
മേളയിലെ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച സിനിമകളെക്കുറിച്ച് കഴിഞ്ഞ ഭാഗത്തില്‍ പറഞ്ഞുവല്ലോ. മേളയിലെ ലോകസിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച സിനിമകളെക്കുറിച്ചുള്ള ചില നിരീക്ഷണങ്ങളാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍ മേളകളില്‍ പ്രദര്‍ശിക്കപ്പെട്ട; ‘ഓള്‍ഗ’പോലെയോ, ‘ഗുഡ്ബൈ ലെനിന്’പോലെയോ, ‘സ്പ്രിംഗ്, സമ്മര്‍, ആട്ടം, വിന്റര്‍ ആന്‍ഡ് സ്പ്രിംഗ്’, ‘ദി വയലിന്’പോലെയോ മനസില്‍ തങ്ങി നില്ക്കുന്ന ചിത്രങ്ങളൊന്നും തന്നെ ഈ മേളയില്‍ പ്രദര്ശിക്കപ്പെട്ടില്ലെങ്കിലും; വേറിട്ടു നില്ക്കുന്ന ഒരുപിടി ചിത്രങ്ങള്‍ ഈ മേളയുടേയും ജീവനായി ഉണ്ടായിരുന്നു.
ലോകസിനിമ
കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പുരസ്കാരം നേടിയ റൊമേനിയന്‍ ചലച്ചിത്രമായ ‘4 മന്ത്സ്, 3 വീക്ക്സ് ആന്‍ഡ് 2 ഡേയ്സ്’ ആയിരുന്നു ഈ വിഭാഗത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ചിത്രം. ക്രിസ്റ്റ്യന്‍ മുംഗ്യുവാണ് ഇതിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. 1987 കാലഘട്ടത്തിലെ കമ്മ്യൂണിസ്റ്റ് റൊമേനിയയിലാണ് കഥ നടക്കുന്നത്. ഉറ്റസുഹൃത്തുക്കളായ രണ്ട് പെണ്‍കുട്ടികള്‍, അവരൊരുമിച്ചാണ് പഠിക്കുന്നതും ഹോസ്റ്റലില്‍ കഴിയുന്നതും. അവരിലൊരാള്‍ പ്രതീക്ഷിക്കാതെ ഗര്‍ഭിണിയാവുന്നു. നിയമാനുസൃതമായി ഗര്‍ഭഛിദ്രം നടത്താവുന്ന അവസ്ഥ പിന്നിടുകയും ചെയ്തു കഴിഞ്ഞു. കൂട്ടുകാരിയെ സഹായിക്കുവാന്‍ ശ്രമിക്കുകയാണ് ഒട്ടീലിയ എന്നു പേരുള്ള രണ്ടാമത്തെയാള്‍. ഗര്‍ഭഛിദ്രം നടത്തുവാനെത്തുന്നയാള് പ്രതിഫലമായി ആവശ്യപ്പെടുന്നത് അവരുടെ ശരീരമാണ്.

മേളയിലധികമൊന്നും ശ്രദ്ധനേടിയില്ലെങ്കിലും, വളരെ നല്ല ചിത്രമായി തോന്നിയ ഒന്നായിരുന്നു പോളണ്ടില്‍ നിന്നുള്ള ‘ബിക്കോസ് ഓഫ് ലവ്’. റയില്‍വേ സ്റ്റേഷനില്‍ ഗിറ്റാര്‍ വായിച്ചു തുടങ്ങി, അറിയപ്പെടുന്ന ഒരു സംഗീതജ്ഞനായി മാറിയ ഒരാള്‍, താന്റെ ആദ്യകാലാവസ്ഥയ്ക്കു സമാനമായി റയില്‍വേ സ്റ്റേഷനില്‍ കഴിയുന്ന ഒരു പെണ്‍കുട്ടിയെ കണ്ടുമുട്ടുന്നു. അവര്‍ തമ്മില്‍ പ്രണയമുണ്ട്, പക്ഷെ അവര്‍ പ്രണയിക്കുന്നത് വ്യത്യസ്തമായൊരു രീതിയിലാണ്. ആത്മീയതയിലേക്ക് ഒളിച്ചോടുവാന് അയാള്‍ ശ്രമിക്കുമ്പോള്‍, പെണ്‍കുട്ടി യേശുവെന്നാല്‍ അയാളായിക്കണ്ട്, യേശുവിന്റെ മണവാട്ടിയാകുവാന്‍ യത്നിക്കുകയാണ്. ഒടുവില്‍ ഒരുവര്‍ഷത്തിനു ശേഷം തന്റെയടുത്തെത്താമെന്നു പറയുന്ന അവളെയും കാത്ത് അയാളിരിക്കുന്നു. സിനിമയുടെ ചിത്രീകരണവും, പിന്നണിയില്‍ വിദഗ്ദ്ധമായി ഇടചേര്ത്തിരിക്കുന്ന മന്ത്രധ്വനികളും പ്രേക്ഷകനെ ആത്മീയതയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോവുന്നു. ആത്മീയമായ പ്രണയത്തിലേക്ക്, നായികയുടെ ലൌകികപ്രണയം കടന്നു കയറുകയാണ്. ഇവതമ്മിലുള്ള അന്തരം ഒരേ സമയം നേര്‍ത്തതും, വളരെ അകലമുള്ളതുമാണെന്ന് പ്രേക്ഷകനെ മനസിലാക്കുന്നതില്‍ ചിത്രം വിജയിച്ചിരിക്കുന്നു.


കിം കി ഡുക് ചിത്രങ്ങളുടെ ഒരു പ്രധാന ആകര്‍ഷണീയതയാണ്, ചിത്രങ്ങളിലൂടെ അദ്ദേഹം പറയാതെ പറയുന്ന കാര്യങ്ങള്‍, അവ സ്വാഭാവികമായിത്തന്നെ ഉരുത്തിരിയാറുമുണ്ട്. എന്നാല്‍ ‘ടൈ’മില്‍ ആ സ്വാഭാവികത നഷ്ടപ്പെട്ടതുപോലെ തോന്നി. ചിത്രത്തിന്റെ ഒരു ഘട്ടം കഴിഞ്ഞാല്‍, തനിക്കു പറയുവാനുള്ള കാര്യങ്ങള്‍ തിരുകിക്കയറ്റുവാനായി കഥയില്‍ അനാവശ്യ തിരിവുകള്‍ കൊണ്ടുവന്നതായും അനുഭവപ്പെട്ടു. എന്നാല്‍ കിം കി ഡുക്ക് ചിത്രങ്ങളുടെ മറ്റു സവിശേഷതകള്‍ ‘ടൈ’മിലും കൈമോശം വന്നിട്ടില്ല. കാമുകീകാമുകന്മാര് സ്ഥിരമായി എത്തുന്ന ദ്വീപിലെ ബിബങ്ങളെയും മറ്റും എത്ര വിദഗ്ദ്ധമായാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്! മൊത്തത്തില്‍ നോക്കുമ്പോള്‍ കിം കി ഡുക്കിന്റെ കഴിഞ്ഞ ചിത്രങ്ങള്‍ കണ്ടിട്ടുള്ള ഒരു പ്രേക്ഷകന്റെ പ്രതീക്ഷകളെ തൃപ്തിപ്പെടുത്തുവാന്‍ ‘ടൈമി’ന് കഴിയുമെന്നു തോന്നുന്നില്ല.
ഇറാനിയന്‍ ചിത്രമായ ‘അണ്‍ഫിനിഷ്ഡ് സ്റ്റോറീസ്’, ബള്‍ഗേറിയയില്‍ നിന്നുമുള്ള ‘മങ്കീസ് ഇന്‍ വിന്റര്‍’, ചൈനീസ് ചിത്രമായ ‘ലോസ്റ്റ് ഇന്‍ ബീജിംഗ്’, റഷ്യയില്‍ നിന്നുമുള്ള ‘അലക്സാണ്ട്ര’ എന്നീ ചിത്രങ്ങള്‍ ശരാശരി നിലവാരം പുലര്‍ത്തിയവയാണ്. കൂടുതല്‍ നന്നാക്കുവാന്‍ സാധ്യതയുണ്ടായിരുന്നതായി തോന്നി ഇവയെല്ലാം. അര്ജന്റീനിയയില് നിന്നുമുള്ള ‘ദി റിന്‍ഡ്’, ‘ഫോറിനര്‍’ തുടങ്ങിയ ചിത്രങ്ങള്‍ വളരെ നിരാശപ്പെടുത്തിയവയുടെ കൂട്ടത്തില്‍ പെടുന്നു. മേളയില്‍ ലോകസിനിമാവിഭാഗത്തില്‍ എനിക്ക് കാണുവാന്‍ സാധിക്കാഞ്ഞവയില്, നന്നെന്നു പറഞ്ഞുകേട്ട ചിത്രങ്ങളാണ് ‘മി മൈസെല്‍ഫ്’, ‘ബ്ലൈന്‍ഡ്’ തുടങ്ങിയവ. റിട്രോസ്പെക്ടീവുകള്‍, ഷോര്‍ട്ട് ഫിലിമുകള്‍, ഹോമേജുകള്‍, ഇന്‍ഡ്യന്‍ സിനിമ ടുഡേ എന്നീ വിഭാഗങ്ങളില്‍ പ്രദര്‍ശിക്കപ്പെട്ട ചിത്രങ്ങളെക്കുറിച്ച് അടുത്ത ഭാഗത്തില്‍.
Keywords: 12th International Film Festival of Kerala, IFFK 2007, IFFK'07, Thiruvananthapuram, Trivandrum, Keralam, December, Films Screened, 4 Months 3 Weeks and 2 Days, Pans Labyrinth, Because of Love, Kim Ki Duk, Time, World Cinema, Unfinished Stories, Monkeys in Winter, Lost in Beijing, Alexandra, The Rind, Foreigner, Me Myself, Blind.
--
ഈ ഭാഗത്തില്‍ തീര്‍ക്കണമെന്നു കരുതിയതാണ്, പക്ഷെ നടന്നില്ല. അതുകൊണ്ട് അടുത്ത ഒരു ഭാഗം കൂടി സഹിക്കണം. :)
ReplyDeleteപന്ത്രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍, ലോകസിനിമ വിഭാഗത്തില്‍ പ്രദര്‍ശിക്കപ്പെട്ട സിനിമകളുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
--
ശ്ശോാ! തിരുവനന്തപുരത്തെങ്ങാനും ഒരു ജോലി കിട്ടിയിരുന്നേല്‍ 3-4 ഫെസ്റ്റിവല്‍ ചിത്രങ്ങളെങ്കിലും കാണാമായിരുന്നു.. ഇതിപ്പോ, ഇതിന്റെയൊന്നും ഡീവിഡി പോലും സാധാരണ ഷോപ്പുകളില്‍ കാണില്ല! പിന്നെങ്ങനെ കാണും?? :( തല്ക്കാലം ചിത്രവിശേഷം തന്നെ ശരണം.. :)
ReplyDeleteറോമിയോ കണ്ട് കാശുകളയണ്ട എന്ന വക്രബുദ്ധിയുടെ കമന്റും കണ്ടേ.. രാജസേനന്റെ നിലവാരം താഴോട്ട് തന്നെ.. :)
ഹരി മാഷെ .." ബിക്കോസ് ഓഫ് ലവ്’" ഞാന്‍ കണ്ടില്ല . ടൈം ഇനെ പറ്റി പറഞ്ഞതിനോട് ഞാന്‍ പൂര്‍ണമായി യോജിക്കുന്നു . പാന്‍സ് ലാബിറിന്ത് എനിക്ക് ഏറ്റവും ഇഷ്ടപെട്ട ചിത്രങ്ങളില്‍ ഒന്നു ആണ് .
ReplyDeleteപിന്നെ നന്ദന് ജി .. ഇതിന്റെ ഒക്കെ DVD കിട്ടും .
ചെന്നൈ ബര്‍മ ബസാര്‍
തിരുവനന്തപുരം ബിമ പള്ളി
പോണ്ടിച്ചേരി
ഒക്കെ പോയാല്‍ മതി
റോമിയോയെ പറ്റി ഇന്ദുലേഖയില്‍ എഴുതിയതു വായിച്ചു. പൊള്ളയായ സിനിമ എന്ന് പറയുന്നുണ്ട്. പക്ഷേ അധികമായാല്‍ അമൃതും വിഷം എന്നു പറയുന്നതുപോലെ ഇതിലെ വളിപ്പ് സഹിക്കാവുന്നതിനപ്പുറമാണ്....
ReplyDeleteപിന്നെ നന്ദാ, ഫിലിം ഫെസ്റ്റിവല്‍ ഉള്‍പ്പെടെ തിരുവനന്തപുരം നല്കുന്ന സാംസ്കാരികാന്തരീക്ഷം വളരെ വലുതാണ്. അതില്‍ ഭ്രാന്തു പിടിച്ചാണ് ഞാന്‍ ഇടുക്കിയില്‍ നിന്നു നല്ലൊരു ജോലി കളഞ്ഞ് തിരുവനന്തപുരത്തെത്തിയത്. വരുമാനത്തില്‍ നേര്‍പകുതിയാണു കുറവുവന്നത്. ഇപ്പോള്‍ പണമില്ലാതെ ബുദ്ധിമുട്ടുമ്പോള്‍ ആശ്വാസം ഇത്തരം പരിപാടികളൊക്കെത്തന്നെ. ചലച്ചിത്രമേളക്കു ഡ്യൂട്ടി കിട്ടിയതിനാലാണ് എനിക്ക് കുറച്ചധികം പടങ്ങള്‍ കാണാന്‍ പറ്റിയത്.
ടൈം, പാന്‍സ് ലാബറിന്ത് എന്നിവയെപ്പറ്റി ഹരി എഴുതിയതിനോട് എനിക്കു യോജിപ്പാണ്. ടൈമിനെപ്പറ്റി ഇതേ അഭിപ്രായം ഞാന്‍ കേരള കൗമുദിയുടെ ക്യാപ്പിറ്റല്‍ ലൈഫില്‍ എഴുതിയിരുന്നു. മങ്കീസ് ഇന്‍ വിന്റര്‍ മറ്റു പല സിനിമകളേയും അപേക്ഷിച്ച് നല്ലതായിരുന്നു. ലോക സിനിമാ വിഭാഗത്തില്‍ ഉണ്ടായിരുന്ന കഴ്സ് ഓഫ് ഗോള്‍ഡന്‍ ഫ്ളവര്‍ നല്ല സിനിമയായിരുന്നെന്നു കണ്ടവര്‍ പറയുന്നു. സുജിത് കണ്ടിരുന്നു, അഭിപ്രായം വരുമെന്നു കരുതാം.
മീ മൈസെല്‍ഫ് മേളയില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പടമാണ്. പോങ്പട് വാചിറബുഞ്ചോംഗ് സംവിധാനം ചെയ്ത തായ്ലന്ഡില് നിന്നുള്ള ഈ സിനിമ സ്നേഹത്തിന്റെ മാസ്മരികതയെപ്പറ്റിയാണു പറയുന്നത്. അപ്രതീക്ഷിത സാഹചര്യത്തില്‍ കാമുകനാല്‍ ഉപേക്ഷിക്കപ്പെട്ടവളാണ് ഇതിലെ നായിക ഊം. അവളുടെ വാഹനം ഒരാളെ ഇടിച്ചു തെറിപ്പിക്കുന്നിടത്താണ് കഥയുടെ തുടക്കം. അപകടത്തില്‍ പരുക്കേറ്റ അയാളെ ഊം വീട്ടിലേക്കു കൊണ്ടുപോകുന്നു. ഒപ്പമുള്ള അനന്തരവന്റെ നിര്‍ബന്ധമാണ് ഇഷ്ടമില്ലാതിരുന്നിട്ടും അതിന് അവളെ പ്രേരിപ്പിക്കുന്നത്. യുവാവിന്റെ കഴുത്തിലെ ചരടില്‍ തൂക്കിയിട്ടിരിക്കുന്ന അക്ഷരങ്ങലില് നിന്ന് അയാളുടെ പേര് ടാന്‍ എന്നാണെന്ന് ഊം മനസ്സിലാക്കുന്നു. അപകടത്തിന്റെ ആഘാതത്തില്‍ ഓര്മ നഷ്ടപ്പെട്ട വ്യക്തിയാണ് ടാന്‍. ഇതറിയാതെ സാഹചര്യങ്ങള്‍ ഇരുവരേയും അടുപ്പിക്കുകയാണ്.
ഏറെ രസകരവും നര്‍മം കലര്‍ത്തിയുമാണ് ഈ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. ഒരുദാഹരണം പറയാം. ഇരുവരും ചേര്‍ന്ന് ഒരു പാര്‍ട്ടിയില്‍ വച്ച് നന്നായി മദ്യപിക്കുന്നു. തമ്മില്‍ വഴക്കിടാതിരിക്കുന്ന ആദ്യ മുഹൂര്‍ത്തവും അതാണ്. പരസ്പര സഹായത്തോടെ ആടിയാടി വീട്ടിലെത്തുമ്പോഴാണ് അവരിലെ സ്ത്രീയും പുരുഷനും ഉണരുന്നത്. കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്നിട്ട് ടാന്‍ ഊമിന് ഒരു ചുംബനം നല്കി. അടുത്തത് ഊമിന്റെ ഊഴമാണ്. പ്രേക്ഷകന് മുള്‍മുനയില്‍ നില്ക്കുന്ന മുഹൂര്‍ത്തം. ഊമിന്റെ ചുംബനത്തിന്റെ ചൂട് എന്തായിരിക്കുമെന്നു നമുക്ക് ഊഹിച്ചറിയാം. ഊമിന്റെ കണ്ണുകള്‍, മുഖം ഒക്കെ അതു വിളിച്ചോതുന്നു. പെട്ടെന്ന് ടാനിന്റെ മുഖത്തേക്ക് ഊം സ്നേഹം വിക്ഷേപിക്കുന്നു, ചുംബനമായിട്ടല്ല, ഒന്നാന്തരമൊരു വാള്! തിയേറ്റര്‍ തലകുത്തി ചിരിച്ചു മറിഞ്ഞ രംഗമായിരുന്നു അത്.
അങ്ങിനെ അവര്‍ പ്രണയിക്കുന്നു. തീഷ്ണമായ പ്രണയമുഹൂര്ത്തങ്ങള് പിന്നെ നിരവധിയുണ്ട്. അപ്രതീക്ഷിതമായ ഒരു മുഹൂര്‍ത്തത്തില്‍ ടാനിന് ഓര്മ തിരിച്ചുകിട്ടുകയാണ്. ഒരു പഞ്ചനക്ഷത്ര ഹോട്ടലിലെ ഡിസ്കോത്തേക്കില് പെണ്‍വേഷം കെട്ടിയാടുകയായിരുന്നു ടാന്യ എന്നു പേരുള്ള അയാളുടെ തൊഴില്‍. (അപകടത്തില്‍ ലോക്കറ്റിലെ അവസാനത്തെ രണ്ട് അക്ഷരങ്ങള്‍- ya -നഷ്ടപ്പെട്ടതാണ് അയാളുടെ പേര് ടാന്‍ എന്നാണെന്നു തെറ്റിദ്ധരിക്കാന്‍ ഇടയായത്.
പെണ്‍വേഷം കെട്ടിയാടിയിരുന്നു എന്നു മാത്രമല്ല കുട്ടികളുള്ള ഒരാളിന്റെ കമിതാവുകൂടിയായിരുന്നു ടാന്യ. തനി സ്വവര്ഗരതിക്കാരന്. (ദിലീപിന്റെ രാധാകൃഷ്ണന് ടാന്യക്കു മുന്നില്‍ തലയില്‍ മുണ്ടിട്ടു നില്ക്കേണ്ടിവരും.) ഓര്മ തിരിച്ചു കിട്ടുമ്പോള്‍ ഈ രണ്ടു ജീവിതത്തിനുമിടയില്പെട്ട് ടാന്യ വീര്‍പ്പു മുട്ടുകയാണ്. ഏതു സ്വീകരിക്കണമെന്നറിയാത്ത വല്ലാത്ത പ്രതിസന്ധി. ഒടുവില്‍ അയാള്‍ ഊമിനെ തേടിയെത്തുമ്പോള്‍ മാത്രമാണ് നമുക്കു ശ്വാസം നേരേ വീഴുക.
പദ്മരാജന്റെ 'ഇന്നലെ' ഓര്‍മിക്കുന്നുവെങ്കില്‍ ക്ഷമിക്കുക. വളരെ മികച്ച അനുഭവമായിരുന്ന ആ സിനിമയേക്കാള്‍ എല്ലാക്കാര്യത്തിലും എത്രയോ മടങ്ങ് മനോഹരമാണ് ഈ സിനിമ. എടുത്തു പറയേണ്ട മറ്റൊരു കാര്യം അഭിനേതാക്കളെപ്പറ്റിയാണ്. ഡ്യുവല്‍ പേഴ്സണാലിറ്റി എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന അവസ്ഥയെ മികവുറ്റതാക്കി ടാന്യയെ അവതരിപ്പിച്ച ആനന്ദ എവറിങ്ഹാം. ഷട്ടര്‍ എന്ന സിനിമയിലൂടെ പ്രശസ്തനായ ഈ നടന് ഞാന്‍ എന്റെ ഓസ്കര് നല്കുന്നു. പുതുമുഖമെന്നു തോന്നിക്കാത്ത രീതിയിലാണ് ചയാനന് മനോമൈസാന്റിഫബ് ഊമിനെ അഭിനയിച്ചു ഫലിപ്പിച്ചിരിക്കുന്നത്.
നവരുചിയന്‍ ഈ ചിത്രം കണ്ടിരുന്നോ?
ഹരിയുടെ ബ്ളോഗില്‍ കയറി സിനിമാനിരൂപണം കാച്ചുന്നത് കൊല്ലക്കുടിയില്‍ സൂചി വില്ക്കുന്നതിനു തുല്യമാണെന്നറിയാം. പക്ഷേ ഈ സൂചി ഹരി കണ്ടിട്ടില്ലാത്തതിനാലാണ് സാഹസം ചെയ്തത്, ക്ഷമിക്കുക.
why not u tell about buddha collapsed out of shame? kandille?
ReplyDelete@ നന്ദന്,
ReplyDeleteഒന്നുകില്‍ തിരു.പുരത്തെത്തുക, അല്ലെങ്കില്‍ നവരുചിയന്‍ പറഞ്ഞയിടങ്ങളില്‍ ഡി.വി.ഡി. തപ്പുക. :) പിന്നെ, വക്രബുദ്ധി പറഞ്ഞതുപോലെ തിരു.പുരത്തെ സാംസ്കാരികാന്തരീക്ഷം, അതുവളരെ ആകര്‍ഷകമാണ്. ഒരിക്കല്‍ ഇവിടെ എത്തിപ്പെട്ടാല്‍, ഈ രീതിയില്‍ അഭിരുചിയുള്ളവര്ക്കാര്ക്കും, വിട്ടുപോകുവാന്‍ മനസുവരില്ല.
@ നവരുചിയന്‍,
അവിടെയൊക്കെ കിട്ടുമോ? ഒന്നു പോയി നോക്കണമല്ലോ അപ്പോള്‍. പൈറേറ്റഡ് ആണെങ്കിലും നിലവാരമുള്ളവയാണോ കിട്ടുക? പലപ്പോഴും തിയ്യേറ്റര്‍ പ്രിന്റുകള്‍ വരെ ഡി.വി.ഡി.യിലായി വരാറുണ്ട്.
@ വക്രബുദ്ധി,
പക്ഷെ, റോമിയോയ്ക്ക് റേറ്റിംഗ് നല്‍കിയിരിക്കുന്നത് 5/10 ആണ്. അത്രയുമൊക്കെ കൊടുക്കുവാനുണ്ടെന്ന് റിവ്യൂ വായിച്ചാല്‍ തോന്നുകയുമില്ല. ‘മി മൈസെല്ഫി’നെക്കുറിച്ചെഴുതി എന്റെ നഷ്ടബോധം വലുതാക്കുകയാണല്ലേ? :) വിദേശസിനിമകളിലെ അഭിനേതാക്കളുടെ അഭിനയം, സിനിമ നല്ലതായാലും ചീത്തയായാലും, ഒരു ശരാശരി നിലവാരം എപ്പോഴും ഉണ്ടാവാറുണ്ട്. അഭിനയം മോശമായി എന്നൊരു തോന്നല്‍ ഒരു അഭിനേതാവും ഉണ്ടാക്കാറില്ല.
ഹരിയുടെ ബ്ളോഗില്‍ കയറി സിനിമാനിരൂപണം കാച്ചുന്നത് കൊല്ലക്കുടിയില്‍ സൂചി വില്ക്കുന്നതിനു തുല്യമാണെന്നറിയാം. പക്ഷേ ഈ സൂചി ഹരി കണ്ടിട്ടില്ലാത്തതിനാലാണ് സാഹസം ചെയ്തത്, ക്ഷമിക്കുക. - ഇങ്ങിനെ എഴുതിയതിന് ഒരു വലിയ പരിഭവം. :(
ലജ്ജയാലുടഞ്ഞ ബുദ്ധനെക്കുറിച്ച് ആദ്യ പോസ്റ്റില്‍ എഴുതിയിരുന്നല്ലോ!
--
മാഷെ , മി മൈസെല്‍ഫ് ..എനിക്കും കാണാന്‍ പറ്റിയില്ല . എന്ത് പറയാന്‍ ..വിധി ...
ReplyDeleteപിന്നെ കഴ്സ് ഓഫ് ഗോള്‍ഡന്‍ ഫ്ളവര്‍ കണ്ടിരുന്നു . ഒരു നല്ല സിനിമ എന്ന് തോന്നിയില്ല . art direction , make-up ഒരുപാടു importance കൊടുത്തു എന്ന് തോന്നി .
പിന്നെ ഹരി അവിടെ ഒക്കെ കിട്ടും . നല്ല പ്രിന്റുകള്‍ .
എന്റെ കൈയില്‍ കുറെ ഉണ്ട് .ഏകദേശം 300 ചിത്രങ്ങള്‍
kim ki dukintae 5ചിത്രങ്ങളും
നല്ല പ്രിന്റുകള്‍
തിരുവനന്തപുരം ബിമ പള്ളി യില്‍ പുതിയ ചിത്രങ്ങള്‍ കിട്ടും .
കഴ്സ് ഓഫ് ഗോള്‍ഡന്‍ ഫ്ളവര്‍ ഞാന്‍ ഡൌണ്‍ലോഡ് ചെയ്തു .
ചെന്നൈ ബര്‍മ ബസാറില്‍ പോയാല്‍ പഴയ ക്ലാസ്സിക് ഫിലിംസ് മിക്കതും കിട്ടും .
അവിടെ ചെന്നു ഈ നമ്പറില്‍ വിളിച്ചാല്‍ മതി
M.Ameer - 09841840007
shop name -cinema paradiso
no.F-21,burma bazar,rajaji salai
opp.SBI Main Branch
Chennai
ബീമ പള്ളിയില്‍ നല്ല പ്രിന്റ് കിട്ടും.ഞാനും വാങ്ങിയിട്ടുണ്ട് കുറെ.ഈ മേളയില്‍ കാണിച്ച ഗെറ്റിങ്ങ് ഹോം,ബ്ലിസ്സ്,ഓള്‍ഡ് ഗാര്ഡന് എന്നിവ ഉടന്‍ വരുമെന്നു കേട്ടു.
ReplyDeleteഹരീ മി മൈസെല്‍ഫ് നഷ്ടപ്പെടുത്തിയത് കഷ്ടമായി.
പിന്നെ നവരുചിയന്‍,ഗ്ലൂമി സണ്‍ഡേ ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കുമോ?
ഇവിടെ ഡി.വി.ഡി കിട്ടാനില്ല.
വിവരണങ്ങള്‍ക്കു നന്ദി ഹരി.പണ്ട് മാതൃഭൂമി വാരിക കയ്യില്‍ക്കിട്ടുമ്പോള്‍ ആദ്യം വായിക്കുക കോഴിക്കോടന്റെ സിനിമാ നിരൂപണമായിരുന്നു.ഇപ്പോള്‍ ബ്ലോഗുകള്‍ വായിക്കാനിറങ്ങുമ്പോള് ചിത്രവിശേഷവും.
ReplyDeleteനന്നായിട്ടുണ്ട്.. പ്രത്യേകിച്ച് നാലു മാസം..., ടൈം ഇവയുടെ റിവ്യൂ.. നാലു മാസത്തിന്റെ അവസാന ഷോട്ട്.. എത്ര ശക്തമാണത്..
ReplyDelete@ നവരുചിയന്‍,
ReplyDeleteഎല്ലാം കാണല്‍ നടക്കാത്ത കാര്യമാണ്. കണ്ടതുകൊണ്ട് തൃപ്തിപ്പെടുക, അത്രതന്നെ!
@ ലേഖവിജയ്,
ഞാനും ആ പംക്തിയുടെയൊരു ഫാനായിരുന്നു. ഇപ്പോള്‍ ഇടയ്ക്കിടെ വരുന്ന നിരൂപണങ്ങള്‍ അത്രത്തോളം സഹായകരമാവാറില്ല.
@ നിലാവര്‍ നിസ,
നന്ദി. :)
അവസാന ഷോട്ടിനെക്കുറിച്ച് ഇവിടെ എഴുതിയില്ല. സംവിധായകന് തന്നെ ഒരു അഭിമുഖത്തില്‍ അഭിപ്രായപ്പെട്ട കാര്യമാണത്. ഞാന്‍ ചിന്തിച്ചത് മറ്റൊരു രീതിയിലാണ്. വിശപ്പു വന്നു, അതുകൊണ്ട് റെസ്റ്റോറന്റില്‍ കഴിക്കുവാന്‍ പോയി; എത്ര നിസ്സാരമായ കാര്യം. അതുപക്ഷെ ഒട്ടീലിയയെ ബാധിച്ചതെങ്ങിനെയാണെന്ന് ആലോചിച്ചു പോയി. അതിലും മനോഹരമായി ആ ചിത്രം അവസാനിപ്പിക്കുവാന്‍ സാധിക്കുകയില്ല, അല്ലേ?
--
റ്റൈം, അതിന്റെ ആഴം ഭയപ്പെടുത്തി........ 4 months നെ പറ്റി ദാ ഇവിടെ
ReplyDelete