മലയാളിയുടെ ക്രിസ്തുമസ് ചിത്രങ്ങള്‍

Published on: 1/26/2008 10:30:00 PM
Christmas Releases in Malayalam: Romeo, KathaParayumpol, Flash, Kangaru
ദിലീപ്-രാജസേനന്‍ കൂട്ടുകെട്ടിന്റെ ‘റോമിയോ’; ശ്രീനിവാസന്‍ തിരക്കഥയെഴുതി അഭിനയിച്ച ‘കഥപറയുമ്പോള്‍’; മോഹന്‍ലാല്‍-സിബി മലയില്‍ എന്നിവരൊന്നിച്ച ‘ഫ്ലാഷ്’; പൃഥ്വിരാജ്, കാവ്യ മാധവന്‍ എന്നിവര്‍ നായികാനായകന്മാരായ ‘കങ്കാരു’ എന്നിവയായിരുന്നു ക്രിസ്‌തുമസിനിറങ്ങിയ മലയാള ചിത്രങ്ങള്‍. ഇവയില്‍ ‘കഥപറയുമ്പോള്‍’ മാത്രമാണ് പ്രേക്ഷകര്‍ക്ക് ആശ്വസിക്കുവാന്‍ വകനല്‍കിയത്. ഏറെ പ്രതീക്ഷയര്‍പ്പിച്ച ‘ഫ്ലാഷ്’ വല്ലാതെ നിരാശപ്പെടുത്തുകയും ചെയ്തു.

Poll Result - Christmas Releasesക്രിസ്‌തുമസ് ചിത്രങ്ങളുടെ പോള്‍ ഫലം വളരെ രസകരമായിത്തോന്നി. മൃഗീയ ഭൂരിപക്ഷത്തോടെ ‘കഥപറയുമ്പോള്‍’ ഒന്നാമതെത്തി. ആകെ പോള്‍ ചെയ്യപ്പെട്ട നൂറ്റിനാല്പത്തിയേഴ് (147) വോട്ടുകളില്‍, നൂറ്റിമുപ്പത്തിയൊന്നും (131, 89%) ഈ ചിത്രം നേടി. ചിത്രവിശേഷത്തിന്റെ നിരീക്ഷണങ്ങളോട് യോജിക്കുന്ന അഭിപ്രായമാണ് വായനക്കാരില്‍ നിന്നുമുണ്ടായത് എന്നത് സന്തോഷകരമാണ്. രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങള്‍ തമ്മില്‍ കാര്യമായ വ്യത്യാസമൊന്നുമില്ല. കണ്ണടച്ചിരുട്ടാക്കുന്ന ആരാധകരുടെ വോട്ടുകളാവണം രണ്ടും നാലും പത്തുമായി പോള്‍ ചെയ്യപ്പെട്ടത്. ഒരുപക്ഷെ, ഒരു മത്സരത്തിനു പോലും കെല്‍പ്പില്ലാത്ത കൂട്ടുചിത്രങ്ങളാവണം ‘കഥപറയുമ്പോള്‍’ ഇത്രയും വിജയിക്കുവാനുള്ള ഒരു കാരണം.

പൃഥ്വിരാജിന്റെ ചിത്രങ്ങള്‍ പ്രതീക്ഷയോടെയാണ് മലയാളത്തിലെ പ്രേക്ഷകര്‍ നോക്കിക്കാണുന്നത്. എന്നാല്‍ അത്തരം പ്രതീക്ഷകളോട് നീതി പുലര്‍ത്തുന്ന ഒന്നായില്ല ‘കങ്കാരു’. ജഗദീഷിന്റെ മിമിക്രി ഡയലോഗില്‍ പറയുന്നതതേപടി ഒപ്പിയ കുടുംബസാഹചര്യമുള്ള ഓട്ടോ ഡ്രൈവര്‍, ജോസൂട്ടിയായാണ്, ഈ സിനിമയില്‍ പൃഥ്വിരാജ്. കാവ്യ മാധവന്‍ അവതരിപ്പിക്കുന്ന ജാന്‍സി എന്ന കഥാപാത്രത്തെ, ഒരു കുട്ടിയുണ്ടെങ്കിലും കെട്ടാം എന്നു ജോസൂട്ടി തീരുമാനിക്കുന്നു. തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളാണ് നര്‍മ്മം കലര്‍ത്തി അവതരിപ്പിച്ചിരിക്കുന്നത്. ഒരുപക്ഷെ, ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്തിരുന്നെങ്കില്‍ വളരെയേറെ മെച്ചപ്പെടുത്താമായിരുന്ന, പുതുമയുള്ള ഒരു പ്രമേയമായിരുന്നു കങ്കാരുവിന്റേത്. പറഞ്ഞിട്ടെന്തുകാര്യം, രണ്ടായിരത്തിയേഴിലെ ക്രിസ്‌തുമസ് കാലത്തിറങ്ങിയ ഒരു നനഞ്ഞ പടക്കമായി ഒടുങ്ങാനായിരുന്നു ‘കങ്കാരു’വിന്റെ വിധി.

ശ്രീനിവാസന്റെ തിരക്കഥകളുടെ സൌന്ദര്യം മുഴുവനായി കാണുവാനാവില്ലെങ്കിലും, ഭേദപ്പെട്ട ഒരു ചിത്രമായിരുന്നു ‘കഥപറയുമ്പോള്‍’. നവാഗതനായ ഒരു സംവിധായകന്റേതാണ് ഈ ചിത്രമെന്ന് കണ്ടാല്‍ അനുഭവപ്പെടുകയുമില്ല. എങ്കിലും ശ്രീനിയുടെ സ്ഥിരം നമ്പരുകളായ; സ്വയം കളിയാക്കല്‍, സ്വയം ചെറുതാവല്, സ്വയം കഴിവില്ലാത്തവനാവല്; ഇതൊക്കെത്തന്നെയാണ് ഇതിലും മുഴച്ചു നില്‍ക്കുന്നത്. ഒരിക്കല്‍ കണ്ടാല്‍ രസിക്കും, രണ്ടാമതു കാണുമ്പോള്‍ സഹിക്കും, മൂന്നാമതും നാലാമതും അതൊക്കെത്തന്നെയായാലോ? ഇനിയും ഈ പരിപ്പ് വേവിക്കുവാന്‍ ശ്രമിക്കാതിരിക്കുന്നതാണ് ബുദ്ധി. ചിത്രത്തിന്റെ ക്ലൈമാക്സിനെക്കുറിച്ച് പറയാതിരിക്കുവാനാവില്ല. സത്യത്തില്‍ ആ ഭാഗത്തെ മമ്മൂട്ടിയുടെ പ്രകടനമാണ് ചിത്രത്തിന് കൈയ്യടി നേടിക്കൊടുത്തത്.

ചിത്രവിശേഷം കാണാതെവിട്ട രണ്ടു ചിത്രങ്ങളാണ് ‘റോമിയോ’, ‘ഫ്ലാഷ്’ എന്നിവ. തീരുമാനം നന്നായെന്ന് പോള്‍ ഫലം തെളിയിക്കുന്നു. ചിത്രവിശേഷം എഴുതിത്തുടങ്ങിയപ്പോള്‍ വളരെക്കുറച്ച് സിനിമകളെ മാത്രം പരിചയപ്പെടുത്തുന്ന ‘സിനിമാനിരൂപണം’ എന്ന ബ്ലോഗ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാലിന്ന് സിനിമകളെക്കുറിച്ചെഴുതുന്ന ഒരുപിടി ബ്ലോഗുകള്‍ നിലവിലുണ്ട്. ജയന്‍ രാജന്റെ ‘മലയാളം മൂവി റിവ്യൂസ്’, ദൃശ്യന്റെ ‘സിനിമാക്കാഴ്ച’ എന്നിവയാണ് അവയില്‍ എടുത്തുപറയാവുന്നവ. ഇവയെക്കൂടാതെ ഇന്ദുലേഖ.കോമില്‍ വരുന്ന റിവ്യൂകളും ലഭ്യമാണ്. ഇവയോരോന്നും വ്യത്യസ്‌തമായ ശൈലികളാണ് പിന്തുടരുന്നതെങ്കിലും, ഒരു വായനക്കാരനെ സംബന്ധിച്ചിടത്തോളം നല്ല സിനിമകളെ തിരഞ്ഞെടുക്കുവാന്‍ സഹായിക്കുന്നതില്‍ ഇവയോരോന്നും പര്യാപ്തമാണ്.

എല്ലാ സിനിമയും സൂപ്പര്‍ ഹിറ്റുകള്‍, എല്ലാ പ്രമേയവും വ്യത്യസ്‌തം, എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്ന് മെച്ചം, അവ അവതരിപ്പിക്കുന്ന അഭിനേതാക്കളാവട്ടെ ഓസ്‌കാറിനു പരിഗണിക്കാവുന്നവരും! ഈ മട്ടില്‍ മാത്രം ചിത്രങ്ങളെ പരിചയപ്പെടുത്തുന്ന ഇന്നത്തെ ദൃശ്യമാധ്യമങ്ങള്‍ക്ക് ചെവികൊടുക്കാതെ, ഏതു സിനിമ കാണണമെന്ന് തീരുമാനമെടുക്കുവാന്‍ മലയാളികളെ ഈ ബ്ലോഗുകള്‍ സഹായിക്കുമെന്നു കരുതാം. ഇന്ദുലേഖയുടെ നിരൂപണങ്ങള്‍ മാത്രം ഈയിടെയായി അല്പം കച്ചവടവും നോക്കുന്നില്ലേ എന്നൊരു സംശയവും തോന്നാതില്ല. ഫ്ലാഷ്, കങ്കാരു, റോമിയോ എന്നിവയ്ക്ക് ഇന്ദുലേഖ നല്‍കിയ റേറ്റിംഗ് 5/10. കഥപറയുമ്പോള്‍ എന്ന ചിത്രത്തിനു നല്‍കിയിരിക്കുന്നത് 6/10. റിവ്യൂവിന്റെ സത്യസന്ധതയെക്കുറിച്ച് സംശയം തോന്നിയാല്‍ വായനക്കാരനെ തെറ്റുപറയുവാനൊക്കുമോ?

കൂടുതല്‍ മികച്ച ചിത്രങ്ങള്‍ രണ്ടായിരത്തിയെട്ട് മലയാളികള്‍ക്കു നല്‍കുമെന്ന പ്രതീക്ഷയോടെ നിര്‍ത്തുന്നു.

പുതിയ പോള്‍: രണ്ടായിരത്തിയേഴില്‍ ഇറങ്ങിയ മലയാളം സിനിമകളില്‍ മികച്ചതേതെന്ന് ചോദിച്ചുകൊണ്ടുള്ള ഒരു പുതിയ പോള്‍ തുടങ്ങിയിട്ടുണ്ട്. അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമെന്നു പ്രതീക്ഷിക്കുന്നു. ചിത്രവിശേഷം പത്തില്‍ അഞ്ചിനു മുകളില്‍ റേറ്റിംഗ് നല്‍കിയ ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചില ചിത്രങ്ങളുടെ റേറ്റിംഗ് കൂടിപ്പൊയതായി എനിക്കു തന്നെ ഇപ്പോള്‍ തോന്നുന്നുണ്ട്. അഞ്ചിലായിരുന്നല്ലോ ആദ്യം റേറ്റിംഗ് നല്‍കിയിരുന്നത്, പിന്നീടത് പത്തിലാക്കി മാറ്റി. അഞ്ചില്‍ നല്‍കിയ റേറ്റിംഗ് ഇരട്ടിപ്പിക്കുന്ന രീതി അശാസ്ത്രീയമാണെന്ന് അറിയായ്കയല്ല, എളുപ്പപ്പണി നോക്കിയെന്നു മാത്രം. അങ്ങിനെ ഇരട്ടിപ്പിക്കുമ്പോള്‍ പല ചിത്രങ്ങള്‍ക്കും അനര്‍ഹമായ റേറ്റിംഗാണ് വന്നിരിക്കുന്നത്. ക്ഷമിക്കുമെന്നു കരുതുന്നു. :)


Keywords: Malayalam Films, Christmas Releases, Review, KathaParayumbol, Katha Parayumpol, Romeo, Flash, Kangaru, Mohanlal, Sreenivasan, Prithviraj, Dileep, Kavya Madhavan, Meena, Mammootty, Malayalam Movie Review, Film, Cinema, December.
--

9 comments :

 1. ക്രിസ്തുമസ് ചിത്രങ്ങളുടെ പോള്‍ ഫലങ്ങളുമായി ചിത്രവിശേഷം വീണ്ടും.
  --

  ReplyDelete
 2. ഒരു തിരുത്ത്.. മോഹന്‍‌ലാല്‍ - സത്യന്‍ അന്തിക്കാട് ടീം എന്നാണല്ലോ ഫ്ലാഷിനെ കുറിച്ച് ആദ്യം എഴുതിയിരിക്കുന്നത്..?

  2007 മലയാളത്തിന് ഒരു മോശം വര്‍ഷമായിരുന്നല്ലോ.. ക്രിസ്‌മസ് ചിത്രങ്ങള്‍ അതിന് മുമ്പിറങ്ങിയ ചിത്രങ്ങളുടെ നിലവാരം കാണിച്ചു എന്നതാണ് സത്യം..!

  ReplyDelete
 3. താങ്കളുടെ അഭിപ്രായത്തോട്‌ യോജിക്കന്‍ വയ്യ ബാലൂ... 2007 അത്ര മോശം വര്‍ഷമായിരുന്നു എന്നു തോന്നുന്നില്ല. കലാ മൂല്യമുള്ള ഒരു പിടി നല്ല ചിത്രങ്ങള്‍ വന്ന വര്‍ഷമായിരുന്നു. കയ്യൊപ്പ്‌, ഒരേ കടല്‍, പരദേശി, അറബിക്കഥ. ആനന്ദഭൈരവി, നാലു പെണ്ണുങ്ങള്‍, കഥ പറയുമ്പോള്‍ തുടങ്ങിയ ചിത്രങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തി. പൊതുവെ ഒരു നല്ല വര്‍ഷമായിരുന്നു എന്നു തന്നെ പറയാം. മായാവി, ഹലോ, ചോക്ളേറ്റ്‌ തുടങ്ങിയ മെഗാ ഹിറ്റുകളും ഈ വര്‍ഷം ഉണ്ടായി. ഒരു പിടീ പുതിയ സംവിധായകരെ നമുക്ക്‌ ലഭിച്ച വര്‍ഷമാണിത്‌. ജീത്തു ജോസഫ്‌(ഡിറ്റകടിവ്‌), അമല്‍ നീരദ്‌ (ബിഗ്‌ ബി), എം. മോഹനന്‍ (കഥ പറയുമ്പോള്‍)... ശ്യാമപ്രസാദ്‌, ലാല്‍ജോസ്‌, അടൂറ്‍ ഗോപാലകൃഷ്ണന്‍, കെ.ടി.കുഞ്ഞുമുഹമ്മദ്‌ എന്നിവരുടെയും സാന്നിദ്ധ്യം ഈ വറ്‍ഷം മലയാള സിനിമയിലുണ്ടായിരുന്നു.

  ReplyDelete
 4. @ ബാലു, ജയകൃഷ്ണന്‍,
  2007 മലയാളസിനിമയ്ക്ക് നല്ല വര്‍ഷമാണോ ചീത്ത വര്‍ഷമാണോ എന്നറിയുവാന്‍, മറ്റേതെങ്കിലും വര്‍ഷവുമായി താരതമ്യം ചെയ്താലല്ലേ സാധിക്കൂ? 2006-ലിറങ്ങിയ ചിത്രങ്ങള്‍, 2005-ലിറങ്ങിയ ചിത്രങ്ങള്‍ അവയൊക്കെ ഏതാണെന്നു ഓര്‍ത്തെടുക്കേണ്ടിവരും അതിനായി... പിന്നെ, 2007-ല്‍ അന്യഭാഷകളിലിറങ്ങിയ ചിത്രങ്ങളുമായി താരതമ്യപ്പെടുത്തിയും നമുക്ക് 2007 മലയാളസിനിമയ്ക്ക് നല്ലതാണോ ചീത്തയാണോ എന്നു പറയാം. ഈ രണ്ടു രീതിയിലുമല്ലാതെ; നല്ല വര്‍ഷമായിരുന്നു, ചീത്ത വര്‍ഷമായിരുന്നു എന്നു പറയുന്നതില്‍ എന്തെങ്കിലും കാര്യമുണ്ടോ?
  --

  ReplyDelete
 5. ഹരീ,

  മലയാള ചലച്ചിത്രങ്ങളെ അന്യഭാഷാ ചിത്രങ്ങളുമായി താരതമ്യം ചെയ്യുന്നത്‌ ശരിയാണോ? നമ്മൂടെ ചിത്രങ്ങളില്‍ നിന്നും തികച്ചും വിഭിന്നമായ മേഖലയാണവരുടേത്‌. അപ്പോള്‍ പിന്നെ അങ്ങനെ ചെയ്യുന്നത്‌ ശരിയല്ല എന്നാണെണ്റ്റെ അഭിപ്രായം. 2005 ലെയും 2006ലെയും ചിത്രങ്ങളൂടെ വിവരങ്ങള്‍ ഞാന്‍ ഉടന്‍ തന്നെ ഇവിടെ പ്രസിദ്ധീകരിക്കാം... അപ്പോള്‍ പിന്നെ താരതമ്യ പഠനം എളുപ്പമാവുമല്ലോ? :)

  ReplyDelete
 6. 2006 ലെ ചിത്രങ്ങള്‍

  ആനചന്തം
  അച്ഛനുറങ്ങാത്ത വീട്‌
  അനുവാദമില്ലാതെ
  അശ്വാരൂഢന്‍
  ബാബ കല്യാണി
  ബല്‍റാം v/s താരാദാസ്‌
  ഭാറ്‍ഗ്ഗവചരിതം മൂന്നാം ഖണ്ഡം
  ചാക്കോ രണ്ടാമന്‍
  ചെസ്സ്‌
  ചിന്താമണി കൊലക്കേസ്‌
  ക്ളാസ്‌മേറ്റ്സ്‌
  ഏകാന്തം
  ദി സ്പീഡ്‌ ട്രാക്ക്‌
  കളഭം
  കറുത്തപക്ഷികള്‍
  കീറ്‍ത്തിചക്ര
  കിലുക്കം കിലുകിലുക്കം
  കിസാന്‍
  ലങ്ക
  ലയണ്‍
  മധുചന്ദ്രലേഘ
  മഹാസമുദ്രം
  മൂന്നാമതൊരാള്‍
  നവംബറ്‍
  റെയിന്‍
  ഒന്നരവട്ട്‌
  ഔട്ട്‌ ഓഫ്‌ സിലബസ്സ്‌
  ഫോട്ടോഗ്രാഫറ്‍
  പ്രജാപതി
  രാഷ്ട്രം
  രസതന്ത്രം
  സ്മാറ്‍ട്ട്‌ സിറ്റി
  പതാക
  സീതാകല്യാണം
  ഡോണ്‍
  വറ്‍ഗ്ഗം
  വടക്കുംനാഥന്‍
  പച്ചക്കുതിര
  തുരുപ്പുഗുലാന്‍
  പളുങ്ക്‌

  2005ലെ ചിത്രങ്ങള്‍

  അച്ചുവിണ്റ്റെ അമ്മ
  അത്ഭുതദ്വീപ്‌
  ആലീസ്‌ ഇന്‍ വണ്ടറ്‍ലാണ്ട്‌
  അനന്തഭദ്രം
  അന്നൊരിക്കല്‍
  ബംഗ്ളാവില്‍ ഔത
  ബെന്‍ ജോണ്‍സണ്‍
  ബോയ്‌ഫ്രണ്ട്‌
  ബസ്‌ കണ്ടക്ടറ്‍
  ബൈ ദി പീപ്പിള്‍
  ചന്ദ്രോത്‌സവം
  ചാന്തുപൊട്ട്‌
  ചിരട്ടക്കളിപ്പാട്ടങ്ങള്‍
  ചൊല്ലിയാട്ടം
  ദൈവനാമത്തില്‍
  ദോബിവാല
  ഫൈവ്‌ ഫിംഗേഴ്സ്‌
  ഇമ്മിണി നല്ലൊരാള്‍
  ഇരുവട്ടം മണവാട്ടി
  കല്യാണക്കുറിമാനം
  കൊച്ചിരാജാവ്‌
  ലോകനാഥന്‍ ഐ.എ.എസ്‌
  മാണിക്യന്‍
  മെയ്‌ഡ്‌ ഇന്‍ യു എസ്‌ എ
  മകള്‍ക്ക്‌
  മയൂഖം
  മോണാലിസ
  നരന്‍
  നോട്ടം
  ഓ കെ ചാക്കോ കൊച്ചിന്‍ മുംബായി
  ഒറ്റനാണയം
  പാണ്ടിപ്പട
  പറഞ്ഞു തീരാത്ത വിശേഷങ്ങള്‍
  പൌരന്‍
  പോലീസ്‌
  പൊന്‍മുടിപ്പുഴയോരത്ത്‌
  രാപ്പകല്‍
  രാജമാണിക്യം
  സറ്‍ക്കാറ്‍ ദാദ
  ശീലാബതി
  തന്‍മാത്ര
  നേരറിയാന്‍ സി.ബി.ഐ
  തസ്കരവീരന്‍
  തൊമ്മനും മക്കളും
  ട്വിന്‍കിള്‍ ട്വിന്‍കിള്‍ ലിറ്റില്‍ സ്റ്റാറ്‍
  ഉദയനാണ്‌ താരം
  ഉടയോന്‍
  ഭരത്‌ചന്ദ്രന്‍ ഐ.പി. എസ്‌
  ദി ടൈഗറ്‍

  ഇതപൂറ്‍ണ്ണമാണെന്നറിയാം.... എന്നാലും ഒരു താരതമ്യ പഠനത്തിനിതു ധാരാളം!!!

  ReplyDelete
 7. @ ജയകൃഷ്ണന്‍,
  മലയാളത്തില്‍ പത്തു ചിത്രമിറങ്ങി, രണ്ടെണ്ണം നന്നെന്നു പറയുന്നു. ഹിന്ദിയില്‍ ഇരുപതുചിത്രമിറങ്ങി, അഞ്ചെണ്ണം നന്നെന്നു പറയുന്നു. മലയാളത്തിനോ, ഹിന്ദിക്കോ വര്‍ഷം നല്ലത്? :) നല്ല സിനിമ എന്നതു ഭാഷയ്ക്കും ദേശത്തിനുമൊക്കെ അതീതമാണല്ലോ... അതുകൊണ്ട് താരതമ്യം ചെയ്യുന്നതിലും തെറ്റുണ്ടെന്നു ഞാന്‍ കരുതുന്നില്ല.

  ഇതൊക്കെ എവിടുന്നു തേടിപ്പിടിച്ചു? :)
  --

  ReplyDelete
 8. ഹരീ...

  അങ്ങനെ ഒരു അവലോകനമാകം. പക്ഷേ നല്ല ചിത്രങ്ങള്‍ എന്ന്‌ നാം ഏതോക്കെ ചിത്രങ്ങളേയാണ്‌ കണക്കു കൂട്ടേണ്ടത്‌? ആ വേറ്‍തിരിവിലാണ്‌ പ്രശ്‌നം. അവിടെ മലയാളവും ഹിന്ദിയും തമിഴുമെല്ലാ, വ്യത്യസ്തം തന്നെയാണ്‌. അങ്ങനെ അല്‍പം ഇറങ്ങിച്ചെന്നൊരു വിശകലനം നടത്തി തുടങ്ങുമ്പോള്‍ നമുക്ക്‌ ഹിന്ദി, തമിഴ്‌ സിനിമകളെ മലയാളം ചിത്രങ്ങളുമായി താരതമ്യം ചെയ്യാന്‍ വയ്യതെ വരും. ഉദാഹരണം പറയുകയാണെങ്കില്‍, ശിവാജിയേയും ഓം ശാന്തി ഓമിനേയും പോലുള്ള ചിത്രങ്ങളെ നമുക്കെങ്ങനെ മലയാള ചിത്രങ്ങളുമായി താരതമ്യം ചെയ്യാനാവും???

  അതോക്കെ ഒപ്പിച്ചു!!! ഇണ്റ്ററ്‍നെറ്റിണ്റ്റെ ഓരോ ജാലവിദ്യകളെ???

  ReplyDelete
 9. I agree with Jayakrishan...2007 is definitely better than 2005 or 2006.Also people accepted some good movies like Arabikadha,Kadha parayumbol,Ore Kadal and Nalu pennungal. There were atleast three big hits and around a dozen movies didn't make loss for the producers.But if we compare to other languages ,Malayalam needs to improve a lot...I agree we don't have much money to spend.But rather than repeating the same formula superstar movies ,our directors need to come up with some innovative stories. For me,Sreenivasan was the superstar of 2007 and Lal Jose was the best among directors. Lack of marketing and promotion is another biggest drawback for our inductry.

  ReplyDelete