പ്രണയകാലം

Published on: 6/09/2007 09:01:00 AM

പേരു സൂചിപ്പിക്കുമ്പോലെ മൂന്നുമാസം നീണ്ട ഒരു പ്രണയകാലത്തിന്റെ കഥയാണിത്. കഥയെഴുതിയിരിക്കുന്നതും സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നതും നവാഗതനായ ഉദയ് അനന്തന്‍. ഗിരീഷ് കുമാറിന്റേതാണ് തിരക്കഥ. സൂപ്പര്‍ സ്റ്റാറുകളെ ഒഴിവാക്കി, പുതുമുഖങ്ങള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത് എ.വി. അനൂപ്.

നായിക മരിയ(വിമല രാമന്‍)യിലൂടെയാണ് പ്രേക്ഷകന്‍ കഥ കേള്‍ക്കുന്നത്. തന്റെ മൂന്നുമാസത്തെ രണ്‍ജിത്തു(അജ്മല്‍ അമീര്‍)മായുള്ള പ്രണയകാലത്തിന്റെ കഥയാണ് മരിയ പറയുന്നത്.യാഥാസ്ഥിതിക കൃസ്ത്യന്‍ കുടുംബമാണ് മരിയയുടേത്. എ.എസ്.ഐ ആയ അച്ഛന്‍ പുളിക്കല്‍ വര്‍ഗ്ഗീസ്(മുരളി), അമ്മ അന്ന(സീമ), അനിയന്‍ ദീപു എന്നിവരടങ്ങുന്ന കുടുംബം. രണ്‍ജിത്തിന്റേതാവട്ടെ, ഒട്ടൊക്കെ പുതിയ കാലഘട്ടത്തെ ഉള്‍ക്കൊള്ളുന്ന ഒരു ഹിന്ദു കുടുംബം. ഗള്‍ഫില്‍ ജോലിനോക്കുന്ന അച്ഛന്‍ ബാലഗോപാലന്‍‍(ബാലചന്ദ്രമേനോന്‍), അമ്മ രജനി(ലക്ഷ്മി രാമകൃഷ്ണന്‍), അനിയന്‍ അര്‍ജ്ജുന്‍ എന്നിവരാണ് രണ്‍ജിത്തിന്റെ വീട്ടിലെ അംഗങ്ങള്‍. മരിയയെ ആദ്യമായി കാണുമ്പോള്‍ തന്നെ രണ്‍ജിത്തിന്റെ മനസില്‍ പ്രണയം തോന്നുന്നു. ആദ്യം എതിര്‍ക്കുന്ന മരിയ പിന്നീട് രണ്‍ജിത്തുമായി ഇഷ്ടത്തിലാവുന്നു. പിന്നീട് അവര്‍ നേരിടുന്ന എതിര്‍പ്പുകളും, അവരുടെ ചിന്തകളും, അവസാനം അവര്‍ കണ്ടെത്തുന്ന പോംവഴികളുമൊക്കെയാണ് ചിത്രത്തിന്റെ കഥാതന്തു.

കഥ കേള്‍ക്കുമ്പോള്‍, പലവട്ടം കേട്ടിട്ടുള്ള ഒരു കഥപോലെ തൊന്നുന്നില്ലേ? എന്നാല്‍ കഥപറയുന്നതിലെ വ്യത്യസ്തതയിലൂടെ ചിത്രത്തെ ആകര്‍ഷകമാക്കുവാന്‍ സംവിധായകന് കഴിഞ്ഞിരിക്കുന്നു. നായികാനായകന്മാരാ‍യെത്തുന്ന അജ്മലും വിമലയും, പുതുമുഖങ്ങള്‍ എന്ന നിലയില്‍ നോക്കുമ്പോള്‍, വളരെ നന്നായിത്തന്നെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. മിതമായ വികാരപ്രകടനങ്ങളും, അതില്‍ അവര്‍ കാട്ടിയ സ്വാഭാവികതയും എടുത്തു പറയേണ്ടതു തന്നെ. ബാലഗോപാലന്റെ അച്ഛനായെത്തുന്ന തിലകന്‍, ചെറിയ റോളെങ്കിലും നന്നായി അവതരിപ്പിച്ചിരിക്കുന്നു. മരിയയുടെ മുരടനായ അച്ഛനെ മുരളി ഭംഗിയാക്കിയിരിക്കുന്നു. റഫീഖ് അഹമ്മദ് എഴുതി ഔസേപ്പച്ചന്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിലെ പാട്ടുകളും നിലവാരം പുലര്‍ത്തി. മറ്റ് ഭാഷകളില്‍ നൃത്തത്തിനു നല്‍കുന്ന പ്രാധാന്യം സാധാരണ മലയാളം ചിത്രങ്ങളില്‍ കാണാറില്ലെങ്കിലും, ഇതിലെ നൃത്തരംഗവും ആകര്‍ഷകമായിത്തോന്നി. നായകന്റേയും നായികയുടേയും ഉറ്റ സുഹൃത്തുക്കളായെത്തുന്ന അനന്തനും(മധു വാര്യര്‍) നീതുവും ശ്രദ്ധിക്കപ്പെടേണ്ട കഥാപാത്രങ്ങള്‍ തന്നെ. അവരുടെ സംസാരത്തിലും പെരുമാറ്റത്തിനുമെല്ലാം വളരെ സ്വാഭാവികത നല്‍കുവാന്‍ സംവിധായകനു കഴിഞ്ഞിട്ടുണ്ട്.

ഇതൊക്കെയാണെങ്കിലും തുടക്കക്കാരന്റെ ഒട്ടേറെ പോരായ്മകള്‍ ഉദയിനുണ്ട്. ചിത്രത്തില് കാണിച്ചിരിക്കുന്ന ചില കാര്യങ്ങളെങ്കിലും, ഇങ്ങിനെയൊക്കെ സംഭവിക്കുമോ എന്ന് ആശ്ചര്യമുണ്ടാക്കുന്നവയാണ്. വല്ലാതെ ചിത്രം വലിച്ചു നീട്ടിയിട്ടുമുണ്ട്. പാട്ടുകള്‍ ഒന്നുരണ്ടെണ്ണമെങ്കിലും പാട്ടിനായി ചേര്‍ത്തവയാണ്. എട്ടുപത്തു കഥാപാത്രങ്ങള്‍ ഒരുമിച്ച് ഡയലോഗുകള്‍ പറഞ്ഞും, അഭിനയിച്ചും ക്ലൈമാക്സ് രംഗം നീളുമ്പോള്‍ പ്രേക്ഷകന് വല്ലാതെ മടുപ്പു തോന്നും. ഈ അവസാനരംഗം ഇതിലും എത്രയോ മനോഹരമാക്കാമായിരുന്നു! സംവിധാനം മോശമായില്ലെങ്കിലും, പ്രത്യേകിച്ച് എടുത്തു പറയുവാനും യാതൊന്നുമില്ല. മരിയ കഥപറയുന്ന സങ്കേതം തിരഞ്ഞെടുത്തിട്ട്, ആ സങ്കേതത്തിന്റെ സാധ്യതകളെ ഒരു ശതമാനം പോലും ഉപയോഗിക്കുവാന്‍ സംവിധായകനാവുന്നില്ല. മലയാളി പ്രേക്ഷകന് സ്പൂണ്‍ ഫീഡിംഗ് തന്നെയാണോ ഇപ്പോഴും പഥ്യം?

ഈ സിനിമകാണുന്ന അച്ഛനമ്മമാരും കുട്ടികളും രണ്ടു രീതിയിലാവും ഇത് കാണുന്നതും ആസ്വദിക്കുന്നതും. പ്രായപൂര്‍ത്തിയായ മക്കള്‍ ഒരു വശത്ത്, അവരുടെ മേല്‍ അവകാശമുണ്ടെന്നു വിശ്വസിക്കുന്ന അച്ഛനമ്മമാര്‍ മറുവശത്ത്. ഓരോരുത്തരുടേയും ഭാഗം കേള്‍ക്കുമ്പോള്‍ പ്രേക്ഷകന് തോന്നും അതാണ് ശരിയെന്‍. ആ രീതിയില്‍ ഈ ചിത്രം ഒരു വിജയമാണ്. ഒരിക്കല്‍ പ്രേമിച്ചവര്‍ക്കും, ഇപ്പോള് പ്രണയിക്കുന്നവര്‍ക്കും, ഇനി പ്രണയിക്കുവാന്‍ ആഗ്രഹമുള്ളവര്‍ക്കും ആസ്വാദ്യകരമായിരിക്കും ഈ ചിത്രം. എന്നിരിക്കിലും കാലങ്ങളോളം ഓര്‍ക്കാന്‍ തക്കവണ്ണമൊന്നും പ്രണയകാലം അവശേഷിപ്പിക്കുന്നുമില്ല.
--
സന്ദര്‍ശിക്കാവുന്ന മറ്റിടങ്ങള്‍:
പ്രണയകാലം - ഇന്ദുലേഖ
പ്രണയകാ‍ലം - മലയാളം മൂവി റിവ്യൂസ്

Read More:
IndiaGlitz
NowRunning
--

Keywords: Pranayakalam, Uday Ananthan, Vimala Raman, Ajmal Amir, Balachandra Menon, Thilakan, Murali, Seema, Ouseppachan, Madhu Varier, Malaylam, Film, Review, Cinema, Movie, July Release

--

4 comments :

 1. മരിയയുടേയും രണ്‍‌ജിത്തിന്റേയും മൂന്നുമാസം നീണ്ട പ്രണയകാലമാണ് മരിയയിലൂടെ പ്രേക്ഷകനറിയുന്നത്. ഹിന്ദുവാ‍ാ രണ്‍ജിത്തിന്റേയും കൃസ്ത്യാനിയായ മരിയയുടേയും പ്രണയം സ്വാഭാവികമായും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. അവസാനം അവര്‍ ഒന്നിക്കുന്നു.

  അജ്മല്‍ അമീര്‍, വിമല രാമന്‍ എന്നീ പുതുമുഖങ്ങള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന, പ്രണയകാലം എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
  --

  ReplyDelete
 2. ഡാ കോച്ചനെ, ഒരു കാര്യം നീ മനസ്സിലക്കണം . ഫിലിം റിവ്യൂ എന്നത് കോറെ എഴുതി ഉണ്ടാക്കലല്ല. എന്നതാ പറയുന്നത് എന്നതിനെ പറ്റി നിനക്ക് അല്പം ബോധം വേണം. പ്രത്യേകിച്ചും മലയാളം സിനിമയെ പറ്റി..

  “എന്നാല്‍ കഥപറയുന്നതിലെ വ്യത്യസ്തതയിലൂടെ ചിത്രത്തെ ആകര്‍ഷകമാക്കുവാന്‍ സംവിധായകന് കഴിഞ്ഞിരിക്കുന്നു.” എന്നു പറഞ്ഞാല്‍ നല്ല രീതിയില്‍ സംവിധാനം ചെയ്തിരിക്കുന്ന പടം എന്നാണ്‍ അര്‍ദ്ധം
  “സംവിധാനം മോശമായില്ലെങ്കിലും, പ്രത്യേകിച്ച് എടുത്തു പറയുവാനും യാതൊന്നുമില്ല.” ഇതിന്റെ അര്‍ദ്ധമോ നേരെ തിരിച്ചും
  നിനക്ക് തലക്ക് വല്ല അസുഖവുമുണ്ടോ?
  ഡാ പട്ടരെ , ഈ ഫിലിം റിവ്യൂ എന്നത് അല്പം ബുദ്ധിമുട്ടുള്ള പണിയാ. അവനവന്‍ പറ്റുന്ന പണി ചെയ്താല്‍ പോരെ?

  ReplyDelete
 3. സുധീഷിനോട്,
  കഥപറയുന്നതില്‍ വ്യത്യസ്തതയുണ്ട്, അതിലൂടെ ചിത്രത്തെ ആകര്‍ഷകമാക്കുവാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്; സംവിധാനം മോശമായില്ല(ശ്രദ്ധിക്കുക: സംവിധാനം മോശമായി എന്നല്ല എഴുതിയിരിക്കുന്നത്), പ്രത്യേകിച്ച് എടുത്തുപറയുവാന്‍ യാതൊന്നുമില്ല - ഇതു രണ്ടും വിപരീത അര്‍ത്ഥങ്ങളാണോ? നല്ല സംവിധാനവും എടുത്തു പറയുവാന്‍ എന്തെങ്കിലുമുള്ള സംവിധാനവും രണ്ടും രണ്ടാണ് എന്നാണ് ഞാന്‍ മനസിലാക്കുന്നത്.
  --

  ReplyDelete
 4. ഞാന്‍ കണ്ടിരുന്നു . കോള്ളാം വലിയ കുഴപ്പമില്ല.

  ReplyDelete