പന്ത്രണ്ടാമത് ഐ.എഫ്.എഫ്.കെ. - ഉദ്ഘാടനം

Published on: 12/08/2007 09:45:00 PM

പന്ത്രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് വര്‍ണ്ണാഭമായ തുടക്കം. മന്ത്രി എം.എ. ബേബി, മോഹന്‍ലാല്‍, മേയര്‍ സി. ജയന്‍ ബാബു, പന്ന്യന്‍ രവീന്ദ്രന്‍, മറ്റ് ചലച്ചിത്ര പ്രവര്‍ത്തകര്‍ എന്നിവര്‍ സന്നിഹിതരായിരുന്ന ഉദ്ഘാടന വേദിയില്‍, കമലഹാസന്‍ കല്‍‌വിളക്കു തെളിയിച്ച് മേള ഉദ്ഘാടനം ചെയ്തു. പത്മപ്രയ, വിനീത് എന്നിവരായിരുന്നു ഉദ്ഘാടനവേദിയിലെ അവതാരകര്‍. ഉദ്ഘാടനത്തിനു ശേഷം ‘റിഥം ഓഫ് കേരള’ എന്ന സാംസ്കാരിക പരിപാടിയും അരങ്ങേറി. അവസാനമായി ‘ബുദ്ധ കൊളാപ്സിഡ് ഔട്ട് ഓഫ് ഷേം’ എന്ന പേര്‍ഷ്യന്‍ ചലച്ചിത്രവും പ്രദര്‍ശിപ്പിച്ചു.

വിഖ്യാത ചിലിയന്‍ ചലച്ചിത്രകാരന്‍ മിഗ്വില്‍ ലിറ്റിനായിരുന്നു വിശിഷ്ടാതിഥി. തന്റെ പ്രസംഗത്തില്‍ ബുദ്ധനേയും, ഗാന്ധിജിയേയും, ടാഗോറിനേയും അനുസ്മരിച്ച അദ്ദേഹം; പാബ്ലോ നെരൂദയുടെ വരികള്‍: “Those who are returning are never going away.” എന്നുപറഞ്ഞാണ് അവസാനിപ്പിച്ചത്. "താന്‍ പലപ്പോഴും കേരളത്തില്‍ വന്നിട്ടുണ്ട്, വീണ്ടും വീ‍ണ്ടും എത്തുകയും ചെയ്യുന്നു; ചുരുക്കത്തില്‍ ഞാന്‍ കേരളം വിട്ടു പോവുന്നതേയില്ല." എന്നു വിശദീകരിക്കുകയും ചെയ്തു അദ്ദേഹം.


എം.എ. ബേബി, കമലഹാസന്‍, മോഹന്‍ലാല്‍, കെ.പി.എ.സി. ലളിത എന്നിവരും ചടങ്ങില്‍ സംസാരിച്ചു. എസ്. ജാനകി, കെ.ആര്‍. വിജയ, ആര്‍.എസ്. പ്രഭു, എം.കെ. അര്‍ജുനന്‍, ടി.ആര്‍. ഓമന, എസ്. കോന്നനാട്ട്, ജനറല്‍ പിക്ചേഴ്സ് രവി, ശാന്താദേവി, പി.കെ. നായര്‍, കെ.പി.എ.സി ലളിത, കെ. വേലപ്പന്‍ തുടങ്ങിയവരെ, മലയാളസിനിമയ്ക്ക് അവര്‍ നല്‍കിയ സംഭാവനകളോടുള്ള ആദരസൂചകമായി, മന്ത്രി എം.എ. ബേബി വേദിയില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ജൂറി അംഗങ്ങളെ ഫെസ്റ്റിവല്‍ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീന പോള്‍, വേദിയില്‍ പരിചയപ്പെടുത്തി. നസുറുദ്ദീന്‍ ഷായാണ് ഇന്ത്യയില്‍ നിന്നുമുള്ള ജൂറി അംഗം.ഉദ്ഘാടനചിത്രം: Budha Collapsed out of Shame
ഹാ‍ന മക്മല്‍ബഫ് സംവിധാനം ചെയ്ത ‘ബുദ്ധ കൊളാപ്സ്ഡ് ഔട്ട് ഓഫ് ഷേം’ എന്ന ചിത്രമായിരുന്നു ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രദര്‍ശിപ്പിച്ചത്. അഫ്‌ഗാനിസ്ഥാനില്‍ താലിബാന്‍ തകര്‍ത്ത ബുദ്ധപ്രതിമയ്ക്കുസമീപമുള്ള ഗുഹകളില്‍ കുറേയധികം പേര്‍ ജീവിക്കുവാനായുള്ള തത്രപ്പാടിലാണ്. അബ്ബാസ് എന്ന അയല്‍‌വാസി ബാലന്‍ പഠിക്കുന്നതുകണ്ട്, രസകരമായ കുട്ടിക്കഥകള്‍ പഠിക്കുവാനായി സ്കൂളില്‍ പോകുവാനൊരുങ്ങുകയാണേ ബക്തേ എന്ന ആറുവയസുകാരി. അതിനായി അവള്‍ക്ക് നോട്ടുബുക്കും പെന്‍സിലുകളും വേണം. മുട്ടവിറ്റു കിട്ടുന്ന പണത്തില്‍ നിന്നും ഒരു നോട്ട്ബുക്ക് വാങ്ങി, അമ്മയുടെ ലിപ്‌സ്റ്റിക്ക് എഴുതുവാനായി സംഘടിപ്പിച്ച് അബ്ബാസിനൊപ്പം ബക്തേ യാത്രയാവുന്നു. എന്നാല്‍ യുദ്ധം കണ്ടുവളര്‍ന്ന കുട്ടികളുടെ കളികളില്‍ ഒരു തീവ്രവാദിയായും, താലിബാന്റെ നിയമങ്ങളെ അനുസരിക്കാത്ത സ്ത്രീയായും ബക്തേ മാറുന്നു. യുദ്ധങ്ങള്‍ കുട്ടികളെ എങ്ങിനെ സ്വാധീനിക്കുന്നു എന്നതും ചിത്രത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്നു.

വണ്ടികളോടാത്ത റോഡുകള്‍ ചേരുന്ന ജംഗ്ഷനില്‍, കര്‍ത്തവ്യനിരതനായിരിക്കുന്ന ട്രാഫിക്ക് പോലീസുകാരന്‍, ഇന്നത്തെ നിയമവ്യവസ്ഥിതിയുടെ പ്രതീകമാണ്. ബക്തേയ്ക്കൊപ്പം ബന്ദികളാക്കിയിരിക്കുന്ന പെണ്‍കുട്ടികളെ മോചിപ്പിക്കണമെന്ന് പോലീസുകാരനോട് ആവശ്യപ്പെടുമ്പോള്‍, അത് തന്റെ ജോലിയല്ല എന്നു പറയുകയാണ് ട്രാഫിക് പോലീസുകാരന്‍. ഒടുവില്‍ ‘രക്ഷപെടുവാനായി മരിക്കുക’ എന്നുപറഞ്ഞാണ് സിനിമ അവസാനിക്കുന്നത്. കുട്ടികളുടെ കളിയിലൂടെ അഫ്‌ഗാനിസ്ഥാനിലെ രാഷ്ട്രീയം വ്യക്തമായി ചിത്രീകരിച്ചിരിക്കുകയാണ് ഹാന ഇതില്‍. പല ആശയങ്ങളും വളരെ ഭംഗിയായി പ്രേക്ഷകരിലെത്തിക്കുവാന്‍ സംവിധായികയ്ക്ക് കഴിഞ്ഞു എന്നതാണ് ചിത്രത്തെ മികച്ചതാക്കുന്നത്. സാങ്കേതികപരമായി സിനിമ വളരെയൊന്നും മേന്മ പുലര്‍ത്തുന്നില്ല എന്നതും പറയേണ്ടതുണ്ട്. എങ്കിലും ഒരു പത്തൊന്‍പതുവയസുകാരിയുടെ ആദ്യചിത്രമെന്ന നിലയ്ക്ക്, ഈ കുറവുകള്‍ പൊറുക്കാവുന്നതേയുള്ളൂ.

സന്ദര്‍ശിക്കാവുന്ന മറ്റിടങ്ങള്‍:
ചലച്ചിത്രോത്സവത്തിന് ദീപം തെളിഞ്ഞു - മലയാള മനോരമ
കാഴ്ചയുടെ ഉത്സവത്തിന് ദീപം തെളിഞ്ഞു - മാതൃഭൂമിKeywords: 12th International Film Festival of Kerala, IFFK 2007, Inauguration, Kamalahasan, Kamal Hasan, Mohanlal, M.A. Baby, Migvil Littin, Beena Paul, Hana Makhmalbaf, 19th Year Old, Director, First Film
--

12 comments :

 1. ചലച്ചിത്രമേളയ്ക്ക് തുടക്കമായി. ഉദ്ഘാ‍ടന വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
  --

  ReplyDelete
 2. ഇനിയിപ്പോ ഹരി അവിടെത്തന്നെ ആയിരിക്കും അല്ലേ?

  കൂടുതല്‍ വിശേഷങ്ങള്‍ എഴുതൂ. എല്ലാ പടങ്ങളും കണ്ടിട്ട് അതിനെക്കുറിച്ചും എഴുതൂ.

  ReplyDelete
 3. പണ്ട് തിരുവനന്തപുരത്തയിരുന്നപ്പോ ചലച്ചിത്രോത്സവത്തിന് കനകക്കുന്ന് നിശാഗന്ധി ഓപണ്‍ ഓഡിറ്റോറിയത്തില്‍ സിനിമ കണ്ട കാര്യം ഓര്‍ക്കുന്നു. നല്ല തണ്‍ഊപ്പുള്ള രാത്രിയില്‍...
  ഹരിയണ്ണാ ലൈവ് വിവരണം വരൂലോ
  :)
  ഉപാസന

  ReplyDelete
 4. ഹരി....

  പുതുപുത്തന്‍ വിശേഷങ്ങള്‍ അതിന്റെ പരിപൂര്‍ണ്ണതയോടെ
  ഞങ്ങളില്‍ എത്തിക്കാന്‍ കാണിക്കുന്ന ഈ ശ്രമത്തിന്‌ എല്ലാ ഭാവുകങ്ങളും നേരുന്നു

  നന്‍മകല്‍ നേരുന്നു

  ReplyDelete
 5. ഹരി,
  നല്ല പടവും വിവരണവും
  അഭിനന്ദനങ്ങള്‍

  ReplyDelete
 6. ലജ്ജയാല്‍ തകര്‍ന്ന ബുദ്ധനെ കണ്ടില്ല.വീണ്ടും സ്ക്രീനിങ്ങ് ഉണ്ടല്ലോ.അപ്പോള്‍ കാണാം.ഫാദര്‍,മി മൈസെല്‍ഫ്,4മന്ത്‌സ്3വീക്സ്2ഡേയ്സ് എന്നിവ കണ്ടു.മി മൈസെല്‍ഫ്,4മന്ത്‌സ്3വീക്സ്2ഡേയ്സ് രണ്ടും മിസ് ചെയ്യല്ലേ ഹരീ..

  ReplyDelete
 7. @ സു,
  :) എഴുതണമെന്നു കരുതുന്നു...

  @ ഉപാസന,
  :) അതും ഒരു അനുഭവം...

  @ മന്‍‌സൂര്‍,നാടോടി,
  നന്ദി. :)

  @ ടി.കെ.സുജിത്ത്,
  4M3W2D കണ്ടു. കലക്കന്‍ പടം, എഴുതണമെന്നുണ്ട് അതിനെക്കുറിച്ച്. Me Myself കണ്ടില്ല, റിപ്പീറ്റുള്ള ദിവസം മേളയ്ക്ക് ഞാനുണ്ടാവില്ല, അതുകൊണ്ട് അതു കാണുവാന്‍ ചിലപ്പോള്‍ കഴിയില്ല. ഇന്നുകണ്ടവയില്‍ Rind കാണരുതാത്ത ഒരു പടമാണ്; Pans Labyriinth വിപ്ലവവും ഫാന്റസിയും മനോഹരമായി ഇണക്കിയിരിക്കുന്ന ഒരു കഥയാണ്, പക്ഷെ അതുമാത്രമേ അതിന്റെ ഗുണമായി പറയുവാനുള്ളൂ, കാണുന്നതില്‍ തെറ്റില്ല; Festival(Kwon Taek) വലിച്ചുനീട്ടലാണ്, ചുമ്മാ കണ്ടോണ്ടിരിക്കാം.
  --

  ReplyDelete
 8. ഇത് അറിയിച്ചതിനു നന്ദി. കൂടുതല്‍ വിവരങ്ങളും, കൂടുതല്‍ സിനിമയുടെ വിശേഷങ്ങളും പ്രതീക്ഷിക്കുന്നു.

  ReplyDelete
 9. നന്ദി ഹരീ...
  ഹരിക്ക് ഒരു അബ്ബാസ് ലുക്കുണ്ട്...:)

  ReplyDelete
 10. അല്ല ഹരീ ഒരു സംശയം ചോദിച്ചോട്ടെ. ആ വിനയനെ ആരാ film festival inaguration stage ഇല്‍ കയറ്റിയത്. അതില്‍ നമ്മള്‍ blogger മാരുടെ പ്രതിഷേധം രേഖപ്പെടുത്താന്‍ അവിടെ വല്ല scope ഉണ്ടോ?? :D :D :D

  ReplyDelete
 11. ഒരു ഫിലിം ഫെസ്റ്റിവല്‍ കാണണമെന്നതു ഒരു ആഗ്രഹമാണ്.എന്നെങ്കിലും കഴിയുമൊ എന്നും അറിയില്ല.ശരിക്കും ഹരിയോട് അസൂയ തോന്നുന്നു.നല്ല ചിത്രങ്ങളുടെ വിവരണങ്ങള്‍ പ്രതീക്ഷിക്കുന്നു.ആശംസകള്‍ !

  ReplyDelete
 12. @ വാല്‍മീകി,
  തീര്‍ച്ചയായും... :)

  @ മൂര്‍ത്തി,
  അബ്ബാസിന് എന്റെ ലുക്കുണ്ടെന്നു പറയുന്നതല്ലേ കൂടുതല്‍ ശരി? :P

  @ തോമാച്ചന്‍,
  മലയാളസിനിമയ്ക്ക് അതുല്യസംഭാവനകള്‍ നല്‍കിയതിനാലാവും... ;) നോ സ്കോപ്പ്, മീഡിയയുടെ കൂട്ടത്തില്‍ ബ്ലോഗുകളെ പെടുത്തിയിട്ടില്ല. മികച്ച റിപ്പോര്‍ട്ടിംഗിന് അവാര്‍ഡുണ്ട്, ബട്ട് പത്ര/മാസിക/റേഡിയോ/ടി.വി. മാധ്യമക്കാരെ മാത്രമേ പരിഗണിക്കുകയുള്ളൂ... :( (പിന്നെയാണ് ബ്ലോഗ് മാധ്യമക്കാരുടെ പ്രതിഷേധം!)

  @ ലേഖവിജയ്,
  എന്റീശ്വര, ഇത്ര നിസ്സാരമായ കാര്യമൊക്കെ ‘ആഗ്രഹ’മാക്കിവെക്കേണ്ടതുണ്ടോ? അടുത്ത വര്‍ഷം ഒന്നോ രണ്ടോ ദിവസം ഇതിനായി മാറ്റിവെയ്ക്കൂ... (ഇഷ്ടമായാല്‍ കൂടുതല്‍ ദിവസം നില്‍കാമല്ലോ!)
  --

  ReplyDelete