മൈ മദേഴ്സ് ലാപ്‌ടോപ്പ് (My Mother's Laptop)

Published on: 7/26/2008 11:28:00 PM
My Mother's Laptop: A film by director Rupesh Paul. Produced by E.A. Jose Prakash. Starring Suresh Gopi, Padmapriya, Swetha Menon and Urmila Unni.
യുവസാഹിത്യകാരനായ രൂപേഷ് പോളിന്റെ ആദ്യ ചലച്ചിത്രസംവിധാന സംരംഭമാണ് ‘മൈ മദേഴ്സ് ലാപ്ടോപ്പ്’. മലയാളസാഹിത്യകാരന്മാരില്‍ ശ്രദ്ധേയനായ സുഭാഷ് ചന്ദ്രന്റെ ‘പറുദീസാനഷ്ടം’ എന്ന ചെറുകഥയുടെ ചുവടുപിടിച്ച് തിരക്കഥയും, സംഭാഷണങ്ങളും രചിച്ചിരിക്കുന്നത്, ചെറുകഥാകൃത്തുകൂടിയായ ഇന്ദു മേനോന്‍. നിര്‍മ്മാതാവ് ഇ.എ. ജോസ് പ്രകാശിന്റേയും ആദ്യ ചലച്ചിത്രമാണ് ഈ ചിത്രം. സുരേഷ് ഗോപി, പത്മപ്രിയ എന്നിവരുടെ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ടു നീങ്ങുന്നത്.

അച്ഛനില്ലാതെ ജനിച്ച രവി(സുരേഷ് ഗോപി), അമ്മ(ശ്വേത മേനോന്‍)യെ ഉപേക്ഷിച്ചു പോയ ശേഷം, വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞ് മടങ്ങിയെത്തുന്നു. എന്നാല്‍ അപ്പോഴേക്കും അമ്മ മരണശയ്യയിലായിരുന്നു. ഒരു പ്രമുഖ നാടക നടനായ രവി, അമ്മയുടെ അവസാനനാളുകളില്‍ അമ്മയോടൊപ്പം നില്‍ക്കുവാന്‍ തീരുമാനിക്കുന്നു. ഇതിനിടയില്‍ രവി സ്പെഷ്യല്‍ ഇക്കണോമിക് സോണിനെതിരെ സമരം നടത്തുന്ന ആദിവാസിയമ്മയേയും, കുഞ്ഞിനേയും ആശുപത്രി ജനാലയിലൂടെ കാണുന്നു. രവി പ്രതിനിധാനം ചെയ്യുന്ന നാടകസംഘത്തിന്റെ ആകുലതകളുമായി; സഹനടിയും, സഹചാരിയുമായ പായൽ‍(പത്മപ്രിയ) രവിയെ കാണുവാനെത്തുന്നു. എന്നാല്‍ രവിയുടെ പെരുമാറ്റം, പായലിനെ രവിയെ ഉപേക്ഷിച്ചു പോകുവാന്‍ പ്രേരിപ്പിക്കുന്നു. അമ്മയെ പരിശോധിക്കുന്ന ഡോ. വനജ(ഊര്‍മ്മിള ഉണ്ണി)യുടെ നിര്‍ദ്ദേശപ്രകാരം, ക്യാന്‍സര്‍ പരിശോധനയ്ക്കായി, അമ്മയുടെ ഗര്‍ഭാപാത്രവുമായി രവി ലാബിലേക്ക് തിരിക്കുന്നു. ബാറില്‍ വെച്ച് രവി അത് നഷ്ടപ്പെടുത്തുന്നു.

‘പറുദീസാനഷ്ടം’ ഒരുപക്ഷെ ശ്രദ്ധേയമായ കഥയായിരിക്കാം. എന്നാല്‍ എല്ലാ കഥകളും സിനിമയെന്ന മാധ്യമത്തിലൂടെ പറയുവാന്‍ യോജിക്കണമെന്നില്ലല്ലോ! കഥയില്‍ നിന്നും തിരക്കഥമെനയുന്നയാള്‍ക്ക് അതറിയുവാനും, സിനിമയ്ക്ക് യോജിക്കുന്ന രീതിയിലേക്ക് കഥയെ രൂപപ്പെടുത്തുവാനും സാധിക്കണം. എന്നാലിവിടെ കഥയെ സീനുകളും, ഷോട്ടുകളുമായി തിരിച്ചതിനപ്പുറത്തേക്ക്; അങ്ങിനെയൊരു ശ്രമം തിരക്കഥാകൃത്ത് നടത്തിയതായി തോന്നിയില്ല. അടുക്കും ചിട്ടയുമില്ലാതെ എന്തൊക്കെയോ ചിത്രീകരിച്ചു കാണിച്ചിരിക്കുന്നു എന്നല്ലാതെ, ഒരു സിനിമയായി ഇത് വികസിച്ചു എന്നുതന്നെ പറയുക പ്രയാസം. ഈ കഥ വായിക്കുന്ന ഒരാള്‍ക്ക്, ഇതിലും ഭംഗിയായി ഇതിനെ ഭാവനയില്‍ ദൃശ്യവത്കരിക്കുവാന്‍ സാധിക്കുമെന്നത് നൂറുതരം.

ആത്മാര്‍ത്ഥതയില്ലാത്ത ചിത്രീകരണമാണ് ഈ സിനിമയുടെ പ്രധാന ശാപം. നീണ്ട ശ്മശാന രംഗവും, ഓടുന്ന കാറിന്റെ മുഴുനീള ദൃശ്യവും, ഒരുപാട്ടു മുഴുവന്‍ അനങ്ങാത്ത ക്യാമറക്കു മുന്നിലെ അമ്മയുടേയും മകന്റേയും കല്ലിട്ടുകളിയും മറ്റും ചിത്രീകരിച്ചിരിക്കുന്നതില്‍ കൃത്രിമത്വം മുഴച്ചു നില്‍ക്കുന്നു. അഭിനെതാക്കളുടെ ഏച്ചുകെട്ടിയുള്ള അഭിനയം അതിലും അസഹനീയം. സാമാന്യം തരക്കേടില്ലാതെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പത്മപ്രിയയെക്കൂടി വഷളാക്കി അഭിനയിപ്പിച്ചിരിക്കുന്നതില്‍ സംവിധായകനെ എങ്ങിനെയാണ് അഭിനന്ദിക്കേണ്ടത്! സുരേഷ് ഗോപിയുടെ രൂപവും, ഭാവവുമൊന്നും രവിക്കു ചേര്‍ന്നതായി തോന്നിയില്ല. ശ്വേത മേനോനെ കട്ടിലിലാക്കി; സുരേഷ് ഗോപിയുടെ ഓര്‍മ്മകളിലെ രംഗങ്ങളില്‍ മാത്രം അവതരിപ്പിച്ചത് ബുദ്ധിയായി. ബുദ്ധിജീവിപ്പടമെന്ന ഛായ നല്‍കുവാനാണോ എന്നു സംശയിച്ചു പോവും; പലയിടത്തേയും വലിച്ചു നീട്ടല്‍ കണ്ടാലും, കഥാപാത്രങ്ങളുടെ ചില സംഭാഷണങ്ങള്‍ കേട്ടാലും. ഒതുക്കി പറഞ്ഞിരുന്നെങ്കില്‍, ഒരുപക്ഷെ അല്പം കൂടി മടുപ്പില്ലാതെ കണ്ടിരിക്കുവാന്‍ സാധിക്കുമായിരുന്നു.

റഫീക് അഹമ്മദ്, റീത്ത പോള്‍ എന്നിവരെഴുതി; ശ്രിവത്സന്‍ ജെ. മേനോന്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങള്‍ സിനിമയില്‍ ഇടക്കിടെ ചേര്‍ത്തിരിക്കുന്നത് വലിയൊരു ആശ്വാസമായെന്നു വേണം പറയുവാന്‍. ചിത്രീകരണം മടുപ്പുളവാക്കുമെങ്കിലും, ഗാനങ്ങള്‍ കേള്‍വിസുഖമുള്ളവയാണ്. “ജലശയ്യയില്‍ തളിരമ്പിളി...”, “ഇളംനീല നീല മിഴികൾ” എന്നീഗാനങ്ങള്‍ വളരെ നന്ന്. ചിത്രത്തിനൊരു മൂഡ് നല്‍കുന്നതില്‍ ഇതിലെ ഗാനങ്ങള്‍ക്കും, ശ്രീവത്സന്‍ ജെ. മേനോന്‍ തന്നെ ഒരുക്കിയിരിക്കുന്ന പിന്നണിസംഗീതത്തിനുമുള്ള പങ്ക് ചെറുതല്ല. വി. വിനോദ് പകര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ പലതും ആകര്‍ഷകമെങ്കിലും, അതിലൊരു സ്ഥിരത ഉള്ളതായി തോന്നിയില്ല. ചിത്രസംയോജനം നടത്തിയ വിജയകുമാറിന് കാര്യമായി എന്തെങ്കിലും ചെയ്യേണ്ടി വന്നില്ലായിരിക്കണം. വെട്ടിമാറ്റുവാനാണെങ്കില്‍ ഇനിയും പലതും ചിത്രത്തില്‍ അവശേഷിക്കുന്നുണ്ട്!

മികച്ച ചിത്രത്തിന്റെ ലക്ഷണങ്ങള്‍ എന്ന രീതിയില്‍ എന്തെങ്കിലും ധാരണകള്‍ രൂപേഷിനുണ്ടെങ്കില്‍ അവ മാറ്റിവെയ്ക്കുക; അവ മിക്കതും അബദ്ധധാരണകളാണെന്നതിന് ഈ ചിത്രം സാക്ഷി. കഥാപാത്രങ്ങള്‍ക്കായി അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിൽ‍, അവരെക്കൊണ്ട് കഥാപാത്രത്തിനു ജീവന്‍ നല്‍കുന്നതിൽ‍, ക്യാമറയെ ആവശ്യമുള്ള രീതിയില്‍ ഉപയോഗിക്കുന്നതില്‍ ഇതിലൊക്കെ രൂപേഷ് ഏറെ മുന്നോട്ടു പോകുവാനുണ്ട്. രവി ഒരു ലാപ്‌ടോപ്പുമായി രാവിലെമുതല്‍ നടക്കുന്നതെന്തിനെന്നു പോലും വിശദമാക്കുവാന്‍ സംവിധായകന്‍ മിനക്കെടുന്നില്ല. സ്റ്റേജ് ലൈറ്റിംഗ് വരച്ചുനോക്കി കീറിക്കളയുന്നതും, പേനകൊണ്ട് കുത്തിവരയ്ക്കുന്നതുമെല്ലാം ഒഴിവാക്കി; അതു ചെയ്യുവാനെങ്കിലും ലാപ്ടോപ്പ് ഉപയോഗിക്കാമായിരുന്നു! മലര്‍ന്നു കിടക്കുന്ന രവിയുടെ അടുത്തേക്ക് ഹിജഡയെത്തുമ്പോൾ‍, അയാളെ ക്യാമറ തലതിരിഞ്ഞ് പകര്‍ത്തിയിരുന്നെങ്കിൽ‍! അമ്മയുടെ ചിത്രം കാണുവാനായി ഒരാള്‍ ഏതുനേരവും ലാപ്‌ടോപ്പുമായി നടക്കുന്നതില്‍ എന്തെങ്കിലും യുക്തിയുണ്ടോ? ‘അമ്മയുടെ മടിത്തട്ട്’ എന്നുവിളിക്കുന്നതിനു പകരം ‘മൈ മദേഴ്സ് ലാപ്‌ടോപ്പ്’ എന്ന് സ്റ്റൈലായി പറയുവാന്‍ രൂപേഷ് ശ്രദ്ധിച്ചു; പക്ഷെ ആ സ്റ്റൈല്‍ പേരില്‍ മാത്രമൊതുങ്ങി. ‘അമ്മയുടെ മടിത്തട്ടെ’ന്ന പേരുപോലും ചിത്രത്തിന് ഒരു അധികപ്പറ്റാണ്!

Description: Malayalam Film/Movie/Cinema Review by Hareesh N. Nampoothiri aka Haree | ഹരീ. My Mother's Laptop - Directed by Rupesh Paul. Produced by E.A. Jose Prakash. Starring Suresh Gopi, Padmapriya, Swetha Menon, Urmila Unni. Music by Sreevalsan J. Menon. Lyrics by Rafeeq Ahmed and Reetha Paul. Story by Subhash Chandran. Screenplay and Dialogues by Indu Menon. July 2008 Release.
--

18 comments :

 1. യുവസാഹിത്യകാരനായ രൂപേഷ് പോൾ‍, സംവിധാനം ചെയ്തിരിക്കുന്ന ആദ്യ ചിത്രമാണ് ‘മൈ മദേഴ്സ് ലാപ്‌ടോപ്പ്’. സുഭാഷ് ചന്ദ്രന്റെ ‘പറുദീസാനഷ്ടം’ എന്ന ചെറുകഥയെ ആസ്പദമാക്കിയുള്ള ഈ ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
  --

  ReplyDelete
 2. Haree,
  Malayala cinemayil puthuthayi varunna Directorsil valare kurachu peree pratheeksha tharunnulloo. Puthiya aalkkaar puthiya aashayavumaayokke varubol kandille.....Ithaa bhalam. Thamil cinemayil kaaryam nere marichaanu. Varunnavaril 70% aalkaarum kazhivullavar. From their first film they are proving their talent.

  Appo Malayalathil avasarmilla ennokke parayunnathil enthaa artham. Nalla directorsine namukkum kittumennu aashikkam...alle?

  ReplyDelete
 3. രൂപേഷ് പോള്‍ എന്ന സാഹിത്യകാരനില്‍ നിന്നുള്ള പ്രതീക്ഷവച്ചാണോ ഈ പോരായ്മകള്‍ അതോ പൊതു നിലവാരം വച്ചുപോലുമുണ്ടോ കാമ്പില്ലായ്മ... കാണാനുള്ള ആഗ്രഹം പോയി :(

  ReplyDelete
 4. ഹരീ,
  ലാപ്‌ടോപ്‌ ഞാന്‍ കാത്തിരുന്ന ചിത്രമാണ്‌. കാരണം ഞാന്‍ വായിച്ചിട്ടുള്ള കഥകളില്‍ എന്നെ ഏറെ ഹോണ്ട്‌ ചെയ്‌തിട്ടുള്ള ഒരു കഥയാണ്‌ പറുദീസാനഷ്ടം. സുഭാഷിന്റെ മികച്ച കഥകളിലൊന്ന്‌. ഹരി ഈ കഥ വായിച്ചിട്ടുണ്ടോ?
  അമ്മയുടെ ഗര്‍ഭപാത്രം ബയോപ്‌സി പരിശോധനയക്കായി ലാബിലേയ്‌ക്കു കെണ്ടു പോകുന്ന മകന്‍. വഴിക്ക്‌ ബസ്‌ ഭക്ഷണം കഴിക്കുന്നതിനായി നിര്‍ത്തുന്നു. പൊതി കസേരയില്‍ വച്ച്‌ മകന്‍ തിരിച്ചെത്തുമ്പോള്‍ അത്‌ നഷ്ടപ്പെട്ടിരുന്നു. ആരോ അപഹരിച്ചതാവാം. വ്യാധിയോടെ മകന്‍ പൊതി അവിടെയെല്ലാം പരതുമ്പോള്‍ ഒരാള്‍ ചോദിക്കുന്നു: എന്താണ്‌ കാണാതെ പോയത്‌?
  മകന്റെ മറുപടിയാണ്‌ കഥയുടെ അവസാനവാചകം, അതാണ്‌ ഏറ്റവും ശക്തവും
  - ഒരു പഴയ പാത്രം!
  എന്തായാലും സുഭാഷിന്റെ ഈ കഥയെ രൂപേഷ്‌ നശിപ്പിച്ചതായി ഹരിയുടെ റിവ്യു വായിച്ചപ്പോള്‍ മനസ്സിലായി. ഞാനെന്തായാലും കാണുന്നുണ്ട്‌.
  രൂപേഷ്‌ അറിയപ്പെടുന്ന കവിയും പ്‌ത്രപ്രവര്‍ത്തകനുമാണ്‌. ഏന്‍ജിനീയറായ രൂപേഷ്‌ മനോരമയിലായിരിക്കെ ഞായറാഴ്‌ച കഥകളിലൂടെ ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്‌. പിന്നെ ഇന്ത്യാ ടുഡേയിലെത്തി. ഒരു സിനിമ സംവിധാനം ചെയ്യാന്‌ം അവസരം കിട്ടിയപ്പോള്‍ എന്റെ ജീവിതം സാര്‍ഥകമായെന്നു പറഞ്ഞ്‌ ആ പണിയും കളഞ്ഞു.
  രൂപേഷിന്റെ ഭാര്യ ഇന്ദുമേനോന്‍ ഒരുപിടി നല്ല ചെറുകഥകളെഴുതിയിട്ടുള്ള വ്യക്തിയാണ്‌. അതിലേറെ മറ്റെന്തൊക്കെയോ ക്‌ളിക്കുകളുടെ ഫലമായി ആവശ്യത്തിലധികം മാധ്യമശ്രദ്ധയും ഇന്ദുവിന്‌ കിട്ടിയിട്ടുണ്ട്‌. ഇന്ദുവിന്റെ ഒരു കഥ സിനിമയാക്കാതെ സുഭാഷിന്റെ മനോഹരമായ കഥ നശിപ്പിച്ചതിന്റെ കാരണം വ്യക്തമല്ല.
  ഈ രൂപേഷിനും ഇന്ദുവിനുമാണ്‌ മാധവിക്കുട്ടി തന്റെ സീലോ കാര്‍ സമ്മാനമായി നല്‍കിയത്‌. സിനിമയില്‍ ഗാനമെഴുതിയ റീറ്റാപോള്‍ രൂപേഷിന്റെ അമ്മയാണ്‌.
  ഇത്രയും പറഞ്ഞത്‌ ഈ സിനിമക്കുപിന്നില്‍ പ്രതിഭാധനരായ ഒരു പിടി ആളുകള്‍ ഉണ്ടായിരുന്നെന്നു പറയാനാണ്‌. പക്ഷെ, അവരുടെ പ്രതിഭ സിനിമയിലല്ലെന്നു തിരിച്ചറിഞ്ഞ്‌്‌ പഴയ ലാവണത്തിലേക്കു മടങ്ങിച്ചെല്ലുമെന്നു കരുതാം. കാരണം ഫീച്ചറെഴുത്തില്‍ രൂപേഷിനും കഥയെഴുത്തില്‍ ഇന്ദുവിനും ഭാവിയുണ്ട്‌...

  ReplyDelete
 5. @ ഡ്രീമർ‍,
  പുതുതായി വരുന്നവരും ഉടനെ പഴയവര്‍ക്ക് പഠിക്കുന്നതാണ് പ്രശ്നമെന്നു തോന്നുന്നു. പുതുതായി ഒരാള്‍ വരുമ്പോള്‍ എന്തെങ്കിലും പുതുമ കൊണ്ടുവരണ്ടേ? അതില്ലെങ്കില്‍ എന്തു ചെയ്യും! അഭിപ്രായത്തിന് നന്ദി. :-)

  @ സനാതന്‍,
  അല്ല. പൊതുനിലവാരം വെച്ചു മാത്രമാണ് വിശേഷം പറഞ്ഞിരിക്കുന്നത്.

  @ വക്രബുദ്ധി,
  കണ്ടതിനു ശേഷവും വിശദമായ അഭിപ്രായം പ്രതീക്ഷിക്കുന്നു. തന്‍‌പെരുമയൊക്കെ വൃത്തിയായി ഇവിടെ എഴുതിവെച്ചിട്ടുള്ളതിനാല്‍ (അതില്‍ മോശമുണ്ടെന്നല്ല, സെല്‍ഫ് മാര്‍ക്കറ്റിംഗ് കാലഘട്ടത്തിന്റെ ആവശ്യമാണ്. സിനിമ കാണുന്നതിനു മുന്‍പു തന്നെ ഈ പേജ് കാണുകയും ചെയ്തു. പക്ഷെ, കാര്യമായ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല; കുറേ കണ്ടതില്‍ നിന്നും പഠിച്ച ഒരു പാഠമതാണ്. :-) പേരുകണ്ട് പ്രതീക്ഷിക്കരുതെന്നേ...) വളരെ വ്യക്തമായി മനസിലായി. ഈ പേരുകളൊക്കെയും മുന്‍പ് കേട്ടിട്ടുള്ളവയുമാണ്. ‘പറുദീസാനഷ്ടം’ ഞാന്‍ വായിച്ചിട്ടില്ല. പക്ഷെ, അവസാനഭാഗത്തിന്റെ വിവരണത്തില്‍ നിന്നു തന്നെ മനസിലാക്കുവാന്‍ സാധിക്കുമല്ലോ, ഇത് അതിന്റെയൊരു വികലമായ ചലച്ചിത്രാവിഷ്കാരമാണെന്നത്! ഒരു സംശയം. ഇന്ദു വി. മേനോന്‍ ഒരു തിരക്കഥാകൃത്താണെന്ന് വെബ് സൈറ്റില്‍ കണ്ടു. എന്നാല്‍ അവരുടെ സിനിമകളെക്കുറിച്ച് പറഞ്ഞിട്ടുമില്ല. മറ്റേതൊക്കെ സിനിമയ്ക്കാണ് അവര്‍ തിരക്കഥ എഴുതിയിട്ടുള്ളത്? ഒരു കാര്യം കൂടി പറഞ്ഞാല്‍ കൊള്ളാമായിരുന്നു. സ്പെഷ്യല്‍ ഇക്കണോമിക് സോണിന്റെ കാര്യം സുഭാഷ് ചന്ദ്രന്‍ എങ്ങിനെയാണ് കഥയില്‍ പറഞ്ഞിരിക്കുന്നത്? സിനിമകൂടി കണ്ടശേഷം; കഥയും, സിനിമയും തമ്മിലൊരു താരതമ്യം ഒരു പോസ്റ്റായി പ്രതീക്ഷിക്കുന്നു. :-)
  --

  ReplyDelete
 6. ഹരീ,
  പടം കാണും മുമ്പ്‌ വീണ്ടും, ക്ഷമിക്കുക. ഇന്ദു ഇതിനു മുമ്പ്‌ തിരക്കഥയെഴുതിയതായി എനിക്കറിയില്ല. പിന്നെ ഒരു സിനിമാനടിയെ തോല്‍പിക്കും വിധം അണിഞ്ഞൊരുങ്ങിയ പടങ്ങളുമായ ഒരിക്കല്‍ കലാകൗമുദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അതിനേപ്പറ്റിയൊന്നും കൂടുതല്‍ ഞാന്‍ പറയുന്നില്ല. പ്രശസ്‌തനായ ഒരു സംഗീതജ്ഞന്റെ മകളാണ്‌ ഇന്ദു. ഏതോ ഒരു മേനോന്‍.... പേരു ഞാനങ്ങലു മറന്നു.
  സുഭാഷിന്റെ കഥ വന്നതിനു ശേഷമാണ്‌ പ്രത്യേക സാമ്പത്തിക മേഖലയൊക്കെ നമ്മുടെ നാട്ടില്‍ ചര്‍ച്ചയാകുന്നത്‌. ഇ. ഏം. ഏസിന്റെ മരണശേഷം കേരളസമൂഹത്തില്‍ ഒരു ശൂന്യതയുണ്ടായിട്ടുണ്ടെന്നതുപോലുള്ള ചില പരാമര്‍ശങ്ങള്‍ മാത്രമാണ്‌ കഥയിലെ രാഷ്ട്രീയം. കഥയല്‍ പായലും പോളയുമൊന്നുമില്ലതാനും.
  ചിലര്‍ സാഹിത്യകൃതികള്‍ സിനിമയാക്കുമ്പോള്‍ അതൊപടി പകര്‍ത്തുന്നു. മറ്റുചിലര്‍ പുനരാവിഷ്‌കാരത്തിന്റെ പേരില്‍ വികലസിനിമകള്‍ പടച്ചുവിടുന്നു.... കഷ്ടം!

  ReplyDelete
 7. സിനിമ കാണുന്നതും ഒരു കലയാണ് ;-)

  ‘നൗറണ്ണിങ്ങിൽ’ പൊതുവെ ക്രിറ്റിക്കലായി ചിത്രങ്ങളെ അനലൈസ് ചെയ്യുന്ന ഒരാളുടെ റിവ്യൂ ആണ് ഞാൻ വായിച്ചത്. ലാപ്റ്റോപ്പ് പ്രോമിസിങ് ആയിത്തോന്നി. റിവ്യൂ ഇവിടെ.

  ReplyDelete
 8. ഏതാനും ചില നല്ല കവിതകള്‍ എഴുതിയതൊഴിച്ചാല്‍ കപട ബുദ്ധിജീവി വേഷവുമായി നടക്കുന്ന രൂപേഷിലോ ഇന്ദുമേനോനിലോ എനിക്ക് സാംസ്കാരികമായ യാതൊരു പ്രതീക്ഷകളുമില്ല എന്ന് ആദ്യമേ പറയട്ടെ.

  വിഷയം മറ്റൊന്നാണ്‌.
  ഇന്ന മലയാളത്തിലിറങ്ങുന്ന സിനിമകളക്കെറിച്ചുള്ള ഒരു ഫസ്റ്റ് ഹാന്‍ഡ് റിപ്പോര്‍ട്ട് എന്ന നിലയിലാണ്‌ ഇവിടെ വരാറുള്ളത്. മുടങ്ങാതെ അപ്ഡേറ്റു ചെയ്യുന്ന മറ്റൊരു ബ്ലോഗ് ഇപ്പോള്‍ ഇല്ലെന്നു തോന്നുന്നു.
  1. ഒരു സിനിമയെക്കുറിച്ച് എഴുതുന്നതിനു മുന്പ് അല്‍പം ഹോംവര്‍ക്ക് ചെയ്തുകൂടെ?
  സുഭാഷ് ചന്ദ്രന്റെ പ്രശസ്തമായ ഒരു ചെറുകഥയെ ആസ്പദമാക്കിയാണ്‌ സിനിമ എന്നിരിക്കെ എഴുതുന്നതിനു മുന്പ് അതൊന്നു വായിച്ചുകൂടെ? ഡോക്‌ടര്‍ ഷിവാഗോ കാണുന്നതിനു മുന്‍പ് പാസ്തര്‍നാക്കിന്റെ ആ പുസ്തകം വായിച്ചിരിക്കണമെന്നു പറയുന്നത് പ്രായോഗികമായിരിക്കില്ല, പക്ഷെ, ഇതൊരു ചെറുകഥയല്ലേ; അതും നമ്മുടെ ഭാഷയില്‍ സിനിമാക്കാര്‍ സാഹിത്യത്തെ തീര്‍ത്തും ഉപേക്ഷിച്ചിരിക്കുന്ന അവസ്ഥയില്‍ ഇത്തരം സംരംഭങ്ങളെ അല്‍പം കൂടി ഗൌരവമായി കണ്ടുകൂടെ?
  ഹരീ പണ്ട് നല്ല അഭിപ്രായം എഴുതിയ 'ഭരതന്‍ എഫക്റ്റ്' പോലെയുള്ള ചവറുകള്‍ അടുത്തിടെ കാണാനിടയായി. അത്തരം സിനിമകളെക്കുറിച്ച് എഴുതുന്നതിനു മുന്‍പ് സയന്‍സ് പഠിക്കുന്ന ആരോടെങ്കിലും ആ വിഷയത്തെക്കുറിച്ച് സംസാരിച്ചുകൂടേ?

  2. ഇവിടെ വരുന്ന പലരും റിവ്യൂ വായിക്കാതെ റേറ്റിംഗ് മാത്രം നോക്കി പോകുന്നവരുണ്ടാകാം. ഈ റേറ്റിംഗിന്റെ മാനദണ്ഡം ഒന്നു പറയാമോ? അതോ വെറുമൊരു തോന്നലിനിടുന്നതാണോ? എല്ല്ലാ സിനിമകളെയും ഒരേ സ്കെയിലിലാണോ അതോ റോജര്‍ എബര്‍ട്ട് ഒക്കെ ചെയ്യുന്നതു പോലെ റിലേറ്റീവ് റേറ്റിംഗാണോ?

  പണ്ട് വെള്ളെഴുത്ത് ഒരു പോസ്റ്റില്‍ എഴുതിയിരുന്നതു പോലെ സിനിമ കണ്ടെഴുതുന്നവര്‍ സിനിമയില്‍ നിന്നും എന്താണ്‌ പ്രതീക്ഷിക്കുന്നത് എന്ന് വ്യക്തമാക്കുന്നത്, ഇഷ്ടസിനിമകളുടെ ഒരു ലിസ്റ്റ് എങ്കിലും നല്‍കുന്നത് നന്നായിരിക്കുമെന്നു കരുതുന്നു.

  ReplyDelete
 9. Yes, the name itself does not make the cut. I wonder what Subhash Chandran says about the film.

  ReplyDelete
 10. @ വക്രബുദ്ധി,
  അപ്പോൾ ഇനി ചിത്രം കണ്ടതിനു ശേഷം... :-)

  @ രാജ് നെട്ടിയത്ത്,
  തീർച്ചയായും. എന്റെ കലാസ്വാദനത്തിനുള്ള പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടാണ് ഇതെഴുതിയിരിക്കുന്നത്. :-)

  സിഫി മൂവീസിന്റെ റിവ്യൂ ഇവിടെ. അപ്പോൾ ആ കല അറിയാത്തവർ വേറേയുമുണ്ട്. ;-)

  @ റോബി,
  1. ഹോം‍വർക്ക് ചെയ്യാവുന്നതാണ്. ഇതെഴുതുന്നതിനു മുൻപ് സുഭാഷ് ചന്ദ്രന്റെ ചെറുകഥ വായിക്കാവുന്നതുമാണ്. പക്ഷെ, ഒറ്റയാൾ പ്രകടനത്തിൽ പുസ്തകം തേടിപ്പിടിക്കുക, അതു വായിക്കുക അതിനൊക്കെ സമയ പരിമിതി അനുഭവപ്പെടാറുണ്ട്. മേടിച്ചു വെച്ചിരിക്കുന്ന പുസ്തകങ്ങൾ തന്നെ വായിക്കുവാനിരിക്കുന്നു. അല്ല, അങ്ങിനെയെങ്കിൽ ഇതൊക്കെ എഴുതുന്ന നേരത്തിനു വായിച്ചുകൂടെ എന്നു ചോദിക്കാം; പക്ഷെ, ബ്ലോഗിംഗിലാണ് കൂടുതൽ താത്പര്യം. :-) ഒരു പ്രഫഷണൽ നിരൂപകൻ ചെയ്യേണ്ടുന്ന കാര്യങ്ങളാണ് റോബി ആവശ്യപ്പെടുന്നത്. അത്രയും പ്രഫഷണലായി ഈ ബ്ലോഗ് മുന്നോട്ടുകൊണ്ടുപോവുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ട് റോബിക്ക് മനസിലാക്കാവുന്നതേയുള്ളൂ. മറ്റൊന്നുള്ളത്; ആ രീതിയിലുള്ള പഠനത്തിനും, വായനയ്ക്കുമൊക്കെ ശേഷം അത്യധികം ഗൌരവത്തോടെയുള്ള ഒരു വിലയിരുത്തൽ ചിത്രവിശേഷം കൊണ്ട് ഉദ്ദേശിക്കുന്നുമില്ല.
  ഹരീ പണ്ട് നല്ല അഭിപ്രായം എഴുതിയ ‘ഭരതൻ എഫക്റ്റ്’ പോലെയുള്ള... - നല്ല റേറ്റിംഗ് നൽകിയ എന്നതാവും ഉചിതം. ഒരു നല്ല ആശയമായിരുന്നിട്ടും(നല്ല ആശയമല്ല എന്നു തർക്കിക്കാം, ഞാനെന്റെ തോന്നൽ പറഞ്ഞുവെന്നുമാത്രം), അതു ദൃശ്യവത്കരിക്കുവാൻ മലയാള സിനിമയിൽ പരിമിതികളുണ്ട്. അതുകൂടി മനസിലാക്കിയാണ് അതെഴുതിയത്. എന്നാൽ ഈ കഥയ്ക്ക് അങ്ങിനെയൊരു പരിമിതി ഇല്ലല്ലൊ! പിന്നെ, ഭരതൻ ഇഫക്ട് ശാസ്ത്രപരമായി എത്രമാത്രം ശരിയാണെന്നതിലപ്പുറം; നാളത്തെ ശാസ്ത്രത്തെക്കുറിച്ചുള്ള ഒരു ഭാവനാസൃഷ്ടിയല്ലേ? അതിനെക്കുറിച്ച് സയൻസ് പഠിക്കുന്നവരോട് സംസാരിക്കുന്നതിൽ അർത്ഥമുണ്ടോ? സയൻസിന്റെ യുക്തിയിലൂടെ നോക്കി ആ സിനിമയെ വിലയിരുത്തേണ്ടതുണ്ടെന്നു തോന്നുന്നില്ല.

  2. ചിത്രവിശേഷത്തിന് ഒരു വയസ് എന്നൊരു പോസ്റ്റിൽ ചിത്രവിശേഷം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്തെന്നും, റേറ്റിംഗ് എങ്ങിനെയെന്നും പറഞ്ഞിരുന്നു. ദൃശ്യന്റെ സിനിമാക്കാഴ്ചയിൽ ചെയ്യുന്നതുപോലെ എല്ലാ ഘടകങ്ങളേയും വേർതിരിച്ച് പ്രത്യേകം റേറ്റിംഗ് നൽകി, എല്ലാം കൂടി ചേർത്ത് ഒരു റേറ്റിംഗ് എന്ന രീതിയല്ല ഇവിടെ തുടർന്നു വരുന്നത്. വെറുമൊരു തോന്നലിലിടുന്നതാണോ? എന്നു ചോദിച്ചാൽ, ഒരു സിനിമയ്ക്ക് ഇത്ര റേറ്റിംഗ് നൽകാം എന്നു തോന്നുന്നത് വെറുമൊരു തോന്നലല്ല എന്നു പറയേണ്ടി വരും. :-) എല്ലാ സിനിമകളേയും ഒരേ തരത്തിൽ കണ്ടല്ല എഴുതുന്നത്. ‘മൈ മദേഴ്സ് ലാപ്‍ടോപ്പും’, ‘മാടമ്പി’യും രണ്ട് തലത്തിലുള്ള ചിത്രങ്ങളാണെന്നും, അവയെ വിലയിരുത്തേണ്ടത് രണ്ടു രീതിയിലാണെന്നും മനസിലാക്കിയാണ് ഇതെഴുതുന്നത്/റേറ്റിംഗ് നൽകുന്നത്. എന്റെ വിലയിരുത്തുന്ന രീതിയിൽ തെറ്റുണ്ടാവാം(അല്ലെങ്കിൽ എന്റെ ശരിമാത്രമല്ലല്ലോ ശരി); പക്ഷെ, എല്ലാം ഒരേ രീതിയിൽ കണ്ടല്ല എഴുതുന്നത് എന്നു സൂചിപ്പിച്ചു എന്നുമാത്രം.

  @ വിളകുടി,
  അഭിപ്രായത്തിന് നന്ദി. :-)
  --

  ReplyDelete
 11. ആ രീതിയിലുള്ള പഠനത്തിനും, വായനയ്ക്കുമൊക്കെ ശേഷം അത്യധികം ഗൌരവത്തോടെയുള്ള ഒരു വിലയിരുത്തൽ ചിത്രവിശേഷം കൊണ്ട് ഉദ്ദേശിക്കുന്നുമില്ല.

  വിശദമാക്കിയതിനു നന്ദി. പ്രൊഫഷണലിസമല്ല, ഒരു സിനിമ കാണാനുള്ള സ്വഭാവികമായ തയ്യാറെടുപ്പുകളിലും ഞാൻ സൂചിപ്പിച്ചതുപോലുള്ള വായനകൾ വരില്ലേ?

  ഏതായാലും ഗൌരവത്തോടെ സിനിമയെ സമീപിക്കുന്ന സംവിധായകന്റെ ഗൌരവമാർന്ന സൃഷ്ടിയെ(ലാപ്ടോപ്പിനെക്കുറിച്ചല്ല) ഇതുപോലെ അലസമായ വായനകൾക്ക് വിധേയമാക്കുന്നത് എന്തുമാത്രം ഹിതകരമാണെന്നു സംശയമുണ്ട്.

  ReplyDelete
 12. അതേയതേ,ബ്ലോഗെഴുതാന്‍ തന്നെ നേരമില്ല, എന്നിട്ടല്ലേ പുസ്തകം വായനയും സിനിമകാണലുമൊക്കെ. റോബീ, ബീ പ്രാക്റ്റികല്‍

  ReplyDelete
 13. @ റോബി,
  ഇത് പുതിയ വിശദീകരണമൊന്നുമല്ല. തുടക്കം മുതല്‍ പറയുന്നതു തന്നെയാണ്. ഒരു സിനിമകാണുവാനുള്ള സ്വാഭാവികമായ തയ്യാറെടുപ്പുകളില്‍ വായനയോ, ചരിത്രപഠനമോ ഒന്നും വരണമെന്നില്ല. എത്രപേര്‍ അങ്ങിനെയൊക്കെ തയ്യാറെടുത്ത് സിനിമയ്ക്ക് പോകുവാറുണ്ട്? പിന്നെ, ഈ സിനിമ കണ്ടിട്ട് അതിന്റെ വിശേഷം എഴുതുവാനായി പുസ്തകം മേടിച്ച് വായിക്കേണ്ട കാര്യമൊന്നും ഉള്ളതായും തോന്നിയില്ല. അത്രയും സമയം കൂടി ഈ സിനിമ അര്‍ഹിക്കുന്നില്ല. ഇതെല്ലാം വായിച്ച് പഠിച്ച ശേഷം മാത്രമേ ഒരാള്‍ സിനിമയെക്കുറിച്ച് അഭിപ്രായമെഴുതാവൂ, അല്ലെങ്കില്‍ അത് അലസമായ എഴുത്താണ് എന്നതിനോട് യോജിപ്പില്ല. ഞാനെഴുതുന്നത് അലസമായല്ല എന്നു നല്ല ബോധ്യമുണ്ട്, അർഹിക്കുന്ന ഗൌരവം ഓരോ ആസ്വാദനത്തിനും നൽകാറുമുണ്ട്. 2008-ലിറങ്ങിയവയിൽ ഏതൊക്കെ ചിത്രങ്ങളാണ് ഗൌരവത്തോടെ സിനിമയെ സമീപിക്കുന്ന സംവിധായകന്റെ ഗൌരവമാർന്ന സൃഷ്ടിയെന്ന ഗണത്തിൽ വരുന്നത്? റോബി ഈ ചിത്രം കണ്ടുനോക്കുക. എന്നിട്ടു റോബിക്ക് ഈ പുസ്തകം, സിനിമ കൂടുതലായി മനസിലാക്കുവാനായി, വായിക്കുവാൻ തോന്നിയോ എന്നു പറയുക. ഒരു സാഹിത്യസൃഷ്ടിയുടെ ചുവടുപിടിച്ചു എന്നതുകോണ്ട് മാത്രം ഇത്തരം സൃഷ്ടികൾക്ക് ഗൌരവം കൂടുതൽ നൽകേണ്ടതുണ്ടെന്നു കരുതുവാൻ വയ്യ.

  @ അനോണി മാഷ്,
  സന്തോഷം!
  --

  ReplyDelete
 14. വെള്ളിയാഴ്ച പുതിയ പടമൊന്നും വന്നില്ലെങ്കില്‍ ഞായറാഴ്ചകാണാന്‍ ഇതെ ഉള്ളു :(

  ReplyDelete
 15. ഇട്ടിമാളുവിനു കാണാൻ ഞായറാഴ്ച്ച ലാപ് ടോപ് തിയേറ്ററിൽ ഉണ്ടായിട്ടു വേണ്ടെ!

  ReplyDelete
 16. ഹരീ
  സൂ‍പ്പര്‍ ബോര്‍ പടമാണെന്ന് പുസ്തകം വായിച്ച, സിനിമ ഗൌരവമായി കാണുന്ന ചില നല്ല കേന്ദ്രങ്ങളില്‍ നിന്നു കേട്ടു :) അപ്പോള്‍ ഹരിക്ക് ഇതിനു ഫുള്‍ മാര്‍ക്ക് ഇരിക്കട്ടെ.

  ReplyDelete
 17. @ ഇട്ടിമാളു,
  പറയുവാൻ വന്നത് വക്രബുദ്ധി പറഞ്ഞേച്ചും പോയി! :-) വേറേ ചിത്രങ്ങളൊക്കെ ഇറങ്ങുമെന്നേ... അല്ലെങ്കിൽ ബാറ്റ്‍മാൻ കാണാല്ലോ, നല്ല അഭിപ്രായമാണ് കേട്ടത്. ജാ-ജെ ഒന്നിക്കുന്ന ഫൊർബിഡൻ കിംഗ്ഡം എനിക്കത്ര ഇഷ്ടപ്പെട്ടില്ല, ഇടയ്ക്കിടെ ബോറടിച്ചു.

  @ വക്രബുദ്ധി,
  അപ്പോ ഇതു കണ്ടോ? എന്നിട്ട് ഇത്രയുമേ പറയുന്നുള്ളോ?

  @ ഇഞ്ചിപ്പെണ്ണ്,
  സിനിമ ഗൌരവമായി കാണുന്ന ചില നല്ല കേന്ദ്രങ്ങളില്‍ നിന്നു കേട്ടു. - സിനിമ ഗൌരവമായി കാണാത്ത ചീത്ത കേന്ദ്രമാണോ ചിത്രവിശേഷം!!! ഫുൾമാർക്കിനു താങ്ക്സ്... :-)
  --

  ReplyDelete
 18. എല്ലാവരോടും കൂടി ഒരു കാര്യം പറഞ്ഞോട്ടെ. സിനിമ സിനിമയും കഥ കഥയുമാണ്. നല്ല സാഹിത്യം നല്ല സിനിമയാവണമെന്നു ഒരു നിര്‍ബന്ധവും ഇല്ല. രണ്ടിനെയും അതിന്റേതായ വഴിക്ക് കാണുന്നതാണ് ഉചിതം എന്ന് തോന്നുന്നു.

  ReplyDelete