അണ്ണന്‍ തമ്പി (Annan Thampi)

Published on: 4/23/2008 10:50:00 PM
Annan Thampi - A film by Anwar Rasheed; Written by Benny P. Nayarambalam; Starring Mammootty, Gopika, Lakshmi Rai, Siddique, Janardhanan, Rajan P. Dev etc.
‘രാജമാണിക്യ’മെന്ന ആദ്യ ചിത്രത്തിലൂടെ മലയാളസിനിമാലോകത്ത് സ്വന്തമായൊരു മേല്‍‌വിലാസമുണ്ടാക്കിയ സംവിധായകനാണ് അന്‍വര്‍ റഷീദ്. രണ്ടാമത്തെ ചിത്രമായ ‘ഛോട്ടാമുംബൈ’ വളരെ നിരാശപ്പെടുത്തിയെങ്കിലും, അന്‍‌വറിലുള്ള പ്രതീക്ഷ പൂര്‍ണ്ണമാ‍യും പ്രേക്ഷകര്‍ കൈവിട്ടില്ല. ‘രാജമാണിക്യ’ത്തിലൂടെ, തന്റേതായ ശൈലിയില്‍, നര്‍മ്മവും തനിക്കുവഴങ്ങുമെന്ന് തെളിയിച്ച മമ്മൂട്ടി വീണ്ടും അന്‍‌വര്‍ റഷീദിന്റെ സംവിധാനത്തിലെത്തുകയാണ് ‘അണ്ണന്‍ തമ്പി’യില്‍. മമ്മൂട്ടി ഇരട്ടവേഷങ്ങളില്‍ അഭിനയിക്കുന്നു എന്നതും ചിത്രത്തിന്റെ ആകര്‍ഷണീയതയാണ്. ഗോപികയും, ലക്ഷ്മി റായുമാണ് നായികമാരായുള്ളത്. ചിത്രത്തിന്റെ കഥയും, തിരക്കഥയും, സംഭാഷണങ്ങളും രചിച്ചിരിക്കുന്നത് ബെന്നി പി. നായരമ്പലം. ഷാഹുല്‍ ഹമീദ് മരക്കാരും, ആന്റോ ജോസഫും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഗ്രാമത്തിലെ ബാലെ ആശാനായ രാവുണ്ണിക്കും(ജനാര്‍ദ്ദനനും), ഭാര്യ പത്മാവതിക്കും(ഊര്‍മ്മിള ഉണ്ണി) ആദ്യം പിറന്ന ഇരട്ടകളാണ്; അണ്ണന്‍ അപ്പുവും(മമ്മൂട്ടി), തമ്പി അച്ചുവും(മമ്മൂട്ടി). ഇവരില്‍ അച്ചു ഒരു ഊമയാണ്. തമ്മില്‍ കണ്ടാല്‍ കടിച്ചുകീറാന്‍ നില്‍ക്കുന്ന ഇവരെക്കൊണ്ട് പൊറുതിമുട്ടുന്ന മാ‍താപിതാക്കള്‍, ജ്യോത്സരുടെ നിര്‍ദ്ദേശ പ്രകാരം, പൊള്ളാച്ചിയിലുള്ള അമ്മാവന്‍, വിശ്വംഭരന്റെ (മണിയന്‍ പിള്ള രാജു) പക്കലേക്ക് അപ്പുവിനെ അയയ്ക്കുവാന്‍ തീരുമാനിക്കുന്നു. തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങള്‍ ഇവരുടെ ശത്രുത വളര്‍ത്തുവാന്‍ മാത്രമാണ് ഉപകരിക്കുന്നത്. പൊള്ളാച്ചിയിലെ ഒരു ചട്ടമ്പിയായി അപ്പുവും; നാട്ടില്‍ പണം പലിശയ്ക്കുകൊടുപ്പും, ബാലെയും, പൊതുപ്രവര്‍ത്തനവും മറ്റുമായി കഴിയുന്ന ഒരാളായി അച്ചുവും മാറുന്നു. അപ്പുവിനും, അച്ചുവിനും; നാ‍ട്ടിലും, പൊള്ളാച്ചിയിലുമായി ശത്രുക്കളും അനവധിയുണ്ട്. ഒടുവില്‍ പരസ്പരം തിരിച്ചറിഞ്ഞ്, ശത്രുക്കളെ കൂട്ടായി നേരിട്ട്, ഒന്നിച്ചു ജയിക്കുന്നിടത്ത് ‘അണ്ണന്‍ തമ്പി’ അവസാനിക്കുന്നു.

കണ്ടുമടുത്ത കുറേ കഥാപാത്രങ്ങളേയും, കഥാസന്ദര്‍ഭങ്ങളേയും അങ്ങോട്ടുമിങ്ങോട്ടും തിരിച്ചിട്ട്; മറ്റൊരു തല്ലിക്കൂട്ടു കഥയുമാ‍യെത്തിയിരിക്കുകയാണ് ബെന്നി പി. നായരമ്പലം. എങ്കിലും അന്‍‌വര്‍ റഷീദിന്റെ സംവിധാന മികവും, മമ്മൂട്ടിയുടെ ഇരട്ടവേഷങ്ങളിലെ പ്രകടനവും ചിത്രത്തെ ഒരു പരിധിവരെയൊക്കെ രക്ഷപെടുത്തിയിട്ടുണ്ട്. അപ്പു, അച്ചു എന്നീ ഇരട്ടവ്യക്തികളെ, മമ്മൂട്ടി സ്വാഭാവികതയോടെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അച്ചുവിനെ ഊമയാക്കിയതുകൊണ്ട് കാര്യമായെന്തെങ്കിലും പുതുമ ചിത്രത്തിലുണ്ടായെന്ന് കരുതുവാന്‍ വയ്യ. പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കുന്ന, പുതുമയുള്ള നര്‍മ്മരംഗങ്ങള്‍ ഉടനീളമുണ്ടെന്നതും ചിത്രത്തെ ആകര്‍ഷകമാക്കുന്നു. സുരാജ് വെഞ്ഞാറമ്മൂട്, ഹരിശ്രീ അശോകന്‍, സലിം കുമാര്‍ എന്നിവരുടെ പ്രകടനങ്ങളാണ്; നര്‍മ്മരംഗങ്ങളുടെ വിജയത്തിനു പ്രധാന കാരണം. വില്ലന്‍ കഥാപാത്രങ്ങളെ രാജന്‍ പി. ദേവ്, സിദ്ദിഖ് എന്നിവര്‍ നന്നായി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, കഥാപാത്രങ്ങള്‍ക്ക് പുതുമയില്ലാതെപോയി. ഗോപികയുടേയും, ലക്ഷ്മി റായുടേയും കഥാപാത്രങ്ങള്‍ക്ക് കാര്യമായൊന്നും ചിത്രത്തില്‍ ചെയ്യുവാനില്ല. ജനാര്‍ദ്ദനന്‍, മണിയന്‍ പിള്ള രാജു, കെ.പി.എ.സി. ലളിത, കുഞ്ചന്‍, ഊര്‍മ്മിള ഉണ്ണി, ബിജു കുട്ടന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

ചിത്രത്തിലെ ഗാനങ്ങളെക്കുറിച്ച് പറയാതിരിക്കുകയാണ് ഭേദം. എന്തെവിടെ കണ്ടുവെന്നോ, കേട്ടുവെന്നോ ഓര്‍ത്തെടുക്കുവാന്‍ തന്നെ കഴിയാത്തവണ്ണം നിലവാരമില്ല്ലാതെപോയി ഇവയ്ക്ക്. എസ്. ലോകനാഥന്റെ ക്യാമറ പകര്‍ത്തിയ നിറപ്പകിട്ടാര്‍ന്ന ദൃശ്യങ്ങള്‍ ചിത്രത്തോടിണങ്ങുന്നു. അധികം എഡിറ്റിംഗ് കസര്‍ത്തുകള്‍ നടത്താതെയുള്ള ഡോണ്‍‌മാക്സിന്റെ ചിത്രസംയോജനവും ആശ്വാസകരമായിരുന്നു. ഇടവേളവരെ വളരെ വേഗത്തില്‍ പറഞ്ഞുപോയ കഥ, അതിനു ശേഷം ഇഴയുവാന്‍ തുടങ്ങി. കാര്യമാ‍യൊന്നും പറയുവാനോ കാണിക്കുവാനോ ഇല്ല്ലാത്ത അവസ്ഥ. പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ഒരു പുതുമയുള്ള ക്ലൈമാക്സിലേക്ക് ചിത്രത്തെ എത്തിക്കുവാനും, ചിത്രത്തിന്റെ ശില്പികള്‍ക്ക് കഴിഞ്ഞില്ല.

ചിത്രത്തിന്റെ തുടക്കത്തില്‍ അണിയറപ്രവര്‍ത്തകരുടെ പേരെഴുതിക്കാണിച്ചത് നല്ലൊരു കാര്യമായി തോന്നി. ഒടുവിലാവുമ്പോള്‍, അവ വരുമ്പോഴേ പ്രൊജക്ടര്‍ കെടുത്തുകയാണ് പതിവ്. ഓരോ ഭാഗമായി എടുത്തു നോക്കിയാല്‍, ചൂണ്ടിക്കാണിക്കുവാന്‍ പോരായ്മകളേറെ കണ്ടേക്കാമെങ്കിലും; ആകെ മൊത്തമായി നോക്കുമ്പോള്‍, ഒരു ആനചന്തം ചിത്രത്തിനുണ്ട്. സാ‍ധാരണക്കാര്‍ക്ക് ചിരിക്കുവാനും, ആരാധകര്‍ക്ക് കൈയ്യടിച്ചു രസിക്കുവാനും വേണ്ടുവോളം സംഗതികളുള്ളതിനാല്‍ തന്നെ; ‘രാജമാണിക്യ’ത്തിന്റെയത്രയും വിജയമൊന്നും നേടിയില്ലെങ്കിലും, രണ്ടായിരത്തിയെട്ടിലെ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയില്‍ മുന്‍‌സ്ഥാനങ്ങളിലൊന്നായി ‘അണ്ണന്‍ തമ്പി’യുമുണ്ടാവുമെന്ന് ഉറപ്പിക്കാം.


Description: Annan Thampi - A film directed by Anwar Rasheed; Starring Mammootty, Gopika, Lakshmi Rai, Janardhanan, Rajan P. Dev, Siddique, Maniyan Pilla Raju, Harisree Asokan, Salim Kumar, Suraj Venjarammoodu, KPAC Lalitha, Urmila Unni, Kunjan. Produced by Shahul Hameed Marikkar, Anto Joseph. Written by Benny P. Nayarambalam.
--

9 comments :

 1. അന്‍‌വര്‍ റഷീദിന്റെ സംവിധാനത്തില്‍ മമ്മൂട്ടി വീണ്ടും; അതും, ഇരട്ടവേഷങ്ങളില്‍. വിഷു ചിത്രമായ ‘അണ്ണന്‍ തമ്പി’യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  "വിഷു ചിത്രങ്ങളില്‍ ഏറ്റവും മികച്ചത്?" നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുമല്ലോ...
  --

  ReplyDelete
 2. Haree,
  First time I am writing a comment for ur review, but I have read all ur reviews.. now a days I decide to watch movies based on ur reviews. Thanks for that.
  So, as expected "Annan Thanpi" is going to be a hit.. I will watch this movie when it is in screen in Bangalore.
  As usual, we were not expecting a very good movie with strong story line, just another thriller as Rajamanikyam - that job is done by Mammootty & Anwar. So, this Vishu is in Mammootty's hand?

  Regards,
  Ajith Ambady

  ReplyDelete
 3. നിര്‍മ്മാണം ആന്റോ ജോസഫ് എന്നു കാണുന്നു..അത് മമ്മൂട്ടിയുടെ ‘ഡ്രൈവര്‍’ തന്നെയല്ലേ?

  അപ്പോള്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മമ്മൂട്ടി തന്നെയെന്നു ചുരുക്കം.

  ഹരീ, പോളില്‍ ഒരു ഓപ്ഷന്‍ കൂടി വേണമായിരുന്നു എന്നു തോന്നുന്നു. അതു കൊണ്ട്റ്റ് വോട്ട് ചെയ്യുന്നില്ല...:)

  ReplyDelete
 4. പഴയ നസീര്‍-ജയന്‍ പടം പുതിയ തമിഴ് സെറ്റപ്പില്‍ എടുത്തൂല്ലേ... എന്നാണോ ഈ സിനിമാ വ്യവസായം രക്ഷപെടുന്നത്

  *********

  ‘എല്ലാം പറട്ട’ എന്ന ഓപ്ഷന്‍ ആയിരുന്നോ റോബീ..ഉള്ളതുവച്ച് കമ്പെയര്‍ ചെയ്യാനായിരിക്കും ഹരീ ഉദ്ദേശിച്ചത്.

  ReplyDelete
 5. മുല്ലയും ചിന്താവിഷയവും കണ്ടു. മുല്ലതന്നെ ഭേദം. അതില്‍ അല്‍പം വയലന്‍സ്‌ കൂടിപ്പോയി. മുല്ല പൊളിയാന്‍ കാരണം അതാണ്‌.
  പിന്നെ ചിന്താവിഷയം. എനിക്കു വല്ലാതുറക്കം വന്നുപോയി. സ്‌ത്രീകളെ വീഴ്‌ത്താന്‍ സത്യന്‍ ചമച്ച പടമാണത്‌. മുകേഷ്‌ ഫോണ്‍ ചെയ്‌തു സൊള്ളുമ്പോള്‍ മറുവശത്തുള്ള പെണ്‍പിള്ളാരെ പറ്റി സത്യന്‍ മനപ്പൂര്‍വ്വം നിശ്ശബ്ദനാകുന്നു...!
  മൂന്നംഗ പെണ്‍ സംഘത്തിലെ മുത്തുമണിയെപ്പറ്റി അറിയാമോ. 2001ല്‍ തൊടുപുഴയില്‍ നടന്ന സംസ്‌ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ ഇന്നത്തെ നടി അമ്പിളിദേവിയായിരുന്നു കലാതിലകം. അന്ന്‌ മൂന്നാം സ്ഥാനത്തായിരുന്ന ദിവ്യ എന്ന ആലപ്പുഴക്കാരി നവ്യ നായര്‍ എന്ന പേരില്‍ അമ്പിളിയേയും കടത്തിവെട്ടി നടിയായി. ആ വര്‍ഷത്തെ നാടകമല്‍സരത്തില്‍ മികച്ച നടിയായിരുന്നു എറണാകുളത്തു നിന്നെത്തിയ മുത്തുമണി. മുത്തുമണി പിന്നെ അമച്വര്‍ നാടകരംഗത്തു സജീവമായി. രസതന്ത്രത്തിനു ശേഷം വിവാഹം. ഇപ്പോള്‍ ചിന്താവിഷയത്തില്‍ മികച്ച റോള്‍. എന്തുകൊണ്ടോ 24കാരിയായ ഈ മികച്ച നടിയെ മലയാള സിനിമ വേണ്ടത്ര പരിഗണിക്കുന്നില്ല....

  ReplyDelete
 6. അണ്ണന്‍ തമ്പി കണ്ടു..ഹരീ പറഞ്ഞതിനോട്‌ യോജിക്കാതെ വയ്യ...
  പുതുമയുള്ള ചില കോമഡി രംഗങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ പടം അരോചകമാവും...മറ്റുള്ളവരെ ഉപദ്രവിക്കാതെ സ്വന്തം നിലയില്‍ തമാശ പറയാനുള്ള മമ്മൂട്ടിയുടെ കഴിവിനെയും അന്‍വര്‍ റഷീദ്‌ ഉപയോഗിച്ച്‌ നശിപ്പിച്ചിരിക്കുന്നു....
  സുരാജ്‌ വെഞ്ഞാറമൂടും സലിം കുമാറും തങ്ങളുടെ സ്വതസിദ്ധമായ ശൈലിയില്‍ അഭിനയിച്ചിട്ടുണ്ട്‌...അവര്‍ക്കിങ്ങനെ മാത്രമേ അഭിനയിക്കാന്‍ കഴിയുകയുള്ളൂ എന്നു തോന്നും...
  എങ്കിലും ആകെപ്പാടെ ഒന്നു കണ്ടിരിക്കാം എന്നു വേണം പറയാന്‍...

  പിന്നെ ഹരീ,
  സാധാരന മലയാളം സിനിമകള്‍ കണ്ടു പരിചയിച്ച മലയാളിക്ക്‌ എളുപ്പത്തില്‍ ഊഹിക്കാന്‍ കഴിയുമെങ്കിലും ചിത്രത്തില്‍ സസ്പെന്‍സ്‌ ആയിട്ടാണല്ലോ വില്ലനെ കാണിക്കുന്നത്‌..
  അതു തുറന്നെഴുതിയത്‌ ആസ്വാദനത്തെ അല്‍പം ബാധിക്കും എന്നു തോന്നുന്നു....വില്ലനെ കുറിച്ചുള്ള പരമാര്‍ശം ഒഴിവാക്കിയാല്‍ ഇനി കാണുന്നവര്‍ക്ക്‌ അല്‍പം കൂടി മെച്ചപ്പെട്ട ഒരനുഭവം ആകുമെന്ന്‌ തോന്നുന്നു...

  ReplyDelete
 7. @ അജിത്ത്,
  വിശേഷം സ്ഥിരമായി നോക്കുന്നതിനും, പ്രോത്സാഹത്തിനും പ്രത്യേകം നന്ദി. :) രാജമാണിക്യത്തിന്റെയത്രയും വരില്ല, എങ്കിലും കുഴപ്പമില്ല...

  @ റോബി,
  അറിയില്ലല്ലോ! :) ഈ ഡ്രൈവര്‍മാരുടെയൊരു യോഗമേ!
  ഉം... ഗുപ്തന്‍ പറഞ്ഞതു തന്നെ കാരണം. എല്ലാവരും കൂടി ആ ഓപ്‌ഷന് വോട്ടു ചെയ്തിട്ടു കാര്യമില്ലല്ലോ!

  @ ഗുപ്തന്‍,
  അതേതാണു ചിത്രം? ;)

  @ വക്രബുദ്ധി,
  മുല്ലയെപ്പറ്റി പറഞ്ഞാല്‍; എന്റര്‍ടെയ്ന്മെന്റീന്ന് പോവുകേം ചെയ്തു, അവാര്‍ഡില്‍ എത്തുവേം ചെയ്തില്ല! :( ചിന്താവിഷയത്തിലെ നായകന്റെ കുടുംബം കുളമാവാന്‍ പോവുന്നത്, ഇങ്ങിനെ അന്യരുടെ പ്രശ്നം തീര്‍ക്കാന്‍ നടന്നു നടന്നാവും... ;) അണ്ണന്‍ തമ്പിയെക്കുറിച്ചൊന്നുമില്ലേ?

  @ കൊച്ചാവ,
  നന്ദി. :)
  കഥയിലല്ല പറഞ്ഞത്, പക്ഷെ വില്ലന്‍ കഥാപാത്രങ്ങള്‍ എന്ന് നടന്മാരെ പറഞ്ഞിട്ടുണ്ട്, അല്ലേ? ശരിയാണ്... എഴുതിയതിലെ ശ്രദ്ധക്കുറവാണ്. ഇനി മുതല്‍ കൂടുതല്‍ ശ്രദ്ധിക്കാം.
  --

  ReplyDelete
 8. Haree,

  Your reviews are really in-dept analysis of movies not the superficial ones. I would like to see more Tamil (like dasavatharam) Hindi (like Sarkar Raj) etc to be in your blog.

  ReplyDelete