കല്‍ക്കട്ട ന്യൂസ് (Culcutta News)

Published on: 1/28/2008 01:55:00 PM
Culcutta News - Directed by Blessy; Starring Dileep, Meera Jasmine.
രണ്ടായിരത്തിനാലില്‍ പുറത്തിറങ്ങിയ ‘കാഴ്ച’ എന്ന പ്രഥമ ചിത്രത്തിലൂടെ മലയാളിക്ക് പ്രിയങ്കരനായ സംവിധായകനാണ് ബ്ലെസി. തുടര്‍ന്നിറങ്ങിയ ‘തന്മാത്ര’യും വളരെ മികച്ച ഒരു അനുഭവമാ‍യിരുന്നു മലയാളികള്‍ക്ക് സമ്മാനിച്ചത്. പ്രതീക്ഷിച്ചത്രയും വന്നില്ലെങ്കിലും സമകാലീന മലയാളസിനിമകളുമായി താരതമ്യം ചെയ്യുമ്പോള്‍ നല്ലതെന്നു പറയേണ്ട ഒന്നായിരുന്നു മൂന്നാമത്തെ ചിത്രമായ ‘പളുങ്ക്’. നാലാമത്തെ ചിത്രമായ ‘കല്‍ക്കട്ട ന്യൂസ്’, ബ്ലെസിയെന്ന സംവിധായകന്റെ വേറിട്ടൊരു ശൈലിയിലുള്ള ചിത്രമാണ്. സംവിധായകന്റെ തന്നെയാണ് കഥയും, തിരക്കഥയും, സംഭാഷണങ്ങളും. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആന്റണി തെക്കക്ക്.

കല്‍ക്കട്ട ന്യൂസ് എന്നൊരു ബംഗാളി ന്യൂസ് ചാനല്‍, അതില്‍ ജോലി നോക്കുകയാണ് അജിത് തോമസ്(ദിലീപ്). റിപ്പോര്‍ട്ടിംഗിന്റെ ഭാഗമായുള്ള യാത്രകള്‍ക്കിടയില്‍ മൊബൈലില്‍ വീഡിയോ റിക്കാര്‍ഡ് ചെയ്തു സൂക്ഷിക്കുന്ന പതിവുണ്ട് അജിത്തിന്. അവിചാരിതമായി ഹരികുമാറും (ഇന്ദ്രജിത്ത്), കൃഷ്ണപ്രിയയും (മീര ജാസ്മിന്‍) അജിത്തിന്റെ വീഡിയോയില്‍ പതിയുന്നു. പിറ്റേന്ന് ഹരികുമാറിന്റെ ശവശരീരം കല്‍ക്കട്ടയുടെ പ്രാന്തപ്രദേശങ്ങളിലൊരിടത്ത് കാണപ്പെടുന്നു. തുടര്‍ന്ന് കൃഷ്ണപ്രിയയെ തേടിയലയുന്ന അജിത് കല്‍ക്കട്ടയുടെ ഇരുണ്ട ഭാഗങ്ങളിലാണ് എത്തിപ്പെടുന്നത്. ആ യാത്രയ്ക്കിടെ മൊബൈലില്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ കൂട്ടിയിണക്കി 'Shadows of Culcutta' എന്ന പേരിലൊരു ഡോക്യു-ഫിക്ഷന്‍ ചിത്രവും അജിത്ത് തയ്യാറാക്കുന്നു. അവാര്‍ഡിനര്‍ഹമാവുന്ന ആ ചിത്രത്തിന്റെ പ്രദര്‍ശനത്തില്‍ നിന്നും തുടങ്ങുന്ന ‘കല്‍ക്കട്ട ന്യൂസ്’, അതിന്റെ ചിത്രീകരണ വേളയിലൂടെ സഞ്ചരിക്കുന്നു.

പുതുമകളുള്ള ഒരു ചിത്രമാണ് ‘കല്‍ക്കട്ട ന്യൂസ്’. ചിത്രീകരണത്തിലും സംവിധാനത്തിലുമുള്ള ‘ഡൈനമിക് ഫീലാ’ണ് എടുത്തു പറയേണ്ട ഒരു കാര്യം. ഛായാഗ്രാഹകന്‍ എസ്. കുമാര്‍ പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു. ദിലീപിന്റെ പുതുമയുള്ള രൂപഭാവങ്ങളും ശ്രദ്ധേയമായി. ഗ്രാഫിക്സിന്റെ മിതമായ എന്നാല്‍ മനോഹരമായ ഉപയോഗങ്ങളും നന്നായിരുന്നു. ഡോള്‍ബി ഡിജിറ്റല്‍ എന്ന പേരില്‍ പെപ്‌സി ടിന്നെറിഞ്ഞും, വണ്ടിയോടിച്ചുമൊക്കെ ഇഫക്ട് കാട്ടുന്നതിനു പകരം; ആവശ്യമുള്ളയിടത്ത് അതിന്റെ സാങ്കേതികഗുണങ്ങള്‍ ഉപയോഗപ്പെടുത്തിയ ശബ്ദലേഖനവും മികച്ചുനിന്നു. കഥയ്ക്ക്, അല്പം വലിച്ചില്‍ ഇടയ്ക്ക് അനുഭവപ്പെട്ടെങ്കിലും, അത് സാരമുള്ള ദോഷമായി തോന്നിയില്ല. വളരെ സ്വാഭാവികതയുള്ള മീര ജാസ്മിന്റെ അഭിനയവും ചിത്രത്തോടിണങ്ങുന്നതായിരുന്നു. അജിത്തെന്ന ടെലിവിഷന്‍ റിപ്പോര്‍ട്ടറായി ദിലീപും മോശമായില്ല.

ഇനി ചിത്രത്തിന്റെ പോരായ്മകളിലേക്ക്. ചിത്രം ആസ്വദിക്കുവാന്‍ ഏറെപ്പേര്‍ക്കും കഴിഞ്ഞുവെന്നു വരില്ല. ‘കാഴ്ച’യിലൂടെയും സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് ബ്ലെസി പറഞ്ഞതെങ്കിലും, അതിലൊരു സിനിമയുണ്ടായിരുന്നു, ആസ്വാദ്യകരവുമായിരുന്നു. പക്ഷെ, ആ മായാജാലം ഇതില്‍ ഉണ്ടായില്ല. സംവിധാനശൈലിയിലെ പുതുമ, ഈ കുറവ് പരിഹരിച്ച് പ്രേക്ഷകനെ പിടിച്ചിരുത്തുന്നുണ്ടെന്നു മാത്രം. ചിത്രത്തിലെ ഗാനങ്ങളും കല്ലുകടിയായി അനുഭവപ്പെട്ടു. ഗാനങ്ങള്‍ ചിത്രത്തിനു ഗുണകരമല്ലെങ്കില്‍ ഒഴിവാക്കുവാന്‍ സംവിധായകര്‍ ധൈര്യം കാട്ടാത്തതെന്തെന്നു മനസിലാവുന്നില്ല. മീര ജാസ്മിന്‍ കൃഷ്ണപ്രിയയെന്ന കഥാപാത്രത്തെ മികച്ചതാക്കിയെങ്കിലും, ‘ഒരേ കടലി’ലെ ദീപ്തിയില്‍ നിന്നും ഏറെയൊന്നും വ്യത്യസ്തത കാണുവാന്‍ കഴിഞ്ഞില്ല. ഒട്ടൊക്കെ അതേ ശരീരഭാഷയും, സംഭാഷണ രീതിയുമൊക്കെയാണ് ഇതിലും. അജിത്തും കൃഷ്ണപ്രിയയുമായുള്ള ചില പ്രണയസംഭാഷണങ്ങളും വല്ലാതെ അരോചകമായിത്തോന്നി.

ബംഗാളി ചാനലില്‍ ജോലി നോക്കുന്ന നായകന്റെ റിപ്പോര്‍ട്ടിംഗ് അവസാന രംഗങ്ങളില്‍ മലയാളത്തിലായി. ക്ലൈമാക്സ് രംഗങ്ങളുടെ ചിത്രീകരണവും മറ്റും തിരക്കിട്ട് തീര്‍ത്തതായും അനുഭവപ്പെട്ടു. ബംഗാളിയിലുള്ള സംഭാഷണങ്ങള്‍ വളരെയുണ്ടെങ്കിലും, പലതിന്റേയും മലയാളം വിവര്‍ത്തനം എഴുതിക്കാണിക്കാഞ്ഞത് ബുദ്ധിമുട്ടുണ്ടാക്കി. തിരക്കഥ തയ്യാറാക്കുന്നതില്‍ കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ മെച്ചപ്പെടുത്തുവാന്‍ ഏറെയുണ്ടായിരുന്ന ഒരു സിനിമയായാണ് ‘കല്‍ക്കട്ട ന്യൂസ്’ അനുഭവപ്പെട്ടത്. സംവിധായകനെന്ന നിലയില്‍ ബ്ലെസിയുടെ ഗ്രാഫ് ‘പളുങ്കി’ല്‍ നിന്നും താഴോട്ടു പോയിട്ടില്ലെങ്കിലും, ഏറെയൊന്നും മുകളിലേക്ക് ഉയര്‍ന്നതുമില്ല, ഈ ചിത്രത്തില്‍.


Keywords: Culcutta News, Colcutta News, Malayalam Film Review, Cinema, Movie, Dileep, Meera Jasmine, Dilip, Blessy, Blesy, Innocent, Bindu Panikkar, Indrajith, January Release.
--

11 comments :

 1. ‘കല്‍ക്കട്ട ന്യൂസ്’ എന്ന ചിത്രത്തെക്കുറിച്ച് ഏറെനാളായി മാധ്യമങ്ങളില്‍ എന്തെങ്കിലുമൊക്കെ കേട്ടുകൊണ്ടേയിരിക്കുന്നു. ഒടുവില്‍ ചിത്രം പുറത്തിറങ്ങി. ബ്ലെസിയുടെ നാലാമത്തെ ചിത്രം, ‘കല്‍ക്കട്ട ന്യൂസി’ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  2007-ല്‍ പുറത്തിറങ്ങിയ മലയാള ചിത്രങ്ങളില്‍ ഏറ്റവും മികച്ചതേത്? നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുമല്ലോ?
  --

  ReplyDelete
 2. ബ്ലെസ്സിയുടെ നിലവാരം വളരെ താണു പോയി....ആവര്‍ത്തനവിരസതയുള്ള രംഗങ്ങളാണു കൂടുതലും...

  ReplyDelete
 3. കൂട്ടുകാര്‍ ചിത്രം കണ്ടിരുന്നു.മോശമില്ല എന്നാണ് പറഞ്ഞത്. കാണണം എന്ന് വിചാരിക്കുന്നു..

  ഓ.ടോ: കോളേജ് കുമാരന്‍ ഇറങ്ങിയില്ലേ??

  ReplyDelete
 4. പ്രമേയത്തിന്റെ വ്യത്യസ്തത കൊണ്ടും എടുത്തിരിക്കുന്ന രീതി കൊണ്ടും ശ്രദ്ധേയമാണ് കല്‍ക്കട്ടാ ന്യൂസ്. എന്നാലും ചില പോരായ്മകള്‍ കാണാതിരിക്കാനായില്ല.
  നായികയെ ആരൊക്കെയോ പിന്തുടരുന്നുണ്ടെന്ന് ആദ്യമേ തന്നെ മനസ്സിലാക്കിയിട്ടും, പിന്തുടരുന്നവരെ മൊബൈലില്‍ പകര്‍ത്തിയിട്ടും നായകന്‍ ആ ഭാഗത്തെക്കുറിച്ച് തീരെ ബോധവാനാകാതിരുന്നതെന്തെന്ന് മനസ്സിലായില്ല. അന്വേഷണാത്മക പത്രപ്രവര്‍ത്തനം നടത്തുന്ന ഒരാളില്‍ നിന്നും ഒരു സ്കൂപ്പ് കിട്ടാനുള്ള ചാന്‍സ് നഷ്ടപ്പെടുത്തുക എന്നത് ഒരിക്കലും പ്രതീക്ഷിക്കപ്പെടുന്നതല്ല.
  പിന്നെ ഹരി പറഞ്ഞ പോലെ മീരാ ജാസ്മിന്റെ ഒരേ കടല്‍ സ്കെച്ച്. പക്ഷേ അവര്‍ അത് അസാധ്യമായി ചെയ്തിട്ടുണ്ട്.

  ReplyDelete
 5. ഹരീ..നിരൂപണം നന്നായി..!

  പടം കണ്ടു.

  ബ്ല്‌ളസ്സിയുടെ ചിത്രം വളരെ മനോഹരമാകും
  എന്ന മുന്‍ ധാരണയോടെ ഈ ചിത്രം കണ്ടാല്‍ നിരാശയാകും ഫലം.
  മുന്‍ ചിത്രങളെ പ്പോലെ ആസ്വാദിക്കാന്‍ എളുപ്പമല്ല.

  പുതുമയുള്ള പ്രമേയം..വ്യത്യസ്തമായ ആഖ്യാനശൈലി..നല്ല പാട്ടുകള്‍..
  ദിലീപിന്റെ പുതിയ മുഖം..മീരയുടെ അഭിനയം..എല്ലാം നല്ല വശങള് തന്നെ.
  പക്ഷേ..കുറേയേറെ കല്ലുകടികള്..

  അവ വളരെയേറേ ബാധിച്ചതായി തോന്നി.
  ദിലീപിന്റെ ഇഗ്ഗ്‌ളീഷ് ഡയലോഗുകള്..!
  ഐ ജസ്റ്റ്‌ മിസ്ഡ്‌ മൈ ടങ്‌..പോലുള്ളവ ഒഴിവാക്കാമായിരുന്നു..!
  കല്‍ക്കത്ത ട്രാഫിക്കില്‍ ബൈക്കിനു
  പിന്നിലിരുന്ന്‌ പാടുന്ന നായിക..വാഹനത്തിരക്കിനിടയില്‍ അത്‌ കേട്ട്‌ ആസ്വദിക്കുന്ന നായകന്‍..!ഇതൊക്കെ സാധാരണ പടത്തില്‍ ആയിരുന്നുവെങ്കില്‍ സഹിക്കാമായിരുന്നു.പക്ഷേ ബ്ബ്‌ളസ്സിയുടെ പടത്തില്‍...!

  പിന്നെ ബ്ല്‌ളാക്ക്‌ മാജിക്ക്‌ പോലുള്ള കാര്യ്ങളെ മഹത്വവല്‍ക്കരിക്കാന്‍ ബോധപുര്‍വ്വം ശ്രമിച്ചതായി തോന്നി.

  കുറെക്കൂടി ശ്രദ്ധിച്ചിരുന്നുവെങ്കില്‍ മറ്റൊരു സൂപ്പര്‍ഹിറ്റ്‌ ആകുമായിരുന്നു..അതിനുള്ള യോഗ്യത ഉണ്ടായിരുന്നു.

  ReplyDelete
 6. യാദൃശ്ചികമായി ഇന്നലെ പടം കാണാന്‍ അവസരം ലഭിച്ചു.

  റിവ്യൂ നന്നായി.. കാര്യങ്ങള്‍ പറഞ്ഞത് വളരെ ശരി.

  പക്ഷെ ആ നായകനെ അവതരിപ്പിക്കാന്‍ മലയാളത്തില്‍ ആരുമില്ലെന്ന് തോന്നി..!

  ReplyDelete
 7. @ ശിവകുമാര്‍,
  അങ്ങിനെ തോന്നിയൊ!

  @ ബാലു,
  കോളേജ് കുമാരന്‍ ഈ വെള്ളിയാഴ്ചയാണെന്നു തോന്നുന്നു ഇറങ്ങുന്നത്. നായകനെ അവതരിപ്പിക്കുവാന്‍ പൃഥ്വിരാജ് ആയിരുന്നെങ്കിലോ? ദിലീപ് മോശമായെന്ന് അഭിപ്രായമില്ല, പക്ഷെ വളരെയധികം സാധ്യതകളുള്ള കഥാപാത്രമായിരുന്നു, അത്രയൊന്നും ഉപയോഗപ്പെടുത്തിയില്ല.

  @ ഷാഫി,
  ബൈക്ക് സഞ്ചാരത്തിനിടെ എന്തെങ്കിലും പറ്റുമെന്നാണ് ഞാന്‍ കരുതിയത്! ശരിയാണ്, പിന്തുടരുന്നുണ്ട് എന്നു കണ്ടിട്ടും; അതിനെക്കുറിച്ച് പിന്നീടന്വേഷിക്കാതിരുന്നത് ശരിയായില്ല. പിന്തുടര്‍ന്നവരുടെ കാര്യവും തമാശയാ‍ണ്. മീരയെ പിന്നെ കണ്ടുപിടിക്കുവാന്‍ കഴിഞ്ഞില്ല എന്നതും അത്ഭുതം തന്നെ. അതും പുറത്തൊക്കെ ഇത്രയും കറങ്ങിയടിച്ചു നടന്നിട്ടും.

  @ സന്തോഷ് ബാലകൃഷ്ണന്‍,
  :) നന്ദി.
  പാട്ടുകളൊക്കെ കേള്‍ക്കുവാന്‍ ഇമ്പമുള്ളവ തന്നെ. പക്ഷെ, ചിത്രത്തില്‍ ആവശ്യമുള്ളതായി തോന്നിയില്ല. പിന്നെ, കല്‍ക്കത്തയിലെ എല്ലാ വീഥികളും തിരക്കുള്ളതാണോ, ആ സമയത്ത് അവിടെ തിരക്കുള്ളതായി തോന്നിയില്ല. അതും ശരിതന്നെ, ബ്ലാക്ക് മാജിക്കിനെ ന്യായീകരിച്ചിട്ട് അതിനൊരു തൃപ്തികരമായ വിശദീകരണം നല്‍കുവാന്‍ ശ്രമിച്ചില്ല.

  ‘കല്‍ക്കത്ത ന്യൂസി’നെക്കുറിച്ചുള്ള വിശേഷം പൂര്‍ണ്ണമായില്ല, അല്ലേ? ഏതായാലും മുകളില്‍ വന്ന കമന്റുകള്‍ കുറച്ചു കൂടി പൂര്‍ണ്ണത ഇതിനു തന്നിട്ടുണ്ട്. എല്ലാവര്‍ക്കും നന്ദി. :)
  --

  ReplyDelete
 8. നന്നായിട്ടുണ്ട് ഹരീ... തന്‍‌റ്റെ മിക്ക അഭിപ്രായങ്ങള്‍ തന്നെ ആണെനിക്കും.
  ബംഗാളി ചാനലില്‍ ജോലി നോക്കുന്ന നായകന്‍‌റ്റെ റിപ്പോര്‍ട്ടിംഗ് അവസാന രംഗങ്ങളില്‍ മലയാളത്തിലായിരുന്നോ? എന്തോ എനിക്കോര്‍മ്മയില്ല :-(
  ക്ലൈമാക്സ് രംഗങ്ങളുടെ ചിത്രീകരണവും മറ്റും തിരക്കിട്ട് തീര്‍ത്തതായും തോന്നിയില്ലാട്ടോ. ഇനിയും നീളം കൂടിയിരുന്നെങ്കില്‍ വിരസമായ് മാറിയേനേ എന്നു തോന്നുന്നു.

  സിനിമാക്കാഴ്ചയില്‍ എന്‍‌റ്റെ റിവ്യൂ ഉണ്ട്.

  സസ്നേഹം
  ദൃശ്യന്‍

  ReplyDelete
 9. ദൃശ്യന്റെ നിരൂപണവും വായിച്ചു.

  ആരോ എഴുതിയതുപോലെ ബ്ലെസിയുടെ സിനിമ എന്ന മുന്വിധിയോടെ കാണാതിരുന്നാല്‍ നന്നായിരിക്കുമെന്ന് തോന്നുന്നു.ഒരു പാട്ട് ടിവിയില്‍ കണ്ടു, ഇഷ്ടപ്പെട്ടില്ല.
  ഇതിനിയെന്ന് കാണാന്‍ പറ്റുമോ ആവോ? അത്ര തിടുക്കം തോന്നുന്നുമില്ല:). ഹരീയുടെ നിരൂപണങ്ങള്‍ വായിച്ചിട്ടാണ് സിനിമ കാണണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത്.

  2007 മികച്ച സിനിമ - പകുതിമുക്കാലും സിനിമകള്‍ കണ്ടിട്ടില്ല. ഹരീയുടെ വിശേഷങ്ങള്‍ വായിച്ച ഓര്‍മ്മയ്ക്ക് വേണമെങ്കില്‍ അഭിപ്രായം രേഖപ്പെടുത്താം.

  ReplyDelete
 10. Technially ഈ ചിത്രം മലയാളത്തില്‍ ഒരു വേറിട്ട കാഴ്ചയാണ്. ശരിക്കും ഒരു Hollywood Quality ഫീല്‍ ചെയ്യും. പ്രത്യെകിച്ചും ആദ്യപകുതിയില്‍ ഇന്നസെന്റ് സ്വപ്നം കാണുന്ന രം‌ഗം- ഒരു പക്ഷേ ഇതുവരെ ഒരു ഇന്‍‌ഡ്യന്‍ സിനിമയിലും ഇത്ര മനോഹരമായി ഇതു പോലെയൊരു രം‌ഗം ചിത്രീകരിച്ചിട്ടുണ്ടാവില്ല.

  അതുപോലെ തന്നെ ഗ്രാഫിക്‍സ് നന്നായി ഉപയോഗിച്ചിരിക്കുന്നു. എസ് കുമാറിന്റെ ഛായാഗ്രഹണമാണ് മറ്റൊരു ആകര്‍‌ഷണീയത.

  രണ്ടാം പകുതി വളരെയധികം നമ്മെ ആശ്ചര്യപ്പെടുത്തും.. എങ്ങനെ ആ രം‌ഗങ്ങള്‍ ചിത്രീകരിച്ചു...ആളുകളൊക്കെ അഭിനയിക്കുകയാണെന്ന് വിശ്വസിക്കാന്‍ പറ്റില്ല. എന്റെ അഭിപ്രായത്തില്‍ ബ്ലസ്സിയുടെ സം‌വിധാന മികവിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് കല്‍‌ക്കട്ടാ ന്യൂസ്.


  PS: ബ്ലെസ്സി ഒരേ ഒരു തെറ്റേ ചെയ്തിട്ടുള്ളു.- ഈ ചിത്രം മലയാളത്തില്‍ എടുത്തു. ഇതു ഹിന്ദിയിലോ ഇം‌ഗ്ലീഷിലോ മറ്റോ ആയിരുന്നെങ്കില്‍ നാം എല്ലാം കയ്യടിച്ചേനേ...അദ്ദേഹത്തെ വാനോളം പുകഴ്ത്തിയേനെ.

  ReplyDelete
 11. ഹരീ,

  ഇന്നലെ അവിചാരിതമായി കല്‍ക്കട്ടാ ന്യൂസ് കണ്ടു. എന്റെ ഒരു ഫ്രന്റിന്റെ ബര്‍ത്ത് ഡേ ട്രീറ്റ് ഷാര്‍ജ്ജ കോണ്‍കോഡ് മൂവീസിലും ഇന്റര്‍വെല്‍ ടൈമില്‍ കിട്ടിയ ഒരു പോപ്പ് കോണിലും ഒതുങ്ങി, എങ്കിലും ഹരി എന്തായിരുന്നു ആ പടത്തെക്കുറിച്ച് പറഞ്ഞിരുന്നത് എന്ന് ഒന്നുകൂടി വന്ന് വായിച്ചുനോക്കി.

  ഹരിയുടെ അഭിപ്രായങ്ങളില്‍ മിക്കതിനോടും യോജിക്കുന്നു. ചില ഗാനങ്ങള്‍ ആവശ്യമില്ലായിരുന്നു എന്ന് തോന്നി. ബട്ട് ബംഗാളി ടൈറ്റില്‍ സോങ്ങും പിന്നെ,

  “എങ്ങുനിന്നോവന്ന പഞ്ചവര്‍ണ്ണക്കിളി നീയോ
  എന്നുമെന്റെയെന്നു ചൊല്ലുവാനോഇഷ്ടമേറേ..
  നീയെന്‍ മുളം തണ്ടില്‍ ചുമ്പിച്ചിരുന്നു പണ്ടേ..
  മൌനസ്വരമായ് ജന്മങ്ങളില്‍..
  മോഹം കൈനീട്ടുന്നു വീണ്ടും“

  - എന്ന ഗാനവും എനിക്കിഷ്ടമായി. കേള്‍ക്കാന്‍ സുഖമുണ്ടായിരുന്നു.

  “കണികണ്ടുവോ വസന്തം
  ഇണയാകുമോ സുഗന്ദം
  മെല്ലെ മെല്ലെയിളമ്മെയ്യില്‍ തുളുമ്പിയ നാണം“

  - എന്നു തുടങ്ങുന്ന ഗാനവും ഓകെയാണ് എന്നാണ് എന്റെ അഭിപ്രായം.

  പിന്നെ ഹരി പറഞ്ഞ അവസാനഭാഗത്തെ മലയാളം റിപ്പോര്‍ട്ടിങ്ങ് കണ്ടത് ആ റെഡ് സ്‌ട്രീറ്റില്‍ വച്ച് നായകന്‍ പറയുന്നത് ടെലിക്കാസ്റ്റ് ചെയ്തപ്പഴാണ് എന്നാണ് എന്റെ ഓര്‍മ്മ. അത് ഇങ്ങനെ ചിന്തിച്ചൂടെ? അതായത്, കേരള മുഖ്യമന്ത്രിയോടും ഗവണ്മന്റിനോടും ആണ് ആ റിക്വസ്റ്റ് നായകന്‍ നടത്തിയത്, അതിലൂടെ ബംഗാള്‍ ഗവണ്മന്റിന് പ്രഷര്‍ കൊടുക്കാനായിരുന്നു എന്നൊക്കെ നമുക്ക് ചുമ്മാ അങ്ങ് വിചാരിക്കാം അല്ലേ? ഹി ഹി. മലയാളികള്‍ക്ക് ബംഗാളി അറിയില്ലല്ലോ.... യേത്?

  കുറേ സ്ഥലങ്ങളില്‍ മലയാളം ട്രാന്‍സിലേഷന്‍ ഇല്ല എന്നത് സത്യം തന്നെ. എന്നാലും അത്യാവശ്യ സ്ഥലങ്ങളില്‍ ഉണ്ടായിരുന്നു. ഇവിടെ പിന്നെ, അറബിയില്‍ ട്രാന്‍സിലേഷന്‍ ഉണ്ടായിരുന്നു. പിന്നെ മലയാളവും, (ഇംഗ്ലീഷും കൂടിയുണ്ടായിരുന്നേല്‍ സ്ക്രീന്‍ ഫുള്ളായേനേ..). :-)

  പിന്നെ വല്യ തമാശക്ക് സ്കോപ്പില്ലാത്ത പടമാണെങ്കിലും മീരക്ക് ഇഞ്ചക്ഷന്‍ കൊടുത്ത് അവിടെ തിരുമ്മിക്കൊടുക്കുമ്പോള്‍ ദിലീപ് പറയുന്ന ഡയലോഗ് എന്നെ ചിരിപ്പിച്ചിരുന്നു.

  പിന്നെ, കല്‍ക്കട്ടയില്‍ എത്തിയ ഫീല്‍ ചിത്രത്തില്‍ നിന്ന് എല്ലാവര്‍ക്കും ലഭിക്കും. ബ്ലസ്സിയുടെ ഡയറക്ഷന്‍ ഒക്കെ കിഡിലമാണെങ്കിലും എല്ലാവര്‍ക്കും ഈ ചിത്രം ഇഷടമാകുമൊന്ന് സംശയമുണ്ട്. അതായിരിക്കും, ഇന്റ്‌ര്‍വെല്‍ എന്ന് എഴുതിക്കാണിച്ചപ്പോ എന്റെ അടുത്തിരുന്ന ഒരു മഹാന്‍ “വാ‍ട്ടീസ് ദിസ്?” എന്ന് ചോദിച്ചതും അടുത്തിരുന്ന എല്ലാവരും ചിരിച്ചതും. ഹി ഹി.

  പിന്നെ ഹരീ, മോട്ടറോളയുടെ ഏത് മോഡലാണോവോ ചിത്രത്തില്‍. ഭയങ്കര കപ്പാസിറ്റിയാണല്ലോ? ദിലീപ് എത്ര ജി.ബി യുടെ മെമ്മറികാര്‍ഡാണാവോ ഉപയോഗിക്കുന്നത്. ഹി ഹി..അല്ല, അവസാന ചില രംഗങ്ങള്‍ കണ്ടപ്പോതോന്നിയ ന്യായമായ സംശയങ്ങള്‍ ആണേയ്..

  എന്തായാലും, ചിത്രം എനിക്ക് ഇഷടപ്പെട്ടു. മീര എന്റെ ഫേവ്രേറ്റ് ആയത് കൊണ്ടും നന്നായി അഭിനയിച്ചിരിക്കുന്നതുകൊണ്ടും മാത്രമല്ല ആകെ മൊത്തം ടോട്ടലായി വല്യ തരക്കേടില്ല എന്നു തന്നെയാണ് എന്റെ അഭിപ്രായം ഹരീ.

  -അഭിലാഷ്

  ReplyDelete