നാലു പെണ്ണുങ്ങള്‍ (Four Women)

Published on: 11/03/2007 09:14:00 PM
Four Ladies - A film by Adoor Gopalakrishnan. Padmapriya, Geethu Mohandas, Manju Pillai, Nanditha Das, Kavya Madhavan took the leading roles.
‘നിഴല്‍ക്കുത്ത്’ എന്ന സിനിമയ്ക്കു ശേഷം അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ് ‘നാലു പെണ്ണുങ്ങള്‍’. തകഴി ശിവശങ്കരപ്പിള്ളയുടെ നാലു വ്യത്യസ്‌തകഥകളെ ആസ്പദമാക്കിയുള്ളതാണ് ഈ സിനിമ. സംവിധായകന്റെതന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും. അടൂര്‍ ഗോപാലകൃഷ്നന്‍, ബെന്‍സി മാര്‍ട്ടിന്‍ എന്നിവര്‍ ഒരുമിച്ചാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ടൊറന്റോ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രം ആദ്യമായി പ്രദര്‍ശിപ്പിച്ചത്. ഈ വര്‍ഷത്തെ ലണ്ടന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവയുടെ കൂട്ടത്തിലും ‘നാലു പെണ്ണുങ്ങള്‍’ ഇടം നേടിയിട്ടുണ്ട്.

വേശ്യ:- കുഞ്ഞിപ്പെണ്ണ്(പത്മപ്രിയ) വേശ്യാവൃത്തിയുപേക്ഷിച്ച് ചുമട്ടുതൊഴിലാളിയായ പപ്പുക്കുട്ടി(ശ്രീജിത്ത് രവി)യോടൊപ്പം ഭാര്യഭര്‍ത്താക്കന്മാരായി ജീവിതം ആരംഭിക്കുന്നു. എന്നാല്‍ സമൂഹത്തിന്റെ കണ്ണില്‍ അവര്‍ അനാശാസ്യത്തിലേര്‍പ്പെടുന്ന പുരുഷനും സ്ത്രീയും മാത്രമാണ്, നിയമത്തിനു വേണ്ടതോ തെളിവുകളും.

കന്യക:- കുമാരി(ഗീതു മോഹന്‍‌ദാസ്) അദ്ധ്വാനിച്ച് ജീവിക്കുന്ന ഒരു പെണ്ണാണ്. അച്ഛന്‍(എം.ആര്‍. ഗോപകുമാര്‍) നിശ്ചയിക്കുന്ന വിവാഹം നടക്കുന്നു. നാരായണനാവട്ടെ(നന്ദു) ആഹാരവും സിനിമയും കച്ചവടവും മാത്രമാണ് ജീവിതം. ദുഃശീലങ്ങളില്ലാത്ത നാരായണന്, ദാമ്പത്യത്തോടും താത്പര്യമില്ല. പക്ഷെ, സമൂഹം തെറ്റുകണ്ടുപിടിക്കുന്നത് കുമാരിയിലാണ്.

വീട്ടമ്മ:- ചിന്നു അമ്മ(മഞ്ജു പിള്ള)യ്ക്കും രാമന്‍ പിള്ള(മുരളി)യ്ക്കും കുട്ടികള്‍ വാഴുന്നില്ല. ചിന്നു അമ്മയെ കുട്ടിക്കാലത്ത് സ്നേഹിച്ചിരുന്ന നാരായണ പിള്ള(മുകേഷ്) അന്യദേശത്തുനിന്നും ആയിടയ്ക്ക് നാട്ടിലെത്തുന്നു. ആരോഗ്യമുള്ളൊരു കുഞ്ഞിനെ തരുവാന്‍ തനിക്കു കഴിയുമെന്ന് നാരായണ പിള്ള ചിന്നു അമ്മയോട് പറയുന്നു. എന്നാല്‍, അത് തെറ്റാണെന്ന ഉത്തമ ബോധ്യത്തില്‍ ചിന്നു അമ്മ, നാരായണപിള്ളയെ തിരിച്ചയയ്ക്കുന്നു.

നിത്യകന്യക:- കാമാക്ഷിയ്ക്ക്(നന്ദിത ദാസ്) വിവാഹപ്രായം കഴിഞ്ഞു. ആലോചനകളൊന്നും ശരിയാവുന്നില്ല. ഒടുവില്‍ വന്ന ആലോചനക്കാരനാവട്ടെ, അനിയത്തി സുഭദ്രയെ(കാവ്യ മാധവന്‍) വിവാഹം കഴിക്കുവാനാണ് താത്പര്യമെന്നറിയിക്കുന്നു. അങ്ങിനെ സുഭദ്ര വിവാഹിതയാവുന്നു. തുടര്‍ന്ന് അനിയന്‍ കുട്ടന്റേയും(അശോകന്‍) മറ്റൊരു അനിയത്തി പൊടിമോളുടേയും(രമ്യ നമ്പീശന്‍) വിവാഹങ്ങളും നടക്കുന്നു. അമ്മ(കെ.പി.എ.സി. ലളിത) പ്രായമായി മരിക്കുന്നു. ആണ്‍‌തുണ ഇല്ലാതെതന്നെ ജീവിക്കുവാന്‍ കാമാക്ഷി തീരുമാനിക്കുന്നു.

നമ്മുടെ സമൂഹത്തിന്റെ സ്ത്രീ‍കളോടുള്ള കാഴ്ചപ്പാടുകളുടേയും അവരുടെ വീര്‍പ്പുമുട്ടലുകളുടേയും ഒരു നേര്‍ ചിത്രമാണ് ഈ സിനിമ. ഈ കഥകള്‍ നടക്കുന്നത്, സ്വാതന്ത്ര്യ ലബ്ദിക്കും മുന്‍പാണെങ്കിലും, നമ്മുടെ സാമൂഹിക ചിന്തകള്‍ക്ക് കാര്യമായ മാറ്റങ്ങളൊന്നും വന്നിട്ടില്ലെന്ന് ഈ ചിത്രത്തിലൂടെ മനസിലാക്കുവാന്‍ സാധിക്കും. അതിനാല്‍ തന്നെ ഈ കഥകളുടേയും സിനിമയുടേയും പ്രസക്തി കുറയുന്നുമില്ല. അടൂര്‍ ഗോപാലകൃഷ്ണന്റെ മറ്റ് സിനിമകളുമായി താരതമ്യം ചെയ്യുമ്പോള്‍, ഏറ്റവും കൂടുതല്‍ പ്രധാന അഭിനേതാക്കളുള്ള ചിത്രം ഒരുപക്ഷെ ഇതാവാം. ഓരോ കഥാപാത്രത്തിനും തികച്ചും അനുയോജ്യമായ രീതിയിലാണ് അഭിനേതാക്കളെ നിശ്ചയിച്ചിരിക്കുന്നത്. നന്ദിത ദാസ് അവതരിപ്പിച്ച കാമാക്ഷിയും ഗീതു മോഹന്‍‌ദാസ് അവതരിപ്പിച്ച കുമാരിയുമാണ് ഏറ്റവും മികച്ചു നിന്നത്. മറ്റുള്ളവര്‍ നന്നായില്ലെന്ന് ഇതിനര്‍ത്ഥമില്ല. അഭിനേതാക്കളെക്കൊണ്ട് അഭിനയിപ്പിക്കുവാനും അവരുടെ ഭാവങ്ങള്‍ പുറത്തേക്ക് പ്രവഹിപ്പിക്കുവാനും കഴിവുള്ള ഒരു സംവിധായകനാണല്ലോ, അടൂര്‍ ഗോപാലകൃഷ്ണന്‍. ‘അയ്യപ്പ’ ബൈജുവിനെപ്പോലും വിദഗ്ദ്ധമായി ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നു.

നായിക പ്രാധാന്യമുള്ള കഥകളാണെങ്കിലും; മുരളിയുടെ രാമന്‍ പിള്ളയും, രവി വള്ളത്തോളിന്റെ കഥാപാത്രവും ഒഴികെ ഇതില്‍ വരുന്ന ആണ്‍ കഥാപാത്രങ്ങളോരോന്നിനും, അവരുടേതായ വ്യക്തിത്വം നല്‍കുന്നതില്‍ തിരക്കഥാകൃത്തുകൂടിയായ സംവിധായകന്‍ വിജയിച്ചിരിക്കുന്നു. സമകാലീന മലയാളസിനിമകളുമായി താരതമ്യം ചെയ്യാവുന്ന ഒന്നല്ല ‘നാലു പെണ്ണുങ്ങള്‍’. ഇതിലെ തന്നെ നാലു കഥകളെ പരിഗണിക്കുമ്പോള്‍ കന്യകയും നിത്യകന്യകയും, മറ്റു രണ്ട് കഥകളേക്കാളും മികച്ചതായി തോന്നി. വേശ്യ, വീട്ടമ്മ എന്നിവയുടെ തിരക്കഥ, അതിലെ സ്ത്രീകഥാ‍പാത്രങ്ങളുടെ മാനസികവ്യഥ പൂര്‍ണ്ണമായും പ്രേക്ഷകരിലെത്തിക്കുവാന്‍ പ്രാപ്തമായിരുന്നില്ല. പാരലല്‍ സിനിമ എന്ന വിഭാഗത്തില്‍ വരുന്ന ഒന്നായിട്ടുകൂടി, ആവശ്യത്തിന് പരസ്യം വിവിധ മാധ്യമങ്ങളില്‍ നല്‍കുവാന്‍ ഇതിന്റെ വിതരണക്കാര്‍ തയ്യാറായിട്ടുണ്ട് എന്നത് ഒരു ശുഭസൂചനയായി വേണം കാണുവാന്‍. ‘ഒരേ കടലി’ന്റെ വിജയമാവാം ഇതിനു പ്രചോദനം. നല്ല സിനിമകള്‍, അത് വാണിജ്യമാവട്ടെ, വാണിജ്യേതരമാവട്ടെ, സ്വീകരിക്കുവാനുള്ള പക്വത മലയാളിപ്രേക്ഷകര്‍ നേടിയിട്ടുണ്ടെന്നതിന്റെ അംഗീകാരവുമായി ഇതിനെ കണക്കാക്കാം. ‘നാലു പെണ്ണുങ്ങള്‍’ക്ക് എല്ലാവിധ ഭാവുകങ്ങളും.
--


Keywords: Nalu Pennungal, Naalu Pennungal, Four Women, Four Ladies, Adoor Gopalakrishnan, Thakazhi Sivasankara Pillai, Padmapriya, Geethu Mohandas, Manju Pillai, Nanditha Das, Kavya Madhavan, Srijith Ravi, Nandu, Mukesh, Murali, Ravi Vallathol, Remya Nambeesan, KPAC Lalitha, Manoj K. Jayan, Malayalam Film Review, Cinema, Movie, November Release, Film Festival, Torrento, London.
--

19 comments :

 1. ‘നാലു പെണ്ണുങ്ങള്‍’- അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ഈ സിനിമയുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
  --

  ReplyDelete
 2. ഇന്നു തന്നെ പോയി കാണണം. യിലെ ആഡ് കണ്ടപ്പോ തന്നെ എനിക്ക് തോന്നി നല്ല സിനിമ ആണെന്ന് ....

  ReplyDelete
 3. ആഡ് കണ്ടിരുന്നു. സിനിമ കാണാന്‍ പറ്റുമോ എന്നറിയില്ല. ഇവിടെ വരുമോ ആവോ?? :(

  ReplyDelete
 4. ഹരീ, നന്നായി ഇത്രയും വിശദമായി എഴുതിയതിന്. ഇവിടെ ഈ സിനിമ കാണാന്‍ ഒരു സാധ്യതയുമില്ല. എന്നെങ്കിലും ടിവിയില്‍ വരുമ്പോള്‍ സൌകര്യമൊത്താല്‍ കാണാം.

  കഥാപാത്രങ്ങള്‍ക്കനുസരിച്ചുതന്നെയാണല്ലേ അഭിനേതാക്കളെ തിരഞ്ഞെടുത്തിരിക്കുന്നത്.

  ReplyDelete
 5. nice writing. regards,
  ...................................
  ജയകേരളം.കോം ....മലയാളം കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍, കാര്‍ട്ടൂണുകള്‍ and many more... Please send us your suggestions...
  http://www.jayakeralam.com

  ReplyDelete
 6. നന്നായി വിവരിച്ചിരിക്കുന്നു ഭായ്
  അഭിനന്ദനങ്ങള്‍
  :)
  ഉപാസന

  ReplyDelete
 7. Hari,
  Thanks for the review....I am very sure Non resident Keralites like me won't get a chance to watch this movie.....Also I heard that the movie is getting reasonably good crowd expecially in North Kerala.

  ReplyDelete
 8. ഇന്നലെ കോഴിക്കോട് കൈരളിയില്‍ വെച്ച് 7മണിക്ക് ഞാനും ‘നാലു പെണ്ണുങ്ങള്‍’ കണ്ട്. 70-80% ആളുകള്‍ ഉണ്ടായിരുന്നു തിയ്യേറ്ററില്‍.

  എന്‍‌റ്റെ കാഴ്ചപ്പാട് - അടൂരിന്‍‌റ്റെ സിനിമകളില്‍ ഏറ്റവും സിമ്പിള്‍ ആയി പറഞ്ഞു പോയ ചിത്രമാവും ഒരുപക്ഷെ ഇത്. കഥയ്ക്ക് മുകളിലൂടെ ചിന്തിച്ചാല്‍ കൂടുതല്‍ ആസ്വാദകരമാവുന്ന അടൂരിന്‍‌റ്റെ സിനിമാഭാഷ നാലു പെണ്ണുങ്ങളിലും കാണാം.‍ അനാവശ്യമെന്ന് എന്ന് തോന്നിക്കുന്ന ഷോട്ടുകളോ മുഹൂര്‍ത്തങ്ങളോ ഇല്ലെന്ന് തന്നെ പറയാം. മങ്കടയില്‍ നിന്നും വേര്‍പ്പെട്ടുവെങ്കിലും അടൂരിന്‍‌റ്റെ കാഴ്ചകള്‍ എം.കെ. രാധാകൃഷ്ണനില്‍ സുഭദ്രം.

  മനുഷ്യമനസ്സിലെ ലൈംഗികമോഹങ്ങളെ കുറിച്ചുള്ള വ്യക്തിഗത-സാമൂഹ്യകാഴ്ച്ചപ്പാടുകള്‍ ഇഴചേര്‍ത്തു നെയ്ത വേശ്യ, കന്യക, വീട്ടമ്മ, നിത്യകന്യക എന്ന കഥാവിഷ്ക്കാരങ്ങള്‍ എല്ലാം ഒന്നിനൊന്ന് മെച്ചം. ഒരു താരതമ്യം വേണമെങ്കില്‍ അതിനെ നിത്യകന്യക,വേശ്യ,കന്യക,വീട്ടമ്മ എന്നിങ്ങനെ ഓര്‍ഡര്‍ ചെയ്യാം എന്ന് തോന്നുന്നു. അഭിനയത്തില്‍ സംവിധായകന്‍‌റ്റെ കരങ്ങള്‍ സ്പഷ്ടമാണ്. ശാന്തത്തിന് ശേഷം കെ.പി.എ.സി. ലളിതയ്ക്ക് കിട്ടിയ മികച്ച വേഷം. സര്‍പ്രൈസ് പാക്കേജ് ആയി തോന്നിയത് പത്മപ്രിയയാണ്-ഭാര്യയാകുന്ന വേശ്യയ്ക്ക് ആവശ്യമായ ശരീര-ശാരീരഭാഷ അവര്‍ നന്നായി അവതരിപ്പിച്ചിരിക്കുന്നു. മറ്റുള്ളവരുടെ പ്രകടനങ്ങള്‍ എല്ലാം ഒന്നാംതരം തന്നെ.

  അനവസരത്തില്‍ വന്ന ‘ഇന്‍‌റ്റര്‍വെല്‍’ കാഴ്ചാസുഖത്തെ അലോസരപ്പേടുത്തി.

  ഹരീ, ഒരു ചെറിയ തിരുത്ത് - നിത്യകന്യക സ്വാതന്ത്ര്യാനന്തരഭാരതത്തില്‍ നടക്കുന്ന കഥയാണ്. പുതിയ ഭരണകര്‍ത്താക്കളെ വിമര്‍ശിക്കുന്ന ഒരു ഡയലോഗോടു കൂടിയാണ് കഥയുടെ രണ്ടാമത്തെ സീന്‍ ആരംഭിക്കുന്നത്.

  സസ്നേഹം
  ദൃശ്യന്‍

  ReplyDelete
 9. പത്തില്‍ ഏഴു മാര്‍ക്കു മാത്രം കൊടുത്തതിന്‍‌റ്റെ ഗുട്ടന്‍സ് പിടി കിട്ടിയില്ല. മെത്തേഡ് പങ്കു വെയ്ക്കാമെങ്കില്‍ മാത്രം പങ്കു വെയ്ക്കുക.

  സസ്നേഹം
  ദൃശ്യന്‍

  ReplyDelete
 10. @ അനില്‍ പി.
  കാണൂ, കണ്ട ശേഷം അഭിപ്രായം പങ്കുവെയ്ക്കൂ... :)

  @ വാണി,
  :) ഫിലിം ഫെസ്റ്റിവലുകളില്‍ വരുമായിരിക്കും.

  @ ശാലിനി,
  :) ടി.വി.യില്‍ വരുവാനൊക്കെ നാളുകുറേയെടുക്കുമായിരിക്കും. ഇപ്പോള്‍ മോസര്‍ബിയറിന്റെ സി.ഡി.കള്‍ ലഭ്യമാണല്ലോ; സൈറ, തനിയെ തുടങ്ങിയവയൊക്കെ പുറത്തിറങ്ങിയിട്ടുണ്ട്. അതുപോലെ ഇതും ലഭ്യമാവുമായിരിക്കും.

  @ ജയകേരളം,
  മാഷേ, ഈ ബ്ലോഗുകളും പോസ്റ്റുകളുമൊക്കെ വായിച്ചശേഷമാണോ ഇങ്ങിനെ കമന്റിടുന്നത്. എല്ലാ ബ്ലോഗിലും ഇതുതന്നെ കമന്റ്! ജയകേരളത്തെക്കുറിച്ച് ഞാന്‍ അഭിപ്രായം ആള്‍‌റെഡി പറഞ്ഞതല്ലേ! ഇപ്പോളിത് സ്പാമിങ്ങിന് സമമാണ്.

  @ എന്റെ ഉപാസന,
  നന്ദി. :)

  @ സജിത്ത്,
  നന്ദി. :)

  @ ദൃശ്യന്‍,
  ഇന്റര്‍വെല്ലില്ലാതെ പടമെങ്ങിനെ കാണിക്കും, എന്ന് ചിന്തിച്ചാവും! :)
  അതെ, നിത്യകന്യക സ്വാതന്ത്രം ലഭിച്ചതിനു ശേഷമുള്ള കഥയാണ്. ശ്രദ്ധിക്കായ്കയല്ല, കാലഘട്ടത്തെ സൂചിപ്പിക്കുവാന്‍ അത്രയും എഴുതിയാല്‍ മതി എന്നു കരുതിയിട്ടാണ്. “നിത്യകന്യക ഒഴികെയുള്ളവ സ്വാതന്ത്ര്യലബ്ദിക്കുമുന്‍പും, നിത്യകന്യക സ്വാതന്ത്ര്യലബ്ദിക്കു ശേഷവും നടക്കുന്ന കഥയാണെങ്കിലും, നമ്മുടെ...” എന്നാവരി തിരുത്തിയാലും ഇപ്പോഴത്തെ അര്‍ത്ഥം തന്നെയല്ലേ ലഭിക്കുക?

  റേറ്റിംഗ് നല്‍കുന്നതില്‍ കാര്യമായ മെത്തേഡ് ഒന്നുമില്ല! എന്റെ നോട്ടത്തില്‍ ഇത്രയും നല്‍കാമെന്ന് മാത്രമാണ് അതുകൊണ്ടുദ്ദേശിക്കുന്നത്. ഇതിന്റെ കാര്യത്തില്‍ എന്തുകൊണ്ട് എന്നാണെങ്കില്‍, വിശേഷത്തില്‍ പറഞ്ഞിട്ടുണ്ടല്ലോ. വേശ്യ എന്ന ഭാഗത്ത്, മെറ്റല്‍ പണി നടക്കുന്ന ഷോട്ടുകളും മറ്റും അത്ര നന്നായതായി തോന്നിയില്ല. വേശ്യയും വീട്ടമ്മയും അത്രയ്ക്ക് മികച്ചതെന്ന് പറയുവാനുണ്ടോ?
  --

  ReplyDelete
 11. അടൂര്‍ പ്രതീക്ഷകള്‍ നില നിര്‍ത്തി അല്ലേ. കൊള്ളാം. ഇതു പോലെ ഉള്ള off-beat ചിത്രങ്ങളോടുള്ള മലയാളിയുടെ സമീപനം മാറുന്നു എന്നതും ആശവാഹം തന്നേ.

  ReplyDelete
 12. Thanks,

  For POST GOOD blog REG THE NEW MOVIE.

  JUST NOW I SEEN .

  GREAT PERFOMANCE

  THANKS

  ReplyDelete
 13. കിടിലന്‍ ബ്ലോഗ്!
  ഹരീ...വരാന്‍ വൈകി.ഇവിടെ ഒരിക്കല്‍ വന്നവര്‍ പിന്നീട് നിത്യസന്ദര്‍ശകരാകും.ഉറപ്പ്.

  ReplyDelete
 14. ഞാനും ആദ്യ പ്രദര്‍ശനം തന്നെ കണ്ടതാണ്‌ 'നാലു പെണ്ണുങ്ങള്‍'. പക്ഷെ നിരാശയാണ്‌ തോന്നിയത്.തകഴിയുടെ നാലു നായികമാരെ ഒന്നിപ്പിച്ച് അടൂര്‍ സ്വന്തമായൊരു കഥയൊരുക്കുമെന്നു കരുതി. ഇതു പോലെ നാലു (നല്ല) ടെലിഫിലിം എടുക്കാന്‍ അടൂര്‍ വേണോ?

  ReplyDelete
 15. @ തോമാച്ചന്‍,
  നന്ദി :)

  @ കരിന്തിരി,
  For POST GOOD blog REG THE NEW MOVIE. - ഇതെനിക്ക് അത്രയ്ക്കങ്ങട് മനസിലായില്ല. നന്ദി. :)

  @ ടി.കെ. സുജിത്ത്,
  വളരെ നന്ദി. നാവ് പൊന്നാവട്ടെ... :)

  @ അദൃശ്യന്‍,
  വേണം മാഷേ, അല്ലാതെ ആരാണ് ഈ രീതിയിലുള്ള ചിത്രങ്ങള്‍ മലയാളത്തില്‍ പുറത്തിറക്കുക? നാലു നായികമാരെ ഒന്നിപ്പിച്ച് പുതിയ കഥയെന്ന രീതിയിലാണ് ഞാനും വിചാരിച്ചിരുന്നത്; ചുരുങ്ങിയ പക്ഷം, നാലു കഥകള്‍ കൂട്ടിയിണക്കി... പക്ഷെ, ഇതും മോശമായെന്ന് എനിക്കു തോന്നുന്നില്ല.
  --

  ReplyDelete
 16. ഞാനും ആദ്യമായാണു ഹരിയുടെ ബ്ലോഗില്‍.സിനിമകളെക്കുറിച്ചുള്ള അപഗ്രഥനം നന്നായിരിക്കുന്നു.എന്തായാലും മലയാളം സിനിമകള്‍ കാണാനുള്ള ഭാഗ്യമില്ല.ഇനി ഹരിയുടെ ബ്ലോഗിലൂടെ കാണാം എന്നു ആശ്വസിക്കുന്നു.അതേസമയം ഒരു നഷ്ടബോധം കൂടി ബാക്കിയാകുന്നു .ചില നല്ല സിനിമകള്‍ എനിക്കു നഷ്ടമാകുന്നല്ലോ എന്ന്..ആശംസകള്‍ !

  ReplyDelete
 17. ഹരീ, പലര്‍ക്കും അടൂരിനെ വിമര്‍ശിക്കാന്‍ മടിയാണ്‌. അടൂര്‍ സിനിമയെന്നാല്‍ വലിയ എന്തോ സംബവമാണെന്നാണു പലരുടെയും വിചാരം. ഇന്നത്തെ സിനിമാകോപ്രായങ്ങള്‍ക്കിടയില്‍ അടൂര്‍ സിനിമ ഒരു ആശ്വാസമാമെന്നതു വിസ്‌മരിക്കുന്നില്ല. പക്ഷേ എനിക്കിഷ്ടപ്പെട്ടത്‌ ഒരേ കടല്‍ തന്നെ. പരദേശിപോലൊരു കപട ബുദ്ധിജീവിപ്പടമല്ല നാലു പെണ്ണുങ്ങള്‍ എന്നുകൂടി പറയട്ടെ.
  തകഴി പണ്ടെഴുതിയ കഥകള്‍ അതേപടി സിനിമയാക്കിയട്ടെന്തുകാര്യം. സിനിമയുടെ തുടക്കത്തിലും ഒടുക്കത്തിലും പുഴ ഒഴുകുന്നതു കാണിക്കുന്നുണ്ട്‌. ഈ പുഴ ഒഴുകിക്കൊണ്ടേ ഇരിക്കും എന്നൊരു സന്ദേശമാകണം അടൂര്‍ ഉദ്ദേശിച്ചത്‌. പക്ഷേ തകഴിയുടെ കാലത്തു നിന്ന്‌ ഇന്നത്തെ പുഴ ഏറെ മാറിപ്പോയിയെന്നകാര്യം എന്തേ അടൂര്‍ കാണാത്തത്‌.
  തകഴിക്കഥയിലെ സാഹചര്യങ്ങള്‍ക്ക്‌ ഇന്നു കാര്യമായ മാറ്റം സംഭവിച്ചിട്ടില്ലെന്നു കരുതാനാകുമോ. പ്രത്യേകിച്ച്‌ നളിനി ജമീലയുടേയും മീനാക്ഷി റെഡ്ഡിയുടേയും കാലത്ത്‌.
  പണിക്കാരിപ്പെണ്ണിനു കൂലിയായി ഒരു രൂപയും സ്‌ത്രീധനമായി അഞ്ഞൂറുരൂപയും കിട്ടുന്ന കാലമേ അല്ല ഇത്‌. കഥയില്‍ ക്രിയാത്മകമായി ഒന്നും ചെയ്യാന്‍ അടൂരിനു കഴിഞ്ഞിട്ടില്ല. അദ്ദേഹം നല്ലൊരു സിനിമാക്കാരനാണ്‌. പക്ഷേ ആഖ്യാനകല അദ്ദേഹത്തിനു വഴങ്ങുന്നില്ല. വിധേയന്‍ വിവാദം ഓര്‍ക്കുക. വിദേശവിപണിയില്‍ മല്ലൊരു ചരക്കായിരിക്കും ഈ സിനിമ. പല വിദേശരാജ്യങ്ങളുടേയും ഇന്നത്തെ അവസ്ഥയും സംസ്‌കാരവുമെല്ലാം നാം മനസ്സിലാക്കുന്നത്‌ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിലൂടെയാണെന്ന കാര്യം മറക്കരുത്‌.
  എന്തായാലും അടൂരിനെ അവാര്‍ഡുകള്‍ കാതത്‌ിരിക്കുന്നുണ്ടാകും. വിധേയരാണല്ലോ എല്ലാവരും. പണ്ടത്തെക്കാലത്തെ ഭാഷ ഉപയോഗിച്ചാല്‍, തനി ഏറാന്‍മൂളികള്‍.

  ReplyDelete
 18. @ ലേഖവിജയ്,
  വളരെ നന്ദി. ഇനിയും ഇവിടെ പ്രതീക്ഷിക്കുന്നു.

  @ വക്രബുദ്ധി,
  അടൂരിനെ മനഃപൂര്‍വ്വം വിമര്‍ശിക്കുകയോ വിമര്‍ശിക്കാതിരിക്കുകയോ എന്റെ ലക്ഷ്യമല്ല. സിനിമയില്‍ നാം കാണുന്ന കഥകള്‍ പത്തന്‍പതുവര്‍ഷം മുന്‍പ് നടക്കുന്നവയാണെന്നതും ശരി. എന്നാല്‍, അതിലൂടെ അടൂര്‍ കാട്ടിത്തരുന്ന സാമൂഹികവ്യവസ്ഥിതിയില്‍ നിന്നും നമ്മുടെ സമൂഹം മുന്നോട്ടുപോയിട്ടുണ്ടോ? ‘തകഴി പണ്ടെഴുതിയ കഥകള്‍ അതേപടി സിനിമയാക്കിയട്ടെന്തുകാര്യം.’- പഴയകഥകള്‍ സിനിമയാക്കിയാലെന്താണ് കുഴപ്പം? ‘പരദേശി’ ഒരു (കപട)ബുദ്ധിജീവി പടമാണോ? അങ്ങിനെയും എനിക്ക് തോന്നിയില്ല.

  മറ്റൊരിടത്ത് ഞാന്‍ പറഞ്ഞതാണിത്:
  • ഒരു വേശ്യ വിവാഹം കഴിക്കുന്നു. അതംഗീകരിക്കുവാന്‍ തയ്യാറാവാത്ത സമൂഹം - അതിന്നും അങ്ങിനെതന്നെയല്ലേ?
  • ഒരു സ്ത്രീയും പുരുഷനും വേര്‍ പിരിഞ്ഞാല്‍, കുറ്റം സ്ത്രീയുടേത് - അതിന്നും അങ്ങിനെതന്നെയല്ലേ?
  • സ്ത്രീയുടെ നിഃസഹായാവസ്ഥയും, അഭിവാഞ്ജയും, ആഗ്രഹങ്ങളും മുതലെടുക്കുവാന് ശ്രമിക്കുന്ന പുരുഷന്‍ - അതിന്നും അങ്ങിനെതന്നെയല്ലേ?
  • ഒറ്റയ്ക്കു ജീവിക്കുന്ന സ്ത്രീ, അവിവാഹിത; അവള്‍ പിഴച്ചവളാണ് അല്ലെങ്കില്‍ പുരുഷന്റെ ആഗ്രഹനിവൃത്തിക്കു തയ്യാറാവുന്നവളാണ് എന്ന വിചാരം; അവളുമായി ഇടപെടുന്ന പുരുഷന്മാരുടെയെല്ലാം വെപ്പാട്ടിയുമാണവള്‍. - അതിന്നും അങ്ങിനെതന്നെയല്ല്ലേ?

  ഇതിന്റെയൊക്കെയും ഉത്തരം ‘അതെ’ എന്നാണെങ്കില്‍ (എന്നെ സംബന്ധിച്ചിടത്തോളം ഉത്തരം ‘അതെ’ എന്നുതന്നെ), നാലു പെണ്ണുങ്ങളുടെ പ്രസക്തി നമ്മുടെ സമൂഹത്തില്‍ നഷ്ടപ്പെട്ടിട്ടില്ല. നമ്മുടെ സമൂഹത്തില്‍ ഒരുമാറ്റവും വന്നിട്ടില്ലെന്നല്ല, ചിന്താഗതികളില്‍, പ്രത്യേകിച്ച് ചിത്രം മുന്നോട്ടുവെയ്ക്കുന്ന ആശയങ്ങളില്‍ കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല എന്നതല്ലേ സത്യം? അടൂര്‍ അവാര്‍ഡുകള്‍ നേടുകയോ, വിദേശത്ത് ആദരിക്കപ്പെടുകയോ ചെയ്തുകൊള്ളട്ടെ... അങ്ങിനെ ചെയ്യപ്പെടുവാനായി മനഃപൂര്‍വ്വം തിരഞ്ഞെടുക്കുന്ന വിഷയങ്ങളുമായിക്കൊള്ളട്ടെ... പക്ഷെ, അതുകൊണ്ടൊന്നും ആശയങ്ങള്‍ പ്രസക്തമാവാതിരിക്കുന്നില്ലല്ലോ!
  --

  ReplyDelete
 19. ഹരീ, തന്‍‌റ്റെ ഈ മറൂപടി നന്നെ ഇഷ്ടപ്പെട്ടു.

  വക്രബുദ്ധീഎ, “പണിക്കാരിപ്പെണ്ണിനു കൂലിയായി ഒരു രൂപയും സ്‌ത്രീധനമായി അഞ്ഞൂറുരൂപയും കിട്ടുന്ന കാലമേ അല്ല ഇത്‌.“ എന്നത് ശരി തന്നെ. അങ്ങനേയും ഒരു കാലം ഉണ്ടായിരുന്നു എന്ന് നമ്മുക്കൊകെ ഓര്‍ക്കാനൊരു നീമിത്തങ്ങളല്ലേ ഇത്തരം ചിത്രങ്ങള്‍. പിന്നെ കഥയെ കഥയായ് കാണാതെ ഒരൂ മഹാസംഭവമായ് കാണണം‍ എന്ന് അടൂരും പറഞ്ഞിട്ടില്ലല്ലോ.

  സസ്നേഹം
  ദൃശ്യന്‍

  ReplyDelete