ശിവാജി ദി ബോസ്

Published on: 6/15/2007 07:33:00 AM
Sivaji, Rajnikanth, Rajni Kanth, Sreya, Shriya, Sriya Saran, Tamil, Film, Review, Movie, Cinema, Vivek, June Release, Sivaji the Boss
സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം; ജെന്റില്‍മേന്‍, കാതലന്‍, ഇന്‍ഡ്യന്‍, അന്ന്യന്‍ തുടങ്ങിയ ഒരുപിടി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ എസ്. ശങ്കറിന്റെ പുതിയ ചിത്രം; ചലച്ചിത്രഗാനരംഗത്തെ ഹിറ്റ് മേക്കര്‍ എ. ആര്‍. റഹ്മാന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം; എന്നിങ്ങനെ വിശേഷണങ്ങള്‍ ഒരു പിടിയുള്ള ചിത്രമാണ് ശിവാജി ദി ബോസ്. ചിത്രം വിജയിക്കുമോ എന്ന ചോദ്യത്തേക്കാള്‍ പ്രസക്തം, പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്കൊത്തുയരുവാന്‍ ചിത്രത്തിനാവുന്നുണ്ടോ എന്നുള്ളതാണ്.

അമേരിക്കയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ ശിവാജി(രജനികാന്ത്) തിരികെയെത്തുന്നു. അച്ചനും(മണിവണ്ണന്‍‌) അമ്മയും(വടിവുകരശി) മാമനും(വിവേക്) കൂടി ശിവാജിക്ക് പെണ്ണന്വേഷിക്കുന്ന തിരക്കിലാണ്. എന്നാല്‍ പുതുമോടികള്‍ക്കു പിന്നാലെപോവാത്ത ഒരു യഥാര്‍ത്ഥ തമിഴ് പെണ്‍കുട്ടിയെ മാത്രമേ ശിവാജിക്കു വേണ്ടൂ, അങ്ങിനെ ശിവാജി സ്വയം കണ്ടെത്തുന്ന പെണ്ണാണ് തമിഴ്‌ശെല്‍‌വി (ശ്രിയ ശരണ്‍). സോഫ്റ്റ്വെയര്‍ എഞ്ചിനിയറായി താന്‍ സമ്പാദിച്ച പണം തന്റെ സ്വന്തം നാട്ടില്‍ ചിലവഴിക്കണമെന്നാണ് ശിവാജിയുടെ ആഗ്രഹം. ഒരു മെഡിക്കല്‍ കോളേജ്, വ്യവസായം അങ്ങിനെ ധാരാളം പ്രോജക്ടുകള്‍ ആരംഭിക്കുകയെന്നതാണ് ലക്ഷ്യം. എന്നാല്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥവൃന്ദവും, കോളേജ് ലോബിയും, ഇവരുടെ സഹവര്‍ത്തികളായ രാഷ്ട്രീയക്കാരും ശിവാജിയുടെ സ്വപ്നങ്ങള്‍ക്ക് തടയാവുന്നു. കോടീശ്വരനായ ശിവാജിയെ പിച്ചക്കാരനാക്കുന്നു. വിവാഹം മുടങ്ങുന്നു. ഇവിടെ ശിവാജിയുടെ കഥ ആരംഭിക്കുന്നു.

ഈ പ്രായത്തിലും ഇത്രയുമൊക്കെ അഭിനയിക്കുവാന്‍ രജനിക്കാവുന്നു എന്നത് അത്ഭുതം തന്നെ. ആക്ഷന്‍ രംഗങ്ങളിലും കോമഡി രംഗങ്ങളിലും ഒരുപോലെ രജനി നിറഞ്ഞു നില്‍ക്കുന്നു. മുഴുനീളെ ഹാസ്യം വിതറിയിരിക്കുന്ന ചിത്രത്തില്‍, ‘കൂളാ’യല്ലാതെ പ്രേക്ഷകനിരിക്കേണ്ട അവസരങ്ങള്‍ തീരെയില്ല. സംവിധാനത്തിലും സംഭാഷണത്തിലും ശിവാജി മികവു പുലര്‍ത്തുന്നു. മൂന്നുമണിക്കൂറിലധികം നീളുന്ന ചിത്രം ഒട്ടും വിരസമാവാത്ത രീതിയില്‍ ചിത്രീകരിക്കുവാന്‍ സംവിധായകനു കഴിഞ്ഞിട്ടുണ്ട്. ശിവാജിയുടെ സന്തത സഹചാരിയായെത്തുന്ന വിവേകിന്റെ കഥാപാത്രവും എടുത്തു പറയേണ്ടതുതന്നെ.

മറ്റ് ശങ്കര്‍ ചിത്രങ്ങളെ അപേക്ഷിച്ച് ശിവാജിയുടെ കഥയും തിരക്കഥയും മികവു പുലര്‍ത്തുന്നില്ല. ഒരു രജനിചിത്രത്തിന്റെ ചട്ടക്കൂടുകളിലൊതുക്കുവാനായി ശങ്കര്‍ സ്വയം വിട്ടുവീഴ്ച ചെയ്തതാണൊ എന്ന് ന്യായമായും സംശയിക്കാം. ഗാനരംഗങ്ങളിലും ആ മാറ്റം പ്രകടമാണ്. “സഹാന സറല്‍ തൂവുതോ...” എന്നുള്ള മെലഡിയിലെങ്കിലും രജനിയുടെ സ്റ്റൈല്‍ മാറ്റി വെയ്ക്കാമായിരുന്നു. ചിത്രത്തിലെ ഗാനങ്ങള്‍ ശരാശരി നിലവാരം പുലര്‍ത്തുന്നവയെങ്കിലും, ഏ. ആര്‍. റഹ്മാന്‍ സംഗീതം നല്‍കിയതെന്നു പറയാനും മാത്രമില്ല. വൈവിധ്യമില്ലാത്ത നൃത്തച്ചുവടുകളും, അത്രയൊന്നും ത്രസിപ്പിക്കാത്ത സസ്പെന്‍സും, മനസില്‍ തട്ടുന്ന രംഗങ്ങളുടെ അഭാവവും ഈ ചിത്രത്തിന്റെ കുറവുകളാണ്. നായകന്റേയും നായികയുടേയും പ്രായവ്യത്യാസം വളരെ സ്പഷ്ടവുമാവുന്നു ചിത്രത്തില്‍. കുറച്ചുകൂടി പ്രായം തോന്നിക്കുന്ന നടിയായിരുന്നു ശ്രിയയുടെ കഥാപാത്രത്തിന് യോജിക്കുന്നത്.

രജനിയുടെ ആരാധകര്‍ക്ക് ആവേശം കൊള്ളുവാനും, കൈയടിക്കുവാനും, കൂക്കിവിളിക്കുവാനും പാകത്തില്‍; ഡയലൊഗുകളും, ആക്ഷനുകളും, സ്റ്റൈല്‍ പ്രകടനങ്ങളും വേണ്ടുവോളമുണ്ട് ചിത്രത്തില്‍. കൊടുത്ത കാശു മുതലാകുവാനുള്ളതെല്ലാം ചിത്രത്തില്‍ ഒരുക്കിയിട്ടുമുണ്ട്. ഇതുവരെയിറങ്ങിയ രജനി ചിത്രങ്ങളില്‍ ഏറ്റവും നല്ലതെന്ന് കരുതപ്പെടില്ലെങ്കിലും, മറ്റു പലതിനേക്കാളും വളരെ ഭേദപ്പെട്ട ഒന്നായി ശിവാജി അവശേഷിക്കും.
--
സന്ദര്‍ശിക്കാവുന്ന മറ്റിടങ്ങള്‍:


Read More:
IndiaGlitz

--

Keywords: Sivaji, Rajnikanth, Rajni Kanth, Sreya, Shriya, Sriya Saran, Tamil, Film, Review, Movie, Cinema, Vivek, June Release, Sivaji the Boss
--

17 comments :

 1. സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് ശിവാജിയായെത്തുന്ന പുതിയ ചിത്രം, ശിവാജി ദി ബോസ്-ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
  --

  ReplyDelete
 2. ഇതൊന്ന് കണ്ടിട്ട് തന്നെ ബാക്കി, വിവരണം കൊള്ളാം ഹരി


  കഴിഞ്ഞദിവസം സെന്‍റ്രല്‍ പോലീസ് സ്റ്റേഷനില്‍ ചെന്നപ്പൊ കേട്ടത്; രജനിയെ കുറ്റം പറഞ്ഞ ഒരു മാനേജറെ സ്വന്തം സ്ഥാപനത്തിലെ തമിഴ്നാട് സ്വദേശികളായ തൊഴിലാളികള്‍ എടുത്തിട്ട് പെരുമാറി.
  qw_er_ty

  ReplyDelete
 3. നന്ദി ഹരീ..വിവരണം നന്നായിരിക്കുന്നു.
  ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷ വളരെ കൂടുതലായതിനാല്‍ നല്ലൊരു റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയായിരിന്നു...

  ReplyDelete
 4. ഞാന്‍ ഇന്ന് ശിവാജി കണ്ടിരുന്നു. ഹരി പറഞ്ഞത് പോലെ പടം ബോറ് അടിപ്പിച്ചില്ല.രജനിയുടെ പടം ആയത് കൊണ്ട് ശങ്കറില്‍ നിന്ന് കഴിഞ്ഞ പടത്തില്‍ നിന്നു കൂടുതല്‍ ഒന്നും പ്രതീക്ഷിച്ചതും ഇല്ല. രജനിയുടെ എന്ത് ആക്ഷന്‍ വന്നാലും തീയ്യറ്ററില്‍ കൈയ്യടി(അത് തന്നെയാണ് രജനിയുടെ വിജയവും). നമ്മടെ മലയാളം താ‍രങ്ങള്‍ അതു പോലെ വല്ലതും ചെയ്താല്‍ പിന്നെ തിയ്യറ്ററിന്റെ സീറ്റുകള്‍ ബാക്കി ഉണ്ടാകൂല്ലാ..

  ReplyDelete
 5. പ്രേക്ഷകരുടേ പ്രതീക്ഷക്കൊത്ത് ചിത്രം ഉയര്‍ന്നാല്‍ ഒന്നറിയിക്കണം ഹരീ, എന്നിട്ട് വേണം കാ‍ണാന്‍. സിനിമ കണ്ടിട്ട് വര്‍ഷം ഒന്നാവാറായി......

  ReplyDelete
 6. ഹരീ, ഒരു ചെറിയ തിരുത്ത്, നായികയുടെ പേര്‍ ശ്രേയ റെഡ്ഢി എന്നല്ലാ ശ്രീയ ശരണ്‍ (Shriya Saran)എന്നാണ്‍. ശ്രേയ റെഡ്ഢി ബ്ലാക്ക് എന്ന മലയാളചിത്രത്തില്‍ അഭിനയിച്ച നടിയാണ്‍.

  റിവ്യൂ എല്ലാം വയിക്കാറുണ്ട്, പക്ഷേ മലയാളചിത്രങ്ങള്‍ കാണണമെങ്കില്‍ ഇനി നാട്ടില്‍ വരണം, അല്ലെങ്കില്‍ റ്റൊറന്റില്‍ വരണം:-). ശിവാജി ജപ്പാനില്‍ റിലീസ് എന്നൊക്കെ പത്രങ്ങളില്‍ കാണ്ടെങ്കിലും, ഇവിടുത്തെ മൂവി ലിസ്റ്റിങ്ങില്‍ ഇതു വരെ കണ്ടില്ല.

  ReplyDelete
 7. ഇന്നലെ ഒരു ചാനലില്‍ ഈ ചിത്രത്തിന്റെ റിലീസ് ദിവസത്തിലെ തിരക്ക് കാണിച്ചിരുന്നു. കേരളത്തിലെ ജനത്തിന്റെ ആവേശവും തിരക്കും കണ്ട് അത്ഭുതപ്പെട്ടുപോയി. മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ക്ക് കൊടുക്കാത്ത സ്വീകരണവും ആവേശവും.

  ReplyDelete
 8. പോക്കിരി വാസുവിനോട്,
  വായിച്ചതിനും കമന്റിയതിനും വളരെ നന്ദി... :)

  മെലോഡിയസിനോട്,
  അതെയതെ, ഞാനുമിത് അതു കണ്ടുകൊണ്ടിരുന്നപ്പോളാലോചിച്ചു. രജനി കാണിക്കുന്നതു കണ്ട് കൈയ്യടിക്കുന്ന ഇതേ ജനം, ലാലോ മമ്മൂട്ടിയോ കാണിച്ചാല്‍ കൂവി പൊളിച്ചേനേ...

  കുറുമാനോട്,
  അപ്പോള്‍ ജീവിതത്തിലിനി സിനിമ കാണാന്‍ പ്ലാനൊന്നുമില്ലേ? ;)

  ഉത്സവത്തോട്,
  വളരെ നന്ദി. ഞാന്‍ തിരുത്തിയിട്ടുണ്ട്. ശ്രേയയെന്നും ശ്രിയയെന്നും കേള്‍ക്കുന്നു. ശ്രേയയെന്നെഴുതിയപ്പോള്‍ റെഡ്ഢിയാണ് തുടര്‍ന്നു വന്നത്, അങ്ങിനെ പറ്റിയതാണ്. അതുശരി, അപ്പോള്‍ ഈ തിയേറ്ററിന്റെ എണ്ണമൊക്കെ ചുമ്മാ പറയുന്നതാണോ?

  ശാലിനിയോട്,
  കൊള്ളാം, എന്റെ കൂടെ ഒരു കസിനുണ്ടായിരുന്നു, പുള്ളി ജനിച്ചതും വളര്‍ന്നതുമൊക്കെ തമിഴ്നാട്ടിലാണേ, അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ചെറിയ ക്യൂ, ചെറിയ ആള്‍ക്കൂട്ടം, ചെറിയ ആവേശം, തിയേറ്ററൊക്കെ രജനിപ്പടത്തിന് എത്ര നിശബ്ദം. (എന്റെ ചെവി തിയേറ്റര്‍ വിട്ട് കുറച്ചു കഴിഞ്ഞാണ് ശരിയായത്!)
  --

  ReplyDelete
 9. ടിക്കറ്റ് കിട്ടിയില്ല :-(

  ReplyDelete
 10. അടുത്തയാഴ്ച നാട്ടില്‍ പോകുന്നുണ്ട്‌.കാണണം എന്നു കരുതുന്നു.

  ReplyDelete
 11. ഹരീ,ചിത്രവിശേഷം നന്നാകുന്നുണ്ട്.പക്ഷേ വായിച്ച് കൊതിയൂറമെന്നുള്ളതല്ലാതെ കാണാനുള്ള സാഹചര്യം കുറവാണ്.

  ReplyDelete
 12. ഹരീ കൊള്ളമീ എങ്ങും താങ്ങാതെയുള്ളയീ നിരൂപണം.. :)

  ഇത്‌ റിലീസായ ദിനം എല്ലാ ചാനലുകളും എന്തിനെന്നില്ലാത്ത കൊട്ടിഘോഷങ്ങളും വാര്‍ത്താപ്രചരണവും ഈ രജനിപടത്തിന്‌ കൊടുത്തത്‌ കണ്ട്‌ എന്തേയിതിത്ര വല്യ സംഭവം എന്നൊരു എത്തുംപിടിയും കിട്ടാതെ ഇരുന്നുപോയി!

  ReplyDelete
 13. ചിത്രം കണ്ടവരില്‍ പലരും പറയുന്നു പരമ ബോറന്‍ സിനിമ എന്ന്.
  കൈയ്യിലെ കാശ് പോയിക്കിട്ടി എന്ന് പറയുന്നവരും കൂടുതല്‍

  ReplyDelete
 14. സിജുവിനോട്,
  ടിക്കറ്റ് കിട്ടിയിട്ടില്ല എന്നതല്ലേ ശരി??? :)

  വനജയോട്,
  തീര്‍ച്ചയായും കാണൂ, രജനി ഫാനാണോ? ;)

  സതീശ് മാക്കോത്തിനോട്,
  ശിവാജി, ലോകമാകമാനമല്ലേ റിലീസ്? ഇതും കാണുവാന്‍ കഴിയില്ല???

  ഏറനാടനോട്,
  രജനി ചിത്രമായതുകൊണ്ട് എങ്ങും തൊടാതെ എഴുതി എന്നാണോ? അങ്ങിനെയൊന്നുമില്ല. അത്ര നല്ല ചിത്രമല്ല, എന്നാല്‍ വളരെ മോശവുമല്ല. അങ്ങിനെയാണ് എനിക്കു തോന്നിയത്. പിന്നെ ഇത്രയും വാര്‍ത്തയും വര്‍ത്തമാനവും, അത് ബിസിനസ്, അത്രമാത്രം. :)

  രാജു ഇരിങ്ങലിനോട്,
  എല്ലാ ചിത്രവും എല്ലാവര്‍ക്കും ഇഷ്ടപ്പെടണമെന്നില്ലല്ലോ! പരമ ബോറന്‍ ചിത്രമായോ, കാശു മുതലാവാത്ത ചിത്രമായോ എനിക്കു തോന്നിയില്ല.
  --

  ReplyDelete
 15. ഈ ശനിയാഴ്ച്ച മയാജാലില്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. അവരുടെ ആ ആവേശമൊക്കെ ഒന്നു നേരിട്ടു അനുഭവിക്കുക എന്നതാണ്‌ പ്രധാന ലക്ഷ്യം . കണ്ടീട്ടു പറയാം ബാക്കി.

  ReplyDelete
 16. കഴിഞ്ഞ ദിവസം ശിവാജി കണ്ടൂ...

  ഒറ്റ വാക്യത്തില്‍ പറഞ്ഞാല്‍ “ കയ്യിലെ കാശ് വെറുതെ പോയികിട്ടി” ....എത്ര വലിയ സൂപ്പര്‍സ്റ്റാറായാലും സഹിക്കുന്നതിന് ഒരു പരിധിയില്ലേ.

  ReplyDelete
 17. entha hari bai...... ithum oru padam alle???? anvashyamaya.... stundugal...... kandumadutha boran stylugal........... shankar kollam...... rajanikke ini vrs edukkam.......

  ReplyDelete