
പ്രായമാവുമ്പോഴുള്ള ഒറ്റപ്പെടലിന്റെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു സിനിമയാണ് ‘തനിയെ’. നവാഗതനായ ബാബു തിരുവല്ലയാണ് ചിത്രത്തിന്റെ സംവിധാനം. സംവിധായകന്റെ തന്നെ കഥയ്ക്ക്, അദ്ദേഹവും നെടുമുടി വേണുവും ചേര്‍ന്ന് തിരക്കഥയും സംഭാഷണങ്ങളുമെഴുതിയിരിക്കുന്നു. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഫ്രണ്ട്സ് ഓഫ് തിരുവല്ല(ദോഹ).
സമ്പന്നനായ ജോര്‍ജ്ജ് കുട്ടിക്ക്(നെടുമുടി വേണു) പ്രായമേറെയായി. ഭാര്യ മരിച്ചിട്ടും വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. ഭാര്യയോടും മകളോടുമൊപ്പം അമേരിക്കയിലാണ് ഏക മകന്, ഡോ. അലക്സാണ്ടര്‍. ഈ പ്രായത്തിലും നല്ല ശാരീരികക്ഷമതയുള്ള ജോര്‍ജ്ജ് കുട്ടിക്ക്, പ്രായമായപ്പോഴുള്ള ഒറ്റപ്പെടലിന്റെ വ്യാകുലതകളാണേറെയും. ആദ്യമെത്തുന്ന ഹോം നേഴ്സില്‍ ജോര്‍ജ്ജ് കുട്ടി തൃപ്തനല്ല, എന്നാല്‍ പിന്നീടെത്തുന്ന സിസ്റ്റര്‍(ലക്ഷ്മി ഗോപാലസ്വാമി) ജോര്‍ജ്ജ് കുട്ടിയെ തിരികെ ജീവിതത്തിലേക്കെത്തിക്കുന്നു. മകന്റെ ഭാര്യയുടെ അമ്മ ശോശാമ്മ(കെ.പി.എ.സി. ലളിത)യും റിച്ചി(അശോകന്)യും, അമേരിക്കയിലുള്ള മകന്റെ നിര്‍ദ്ദേശപ്രകാരം ബംഗ്ലാവ് ഒരു വീടാക്കുവാന് പ്ലാനിടുന്നു. ഒടുവില്‍ മകന് തിരിച്ചെത്തുന്നു, ജോര്‍ജ്ജ്കുട്ടിയ്ക്ക് മകന്റെ തിരിച്ചുവരവ് പക്ഷെ ആശ്വാസമാവുന്നില്ല, സിസ്റ്റര്‍ നല്കിയ സമാധാനം നഷ്ടപ്പെടുകയും ചെയ്യുന്നു.
വളരെ കുറച്ച് കഥാപാത്രങ്ങളാണ് ഈ ചിത്രത്തിലുള്ളത്, ജോര്‍ജ്ജ്കുട്ടിയും സിസ്റ്ററുമായുള്ള സംഭാഷണങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. ബംഗ്ലാവിലെ ജോലിക്കാരനായ പാപ്പിയായി മാമുക്കോയയും ചിത്രത്തിലുണ്ട്. നെടുമുടി വേണു ജോര്‍ജ്ജ്കുട്ടിയെ നന്നായി അവതരിപ്പിച്ചിരിക്കുന്നു. കെ.പി.എ.സി. ലളിത, അശോകന് എന്നിവരും നന്നായിത്തന്നെ തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഗാനങ്ങള്‍ ഒഴിവാക്കിയിരിക്കുന്ന ചിത്രത്തിന്, പിന്നണിസംഗീതം നല്‍കിയിരിക്കുന്നത് ഐസക് തോമസ് കടുകാപ്പള്ളി. ചിത്രത്തിന്റെ ‘മൂഡ്’ സൃഷ്ടിക്കുന്നതില്‍ പിന്നണിസംഗീതത്തിന് ഇതില്‍ ചെറുതല്ലാത്ത പങ്കുണ്ട്.
ലക്ഷ്മിഗോപാലസ്വാമി അവതരിപ്പിച്ച സിസ്റ്റര്‍, അതിഭാവുകത്വമുള്ള ഒരു കഥാപാത്രമായിപ്പോയി. ഹോം നേഴ്സ് ഒരുപക്ഷെ രോഗിയ്ക്കുള്ള ഭക്ഷണം പാകം ചെയ്തേക്കാം, രോഗിയുടെ മുറി വൃത്തിയായി സൂക്ഷിച്ചേക്കാം; എന്നാല്‍ വീടും പരിസരവും വൃത്തിയാക്കാം, വീടുമുഴുവന്‍ അടിച്ചുവാരാം എന്നൊക്കെ പറയുന്നത് അവിശ്വസനീയം. ചിത്രത്തിന് മൊത്തം ഒരു ഇരുണ്ട ഛായയാണ്, ഇത് മനഃപൂര്‍വ്വം നല്കിയതാണോ, അതോ പിടിപ്പുകേടാണോ എന്ന് മനസിലായില്ല. ഏതുതന്നെയാണെങ്കിലും എല്ലാ സമയത്തും ഒരേപോലെയുള്ള പ്രകാശവിന്യാസം വല്ലാതെ മടുപ്പിച്ചു.
ഈ വര്‍ഷാദ്യം പുറത്തിറങ്ങിയ ‘ഏകാന്തം’ എന്ന ചിത്രത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഇന്നത്തെ വൃദ്ധരുടെ ആധികളും വ്യാധികളുമാണ് ‘തനിയെ’എന്ന ചിത്രത്തിലും. എങ്കിലും കുറച്ചുകൂടി നല്ല രീതിയില്‍ വിഷയം അവതരിപ്പിക്കുവാനും, പ്രേക്ഷകരോട് സംവേദിക്കുവാനും ഇതിന്റെ സംവിധായകനും മറ്റു കലാകാരന്മാര്ക്കും തനിയെയിലൂടെ കഴിഞ്ഞിട്ടുണ്ട്. സിനിമയെ ഒരു വിനോദോപാധി മാത്രമായിക്കാണുന്ന പ്രേക്ഷകര്‍ക്കു വേണ്ടിയുള്ള ഒരു സിനിമയല്ല ഇത്; പക്ഷെ, സിനിമ എന്ന മാധ്യമത്തെ; ഇതുപോലെ നമ്മുടെ ചുറ്റും നടക്കുന്ന നിസ്സാരമെന്ന് ഇന്നത്തെ തലമുറ കരുതുന്ന, എന്നാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സമൂഹത്തിലുണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുവാനും ഉപയോഗിക്കാം എന്നു മനസിലാക്കുവാനെങ്കിലും ഈ ചിത്രം കണ്ടിരിക്കുന്നത് നന്നായിരിക്കും; പ്രത്യേകിച്ചും വാണിജ്യസിനിമയെന്ന പേരില്‍ എന്തും പടച്ചുവിടുവാന്‍ ധൈര്യം കാണിക്കുന്ന ഇവിടുത്തെ നിര്‍മ്മാതാക്കളും സംവിധായകരും.
--
സന്ദര്‍ശിക്കാവുന്ന മറ്റിടങ്ങള്‍:
• തനിയെ - മലയാളം മൂവി റിവ്യൂസ്
•
Read More:
•
•
Keywords: Thaniye, Nedumudi Venu, Lekshmi Gopalaswami, Babu Thiruvalla, Asokan, KPAC Lalitha, Mamukkoya, Malayalam Movie Review, Film, Cinema, July Release.
--
പ്രായമാവുമ്പോഴുള്ള ഒറ്റപ്പെടലിന്റെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യപ്പെടുന്ന ചലച്ചിത്രമാണ് ‘തനിയെ’. നവാഗതനായ ബാബു തിരുവല്ലയാണ് ചിത്രത്തിന്റെ സംവിധാനം. നെടുമുടി വേണു, ലക്ഷ്മിഗോപാലസ്വാമി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeleteഓഫ്: സത്യം പറഞ്ഞാല്‍, ഒടുവില്‍ നെടുമുടി വേണുവിന്റെ അവസ്ഥ കണ്ട്, എനിക്കും പ്രായമാവുമല്ലോ എന്നൊര്‍ത്തപ്പോള്‍, ഒന്നു ഞെട്ടി! :|
--
ഹരീ....
ReplyDeleteടെലിവിഷനില്‍ ലക്ഷ്മി ഗോപാലസ്വാമിയുടെ ഇന്റര്വ്യുവിനൊപ്പം ചില രംഗങ്ങള്‍ കണ്ടപ്പോള്‍തന്നെ തനിയെ നല്ലൊരു ചിത്രമാണെന്നതിന്റെ സൂചനകളുണ്ടയിരുന്നു. ഏതായാലും വൈകാതെ ഒരു അവലോകനം ഇട്ടതിന് നന്ദി. ചിത്രത്തിന് തിയേറ്ററുകളില്‍ കാര്യമായ പ്രതികരണം ഉണ്ടാവില്ലല്ലോ അല്ലേ.
ഹോം നഴ്സ് വീട്ടു ജോലി ചെയ്യുമോ എന്ന സംശയത്തിന് അടിസ്ഥാനമില്ല. ഹോം നഴ്സുമാരുടെ ജോലി കൃത്യമായി നിര്‍ണയിക്കപ്പെട്ടിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കിയശേഷമാണ് ബന്ധപ്പെട്ട സ്ഥാപനം അവരെ വീട്ടുകാര്‍ക്കൊപ്പം അയക്കുന്നത്. പക്ഷെ, പല ഹോംനഴ്സുമാരും വീട്ടുകാരുമായി അടുക്കുന്നതോടെ കുടുംബാംഗത്തെപ്പോലെയാണ് കഴിയുന്നത്. പ്രത്യേകിച്ചും പ്രായമായവര്തന്നെയുള്ള വീടുകളില്‍ അവര്‍ക്ക് മക്കളുടെ സ്വാതന്ത്ര്യം ലഭിക്കുന്പോള്‍ ഏതു ജോലിയും ചെയ്യാന്‍ സന്നദ്ധരാവുക സ്വാഭാവികം.
ഇത്തരം ഒട്ടേറെ ഉദാഹരണങ്ങള്‍ അറിയാവുന്നതുകൊണ്ടാണ് ഇത്രയും പറഞ്ഞത്.