പരുന്ത് (Parunthu)

Published on: 7/19/2008 08:09:00 AM

പൃഥ്വിരാജിന് രണ്ടായിരത്തിയാറിലെ മികച്ച അഭിനേതാവിനുള്ള അവാര്‍ഡ് നേടിക്കൊടുത്ത ‘വാസ്തവം’ എന്ന ചിത്രത്തിന്റെ സംവിധായകന്‍, എം. പത്മകുമാര്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയിരിക്കുന്ന ചിത്രമാണ് ‘പരുന്ത്’. ടി.എ. റസാഖാണ് ചിത്രത്തിന്റെ കഥയും, തിരക്കഥയും, സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. കൊള്ളപ്പലിശക്കാരനായ പരുന്ത് പുരുഷോത്തമനായി ഈ ചിത്രത്തില്‍ മമ്മൂട്ടിയെത്തുന്നു. ലക്ഷ്മി റായ് നായികയാവുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഹൌളി പോട്ടൂർ.

പരുന്ത് പുരുഷോത്തമന്‍(മമ്മൂട്ടി) സ്ഥലത്തെ പ്രധാന ബ്ലേഡ് പലിശക്കാരനാണ്. അമ്മ പെറ്റുപേക്ഷിച്ച് പോയതില്‍ പിന്നെ അനാഥനായാണ് വളര്‍ന്നത്; പണത്തോട് മാത്രമാണ് പുരുഷുവിന് അല്പമെങ്കിലും മമതയുള്ളത്. കല്ലായി അസീസ്(ജയകുമാർ) എന്ന മറ്റൊരു ബ്ലേഡ് പലിശക്കാരനാണ് പുരുഷുവിന്റെ പ്രധാന എതിരാളി. അസീസ് ഒരു ഗുണ്ടയെക്കൊണ്ട് പുരുഷുവിനെ കുത്തിക്കുന്നു. സഹായത്തിനാരുമില്ലാതെ പുരുഷു ആശുപത്രിയിലാവുന്നു. ഒടുവില്‍ സഹായത്തിനെത്തുന്നതാവട്ടെ, പുരുഷു പലിശക്കണക്ക് പറഞ്ഞ് ജീവിതം തകര്‍ത്ത ഹേമന്ത് ഭായി(ജഗതി ശ്രീകുമാർ)യുടെ ഇളയമകളും(കല്യാണി). ഇത് പുരുഷുവിന്റെ കണ്ണു തുറപ്പിക്കുന്നു, മറ്റൊരു മനുഷ്യനാകുവാന്‍ പരുന്ത് തീരുമാനിക്കുന്നു.

മമ്മൂട്ടിയെപ്പോലും വേണ്ടും വണ്ണം ഉപയോഗിക്കുവാന്‍ തിരക്കഥാകൃത്തിനോ, സംവിധായകനോ കഴിഞ്ഞിട്ടില്ല എന്നു പറയുമ്പോള്‍ സിനിമയുടെ നിലവാരം ഊഹിക്കുവാന്‍ കഴിയുമല്ലോ! ഒരു ‘പെരുമഴക്കാലം’ അബദ്ധത്തിനുണ്ടായി എന്നതൊഴിച്ചാല്‍, റസാഖിന്റെ സമകാലീന കഥകള്‍ക്ക് ശരാശരി നിലവാരം പോലും അവകാശപ്പെടുവാനാവില്ല. അവസാനം റസാഖ് തൂലിക ചലിപ്പിച്ച; ‘അഞ്ചിലൊരാള്‍ അര്‍ജ്ജുന’നും, ‘ആകാശ’വും, ഇപ്പോള്‍ ‘പരുന്തും’ ഇത് അടിവരയിടുകയും ചെയ്യുന്നു. എം. പത്മകുമാര്‍ പൃഥ്വിരാജിനെ നായകനാക്കി ചില വ്യത്യസ്തതയുള്ള ചിത്രങ്ങള്‍ എടുത്തയാളാണ്. എന്നാല്‍ നല്ലൊരു തിരക്കഥയില്ലെങ്കില്‍, കാര്യമായൊന്നും തനിക്കും ചെയ്യുവാനില്ലെന്ന് അദ്ദേഹത്തിനു മനസിലാക്കുവാന്‍ മാത്രമേ ഈ സിനിമ ഉപകാരപ്പെട്ടിരിക്കുകയുള്ളൂ.

സുരാജ് വെഞ്ഞാറമ്മൂട്, കൊച്ചിന്‍ ഹനീഫ, ജയസൂര്യ, മാമുക്കോയ, ജഗതി ശ്രീകുമാർ, ലക്ഷ്മി റായ്, കല്യാണി, കെ.പി.എ.സി. ലളിത, ജിഷ്ണു, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ദേവന്‍, മങ്ക മഹേഷ്, സൈജു കുറുപ്പ്, സജു കൊടിയന്‍, അഗസ്റ്റ്യന്‍ തുടങ്ങി ഒട്ടേറെപ്പേര്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പല കഥാപാത്രങ്ങളും വൈകാരികമായ സന്ദര്‍ഭങ്ങളിലൂടെ പലപ്പോഴും കടന്നുപോവുന്നുണ്ടെങ്കിലും, ഒരാള്‍ പോലും പ്രേക്ഷകന്റെ മനസിലേക്കെത്തുന്നില്ല. ഇടവേളവരെ എന്തൊക്കെയോ കാണിച്ചുവെന്നല്ലാതെ ഒരു കഥയായിപ്പോലും ചിത്രം വികസിച്ചില്ല. ഇടവേളയ്ക്കു ശേഷവും കാര്യമായ സംഭവങ്ങളൊന്നുമില്ലാതെ ചിത്രം അവസാനിക്കുന്നു. പരുന്തിനു പറയുവാന്‍ തക്കവണ്ണം ഒന്നുരണ്ട് നല്ല ഡയലോഗെങ്കിലും എഴുതുവാന്‍ ടി.എ. റസാഖിനു കഴിയാതിരുന്നത് കഴിവുകേടെന്നു തന്നെ പറയണം.

വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ, അനില്‍ പനച്ചൂരാന്‍, കനേഷ് പൂനൂര്‍ എന്നിവരെഴുതി അലക്സ് പോള്‍ സംഗീതം നല്‍കിയിരികുന്ന ‘ബഹള’ങ്ങള്‍ അസഹനീയം. ബോബന്റെ കലാസംവിധാനം, സഞ്ജീവ് ശങ്കറിന്റെ ചിത്രീകരണം, ഔസേപ്പച്ചന്റെ പിന്നണിസംഗീതം ഇവയൊക്കെ ചിത്രത്തിന്റെ താഴോട്ടുള്ള പോക്കിന്റെ ആക്കം കൂട്ടുവാന്‍ മാത്രമേ ഉതകുന്നുള്ളൂ. ‘മാടമ്പി’ ആവര്‍ത്തനമാണ്; എന്നാല്‍ അത് രസകരമായി, പ്രേക്ഷകരെ വിനോദിപ്പിക്കുന്ന തരത്തിൽ‍, പുതിയ സാഹചര്യങ്ങളില്‍ അവതരിപ്പിക്കുവാന്‍ അതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കായി. എന്നാല്‍ ‘പരുന്തി’ന്റെ അണിയറക്കാര്‍ക്ക് സകലതും പിഴച്ചു. സൃഷ്ടാക്കള്‍ തന്നെ ചിറകരിഞ്ഞ് പറത്തിയിരിക്കുന്ന ‘പരുന്തി’ന് എത്രനാള്‍ തിയേറ്ററുകളില്‍ പറന്നുനില്‍ക്കുവാനാവുമെന്ന് കണ്ടറിയണം.


Description: Parunthu Review by Hareesh N. Nampoothiri aka Haree | ഹരീ. Directed by M. Padmakumar. Story, Screenplay and Dialogues by T.A. Razaq. Starring Mammooty, Lakshmi Rai, Kalyani, Sreelatha, Jayasoorya, Saiju Kurup, Jagathy Sreekumar, Kochin Haneefa, Mamukkoya, Augustin, Suraj Venjaramood, Saju Kodiyan, K.P.A.C. Lalitha, Balachandran Chullikkad, Devan, Manka Mahesh. Malayalam Film/Movie/Cinema Review. July 2008 Release.
--

24 comments :

 1. എം. പത്മകുമാര്‍ - ടി.എ. റസാഖ് - മമ്മൂട്ടി എന്നിവര്‍ ഒന്നിക്കുന്ന ‘പരുന്ത്’ എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
  --

  ReplyDelete
 2. പൃഥ്വിരാജിന് കിട്ടിയത് രണ്ടായിരത്തിയേഴിലെ മികച്ച അഭിനേതാവിനുള്ള അവാര്‍ഡോ അതോ രണ്ടായിരത്തിയാറിലെയോ?

  റസാഖ് പണ്ട് നല്ല കഥകളെഴുതിയിരുന്നു.

  ബാക്കി അഭിപ്രായം സിനിമ കണ്ടിട്ട്. കോഴിക്കുഞ്ഞുങ്ങള്‍ പരുന്തിനെ റാഞ്ചാന്‍ കാത്തിരിക്കുന്നു....

  ReplyDelete
 3. പറഞ്ഞു കേട്ടിടത്തോള്ളം പരുന്ത് ഫ്ലോപ്പാണ്.....

  ReplyDelete
 4. അപ്പോ പരുന്ത് പൊളിയാണോ ചേട്ടാ
  എന്തായിരുന്നു പബ്ലിസിറ്റി

  ReplyDelete
 5. അപ്പോ പരുന്ത് പറക്കില്ല അല്ലേ ഹരീ...

  ReplyDelete
 6. ചില കളികള്‍ ജയിക്കാന്‍ ആയി മാത്രമെ നീലകണ്ഠന്‍ കളിക്കാറുള്ളു.

  പരുന്തിന്റെ പപ്പും പൂടയും പറച്ചു. കലക്കി.

  /മമ്മൂട്ടിയെപ്പോലും വേണ്ടും വണ്ണം ഉപയോഗിക്കുവാന്‍ തിരക്കഥാകൃത്തിനോ, സംവിധായകനോ കഴിഞ്ഞിട്ടില്ല /

  അല്ലേല്‍ മമ്മൂട്ടിയെ കൊണ്ടു എന്നാ ഒണ്ടാക്കാനാ??

  ReplyDelete
 7. ആ ഹൌളി പോട്ടൂരിനു വട്ടാണു. ഇനി അയ്യാളെ കാണുമ്പോ ചോദിക്കണം വേറെ പണി ഒന്നും ഇല്ലേ ചേട്ടാ എന്നു.

  ReplyDelete
 8. Haree,

  Razakinte Ghazal,Kanakinavu, Vishnulokam okke moshamallatha films aayirunnu. Pakshe pullikku 'nannavilla' ennu vaashi ullathu poleyaa.

  Pinne Padmakumarinte Amakkilikoodinu sesham ulla films okke kandaal addehathinu 'anti hero syndrom' baadhichathu polaa...alle..

  I think Parunthu is worth to watch in VCD(Original) only.

  ReplyDelete
 9. മലപ്പൊറം കൈക്കോട്ട്,എന്‍ എച് ഫോര്‍ട്ടീസെവന്‍,കുന്തോം കൊടച്ചക്രോം ഇപ്പെന്തായി,പരുന്തിന് എണിറ്റു വീട്ടില്‍ പോവാന്‍ ഫാന്‍സ് അസോസിയേഷന്റെ ഊന്നു വടി വേണ്ടിവരുമോ എന്തോ.

  വേറൊരുത്തനുണ്ടല്ലോ പിണ്ണാക്കു ചാക്കുവെള്ളത്തില്‍ വീണപോലൊരുത്തന്‍,ശ്വാസം കിട്ടാതെ ഡയലോഗു റഞ്ഞ് പറഞ്ഞ് സ്വന്തമായി ഗമ്പജകസ്ദൂരിക്കമ്പനി തുടങ്ങിയോന്‍. ഇപ്പഴും യൗവ്വനാണെന്നാ വിചാരം,ഇത്തിരിപ്പോന്ന പെമ്പിള്ളാരുടെ പിന്നാലെ ഇടിഞ്ഞു പൊളിഞ്ഞു വീഴുമോ എന്നു പേടിച്ചു പേടിച്ച് ഓടി നടക്കുന്നൊരു മന്തന്‍,ഇപ്പൊ വല്യ കളരി അഭ്യാസിയാ വിരലൊക്കെ മടക്കി ഒന്ന്,രണ്ട്,മൂന്ന് എന്നെണ്ണി വരുമ്പഴേയ്ക്കും നാട്ടുകാര് വേലിക്കുറ്റിയൂരി അടിച്ചോടിക്കും. ഇനീപ്പൊ ഇവനൊക്കെ കെടപ്പിലായാലും ഇതൊക്കെ തന്നെ നമ്മളനുഭവിക്കേണ്ടി വരും അപ്പോഴും ഇവനൊക്കെ കിടന്നേടത്തു കിടന്ന് ചൂണ്ടുമര്‍മ്മം പ്രയോഗിച്ച് ചോരത്തെളപ്പുള്ള പുത്തന്‍ പിള്ളാരെ അടക്കി നിര്‍ത്തും.

  ReplyDelete
 10. ബുഹാഹാഹാ... ഒറ്റ ഒരുത്തനും നല്ല പാഠം എടുക്കില്ല എന്ന വാശിയില്‍ ആണെന്ന് തോന്നുന്നു..പഴയ പടങ്ങലുറെ സി ഡി ഇട്ട കണ്ട ആശ തിര്‍ക്കാം..അല്ലാണ്ടെന്ത..

  ReplyDelete
 11. പരുന്തും കാലില്‍ മാടമ്പി
  പോകുമെന്ന്‌ ഭയന്നവരോട്‌ ഇനിയെന്ത്‌ പറയും....

  ആസ്വാദനം നന്നായിരിക്കുന്നു
  ആശംസകള്‍...

  ReplyDelete
 12. കുറെ അറമാദിച്ച് അവസാനം മമ്മൂട്ടിക്കു കിട്ടേണ്ടതു കിട്ടി... അങനെ 50 രൂപ കൂടി ലാഭിച്ചു...
  പിന്നെ ആ വിന്‍സിനെ ചികിത്സിക്കാന്‍ കുറച്ചു പണം പിരിക്കണം... ഇവരെപ്പോലുള്ളവരാണു മമ്മൂട്ടിയുടേയും ലാലിന്റെയും എല്ലാം അഹങ്കാരം

  ReplyDelete
 13. കണ്ടില്ല ..കാണതെ അഭിപ്രായം പറയുന്നില്ല ..... പക്ഷെ അക്ഷരപ്പൊട്ടന്‍ പറഞ്ഞതിനോട് യോജികുന്നു .

  ReplyDelete
 14. ഹരീ.... അഭിപ്രായം ചിത്രം കണ്ടതിനു ശേഷം....

  ടി.എ. റസാഖ്‌ അത്ര മോശം കഥാകൃത്തൊനുമല്ല. വളരെയധികം നല്ല ചിത്രങ്ങള്‍ക്ക്‌ തൂലിക ചലിപ്പിച്ചയാളാണദ്ദേഹം. നാരയം, ഗസല്‍, കാണാക്കിനാവ്‌ തുടങ്ങി ഒരു പിടി നല്ല ചിത്രങ്ങള്‍ സമ്മാനിചാ വ്യക്തി. പത്മകുമാറിണ്റ്റെ ആദ്യ മൂന്നു ചിത്രവും കണ്ടയാളെന്ന നിലയില്‍, എന്തെങ്കിലും ഒരു പ്രത്യേകത ഈ ചിത്രത്തില്‍ നമുക്ക്‌ പ്രതീക്ഷിക്കാം. അമ്മക്കിളിക്കൂടും, വറ്‍ഗ്ഗവും, വാസ്തവവും സാധാരണ പാറ്റേണില്‍ നിന്നും പുറത്തുള്ള ചിത്രങ്ങള്ളായിരുന്നു.

  ReplyDelete
 15. @ അയല്‍ക്കാരന്‍,
  രണ്ടായിരത്തിയാറിലെ അവാര്‍ഡാണ്. തിരുത്തിയിട്ടുണ്ട്. :) റസാഖിന്റെ അടുത്ത കാലത്തെ കഥകളുടെ കാര്യമാണ് പറഞ്ഞത്.

  @ അജ്ഞാതന്‍, അനൂപ് കോതനല്ലൂര്‍, മൂര്‍ത്തി, അഭിലാഷങ്ങള്‍, കാവലാന്‍, അക്ഷരപ്പൊട്ടന്‍,
  അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. :)

  @ വിന്‍സ്,
  :) മമ്മൂട്ടിയെക്കൊണ്ട് എന്ത് ‘ഒണ്ടാക്കാന്‍’ കഴിയുമെന്ന് പല സംവിധായകരും തെളിയിച്ചിട്ടുണ്ട്. പക്ഷെ, അതുകാണില്ല എന്നു ശഠിക്കുന്നവരോട് പറഞ്ഞിട്ടു കാര്യമില്ലല്ലോ!

  @ ഡ്രീമര്‍,
  റസാഖിന്റെ സമകാലീന കഥകളെയാണ് റിവ്യൂവില്‍ സൂചിപ്പിച്ചത്. ആന്റി-ഹീറോ ആയതുകോണ്ട് കുഴപ്പമില്ല. പക്ഷെ, അതുകഴിഞ്ഞ് ഹീറോയിലേക്കുള്ള തിരിച്ചുവരവ്‌ വിശ്വസിനീയമായിരിക്കണം... :)

  @ എക്സെന്‍‌ട്രിക്ക്,
  നരസിംഹം ഡയലോഗാണ് ഓര്‍മ്മ വരുന്നത്; ‘...നഖം വെട്ടിത്തരാം, അതുകൊണ്ടുപോയി ചന്ദനമുട്ടിയില്‍ വെച്ചു കത്തിച്ച് ആശ തീര്‍ക്കാം...’ ;)

  @ ദ്രൌപദി,
  :) അങ്ങിനെയൊരു ഭയമുണ്ടായിരുന്നോ? ആശംസകള്‍ക്ക് നന്ദി. :)

  @ നവരുചിയന്‍,
  കാണണോ? ;) കണ്ടാല്‍ അഭിപ്രായം പറയൂട്ടോ...

  @ ജയകൃഷ്ണന്‍,
  :) കണ്ടിട്ട് അഭിപ്രായം പറയൂ. അങ്ങിനെയൊരു പ്രത്യേകത ഈ ചിത്രത്തിനുണ്ടെന്ന് എനിക്കു തോന്നിയില്ല. മൂന്നു ചിത്രങ്ങളും കണ്ടയാളാണ് ഞാനും.

  റസാഖിന്റെ സമകാലീന കഥകളെയാണ് വിശേഷത്തില്‍ പ്രതിപാദിച്ചത്. ഒരു ‘പെരുമഴക്കാലം’ അബദ്ധത്തിനുണ്ടായി എന്നതൊഴിച്ചാല്‍, റസാഖിന്റെ സമകാലീന കഥകള്‍ക്ക് ശരാശരി നിലവാരം പോലും അവകാശപ്പെടുവാനാവില്ല. - എന്നു തിരുത്തിയത് ശ്രദ്ധിക്കുമല്ലോ... പെരുമഴക്കാലം, വേഷം, രാപ്പകല്‍, ബസ് കണ്ടക്ടര്‍, അഞ്ചില്‍ ഒരാള്‍ അര്‍ജ്ജുനന്‍, ആകാശം... ഇങ്ങിനെ പോവുന്നു റസാഖിന്റെ രചനകള്‍. ഇവയില്‍ അഞ്ചില്‍ ഒരാള്‍ അര്‍ജ്ജുനന്റെയും, ആകാശത്തിന്റെയും കാര്യം ചിത്രവിശേഷത്തില്‍ തന്നെ സൂചിപ്പിച്ചിട്ടുള്ളതുമാണ്.
  --

  ReplyDelete
 16. റസാക്കിന്റെ ഒരു പടത്തില്‍ കൂടി മമ്മൂട്ടി അഭിനയിക്കുണ്ട് മായബസാര്‍ അതും മറ്റൊരു വധമായിരിക്കും അയാളുടെ ഏത് പടമാണ് നല്ലതായുള്ളത് ആവരജ് അപ്പുറത്ത് ഒന്നുമില്ല എല്ലാം ഒരു തരം ചീപ് സെന്റിമന്‍സ്, എന്തിനാ മമ്മൂട്ടി അയാളെ കൂട്ടിനടക്കുന്നത്, ഒരു പുതിയ സംവിധായകന്റെ തിരുള് മുട്ടിക്കുമോ?

  ReplyDelete
 17. ഹരീ....

  മലയാളം സിനിമയെക്കുറിച്ചുള്ള എഴുത്തുനിര്‍ത്തിയിട്ട് വല്ല തമിഴ് സിനിമയെക്കുറിച്ചോ മറ്റോ എഴുത്. അവിടെയാ ഇപ്പോ നല്ല സിനിമകള്‍ വരുന്നത്.

  മലയാളം സിനിമ നന്നാവാന്‍പോകുന്നില്ല. അതിനുകാരണം സൂപ്പര്‍സ്റ്റാറുകളോ ഫാന്‍സ് അസോസിയേഷനോ അല്ല. ഏതുചവറും സിനിമയാക്കാന്‍ റെഡിയായി കാശുമായിനില്‍ക്കുന്ന നിര്‍മാതാക്കളും സംവിധായകരുമാണ്.

  ReplyDelete
 18. Haree,

  Padmakumarinte Ammakilikoodozhichaal Vargam, Vaastavam, Parunthu thudangiya ellaa filmsilum Herokku oru Villainous touch undu athaa njaan uddeshichathu.

  Ranjithinte anujanaano padmakumar? Angane kettu.

  ReplyDelete
 19. പരുന്തിനെപ്പറ്റി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മമ്മൂട്ടി മമ്മൂട്ടി തന്നെയാണ്.താരമൂല്യത്തിലും ഇനിഷ്യല്‍ കളക്ഷനിലും മമ്മൂട്ടിയെ വെല്ലാന്‍ ഇനി ഒരു താരം ജനിക്കണം.എന്തായാലും പരുന്തിലെ മമ്മൂട്ടിയാണല്ലോ മാടമ്പിയിലെ ലാലിനേക്കാള്‍ നന്നായി തിളങ്ങിയത്.പരുന്തു ഒരു ദിവസം കൊണ്ടു നേടിയ കളക്ഷന്‍ മാടമ്പി രണ്ടാഴ്ച കൊണ്ടു നേടിയില്ലായെന്നതും ചിന്തിക്കണം.

  ReplyDelete
 20. ചില കളികള്‍ ജയിക്കാന്‍ ആയി മാത്രമെ നീലകണ്ഠന്‍ കളിക്കാറുള്ളു.

  പരുന്തിന്റെ പപ്പും പൂടയും പറച്ചു. കലക്കി.

  who is this school boy?
  ippozhum ithu poleyulla aalkar undo?? lol

  ReplyDelete
 21. @ മന്‍സൂർ,
  :-) അതെങ്കിലും നന്നാവുമെന്ന് കരുതാം... തിരുള്‍ = ?

  @ സുപ്രിയ,
  :-) നന്നാവുമെന്നേ... കാശുമായി നില്‍ക്കുന്നവര്‍ക്ക് വലിയ പിടിപാടൊന്നുമില്ലാത്തതു കൊണ്ടാണെന്നാണ് എനിക്കു തോന്നുന്നത്. ഒന്നില്‍ക്കൂടുതല്‍ പിടിക്കേണ്ടി വരാത്തതുകൊണ്ട്, അനുഭവസമ്പത്തും ഉണ്ടാവുന്നില്ലായിരിക്കും... ;-)

  @ ഡ്രീമർ,
  അതെ, അങ്ങിനെ തന്നെയാണല്ലോ ഞാനും മനസിലാക്കിയത്. വര്‍ഗം, വാസ്തവം, പരുന്ത് - മൂന്നിലേയും നായകന്മാര്‍ നെഗറ്റീവാണ്. എന്നാല്‍ വര്‍ഗത്തിലും, വാസ്തവത്തിലും നായകന്‍ നല്ലനടപ്പു പഠിച്ചത് വിശ്വസിനീയമായ രീതിയിലായിരുന്നു; എന്നാല്‍ പരുന്തിലേത് അവിശ്വസനീയമായ മാറ്റമായിപ്പോയി!

  @ രഞ്ജു,
  ആണോ? ഇതൊക്കെ ആരു പറഞ്ഞു, കളക്ഷന്റെ കാര്യമേ!!! തിളങ്ങിയത് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ‘ഇന്ത്യ തിളങ്ങുന്നു’ എന്നു ബി.ജെ.പി. പരസ്യത്തില്‍ പറഞ്ഞതുപോലെയായിപ്പോയെന്നു മാത്രം! :-)

  @ രാജന്‍,
  :-) ചില പടങ്ങള്‍ രക്ഷപെട്ടു പോവുന്നതു തന്നെ ഇങ്ങിനെയുള്ളവര്‍ ഉള്ളതുകൊണ്ടാണ്, അതെങ്കിലും ഓര്‍ക്കണം. ;-)
  --

  ReplyDelete
 22. "തിരിള്‍ മുട്ടിക്കുക" അഥവാ വളര്ച്ച മുരടിപ്പിക്കുക എന്നത് നമ്മുടെ നാട്ടിലെ (കണ്ണൂര്‍) ഒരു പ്രയോഗമാണ് (ഓഓഓ ഈ കണ്ണൂര്‍ക്കാരുടെ ഒരു ഭാഷയേ ) sorry for confusing..

  ReplyDelete
 23. ഹരീ... ആസ്വാദനം നന്നായിട്ടുണ്ട് :) ആശംസകള്‍

  ReplyDelete