
പി.ടി. കുഞ്ഞിമുഹമ്മദ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രമാണ് പരദേശി. മോഹന്‍ലാല്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആന്റണി പെരുമ്പാവൂര്‍. ഇന്ത്യ-പാക്കിസ്ഥാന് വിഭജന സമയത്ത് സാഹചര്യങ്ങള്‍ മൂലം പാക്കിസ്ഥാനിലാവുകയും, പിന്നീട് ജന്മസ്ഥലത്ത് മടങ്ങിയെത്തിയപ്പോള്‍ പാക്ക് പൌരന്മാരായി ഇന്ത്യന്‍ നിയമം കരുതിപ്പോരുകയും ചെയ്ത ഒരുകൂട്ടം മനുഷ്യരുടെ കഥയാണിത്.
വലിയിടത്ത് മൂസ സാഹിബ് (മോഹന്‍ലാല്‍), ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ മകനാണ്. പക്ഷെ, ദൌര്‍ഭാഗ്യവശാല്‍ ഇന്ത്യ-പാക്കിസ്ഥാന് വിഭജനം നടക്കുന്ന സമയത്ത് മൂസ പാക്കിസ്ഥാനിലായിരുന്നു ജോലി നോക്കിയിരുന്നത്. പിന്നീട് അറുപതുകളില്‍ മടങ്ങിയെത്തിയപ്പോള്‍, മൂസയെ ഒരു പാക്കിസ്ഥാന് പൌരനായായിരുന്നു ഇന്ത്യന്‍ ഗവണ്മെന്റ് കണ്ടത്. മൂസയുടെ പ്രശ്നം തന്നെ അഭിമുഖീകരിക്കുന്ന ഒട്ടേറെപ്പേര്‍ ചുറ്റുവട്ടങ്ങളിലുണ്ട്. ഉഷ (പത്മപ്രിയ) എന്ന ഫ്രീലാന്‍സ് പത്രപ്രവര്‍ത്തക ഇവരുടെ വിവരങ്ങള്‍ അന്വേഷിക്കുവാനെത്തുന്നു. ഇവരുടെ അധികമാര്‍ക്കും അറിയാത്ത പ്രശ്നങ്ങളിലൂടെയും യാതനകളിലൂടെയുമാണ് ചിത്രത്തിന്റെ സഞ്ചാരം.
തിരഞ്ഞെടുത്തിരിക്കുന്ന വിഷയത്തിന്റെ ഗൌരവമാണ് ചിത്രത്തില്‍ എടുത്തു പറയേണ്ട ഒരു കാര്യം. അധികമൊന്നും ചര്‍ച്ചചെയ്യപ്പെടാത്ത, ഇങ്ങിനെയും ഇവിടെ നടക്കുന്നുണ്ടോ എന്ന് തോന്നിപ്പിക്കുന്നതാണ് ഈ വിഷയം. ഒരു ഡോക്യുമെന്ററിയായിപ്പോവാതെ ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുക വളരെ വിഷമം പിടിച്ച കാര്യമാണ്. എന്നാലിതില്‍ തിരക്കഥാകൃത്തുകൂടിയായ സംവിധായകന് വിജയിച്ചിരിക്കുന്നു എന്നു തന്നെ പറയണം. മൂസയുടെ മൂന്നു കാലഘട്ടങ്ങള്‍; യുവാവ്, മധ്യവയസ്കന്, വൃദ്ധന് എന്നിവ മോഹന്‍ലാല്‍ വളരെ തന്മയത്വത്തോടു കൂടി അവതരിപ്പിച്ചിരിക്കുന്നു. മേക്കപ്പിനപ്പുറം അഭിനയത്തിലൂടെയാണ് പ്രായവ്യത്യാസം പ്രേക്ഷകന് അനുഭവിക്കുക എന്നത് എടുത്തു പറയേണ്ടതാണ്. ഇതേ രീതിയില്‍ ഒരേ വ്യക്തിയുടെ രണ്ട് പ്രായങ്ങള് ജഗതി ശ്രീകുമാര്‍, ശ്വേത മേനോന്, കലാമണ്ഡലം കേശവന്, സിദ്ദിഖ്, ടി.ജെ. രവി, വി.കെ. ശ്രീരാമന് തുടങ്ങിയവരും ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. ഇവരെല്ലാവരും തന്നെ കഥാപാത്രത്തിനു ചേരുന്ന രീതിയില്‍ മികച്ച അഭിനയം കാഴ്ചവെച്ചിരിക്കുന്നു. ശ്വേത മേനോന് അവതരിപ്പിച്ച മൂസയുടെ ഭാര്യയുടെ കഥാപാത്രം മാത്രം കുറച്ചു കൂടി മെച്ചപ്പെടുത്തുവാന്‍ സാധ്യത ഉള്ളതായി തോന്നി. പത്രപ്രവര്‍ത്തകയുടെ വേഷത്തില്‍ പത്മപ്രിയ, മൂസയുടെ അമ്മായിയുടെ മകള്‍ ഖദീജയായി ലക്ഷ്മി ഗോപാലസ്വാമി എന്നിവരും നന്നായി. ഇവരെക്കൂടാതെ റിസബാവ, കൊച്ചിന് ഹനീഫ, ജഗദീഷ്, സീനത്ത്, മധുപാല്‍, സുരേഷ് കൃഷ്ണ തുടങ്ങി ഒട്ടേറെപ്പേര്‍ ചിത്രത്തിലുണ്ട്.
റഫീഖ് അഹമ്മദ് എഴുതി; രമേശ് നാരായണന്, ഷഹ്ബാസ് അമ്മന്‍ എന്നിവര്‍ സംഗീതം ന്നല്കിയിരിക്കുന്ന ഗാനങ്ങളും; അതിഭാവുകത്വങ്ങളില്ലാത്ത ഗാനരംഗങ്ങളും ചിത്രത്തോടിണങ്ങുന്നു. മൂസയെ കേന്ദ്രീകരിച്ച് നീങ്ങുന്ന കഥയില്‍, മറ്റുള്ളവരുടെ ജീവിതവും നന്നായി ഇണക്കിച്ചേര്‍ത്തിരിക്കുന്നു. പ്രധാനമായും ഫ്ലാഷ്ബാക്കുകളിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടുപോവുന്നത്. കെ.ജി. ജയന്റെ ഛായാഗ്രഹണവും, ഡോണ്‍ മാക്സിന്റെ സ്ഥിരം ശൈലിവിട്ടുള്ള ചിത്രസംയോജനവും എടുത്തു പറയേണ്ടവ തന്നെ. ഇത്തരമൊരു വിഷയം, അതിന്റെ ഗൌരവം ഒട്ടും ചോര്‍ന്നുപോവാതെ, ഒരു ചലച്ചിത്രമാക്കി ജനങ്ങളിലെത്തിക്കുവാന്‍ മനസുകാണിച്ച ഇതിന്റെ പിന്നിലുള്ള എല്ലാവരും അഭിനന്ദനമര്‍ഹിക്കുന്നു. “എല്ലാ ജനങ്ങള്‍ക്കും സൌജന്യമായി സോപ്പ് വിതരണം ചെയ്യുമെന്ന് ആരോഗ്യമന്ത്രി പ്രസ്താവിച്ചു” എന്ന വാര്‍ത്ത കേള്‍ക്കുന്ന മൂസയ്ക്കു തോന്നുന്ന നിസംഗത പ്രേക്ഷകനും അനുഭവിക്കുന്നു. അതുതന്നെയാണ് ഈ ചിത്രത്തിന്റെ വിജയവും. വിനോദമെന്നതിലുപരി ഗൌരവപൂര്‍ണ്ണമായ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തുവാന്‍ സാധിച്ചേക്കാവുന്ന, എന്നാല്‍ ഒരു സിനിമയെന്ന മാധ്യമത്തിന്റെ സ്വഭാവങ്ങള്‍ കൈവെടിയാത്ത, ഇത്തരം ചിത്രങ്ങള്‍ ഇനിയുമുണ്ടാവുമെന്ന് നമുക്കാശിക്കാം.
--
സന്ദര്‍ശിക്കാവുന്ന മറ്റിടങ്ങള്‍:
• പരദേശി - ഇന്ദുലേഖ
• പരദേശി - മലയാളം മൂവി റിവ്യൂസ്
Read More:
• Sify Movies
• IndiaGlitz
Keywords: Paradeshi, Paradesi, Pardesi, Mohanlal, K.T. Kunjimuhammad, Padmapriya, Lekshmi Gopalaswami, Swetha Menon, Antony Perumpavur, Aashirvad Cinemas, Eid, Pooja, Navarathri Release, Malayalam Film Reviews, Movie, Cinema, October.
--
ഒരിടവേളയ്ക്കു ശേഷം മലയാളസിനിമ വീണ്ടും സജീവമാവുന്നു. മോഹന്‍ലാല്‍ - കെ.ടി. കുഞ്ഞിമുഹമ്മദ് എന്നിവര്‍ ഒന്നിക്കുന്ന ‘പരദേശി’ എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete--
അവസാനം ഒരു റിവ്യൂ വന്നു...
ReplyDelete6.5 അത്രേ ഉള്ളോ ? ഹലോ 7.5 ആയിരുന്നു...
ഇനി ഹിറ്റ് കൂടിക്കോളും
ഹരീ
ReplyDeleteകാത്തിരുന്നു കാണാം..... കേരളത്തിലെ പ്രേക്ഷകര്‍
പലപ്പോഴും വിധിയെ മറിച്ചിടാറുണ്ടു
പക്ഷേ മോഹന്‍ലാലിന്റെ മറ്റൊരു മികച്ച അഭിനയകല ഇവിടെ തെളിയിക്കപ്പെടും...സംശയമില്ല.
നന്മകള് നേരുന്നു
സമ്മതിച്ചിരിക്കുന്നു ഹരിയെ. ഇന്നു റിലീസ് ചെയ്ത പടം ഇത്ര വേഗം കണ്ട് റിവ്യൂ എഴുതിക്കഴിഞ്ഞോ!
ReplyDeleteപരദേശി ഈ ഞായറാഴ്ച എന്തായാലും കാണണം. എന്നിട്ട് അഭിപ്രായം എഴുതാം
ഹൊ യോഗ്യന്‍ പടം കണ്ടിറങ്ങി റിവ്യൂ ഇട്ടല്ലോ. യാതൊരു തെറ്റും മഹാനായ ഹരി ഈ റിവ്യൂവില്‍ എഴുതി കണ്ടില്ല. പക്ഷെ കൊടുത്തിരിക്കുന്ന പോയിന്റ് വെറും ആറര. ബാക്കി മൂന്നര പൊയിന്റ് നല്കാതിരുന്നതിന്റെ കാരണങ്ങള്‍ കൂടി എഴുതിയിരുന്നെങ്കില്‍ കുഴപ്പം ഇല്ലായിരുന്നു. വായില്‍ വരുന്നത് കോതക്കു പാട്ടു. ഇപ്പം മമ്മുണ്ണി ആയിരുന്നു ഇതില്‍ അഭിനയിച്ചിരുന്നെങ്കില്‍ പത്തില്‍ പതിനൊന്നു കൊടുത്തേനെ ഇവന്.
ReplyDeleteഇങ്ങനെ ഒരു പടം പ്രൊഡൂസ് ചെയ്ത ആന്റണി പെരുംബ്ബാവൂരിനു അഭിനന്ദനങ്ങള്‍. നല്ല പബ്ലിസിറ്റിയോടെ ഡിസ്റ്റ്രിബ്യൂട്ട് ചെയ്ത പിരമിഡ് സമീരക്കും അഭിനന്ദനങ്ങള്‍.
“ എന്റെ ഒരു സിനിമ പോലും ഫ്ലോപ്പ് ആയിട്ടില്ല എന്നിട്ടും എന്റെ ക്രോണിക്ക് ബാച്ചിലറിനു ഡിസ്ട്രിബ്യൂട്ടറെയും ഓടിക്കാന്‍ തിയേറ്ററും കിട്ടാത്തത് എന്നെ മലയാള സിനിമയില്‍ നിന്നും മാനസികമായി അകത്തി” - സിദ്ദിക്ക്.
ഹരീ...
ReplyDeleteനല്ല വിവരണം.
:)
കേട്ടിട്ട് കഥ കൊള്ളാംന്നു തോന്നുന്നു. പക്ഷെ കുറെ അവാര്‍ഡുകള്‍ കിട്ടിയേക്കാം എന്നല്ലാതെ നമ്മുടെ നാട്ടില്‍ ഇത്തരം സിനിമകള്‍ ഓടുമോ??
ReplyDeleteഓ.ടോ. ഹരി സിനിമാ കൊട്ടകേല് ഓപറേറ്റര്‍ ആണല്ലേ. ഇല്ലെങ്കില്‍ ഇറങ്ങിയ പാടേ എങ്ങനെയാ ഈ സിനിമകളൊക്കെ കാണുന്നത് ;-)
ഓടുമോ എന്ന് കണ്ടറിയണം.
ReplyDeleteവിവരണം നന്നായി
:)
ഉപാസന
ഹരി..!
ReplyDeleteനിരൂപണം നന്നായിട്ടുണ്ട്..!എന്തായാലും പടം കാണണം.
@ ദീപു,
ReplyDeleteഹലോയും പരദേശിയുമായി താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ലല്ലോ! പിന്നെ, ഒന്ന് മറ്റൊന്നിനോട് താരതമ്യം ചെയ്ത് റേറ്റിംഗ് നല്‍കുക എന്നതല്ല എന്റെ രീതി, ഓരോന്നും എത്രമാത്രം എനിക്ക് ആസ്വാദ്യകരമായി എന്നതനുസരിച്ചാണ് റേറ്റിംഗ് നല്‍കുന്നത്. (നര്‍മ്മമാണ് ആസ്വാദനത്തിന്റെ അളവുകോല്‍ എന്നൊരു കാഴ്ചപ്പാട് എനിക്കില്ല കേട്ടോ.)
@ മന്‍സൂര്‍,
നന്ദി. :) മോഹന്‍ലാലിന്റെ അഭിനയം വളരെ നന്നായിട്ടുണ്ട് ഇതില്‍, സംശയമേയില്ല.
@ മാരാര്‍,
:) തീര്‍ച്ചയായും കണ്ട ശേഷം അഭിപ്രായമെഴുതൂ.
@ വിന്‍സ്,
തീര്‍ച്ചയായും കുഴപ്പങ്ങള്‍ ചൂണ്ടിക്കാട്ടുവാന്‍ കഴിയും. പക്ഷെ, അതോടൊപ്പം കഥയും പൂര്‍ണ്ണമായി ഇവിടെ പറയേണ്ടി വരും. അതിനാലാണ് അതിനു മുതിരാതിരുന്നത്. പ്രധാന പോരായ്മയായി എനിക്ക് തോന്നിയത്, ഈ വിഷയത്തിന്റെ മറുവശം - ഇവരുടെ പാക്കിസ്ഥാനിലെ അവസ്ഥകള്‍, ചര്‍ച്ചചെയ്യപ്പെടുന്നില്ല എന്നതാണ്. ഡയലോഗുകളിലൂടെ ഭീകരന്മാരാണ് എന്നൊരു ധ്വനി നല്‍കുക മാത്രമാണ് ചെയ്തിരിക്കുന്നത്. നിയമാനുസൃതമായി ഇന്ത്യയിലേക്ക് വരുവാന്‍ എന്തുകൊണ്ട് ഇവരാരും ശ്രമിക്കുന്നില്ല എന്നതും വ്യക്തമാവുന്നില്ല. കഥാപാത്രങ്ങളുടെ പെരുപ്പം, സംഭവങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നതിലെ ആശയകുഴപ്പങ്ങള്‍ എന്നിവയൊക്കെ ഈ ചിത്രത്തിന്റെ ആകര്‍ഷണീയത കുറച്ച ഘടകങ്ങളാണ്.
@ ശ്രീ,
നന്ദി :)
@ കൊച്ചുത്രേസ്യ,
ഓടട്ടെ, എന്നു നമുക്കാശിക്കാം. :)
എന്നാലും ഇത്രേം വലിയ സത്യങ്ങളൊക്കെ ഇങ്ങിനെ വിളിച്ചു പറയാമോ? പത്താം തരം പാസായ ബുദ്ധി കളഞ്ഞുപോയിട്ടില്ല, ഭാഗ്യം! :)
@ എന്റെ ഉപാസന,
നന്ദി :)
@ സന്തോഷ് ബാലകൃഷ്ണന്,
നന്ദി. തീര്‍ച്ചയായും കാണൂ, കണ്ടിട്ട് അഭിപ്രായവും പറയൂ. :)
--
ഹരീ...
ReplyDeleteവളരെ നേരത്തെ ഒരു റിവ്യൂ ഇട്ടതിന് നന്ദി.
കെ.ടി. കുഞ്ഞുമുഹമ്മദ് എന്നത് പി.ടി കുഞ്ഞുമുഹമ്മദ്
എന്ന് തിരുത്തുമല്ലോ?.
സമീപ കാല അവലോകനങ്ങള്‍ തീര്‍ത്തും ഉപരിപ്ളവമാകുന്നു.
പരദേശിയുടെ പ്രമോ കണ്ടപ്പോള്‍ മേക്കപ്പ് ഫാന്‍സീ ഡ്രസ്
മത്സരത്തിന്റേതു പോലെ തോന്നി.
വ്യാജ സീഡി വരാന്‍ കാത്തിരിക്കുന്നു.
KT alla PT.Ithokke basics alley?
ReplyDeleteThanks for the review!
@ പതാലി,
ReplyDeleteതെറ്റ് ചൂണ്ടിക്കാട്ടിയതിനു നന്ദി. :) തിരുത്തിയിട്ടുണ്ട്. ഒന്നുകൂടി കണ്‍ഫേം ചെയ്തിട്ടു തിരുത്താം എന്നു കരുതിയാണ് താമസിച്ചത്. മറ്റൊരു കാര്യം, അദ്ദേഹത്തിന്റെ പേര് കുഞ്ഞുമുഹമ്മദല്ല, കുഞ്ഞിമുഹമ്മദാണ്. :)
@ ധന്യ,
ശരിയാണ്. പക്ഷെ, തെറ്റുകള്‍ മനുഷ്യസഹജവുമല്ലേ? :)
--
ഹരീ...
ReplyDeleteകാസര്‍കോട് ഭാഗത്താണ് കുഞ്ഞിമുഹമ്മദ് എന്ന പേര് വ്യാപകമായുള്ളത്. തെക്കന്‍ മേഖലയില്‍ കുഞ്ഞുമുഹമ്മദ് തന്നെയാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പേര് കുഞ്ഞുമുഹമ്മദ് എന്നു തന്നെയാണെന്നാണ് എന്റെ ഉത്തമ വിശ്വാസം.
വെബ്സൈറ്റുകളിലും വാര്‍ത്തകളിലും മറ്റും കുഞ്ഞുവും കുഞ്ഞിയും ഉപയോഗിക്കുന്നുണ്ടെങ്കിലും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റേത് ഉള്‍പ്പെടെയുള്ള ഔദ്യോഗിക രേഖകളില്‍ കുഞ്ഞു മുഹമ്മദ് എന്നാണ് കാണുന്നത്.
ഈ ലിങ്കില്‍ നോക്കിയാല്‍ അത് അറിയാന്‍ കഴിയും.
http://archive.eci.gov.in/May2006/pollupd/ac/states/S11/..%5C..%5C..%5C..%5C..%5CElectionAnalysis%5CAE%5CS11%5CPartycomp65.htm
അതുമല്ലെങ്കില്‍ അദ്ദേഹത്തെ തന്നെ ഒന്നു വിളിച്ചു ചോദിക്കുക.
@ പതാലി,
ReplyDeleteനീളമുള്ള ലിങ്ക് ഇങ്ങിനെ നല്കിയാല് ഉപയോഗപ്രദമാവില്ല. a-ടാഗിനുള്ളില്‍ നല്‍കൂ. (കൂടുതല്‍ വിവരങ്ങള്‍ ഇവിടെ കിട്ടും.) പിന്നെ ഗവണ്മെന്റ് രേഖകളില്‍ കാണുന്ന പേരാണ് ശരി എന്നൊന്നും പറയുവാനൊക്കില്ല, വിദ്യാഭ്യാസ രേഖകളാണെങ്കില്‍ ശരി. :)
സിനിമയുടെ പോസ്റ്ററുകളില്‍ അങ്ങിനെയല്ല കാണുന്നത്. ടൈറ്റില്‍ എഴുതിക്കാണിച്ചപ്പോഴും ‘കുഞ്ഞി’ എന്നെഴുതിയത് ഞാന്‍ ശ്രദ്ധിച്ചിരുന്നു. (അതാണ് പി.കെ. മാറിപ്പോയത് :)
--
Hari, you have given 6.5 for Paradesi and 7 for Chocolate. No wonder, Malayala Cinema is...
ReplyDeleteഹരീ,
ReplyDeleteഈ കമന്റ്റ് ഹരിയുടെ നിരൂപണത്തിന്റ്റെ നിരൂപണമായി കാണരുതെ. ഇതു തീര്‍ത്തും എന്റ്റെ വീക്ഷണമാണ്.
2 ആഴ്ച മുന്‍പ് പരദേശി കണ്ടിരുന്നു. അണൌണ്‍സ് ചെയ്ത അന്നു മുതല്‍ ആ സിനിമയില്‍ നിന്ന് ഞാന്‍ പ്രതീക്ഷിച്ചതില്‍ ഒന്നും ആ ലെവലില്‍ കാണാന്‍ കഴിഞ്ഞില്ല എന്ന നിരാശയാണ് കണ്ട് കഴിഞ്ഞപ്പോള്‍ തോന്നിയത്.
മികച്ച അഭിനയം, സംവിധായകന്റ്റെ മഗ്രിബ്, ഗര്‍ഷോം എന്ന മുന്കാലസിനിമകളുടെ നിലവാരം, നല്ല തിരക്കഥ, നല്ല മാപ്പിള പാട്ടുകള്‍ , ഏറനാടിന്റ്റെ തനിമയാര്‍ന്ന മുസ്ലീംഭാഷ, ഗ്രാമ്യമുഖങ്ങള് നിറഞ്ഞ കഥപശ്ചാത്തലം – ഇതിലൊന്നും തന്നെ ലഭിക്കാഞ്ഞതിന്റ്റെ സങ്കടത്തിലായിരുന്നു ഞാനും, കൂടെ വന്ന അചഛനും അമ്മയും നല്ലപാതിയും. പ്രതീക്ഷിച്ച പോലെ സംഭവിച്ചതൊന്ന് മാത്രം- 26 വര്‍ഷത്തെ അഭിനയജീവിതത്തില്‍ ഇന്നേ വരെ ഒരു വൃദ്ധകഥാപാത്രം അഭിനയിപ്പിച്ച് ഫലിപ്പിക്കാനാവാത്ത മോഹന്‍ലാലിന്റ്റെ അഭിനയം. വിചാരിച്ച പോലെ തന്നെ മോശമായി തോന്നി അത്.
മുഖ്യ കഥാപാത്രമായ വലിയകത്ത് മൂസയായുള്ള ആംഗിക വാചിക ആഹാര്യ സാത്വികാദി അഭിനയത്തില്‍, ആഹാര്യമൊഴിച്ച് (മേക്കപ്പ്) മറ്റെല്ലാതും മോഹന്‍ലാല്‍ എന്ന മികച്ച നടനെ കുറിച്ച അറിയുന്നവര്‍ക്ക് മോശമായ് അനുഭവപ്പെടാതിരിക്കില്ല. ശബ്ദവ്യതിയാനത്തിലെ മികച്ച പ്രകടനം അദ്ദേഹത്തിന് അപ്രാപ്യമായ് തന്നെ തുടരുന്നു എന്നതും വേദനാജനകം. പക്ഷെ വലിയകത്ത് മൂസയുടെ ചെറുപ്പകാലം മോഹന്‍ലാല്‍ മനോഹരമാക്കി. എടുത്ത് പറയാവുന്ന ഒരു രംഗം - ‘തട്ടം പിടിച്ച് വലിക്കല്ലേ, തൊട്ടാവാടിച്ചെടിയേ…’ എന്ന ഗാനരംഗത്തെ ‘മനസ്സില്‍ മറച്ചു വെച്ച പ്രണയത്തിന്റ്റെ വിങ്ങലും, അസ്വസ്ഥതയും നായിക പാടി അറിയിക്കുമ്പോള്‍, അതിന്റ്റെ റിയാക്ഷന്‍സ് മനോഹരമായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
അഭിനയത്തിന്റ്റെ സ്കൂളില്‍ നഴ്സറിയില്‍ നിന്നു ഇനിയും പാസാവാത്ത ശ്വേതാമേനോന്റ്റെ ‘അഭിനയ’വും എടുത്ത് പറയേണ്ടതാണ്! ഡബ്ബിങ് ആര്ട്ടിസ്റ്റിന്റ്റെ മികവ് ഒന്നു കൊണ്ടു മാത്രം ആ കഥാപാത്രം ‘സഹിക്കബിള്‍’ ആയി തോന്നി.
നിലമ്പൂര്‍ ആയിഷ, ടി.ജി. രവി, സീനത്ത്, സോനാ നായര്‍, ശ്രീരാമന്, പദ്മപ്രിയ, പിന്നെ പേരറിയാത്ത ഒരു വയസ്സന് എന്നിവരാണ് മറ്റുള്ളവരേക്കാള്‍ നന്നായി തോന്നിയത്. സിദ്ദിക്കിന് കാര്യമായി ഒന്നും ചെയ്യനുണ്ടായിരുന്നില്ല. ജഗതിയുടെ കഥാപാത്രം സ്ക്രീനില്‍ വരുന്ന സമയങ്ങള്‍ ‘മിസ്പ്ലേസ്ഡ്’ ആയ പോലെ തോന്നി. മികച്ചതാക്കി ഡെവെലപ്പ് ചെയ്യാമായിരുന്ന കഥാപാത്രം ഒന്നുമല്ലാതാക്കി മാറ്റി.
ഒറ്റപ്പെട്ട ചില നല്ല മുഹൂര്‍ത്തങ്ങളും സംഭാഷണങ്ങളുമൊഴിച്ചാല്, ആകെ മൊത്തം ടോട്ടല്‍ വല്ലാത്തൊരു നിരാശയായി പോയി പരദേശി എന്ന് പറയാതെ തരമില്ല.
സസ്നേഹം
ദൃശ്യന്‍
@ വിളകുടി,
ReplyDeleteകമന്റ് പൂര്ണ്ണമായില്ലേ?
@ ദൃശ്യന്‍,
തീര്‍ച്ചയായും. ഇതേ അഭിപ്രായമുള്ള പലരുമായും നേരിട്ട് സംസാരിക്കുവാനും സാധിച്ചിട്ടുണ്ട്. ആ സിനിമ എനിക്കിഷ്ടപ്പെടുവാനുള്ള ഒരു കാരണം, അതിന്റെ പ്രമേയമാണ്. ഏകപക്ഷീയമാണ്, ഒരുപക്ഷെ അല്പം അതിഭാവുകത്വവും ഉണ്ടാവാം (അറിയില്ല); എങ്കിലും ആശയം നന്നായി സംവേദിക്കുന്നുണ്ട് ഇതിലൂടെ എന്നു തന്നെയാണ് തോന്നുന്നത്. ശരിയാണ്, വൃദ്ധനായുള്ള അഭിനയത്തേക്കാള്‍ മോഹന്‍ലാലിന്റെ നന്നായത് ചെറുപ്പമായും മദ്ധ്യവയസ്കനായുമുള്ള അഭിനയമാണ്. എന്നാല്‍, മറ്റുള്ള കഥാപാത്രങ്ങള്‍ക്ക് വളരെക്കുറച്ച് സമയം മാത്രമേ ആ രീതിയില്‍ അഭിനയിക്കേണ്ടി വരുന്നുള്ളൂ എന്നതും നമ്മള് കണക്കിലെടുക്കേണ്ടതുണ്ട്. അവരെ വിലയിരുത്തുവാന്‍ നമുക്ക് ഒന്നോ രണ്ടോ ഷോട്ട് മാത്രം ലഭിക്കുമ്പോള്‍, മോഹന്‍ലാലിന്റെ വൃദ്ധവേഷം സിനിമയുടെ പകുതിഭാഗത്തുമുണ്ട്, ശരിയല്ലേ? അങ്ങിനെയും കൂടി ചിന്തിക്കുമ്പോള്‍ അഭിനയം മോശമായി എന്നുപറയുവാനൊക്കുമോ?
ഒരുപക്ഷെ, ഇന്നു കണ്ടാല്‍ എനിക്കും നിരാശയാവും ‘പരദേശി’ നല്‍കുക, കാരണം ആ ആശയത്തിന്റെ പുതുമ ഇനിയില്ലല്ലോ! :)
--