
ആധുനിക നാടകകലയുടെ പിതാവായി അറിയപ്പെടുന്ന ഹെൻറിക് ജോഹാൻ ഇബ്സെൻ രചിച്ച; ‘ദി മാസ്റ്റർ ബിൽഡർ’ എന്ന നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ് കെ.പി. കുമാരൻ സംവിധാനം ചെയ്തിരിക്കുന്ന ‘ആകാശഗോപുരം’(Castle in the Air). കഥയിലോ, കഥാപാത്രങ്ങളിലോ കാതലായ മാറ്റങ്ങളൊന്നും വരുത്താതെയാണ് സംവിധായകൻ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. മോഹൻലാൽ, പുതുമുഖം നിത്യ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ടൈസൂൺ എഫ്. ഖൊറാകിവാല, മനു എസ്. കുമാരൻ, ടുട്ടു ജെ. ശർമ്മ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മദ്ധ്യവയസ്കനായ ആൽബർട്ട് സാംസൺ(മോഹൻലാൽ); നഗരത്തിലെ പ്രമുഖനായ ഒരു ആർക്കിട്ടെക്ടാണ്. ഇരട്ടക്കുട്ടികളും, മാതാപിതാക്കളും, കുടുംബസ്വത്തുക്കളും, സ്വകാര്യസ്വത്തുക്കളും എല്ലാം ഒരു തീപിടുത്തത്തിൽ നശിച്ചുപോയതിന്റെ ഓർമ്മകളിൽ നിന്ന് തന്റെ ഭാര്യ ആലീസ്(ശ്വേത മേനോൻ) പതിമൂന്നു വർഷങ്ങൾക്കു ശേഷവും മുക്തയാവാത്തത് ആൽബർട്ടിനെ അലട്ടുന്നുണ്ട്. ജോലിയിൽ തന്നെ വളർത്തി വലുതാക്കിയ, പിന്നീട് താൻ ചവുട്ടിത്താഴ്ത്തിയ എബ്രഹാ(ഭരത് ഗോപി)മിന്റെ മകൻ; അലക്സ്(മനോജ് കെ. ജയൻ), തന്നെ വിട്ട് സ്വതന്ത്രമായി പണിതുടങ്ങിയാൽ തന്റെ സ്ഥാനം നഷ്ടപ്പെടുമെന്ന ഭീതിയിലുമാണ് ആൽബർട്ട്. അലക്സ് തന്നെ വിട്ടുപോവാതിരിക്കുവാനായി, അലക്സിന്റെ പ്രതിശ്രുത വധു കാതറീനു(ഗീതു മോഹൻദാസ്)മായി സ്നേഹബന്ധം നടിക്കുകയും ചെയ്യുന്നു അയാൾ. ഈ സമയത്താണ് ആൽബർട്ട് പത്തുവർഷം മുൻപ് തന്റെ സാമ്രാജ്യം വാഗ്ദാനം ചെയ്ത ഹിൽഡ(നിത്യ) എന്ന പെൺകുട്ടി, അയാളുടെ വാതിലിൽ മുട്ടുന്നത്.
പുതിയ തലമുറ തന്നെ മറികടന്ന് തന്റെ സ്ഥാനം നേടിയെടുത്തേക്കുമെന്ന ഭീതിയിൽ ജീവിക്കുന്ന, തന്റെ ഉയർച്ച മാത്രം എപ്പോഴും ലക്ഷ്യമിടുന്ന ആൽബർട്ടിനെ മോഹൻലാൽ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. രൂപത്തിലും, ഭാവത്തിലും, പ്രകൃതത്തിലും മോഹൻലാലിന്റെ വ്യത്യസ്തമായൊരു ശൈലി ഇതിൽ കാണുവാൻ കഴിയും. ഹിൽഡയെന്ന പെൺകുട്ടിയെ നിത്യയും നന്നായി ചെയ്തിരിക്കുന്നു. ആൽബർട്ടിന്റെ കുടുംബസുഹൃത്തായ ഡോ. ഐസക്കിനെ അവതരിപ്പിച്ചിരിക്കുന്നത് ശ്രീനിവാസനാണ്. അഭിനേതാക്കളെല്ലാവരും തന്നെ കഥാപാത്രങ്ങളോട് കഴിയുന്നത്ര നീതി പുലർത്തിയിട്ടുണ്ട്. എന്നിരുന്നാലും, എല്ലാ കഥാപാത്രങ്ങളുടേയും സംഭാഷണങ്ങൾ സഹിക്കാവുന്നതിലുമപ്പുറം നാടകീയമായാണ് തയ്യാറാക്കിയിരിക്കുന്നത്. നൂറുവർഷത്തിനു മുൻപുള്ള നാടകത്തിലെ സംഭാഷണങ്ങളുടെ പദാനുപദ വിവർത്തനം, ഇന്ന് എത്ര അരോചകമായിരിക്കുമെന്ന് ചിന്തിക്കുവാൻ ഇവ എഴുതിയവർക്ക് സാധിച്ചില്ല എന്നത് അത്ഭുതകരമായിരിക്കുന്നു. നീണ്ട സംഭാഷണങ്ങൾ, കഥാപാത്രത്തിന്റെ ഭാവം ഉൾക്കൊണ്ടു തന്നെ അവതരിപ്പിക്കുക എന്നത് ദുഷ്കരമാണ്. മോഹൻലാലിനു പോലും അത് പൂർണ്ണമായും സാധിച്ചു എന്നു പറയുവാൻ കഴിയുകയില്ല.
കഥാപാത്രങ്ങൾ തമ്മിലുള്ള ദീർഘമായ സംഭാഷണങ്ങളിലൂടെ പറഞ്ഞുപോവുന്ന കഥയ്ക്ക് ഒരു നാടകത്തിന്റെ സ്വഭാവമാണ് അനുഭവപ്പെടുന്നത്. ഇബ്സെന്റ കഥയെ മലയാളീകരിച്ചു എന്നതിലപ്പുറം തിരക്കഥയാക്കിയപ്പോൾ എന്തെങ്കിലും ചെയ്തിട്ടുണ്ടെന്നു കരുതുവാൻ വയ്യ. ഇതൊരു നാടകമായി വേദിയിൽ അവതരിപ്പിച്ച്, അത് പകർത്തി കാണിക്കുകയാണ് ചെയ്തിരുന്നതെങ്കിലും കാര്യമായ മാറ്റമൊന്നും ഉണ്ടാകുവാനില്ലായിരുന്നു. നാടകം സിനിമയാക്കിയപ്പോൾ, സിനിമയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുവാൻ മറന്നു പോയതുപോലെ തോന്നും ഈ ചിത്രം കണ്ടാൽ. കെ.പി. കുമാരൻ തിരക്കഥാകൃത്ത് എന്ന നിലയിൽ ഒരു തികഞ്ഞ പരാജയമായത്, ചിത്രത്തെയും പരാജയപ്പെടുത്തുന്നു.
‘കുച്ച് കുച്ച് ഹോത്താ ഹൈ’, ദേവദൂതൻ, ‘ക്രിഷ്’, പളുങ്ക് തുടങ്ങിയ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച സന്തോഷ് സി. തുണ്ടിയിൽ, ദൃശ്യങ്ങളെ വളരെ മനോഹരമായി ക്യാമറയിൽ പകർത്തിയിരിക്കുന്നു. ഗ്രാഫിക്സിന്റെ മിതമായ ഉപയോഗവും ശ്രദ്ധേയമായി. ആൽബർട്ടിന്റെ വളർച്ചയും മറ്റും ചിത്രീകരിച്ചിരിക്കുന്ന ശൈലി മലയാളസിനിമയ്ക്ക് പുതുമയാണ്. സാബു സിറിലിന്റെ കലാസംവിധാനവും എടുത്തു പറയേണ്ടതു തന്നെ. ആൽബർട്ടിന്റെ സ്വപ്നഭവനമായ ആകാശഗോപുരം, വാക്കുകളോട് നീതിപുലർത്തുന്ന രീതിയിൽ ഒരുക്കിയെടുക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. ‘ടൈറ്റാനിക്’ എന്ന ചിത്രത്തിന്റെ സൌണ്ട്ട്രാക്ക് ഉൾപ്പടെ നിരവധി ചിത്രങ്ങളുടെ സംഗീതവിഭാഗവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുള്ള ജോൺ ആൾട്ട്മാന്റെ പാശ്ചാത്യശൈലിയിലുള്ള സംഗീതവും സിനിമയ്ക്കൊരു മുതൽക്കൂട്ടാണ്. എന്നാൽ ഇവയൊക്കെ ചേർത്ത് സംവിധാനം ചെയ്തു വന്നപ്പോൾ, കാര്യമായ പുതുമയൊന്നും ദ്യോതിപ്പിക്കുവാൻ കഴിയാതെപോയി!
മികച്ച കലാകാരന്മാർ, പ്രഗത്ഭരായ സാങ്കേതിക വിദഗ്ദ്ധർ, പഴയ നാടകമെങ്കിലും പുതുമയുള്ള പ്രമേയം; ഇവയൊക്കെ ഒത്തു ചേർന്നിട്ടും ഇതൊരു നല്ല സിനിമയാവാത്തതിൽ സംവിധായകന് സ്വയം പഴിക്കാം. What will you lose to win? എന്നാണ് സിനിമയുടെ ടാഗ് ലൈൻ. നഷ്ടങ്ങളില്ലാതെ ജയമുണ്ടാവില്ല, പക്ഷെ എല്ലാ നഷ്ടങ്ങളും ജയത്തിലേക്ക് നയിക്കണമെന്നുമില്ല. ഇവിടെ ജയിക്കുവാനായി സംവിധായകൻ നഷ്ടപ്പെടുത്തിയത് സിനിമയെന്ന മാധ്യമത്തിന്റെ സാധ്യതകളെയായിരുന്നു. അതൊരു തെറ്റായ തീരുമാനമായെന്നതിനു സാക്ഷ്യമായി ഉയർന്നു നിൽക്കുവാൻ മാത്രമേ ഈ ഗോപുരത്തിനു കഴിയുന്നുള്ളൂ.
അനുബന്ധം:
• The Master Builder by Henrik Ibsen - Project Gutenberg
• AkashaGopuram - Wikipedia
Description: AakashaGopuram (Akasa Gopuram, Akasha Gopuram): A film directed by K.P. Kumaran. Starring Mohanlal, Nithya, Bharath Gopi, Manoj K. Jayan, Swetha Menon, Geethu Mohandas and Sreenivasan. Story by Henrik Ibsen. Screenplay by K.P. Kumaran. Music by John Altman. Camera by Santhosh C. Thundiyil and Art Direction by Sabu Cyril. Malayalam Movie/Film/Cinema Review by Hareesh N. Nampoothiri aka Haree | ഹരീ. August 2008 Release.
--
ജോഹാൻ ഇബ്സെൻ എന്ന നൂറ്റാണ്ടു മുൻപു ജീവിച്ചിരുന്ന നോർവ്വീജിയൻ നാടക കഥാകൃത്തിന്റെ ‘ദി മാസ്റ്റർ ബിൽഡർ’ എന്ന നാടകത്തിന്റെ ചലച്ചിത്ര രൂപം; കെ.പി. കുമാരൻ സംവിധാനത്തിൽ, മോഹൻലാൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ആകാശഗോപുരം’ എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete--
ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ചു നിര്‍മ്മിച്ചെടുത്ത മലയാള സിനിമയെന്നതു കൊണ്ടും മഹാനായ ഇബ്സന്റെ നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരമെന്നതു കൊണ്ടും പ്രതീക്ഷയോടെയാണു കാത്തിരുന്നതു..നാടകീയമായ രംഗങ്ങള്‍ അതേ പടി പകര്ത്തിവെച്ചിരിക്കുകയാണെങ്കില് പ്രേക്ഷകന് എങ്ങനെ ക്ഷമയോടെ കണ്ടിരിക്കാനാണു...:(
ReplyDeleteഅഢുത്ത ഒരു രംഖത്തോടെ നാഢകം അവസ്സാനിക്കുന്നു......
ReplyDeleteരഛന- ഇഭ്സണ്, ഖെ.പ്പി. ഖുമാരന്
സംവിഝാനം- ഖെ.പ്പി. ഖുമാരന്
അരങ്കത്ത്...
ആര്ബര്ഢ് സാംസ്സന്- മോഹ്ഹന്ലാല്
ഝിരുവനന്തപുരം
ഹില്‍ഡ വര്‍ഗ്ഗീസ്- നിത്യ
ആലീസ്- ശ്വേതാ മേനോന് കോഴിഖോട്
എബ്രാഹം- ഭരത് ഗോപി ചിറയന്‍കീഴ്
ഡോക്ട്ടര്‍ ഐസക്- ശ്രീനിവാസന് പാട്യം.
അലക്സ്- മനോജ് കെ. ജയന് കോഡ്ഢയം
കാതറിന്- ഗീത്ഥു മോഹന്‍ദാസ്
സംഗീതം- യോഹന്നാന് ആള്ഡ്ഢ് മാന്‍ ലണ്ടന്‍
രംഗപഠം- സന്തോഷ് തുടണ്ടിയില്
..............
.................
...................
.......................
.................
കായ് പോയത്
മനു കുമാരനും തായ്സൂന് ഫ് ഖൊരാഖിവാലക്കും.
ഞാന്‍ കരുതി ഗോപുരത്തിന്റെ ഉയരം കാരണം ഹരിയവിടെ കയറിയെത്തിയില്ലെന്ന്.. :)
ReplyDeleteഅപ്പൊ ആ നാടകീയത .. അത് അങ്ങിനെ തന്നെയാണല്ലെ.. എന്റെ മാത്രം തെറ്റിദ്ധാരണയല്ല..
റിലീസ് ചെയ്തത് വലിയ കൊട്ടകയില്‍.. അടുത്ത ദിവസം തന്നെ ചായ്പിലെ കൊച്ചു കൊട്ടകയിലേക്ക് മാറ്റിയിരുത്തി..
ആകെ രണ്ട് മണിക്കൂര്‍ സിനിമ.. ഞാന്‍ കേറുമ്പൊഴെ പത്ത് മിനിറ്റ് കഴിഞ്ഞു.. അവിടന്ന് ഒരു പത്തു മിനിറ്റ് കൂടി കഴിഞ്ഞില്ല പകുതി പേരും ഇറങ്ങി പോയി.. :)
ഇതൊക്കെയാണെങ്കിലും എനിക്ക് ഇഷ്ടായി.. കണ്ടിരിക്കാന്‍ ഒരു രസമുണ്ടായിരുന്നു.. ഒരു കാഴ്ചയായി..
നാടകീയം തന്നെ എന്ന് നിര്‍മ്മാതാക്കള്‍ ആദ്യമേ പറഞ്ഞിരുന്നു.
ReplyDeleteഒന്നോര്‍ക്കണം മാടമ്പിയും ചിട്ടിപ്പിരിവും മച്ചാന്റെ ചെളിയില്‍ വീഴലും മാത്രം വെള്ളിത്തിരയില്‍ കസറുമ്പോഴാണ് ആകാശഗോപുരം തലയുയര്‍ത്തി വന്നത്..
മനുഷ്യ ബന്ധങ്ങളുടെ സത്യസന്ധ്യമായ അവതരണം, എല്ലാ ഗോപുരസ്വപ്നങ്ങള്ക്കും മുകളില്‍ പടര്‍ന്നു കയറുന്ന നിഴലിനെ കണ്ടെത്തല്‍, ‘എനിക്ക് നിന്നോടെന്താണെന്ന്’ സ്വയം തിരിച്ചറിയാന്‍ പോലുമാവാത്ത സമകാലിക ദുരന്തന്തിന്റെ ആവിഷ്കാരം തുടങ്ങിയവ നോക്കിയാല്‍, ആകാശഗോപുരം മികച്ച ചിത്രം തന്നെയാണ്.
ഫാന്‍സ് അസോസിയേഷന് പോലും തിരിഞ്ഞുനോക്കതെ പോകുന്നത് നല്ല സിനിമയുടെ അസ്തമയത്തിന്റെ സൂചന......
“നിങ്ങള്‍ എന്നെ ചുംബിച്ചു...ഒന്നല്ല പലതവണ..” എന്ന ഹില്‍ഡയുടെ ഡയലോഗ് കേട്ടപ്പോള്‍, പുറകില്‍ നിന്നു ‘വാ....വാഹ്....’ നിറഞ്ഞ കൈയടി തിയേറ്ററില്‍....
കുമാരന് മാഷേ... ഇതുപോലുള്ള ചിത്രങ്ങള്‍ ഞങ്ങള്‍ക്ക് പറഞ്ഞിട്ടില്ല....എവിടെയോ വായിച്ചപോലെ ‘സംസ്കൃത ശ്ലോകം ചൊല്ലി നിളയില്‍ നിന്ന് കള്ളിലേക്ക് വെള്ളം പകര്‍ത്തുന്ന നായകനെ മതി ഇവിടെ......സോ....
സത്യം, ഒരു ചലച്ചിത്രാവിഷ്കാരം എങ്ങിനെയാകരുത് എന്നതാണ് "ആകാശഗോപുരം".
ReplyDeleteസന്തോഷ് തുണ്ടിയിലിന്റെ ക്യാമറയും
ആള്‍ട്ട്മാന്റെ സംഗീതവും പിന്നെ നിത്യ എന്ന കാണാന്‍ കൊള്ളവുന്ന പുതുമുഖവും കഴിഞ്ഞൂ "ഗോപുരം"
കഷ്ടം കുമാരാ....
ഹില്‍ഡ വന്നതോണ്ട് ഞാന്‍ തീയറ്റര്‍ വിട്ടില്ല
;)
ജോണ്‍ ആള്‍ട്ട്മാന്റെ സംഗീതം അതെന്തിനാപ്പാ മലയാളത്തില്‍ ഇവിടെ ഉള്ള വരൊക്കെ നാടുവിട്ടോ? ഏതായാലും ഇരുപതു വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു സിനിമ പിടിക്കാന്‍ ചാന്‍സ് കിട്ടിയതല്ലേ നമ്മുടെ സംവിധായകന് (കാട്ടിലെ തടി തേവരുടെ ആന)
ReplyDeleteഈ പോസ്റ്റ് ലിസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു. കൂടുതൽ സമയം ഈ രചന ആളുകളുടെ ശ്രദ്ധയിൽ വരാനായി സൈറ്റിൽ വന്നു അനുയോജ്യ മായ വിഭാഗത്തിൽ ഈ പോസ്റ്റ് ഉൾപ്പെടുത്താൻ അപേക്ഷ.
ReplyDeleteസൈറ്റ് സന്ദർശിക്കാൻ ഇവിടെ www.keralainside.net.
കൂടുതൽ വിവരങൾക്ക് ഇവിടെkeralainsideblogaggregator.blogspot.com
Thank You
ഹരീ,
ReplyDeleteസമീപകാലത്ത് ഹരിയുടെ അത്ര വേഗത്തില്‍ പടങ്ങള്‍ കാണാന്‍ പറ്റുന്നില്ല. അതുകൊണ്ട് ലാപ്ടോപ് മിസ്സായി. പോട്ടെ!
ആകാശഗോപുരം കണ്ടു. പ്രസ്ക്ളബ്ബിന്റെ പ്രദര്‍ശനമായതിനാല്‍ കാശു പോയില്ല. മൂന്നര മാര്‍ക്കിനുള്ള കോപ്പൊന്നും അതിലില്ല. തര്‍ജ്ജമയുടെ കൃത്രിമത്വം തന്നെയാണ് പ്രശ്നം. മറ്റൊന്ന് കഥ യുക്തിഭദ്രമല്ലെന്നതാണ്. ക്ലൈമാക്സില്‍ ഗോപുരമുകളില്‍ കയറിയ ആല്‍ബര്‍ട്ട് സാംസണ് കാല്‍തെന്നി വീഴുമ്പോള്‍ ഗോപുരമുകളിലെ തുളയില്‍ കാല്കുടുങ്ങുന്ന ദൃശ്യമുണ്ടല്ലോ, സാധാരണ ഷോയായിരുന്നെങ്കില് ഞാനൊന്നു കൂവിയേനെ.
കെട്ടുറപ്പില്ലാത്ത ദൃശ്യങ്ങള്‍ സിനിമയുടെ മാറ്റ് കെടുത്തി. നായകന്റെ സ്വാര്‍ഥതയും ലൈംഗികത്വരയുമൊന്നും വേണ്ടവിധത്തില്‍ സിനിമയിലുണ്ടായില്ല.
ചില ദൃശ്യങ്ങളിലൊക്കെ ഞാന്‍ കണ്ണടച്ചിരുന്നപ്പോള്‍ കഥ വളരെ മനോഹരമായിരുന്നു. കാരണം ഒരു റേഡിയോ നാടകം കേള്‍ക്കുന്ന അനുഭൂതിയായിരുന്നു അപ്പോള്‍.
ശ്രീനിവാസനെക്കൊണ്ട് കുടുംബഡോക്ടറുടെ വേഷം കെട്ടിച്ചത് എന്തിനെന്ന് ഏത്രയാലോചിച്ചിട്ടും മനസ്സിലായില്ല.
പിന്നെ, എം.ടിയുടെ പെരുന്തച്ചനില്‍ ഇബ്സന്റെ മാസ്റ്റര്‍ ബില്‍ഡര്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നാണ് സംസാരം. പെരുന്തച്ചന് കോംപ്ളക്സ് എന്നൊരു സങ്കല്പം മലയാളത്തിലുള്ളപ്പോള്‍ കുമാരനിതിന്റെ വല്ല ആവശ്യവുമുണ്ടായിരുന്നോ? ഈ സിനിമ അവാര്‍ഡിനു പരിഗണിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് കുമാരനും മനു കുമാരനും ഒഴികെ സിനിമ കാണുന്നവര്‍ക്കെല്ലാം മനസ്സിലാകും!
പിന്നെ, മാടമ്പി കണ്ടിരുന്നു. ഹരിയുടെ മാര്‍ക്കിടീല്‍ ഇത്തിരി കടന്നുപോയി. ഞാനതിന് ഒരു മൂന്നു മാര്‍ക്കില്‍ കൂടുതല്‍ നല്‍കില്ല. പല സിനിമകളുടെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തെടുത്ത ഒരെണ്ണം ഏന്നതില്‍ കവിഞ്ഞ് ഒരു പ്രത്യേകതയും അതിനില്ല. വിന്‍സിനെ ഏത്രകാലമാ വെറുപ്പിക്കുന്നതെന്നു കരുതിയിട്ട മാര്‍ക്കാണോ അത് ? ഒരു മോഹന്‍ലാല്‍ വിരുദ്ധനായി ചിത്രീകരിക്കപ്പെടേണ്ടെന്നു കരുതിക്കാണും. മനസ്സില്‍ നില്ക്കുന്ന ഒരു ദൃശ്യംപോലും ആ സിനിമയിലില്ല. പിന്നെ തനി ഫ്യൂഡല്‍ മാടമ്പി ചട്ടമ്പിത്തരമാണത്. മീശപിരിക്കുന്നും മുണ്ടു മടക്കിക്കുത്തുന്നുമില്ലെന്നേയുള്ളു. മറ്റൊന്ന് വില്ലന്‍ ഭാഗത്തു വരുന്ന ശ്രീരാമന്റെ കഥാപാത്രം ഏതു രീതിയിലാണ് ഗോപാലകൃഷ്ണപിള്ളയെ ചതിച്ചതെന്നും പറയുന്നില്ല. ഒടുക്കം അവര്ക്കെന്തുപറ്റിയെന്നുമില്ല. ആകെയൊരപൂര്ണത. ഒരു രണ്ടാം ഭാഗം പ്രതീക്ഷിക്കാമെന്നു തോന്നുന്നു.
ബി. ഉണ്ണിക്കൃഷ്ണന് മാധവന്റെ 'തിരുത്ത്' സിനിമയാക്കുന്നതായി കേട്ടു. എന്താകുമോ എന്തോ?
മിന്നാമിന്നിക്കൂട്ടം ഇന്നലെയാണു കണ്ടത്. പ്രണയം ഇപ്പോഴും മനസ്സിലുള്ളതിനാലാകാം, എനിക്ക് മാടമ്പിയെക്കാള് ഇഷ്ടപ്പെട്ടു. പ്രശ്നങ്ങള്‍ ഇല്ലെന്നല്ല. മാടമ്പിയുമായി തട്ടിച്ചുനോക്കുമ്പോള്‍ മനസ്സില്‍ തറയ്ക്കുന്ന കുറേ ദൃശ്യങ്ങളുണ്ടെന്നു തോന്നി. അച്ഛന് മരിച്ച രഹസ്യം അമ്മയില്‍ നിന്നു മറച്ചുവയ്ക്കുകയും ഒടുവില്‍ എല്ലാം പറയാമെന്നു പറഞ്ഞ് മനസ്സുതുറക്കുമ്പോള്‍ ഒരു ശൂന്യതമാത്രം അവശേഷിക്കുകയുമാണ് മാടമ്പിയിലെങ്കില് മിന്നാമിന്നിക്കൂട്ടത്തിലെ അച്ഛന്, മകള്‍ ബന്ധം അതാണോ? നാമാരും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് അല്ലേ മിന്നാമിന്നിക്കൂട്ടത്തിലെ ആ ഉപകഥ. അതും ഏത്ര മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു! സാധാരണ ഗതിയില്‍ മകളോട് അച്ഛന് പറയുന്നതായോ കാമുകനോട് കാമുകി പറയുന്നതായോ മാത്രം സംഭവിക്കേണ്ട ഒരു ഉപകഥയാണത്.
അവസാനഭാഗം അല്പം വലിഞ്ഞുവെന്നതും ക്ളൈമാക്സ് അത്ര തീക്ഷ്ണമായില്ലെന്നതും ഞാന്‍ സമ്മതിക്കുന്നു.
ആയുധം, പരുന്ത് കാണാന്‍ പോയില്ല. ഹരിയുടെ ബ്ളോഗും എന്നെപ്പോലെ ചിന്തിക്കുന്നവരെന്ന് ഞാന്‍ കരുതുന്ന ചിലരുടെ അഭിപ്രായങ്ങളുമാണ് കാരണം.
@ rare rose,
ReplyDelete:-) ‘നായർസെൻ’ ആ റിക്കാർഡ് ഇപ്പോൾ മറികടക്കുമല്ലോ! അതെങ്ങിനെയാവുമോ ആവോ!
@ പതാലി,
:-D കമന്റ് ശരിക്കും ചിരിപ്പിച്ചൂട്ടോ...
@ ഇട്ടിമാളു,
ഹ ഹ ഹ... എന്നേം പൊക്കത്തിൽ കേറ്റി ഉരുട്ടിയിടാനുള്ള പരിപാടിയാണല്ലേ! :-) കമ്പ്യൂട്ടറിന്റെ വാൾപേപ്പറുകൾ ഇങ്ങിനെ കണ്ടുകൊണ്ടിരിക്കാൻ ഭയങ്കര ഇഷ്ടമാണല്ലേ? ;-)
@ g.manu,
:-) ‘പുകവലി ആരോഗ്യത്തിനു ഹാനികരം!’ എന്ന മുന്നറിയിപ്പു പോലെയാണോ നിർമ്മാതാക്കൾ അതു പറഞ്ഞത്? ;-) പറഞ്ഞ സംഗതികളൊക്കെ (ബന്ധങ്ങളുടെ അവതരണം, നിഴലിനെ കണ്ടെത്തൽ, സമകാലിക ദുരന്തം) കൊള്ളാം, പക്ഷെ ആവിഷ്കാരത്തിൽ പിഴച്ചു. ഓഫ്-ബീറ്റ് പടമാണെന്നതു സമ്മതിച്ചു, പക്ഷെ അതുകൊണ്ട് മാത്രം ഒരു ചിത്രം നല്ലതാവുന്നില്ല! അതു സത്യം, കാണുന്നവർക്ക് പലപ്പോഴും സിനിമ ഉപരിപ്ലവമായ കാഴ്ച മാത്രമാണ്!
@ vemman,
:-) നന്ദി. സാബു സിറിലിന്റെ കലയേയും കൂട്ടത്തിൽ പെടുത്താമെന്നു തോന്നുന്നു. ഏതായാലും ഹിൽഡയ്ക്കിനിയും അവസരങ്ങൾ ലഭിക്കുമായിരിക്കും.
@ mansoor,
ഹേയ്, അതൊന്നുമല്ല. ഒരു വെറൈറ്റിക്കു വേണ്ടി. ഏതായാലും അദ്ദേഹം സംഗീതം നൽകുന്ന പണി നന്നായി ചെയ്തു.
@ keralainside.net,
നന്ദി. അവിടെ വന്നിട്ട് ആകെ/മൊത്തം/ടോട്ടലായി കൺഫ്യൂഷനായി! അതുകൊണ്ട് പ്രത്യേകിച്ചൊന്നും ചെയ്തില്ല. :-)
@ വക്രബുദ്ധി,
അയ്യോ, അത് ശരിക്കും കുടുങ്ങിയിരുന്നതാണോ? ഞാനോർത്തു ഹിൽഡയുടെ മാത്രം കാഴ്ചയാണ് അതെന്ന്! (തുടക്കത്തിൽ ഗോപുരത്തിനു മുകളിൽ കയറുമ്പോൾ, പാട്ടുപാടിയതായി ഹിൽഡയ്ക്ക് തോന്നിയെന്നത് ഓർക്കുക.) ആഹ, ശ്രീനിയുമായുള്ള ഡയലോഗല്ലേ സിനിമയുടെ ‘കാതൽ’!!! ;-) ഓഹോ ഇത് അവാർഡിനു പരിഗണിക്കാതെ തള്ളിയ ചിത്രമാണോ? ഏത് കൊല്ലത്തേതിനാണു പരിഗണിക്കാഞ്ഞത്?
ഹ ഹ ഹ... മോഹൻലാലിനെ വെറുപ്പിക്കേണ്ടെന്നു കരുതിയാണോ എന്നു ചോദിച്ചൂടായിരുന്നോ! ;-) ആ ചിത്രത്തിന് 6 കൊടുത്തതിന്റെ കാരണങ്ങൾ വിശേഷത്തിൽ സൂചിപ്പിച്ചിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. ശ്രീരാമന്റെ കഥാപാത്രം ഗോ.പിള്ളയെ ചതിച്ചുവെന്നു പറയുന്നില്ലല്ലോ! ഗോ.പിള്ളയുടെ അച്ഛന്റെ കൂടെനിന്ന് സമ്പാദ്യമെല്ലാം തട്ടിയെടുക്കുകയായിരുന്നു. ഒടുക്കം അവരെ കൊല്ലുക/തല്ലി ഒരു പരുവമാക്കുക ഇവയൊക്കെയല്ലേ ശരിക്കും നടക്കാത്ത കാര്യങ്ങൾ. അവർ തമ്മിലുള്ള ശത്രുത ഇനിയും തുടരും, അനിയനെ വെച്ചുള്ള കളിയിൽ ഗോ.പിള്ള ജയിച്ചുവെന്നു മാത്രം. ‘മിന്നാമിന്നിക്കൂട്ട’ത്തിലെ ഉപകുഥ അത്ര വലിയ ട്വിസ്റ്റായൊന്നും തോന്നിയില്ല. അതിന്റെ പോരായ്മകളും വിശേഷത്തിൽ പറഞ്ഞിട്ടുള്ളതാകയാൽ ആവർത്തിക്കുന്നില്ല. പോൾ കണ്ടില്ലേ? പരുന്താണ് മടമ്പിക്കുമേൽ പറന്നു നിൽക്കുന്നത്. :-D
--
ഹരീ
ReplyDeleteഗോപുരത്തിനു മുകളില്‍ കുടുങ്ങിയ ആല്‍ബര്‍ട്ട് ആരുടെയെങ്കിലും തോന്നലായിക്കോട്ടെ. ആ ദൃശ്യത്തിന്റെ കോമാളിത്തത്തെപ്പറ്റിയാണ് ഞാന്‍ പറഞ്ഞത്. 2007ലെ ചലച്ചിത്ര അവാര്‍ഡിന് മല്‍സരിക്കാന്‍ ഈ ഗോപുരവും ഉണ്ടായിരുന്നു. ഒരവാര്‍ഡുപോലും കിട്ടിയില്ല. അവാര്‍ഡ് പ്രഖ്യാപനം വന്നപ്പോള്‍ കുമാരന് ചെറുതായൊന്നു പ്രതികരിച്ചു നോക്കിയതാണ്, ഏശിയില്ല. പിന്നെ, ഹില്‍ഡ... അതൊരു മൊതലു തന്നെയാ, മലയാള സിനിമയ്ക്ക്...!
മറ്റുള്ളവയെപ്പറ്റി ഒരു ചര്‍ച്ച ഇനി വേണ്ട. വിടുന്നു.
പോള്‍ കണ്ടു. മമ്മൂട്ടി ഫാനുകളാണ് ഹരിയുടെ വായനക്കാരില്‍ അധികവും എന്നറിയുക.... എസ്. എം. എസിലൂടെയും അവര്‍ വോട്ട് പിടിച്ചിട്ടുണ്ടാകണം. ഞാനാണെങ്കില്‍ മിഴികള്‍ സാക്ഷിക്ക് രണ്ടു മൂന്ന് വോട്ടു ചെയ്തതാണ് പക്ഷേ, രക്ഷപ്പെട്ടില്ല...
പ്രിയ ഹരീ,
ReplyDeleteആകാശഗോപുരത്തെക്കുറിച്ചുള്ള താങ്കളുടെ ‘അഭിപ്രായം‘ വായിച്ചു.. ആ സിനിമ കാണുകയും ചെയ്തു. ചില കാര്യത്തില്‍ താങ്കളോട് യോജിക്കാമെങ്കിലും പലകാര്യത്തിലും താങ്കളോട് വിയോജിക്കയും ചെയ്യുന്നു...
യോജിപ്പും വിയോജിപ്പും വെവ്വേറെ തിരിച്ച് ഞാന്‍ പറയാന്‍ മിനക്കെടുന്നില്ല.
മാടമ്പി എന്ന സിനിമയ്ക്ക് താങ്കള്‍ 6.5 റേറ്റിങ്ങും ആകാശഗോപുരത്തിന് 3.5 എന്ന റേറ്റിങ്ങും നല്‍കിയത് താങ്കളുടെ സ്വാതന്ത്ര്യത്തില്‍ പെട്ട കാര്യമെങ്കിലും ആ റേറ്റിങ്ങീനോട് പൊരുത്തപ്പെടാന്‍ എന്നിലെ സിനിമാപ്രേമിക്ക് സാധിക്കുന്നില്ല. റണ്ടു സിനിമയും ഞാന്‍ കണ്ടതാണ്.
ആകാശഗോപുരം എന്ന സിനിമ നാടകീയമായെന്ന് ഞാന്‍ സമ്മതിക്കുന്നു. എന്നാല്‍ അത്തരമൊരു ട്രീറ്റ്മെന്റ് തന്നെയായിരുന്നു ആ സിനിമക്ക് അനുയോജ്യമെന്നാണ് ഞാന്‍ കരുതുന്നത്. അങ്ങനെ ചിന്തിച്ചാല്‍ ആകാശഗോപുരം ഒരു മോശം ചിത്രമല്ല എന്നേ എനിക്ക് പറയാന്‍ കഴിയൂ...
ഈ സിനിമ ഇഷ്ടപ്പെട്ടു എന്ന് പറയുക വഴി ഞാനൊരു ബുദ്ധിജീവിയാണെന്ന് വരുത്താനല്ല ശ്രമിച്ചതെന്നും പറഞ്ഞുകൊള്ളട്ടെ. ചുരുക്കത്തില്‍ ഈ സിനിമ താങ്കള്‍ക്ക് ദഹിച്ചില്ല എന്നും എനിക്ക് ദഹിച്ചു എന്നും മാത്രമേ വിചാരിക്കാനുള്ളു.
Regarding the movie's tagline - "loose" and "lose" are different. "loose" is like "a loose end". I am not sure if Hari mis-spelt the word, or the tagline creator himself did it.
ReplyDelete@ വക്രബുദ്ധി,
ReplyDeleteഅതെ. പക്ഷെ, പറഞ്ഞുവന്നപ്പോൾ ആൽബർട്ട് വീണില്ല, അവിടെ കുടുങ്ങി നിന്നതേയുള്ളൂ എന്നർത്ഥം വന്നതുപോലെ തോന്നി. അതുകൊണ്ടാണ് അങ്ങിനെ പറഞ്ഞത്. ഫാനുകൾ, രണ്ടുകൂട്ടരുമുണ്ട് വായനക്കാരായി. അതാണല്ലോ പോളങ്ങ് ശരിക്കു കയറിയെ. :-) ഗൂഗിൾ അക്കൌണ്ട് ഉപയോഗിച്ച് സൈൻ-ഇൻ ചെയ്തവർക്ക്, ഒരാൾക്ക് ഒരോട്ട്, എന്ന രീതി കൊണ്ടുവരേണ്ടിയിരിക്കുന്നു (ആര്? ഗൂഗിളാണേ... :-).
@ പോങ്ങുമ്മൂടൻ,
ആവർത്തനം: ‘മാടമ്പി’യും, ‘ആകാശഗോപുര’വും രണ്ട് രീതിയിൽ പ്രേക്ഷകരോട് സംവേദിക്കുന്ന ചിത്രങ്ങളാണ്. അതിനാൽ ഇവ തമ്മിലൊരു താരതമ്യം അർത്ഥമില്ലാത്തതാണ്.
നാടകീയമായ ട്രീറ്റ്മെന്റ്, സിനിമയെ നാടകമാക്കുന്നതാവരുത്. സിനിമയിലെ നാടകീയതയും, നാടകത്തിലെ നാടകീയതയും രണ്ടും രണ്ടാണ്. നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നില്ല, ആശയത്തിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു വേണ്ടിയിരുന്നത്. ചുരുക്കത്തിൽ ഈ സിനിമ കുറച്ചു പേർക്ക് ദഹിച്ചില്ല എന്നും കുറച്ചു പേർക്ക് ദഹിച്ചു എന്നും പറയുന്നതാവും കൂടുതൽ ശരി. :-)
@ prasanth,
തെറ്റ് എന്റേതു തന്നെ. തിരുത്തിയിട്ടുണ്ട്. തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി. :-)
--
ഹരീ.... നായന്സെന്നിനെ കുറിച്ചൊറ്റവാക്കെയുള്ളു... നാട്ടുകാരുടെ കാശ് കളഞ്ഞത് പോരെ... ? ഇനി ജപ്പാന്‍കാരുടേയും കാശ് കളയണോ? :D
ReplyDeleteപണത്തിനു മുകളില്‍ പരുന്തും പറക്കില്ല എന്നാണെങ്കിലും, മാടമ്പിക്കു മുകളില്‍ പരുന്ത് പറന്നു!!! വാശിയേറിയ പോരാട്ടമായിരുന്നെന്നു തോന്നുന്നു.....
ആകാശഗോപുരം കാണണമെന്നുണ്ട്.പക്ഷേ ഞാന്‍ നാട്ടിലെത്തുമ്പോഴേക്കും, അതവിടെ ഉണ്ടാകുമോ എന്നാണ് ഒരു സംശയം.... :(
വീണ്ടും ഒരു ചോദ്യം.... ഗുല്‍മോഹറ്‍ കണ്ടുവോ? നല്ല ചിത്രം എന്നു പലയിടങ്ങളില്‍ നിന്നും അഭിപ്രായം വരുന്നു....
ആകാശഗോപുരം പൊളിഞ്ഞു വീണതു കൊണ്ട് മലയാളത്തില്‍ നല്ല സിനിമ മരിക്കുന്നൂ, മരിക്കുന്നൂ, മരിക്കുന്നൂ എന്ന് വിലപിച്ചിട്ട് കാര്യമില്ല. ഞാനും കണ്ടു ആ പടം. തനി നാടകം. ഇതില്‍ എന്ത് ട്രീറ്റ്മെന്റാണാവോ ശ്രീ കുമാരന് അവര്‍കള്‍ നടത്തിയിരിക്കുന്നത്. സിനിമ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ കലാരൂപമാണ്. എന്നാല്‍ കോടികള്‍ മുടക്കി ഒരു നാടകം പിടിച്ചിട്ട് അത് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ കലാരൂപമെന്ന് പറയുന്നതില്‍ എന്ത് കാര്യമാണുള്ളത്? എനിക്കല്‍ഭുതം ആ ശ്രീനിവാസന് എങ്ങനെയാണ് ആ പടത്തില്‍ അഭിനയിക്കാന്‍ സമ്മതിച്ചത് എന്നാണ്.
ReplyDelete