് മുന്നിലെത്തുവാന്‍ കഴിയാതിരുന്നത്.

കെ.പി. കുമാരന്റെ സംവിധാനത്തില്‍, മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ‘ആകാശഗോപുരം’ സാങ്കേതികമായി നിലവാരം പുലര്‍ത്തിയെങ്കിലും, കലാപരമായി തൃപ്തികരമായിരുന്നില്ല. 19 (11%) വോട്ടു നേടി മൂന്നാംസ്ഥാനത്തെത്തിയത് ഈ ചിത്രമാണ്. സുരേഷ്ഗോപിയുടെ ‘താവള’ത്തിന് 8 വോട്ടുകള്‍ നേടുവാനായി എന്നത് അത്ഭുതകരമായി തോന്നുന്നു!

മായാബസാര്‍’, ‘ഗുല്‍മോഹര്‍’‍, ‘കുരുക്ഷേത്ര’ എന്നീ ചിത്രങ്ങള്‍ റമദാനാണ് റിലീസ് നിശ്ചയിച്ചിരുന്നതെങ്കിലും; പല കാരണങ്ങളാല്‍ വൈകിയാണ് റിലീസ് ചെയ്യപ്പെട്ടത്. 2008-ല്‍ അവശേഷിക്കുന്ന രണ്ട് മാസങ്ങളില്‍ കൂടുതല്‍ മികച്ച ചിത്രങ്ങള്‍ കാണുവാന്‍ കഴിയുമെന്ന് പ്രത്യാശിക്കാം.

Description: Malayalam Onam Releases - Poll Result. Akasagopuram, Thirakkatha, Thalappavu and Thavalam were the films participated in the Poll. Thirakkatha directed by Ranjith, starring Prithviraj, Priyamani, Anoop Menon, Samvritha Sunil etc in the lead roles came on top. Madhupal's first film, Thalappavu; starring Prithviraj, Lal, Dhanya Mary Varghese, Athul Kulkarni etc. came in the second place. Mohanlal starrer Akasagopuram came on third place and Suresh Gopi's Thavalam scored last. Chithravishesham / Chitravishesham Poll Result - Onam Releases - 2008. Film Analysis by Hareesh N. Nampoothiri aka Haree | ഹരീ.
--

7 comments :

 1. ചില സാങ്കേതിക കാരണങ്ങളാല്‍ ചിത്രവിശേഷം നടത്തിയ “മലയാളിയുടെ ഓണച്ചിത്രങ്ങളില്‍ മികച്ചതേത്?” എന്ന പോളിന്റെ ഫലം അല്പം വൈകി... പോള്‍ ഫലങ്ങളുമായി ചിത്രവിശേഷം വീണ്ടും.
  --

  ReplyDelete
 2. തലപ്പാവ്‌ ആര്‍ക്കും ദഹിക്കാതെ പോയതെന്തെ എന്നൊരു ചോദ്യം അവശേഷിക്കുന്നു. ആളുകള്‍ക്കു മാത്രമല്ല, തീയേറ്റര്‍ ഉടമകള്‍ക്കും അതു ദഹിച്ചില്ല എന്നതാണ്‌ സത്യമെന്നു തോന്നുന്നു. ഒരാഴ്ചയില്‍ കൂടുതല്‍ എവിടേയും ഓടിയില്ല. ഇനി സി.ഡി ഇറങ്ങുന്നതു വരെ കാത്തിരിക്കണം.

  ReplyDelete
 3. അപ്പോൾ തിരക്കഥക്കു തന്നെയാ മാർക്കറ്റ്,ല്ലേ?
  അത്ര മികച്ചതായി ഒരു ചിത്രവും ഇത്തവണത്തെ ഓണത്തിനു വന്നതായി തോന്നിയില്ല.മൂ‍ക്കില്ലാരാജ്യത്തെ മുറിമൂക്കുകൾ...

  ReplyDelete
 4. രണ്ടു പാരഗ്രാഫുകള്‍ ആവര്‍ത്തിക്കുന്നുണ്ട്..ഒന്നു ശ്രദ്ധിക്കുമല്ലോ..

  ReplyDelete
 5. പോള്‍ എന്നുള്ളതിന്റെ മലയാളം എന്താ?

  ReplyDelete
 6. ഹരി എന്ത് പറ്റി ? ട്വന്റി-20 കണ്ടില്ലേ ? അതിന്റെ റിവ്യൂ വളരെ താമസിക്കുന്നല്ലോ ?

  ReplyDelete
 7. @ പിള്ളാച്ചന്‍,
  ചോദ്യത്തില്‍ തന്നെയുണ്ടല്ലോ ഉത്തരം. ആളുകള്‍ക്ക് ദഹിക്കാത്തത്, തിയ്യേറ്റര്‍ ഉടമകള്‍ക്കും ദഹിക്കില്ലല്ലോ! ആളുകള്‍ക്ക് ദഹിക്കാത്തതെന്തെന്ന് വിശേഷത്തിലുമുണ്ട്. :-)

  @ വികടശിരോമണി,
  :-) അങ്ങിനെ കുറച്ചു കാണേണ്ടതില്ല. തിരക്കഥയും, തലപ്പാവുമൊക്കെ നല്ല ചിത്രങ്ങളായി തന്നെയാണ് എനിക്ക് അനുഭവപ്പെട്ടത്.

  @ മേരിക്കുട്ടി(marykutty)
  നന്ദി. :-)

  @ വാല്‍മീകി,
  :-) പോള്‍ എന്നു തന്നെ. (സമ്മതിദാനപ്രക്രിയ എന്നോ മറ്റോ പറയേണ്ടി വരുമായിരിക്കും, ശരിക്കുള്ള അര്‍ത്ഥം കിട്ടുവാന്‍!)

  @ bmk,
  :-) ചില പ്രത്യേക കാരണങ്ങളാല്‍, കാഴ്ച അല്പം വൈകും! (കാണാഞ്ഞിട്ട് എനിക്കും ഇരിപ്പുറക്കുന്നില്ല, ബട്ട് എന്തു ചെയ്യാം...)-:])
  --

  ReplyDelete