
‘അറബിക്കഥ’യ്ക്കു ശേഷം ശ്രീനിവാസന് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ആയുര്‍രേഖ. കെ.കെ. സുധാകരന്റെ കഥയ്ക്ക്, ഡെന്നീസ് ജോസഫ് തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നു. സണ്ണി കുന്തമനം നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജി.എം. മനു. ശ്രീനിവാസന്റെ ചിത്രമല്ലേ, കുടുംബസമേതം പോയിരുന്ന് കണ്ടേക്കാം എന്നു കരുതിയാല്‍, പല സീനുകളിലും തലകുനിച്ചിരിക്കേണ്ടി വരുമെന്നത് പ്രേക്ഷകരുടെ ദുര്യോഗം; അത്രയധികം ദ്വയാര്‍ത്ഥ പ്രയോഗങ്ങളാലും, പൈങ്കിളി ദൃശ്യങ്ങളാലും സമ്പന്നമാണ് ഈ ചലച്ചിത്രം!
ത്രിപ്പയാര്‍ മാധവന്(മുകേഷ്) എന്ന നാടകഗാന സംഗീത സംവിധായകന് പട്ടണത്തില്‍ വീടന്വേഷിച്ചു വരുന്നതോടെയാണ് കഥയുടെ തുടക്കം. തങ്കപ്പന് പിള്ള(ജഗതി)യെന്ന മരുന്നു വ്യാപാരിയുടെ വീട്ടില്‍ വാടക അധികമായിരുന്നിട്ടും, താമസം തുടങ്ങുവാന്‍ മാധവന് തീരുമാനിക്കുന്നു. അതിനുള്ള കാരണമാവട്ടെ, അയല്‍വാസിയായ ഡോ.അപര്‍ണ്ണ(ലക്ഷ്മി ശര്‍മ്മ) എന്ന ഭര്‍ത്താവില്‍ നിന്നും അകന്നു കഴിയുന്ന സ്ത്രീയുടെ അംഗലാവണ്യവും! ഒരു ദിവസം രാവിലെ ഡോ.അപര്‍ണ്ണയെ മരിച്ച നിലയില്‍ കണ്ടെത്തുന്നു. പോലീസ് സ്വാഭാവികമരണമെന്ന് വിധിയെഴുതി കേസ് അവസാനിപ്പിക്കുന്നു. അപര്‍ണ്ണയുടെ വമ്പിച്ച സ്വത്തിന് അവകാശിയായി വരുന്ന പത്തുവയസുള്ള ഏക മകന്, അരുണ്‍ അമ്മയുടെ മരണത്തില്‍ സംശയിക്കുന്നു. സിറ്റി പോലീസ് കമ്മീഷണറായ ജേക്കബ് ജോര്‍ജ്ജിനെ(ശ്രീനിവാസന്), ഇ-മെയിലിലൂടെ അരുണ്‍ ഇതറിയിക്കുന്നു. പോലീസ് കേസന്വേഷണം പുനരാരംഭിക്കുന്നു. ജേക്കബ് ജോര്‍ജ്ജ് ഒടുവില്‍ സത്യം കണ്ടുപിടിക്കുന്നു.
മാധവന്റെ കഥപറഞ്ഞു തുടങ്ങി, പിന്നീടത് ഡോ.അപര്‍ണ്ണയുടെ കഥയായി, പിന്നെ അതൊരു കുറ്റാന്വേഷണമായി, പിന്നെ പ്രതികാരമായി; ഒരു ലക്കും ലഗാനുമില്ലാതെയാണ് സിനിമയുടെ തിരക്കഥ പോവുന്നത്. ആക്ഷന്‍ - കട്ട് പറയുകയല്ലാതെ, സംവിധായകന് ഈ ചിത്രത്തിലെന്തെങ്കിലും ചെയ്തതായി ചിത്രം കണ്ടാല്‍ തോന്നുകയില്ല. അരമണിക്കൂര്‍ കൊണ്ട് കാണിക്കാവുന്നതാണ് വലിച്ചു നീട്ടി ഇന്റര്‍വെല്‍ വരെ കൊണ്ടെത്തിച്ചിരിക്കുന്നത്; അതിനു സംവിധായകന് സ്വീകരിച്ചിരിക്കുന്നതാവട്ടെ അശ്ലീലച്ചുവയുള്ള സംഭാഷണങ്ങളും ഇക്കിളി രംഗങ്ങളും. ശ്രീനിവാസന് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നൊക്കെയാണ് പറച്ചിലെങ്കിലും, അതിഥിതാരം എന്നു പറയുന്നതാവും കൂടുതല്‍ ഇണങ്ങുക. ശ്രീനിവാസന് അഭിനയിക്കുന്ന രംഗങ്ങള്‍ വളരെ ഭേദമാണ്, ആ രംഗങ്ങളിലെ സംവിധാനവും ശ്രീനിവാസന് തന്നെ ചെയ്തിരിക്കുവാനാണ് സാധ്യത. സായികുമാര്‍, ഇന്ദ്രജിത്ത്, ജ്യോതിര്‍മയി, നെടുമുടി വേണു, ഉര്‍വ്വശി, സലിം കുമാര്‍, കലാഭവന്‍ ജാഫര്‍, ജഗന്നാഥവര്‍മ്മ, ദേവി ചന്ദന എന്നവര്‍ അവതരിപ്പിക്കുന്ന, വേണ്ടതും വേണ്ടാത്തതുമായ ഒട്ടേറെ കഥാപാത്രങ്ങളുമുണ്ടിതില്.
ഒ.എന്‍.വി എഴുതി, എസ്.പി. വെങ്കിടേഷ് സംഗീതം നല്‍കിയിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ ദയനീയം എന്നേ വിശേഷിപ്പിക്കുവാനാവൂ. അവയുടെ ചിത്രീകരണമാവട്ടെ അതിലേറെ അരോചകവും. ജേക്കബ് ജോര്‍ജ്ജെന്ന പോലീസ് ഉദ്യോഗസ്ഥനായുള്ള ശ്രീനിവാസന്റെ പ്രകടനം മാത്രമാണ് പ്രേക്ഷകന് അല്പമെങ്കിലും ആശ്വാസം നല്‍കുന്നത്. “ശ്രീനിവാസന് സംവിധാനം ചെയ്തതോ അഭിനയിക്കുന്നതോ ആയ ഏതൊരു ചിത്രത്തിനും, മലയാളികള്‍ നല്കുന്ന പരിഗണനയും, വിശ്വാസവും കണക്കിലെടുത്തെങ്കിലും; ശ്രീനിവാസന് ഇതില്‍ അഭിനയിക്കാതിരുന്നിരുന്നെങ്കില്...” എന്നാഗ്രഹിച്ചു പോവും, ശ്രീനിയെ സ്നേഹിക്കുന്ന ഏതൊരു പ്രേക്ഷകനും!
Keywords: Ayurrekha, Ayurekha, Ayurreka, Ayureka, Sreenivasan, Srinivasan, G.M. Manu, Lekshmi Sarma, Indrajith, Sai Kumar, Jyothirmayi, November Release, Malayalam Movie Review, Film, Cinema.
--
‘അറബിക്കഥ’യെന്ന സൂപ്പര്‍ ഹിറ്റിനു ശേഷം ശ്രീനിവാസന് വീണ്ടും; ‘ആയുര്‍രേഖ’യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും...
ReplyDeleteഏതൊരു കയറ്റത്തിനും ഒരിറക്കമുണ്ടല്ലോ; അതുപോലെ ഏതൊരു സൂപ്പര്ഹിറ്റിനും ഒരു സൂപ്പര്ഫ്ലോപ്പും ഉണ്ടാവണമല്ലോ! :)
--
ഇന്നലെ അഴകിയ തമിഴ്മകന്‍ കണ്ടിട്ടിറങ്ങിയപ്പോള് ആയൂര്‍രേഖ കണ്ടാല്‍ മതിയാരുന്നു എന്ന് തോന്നിയതാ.. എന്തായാലും രക്ഷപ്പെട്ടു, അഴകിയ തമിഴ്മകന്‍ ഇത്ര ബോറല്ല..!
ReplyDeleteഞാനും ബാലുവിനെപ്പോലെ രാവിലെ 'അഴഗിയ തമിഴ് മഗന്' കണ്ടിറങിയപ്പോള് 'ആയുര്‍രേഖ' കണ്ടാല്‍ മതിയായിരുന്നു എന്നു വിചാരിച്ചതാ.!!ഇപ്പോ ഹാപ്പിയായി!!!!:-)
ReplyDelete@ ബാലു, അദൃശ്യന്‍,
ReplyDeleteഅപ്പോള്‍ ഞാനിനിയേതായാലും ‘അഴഗിയ തമിഴ് മഗന്’ കാണുന്നില്ല. :)
ഞാനുമൊന്ന് ഹാപ്പിയാവട്ടേന്നേ...
--
ഹരീ ഞാനിന്ന് സെക്കന്റ് ഷോവിനു പോകാനിരുന്നതാ...ഇവിടെ കൃത്യസമയത്ത് വന്നതുകൊണ്ട് രക്ഷപ്പെട്ടു......
ReplyDeleteവരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ..എനിക്കിന്നലെ ആയുര്‍രേഖ കാണേണ്ടി വന്നു.തുടക്കത്തിലും ഒടുക്കത്തിലും പിന്നെ അവിടവിടെയുമായി അര മണിക്കൂറോളം മുറിച്ചുനീക്കിയ നിലയില്‍!(റിലീസ് ദിവസം ഇതു കാണാനിടയായ ഹതഭാഗ്യരാണ് ഈ അന്തംവിട്ട വെട്ടലിനെക്കുറിച്ചു പറഞ്ഞുതന്നത്).കെ.കെ.സുധാകരന് രണ്ടുകൊല്ലം മുമ്പ് മനോരമ വാര്‍ഷികപ്പതിപ്പില്‍ എഴുതിയ “രേഖയില്‍ ഇല്ലാത്തത്” എന്ന നോവലെറ്റിന്റെ ചലച്ചിത്രാവിഷ്കാരമാണ് സംഗതി.അത് ഞാന്‍ നേരത്തെ വായിച്ചിരുന്നു.
ReplyDeleteരസകരമായ ഒരു കാര്യം കൂടി.ആയുര്‍രേഖ കലക്കന്‍ പടമാണെന്നും ഒരു കുറ്റാന്വേഷണകഥ ഇതിനേക്കാള്‍ ഗംഭീരമായി പറയാനാവില്ലെന്നുമൊക്കെ ദ് ഹിന്ദു പത്രത്തില്‍ റിവ്യൂ കണ്ടിരുന്നു!
സലിംകുമാറും ദേവി ചന്ദനയും പിന്നെ ഇക്കിളിപ്പാട്ടും പ്രതികാരവുമൊന്നും ഞാന്‍ കാണുമ്പോള്‍ ഇല്ല കേട്ടോ.കുറച്ചുകഴിഞ്ഞാല്‍ സിനിമ മൊത്തം മുറിച്ചുമാറ്റുമോ ആവോ?
ReplyDeleteഅയ്യയ്യോ... രക്ഷപ്പെട്ടു... ഇനി ആ വഴിക്കില്ലകേട്ടോ...
ReplyDelete@ടി.കെ. സുജിത്ത്,
ReplyDeleteഏതു കമന്റിനാണ് ഞാന്‍ മറുപടിയിടുക! സിനിമ മൊത്തം മുറിച്ചുമാറ്റുന്നതിനാണല്ലോ, തിയേറ്ററില്‍ പടം മാറുക എന്നു പറയുന്നത്. അധികകാലം തിയ്യേറ്ററില്‍ ഇത് ഉണ്ടാവാന്‍ സാധ്യതയില്ല. ഏതായാലും പ്രസക്തഭാഗങ്ങള്‍ മാത്രമാക്കി ചുരുക്കിയത് നന്നായി. :)
@ വക്രബുദ്ധി,
:)
--
എസ്.പി.വെങ്കിടേഷ് എന്ന പ്രതിഭയെ ഇതിലേക്ക് വലിച്ചിഴക്കണ്ട...അദ്ദേഹം ഇതിന്റെ BGM(പശ്ചാത്തല സംഗീതം) ചെയ്തു എന്നേയുള്ളൂ...സംഗീതം സാബിഷ് ജോര്‍ജ് ആണ്....
ReplyDelete