മായാബസാര്‍ (MayaBazaar)

Published on: 10/06/2008 09:49:00 AM
MayaBazaar - Directed by Thomas Sebastian; Story by Govind Ramdas; Screenplay by T.A. Razaq; Starring Mammootty, Sheela, Tisca Chopra, Kalabhavan Mani, Suraj Venjarammood, Rajan P. Dev, T.G. Ravi, Lalu Alex, Biju Kuttan, Sai Kumar, Salim Kumar.
തോമസ് സെബാസ്റ്റ്യന്റെ ആദ്യ സംവിധാന സംരംഭമാണ്, മമ്മൂട്ടി നായകനാവുന്ന ‘മായാബസാര്‍’. ഗോവിന്ദ് രാംദാസിന്റെ കഥയ്ക്ക്; ടി.എ. റസാഖ് തിരക്കഥയും, സംഭാഷണവും തയ്യാറാക്കിയിരിക്കുന്നു. ഷീല, ടിസ ചോപ്ര എന്നിവര്‍ നായികമാരായെത്തുന്ന ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത് സജി എസ്. മംഗലത്ത്. റമദാന്‍ ചിത്രമായി തിയേറ്ററുകളിലെത്തിയ ഈ ചിത്രത്തിന് മമ്മൂട്ടിയുടെ കടുത്ത ആരാധകരെപ്പോലും തൃപ്തിപ്പെടുത്തുവാന്‍ കഴിയുമോ എന്ന് സംശയമാണ്.

‘മായാബസാറി’ല്‍ പഴയവണ്ടികള്‍ പൊളിച്ചു വിറ്റ് ഉപജീവനം നടത്തുന്ന കൂട്ടരാണ് രമേശനും(മമ്മൂട്ടി) സംഘവും(സുരാജ് വെഞ്ഞാറമ്മൂട്, ബിജുകുട്ടന്‍, സലിം കുമാര്‍). ബസാറില്‍ തന്നെയുള്ള മായ(ഷീല) എന്ന പെണ്‍കുട്ടിക്ക് രമേശനോട് കടുത്ത പ്രണയമാണ്. രമേശനാവട്ടെ അങ്ങിനെയൊരു താത്പര്യം ആ കുട്ടിയോടില്ല താനും! ബസാറില്‍ തന്നെയുള്ള ഭദ്രനാണ്(കലാഭവന്‍ മണി) ബസാറിലെ രമേശന്റെ പ്രധാന എതിരാളി. ഭദ്രന് മായയോട് ഇഷ്ടമുണ്ട്, ഭദ്രന്റെ സ്ഥലത്ത് കുടികിടപ്പുകാരാണ് മായയും അമ്മയും. രമേശന്‍ അവരുടെ രക്ഷകനും. ഇതു മാത്രമല്ല, ആശുപത്രിയില്‍ ആഹാരവിതരണം, പ്രശ്നങ്ങള്‍ക്ക് മദ്ധ്യസ്ഥത പറയല്‍ ഇതൊക്കെയുള്ള ഒരു സല്‍‌പുരുഷനാണ് രമേശന്‍. ഒരു ദിവസം, മായാബസാറിനരികെ ഒരു കാര്‍ അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെടുന്നു. അത്ഭുതമെന്നു പറയട്ടെ, അപകടത്തില്‍ മരിച്ചയാള്‍ക്ക് രമേശന്റെ അതേ ഛായ!

ആദ്യ സംവിധാനസംരംഭമെന്ന നിലയില്‍, മോശമല്ലാതെ തോമസ് സെബാസ്റ്റ്യന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മനോജ് പിള്ളയുടെ ക്യാമറ, പ്രശാന്ത് മാധവന്റെ കലാസംവിധാനം, ബിജിത്ത് ബാലയുടെ ചിത്രസംയോജനം ഇതൊക്കെയാണ് ‘മായാബസാറി’ന് ജീവന്‍ നല്‍കുന്നത്; കൂട്ടത്തില്‍ മമ്മൂട്ടിയുടേയും, കലാഭവന്‍ മണിയുടേയും, മറ്റ് അഭിനേതാക്കളുടേയും സ്വാഭാവികമായ പാത്രാവതരണവും. രമേശന്റെ രൂപഭാവാദികള്‍, തകരവിറ്റു ജീവിക്കുന്നവനാണെന്നത് മറന്നാല്‍, കാഴ്ചയ്ക്ക് കൊള്ളാം. മമ്മൂട്ടിയുടെ ചുവടുകള്‍ക്ക് നൃത്തത്തിന്റെ ഛായയൊക്കെ തോന്നിക്കുമെന്നതും എടുത്തു പറയാവുന്നതാണ്. വയലാര്‍ ശരത്ചന്ദ്രവര്‍മ്മ എഴുതി, രാഹുല്‍ രാജ് സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങള്‍ ചിത്രത്തിനൊരു ഉത്സവപ്രതീതി നല്‍കുന്നുണ്ട്. ശ്രീനിവാസന്‍, സുജാത എന്നിവര്‍ ആലപിക്കുന്ന “മിഴിയില്‍, മിഴിയില്‍...” എന്നഗാനം കൂടുതല്‍ മികച്ചു നില്‍ക്കുന്നു.

രമേശനെന്ന കഥാപാത്രത്തെ സൃഷ്ടിച്ചെടുക്കുവാനാണ് ഇടവേളവരെയുള്ള സമയം സംവിധാ‍യകന്‍ ഉപയോഗിച്ചിരിക്കുന്നത്. അതാവട്ടെ കണ്ടുമടുത്ത കുറേയധികം കെട്ടുകാഴ്ചകളിലൂടെയും. മായാബസാറിലെന്നല്ല, കേരളക്കരയില്‍ പോലും രമേശന്റെയത്രയും സൌന്ദര്യമുള്ളയൊരാളില്ല എന്നോക്കെ പറഞ്ഞാണ് മായ പിറകേ നടക്കുന്നത്! കഥയുടെ പകുതിയില്‍ കൊണ്ടുവന്ന ട്വിസ്റ്റ്, രസകരമായി തോന്നി. എന്നാലത് വികസിപ്പിച്ചു വന്നപ്പോള്‍ പിന്നെയും ‘ശങ്കരന്‍ തെങ്ങില്‍ തന്നെ’. ടി.എ. റസാഖിന്റെ സമീപകാല തിരക്കഥകള്‍ കണ്ടാല്‍, ആദ്യം എഴുതിയ തിരക്കഥകളൊക്കെ അദ്ദേഹത്തിന്റെ തന്നെയായിരുന്നോ എന്ന് ആരും സംശയിച്ചു പോവും. ഗോവിന്ദ് രാംദാസിന്റെ കഥയെ, സിനിമയായി എഴുതുവാന്‍ റസാഖിനെ ഉപയോഗിച്ചതാണ് സംവിധായകന്‍ ചെയ്ത വലിയ പിഴ. ഒരുപക്ഷെ, ഇതിന്റെ കഥയെയൊരു നല്ല തിരക്കഥയായി വികസിപ്പിച്ചിരുന്നെങ്കില്‍, മികച്ചൊരു ചിത്രമായി ‘മായാബസാറി’നെ മാറ്റുവാന്‍ തോമസ് സെബാസ്റ്റ്യനു സാധിക്കുമായിരുന്നു.

എന്തിനാണ് ഈ കഥയില്‍ ഇത്രയേറെ അഭിനേതാക്കളെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല. മലയാളത്തിലെ എല്ലാ നടന്മാരെയും വിളിച്ചു കാശുകൊടുക്കുക എന്നതായിരുന്നു നിര്‍മ്മാതാവിന്റെ ഉദ്ദേശമെന്നു തോന്നുന്നു. അതിനപ്പുറം ഒരു ലക്ഷ്യം ഈ ചിത്രമെടുക്കുമ്പോള്‍ നിര്‍മ്മാതാവിന് ഉണ്ടായിരുന്നെന്നു കരുതുവാന്‍ വയ്യ. ചിത്രം ഇറങ്ങുന്നതിനു മുന്‍പ് തമാശയായി(?) വന്ന ഒരു എസ്.എം.എസ്. പറഞ്ഞ് ഈ വിശേഷം അവസാനിപ്പിക്കാം. നിങ്ങള്‍ക്ക് ആത്മഹത്യ ചെയ്യണമെങ്കില്‍ വിഷത്തിന് അന്‍പതു രൂപയാവും, പെട്രോളിന് അന്‍പത്തിമൂന്ന്, കയറിന് നാല്പത്തിയഞ്ചും; അല്പം കാത്തിരിക്കുക, മമ്മൂട്ടിയുടെ/മോഹന്‍ലാലിന്റെ മായാബസാറും/കുരുക്ഷേത്രയും ഒക്ടോബര്‍ രണ്ടിനെത്തുന്നു; മുടക്കേണ്ടത് ഇരുപത്തിയഞ്ച് രൂപ മാത്രവും! ചിത്രം കണ്ടിറങ്ങുന്ന ഒരു ശരാശരി പ്രേക്ഷകന്റെ മാനസികാവസ്ഥ ഇതില്‍ നിന്നും ഏറെയൊന്നും വ്യത്യസ്തമാവുമെന്നു തോന്നുന്നില്ല!!!

Description: MayaBazaar (MayaBazar, Maya Bazar, Maya Bazaar) - Directed by Thomas Sebastian, Story by Govind Ramdas, Screenplay by T.A. Razaq. Starring Mammootty, Sheela, Tisca Chopra, Kalabhavan Mani, Suraj Venjarammood, Rajan P. Dev, T.G. Ravi, Lalu Alex, Biju Kuttan, Sai Kumar, Salim Kumar. Camera by Manoj Pillai, Art Direction by Prasanth Madhavan and Editing by Bijith Bala. Lyrics by Vayalar Sarath Candra Varma and Music by Rahul Raj; Malayalam Film (Cinema/Movie) Review by Hareesh N. Nampoothiri aka Haree | ഹരീ. Octobar Release/Eid Release/Ramadan Release 2008.
--

9 comments :

 1. മമ്മൂട്ടിയുടെ റമദാന്‍ ചിത്രമായ ‘മായാബസാറി’ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
  --

  ReplyDelete
 2. :)

  did you see "A Wednesday"?
  Kandillenkil kaananam, abhiprayavum ezhuthanam. I think that movie deserves to be here...

  All the best!

  ReplyDelete
 3. ഇട്ടിമാളൂ

  എല്ലാം ഹരിയുടെ പിടലിക്ക്‌ വയ്ക്കാതെ ഒനെന്‍ങ്കിലും ആദ്യം കാണൂ. ഹരിയെന്താ ഗിനി പന്നിയോ ?

  ReplyDelete
 4. കിരണ്‍.. ഞാന്‍ കണ്ടു.. റിലീസിങ് ഷോ..

  ReplyDelete
 5. @ Santosh,
  ഞാനും കേട്ടിരുന്നു, 'A Wednesday'-യെക്കുറിച്ച്. കേരളത്തില്‍ ഇറങ്ങിയിട്ടില്ല ഇതുവരെ. കാണുവാന്‍ ശ്രമിക്കുന്നതാണ്. പക്ഷെ, അത്രയും വൈകി ഇവിടെ ഇട്ടിട്ട് കാര്യമുണ്ടോ! നന്ദി. :-)

  @ കിരണ്‍ തോമസ് തോമ്പില്‍.
  :-) കത്ത് കണ്ടിരുന്നില്ല, ലിങ്കിനു നന്ദി. പിന്നെ, ഇവിടെ നൃത്തത്തിന്റെ കാര്യം “മമ്മൂട്ടിയുടെ ചുവടുകള്‍ക്ക് നൃത്തത്തിന്റെ ഛായയൊക്കെ തോന്നിക്കുമെന്നതും എടുത്തു പറയാവുന്നതാണ്.” അല്പം സര്‍ക്കാസ്റ്റിക്കായി എഴുതിയതാണേ... അതാണല്ലോ കത്തിലെ പ്രധാന പ്രശ്നം. പഴയ സിനിമകളിലേ മമ്മൂട്ടിയുടെ നൃത്തച്ചുവടുകളെ അപേക്ഷിച്ച്, പുള്ളി ഇമ്പ്രൂവ് ചെയ്തിട്ടുണ്ട്. :-P :-D

  ഇട്ടിമാളു, എന്നേക്കാള്‍ മുന്‍പേ, എന്നേക്കാള്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണുന്ന പാര്‍ട്ടിയാന്നേ... ടിക്കറ്റും പെട്ടെന്ന് കിട്ടും, സ്ത്രീകള്‍ക്കുള്ള ക്യൂവില്‍ ആളുണ്ടാവില്ലേ... ;-) എന്നാലും എന്നെ അങ്ങിനെ വിളിക്കേണ്ടായിരുന്നു... :‌-(

  @ ഇട്ടിമാളു,
  എന്നിട്ടോ? അഭിപ്രായം? :-)
  --

  ReplyDelete
 6. കണ്ടില്ല... ഇതൊക്കെ വായിച്ചിട്ട്‌ എങ്ങനെയാ മനസമാധാനത്തോടെ കാണാന്‍ പോകുക? മറ്റൊരു ദുരന്തം എന്നു കേള്‍ക്കുന്നു... തീയേറ്ററുകളില്‍ ഇപ്പോഴും ഇതോടുന്നത്‌ തന്നെ ഒരു മഹാത്ഭുതം...

  @ കിരണ്‍,

  മമ്മൂട്ടിക്കുള്ള തുറന്ന കത്തിനെതിരെ ഫാന്‍സ്‌ അസോസിയേഷന്‍ പരാതി നല്‍കിയ വാറ്‍ത്ത വായിച്ചില്ലെ...? അതു പ്രചരിപ്പിക്കുന്നവറ്‍ക്കെതിരേയും നടപടി എടുക്കണം എന്നതാണ്‌ അവരുടെ ആവശ്യം... സൂക്ഷിക്കണേ....

  ReplyDelete
 7. ഈയിടെ മാതൃഭൂമിയില്‍ മലയാള സിനിമയുടെ ആരാധകനായ ഒരു തമിഴ് സം‌വിധായകന്‍ എഴുതിയിരുന്നത് പെട്ടെന്ന് ഓ‌ര്‍മ്മയില്‍ വന്നു; " ഇത്രയും കഴിവുള്ള മമ്മൂട്ടിയും മോഹന്‍ ലാലുമൊക്കെ ആ തട്ടുപോളിപ്പന്‍ അടിപ്പടങ്ങളില്‍ അഭിനയിച്ച് അവരുടെ വില കളയുകയാണ്. അതൊക്കെ ചെറുപ്പക്കാരായ പിള്ളേര് ചെയ്യട്ടേന്ന് വിചാരിക്കണം."

  ReplyDelete