
മായാവി എന്ന മമ്മൂട്ടി ചിത്രത്തിന്റെ തിരക്കഥയിലൂടെ രണ്ടാം വരവു നടത്തിയ റാഫി-മെക്കാര്‍ട്ടിന്‍ സഖ്യം കഥ-തിരക്കഥ-സംഭാഷണം-സംവിധാനം എന്നിവ നിര്‍വ്വഹിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് 'ഹലോ'. ജോയ് തോമസ് ശക്തികുളങ്ങരയാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പ്രേക്ഷകരെ രസിപ്പിക്കുക എന്ന ലക്ഷ്യത്തിലുള്ള ഈ ചിത്രം അതില്‍ വിജയിച്ചിരിക്കുന്നു. രണ്ടേമുക്കാല്‍ മണിക്കൂറോളമുള്ള 'ഹലോ’ ഒരു സമയത്തും പ്രേക്ഷകനെ മുഷിപ്പിക്കുന്നുമില്ല.
തന്റെ കാമുകിയുടെ ദാരുണമായ മരണത്തിന് കാരണക്കാരായ അച്ഛനമ്മമാരോടും അനുജനോടുമുള്ള പ്രതികാരമായി, കുടിച്ചു നശിക്കുകയെന്ന ഒറ്റ ലക്ഷ്യത്തോടെ ജീവിക്കുന്ന അഡ്വ. ശിവരാമന് നമ്പ്യാരുടെ(മോഹന്‍ലാല്‍) കഥയാണിത്. ചാരായം വാറ്റുന്നതില്‍ നിപുണനായ, റെയ്ഡിന് പോലീസെത്തുമ്പോള്‍ അവരെ ഓടിത്തോല്‍പ്പിക്കുന്ന, ചാണ്ടിക്കുഞ്ഞാ(ജഗതി ശ്രീകുമാര്‍)ണ് ശിവരാമന്റെ സന്തതസഹചാരി. കള്ളുകുടിച്ചും ബാറുകളില്‍ തല്ലുണ്ടാക്കിയും കാലം കഴിക്കുന്ന ശിവരാമിന്റെ മൊബൈലിലേക്ക് ഒരു പെണ്‍കുട്ടി, തന്റെ ജീവന് രക്ഷിക്കണമെന്ന് അപേക്ഷിച്ച്, വിളിക്കുന്നു. സമ്പന്നനായ മാര്‍വാഡി(മധു)യുടെ ഒറ്റമകളായ പാര്‍വതി(പാര്‍വതി മില്‍ട്ടണ്‍) ആയിരുന്നു ആ പെണ്‍കുട്ടി. അവളെ അപായപ്പെടുത്തുവാന്‍ ശ്രമിക്കുന്നതാവട്ടെ, സ്വത്തു തട്ടിയെടുക്കുവാന്‍ തക്കം പാര്‍ത്തിരിക്കുന്ന ബന്ധുമിത്രാദികള്‍ തന്നെയും. പ്രത്യേക സാഹചര്യങ്ങളില്‍ പാര്‍വതിയുടെ സംരക്ഷണം ശിവരാമന് ഏറ്റെടുക്കേണ്ടിവരുന്നു. അതോടെ പാര്‍വതിയുടെ ബന്ധുക്കളും ശിവരാമന് എതിരാവുന്നു. പാര്‍വതിയുടെ അച്ഛനെ സത്യാവസ്ഥകള്‍ മനസിലാക്കിക്കുവാന്‍ ശിവരാമന് നടത്തുന്ന ശ്രമങ്ങളാണ് തുടര്‍ന്ന്.
ചിത്രത്തിലെ മോഹന്‍ലാലിന്റെ അവതരണം പുതുമയുള്ളതും ആകര്‍ഷകവുമായി. നര്‍മ്മം കൈകാര്യം ചെയ്യുന്നതില്‍ മോഹന്‍ലാലിനുള്ള കഴിവ് പണ്ടേ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്, എന്നാലത് ഉപയോഗിക്കുവാന്‍ തക്ക മിടുക്കുള്ള സംവിധായകര്‍ ഇടക്കാലത്ത് മലയാള സിനിമയിലില്ലാതെ പോയി. ഇവിടെ മോഹന്‍ലാലൊരു തിരിച്ചുവരവു തന്നെയാണ് നടത്തിയിരിക്കുന്നത്. അഡ്വ. ശിവരാമന് എന്ന കഥാപാത്രത്തെ ഇതിലും മികച്ചതാക്കുവാന്‍ ഇന്ന് മറ്റൊരു നടനുണ്ടാവില്ല. പണക്കാരനായ അച്ഛന് - ഒറ്റ മകള്‍ - സ്വത്ത് തട്ടിയെടുക്കുവാന്‍ കൊലപാതകം വരെ ചെയ്യുവാന്‍ തയ്യാറാവുന്ന ബന്ധുക്കള്‍; പലതവണ കേട്ട കഥ തന്നെ. പക്ഷെ, അവതരണത്തിലേയും പാത്രസൃഷ്ടിയിലേയും വ്യത്യസ്തത ഈ ചിത്രത്തെ ആകര്‍ഷകമാക്കുന്നു. മോഹന്‍ലാല്‍, ജഗതി, സുരാജ്, സലിം കുമാര്‍ എന്നിവരുടെ നര്‍മ്മം പ്രേക്ഷകരെ നന്നായി ചിരിപ്പിക്കും. വയലാര്‍ ശരത്ചന്ദ്രവര്‍മ്മയെഴുതി അലക്സ്പോള്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങളും മോശമായില്ല. നൃത്തരംഗങ്ങളില്‍ ‘നൃത്തം’ സാധാരണ കാണാറുള്ളതിലും ഭേദമായി ചെയ്തിരിക്കുന്നു എന്നതും എടുത്തുപറയാവുന്നതാണ്.
ജനാര്ദ്ദനന്, സിദ്ദിഖ്, റിസബാവ, ജഗദീഷ്, മധു വാര്യര്‍, സ്ഫടികം ജോര്‍ജ്, ഭീമന് രഘു, കീരിക്കാടന്‍ ജോസ്, ഗണേഷ് കുമാര്‍, ജിഷ്ണു, സംവൃത സുനില്‍, മങ്ക മഹേഷ് എന്നിങ്ങനെ ഒരു നീണ്ട താരനിരതന്നെ ചിത്രത്തിലുണ്ട്. പാര്‍വതി മില്‍ട്ടണ്‍ എന്ന പുതുനായികയ്ക്ക് എപ്പോഴും ചിരിക്കുക, പാട്ടുപാടുക, നൃത്തമാടുക എന്നിവയല്ലാതെ കാര്യമായൊന്നും ചിത്രത്തില്‍ ചെയ്യുവാനില്ല. ഇടവേളവരെ ഒരു പൂര്‍ണ്ണ ഹാസ്യചിത്രമായ ‘ഹലോ’ പിന്നീട് ഒരു ചെറിയ കുറ്റാന്വേഷണപാതയിലൂടെ സഞ്ചരിക്കുന്നു. അപ്രതീക്ഷിതമായ വ്യതിയാനങ്ങളുള്പ്പെടുന്ന, സസ്പെന്‍സ് നിറഞ്ഞ ക്ലൈമാക്സ് രംഗം, ചിത്രത്തെ കൂടുതല്‍ മികച്ചതാക്കുന്നു. വിനോദത്തിനായെത്തുന്ന പ്രേക്ഷകരെ എല്ലാ അര്‍ത്ഥത്തിലും തൃപ്തിപ്പെടുത്തുന്ന ഈ മോഹന്‍ലാല്‍ ചിത്രം, ജനപ്രിയ ചിത്രങ്ങളുടെ പട്ടികയില്‍ സ്ഥാനം നേടുമെന്നതില്‍ സംശയമില്ല.
--
സന്ദര്‍ശിക്കാവുന്ന മറ്റിടങ്ങള്‍:
• ഹലോ - ഇന്ദുലേഖ
• ഹലോ - മലയാളം മൂവി റിവ്യൂസ്
Read More:
• IndiaGlitz
• NowRunning
• Sify Movies
--
Keywords: Hello, Hallo, Mohanlal, Rafi, Mecartin, Jagathi Sreekumar, Parvathi Milton, Parvathy, Alex Paul, Vayalar Sarathchandravarma, Malayalam Film Review, Cinema, Movie, July Release
--
മായാവിയെന്ന മമ്മൂട്ടിച്ചിത്രത്തിന്റെ തിരക്കഥയിലൂടെ ശക്തമായ തിരിച്ചുവരവു നടത്തിയ റാഫി-മെക്കാര്‍ട്ടിന്‍ ടീം, ഹാസ്യസിനിമകളിലേക്ക് മോഹന്‍ലാലിന് ഒരു തിരിച്ചുവരവിന് അവസരമൊരുക്കുന്നു ‘ഹലോ’യിലൂടെ. മോഹന്‍ലാല്‍ - ജഗതി ശ്രീകുമാര്‍ - പാര്‍വതി മില്‍ട്ടണ്‍ തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഹലോ’യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete--
ഹരി, ഒരു മോഹന്‍ലാല്‍ ചിത്രത്തെ നല്ലതെന്നു പറഞ്ഞതല്ലെ!
ReplyDeleteഇതും കാണണമെന്നു കണക്കു കൂട്ടുന്നു.
നന്ദി.
ഈ പുതിയ പടങ്ങളൊക്കെ കണ്ടിട്ടെഴുതാന് നിന്നാല്‍ അരിക്കുള്ള വകക്കുള്ള പണിയെപ്പൊഴാ ചെയ്യുന്നേ!
:)
എന്തായാലും, കാണാന്‍ തീരുമാനിച്ചു, ഹരീ നന്ദി ഈ വിലയിരുത്തലിന്. കണ്ടിട്ട് ബാക്കി പിന്നെ പറയാം:)
ReplyDeletehi haree,
ReplyDeletethanks for posting a good review here we are waiting to see this filim
jithin
ഹരീ, ഇപ്പൊ ഞാന്‍ മലയാളം പടങ്ങള്‍ കാണാന്‍ പ്രയൊറിറ്റി തീരുമാനിയ്ക്കുന്നത് തന്റെ ചിത്രവിശേഷം വായിച്ചിട്ടാണ്.
ReplyDeleteCheers to the effort you are putting in...
ചോട്ടാമുമ്പൈയുടെ റിവ്യൂവില്‍ ഈ ബ്ലൊഗിലുണ്ടായ കോലാഹലങ്ങള്‍ ഹലോയുടെ റിവ്യൂവിനിരിക്കുമ്പോള് ഹരിയെ ഓര്‍മ്മപ്പെടുത്തിയോ :)
ReplyDeleteഎന്തായാലും പടം കാണാനിറങ്ങുന്നു,ഇഷ്ടപ്പെട്ടില്ലേല്‍ ഡിങ്കന് പറയുന്നത് പോലെ കൂമ്പിടിച്ച് വാട്ടും കേട്ടോ :)
കരീം മാഷിനോട്,
ReplyDeleteഹ ഹ ഹ, ഞാന്‍ മോഹന്‍ലാലിന് എതിരാണെന്നൊരു ധ്വനി അതിലുണ്ടല്ലോ, അത് തെറ്റിദ്ധാരണ മാത്രമാണ് കേട്ടോ... :)
ഷാനവാസ് ഇലപ്പക്കുളത്തോട്,
തീര്‍ച്ചയായും, കണ്ടിട് അഭിപ്രായം പറയുവാന്‍ മറക്കണ്ട. നന്ദി. :)
ജിതിനോട്,
നന്ദി. കണ്ടിട്ടഭിപ്രായം പറയൂ... :)
ദീപുവിനോട്,
വളരെ നന്ദി, പ്രയോജനപ്പെടുന്നുവെന്നറിഞ്ഞതില് സന്തോഷം. :)
കിരണ്‍സിനോട്,
അതോര്‍ത്ത് “ഹലോ നന്നായി” എന്ന് എഴുതിയെന്നാണെങ്കില്, അങ്ങിനെയല്ല കേട്ടോ. പക്ഷെ, സിനിമ തുടങ്ങുന്നതിനു മുന്‍പ് ഞാനൊന്നു പ്രാര്‍ത്ഥിച്ചായിരുന്നു; “എന്റെ ദൈവമേ, ഈ മോഹന്‍ലാല്‍ ചിത്രമെങ്കിലും നന്നാവണേ...” എന്ന്. ;)
അതുകൊള്ളാം - പടം മോശമായാല്‍ സംവിധായകനും ഹീറോയ്ക്കുമൊന്നുമല്ല ഇടി, റിവ്യൂ എഴുതിയ ആള്‍ക്കാണ്!!!
--
ഹലോ കണ്ടിട്ട് വേണം എനിക്ക് തിരുവനന്തപുരത്ത് പോവാന്‍..
ReplyDeleteഎന്താ ഹരീഷേട്ടാ, എല്ലാരും കരുതിയത് ഹരീഷേട്ടന് ഒരു മോഹന്‍ലാല്‍ വിരോധി ആണെന്നാണല്ലോ?? പക്ഷെ ഇവര്‍ അറിയുന്നില്ലല്ലോ ആ മനസ്.. മമ്മൂട്ടി - മോഹന്‍ലാല്‍ സിനിമ ഒരുമിച്ചിറങ്ങിയാല്‍ ആദ്യം നമ്മള് ലാലേട്ടന്റെ സിനിമയ്ക്ക് പോകുന്നത് എന്തുകൊണ്ടാണെന്ന് ഇവര്‍ മനസിലാക്കത്തതെന്ത്??
ഹരി ഇന്നലെ ഈ ചിത്രം പോയി കണ്ടു. ചെന്നൈയില്‍ 4 തീയേറ്ററില്‍ ഒരുമിച്ചു റിലീസായ ആദ്യ മലയാള ചിത്രം ഒരു പക്ഷെ ഇതാവും. മായാജാലിലാണ് കണ്ടത്. കാണാന്‍ തീയേറ്ററില്‍ ഞങ്ങള്‍ 5 കൂട്ടുകാര്‍ മാത്രം . മഴയില്‍ നനഞ്ഞു കുളിച്ചെത്തിയ ഞങ്ങള്‍ ഷര്‍ട്ടെല്ലാം ഊരി അടുത്ത് ചെയറില്‍ ഇട്ട് ആഡംബരമായി തന്നെ സിനിമ കണ്ടു. വിസിലടിയും പൊട്ടിച്ചിരികളും തപ്പാംകുത്തും എല്ലാം ഞങ്ങള്‍ തന്നെ. എനിക്കു ശെരിക്കും ഇഷ്ടമായി. മുഴുവന്‍ സമയവും ആസ്വദിച്ചു. നന്ദി ഹരീ.
ReplyDeleteThank you hareesh chetta...
ReplyDeleteI had read this post before i go to see this film . it is up to the rating that you had given here (7.5/10)
I am waiting review for latest movie Mission 90 days .
hoping your response soon..........
ഹരീ ഹലോ കണ്ടു. എനിക്കത്രക്കൊന്നും ഇഷ്ടമായില്ല. ആദ്യമാദ്യം നല്ല രസായി വന്നു. പിന്നെ പിന്നെ ബോറായി.
ReplyDeleteചില സീനുകള്‍
1. മോഹന്‍ലാലിനോട് ആ പെണ്ണ് ലൊക്കേഷന്‍ പറഞ്ഞപ്പോള്‍... ബാറിന്റെ ബോഡിന്റെ സൈഡിലെ നീല ലൈനുള്പ്പെട് പറഞ്ഞ് ലൊക്കേഷന്‍ തിരിച്ചറിയുന്ന രംഗം. അത് സൂപ്പര്‍.
2. ഒരിക്കലും ട്രൌവസറ് ഇടാത്തതാ.. ഇന്ന് ഇട്ടതെത്ര നന്നായി എന്ന് രഘു പോലീസ്റ്റേഷനില്‍ നിന്നിറങ്ങി വരുമ്പോള്‍ പറയുന്ന സീന്‍. ഏറ്റവും ചിരിപ്പിച്ച സീന്‍.
3. അശോകനെ പറ്റിക്കണ സീന്‍. കൊള്ളാം.
4. മോഹന്‍ലാലിന്റെ മുഖം കൊണ്ട്ടുള്ള ചില ആക്ഷനുകള്‍ ഓക്കെ. ഇഷ്ടായി. ഗഡി കാണാന്‍ കൂടുതല്‍ സുന്ദരനുമായിട്ടുണ്ട്.
ബാക്കി മൊത്തം ബോറായിരുന്നു.
ഒരു ജാതി നാടകം ഡൈലോഗുകളും, നായകന്റെ മുന്‍ പ്രേമ ദുരന്തവും മുടന്തനായ ജഗതിയെ ഓടിച്ചിട്ടും ഓടിച്ചിട്ടും കിട്ടാതെ കിതച്ച് പരവശരായിപ്പോകുന്ന ‘നൂറോളം പ്രൊഫഷണല്‍ ഗുണ്ടകളും’ സലിം കുമാറിന്റെ വളിപ്പന്‍ റോളുകളും പ്രേതവും പഴയ നസീര്‍ ജയന് സിനിമയിലേപോലെയുള്ള ഒരിടിയോടെ ഗുണ്ടകള്‍ കൂട്ടുകാരാവുകയും മരിക്കാന്‍ വരെ തയ്യാറായി എപ്പോഴും മുല്ലപ്പൂ മണപ്പിച്ച് യൂണിഫോമിട്ട് നടക്കുന്ന സെറ്റപ്പുകളും, പോലീസ് കാര്‍ നായകന് (കള്ളൂകുടിയനും തെമ്മാടിയും ആയ നായകന്)പറയുന്നത് കേട്ട് നില്ക്കുന്നതും, രാത്രി ഉറങ്ങാന്‍ കിടക്കുന്ന സമയത്തും വീട്ടില്‍ കോട്ടും ടൈയും കെട്ടി നടക്കുന്ന നടന്മാരും വല്ലവന്റെ വീടിനകത്തുകയറി വീടിന്റെ ഹോളിലിരുന്ന് നായകന് കാണിക്കുന്ന അഭ്യാസങ്ങളും കള്ളുകുടിയും ആളാവലും ഒന്നും എനിക്ക് ‘എഞ്ജോയ്’ ചെയ്യാന്‍ പറ്റിയില്ല ഹരീ.
പിന്നെ, കാശു കൊടുത്തില്ലേ, നമ്മുടെ മോഹന്‍ലാലിന്റെ സിനിമയല്ലേ എന്നൊക്കെ കരുതി കണ്ടു തീര്‍ത്തു.
പക്ഷെ, ഒരു നല്ല ചിത്രം, എന്റര്‍ട്ടേയ്നര്‍ എന്നൊന്നും പറഞ്ഞ് സമയം കളഞ്ഞു, കാശുമുടക്കി കാണാന്‍ കൊള്ളില്ല!
കല്യാണത്തിന് പോകുമ്പോള്‍ വീഡിയോ കോച്ച് ബസില്‍ ഈ പടമിടുകയാണെങ്കില്... കാണാന്‍ കൊള്ളാം.
ബാലുവിനോട്,
ReplyDeleteതിരു.പുരത്തായല്ലോ, ഇനിയിപ്പോള്‍ ഇറങ്ങുന്ന ഒന്നും വിടണ്ട. :)
ഉണ്ണിക്കുട്ടനോട്,
നന്ദി :) ഹെന്റമ്മേ, ഇത് നാലുതിയേറ്ററിലൊക്കെ ഓടിക്കാനുള്ളതുണ്ടോ? ആദ്യ ദിവസം കയറുന്ന മലയാളികളേ ഉണ്ടാവൂ, അഭിപ്രായമൊക്കെ അറിഞ്ഞാല്‍ പിന്നെ ഉള്ളതും കൂടി പോവും എന്നു കരുതിയാണോ? തിരു.പുരത്ത് വരെ രണ്ട് തിയേറ്ററിലേ ഉണ്ടായിരുന്നുള്ളൂ...
മനുവിനോട്,
നന്ദി :) മിഷനും കണ്ടു കാണുമെന്നു കരുതുന്നു.
വിശാലമനസ്കനോട്,
വളരെ നന്ദി :) കണ്ടശേഷം തിരികെയെത്തി കമന്റിയതിന് സ്പെഷ്യല്‍ താങ്ക്സ്. എന്നാലും, അത്ര ബോറായാണോ ഫീല്‍ ചെയ്തത്. :( പോട്ടെ, നമുക്ക് മോഹന്‍ലാലിന്റെ അടുത്ത പടം നോക്കാം.
--
ഏറെക്കാലത്തിനു ശേഷം ഒരു മലയാളം പടം കണ്ടതാണ്, റാഫി മെക്കാര്‍ട്ടിന്‍ എന്നു കേട്ടപ്പോ പഞ്ചാബി ഹൗസ് ഒക്കെ ഓര്മ്മവന്നതുകൊണ്റ്റ് പറ്റിയ പറ്റ്.
ReplyDeleteഒരു പണിയുമില്ലാതെ വെള്ളമടിച്ചിരിക്കുന്ന നായകന്, സ്വത്തിനു വേണ്ടി ബന്ധുക്കള്‍ കൊലപ്പെടുത്താന്‍ ശ്രമിക്കുന്ന നായകി എന്നിങ്ങനെ കാലാകാലമായി മലയാളസിനിമയില്‍ റീസൈക്കീള്‍ ചെയ്യപ്പെടുന്ന കഥാപാത്രങ്ങള്‍. പല സിനിമയിലായി പല തവണ കേട്ട തമാശകള്‍ (ജട്ടിയിട്ടതു നന്നായി പോലെ) . ആകെ ചിരിച്ചത് "എന്റെ ഫ്രണ്ട് ബാക്കിലാ സാര്‍" എന്ന് ജഗതി പറയുമ്പോഴാണ്.
റാഫി മെക്കാര്‍ട്ടിന്‍ ഈയിടെ കണ്ടമാനം പെരിയ മേശിരി കഥകള്‍ വായിച്ചെന്നു സ്പഷ്ടം, അതാണ് കുടിയന് നായകനെ എന്തു ചെയ്യണമെന്നറിയാതെ ഒടുക്കം വക്കീല്‍ വേഷം കെട്ടിച്ചതും മേസന്റെകോര്ട്ട് റൂം സീനിനു സമാനമായ സ്പസ്പെന്സോടു സസ്പെന്സില് ഇട്ടു തിര്ക്കലും. അതാകട്ടെ പഴയ കലാഭവന്‍ മിമിക്രിയിലെ
"ഈ നില്ക്കുന്നതാരാണെന്നറിയുമോ മോനെ?"
"എന്റെ അമ്മ"
"അല്ല, ഇവിടത്തെ വേലക്കാരി"
"അച്ഛാ!!!"
"ഇനി ഈ നില്‍ക്കുന്നതാരാണെന്നറിയാമോ?"
"ഇവിടത്തെ വേലക്കാരി"
"അല്ല, നിന്റെ അമ്മ."
"അച്ഛാ!!"
സ്റ്റൈല്‍ കോഞ്ഞാട്ട സസ്പെന്‍സ് പൊളിക്കലും.
ഏറ്റവും ഇഷ്ടമായത് കോസ്റ്റ്യൂം ആണ്. ജോസ് പ്രകാശും എം എന്‍ നമ്പ്യാരും ഉണ്ടാക്കിയ കുളിക്കുമ്പോഴും ഉറങ്ങുമ്പോഴും വരെ പച്ച കോട്ടും മഞ്ഞ ടൈയ്യും വെള്ള പാന്റും ഇടുന്ന വില്ലന്മാര് ചിരഞ്ജീവികള്‍ ആണെന്ന് മനസ്സിലായി .
പടത്തെപ്പറ്റി ഉള്ള എന്റെ അഭിപ്രായം : "കഷ്ടം :(" .
പ്രായം മറന്ന് കൂവിപ്പോയി ഞാന്‍.
ദേവനോട്,
ReplyDeleteചിരിപ്പിക്കുക എന്ന മുഖ്യ അജണ്ടയുമായി വന്ന ചിത്രമാണല്ലോ, ഹലോ. ഒരു കുറ്റന്വേഷണ കഥ എന്ന രീതിയില്‍ അതിനെ കാണേണ്ടതുണ്ടോ? ഒരു വിനോദചിത്രം എന്ന നിലയില്‍ ഹലോ ഭേദമാണ് എന്നാണ് എന്റെ അഭിപ്രായം. :)
--
അവസാനം ഹലോ ഇവിടെയുമെത്തി. ഞാന്‍ വിശാലന്റെ പക്ഷമാണ്. ആദ്യ പകുതി എന്റര്റ്റെയ്ന് ചെയ്യിച്ചു, രണ്ടാം പകുതി നിരാശപ്പെടുത്തി. 7.5-നുള്ളത് ഉണ്ടോ എന്ന് സംശയം തന്നെ.
ReplyDeleteThis is teh first reviewin which I may have to beg differ with hari. I didnt like the movie....complete waste ..
ReplyDelete