ആയുധം (Aayudham)

Published on: 8/17/2008 12:25:00 PM
Aayudham - Story, Screenplay and Direction by M.A. Nishad. Produced by Channel Entertainments. Starring Suresh Gopi, Bala, Jagathy Sreekumar, Thilakan, Murali, Rajan P. Dev, Shammi Thilakan, Sivaji Guruvayoor.
സിനിമയിലൂടെ പച്ചയായി രാഷ്ട്രീയ ആശയപ്രചാരണം അടുത്തകാലത്ത് അനുഭവപ്പെട്ടത് ‘രൌദ്രം’ എന്ന ചിത്രത്തിലാണ്. അതേ വഴിയിലൂടെയാണ് ‘ആയുധ’മെന്ന ഈ സുരേഷ്ഗോപി ചിത്രവും സഞ്ചരിക്കുന്നത്. എം.എ. നിഷാദ്; കഥ, തിരക്കഥ എന്നിവയെഴുതി സം‍വിധാനം ചെയ്തിരിക്കുന്ന ചിത്രം; ചാനൽ എന്റർടൈന്മെന്റ്സ് നിർമ്മിച്ചിരിക്കുന്നു. പകൽ, നഗരം എന്നീ ഓഫ്-ബീറ്റ് ചിത്രങ്ങൾക്കു ശേഷം നിഷാദും വാണിജ്യചിത്രങ്ങളുടെ ഫോർമുല ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു ‘ആയുധ’ത്തിലൂടെ.

തുറമുഖമാക്കുവാൻ പ്രകൃതിദത്തമായ സവിശേഷതകളുള്ള വിളയം കടപ്പുറം; അവിടെ ചില തത്പര കക്ഷികൾ ബോംബ് പൊട്ടിക്കുന്നു. പോലീസ് പിൻബലത്തോടെ നിരപരാധിയായ അൻ‍വർ അബ്ദുള്ള(ബാല)യുടെ തലയിൽ കുറ്റം ചാർത്തപ്പെടുന്നു. അൻ‍വറിന്റെ കാമുകി അഡ്വ. റസിയ റഹിമി(ഭാരതി)ന്റെയും മറ്റും പരിശ്രമത്താലും; മുഖ്യമന്ത്രി മാധവന്റെ(തിലകൻ) പ്രത്യേക താത്പര്യത്താലും അന്വേഷണം ക്രൈം ബ്രാഞ്ച് ഡി.ജി.പി. ഋഷികേശിന്(സുരേഷ് ഗോപി) കൈമാറുന്നു. ഋഷികേശിന്റെ അന്വേഷണവും, കുറ്റവാളികളെ പിടികൂടലുമാണ് ചിത്രത്തിനാധാരം.

സാധാരണയായി ഇത്തരമൊരു കഥയിൽ, മലയാള സിനിമയിൽ സംഭവിക്കേണ്ടതെല്ലാം ഈ ചിത്രത്തിലുമുണ്ട്. ആദ്യത്തെ അന്വേഷണം ആനയെ ആടാക്കുന്നു, അന്വേഷണ ഉദ്യോഗസ്ഥരെല്ലാവരും കള്ളന്മാർ, അന്വേഷിക്കുവാനായി ഒരു നീതിമാനായ ഉദ്യോഗസ്ഥനെത്തുന്നു, കൂട്ടിന് രണ്ടു വിശ്വസ്തർ, മുഖ്യമന്ത്രി/ഐ.ജി.(ഇവിടെ മുഖ്യൻ) ഇങ്ങിനെയാരുടെയെങ്കിലും പ്രത്യേക പിന്തുണ, നിരപരാധിയെ അപരാധിയാക്കൽ, അവരുടെ കുടുംബത്തിലെ ദുരിതം, ഒന്നു-രണ്ടു ജനപ്രതിനിധികളോട്/മേൽ ഉദ്യോഗസ്ഥരോട് അവരുടെ അത്ര നന്നല്ലാത്ത ചരിത്രം വിളമ്പി ഇളഭ്യരാക്കൽ, വണ്ടിയിൽ കറക്കം, ചില ചോദ്യം ചെയ്യലുകൾ, ചെറുകള്ളന്മാർ, അവരുടെ തലതൊട്ടപ്പനായി അൻ‌താരാഷ്ട്ര തലത്തിൽ വിഹരിക്കുന്ന ഒരു വലിയ കള്ളൻ, ഒടുവിൽ ‘സമർത്ഥ’മായി കുറ്റവാളികളെ പിടിക്കൽ. ഇങ്ങിനെ കണ്ടുമടുത്തുവെന്നു പറഞ്ഞുമടുത്ത ഒരു തല്ലിക്കൂട്ട് കഥയാണ് ചിത്രത്തിന്റേത്. ആദ്യം സൂചിപ്പിച്ചവരെക്കൂടാതെ മുരളി, ജഗതി ശ്രീകുമാർ, ഇടുക്കി ജാഫർ, ശിവജി ഗുരുവായൂർ, ആദിത്യൻ, കീരിക്കാടൻ ജോസ്, മധു, ലാൽ, രാജൻ പി. ദേവ്, ഷമ്മി തിലകൻ, നിഷാന്ത് സാഗർ, സുധീഷ്, ഉണ്ണിമേരി, സീമ, സീനത്ത്, കനകലത, കാർത്തിക, അശോകൻ, ജിഷ്ണു എന്നിങ്ങനെ ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. ഇവരുടെ കഥാപാത്രമൊക്കെ ആരാ, എന്താ എന്ന് മനസിലാക്കുവാനുള്ളത്രയും സന്ദർഭങ്ങൾ തന്നെ ഇവർക്കാർക്കും ചിത്രത്തിലില്ല. പിന്നെയല്ലേ ഇവരുടെ അഭിനയത്തെക്കുറിച്ചു പറയുന്നത്!

കേരളത്തിന്റെ സമകാലീന രാഷ്ട്രീയ അവസ്ഥകൾ പല കഥാപാത്രങ്ങളിലൂടെ(എല്ലാം സാങ്കല്പികമെന്ന ലേബലിൽ) പറഞ്ഞു തരണം എന്നതായിരുന്നോ നിഷാദിന്റെ ലക്ഷ്യമെന്നു തോന്നിപ്പോവും ചിത്രം കണ്ടിറങ്ങുമ്പോൾ. വിവിധ ചാനലുകളിലായി തത്സമയമായും, അല്ലാതെയും ഇതെല്ലാം കാണുകയും, കേൾക്കുകയും ചെയ്യുന്നതല്ലേ ഇവിടെയുള്ളവർ, അതൊക്കെ അതേ പടി താരങ്ങൾ അഭിനയിച്ചത് കാണുന്നതിൽ എന്താണ് കാര്യം? തിലകനെക്കൊണ്ട്, മുഖ്യമന്ത്രി അച്ചുതാനന്ദനെ അനുകരിപ്പിച്ചത് തികച്ചും അപഹാസ്യമായിപ്പോയി. അങ്ങിനെ ചെയ്യുവാനാണെങ്കിൽ, ഏഷ്യാനെറ്റ് സിനിമാലയിലെ ആരെയെങ്കിലും ഉപയോഗിച്ചാൽ മതിയായിരുന്നു. ഋഷികേശ്; പാട്ടെഴുതിയും, സി.ഡി. കടനടത്തിയും പെഴയ്ക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ; വിളയം കടപ്പുറം എന്നിങ്ങനെ തികച്ചും സാങ്കല്പികമായ കുറെയേറെ സംഗതികളും ചിത്രത്തിലുണ്ട്.

ഒരാവശ്യവുമില്ലാതെ ഗിരീഷ് പുത്തഞ്ചേരി എഴുതി; ബിജിബാൽ, അൽഫോൺസ് എന്നിവർ സംഗീതം നൽകിയിരിക്കുന്ന രണ്ടു പാട്ടുകൾ, ടി.വി. സിനിമയ്ക്കിടയിലെ പരസ്യം പോലെ കടന്നുവരുന്നു. എന്നിട്ടു തന്നെ രണ്ടു മണിക്കൂർ തികയ്ക്കുവാൻ സം‍വിധായകൻ ശരിക്കും പാടുപെട്ടിട്ടുണ്ട്. സഞ്ജീവ് ശങ്കർ മര്യാദയ്ക്ക് ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടെന്നത് ആശ്വാസകരം. അമിതമാവാത്ത മുരുകേശിന്റെ ഇഫക്ടുകളും നന്ന്. മാഫിയ ശശി ഒരുക്കിയിരിക്കുന്ന തല്ലുസീനുകൾ, കാര്യമായ ആവേശമൊന്നും പ്രേക്ഷകനിൽ ഉണർത്തുന്നില്ല. രാജാമണിയുടെ പശ്ചാത്തല സംഗീതത്തിനും ചിത്രത്തിനൊരു മൂഡ് നൽകുവാൻ കഴിയുന്നില്ല. പി.സി. മോഹനന്‌ എഡിറ്റിംഗിന് അവാർഡ് ലഭിക്കുവാൻ സാധ്യതയുണ്ട്; അവസാന രംഗത്തിൽ മുഖ്യമന്ത്രിയുടെ ഡയലോഗിനു ശേഷം; സുരേഷ് ഗോപി, സം‍വിധായകൻ ആക്ഷൻ പറയാൻ കാത്തു നില്ക്കുന്നതു മുതൽ ചിത്രത്തിലുണ്ടായിരുന്നു! നിഷാദിന് തന്റെ രാഷ്ട്രീയ നിലപാടുകൾ നാലുപേരെ അറിയിക്കുക എന്നതാണുദ്ദേശമെങ്കിൽ എവിടെയെങ്കിലും എഴുതി പ്രസിദ്ധീകരിക്കൂ. ഇനി അതിനാരും തയ്യാറല്ലെങ്കിൽ, ഒരു ബ്ലോഗ് തുടങ്ങുകയുമാവാം. എന്തിനാണ് ഞങ്ങൾ പാവം പ്രേക്ഷകരെക്കൊണ്ട് കാശുമുടക്കി കടിക്കുന്ന പട്ടിയെ വാങ്ങിപ്പിക്കുന്നത്?

Description: Aayudham/Ayudham Film/Movie/Cinema Review by Hareesh N. Nampoothiri aka Haree | ഹരീ. Starring Suresh Gopi, Karthika, Bharathi, Bala, Jagathy Sreekumar, Nishanth Sagar, Asokan, Thilakan, Murali, Rajan P. Dev, Shammi Thilakan, Seenath, Kanakalatha, Aadithyan, Keerikkadan Jose, Sivaji Guruvayoor, Idukki Jaffar. Story, Screenplay and Direction by M.A. Nishad. Produced by Channel Entertainments. Malayalam Film, August 2008 Release.
--

5 comments :

 1. പകൽ, നഗരം എന്നീ ചിത്രങ്ങൾക്കു ശേഷം എം.എ. നിഷാദ് സം‍വിധാനം നിർവ്വഹിച്ചിരിക്കുന്ന സുരേഷ് ഗോപി ചിത്രമാണ് ‘ആയുധം’. സമകാലീന രാഷ്ട്രീയ അവസ്ഥകളെ, സാങ്കല്പികമായി ചിത്രീകരിച്ചിരിക്കുന്ന ‘ആയുധ’ത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
  --

  ReplyDelete
 2. Haree,

  Why you are wasting the blogg space and your time by reviewing such movies? From the title, poster and star cast itself everyone knows what this movie is all about.

  Why don't you review other language movies like "Subrahmaniapuram" or "Aamir"?

  At least those movies are worth a review.

  ReplyDelete
 3. എം.എ.നിഷാദ്‌ ഒരു രാഷ്ട്രീയക്കാരന്‍ തന്നെയാണ്‌. കേരളാ കോണ്‍ഗ്രസ്സ്‌ സെക്യുലറ്‍ വിഭാഗത്തില്‍ ആയിരുന്നു അദ്ദേഹം. അവിടെ നിന്നു പുറത്തായ ശേഷം ഇപ്പോള്‍ സി.പീമ്മില്‍ ചേക്കേറാനുള്ള ശ്രമത്തിലാണ്‌. അതിണ്റ്റെ ഭാഗമായാവും ഈ ചിത്രം. കോഴിക്കോട്‌ പത്ര സമ്മേളനത്തില്‍ അദ്ദേഹത്തോടൊരാള്‍ ചോദിച്ചു, അദ്ദേഹം പിണറായി വിഭഗമാണോ അതോ അചുതാനന്ദന്‍ വിഭാഗമാണോ എന്ന്‌. അദ്ദേഹം നല്‍കിയ ഉത്തരം ഞാന്‍ പി. ബിയുടെ കൂടെയാണ്‌ എന്നാണ്‌!!!

  ReplyDelete
 4. @ ഡ്രീമർ,
  :-) ‘സുബ്രഹ്മണ്യപുര’ത്തെക്കുറിച്ചും, ‘ആമീറി’നെക്കുറിച്ചുമെല്ലാം നല്ല അഭിപ്രായമാണ് കേൾക്കുന്നത്.

  @ ഇട്ടിമാളു,
  എല്ലാ ചിത്രവും കാണുന്നുണ്ടെന്നു തോന്നുന്നല്ലോ! അപ്പോൾ കണ്ടിട്ട് വിശദമായ അഭിപ്രായം ബ്ലോഗിലിട്ടുകൂടേ?

  @ ജയകൃഷ്ണൻ,
  നിഷാദിന്റെ രാഷ്ട്രീയം, അതെന്തോ ആവട്ടെ. പക്ഷെ, കവലപ്രസംഗം സിനിമയാക്കിയാൽ?
  --

  ReplyDelete