മലയാളിയുടെ കര്‍ക്കിടകച്ചിത്രങ്ങള്‍

Published on: 9/01/2008 07:14:00 AM
ChithraVishesham Poll Results: June, July, August Releases 2008.
കർക്കിടകത്തിനു മുൻപിറങ്ങിയ ‘വൺ‍വേ ടിക്കറ്റ്’ മുതൽ ‘ആയുധം’ വരെ പത്തിനു മേൽ മലയാളസിനിമകളാണ് ഈ വർഷം ഓണത്തിനു തൊട്ടുമുൻപുള്ള മാസങ്ങളിൽ പുറത്തിറങ്ങിയത്. ഇവയിൽ പൃഥ്വിരാജ് ചിത്രമായ ‘വൺ‍വേ ടിക്കറ്റ്’, സുകുമാരി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ‘മിഴികൾ സാക്ഷി’, മോഹൻലാൽ - ഉണ്ണികൃഷ്ണൻ ബി. കൂട്ടുകെട്ടിൽ പിറവിയെടുത്ത ‘മാടമ്പി’, യുവതാരങ്ങളെവെച്ച് കമൽ സം‍വിധാനം ചെയ്ത ‘മിന്നാമിന്നിക്കൂട്ടം’, എം. പത്മകുമാറിന്റെ സം‍വിധാനത്തിൽ മമ്മൂട്ടിയുടെ ‘പരുന്ത്’, രൂപേഷ് പോളിന്റെ ‘മൈ മദേഴ്സ് ലാപ്‍ടോപ്പ്’ എന്നിവയെ ഉൾപ്പെടുത്തി ‘ചിത്രവിശേഷം’ നടത്തിയ പോളിന്റെ വിശേഷങ്ങളാണിവിടെ കുറിക്കുന്നത്.

പോൾ ഫലം
ChithraVishesham Poll Results.ചിത്രവിശേഷത്തിൽ ഏറ്റവും കൂടുതൽ പേർ വോട്ടുചെയ്ത ഒരു പോളായിരുന്നു ഇത്. ആകെ പോൾ ചെയ്ത 459 വോട്ടുകളിൽ 44%(205) വോട്ടു നേടി ‘പരുന്ത്’ ഒന്നാമതെത്തി. 42%(194) വോട്ടു നേടി ‘മാടമ്പി’ തൊട്ടുപിന്നിലുണ്ട്. ചിത്രവിശേഷം 4/10 റേറ്റിംഗ് നൽകിയ ‘മിഴികൾ സാക്ഷി’(5%, 26), ‘മിന്നാമിന്നിക്കൂട്ടം’(3%, 14) എന്നിവ യഥാക്രമം മൂന്നും, നാലും സ്ഥാനത്തെത്തി. 2/10 റേറ്റിംഗ് ലഭിച്ച ചിത്രങ്ങളായ ‘മൈ മദേഴ്സ് ലാപ്‍ടോപ്പ്’(2%, 12), ‘വൺ‍വേ ടിക്കറ്റ്’(1%, 8) എന്നിവയാണ് അവസാന സ്ഥാനങ്ങളിൽ

Vote for Parunthu - Orkut Community Post.പോൾ ഫലത്തിൽ നിന്നും ‘പരുന്തി’നേയും, ‘മാടമ്പി’യേയും ഒഴിവാക്കാം. ആ സിനിമകളുടെ ഗുണം കൊണ്ടൊന്നുമല്ല അത്രയും വോട്ടുകൾ അവ നേടിയെടുത്തതെന്ന കാര്യം വ്യക്തമാണ്. ആരാധകരുടെ ശക്തിപരീക്ഷണം മാത്രമാണ് ആ ഫലങ്ങളിൽ പ്രതിഫലിക്കുന്നത്. ഓർക്കുട്ടിലെ കമ്മ്യൂണിറ്റികളിലും, ചില ഫോറങ്ങളിലും വോട്ട് ചെയ്യുവാൻ ആഹ്വാനം ചെയ്തുകൊണ്ടുള്ള ലിങ്കുകൾ പോലും കാണുകയുണ്ടായി. ‘മാടമ്പി’യും, ‘പരുന്തും’ മാറി മാറി ഒന്നാം സ്ഥാനത്ത് എത്തിക്കൊണ്ടിരുന്നു; പോൾ അവസാനിച്ചപ്പോൾ ലീഡ് ‘പരുന്തി’നായെന്നു മാത്രം. പോൾ ഫലം എന്തു തന്നെയായാലും, റിലീസ് ചെയ്ത കേന്ദ്രങ്ങളിൽ ചിലയിടത്തെങ്കിലും ഇപ്പോളും പ്രദർശനത്തിനുള്ളത് ‘മാടമ്പി’ മാത്രമാണെന്ന സത്യം അവശേഷിക്കുന്നു.

മമ്മൂട്ടിയുടെ കടുത്ത ആരാധകന്റെ കഥ പറയുന്ന ‘വൺ‍വേ ടിക്കറ്റി’ന്‌ കാര്യമായ പ്രേക്ഷകപിന്തുണ തിയേറ്ററുകളിൽ ലഭിക്കുകയുണ്ടായില്ല. ബിപിൻ പ്രഭാകരന്റെ കത്തിയുടെ മൂർച്ച നോക്കുവാനായി ഇരുന്നു തരുവാൻ മലയാളിപ്രേക്ഷകർ തയ്യാറായില്ല എന്നുവേണം കരുതുവാൻ. ഇത്തരം തരികിട ചിത്രങ്ങൾ ഇനി മലയാളത്തിലിറങ്ങുകയില്ലെന്ന് പ്രത്യാശിക്കാം. ‘മാടമ്പി’യും, ‘പരുന്തും’ ഒഴിവാക്കിയാൽ മിച്ചം ലഭിക്കുന്ന അറുപത് വോട്ടിൽ, എട്ടെണ്ണം(13%) നേടുവാനേ ഈ ചിത്രത്തിനു കഴിഞ്ഞുള്ളൂ.

രൂപേഷ് പോളിന്റെ പ്രഥമചലച്ചിത്ര സം‍രംഭമായ ‘മൈ മദേഴ്സ് ലാപ്‍ടോപ്പ്’ പന്ത്രണ്ട് വോട്ടുകൾ(20%) നേടി മൂന്നാം സ്ഥാനത്തെത്തി. മലയാളിയുടെ സിനിമാസ്വാദനം ശരിയായ രീതിയിലല്ലാത്തതിനാലാണ് തന്റെ ചിത്രം പരാജയപ്പെട്ടതെന്ന് രൂപേഷ് പോൾ ഒരു പ്രമുഖ വാരികയിൽ വന്ന ലേഖനത്തിൽ പറയുകയുണ്ടായി. കൈരോട്ടമിയും, കുറോസാവയും എന്തിന് അടൂരും ക്യാമറ ചലിപ്പിക്കാതെ വെച്ചാൽ ‘ഹോ! ഹോ!’; രൂപേഷ് പോൾ അങ്ങിനെ ചെയ്താൽ ‘ഹേ! ഹേ!’ എന്നരീതിയിലുള്ള സം‍വിധായകന്റെ പരിഭവമായിരുന്നു ലേഖനം മുഴുവൻ. ലേഖനം അവസാനിക്കുന്നത്, താനിനി അവാർഡ് പടം പിടിക്കില്ലെന്നും പറഞ്ഞാണ്. അപ്പോൾ ഒരു അവാർഡ് പടമെടുക്കുകയായിരുന്നു ലക്ഷ്യം, നല്ല സിനിമ ആയിരുന്നില്ല. ചിത്രവിശേഷത്തിൽ നേരത്തേ സൂചിപ്പിച്ചതു പോലെ; അവാർഡ് ചിത്രത്തിന്റെ ലക്ഷണങ്ങള്‍ എന്ന രീതിയില്‍ എന്തെങ്കിലും ധാരണകള്‍ രൂപേഷിനുണ്ടെങ്കില്‍ അവ അടുത്ത ചിത്രത്തിലെങ്കിലും മാറ്റിവെയ്ക്കുക; അവ മിക്കതും അബദ്ധധാരണകളാണെന്നതിന് ഈ ചിത്രം സാക്ഷി.

ഒരു കമൽ ചിത്രമെന്ന പ്രതീക്ഷയിൽ പോയാൽ നിരാശപ്പെടുത്തുമെങ്കിലും, ‘മിന്നാമിന്നിക്കൂട്ടം’ ഇറങ്ങിയവയുടെ കൂട്ടത്തിൽ മികച്ചു നിൽക്കുന്നു. അറുപത് വോട്ടുകളിൽ പതിനാലെണ്ണം(23%) നേടിയാണ് ഈ ചിത്രം പ്രേക്ഷകരുടെ വോട്ടെടുപ്പിൽ രണ്ടാമതെത്തിയിരിക്കുന്നത്. അല്പം കൂടി ശ്രദ്ധിച്ചിരുന്നുവെങ്കിൽ, നല്ലൊരു ചിത്രമായി പ്രേക്ഷകരുടെ മനസിൽ ഇടം നേടുവാൻ ഈ ചിത്രത്തിനാവുമായിരുന്നു. പറഞ്ഞിട്ടെന്തു കാര്യം, പോയ ബുദ്ധി പിടിച്ചാൽ കിട്ടില്ലല്ലോ!!!

സാധാരണ മലയാളത്തിലിറങ്ങുന്ന ചിത്രങ്ങളിൽ നിന്നും തികച്ചും വിഭിന്നമായ ഒരു ചിത്രമായിരുന്നു അശോക് ആർ. നാഥ് സം‍വിധാനം ചെയ്ത ‘മിഴികൾ സാക്ഷി’. കൂനിയമ്മയായി സുകുമാരിയുടെ അഭിനയം പ്രേക്ഷകരുടെ ശ്രദ്ധയും, പ്രശംസയും നേടിയെടുത്തു. മോഹൻലാലിന്റെ സാന്നിധ്യം ചിത്രത്തിൽ വേണ്ടും വണ്ണം ഉപയോഗിക്കുവാൻ കഴിയാഞ്ഞത് ചിത്രത്തിന്റെ ഒരു പോരായ്മയായി. അദ്ദേഹം അവതരിപ്പിച്ച കഥാപാത്രത്തിന് വേണ്ടുന്ന പ്രാധാന്യം നൽകുവാനോ, കഥാപാത്രത്തിന് വ്യക്തിത്വം നൽകുവാനോ തിരക്കഥാകൃത്തായ അനിൽ മുഖത്തലയ്ക്ക് കഴിഞ്ഞില്ല. കൂടുതൽ മികച്ച സിനിമകളുമായെത്തുവാൻ സം‍വിധായകനും, തിരക്കഥാകൃത്തിനും കഴിയുമെന്നു തന്നെ കരുതാം. പ്രേക്ഷകരുടെ വോട്ടെടുപ്പിൽ, അറുപതിൽ ഇരുപത്തിയാറ്‌ വോട്ട്(43%) നേടിയ ഈ ചിത്രമാണ് ചിത്രവിശേഷത്തിന്റെ കർക്കിടക ചിത്രങ്ങൾക്കായുള്ള പോളിൽ ഒന്നാമതെത്തിയിരിക്കുന്നത്.

ഈ ചിത്രങ്ങൾക്കു പുറമേ, ‘വെറുതേ ഒരു ഭാര്യ’, ‘ആയുധം’ എന്നീ ചിത്രങ്ങൾ കൂടി കർക്കിടകമാസത്തിൽ പുറത്തിറങ്ങുകയുണ്ടായി. പോളിൽ ഉണ്ടായിരുന്നുവെങ്കിൽ, ‘വെറുതേ ഒരു ഭാര്യ’ ഒന്നാം സ്ഥാനവും, ‘ആയുധം’ അവസാനസ്ഥാനവും കരസ്ഥമാക്കുവാനായിരുന്നു സാധ്യത. ഓണച്ചിത്രങ്ങളിൽ മോഹൻലാലിന്റെ ‘ആകാശഗോപുരം’ തിയേറ്ററിൽ എത്തിക്കഴിഞ്ഞു, ഗൌരവത്തോടെ സിനിമയെ സമീപിക്കുന്നവരെപ്പോലും തൃപ്തിപ്പെടുത്തുവാൻ ഈ ചിത്രത്തിനു കഴിയുന്നില്ല. ഇനിയും പുറത്തിറങ്ങുവാനിരിക്കുന്ന, ഓണച്ചിത്രങ്ങൾ കൂടുതൽ മെച്ചപ്പെട്ടതാവുമെന്ന ശുഭപ്രതീക്ഷയിൽ, നമുക്ക് കാത്തിരിക്കാം.Description: ChithraVishesham poll results for June, July, August Malalam Film releases. One Way Ticket, Mizhikal Sakshi, Madambi, Minnaminnikkoottam, Parunthu, and My Mother's Laptop were included in the poll. Poll analysis by Hareesh N. Nampoothiri aka Haree | ഹരീ.
--

13 comments :

 1. സമകാലീന മലയാള സിനിമകളെ (ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ പുറത്തിറങ്ങിയ ആറു ചിത്രങ്ങൾ) ഉൾപ്പെടുത്തി, ചിത്രവിശേഷം നടത്തിയ പോൾ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
  --

  ReplyDelete
 2. "വെറുതെ ഒരു ഭാര്യ" പോളില്‍ ഉണ്ടായിരുന്നു എങ്കില്‍ ഒന്നാം സ്ഥാനം നേടിയേനെ ... രണ്ടാം സ്ഥാനം ഞാന്‍ മാടമ്പിക്ക് കൊടുക്കും .. "ആകാശഗോപുരം" കണ്ടിട് ഒരു സിനിമാറ്റിക്‌ ഡ്രാമ പോലെ ആണ് തോന്നിയത് .. മിഴികള്‍ സാക്ഷി’ കാണാന്‍ അവസരം ലഭിച്ചില്ല ...
  "മിന്നാമിന്നിക്കൂട്ടം" എനിക്ക് അത്ര നല്ല സിനിമ ആയി തോന്നിയില്ല ..

  ഹരി , ഈ വര്‍ഷത്തെ (ഇതുവരെ ഇറങ്ങിയ ) മുഴുവന്‍ ചിത്രങ്ങളും ചേര്ത്തു ഒരു പോള്‍ നടത്തു ....

  ReplyDelete
 3. ഞാന്‍ അവസാനം തീയറ്ററില്‍ കണ്ട മലയാളം സിനിമ “കോളേജ് കുമാരന്‍” ആണ്..

  ദാ ഈ പോളൊക്കെ കാണുമ്പോള്‍ മനസിലാവും എന്താ മലയാളം പടം കാണാത്തതെന്ന്.. വെറുതെ ഒരു ഭാര്യ കണ്ടാല്‍ കൊള്ളാമെന്നുണ്ട്.. സമയം കിട്ടുമോ എന്നാണ് സംശയം.. ഓണത്തിന് വേറെ ഏതൊക്കെ സിനിമകള്‍ ഉണ്ട്?? എന്തെങ്കിലും ഐഡിയ?

  ReplyDelete
 4. ഓണചിത്രങ്ങളില്‍ ആദ്യമായി മമ്മൂട്ടി-മോഹന്‍ലാല്‍ പോരാട്ടം ഇല്ല. ഇത്തവണ സുരേഷ്‌ ഗോപിയുടെ ബുള്ളറ്റ്‌, താവളം എന്നി ചിത്രങ്ങളും, പൃഥ്വിരാജിണ്റ്റെ തലപ്പാവ്‌, തിരക്കഥ എന്നീ ചിത്രങ്ങളുമാണിറങ്ങുന്നത്‌. അതില്‍ തിരക്കഥയില്‍ മാത്രം പ്രതീക്ഷ വച്ചാല്‍ മതിയെന്നാണ്‌ പല പ്രിവ്യുകളും സൂചിപ്പിക്കുന്നത്‌. വെറുതെ ഒരു ഭാര്യയും തീയേറ്ററുകളില്‍ ഓടും എന്ന്‌ പ്രതീക്ഷിക്കുന്നു.... ആകാശഗോപുരത്തിന്‌ ഓണം വരെ തീയേറ്ററുകളില്‍ നില്‍ക്കാന്‍ കെല്‍പുണ്ടെന്ന്‌ തോന്നുന്നില്ല. പക്ഷേ ജയരാജിണ്റ്റെ ഗുല്‍മോഹറ്‍, ചിലപ്പോള്‍ ഒരു തരംഗം സൃഷ്ടിച്ചേക്കും....

  ഹരീ... ഗുല്‍മോഹറിണ്റ്റെ നിരൂപണം അവിടെ....? വീഡിയോ കിട്ടിക്കാണുമെന്ന്‌ കരുതുന്നു...

  ReplyDelete
 5. ആ സിനിമകൾ എല്ലാം കാണണം എന്നുണ്ട്. സാധിക്കുമോ ആവോ? കാണാതെ അഭിപ്രായം പറയുന്നത് ശരിയല്ലല്ലോ?

  ഈ പൊസ്റ്റിഗ് വളരെ പ്രയോജനപ്രധമാണ്‌. സിനിമയെക്കുറിച്ച് അത്യാവശ്യ വിവരം ലഭിക്കാൻ ഇത് സഹായകമാണ്‌.
  അഭിനന്ദനങ്ങൾ...

  ReplyDelete
 6. Haree,
  Since, I did not watch the other movies except ‘Madambi’; I could not participate in the pole. It’s pathetic to see that a bad movie like ‘Parunthu’ came first, only because a super star acted on it. It clearly shows how feeble our standard is.

  Let us pretend ourselves as the genius movie goers of India and shamelessly make fun on Tamilians ‘Star Worship’.

  ReplyDelete
 7. ഹരീ
  പോളില്‍ നിന്ന്‌ പരുന്തും മാടമ്പിയും മാറ്റിനിര്‍ത്തിക്കൊണ്ട്‌ നടത്തിയ വിലയിരുത്തല്‍ നന്നായി. മിഴികള്‍ സാക്ഷി തന്നെ ഒന്നാമതെന്ന എന്റെ നിഗമനം തെറ്റിയില്ല.
  പിന്നെ, കഴിഞ്ഞദിവസം വെറുതെ ഒരു ഭാര്യ കണ്ടു. കുടുംബസമേതമാണു പോയത്‌. എനിക്കും ഭാര്യക്കും അത്രക്കങ്ങ്‌ ഇഷ്ടപ്പെട്ടില്ല. സുഗുണന്റെ ചില സ്വഭാവങ്ങള്‍ എനിക്കു മാത്രമല്ല, എല്ലാ ഭര്‍ത്താക്കന്‍മാര്‍ക്കും ഉണ്ട്‌. എങ്കിലും യുക്തിക്കു നിരക്കാത്തത്‌ ഒത്തിരിയുണ്ട്‌ ആ സിനിമയില്‍.
  വെറുമൊരു വക്കീല്‍ ഗുമസ്ഥനായ ഇന്നസെന്റിന്‌ ആഡംബരക്കാറും ആവശ്യത്തിലധികം സ്വത്തും.
  പിണങ്ങിപ്പോയ ഭാര്യ കുറേ ദിവസത്തോളം മകളുടെ കാര്യം തിരിക്കാതിരിക്കുമെന്നത്‌ വിശ്വസിക്കാനേ വയ്യ.
  അടുക്കള അടച്ചിട്ട്‌ സമരം എന്നതിലുപരി പല സിനിമകളിലും കണ്ടിട്ടുള്ളതുപോലെ ഒരു കുടുംബവഴക്ക്‌ മാത്രമായി അത്‌ കലാശിച്ചു.
  അങ്ങനെ എത്രയെത്ര..!
  പിന്നെ, ഇന്നസെന്റ്‌, റഹ്മാന്‍, ഗണേശ്‌ എന്നിവരുടെ ഉപദേശങ്ങള്‍ ഇതിനെ പലയിടത്തും സിനിമയല്ലാതാക്കുന്നുണ്ട്‌.
  വീഗാലാന്‍ഡിലെ റൈഡില്‍ ഭാര്യയെ കയറ്റാതിരിക്കുന്നതിന്‌ ഞങ്ങള്‍ ഒരു തെറ്റും കാണുന്നില്ല. എന്റെ ഭാര്യ പറഞ്ഞത്‌, ബിന്ദുവിനെ കയറാന്‍ സമ്മതിക്കാതിരിക്കുകയും സുഗുണന്‍ കയറുകയും ചെയ്‌താല്‍ പരിഭവം ന്യായീകരിക്കാമെന്നായിരുന്നു. മാത്രമല്ല, മകളെ ഇവയിലൊക്കെ കയറാന്‍ അനുവദിക്കുന്നുമുണ്ട്‌. പെണ്ണുങ്ങളെല്ലാം കൂടി വെള്ളത്തില്‍ ചാടിത്തിമിര്‍ക്കുന്നിടത്ത്‌ ഭാര്യയെയും മകളെയും ഇറക്കിവിടാന്‍ ആത്മാഭിമാനമുള്ള ഒരു ഭര്‍ത്താവിനും സാധിക്കില്ല.
  അതുകൊണ്ട്‌ ഇതിനെ വെറുതേ ഒരു സനിമ എന്നരീതിയില്‍ മാത്രമെ എനിക്കു കാണാന്‍ പറ്റിയിട്ടുള്ളു.

  ReplyDelete
 8. @ നവരുചിയൻ,
  :-) ഇനിയിപ്പോൾ മൂന്ന് മാസം കൂടിയല്ലേയുള്ളൂ, 2008-ലെ മുഴുവൻ ചിത്രങ്ങളും ചേർത്ത് ഒരു പോളാവാമല്ലോ!

  @ കോറോത്ത്,
  എന്തേ :(?

  @ balu.....ബാലു,
  നോ ഐഡിയ! :-)

  @ ജയകൃഷ്ണൻ,
  അതുശരി! മമ്മൂട്ടിയുടെ ചിത്രമില്ലേ ഈ ഓണത്തിന്! ‘ഗുൽമോഹർ’ റിലീസ് ചെയ്തുവോ?

  @ pin,
  :-) അതുശരി. ഇത്രയുമൊക്കെ വായിച്ചിട്ടും ‘എല്ലാം’ കാണണമെന്നു തന്നെയോ? ;-) :-D

  @ dreamer,
  :-) സത്യത്തിൽ ഈ രീതിയിൽ ‘സപ്പോർട്ട്’ ചെയ്യുന്ന ആരാധകർ തന്നെയാണ് സൂപ്പർസ്റ്റാറുകളുടെ ശാപം.

  @ വക്രബുദ്ധി,
  :-) ഇന്നസെന്റിന്റെ മകനുമുണ്ടല്ലോ വരുമാനം. വെറുമൊരു വക്കീൽ ഗുമസ്തനെന്നു പറയുന്നുണ്ടോ? അത്ര ഓർമ്മ വരുന്നില്ല. മകളുടെ കാര്യം തിരക്കാതിരുന്നില്ല, മകളെ ഫോൺ വിളിക്കുന്നതു കാണിക്കുന്നുണ്ടല്ലോ... മാത്രവുമല്ല, മകളുടെ സപ്പോർട്ടോടെയാണല്ലോ ബിന്ദു ഇതു ചെയ്യുന്നത്. ഉം.. സമരം, വഴക്കിലേക്ക് വഴുതിമാറി. എന്നാൽ, അതാവുമല്ലോ അതിന്റെ സ്വാഭാവിക പരിണാമം. അല്ലാതെ എന്തെങ്കിലും അവിടെ നടക്കുമെന്നു കരുതുക വയ്യ. “പെണ്ണുങ്ങളെല്ലാം കൂടി വെള്ളത്തില്‍ ചാടിത്തിമിര്‍ക്കുന്നിടത്ത്‌ ഭാര്യയെയും മകളെയും ഇറക്കിവിടാന്‍ ആത്മാഭിമാനമുള്ള ഒരു ഭര്‍ത്താവിനും സാധിക്കില്ല.” - അതുകൊള്ളാമല്ലോ, അപ്പോ ചാടിത്തിമിർക്കുന്ന പെണ്ണുങ്ങളാരും; ആരുടേയും ഭാര്യയോ, മകളോ, സഹോദരിയോ ആവരുതല്ലോ!!! വെള്ളത്തിലെ റൈഡുകളുടെ കാര്യം മാത്രമല്ലല്ലോ. മറ്റു റൈഡുകളിലും കയറുവാൻ സമ്മതിക്കുന്നില്ലല്ലോ. സുഗുണന് താത്പര്യമുണ്ടായിരിക്കില്ല, എന്നുകരുതി ഭാര്യയെ തടയണമോ? ഭാര്യ തിരിച്ച് സുഗുണനെ നിർബന്ധിച്ച് വലിച്ചു കയറ്റിയിരുന്നെങ്കിലോ?
  --

  ReplyDelete
 9. ഹരി,
  ഇന്നസെന്റ്‌ മകളെ ഉപദേശിക്കുന്ന സീനില്‍ പറയുന്നുണ്ട്‌, താന്‍ വെറുമൊരു വക്കീല്‍ ഗുമസ്ഥനാണെന്ന്‌. മകന്‌ വരുമാനമുണ്ടായിരിക്കാം. പക്ഷെ, അത്‌ പ്രേക്ഷകര്‍ക്ക്‌ ബോധ്യപ്പെടുന്ന രീതിയിലല്ല അവതരിപ്പിച്ചിരിക്കുന്നത്‌.
  അടുക്കളയടച്ചിട്ടു സമരം പുതുമയുള്ള വിഷയമെന്നു കരുതുമ്പോഴാണ്‌ അത്‌ വെറും വഴക്കായി പരിണമിക്കുന്നത്‌. ഭാര്യ പിണങ്ങി സ്വന്തം വീട്ടിലൊക്കു പോകാതിരിക്കുകയും ഭര്‍ത്താവ്‌ വാശിക്ക്‌ അടുക്കളയില്‍ കയറുകയും ചെയ്യുന്നതായി സങ്കല്‍പിക്കുക. ഭര്‍ത്താവിനു പറ്റുന്ന അബദ്ധങ്ങള്‍, അതൊരു അപകടത്തിലേക്കു വരെ വഴിമാറാം. ഒടുവില്‍ ഭര്‍ത്താവിനെ സഹായിക്കാന്‍ ഭാര്യ വീണ്ടും അടുക്കളയിലെത്തുന്നു, ഭര്‍ത്താവ്‌ ഭാര്യാജോലിയുടെ വില മനസ്സിലാക്കുന്നു.... സാധ്യതകളില്ലാതില്ല. പക്ഷെ, ഇതിന്റെ പിന്നണിക്കാര്‍ ഉദ്ദേശിച്ച പരിണാമഗതി സിനിമയ്‌ക്കുണ്ടാകില്ലെന്നുമാത്രം.
  ഇതിലെ കാതലായ കഥതന്നെയാണ്‌ പളുങ്കില്‍ ബ്‌ളെസി പറഞ്ഞുവച്ചത്‌. അത്‌ മറ്റൊരു രീതിയിലായിരുന്നു എന്നുമാത്രം.
  മകളുടെ ഒത്താശയോടെ വീട്ടില്‍ പോകുന്ന അമ്മ മകളെ വിളിക്കുമ്പോള്‍ ഫോണ്‍ കിട്ടുന്നില്ല. പക്ഷെ മകള്‍ മൊബൈല്‍ഫോണ്‍ നമ്പര്‍ അമ്മയ്‌ക്കു കൊടുക്കാതിരിക്കില്ല, അവര്‍ മകളുടെ മൊബൈല്‍ ഭ്രമത്തെ എതിര്‍ത്തിരുന്നെങ്കിലും. അല്ലെങ്കില്‍തന്നെ വീടിനുമുന്നില്‍ ചിതറിക്കിടക്കുന്ന പത്രങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്‌ ആ വീട്ടില്‍ സുഗുണന്‍ അടച്ചിട്ടിരിക്കാന്‍ തുടങ്ങിയിട്ട്‌ കുറച്ചുദിവസമായെന്ന്‌. മകള്‍ കാമുകനൊപ്പം പോകുന്നതും അക്രമികള്‍ പിടിക്കുന്തും സുഗുണന്‍ വിഭ്രാന്തിയിലാകുന്നതുമെല്ലാം രണ്ടോ മൂന്നോ ദിവസംകൊണ്ടു സംഭവിക്കുന്നതാണെന്നു കരുതാന്‍ എനിക്കാവില്ല. അതുകൊണ്ടാണ്‌ അമ്മ ഏറെ നാള്‍ മകളെ ബന്ധപ്പെടാതിരുന്നത്‌ എനിക്കു യുക്തിസഹമായി തോന്നാതിരുന്നത്‌. .
  പിന്നെ, വെള്ളത്തില്‍ ചാടിത്തിമിര്‍ക്കുന്ന പെണ്ണുങ്ങള്‍, അവര്‍ ഭാര്യയോ മകളോ സഹോദരിയോ അല്ലെന്നല്ല ഞാന്‍ പറഞ്ഞത്‌. അവര്‍ക്ക്‌ ആത്മാഭിമാനമുള്ള ഭര്‍ത്താവോ, അച്ഛനോ, സഹോദരനോ ഇല്ലെന്നാണ്‌. റൈഡിനുമുന്നില്‍ വെള്ളമിറക്കി ഇരിക്കുന്ന കിളവനെ കാണിക്കുന്നുണ്ട്‌. എന്റെ ഭാര്യയേയോ, സഹോദരിയേയോ, മകളേയോ അവിടേക്കു വിടാന്‍ മാത്രം പുരോഗമനവാദിയല്ല ഞാന്‍.
  പിന്നെ മറ്റ്‌ റൈഡുകള്‍... അവിടെ നാം കാണുന്നത്‌ സുന്ദരിയും 20കാരിയുമായ ഗോപികയെയാണ്‌. 13 വയസ്സുള്ള പെണ്‍കുട്ടിയുടെ അമ്മയെയല്ല. അമ്മയ്‌ക്കല്‍പം സൗന്ദര്യം കൂടിപ്പോയതിന്റെ പ്രശ്‌നമല്ല, സാധാരണ നാട്ടുമ്പുറത്തുകാരനായ ഒരാള്‍ക്ക്‌ ആ ഭാര്യ 13 വയസ്സുള്ള കുട്ടിയുടെ അമ്മയാണ്‌, റൈഡില്‍ കയറി കളിക്കേണ്ട പ്രായക്കാരിയല്ല.
  ഇത്‌ കൂടുതല്‍ ചര്‍ച്ച ആവശ്യമുള്ള വിഷയമാണ്‌ അത്‌ പിന്നൊരിക്കലാകാം...

  ReplyDelete
 10. @ വക്രബുദ്ധി,
  > ഇന്നസെന്റ് മകളെ ഉപദേശിക്കുന്ന സീനില്‍ പറയുന്നത്; “താന്‍ വക്കീല്‍ ഗുമസ്തനായി ജീവിതം തുടങ്ങിയ കാലത്ത്...” എന്നാണ്. “വെറുമൊരു വക്കീല്‍ ഗുമസ്തനായി...” എന്നല്ല. ഗുമസ്തനായി ജീവിതം തുടങ്ങിയ ആള്‍ക്ക്, മറ്റു മേഖലകളില്‍ വിജയിക്കാവുന്നതാണല്ലോ! വിശ്വസിനീയതയുടെ പ്രശ്നമുണ്ട്. അവിടെ ഉപദേശിക്കുവാനും മാത്രം ആ കഥാപാത്രം ജീവിതം കണ്ടിട്ടുണ്ട് എന്നു വരുത്തുവാനായി സംവിധായകന്‍/തിരക്കഥാകൃത്ത് ഒരു കുറുക്കു വഴി ഉപയോഗിച്ചതാണ്. അതിനത്ര ഗൌരവം നല്‍കേണ്ട പിഴവായി തോന്നിയില്ല.
  > ‘പളുങ്കി’ല്‍ ബ്ലെസി പറഞ്ഞത് ഇതാണെന്നു കരുതുന്നില്ല. മനുഷ്യന്റെ ആശകള്‍ക്ക് പരിധികളില്ലാതെ വരുമ്പോളുള്ള പ്രശ്നമായിരുന്നു അതിലെ വിഷയം.
  > മൊബൈല്‍ ഫോണ്‍ നമ്പര്‍ അമ്മയ്ക്ക് നല്‍കിയിരിക്കാം. അമ്മയ്ക്കിഷ്ടപ്പെടില്ല എന്നു മനസിലാക്കി പറഞ്ഞില്ല എന്നുമിരിക്കാം. അതില്‍ വിളിച്ചിട്ട് കിട്ടുന്ന അവസ്ഥയിലായിരുന്നില്ലല്ലോ അപ്പോള്‍. ആ പറഞ്ഞതെല്ലാം ഏറിയാല്‍ ഒരാഴ്ചയ്ക്കകം സംഭവിച്ചതാണ്. അതിലെ അസ്വാഭാവികത വിശേഷത്തില്‍ സൂചിപ്പിച്ചിരുന്നുവല്ലോ!
  > വെള്ളത്തിലെ ചാടിത്തിമര്‍ക്കല്‍ മാത്രമല്ലല്ലോ പ്രശ്നം! ഭാര്യയുടെ സന്തോഷത്തിനു വില കല്പിക്കുന്നില്ല എന്നതാണല്ലോ അതിലൂടെ പറയുന്നത്. എന്നാല്‍, അത്രമേല്‍ ഭാര്യയേയും മകളേയും കുറിച്ച് ശ്രദ്ധപുലര്‍ത്തുന്നയാള്‍, മദ്യം കഴിച്ച് സുബോധമില്ലാതെ കിടക്കുകയും ചെയ്യുന്നു! റൈഡുകളില്‍ കയറുവാന്‍ പ്രായപരിധിയില്ല; ശാരീരികക്ഷമത ഉണ്ടാവണമെന്നു മാത്രം. റൈഡിനുമുന്നിലല്ല, കൃതൃമസമുദ്രതീരത്തിനു മുന്നിലാണ്, കിളവന്‍ ഇരിക്കുന്നത്. ആ തരത്തില്‍ വെള്ളമിറക്കി കഴിയുന്ന പുരുഷന്മാരായിപ്പോയതില്‍ ഭര്‍ത്താക്കന്മാര്‍ ലജ്ജിക്കണം. ആ സാമൂഹികവ്യവസ്ഥിതി മാറ്റുവാന്‍ കഴിയില്ല, എങ്കില്‍ പിന്നെ വീട്ടുകാരോട് ഇറങ്ങേണ്ടെന്ന് പറയാം, അല്ലേ? :-)
  (അച്ഛനുമമ്മയും അനിയത്തിയുമൊക്കെയായി ഒരിക്കല്‍ കൂടി കണ്ടു. അതാണിപ്പോള്‍ ഒരു മറുപടി തരാമെന്നു കരുതിയത്.)
  --

  ReplyDelete
 11. subrahmanyapuram kaananam... nalla abhipraayam kelkkunnu.....

  ReplyDelete
 12. സുരാജും ദിലീപും ഹരിശ്രീയും ഹനീഫയുമൊക്കെ കാണിച്ചു കൊണ്ടിരിക്കുന്ന ഭൂലോക കൂത്തറ കോമഡിയില്‍ നിന്നും ഒരു ആശ്വാസം ആയിരുന്നു അല്പമെങ്കിലും നിലവാരം ഉണ്ടായിരുന്ന ഈ സിനിമയിലെ കോമഡികള്‍.

  ഇന്റര്‍വെലിനു ശേഷം പടം പക്കാ ബോറാക്കി കളഞ്ഞു എങ്കിലും തരക്കേടില്ലാത്ത ഒരു ചിത്രം ആയിരുന്നു. പിന്നെ വേറെ ജോലിയൊന്നും ഇല്ലാത്ത ഗോപികയുടെ വേഷത്തിനു എന്താണിത്ര മുടിഞ്ഞ പണി വീട്ടില്‍ എന്നു മനസ്സിലായില്ല. റിയല്‍ ലൈഫില്‍ ഇവളുമാരെ പോലുള്ളവരൊക്കെ രണ്ടു മൂന്നു കൊച്ചുങ്ങളും ഉള്ള രാവിലെ ഒക്കെ മണ്ണു ചുമക്കാന്‍ പോവുകയും, കല്ലു പൊട്ടിക്കാന്‍ പോവുന്ന സ്ത്രീകളുടെയോ ഒക്കെ സ്ഥാനത്തു കുറച്ച് ദിവസം നിര്‍ത്തണം, അതോടെ പരാതികള്‍ നിര്‍ത്തി മര്യാദക്കു നടന്നോളും.

  വക്രബുദ്ധി....ഗോപികയുടെ പ്രായം വെറും 31 അല്ലെങ്കില്‍ 32 അല്ലേ സിനിമയില്‍ കാണിക്കുന്നുള്ളൂ. അങ്ങനെ ഒരാള്‍ക്കു റൈഡില്‍ കയറാന്‍ പറ്റില്ലേ??? മാത്രം അല്ല അത്ര വലിയ ആന റൈഡൊന്നും അല്ലല്ലോ വീഗാലാന്‍ഡില്‍. ഹരി പറഞ്ഞതിനോടു യോജിക്കുന്നു.

  ReplyDelete