വണ്‍‌വേ ടിക്കറ്റ് (OneWay Ticket)

Published on: 6/25/2008 09:50:00 AM
One Way Ticket: Starring Prithviraj, Bhama, Radhika, Mammootty, Jagathy Sreekumar, Jagadeesh, Salim Kumar, Maniyanpilla Raju, Thilakan, Nishanth Sagar.
ബാബു ജനാര്‍ദ്ദനന്‍ കഥ, തിരക്കഥ, സംഭാഷണം എന്നിവ എഴുതി; ബിപിന്‍ പ്രഭാകര്‍ സംവിധാനം ചെയ്‌തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് ‘വണ്‍ വേ ടിക്കറ്റ്’. മമ്മൂട്ടി, സിനിമാനടന്‍ മമ്മൂട്ടിയായി തന്നെ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു എന്നൊരു പ്രത്യേകതയും ഇതിനുണ്ട്. ഭാമ, രാധിക തുടങ്ങിയവര്‍ നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് രാമചന്ദ്രന്‍, സജി നമ്പ്യാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന്. മറ്റൊരു തല്ലിക്കൂട്ട് ചിത്രം കൂടി ഇറക്കി എന്നതിനപ്പുറം, അണിയറപ്രവര്‍ത്തകര്‍ക്ക് അഭിമാനിക്കുവാന്‍, പോട്ടെ ഓര്‍ത്തുവെക്കുവാന്‍ തക്കവണ്ണം പോലും, ഒന്നും തന്നെ ഈ ചിത്രത്തിലില്ല.

മഞ്ചേരിയിലെ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ സെക്രട്ടറിയാണ്, കഥാനായകനായ കുഞ്ഞാപ്പു(പൃഥ്വിരാജ്), ജഹാംഗീര്‍ എന്നു ശരിയായ പേര്. കൂട്ടത്തില്‍ അസോസിയേഷന്‍ ഖജാന്‍‌ജിയായ ചന്ദ്രനും(ജബ്ബാര്‍) എപ്പോഴുമുണ്ടാവും. പഠിത്തത്തില്‍ മിടുക്കനായിരുന്നെങ്കിലും, സാഹചര്യങ്ങള്‍ കുഞ്ഞാപ്പുവിനെ ഒരു ജീപ്പ് ഡ്രൈവറാക്കുന്നു. അനുജത്തിമാരുടെ വിവാഹത്തിനു ശേഷം മാത്രം മതി തനിക്ക് നികാഹ് എന്നാണ് കുഞ്ഞാപ്പുവിന്റെ നിലപാട്. എന്നാല്‍, കുഞ്ഞാപ്പുവിന്റെ വീട്ടുകാരുമായി അത്ര രസത്തിലല്ലാത്ത അമ്മാവന്‍ ബാവ ഹാജിയെ(ജഗതി ശ്രീകുമാര്‍), വെറിപിടിപ്പിക്കുവാനായി അമ്മാവന്റെ മകള്‍ സാജിറയെ(രാധിക) പ്രണയിക്കുന്നതായി കുഞ്ഞാപ്പു നടിക്കുന്നുമുണ്ട്. ഒടുവില്‍ ഒരു സുഹൃത്തിന്റെ കല്യാണസ്ഥലത്തു വെച്ച് മറ്റൊരു പെണ്‍കുട്ടിയെ കണ്ട് കുഞ്ഞാപ്പുവിന് യഥാര്‍ത്ഥത്തില്‍ പ്രണയം തോന്നുന്നു. പിന്നീടാണ് അറിയുന്നത്, അത് ഒരു നായര്‍ പെണ്‍കുട്ടിയായ സുനന്ദ(ഭാമ)യാണെന്ന്. തനിക്കു വിധിച്ചിട്ടുള്ള പെണ്ണല്ലയെന്ന് മനസിലാക്കി കുഞ്ഞാപ്പു സുനന്ദയെ മറക്കുവാന്‍ ശ്രമിക്കുന്നു. എന്നാല്‍ പ്രശ്നങ്ങള്‍ അവിടെ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ.

നായികയെ രക്ഷിച്ചു വല്ലവിധേനയും, നായകന്‍ രക്ഷപെടുവാന്‍ ശ്രമിക്കുന്നു. അപ്പോളൊരു പ്രണയഗാനം! സംവിധായകന്റെ ഭാവന സമ്മതിച്ചു കൊടുത്തേ മതിയാവൂ. സലിം കുമാര്‍, ജബ്ബാര്‍, ജഗദീഷ്, ജഗതി ശ്രീകുമാര്‍ ഇവരൊന്നിച്ചുള്ള ഭാഗങ്ങള്‍ പ്രേക്ഷകരെ ചിരിപ്പിക്കും. അതു മാത്രമാണ് ഈ ചിത്രത്തിന്റെ മികവായി പറയാവുന്നത്. രാഹുല്‍ രാജ് സംഗീതം നല്‍കിയിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങളും ശോചനീയം. പൃഥ്വിരാജും; മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി കഥാപാത്രങ്ങളുടെ ചുവടുപിടിച്ച്; ഇടികൊടുക്കുകമാത്രം ചെയ്യുന്ന സൂപ്പര്‍ ഹീറോ ആകുവാനാണ് ശ്രമിക്കുന്നതെന്നു തോന്നുന്നു. ഈ രീതി തുടരുവാനാ‍ണ് ഭാവമെങ്കില്‍, ‘ഫയര്‍ ഓഫ് യൂത്ത്’ മിക്കവാറും അധിക കാലം കഴിയും മുന്‍പ് നനഞ്ഞ പടക്കമാകുവാനാണ് സാധ്യത. ദോഷം പറയരുത്, നായകന്‍ ഉഷാറാവുന്നതിനു മുന്‍പ് ഇടി മേടിക്കും; പിന്നെ എന്തോ പറയും, അതു കഴിഞ്ഞാണ് ഇടി കൊടുത്തു തുടങ്ങുക!

മമ്മൂട്ടി, മമ്മൂട്ടിയായിത്തന്നെ ചിത്രത്തിലുണ്ട്. ‘നരസിഹം’, ‘കഥ പറയുമ്പോള്‍’ തുടങ്ങിയ ചിത്രങ്ങളില്‍ മമ്മൂട്ടി അതിഥി താരമായെത്തി, കൈയടി മേടിച്ചു പോവുന്നത് നാം കണ്ടതാണ്. എന്നാല്‍ അതുപോലെയൊരു പ്രകടനം ഇതിലില്ല. ക്ലൈമാക്സ് രംഗത്തെ മമ്മൂട്ടിയുടെ വാചകമടി കേട്ടാല്‍, എത്ര സ്പീഡില്‍ കറങ്ങുന്ന ഫാനാണെങ്കിലും, ഒന്നു കൂവിപ്പോവും. തിലകന്‍, നിഷാന്ത് സാഗര്‍, മണിയന്‍ പിള്ള രാജു, സുധീഷ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ക്ലൈമാക്സില്‍ മമ്മൂട്ടി വില്ലനോടു ചോദിക്കുകയാണ്, ‘ഇത്രയും ക്രൂരന്മാരായ വില്ലന്മാരെ, ഞങ്ങളുടെ സിനിമയില്‍ പോലും ഇപ്പോള്‍ കാണുവാന്‍ കഴിയില്ലല്ലോ!’ എന്ന്! പിന്നെ ഇതെന്താ, സിനിമയിലെ ജീവിതമോ! എന്തിനാണ് വില്ലന്മാര്‍, ഈ കണ്ട വില്ലത്തരമൊക്കെ കാണിക്കുന്നതെന്ന് സിനിമയില്‍ ഒരിടത്തും പറയുന്നതുമില്ല. അത്രയും ‘കത്തി’യാണ് വില്ലനും, ആ വില്ലനുള്ള കഥയുമെന്ന് ബോധമുണ്ടെങ്കില്‍, എന്തിനാണു ബിപിന്‍ പ്രഭാകരാ, അതെടുത്തു പാവം പ്രേക്ഷകരുടെ മേല്‍ മൂര്‍ച്ച നോക്കുന്നത്?


Description: One Way Ticket: Starring Prithviraj, Bhama, Radhika, Mammootty, Jagathy Sreekumar, Jagadeesh, Salim Kumar, Maniyanpilla Raju, Thilakan, Nishanth Sagar; Directed by Bipin Prabhakar; Story by Babu Janardanan; Film(Movie/Cinema) Review by Hareesh N. Nampoothiri aka Haree|ഹരീ; June Release 2008.
--

6 comments :

 1. പൃഥ്വിരാജ്, ഭാമ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന; മമ്മൂട്ടി മമ്മൂട്ടിയായി സ്ക്രീനിലെത്തുന്ന, ‘വണ്‍ വേ ടിക്കറ്റ്’ എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
  --

  ReplyDelete
 2. haree :) :)
  "അത്രയും ‘കത്തി’യാണ് വില്ലനും, ആ വില്ലനുള്ള കഥയുമെന്ന് ബോധമുണ്ടെങ്കില്‍, എന്തിനാണു ബിപിന്‍ പ്രഭാകരാ, അതെടുത്തു പാവം പ്രേക്ഷകരുടെ മേല്‍ മൂര്‍ച്ച നോക്കുന്നത്?"

  ReplyDelete
 3. മിഴികള്‍ സാക്ഷി കാണാതെ ഇതൊക്കെ കണ്ടു നടക്കാണോ?

  അതിന്റെ റിവ്യു ണ്ടോന്ന് നോക്കാന്‍ എല്ലാ ദിവസവും ഈ വഴി വരുന്നത് മാത്രം മിച്ചം..

  ReplyDelete
 4. Though I haven't commented here for a while I keep checking your posts... good work, keep it up!

  ReplyDelete
 5. @ ശാലിനി,
  ;)

  @ ഇട്ടിമാളു,
  :) വന്നൂല്ലോ...

  @ പ്രദീപ്,
  നന്ദി. :)
  --

  ReplyDelete
 6. കണ്ടിരിക്കാം.. അത്ര മാത്രം.. പിന്നെ ദ്വയാറ്‍ത്ഥ പ്രയോഗങ്ങളില്ലാതെ കുറച്ചു തമാശകള്‍ കേട്ടത്‌ വളരെക്കാലത്തിനു ശേഷമാണ്‌.

  ReplyDelete