പന്ത്രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം, കേരളം (12th International Film Festival of Kerala); ഏഴുമുതല്‍ പതിനാലുവരെ തലസ്ഥാനനഗരിയില്‍ കൊണ്ടാടുന്നു. ചലച്ചിത്ര അക്കാദമി വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പട്ടിക പ്രകാരം വിവിധ വിഭാഗങ്ങളിലായി നൂറ്റിയെഴുപത്തിയഞ്ച് ചിത്രങ്ങളാണ് മേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവയെക്കൂടാതെ ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിലിം, സ്റ്റുഡെന്റ്സ് ഫിലിം എന്നീ വിഭാഗങ്ങളിലായി നാല്പത്തിയൊന്പത് ചിത്രങ്ങളും പ്രദര്‍ശനത്തിനെത്തും. IFFK'06-ലെ കുറ്റവും കുറവുകളും പരിഹരിച്ച് മെച്ചപ്പെട്ട ഒരു ചലച്ചിത്രോത്സവമായിരിക്കുമിതെന്നാണ് ചലച്ചിത്രാസ്വാദകരുടെ പ്രതീക്ഷ. ആസ്വാദകരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരുവാന് മേളയ്ക്ക് കഴിയുമോ എന്നുള്ളത് കണ്ടുതന്നെയറിയണം.
മേളയിലെ മത്സരച്ചിത്രങ്ങള്‍ പരദേശി, നാലു പെണ്ണുങ്ങള് എന്നീ മലയാള ചലച്ചിത്രങ്ങളും, ഒരു ബംഗാളി ചിത്രവുമുള്പ്പടെ പതിനാല് ചലച്ചിത്രങ്ങളാണ് ഈ വര്‍ഷത്തെ ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തില്‍ മാറ്റുരയ്ക്കുന്നത്. മേളയില്‍ അവതരിക്കപ്പെടുന്ന ഒരു ചിത്രത്തെക്കുറിച്ചും വിശദമായ വിവരങ്ങള്‍ മേളയുടെ വെബ് സൈറ്റില്‍ ലഭ്യമല്ല. മത്സരച്ചിത്രങ്ങളെക്കുറിച്ച് നെറ്റില്‍ നിന്നും സമ്പാദിച്ച വിവരങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു.
1. Teeth of Love (Ai Qing de Ya Chi) ചൈനയുടെ 1977 മുതല്‍ 1987 വരെയുള്ള മാറ്റങ്ങള്‍ ക്വിന്‍ യഹോംഗ് എന്ന ബീജിംഗ് പെണ്‍കുട്ടിയുടെ അനുഭവങ്ങളിലൂടെ പറയുകയാണ് ഈ ചിത്രം. യൌവനയുക്തയായ പെണ്കുട്ടിയായിരിക്കുമ്പോഴും, യുവതിയായിരിക്കുമ്പോഴും ഒടുവില്‍ ഒരു സ്ത്രീയായിരിക്കുമ്പോഴും; മൂന്നു പുരുഷന്മാരില് നിന്നും വ്യത്യസ്ത പ്രണയാനുഭവങ്ങളാണ് അവള്‍ക്കുണ്ടായത്, ഓരോന്നും അവളുടെ ശരീരത്തെ മുറിവേല്‍പ്പിക്കുകയും ചെയ്യുന്നു. മുറിവിന്റെ വേദന ആ ബന്ധങ്ങളെക്കുറിച്ച് അവളെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഒടുവില്‍ പ്രണയത്തിന്റെ അന്തഃസത്ത ഇതാണെന്ന് ക്വിന്‍ മനസിലാക്കുന്നു. 114 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഹ്വാംഗ് യക്സിന്‍.
2. Suely in the Sky (Oceu de Suely) ഹെര്മില തന്റെ പുത്രനുമായി സ്വദേശത്തേക്ക് മടങ്ങിയെത്തുന്നു, ഭര്‍ത്താവ് പിന്നാലെയെത്തുമെന്നാണ് അവളുടെ പ്രതീക്ഷ. എന്നാല്‍ വളരെ നാളായിട്ടും ഭര്‍ത്താവ് മടങ്ങിയെത്തുന്നില്ല. പുത്രനെ പോറ്റേണ്ട ചുമതല നിറവേറ്റുവാനായി തന്റെ ശരീരം തന്നെ സമ്മാനമായി പ്രഖ്യാപിച്ച് ‘പറുദീസയിലെ ഒരു ദിവസം’ എന്ന ഒരു മത്സരം പ്രഖ്യാപിക്കുന്നു. കുടുംബത്തില്‍ നിന്നും അകന്നു നില്ക്കുവാന് താത്പര്യപ്പെടുന്ന അവള് സൂലി എന്ന നാമം സ്വീകരിക്കുന്നു. 88 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ബ്രസീലിയന്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കരിം ഐനോസ്.
3. The King of San Gregorio (El Rey de San Gregorio) മാനസികാസ്വാസ്ഥ്യമുള്ള പെഡ്രോയുടേയും കാത്തിയുടേയും പ്രണയത്തിന്റെ കഥയാണിത്. സാന്‍ ഗ്രിഗോറിയോയില് വസിക്കുന്ന പെഡ്രോ മാനസികമായും ശാരീരികമായും തനിക്ക് വരുന്ന അസ്വാസ്ഥ്യങ്ങളെ അതിജീവിക്കുവാന്‍ പാടുപെടുന്നു. കാത്തിയാവട്ടെ മാനസികമായി വളരെ തകര്‍ന്ന അവസ്ഥയിലുള്ളവളും. എന്നാല്‍ പെഡ്രോയ്ക്കവള് രാജകുമാരിയാണ്, അവള്‍ക്കായാണ് അയാളുടെ ഹൃദയം തുടിക്കുന്നത്. 82 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചിലി ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് അല്‍ഫോണ്‍സോ ഗസിടുവ.
4. Turtle Family (Familia Tortuga) ലളിതവും അതേ സമയം വൈകാരികവുമായ ഒരു കുടുംബചിത്രമാണിത്. ഒരു കുടുംബം ഒരു വിശേഷദിനം ആഘോഷിക്കുവാനുള്ള തയ്യാറെടുപ്പുകളിലാണ്. അമ്മയുടെ വീട്ടിലാണ് ആഘോഷങ്ങള്‍. എല്ലാവര്ക്കും പ്രിയങ്കരനായ വലിയമ്മാവന്, മാന്വലാണ് ആഘോഷങ്ങളുടെ ശ്രദ്ധാകേന്ദ്രം. തന്റെ മരുമക്കളെ വളര്‍ത്തുക, യൂണിയന് നേതാവായ അര്‍ദ്ധ-സഹോദരനെ സഹായിക്കുക തുടങ്ങി തന്നാല്‍ കഴിയുന്ന സഹായങ്ങള്‍ കുടുംബത്തിനെന്നും ചെയ്തിട്ടുണ്ട് അദ്ദേഹം. മെക്സിക്കന്‍ ചിത്രമായ ഇതിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് റൂബന്‍ ഇമാസ്, 136 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.
5. The Old Garden (The Orae Doin Jung Won) ഹ്യുന്‍-വൂ എന്ന വിപ്ലവകാരി പര്‍വ്വതനിരകള്‍ക്കിടയിലുള്ള ഒരു ഗ്രാമത്തില്‍ അഭയം തേടുന്നു. അവന് ആശ്രയം നല്കുന്ന യൂന്‍-ഹീയുമായി പ്രണയത്തിലാവുന്നു. അവരിരുവരും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിച്ചുവരുമ്പോഴാണ്, ഹ്യുന്‍-വൂവിന് തന്റെ സഹവിപ്ലവകാരികളെ ഓര്‍മ്മവരുന്നത്. തന്റെ പ്രവര്‍ത്തിയില്‍ കുറ്റബോധം തോന്നുന്ന ഹ്യുന്‍-വൂ യൂന്‍-ഹിയോട് യാത്ര പറഞ്ഞ് സിയോളിലേക്ക് തിരിക്കുന്നു. വഴിക്കുവെച്ച് ഹ്യുന്‍-വൂവിനെ പോലീസ് അറസ്റ്റ് ചെയ്യുന്നു. സൌത്ത് കൊറിയയില്‍ നിന്നുള്ള ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എം സംഗ് സൂ; ചിത്രത്തിന്റെ ദൈര്‍ഘ്യം 112 മിനിറ്റ്.
6. 10+4 (Dah Be Alaveh Chahar) അബ്ബാസ് കിരസോട്ടമി സംവിധാനം ചെയ്ത 10 എന്ന ചിത്രത്തിന്റെ തുടര്‍ച്ചയാണ് ഈ ചിത്രം. ആദ്യ ചിത്രത്തിലെ നായികയെ അവതരിപ്പിച്ച മനിയ അക്ബാറിയാണ് 10+4-ന്റെ സംവിധായിക. 77 മിനിറ്റുണ്ട് ഇറാനില്‍ നിന്നുള്ള ഈ ചിത്രത്തിന്. അക്ബാറി ആദ്യചിത്രത്തിലെന്ന പോലെ ഇതിലും പേരില്ലാത്ത ഒരു കഥാപാത്രമാണ്, കാറോടിച്ചുകൊണ്ട് വിവിധ യാത്രക്കാരുമായി അവര്‍ സംവേദിക്കുന്നു. ഇടയ്ക്ക് ക്യാന്‍സര്‍ ബാധിച്ച് അവശയാവുന്ന അവര്‍ പിന്‍സീറ്റിലേക്ക് മാറുന്നു. സംഭാഷണങ്ങള്‍ തുടരുന്നു.
7. XXY ഒരേസമയം പുരുഷന്റേയും സ്ത്രീയുടേയും ലൈംഗികസ്വഭാവം പ്രകടമാക്കുന്ന അലക്സിന്റെ മാനസികാവസ്ഥ, വ്യക്ത്വിത്വമില്ലായ്മയിലേക്കും മാനസികമായ ഉള്‍വലിയലിലേക്കും നയിക്കുന്നു. അലക്സിയുടെ ഈ വൈകല്യം, മാതാപിതാക്കളെ മറ്റൊരു സ്ഥലത്തേക്ക് മാറിത്താമസിക്കുവാന്‍ നിര്‍ബന്ധിതരാക്കുന്നു. ലൂസിയ പ്യൂന്സോ സംവിധാനം ചെയ്തിരിക്കുന ഈ അര്‍ജന്റീനിയന്‍ ചിത്രത്തിന്റെ ദൈര്‍ഘ്യം 86 മിനിറ്റാണ്.
8. Sleepwalking Land (Terra Sonambula) തൊണ്ണൂറുകളുടെ തുടക്കത്തില്‍, രാജ്യത്തുണ്ടായ സിവില്‍ യുദ്ധത്തിനു ശേഷം, മൌഡിംഗ എന്ന ബാലന്, മാതാപിതാക്കളില്ലാതെ കഴിഞ്ഞുകൂടുവാന്‍ വിഷമിക്കുന്നു. കപ്പലില്‍ തന്റെ നഷ്ടപ്പെട്ട മകനെത്തേടി അലയുന്ന ഒരു സ്ത്രീയെക്കുറിച്ചുള്ള പരാമര്‍ശം അവനൊരു ഡയറിയില്‍ കണ്ടെത്തുന്നു. അത് അവന്റെ അമ്മയാണെന്ന തിരിച്ചറിവില്‍ അവന് അമ്മയെത്തേടിയിറങ്ങുന്നു. താഹിര്‍ എന്ന വൃദ്ധന്; അവന്റെ കഥയെ വിശ്വാസത്തിലെടുത്ത് സഹായം വാഗ്ദാനം ചെയ്യുന്നു. തെരേസ പ്രാട്ട സംവിധാനം ചെയ്തിരിക്കുന്ന ഈ പോര്‍ച്ചുഗീസ് ചിത്രം 121 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ്.
9. Casket for Hire (Ataul for Rent) സംസ്കാരത്തിനായി മൃതദേഹങ്ങളെ ഒരുക്കുന്ന ഒരു ചെറിയ സ്ഥാപനം നടത്തുകയാണ് ഗ്യുഡോ. ശവം സൂക്ഷിക്കുവാനുള്ള പെട്ടി വാടകയ്ക്കു നല്‍കിയും ഗ്യുഡോ സമ്പാദിക്കുന്നു. മൃതദേഹങ്ങള്‍ ലേപനം ചെയ്യുന്നതും ഗ്യുഡോയുടെ തൊഴിലാണ്. ഗ്യൂഡോയുടെ പങ്കാളി, പൈനിംഗ് ജീവിച്ചിരിക്കുന്നവരുടേയും മരിച്ചവരുടേയും മുഖം മിനുക്കുന്നതില്‍ സമര്‍ത്ഥയാണ്. ഇവരിരുവരുടേയും ഉപജീവനം മൃതപ്പെടുന്ന മനുഷ്യരെ ആശ്രയിച്ചാണ്. 134 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഫിലിപ്പീനിയന്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നീല്‍ ബുബോയ് ടാന്‍.
10. Getting Home (Luo Ye Gui Gen) അന്യദേശത്ത് ജോലി ചെയ്യുന്ന ഒരു പാവപ്പെട്ട തൊഴിലാളിയാണ് സാവോ. കൂട്ടത്തില്‍ ജോലി ചെയ്തിരുന്ന, തന്റെ ഉറ്റസുഹൃത്തിന്റെ മൃതദേഹവുമായി ഒരു യാത്രയിലാണയാള്‍. കൂട്ടുകാരന്റെ മൃതദേഹം അര്‍ഹിക്കുന്ന ആദരവോടെ സ്വദേശത്ത് അടക്കം ചെയ്യുക എന്നതാണ് അയാളുടെ ലക്ഷ്യം. വഴിയില്‍ സാവോയ്ക്ക് നേരിടേണ്ടിവരുന്ന പ്രതിബന്ധങ്ങളെ നര്‍മ്മം കലര്‍ത്തി അവതരിപ്പിക്കുകയാണ് സംവിധായകന് ഴാങ്ങ്-യാങ്ങ് ഈ ചൈനീസ് ചിത്രത്തില്‍. 101 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.
11. Bliss (Mutluluk) പതിനേഴുകാരിയായ മരിയത്തെ തടാകക്കരയില്‍ ബോധരഹിതയായി കണ്ടെത്തുന്നു. അവളുടെ പരിശുദ്ധി നഷ്ടപ്പെട്ടുവെന്നു കരുതുന്ന അവളുടെ കുടുംബം, സാമൂഹികാചാര പ്രകാരം അവളെ കൊല്ലുവാന്‍ തീരുമാനിക്കുന്നു. അവളെ കൊല്ലേണ്ട ചുമതല അവളുടെ അടുത്ത സുഹൃത്തായ സിമലിനാണ്. മരിയത്തെ കൊല്ലുവാനായി കൊണ്ടുപോവുന്ന മാര്‍ഗമദ്ധ്യേ അവര്‍ ഇര്ഫാന് കുരുദാല് എന്ന സാമൂഹികശാസ്ത്ര അദ്ധ്യപകനെ കണ്ടുമുട്ടുന്നു. മൂവരുടേയും ജീവിതത്തില്‍ ഈ കൂടിക്കാഴ്ച മാറ്റമുണ്ടാക്കുന്നു. 128 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ടര്‍ക്കിഷ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അബ്ദുള്ള ഒഗുസ്.
12. Lord! Let the Devil Steal my Soul (Probhu Noshto Hoi Jai) അഗ്നിദേവ് ചാറ്റര്‍ജി സംവിധാനം ചെയ്തിരിക്കുന്ന ബംഗാളി ചലച്ചിത്രമാണിത്. 100 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
13. Paradesi ( ) 134 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് പി.ടി. കുഞ്ഞിമുഹമ്മദ്. ചിത്രത്തെക്കുറിച്ച് വിശദമായി ഇവിടെ വായിക്കുക.
14. Four Women (Nalu Pennungal) 105 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് അടൂര്‍ ഗോപാലകൃഷ്ണന്. ചിത്രത്തെക്കുറിച്ച് വിശദമായി ഇവിടെ വായിക്കുക.
മേളയുടെ വെബ്സൈറ്റ് മേളയുടെ നിലവാരം ഒട്ടുംതന്നെ മേളയുടെ ഔദ്യോഗിക വെബ്സൈറ്റിനു നല്കുവാന് സംഘാടകര്‍ ശ്രമിക്കുന്നില്ല എന്നത് ദുഃഖകരമാണ്. മുകളില്‍ നല്‍കിയിരിക്കുന്ന ഔദ്യോഗിക പേജിലെത്തേണ്ടത് http://www.keralafilm.com എന്ന വെബ് സൈറ്റില്‍ നിന്നുമാണ്. ഒരേ സമയം ഇത് ചലച്ചിത്ര അക്കാദമിയുടെ വെബ് സൈറ്റുമാണ്, അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വെബ് സൈറ്റുമാണ്. എന്തുകൊണ്ട് ഫിലിം ഫെസ്റ്റിവലിനുമാത്രമായി(ഓരോ വര്‍ഷവും ഓരോ വെബ് സൈറ്റ് എന്ന രീതിയിലല്ല) ഒരു വെബ് സൈറ്റ് തുടങ്ങുവാന്‍ സംഘാടകര്‍ തയ്യാറാവുന്നില്ല?
ഇപ്പോളുള്ള വെബ് സൈറ്റില്‍ തന്നെ ആവശ്യത്തിനു വിവരങ്ങള്‍ ചേര്‍ക്കപ്പെട്ടിട്ടില്ല. മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചലച്ചിത്രങ്ങളെക്കുറിച്ച് പേരും പ്രാഥമിക വിവരങ്ങളുമല്ലാതെ മറ്റൊന്നും ചലച്ചിത്രമേളയുടെ വെബ് സൈറ്റില്‍ ലഭ്യമല്ല. കുറഞ്ഞപക്ഷം അതെങ്കിലും തെറ്റുകൂടാതെ ചേര്ത്തിരുന്നെങ്കില്! ചിത്രങ്ങളുടെ പട്ടികയില്‍ മൂന്നിടത്ത് ക്രമനമ്പര്‍ നല്കിയിരിക്കുന്നതുപോലും ശരിയായല്ല, മറ്റു വിവരങ്ങളുടെ വിശ്വാസ്യത അപ്പോളെന്തായിരിക്കും? അന്താരാഷ്ട്ര ചലച്ചിത്രോത്സവം എന്നു പേരു നല്കിയാല് എല്ലാമായില്ല, അതിനോടനുബന്ധിച്ച എല്ലാ കാര്യങ്ങളിലും അന്താരാഷ്ട്ര നിലവാരം പുലര്‍ത്താനും കഴിയണം. ലോകത്ത് അവതരിക്കപ്പെടുന്ന മറ്റ് ചലച്ചിത്രോത്സവങ്ങളുടെ ഔദ്യോഗിക വെബ് സൈറ്റുകളിലൂടെ ഒന്നു കണ്ണോടിക്കുന്നത് നന്നായിരിക്കുമെന്നു തോന്നുന്നു. • Festival de Cannes • Dubai International Film Festival • Edinburgh International Film Festival • Toronto International Film Festival • Seattle International Film Festival • International Film Festival of India
ഈ വെബ്സൈറ്റുകളില്‍ പലതിലും ലഭ്യമായിട്ടുള്ളതു പോലെ, സിനിമാസ്വാദകര്‍ക്ക് ഒരു ചര്ച്ചാവേദിയൊന്നും തുറന്നു തന്നില്ലെങ്കിലും; പ്രാഥാമിക വിവരങ്ങള്‍, ഷെഡ്യൂള്‍, അവതരിക്കപ്പെടുന്ന സിനിമകള്‍, അവയുടെ സംക്ഷിപ്തം തുടങ്ങി ഒരു ചലച്ചിത്രമേളയുടെ വെബ് സൈറ്റിലെത്തുന്ന ഒരു പ്രേക്ഷകന് പ്രതീക്ഷിക്കുന്ന മിനിമം വിവരങ്ങളെങ്കിലും നല്കുവാന് സംഘാടകര്‍ അടുത്ത വര്‍ഷമെങ്കിലും ശ്രമിക്കേണ്ടതാണ്. നല്കുന്ന വിവരങ്ങള്‍ ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാക്കുന്നതും നന്നായിരിക്കും. ഒരോ വര്‍ഷത്തെയും മേളയില്‍ ഉള്‍പ്പെടുത്തുന്ന സിനിമകള്‍ മാത്രമല്ല, ലോകത്തിറങ്ങുന്ന നല്ല സിനിമകളുടെയൊക്കെയൊരു ഡാറ്റബേസ് ഉണ്ടാക്കിയാല്‍ അത് വളരെ പ്രയോജനപ്രദമായിരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
Keywords: International Film Festival of Kerala 2007, IFFK, IFFK'07, 12th IFFK, Keralam, Thiruvananthapuram, Trivandrum, Kerala, Competition Section, Screening, Films, Film List, Movies, Article. --
കേരളത്തിന്റെ പന്ത്രണ്ടാമത് ചലച്ചിത്രോത്സവത്തിന് കൊടിയേറുവാന്‍ ഇനി ഒരാഴ്ചമാത്രം. മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന മത്സരവിഭാഗത്തിലെ ചിത്രങ്ങളെ പരിചയപ്പെടുത്തുകയാണ് ഈ പോസ്റ്റിന്റെ ലക്ഷ്യം. ചലച്ചിത്ര അക്കാദമി മേളയുടെ ഔദ്യോഗിക വെബ് സൈറ്റില്‍ ഇത്രയുമെങ്കിലും ചെയ്തിരുന്നെങ്കിലെന്ന് ആശിച്ചു പോവുന്നു.
ഈ ചിത്രങ്ങളൊന്നും ഞാന്‍ കണ്ടവയല്ല. പല വെബ് സൈറ്റുകള്‍ റഫര്‍ ചെയ്തെഴുതിയതാണ് ഇവയൊക്കെയും. തെറ്റുകുറ്റങ്ങള്‍ ക്ഷമിക്കുക. ഉച്ചാരണപ്പിശകുകളും, പരിഭാഷയിലെ ന്യൂനതകളും തീര്‍ച്ചയായും ഉണ്ടായിരിക്കും. ഈ ചിത്രങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാവുന്നവര്‍ പറഞ്ഞു തന്നാല്‍ ഉപകാരം. :) --
കേരളത്തിന്റെ പന്ത്രണ്ടാമത് ചലച്ചിത്രോത്സവത്തിന് കൊടിയേറുവാന്‍ ഇനി ഒരാഴ്ചമാത്രം. മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന മത്സരവിഭാഗത്തിലെ ചിത്രങ്ങളെ പരിചയപ്പെടുത്തുകയാണ് ഈ പോസ്റ്റിന്റെ ലക്ഷ്യം. ചലച്ചിത്ര അക്കാദമി മേളയുടെ ഔദ്യോഗിക വെബ് സൈറ്റില്‍ ഇത്രയുമെങ്കിലും ചെയ്തിരുന്നെങ്കിലെന്ന് ആശിച്ചു പോവുന്നു.
ReplyDeleteഈ ചിത്രങ്ങളൊന്നും ഞാന്‍ കണ്ടവയല്ല. പല വെബ് സൈറ്റുകള്‍ റഫര്‍ ചെയ്തെഴുതിയതാണ് ഇവയൊക്കെയും. തെറ്റുകുറ്റങ്ങള്‍ ക്ഷമിക്കുക. ഉച്ചാരണപ്പിശകുകളും, പരിഭാഷയിലെ ന്യൂനതകളും തീര്‍ച്ചയായും ഉണ്ടായിരിക്കും. ഈ ചിത്രങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാവുന്നവര്‍ പറഞ്ഞു തന്നാല്‍ ഉപകാരം. :)
--
Thanks haree
ReplyDeleteആസ്വാദകരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരുവാന് മേളയ്ക്ക് കഴിയുമോ എന്നുള്ളത് കണ്ടുതന്നെയറിയണം..അപ്പോള്‍ ഹരി കാണാന്‍ പോകുന്നുണ്ട്.ആശംസകള്‍!ഹരിയുടെ പ്രതീക്ഷകള്‍ക്കൊത്തുയരാന്‍ മേളക്കു കഴിയട്ടെ.വിശദമായ പോസ്റ്റ് പിന്നാലെ വരുമല്ലൊ അല്ലേ?
ReplyDelete